Latest News
|^| Home -> Cover story -> കേരളത്തില്‍ സഭ ഇടതുപക്ഷത്തിന് നേതൃത്വം കൊടുക്കണം

കേരളത്തില്‍ സഭ ഇടതുപക്ഷത്തിന് നേതൃത്വം കൊടുക്കണം

Sathyadeepam

ജെയിംസ് ലൂക്കാ

ലോകമെങ്ങും ഇടതുപക്ഷം ഇല്ലാതായി കഴിഞ്ഞു. പഴയകാല തൊഴിലാളി വര്‍ഗ്ഗവും ഇന്നില്ല. കേരളത്തില്‍ ശാരീരിക അടിമത്തം എന്നത് പഴങ്കഥയാണ്. പക്ഷേ പുതിയ ചൂഷണമാര്‍ഗ്ഗങ്ങളും, മര്‍ദ്ദിതവര്‍ഗ്ഗവും ഉരുത്തിരിഞ്ഞു വന്നിരിക്കുന്നു. മാരകരോഗങ്ങളും, അവയുടെ താങ്ങാനാവാത്ത ചികിത്സാചെലവുകളും കൊണ്ട് സാധാരണക്കാര്‍ വീര്‍പ്പുമുട്ടുകയാണ്. വിധവകളും സംരക്ഷിക്കാന്‍ ആളില്ലാത്ത മാതാപിതാക്കളും ജനിതക തകരാറുള്ള കുഞ്ഞുങ്ങളും വര്‍ദ്ധിച്ചുവരുന്ന വിവാഹമോചന ആവശ്യങ്ങളും 21-ാം നൂറ്റാണ്ടിലെ പുതിയ പ്രതിസന്ധികളാണ്. ശുദ്ധവായുവും ശുദ്ധജലവും വിഷപൂരിതമാകാത്ത ഭക്ഷണവും തീര്‍ത്തും ദുര്‍ലഭമായി വരുന്നതാണ് ഇതിനേക്കാളൊക്കെ അപകടകരം. ആരാണ് ശത്രുവെന്നും മിത്രമെന്നും തിരിച്ചറിയാനാവാതെ അന്തം വിട്ടു നില്‍ക്കുകയാണ് നിസ്സഹായരായ ജനങ്ങള്‍. പുതിയ നൂറ്റാണ്ടിന്‍റെ ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ ജാതി-മത-രാഷ്ട്രീ യ നേതൃത്വങ്ങള്‍ക്കൊന്നിനും കഴിയുന്നില്ലെന്നതാണ് കൂടുതല്‍ പരിതാപകരം. കാരണം, കഴിഞ്ഞകാല തലമുറകള്‍ അന്നത്തെ സാമൂഹ്യപരിതസ്ഥിതികളെ നേരിടാന്‍ വേണ്ടി ആവിഷ്കരിച്ച കര്‍മ്മപദ്ധതികള്‍ മാത്രമേ ഇപ്പോള്‍ എല്ലാവരുടെയും കൈവശമുള്ളൂ. പക്ഷേ ഇന്നത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇവയൊന്നും പര്യാപ്തമല്ലെന്നതുകൊണ്ട് മേല്‍പ്പറഞ്ഞതു പോലുള്ള ദുരിതങ്ങളെല്ലാം വിധിയാണെന്ന മട്ടില്‍ സമാധാനിക്കുകയാണ് മിക്കവരും. പ്രതിരോധിക്കാനുള്ള പ്രായോഗിക പദ്ധതികളോ, ആത്മവിശ്വാസമോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുപോലും ഇന്നില്ല. കേരളത്തിലെ പരമ്പരാഗത ഇടതുപക്ഷം പോലും നിശബ്ദരായി കഴിഞ്ഞു. അതുകൊണ്ട് അവര്‍ പോലും ആഗോളവത്കരണത്തിന്‍റെയും, വാണിജ്യ വ്യവസായ കുത്തകകളുടെയും ആധിപത്യത്തിന് മൗനസമ്മതം നല്‍കികൊണ്ടിരിക്കുകയാണ്. ഫലത്തില്‍ ഇത്തരം നയവൈകല്യങ്ങള്‍ മൂലമുണ്ടാകുന്ന രക്തസാക്ഷികളെ ഓര്‍മ്മിക്കാന്‍ പോലും ആരുമില്ലെന്നതാണ് സത്യം. ദുഃഖകരമായ ഈ അവസ്ഥയില്‍ കത്തോലിക്കാ സഭ നിഷ്ക്രിയമായിത്തീര്‍ന്ന ഇടതുപക്ഷത്തിന്‍റെ സ്ഥാനം ഏറ്റെടുക്കാന്‍ മുന്നോട്ടു വരണം. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് യഹൂദമതത്തിനകത്ത് ഇടതുപക്ഷമാകാന്‍ തുനിഞ്ഞിറങ്ങിയ യേശുവിന്‍റെ പാതയിലേക്ക് നടന്നുകയറാന്‍ സഭ തയ്യാറാവണം. കാരണം ലോകാവസാനത്തിന്‍റെ കാഹളധ്വനികളെക്കുറിച്ച് നിരീശ്വരവാദികള്‍ പോലും കേട്ടുതുടങ്ങിയിരിക്കുന്നു.

