കേരളത്തിന്‍റെ സാമൂഹ്യ, സാമ്പത്തികവികസനത്തില്‍ ക്രൈസ്തവ മിഷണറിമാരുടെ സംഭാവന

കേരളത്തിന്‍റെ സാമൂഹ്യ, സാമ്പത്തികവികസനത്തില്‍ ക്രൈസ്തവ മിഷണറിമാരുടെ സംഭാവന

ഓസ്കര്‍ ഫെര്‍ണാണ്ടസ് എം.പി.

ഇന്ത്യയിലെ ദശലക്ഷകണക്കിനു മനുഷ്യരുടെ ജീവിതങ്ങളില്‍ ഗുണപരമായ പരിവര്‍ത്തനം സാദ്ധ്യമാക്കിയവരാണ് ക്രൈസ്തവമിഷണറിമാര്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്‍റ് ക്രൈസ്തവ മിഷണറിമാരുടെ ആഗമനം കേരളത്തിന്‍റെ ചരിത്രത്തില്‍ ഒരു വഴിത്തിരിവുണ്ടാക്കി. വിദ്യാഭ്യാസം പ്രചരിപ്പിക്കാനും അടിമത്തം ഇല്ലാതാക്കാനും വനിതാവിമോചനപ്പോരാട്ടത്തിനും ജാതിവിവേചനവും അയിത്തവും ഉന്മൂലനം ചെയ്യാനും ഉള്ള തങ്ങളുടെ തീക്ഷ്ണത മൂലം അവര്‍ കേരളത്തിലെ നവീകരണ പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളായി മാറി.
കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ നായകരാണ് ക്രൈസ്തവര്‍. ലണ്ടന്‍ മിഷണറി സൊസൈറ്റി, ബാസല്‍ ഇവാഞ്ജലിക്കല്‍ മിഷന്‍, ചര്‍ച്ച് മിഷന്‍ സൊസൈറ്റി തുടങ്ങിയ മിഷണറി സംഘടനകളാണ് കേരളത്തിലെ ആധുനിക വിദ്യാഭ്യാസ പ്രചാരണം ഉദ്ഘാടനം ചെയ്തത്. ലണ്ടന്‍ മിഷണറി സൊസൈറ്റിയുടെ പ്രവര്‍ത്തനമേഖല പ്രധാനമായും തിരുവിതാംകൂറിലായിരുന്നു. ചര്‍ച്ച് മിഷന്‍ സൊസൈറ്റി തിരുവിതാംകൂറിലും കൊച്ചിയിലും പ്രവര്‍ത്തിച്ചു. ബാസല്‍ ഇവാഞ്ജലിക്കല്‍ മിഷന്‍ മലബാറിലാണ് സജീവമായിരുന്നത്. ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആധുനിക വിദ്യാഭ്യാസം പ്രചരിപ്പിക്കാന്‍ സഹായകരമായി.
ഇന്ത്യയില്‍ വിദ്യാഭ്യാസം ഉപരിവര്‍ഗത്തിന്‍റെ സവിശേഷ അവകാശമായിരുന്നു. സവര്‍ണ ജാതിയിലെ ആണ്‍കുട്ടികള്‍ക്ക് ഒരു ഗുരുവിന്‍റെ കീഴില്‍ പഠിക്കാന്‍ കഴിയുന്ന ഗുരുകുലങ്ങളില്‍ മാത്രമായി വിദ്യാഭ്യാസം പരിമിതപ്പെട്ടിരുന്നു. സവര്‍ണ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കു പോലും വിദ്യാഭ്യാസത്തിനുള്ള അവസരമില്ലായിരുന്നു. സാധാരണക്കാര്‍ക്ക് ഈ വരേണ്യ വിദ്യാഭ്യാസ സംവിധാനത്തില്‍ പ്രവേശനമില്ലായിരുന്നു. മിഷണറിമാര്‍ വന്നപ്പോള്‍ അവര്‍ സാധാരണക്കാര്‍ക്ക്, പ്രാദേശിക ഭാഷയില്‍ വിദ്യാഭ്യാസം നടത്തുന്നതിനുള്ള വിദ്യാലയങ്ങള്‍ ആരംഭിച്ചു. മിഷണറിമാര്‍ പ്രാദേശിക ഭാഷയില്‍ കുട്ടികളെ പഠിപ്പിക്കുകയും വിദ്യാഭ്യാസനിലവാരമുയര്‍ത്തുകയും അദ്ധ്യാപകര്‍ക്കു പരിശീലനം നല്‍കുകയും അദ്ധ്യയന രീതികള്‍ മെച്ചപ്പെടു ത്തുകയും ചെയ്തു.