21 ാം നൂറ്റാണ്ട്
ലോകം രണ്ട് ചേരികളായി തിരിയുന്നതിന്‍റെ പ്രാരംഭ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആഗോളവത്കരണം, പറുദീസായിലേക്കുള്ള രാജപാതയാണെന്ന് പ്രചരിപ്പിക്കുന്നവരുടെ ചേരിയാണിപ്പോള്‍ പ്രബലമായി നില്‍ക്കുന്നത്. ആഗോളവത്കരണം സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന ഹൈപ്പര്‍ലൂപ്പാണെന്ന് തിരിച്ചറിയാത്തവരുടെ ദുര്‍ബ്ബലചേരിയാണ് മറ്റൊന്ന്. ബോധപൂര്‍വ്വമല്ലെങ്കിലും അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപും, ബ്രിട്ടനിലെ തെരേസ മെയും, ഫ്രാന്‍സിലെ മാക്രോണും ആഗോളവത്കരണത്തിന്‍റെ വിരുദ്ധചേരിയിലാണ് എത്തിനില്‍ക്കുന്നത്. ആഗോളവത്കരണത്തിന്‍റെ ആരാധകനായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോലും സര്‍വ്വനാശത്തിന്‍റെ വഴിയിലാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മനുഷ്യരാശിയുടെ ചരിത്രത്തില്‍ 21-ാം നൂറ്റാണ്ടിന് നിര്‍ണ്ണായക പ്രാധാന്യമുണ്ട്. ലോകം 2 ചേരിയായി തിരിയുന്നതിന്‍റെ ഈറ്റുനോവുകളാണ് ഇപ്പോള്‍ നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ കേരളത്തിലെ കത്തോലിക്കാ സഭ മൗനം വെടിഞ്ഞ് ഹൈപ്പര്‍ലൂപ്പിന്‍റെ എതിര്‍ചേരിയിലേക്ക് മാറാന്‍ ധൈര്യം കാണിക്കണം.

ഭൂമിയില്‍ മനുഷ്യനുള്ളത് 100 വര്‍ഷം കൂടി – സ്റ്റീഫന്‍ ഹോക്കിങ്ങ് മറ്റൊരു ഭൂമി കണ്ടെത്താന്‍ പുറപ്പെടണം.

ലണ്ടന്‍ – ഭൂമിയില്‍ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. അതിജീവനത്തിന് പുതിയ ഭൂമി കണ്ടെത്താതെ വഴിയില്ലെന്ന് വിശ്രുത ഭൗതീക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്. ഭാഗ്യമുണ്ടെങ്കില്‍ 100 വര്‍ ഷം കൂടി മനുഷ്യര്‍ക്ക് ഭൂമിയില്‍ കഴിയാന്‍ ആകും.

ചന്ദ്രനിലും, ചൊവ്വയിലും, വാസമുറപ്പിക്കുക എന്ന ദൗത്യം മുന്‍ നിര്‍ത്തിയുള്ള ഗവേഷണങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ ഒരുമിക്കണമെന്നാണ് നോര്‍വ്വെയിലെ സ്റ്റാര്‍മസില്‍ നടത്തിയ പ്രഭാഷണത്തില്‍ ഹോക്കിങ്ങ് ആഹ്വാനം ചെയ്തത്. 2020-നകം ചന്ദ്രനിലേക്കും, 2025- നകം ചൊവ്വയിലേക്കും ഗവേഷകരെ അയയ്ക്കണം. 30 വര്‍ഷത്തിനകം ചന്ദ്രനില്‍ താവളം നിര്‍മ്മിക്കാനാവണം. പ്രകാശത്തിന്‍റെ അഞ്ചില്‍ ഒന്ന് വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബഹിരാകാശപേടകം ഒരുക്കാനും പദ്ധതിയുണ്ടെന്ന് ഹോക്കിങ്ങ് പറഞ്ഞു. 25 വര്‍ഷത്തിനകം 2-ാം ഭൂമിക്ക് യോഗ്യമായ പുതിയ ഗ്രഹം സൗരയൂഥങ്ങളില്‍ കണ്ടെത്തുകയാണ് ലക്ഷ്യം.

നമുക്ക് ഭൂമിയില്‍ ഇടമില്ലാതായിവരികയാണ്. പോകാനുള്ളത് മറ്റു ലോകങ്ങളിലെ സ്ഥലങ്ങള്‍ മാത്രമാണ്. അതുകൊണ്ട് സൗരയൂഥ സഞ്ചാരം ആരംഭിക്കണം. മനുഷ്യര്‍ ഭൂമി ഉപേക്ഷിക്കേണ്ടി വരുമെന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല ഹോക്കിങ്ങ് പറഞ്ഞു. (ട്രൂ കോപ്പി – മാതൃഭൂമി 2017 ജൂണ്‍ 23 വെള്ളി)

ലോകാവസാനത്തെക്കുറിച്ച് ബൈബിളില്‍
ലോകാവസാനത്തെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചും യേശു ശിഷ്യന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നത് വാസ്തവം തന്നെ. പക്ഷേ അങ്ങനെ മുന്നറിയിപ്പുകള്‍ നല്‍കിയതില്‍ നിന്നു തന്നെ ഇതൊഴിവാക്കാനാണ് ദൈവം ആ ഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്. മറിച്ച് ലോകാവസാനം ദൈവത്തിന്‍റെ ആസൂത്രിതപദ്ധതിയാണെന്നും അതുകൊണ്ട് അത് അനിവാര്യമാണെന്നും വായനക്കാര്‍ തെറ്റിദ്ധരിക്കുവാനാണ് കൂടുതല്‍ സാ ധ്യത. ലോകാവസാനം ദൈവകല്പിതമാണെന്നും അതുകൊണ്ടിത് സംഭവിച്ചേ തീരൂ എന്നും കരുതി മാപ്പ് സാക്ഷികളാകാന്‍ കാത്തിരിക്കുകയാണ് മിക്കവരും. പക്ഷേ ഇങ്ങനെ കാത്തിരിക്കുവാനല്ല ലോകാവസാനം ഒഴിവാക്കാന്‍ കര്‍മ്മരംഗത്ത് ഇറങ്ങണമെന്നാണ് ദൈവം യേശു വഴി മുന്നറിയിപ്പുകള്‍ നല്‍കിയത്.

നമ്മുടെ പ്രപഞ്ച വിസ്മയങ്ങളും ജൈവപ്രകൃതിയും സസ്യജന്തുജീവജാലങ്ങളും മനുഷ്യരാശിയും യാദൃശ്ചികമായി ഉരുത്തിരുഞ്ഞു വന്നത് മാത്രമാണെന്നും പക്ഷേ നമുക്ക് ഇന്നീ ഭൂമിയില്‍ ഇടമില്ലാതായിരിക്കുകയാണെന്നും അതുകൊണ്ട് മറ്റൊരു ഭൂമി കണ്ടെത്തുക മാത്രമേ പോംവഴിയുള്ളൂ എന്നും നിരീശ്വരവാദികളുടെ നേതാവായ ഹോക്കിങ്ങ് പരിതപിക്കുന്നത് മനസ്സിലാക്കാം. പക്ഷേ പ്രപഞ്ചത്തിന്‍റെ എല്ലാ എഞ്ചിനീയറിംഗ് രഹസ്യങ്ങളുടെയും പ്രഭവകേന്ദ്രമായ ഈശ്വരന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഇതുകേട്ട് ഉത്കണ്ഠാകുലരാകേണ്ടതില്ലെന്ന താണ് സത്യം. ദൈവം ഈ ഭൂമി യെതന്നെ പറുദീസയാക്കി മാറ്റുവാന്‍ കഴിവുള്ളവനാണ്.