മിഷണറിമാര്‍ അവരുടെ കാലത്തിനു മുമ്പേ സഞ്ചരിച്ചവരാണ്. വനിതകള്‍ക്കു വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ വനിതാവിമോചനം സാദ്ധ്യമാകുകയുള്ളൂ. അതുകൊണ്ട് അവര്‍ പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാലയങ്ങള്‍ ആരംഭിച്ചു. പെണ്‍കുട്ടികളെ സ്കൂളുകളിലേയ്ക്ക് അയയ്ക്കാന്‍ മിഷണറിമാര്‍ക്കു ചിലപ്പോള്‍ പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്കു പ്രത്യേക പ്രോത്സാഹനം നല്‍കേണ്ടതായി വന്നിരുന്നു. ആധുനിക ഇന്ത്യന്‍ വനിതകള്‍ ഏതാണ്ട് എല്ലാ രംഗങ്ങളിലേയ്ക്കും കടന്നുവന്നിരിക്കുന്നു. അവരുടെ ശാക്തീകരണത്തിന് അവസരങ്ങള്‍ സൃഷ്ടിച്ചതിനു മിഷണറിമാരോടു നാം നന്ദിയുള്ളവരാകണം.
ലോകത്തിലേയ്ക്കുള്ള ജാലകവും അറിവിന്‍റെ താക്കോലും പുരോഗതിക്കുള്ള ചക്രങ്ങളുമായ വിദ്യാഭ്യാസം ജാതിയോ സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കി. ഇന്ന് ഇന്ത്യ ആഗോളവത്കൃതലോകത്തിലെ സൂപ്പര്‍പവര്‍ പദവി കൈവരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഇരുന്നൂറിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് അതിനു വിത്തു വിതച്ചവരാണ് മിഷണറിമാര്‍.
രാജ്യത്തെ ഏറ്റവും വിലമതിക്കപ്പെട്ട സേവനങ്ങളിലൊന്നാണ് ക്രിസ്തുമതത്തിന്‍റെ വിദ്യാഭ്യാസസേവനം. എതിര്‍പ്പുകളുണ്ടായെങ്കിലും അവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. അത്തരം സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളില്‍ 90 ശതമാനവും അക്രൈസ്തവ സഹോദരങ്ങളുമായിരുന്നു. പാവപ്പെട്ട കുട്ടികള്‍ക്കു പ്രവേശനവും സൗജന്യവിദ്യാഭ്യാസവും നല്‍കുന്ന ആയിരകണക്കിനു വിദ്യാലയങ്ങളും നൂറു കണക്കിനു കോളജുകളും ഇന്ത്യയിലുണ്ട്. വനിതാവിദ്യാഭ്യാസത്തിനു പ്രേരണ നല്‍കിക്കൊണ്ട് ഇന്ത്യയില്‍ വനിതകളുടെ പദവി ഉയര്‍ത്തുന്നതിനു വിദ്യാഭ്യാസ മണ്ഡലത്തിലെ ക്രൈസ്തവദൗത്യം സഹായകരമായി മാറി. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കിടയില്‍ ക്രൈസ്തവ മിഷണറിമാര്‍ നടത്തിയ സേവനം അവര്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ നല്‍കി.
തൊഴിലവസരങ്ങളുണ്ടാക്കുന്ന പരിശീലനസ്ഥാപനങ്ങളും വായ്പാസംഘങ്ങളും പരസ്പരസഹായസംഘങ്ങളും ഇന്ത്യയിലെ പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ ജീവിതനിലവാരമുയര്‍ത്തുന്നതിനു സഹായകരമായി. ജാതിയധിഷ്ഠിതമായ സമൂഹത്തില്‍ തൊഴില്‍പരവും സാമൂഹികവുമായ കൂടുതല്‍ ചലനാത്മകത നല്‍കുന്നതിനു വിദ്യാഭ്യാസനയം സഹായകരമായി.