ദൈവത്തിന്‍റെ സ്വന്തം നാടാണ് കേരളം. ജീവിതസൂചികയുടെ പല തലങ്ങളിലും ഇന്ത്യയില്‍ ഇതര സംസ്ഥാനങ്ങള്‍ക്കൊന്നിനും കഴിയാത്ത അളവില്‍ വികസിതരാജ്യങ്ങളുടെ നിലവാരത്തിലേക്ക് വളരാന്‍ കഴിഞ്ഞ ഭൂപ്രദേശമാണ് കേരളം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യേശുവിനെ പറ്റി വായിച്ചറിഞ്ഞ അനുയായികളും അവരില്‍ ഭൂരിപക്ഷത്തെയും നയിക്കുന്ന കത്തോലിക്കാസഭയും കേരളത്തിന്‍റെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ കേരളസഭാനേതൃത്വത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട് കടമയുമുണ്ട്. ദൈവം ഭൂമിയെ ഒരു പറുദീസയാക്കി മാറ്റാനൊരുങ്ങുമ്പോള്‍ ജാതി-മത-രാഷ്ട്രീയാതീതമായി മാറാനും അതിന്‍റെ പ്രഘോഷകരാകാനും ജനതയെ ഒരുക്കുവാനും ഇവിടുത്തെ സഭാനേതൃത്വം കര്‍മ്മരംഗത്ത് ഇറങ്ങേണ്ടിയിരിക്കുന്നു.

ഇതിന് പ്രാരംഭമായി കേരളസഭ നിലവിലുള്ള വിശ്വാസപ്രമാണങ്ങളെ കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ട്. 2018-ന്‍റെ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെകൂടി കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ആത്മരക്ഷയ്ക്കുവേണ്ടി മാത്രം ഉദ്ബോധിപ്പിക്കുന്ന പതിവ് തിരുത്തണം. ആരോഗ്യകരമായ ജീവിതസാഹചര്യങ്ങള്‍ അഥവാ സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ആത്മാവിനെക്കുറിച്ച് ചിന്തിക്കുവാനും അതിന്‍റെ രക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനും സാധാരണ മനുഷ്യര്‍ക്ക് കഴിയുകയുള്ളൂ.

ഭൂമിയെ അധിവാസയോഗ്യമല്ലാതാക്കി തീര്‍ക്കുന്നത് പത്ത് കല്പനകളുടെ ലംഘനം മാത്രമല്ല. നമ്മുടെ ഇടയിലെ വാണിജ്യ വ്യവസായ ലോബികളുടെ ദുരാഗ്രഹവും ആര്‍ത്തിയും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ സമീപനങ്ങളുമാണ്. ഭൂമിയില്‍ ജീവന്‍റെ നിലനില്‍പ് തന്നെ വെല്ലുവിളിക്കപ്പെട്ടു തുടങ്ങിയിട്ടും വാണിജ്യവ്യവസായ രാഷ്ട്രീയ നേതൃത്വങ്ങളുടെ ദുരാഗ്രഹം തിരിച്ചറിഞ്ഞിട്ടും സഭ മൂകസാക്ഷികളായി തുടര്‍ന്നാല്‍ പോര എന്നാണെന്‍റെ അഭിപ്രായം. ഇങ്ങനെ ചിന്തിക്കുന്നത് ഞാന്‍ ഒറ്റക്കല്ലെന്നും നിരവധി പേര്‍ ഇങ്ങനെ ചിന്തിക്കുന്നവരാണെന്നും എനിക്ക് അനുഭവമുണ്ട്. സഭ കാലത്തിന്‍റെ പുതിയ വെല്ലുവിളികളെ കൂടി അഭിസംബോധന ചെയ്ത് രംഗത്തു വരണം. യേശു ചെയ്തതുപൊലെ ഇന്നത്തെ കാലഘട്ടത്തിലെ ഇടതുപക്ഷമായി മാറണം. രണ്ടായിരം കൊല്ലം മുമ്പ് നിയമാധിഷ്ഠിത ലോകത്തിന്‍റെ കണ്ണില്‍ച്ചോരയില്ലായ്മക്കെതിരെ നിയമം മനുഷ്യന് വേണ്ടിയാണെന്ന ചരിത്രപ്രസിദ്ധമായ ആദ്യ ഭേദഗതി അവതരിപ്പിച്ച യേശുവിന്‍റെ ധീരതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാല്‍ ഇതെളുപ്പമാകുമെന്ന് ഞാന്‍ കരുതുന്നു. മനുഷ്യനിര്‍മ്മിതമായ സര്‍വ്വനാശത്തില്‍ നിന്നും നമ്മുടെ ഭൂമിയെ രക്ഷിക്കുവാനുള്ള ജനകീയ സംരംഭങ്ങള്‍ക്ക് സഭ നേതൃത്വം കൊടുക്കണം.

വനംകൊള്ള പോലുള്ള പ്രകൃതിവിഭവങ്ങളുടെ വിവേചന രഹിതമായ ചൂഷണത്തിനെതിരെ വ്യാപാരവ്യവസായ കുത്തകവല്‍ക്കരണങ്ങള്‍ക്കെതിരെ രോഗഭയം സൃഷ്ടിച്ച് മരുന്ന് – ആശുപത്രി വ്യവസായികള്‍ മനുഷ്യരെ ചൂഷണം ചെയ്യുന്നതിന് എതിരെ – ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന ആഗോളവത്കരണം എന്ന ദുഷ്ടമൃഗത്തിനെതിരെ സമരമുഖം തുറക്കാന്‍ ഇന്ത്യയിലെ സഭയ്ക്കും ഇതരമതങ്ങള്‍ക്കും ചരിത്രപരമായ അവകാശവും കടമയുമുണ്ട്.

തിരുത്താനും മാറാനും ലോകത്തിന് മാതൃക കാണിക്കാനും ഇനിയും സമയമുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യകളും പൊതുസാമ്പത്തിക നിലവാരവും ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുവാനുള്ള ജൈവീക പദ്ധതിക്കനുസൃതമായി വളര്‍ന്നു കഴിഞ്ഞു. ദൈവത്തിന്‍റെ ഹിതം അറിഞ്ഞ് ഇവയെ പ്രയോജനപ്പെടുത്തിയാല്‍ ലക്ഷ്യം എളുപ്പമാകുകയും ചെയ്യും. പക്ഷേ നിരീശ്വരവാദികള്‍ ഇത് വിശ്വസിക്കുന്നില്ല. സ്റ്റീഫന്‍ ഹോക്കിങ്ങും മറ്റും ഉത്കണ്ഠപ്പെടാനും വിലപിക്കുവാനും തുടങ്ങിയിരിക്കുന്നു. ഈശ്വരപക്ഷത്തുള്ളവര്‍ക്ക് ശുഭപ്രതീക്ഷകളുണ്ട്. ദൈവം നമ്മുടെ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. ആസന്നഭാവിയില്‍ തന്നെ ഇതു സംഭവിക്കുമെന്നും ഉറപ്പാണ്. പക്ഷേ മനുഷ്യരാശിയെ നിയന്ത്രിക്കുന്ന സര്‍വ്വാധികാരിയായ ആഗോളവത്കരണഭ്രാന്തന്മാരില്‍ നിന്ന് ഈ ഭൂമിയെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ഈ പോരാട്ടത്തിനു തുടക്കം കുറിക്കാന്‍ കേരളത്തിലെ സഭ മുന്നിട്ടിറങ്ങിയാല്‍ എളുപ്പമാകുമെന്ന് ഞാന്‍ കരുതുന്നു. അതിന് സഭ യഥാര്‍ത്ഥ ഇടതുപക്ഷമായി മാറണം.

Comments

One thought on “കേരളത്തില്‍ സഭ ഇടതുപക്ഷത്തിന് നേതൃത്വം കൊടുക്കണം”

  1. Jex J says:

    സഭ യഥാർത്ഥ ഇടതു പക്ഷമാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.പാവപെട്ടവരുടേയും പാർശവത്കരിക്കപ്പെട്ട സമൂഹത്തിന്റേയും പക്ഷമായ ക്രിസ്തു ദർശനങ്ങൾ ഉയർത്തി പിടിക്കാൻ സഭ മുന്നിട്ടറങ്ങണം. ചൂഷണത്തിന് ഇരയാകുന്നവരുടെ നിലവിളികൾ കണ്ടില്ലെന്ന് നടിച്ച് മർദ്ദകരോടൊപ്പം അണി ചേരുന്ന പാരമ്പര്യ ഇടതുപക്ഷ വാദികളും പ്രത്യയശാസ്ത്രങ്ങളും വേരറ്റുപോകുപോൾ, സഭക്ക് യഥാർത്ഥ ഇടതുപക്ഷമാകാൻ കഴിയേണ്ടതുണ്ട്. ജീവിക്കാനുള്ള സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ നിലവിളികൾ സഭയുടെ നിലവിളികളായി മാറണം.

Leave a Comment

*
*