സ്ത്രീ ശാക്തീകരണമാണ് നമ്മുടെ രാജ്യത്തില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ നല്‍കിയ വളരെ സുപ്രധാനമായ ഒരു സംഭാവന. ഭാവിതലമുറയുടെ ആദ്യ അദ്ധ്യാപകര്‍ എന്ന നിലയ്ക്ക് സ്ത്രീകള്‍ക്ക് ഏതു സമൂഹത്തിലും നിര്‍ണായക പങ്കു വഹിക്കാനുണ്ട്. സമൂഹത്തിലെ ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍ക്ക് സമൂഹത്തിലെ അംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാദ്ധ്യതയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളാരംഭിക്കാനുള്ള മഹാനായ ക്രൈസ്തവ മിഷണറി കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ശ്രദ്ധേയമായ പരിശ്രമം വിദ്യാഭ്യാസരംഗത്തിനു വലിയ സംഭാവനകള്‍ നല്‍കുകയും കേരളത്തില്‍ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് ഉയര്‍ത്തുകയും ചെയ്തു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് അദ്ദേഹം പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. കാലത്തിനു മുമ്പേ നടന്ന ദീര്‍ഘദര്‍ശിയായ ആ വൈദികന്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തദ്ഫലമായ സ്ത്രീ വിമോചനത്തിനും ശ്രദ്ധ നല്‍കിയതു സ്വാഭാവികമാണ്. അന്നു മറ്റാരും അതു ശ്രദ്ധിച്ചിരുന്നില്ല. അദ്ദേഹം നിര്‍വഹിച്ച സാമൂഹിക പരിഷ്കരണങ്ങള്‍ ഭാവനാതീതമായ സാമൂഹികമാറ്റങ്ങള്‍ സൃഷ്ടിക്കുകയും അതിന്‍റെ സ്വാധീനഫലങ്ങള്‍ ഇന്നും ദൃശ്യമായിരിക്കുകയും ചെയ്യുന്നു. സ്ത്രീ ശാക്തീകരണത്തിന്‍റെ ഒരു വലിയ മാതൃകയാണ് ചാവറ. കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ അതിദ്രുത സാമൂഹിക മാറ്റങ്ങളുണ്ടാക്കിയത് അദ്ദേഹത്തിന്‍റെ സാമൂഹ്യ സംഭാവനകളാണ്.
തൊട്ടുകൂടായ്മയെയും സ്ത്രീകളുടെ അടിച്ചമര്‍ത്തലിനെയും ന്യായീകരിക്കുകയും സാമൂഹ്യ അധികാരശ്രേണിയില്‍ ബ്രാഹ്മണ മേധാവിത്വം നിലനിറുത്തുകയും ചെയ്യുന്നതായിരുന്നു ഇന്ത്യന്‍ സംസ്കാരത്തിന്‍റെ നിയമമായിരുന്ന മനുസ്മൃതി. ഭര്‍ത്താവിന്‍റെ മൃതദേഹത്തോടൊപ്പം വിധവയെ ജീവനോടെ ദഹിപ്പിക്കുന്ന സതി ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരം ക്രൂരതകള്‍ വില്യം കാരിയുടെ മനഃസാക്ഷിയെ പിടിച്ചു കുലുക്കുകയും ഇതിനെതിരെ ശബ്ദമുയര്‍ത്തിയ അദ്ദേഹം ഇന്ത്യയിലെ ബുദ്ധിജീവികള്‍ക്കിടയില്‍ ഒരു സംവാദത്തിനു തുടക്കമിടുകയും ചെയ്തു. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന വില്യം ബെന്‍റിക് 1829-ല്‍ സതി നിയമവിരുദ്ധമാക്കി. അഗ്നിയില്‍ ദഹിക്കുമായിരുന്ന അനേകം വിധവകള്‍ അപ്രകാരം മരണത്തിന്‍റെ വക്ത്രങ്ങളില്‍ നിന്നു രക്ഷപ്പെട്ടു.
ശൈശവവിവാഹം അന്നു സാധാരണമായിരുന്നു. ഇന്നും ചെറിയ തോതില്‍ അതു നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ വിവാഹിതരായി എന്നു തിരിച്ചറിയുന്നതിനു മുമ്പു തന്നെ അനേകം പെണ്‍കുട്ടികള്‍ ബാലവിധവകളായി മാറി. ക്രിസ്ത്യന്‍ മിഷണറിമാര്‍ ഈ തിന്മകള്‍ക്കെതിരെ പോരാടുകയും വിധവകള്‍ക്കു വിദ്യാഭ്യാസം നല്‍കി അവരെ ശാക്തീകരിക്കുകയും അന്തസ്സോടെ ജീവിക്കുന്നതിനുള്ള സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. 1820-ല്‍ തിരുനെല്‍വേലിയില്‍ സേവനമാരംഭിച്ച ജര്‍മ്മന്‍ ലൂഥറന്‍ മിഷണറിയായ റവ.ചാള്‍സ് റെനിയൂസ് ഒരു വിധവാനിധി സ്വരൂപിക്കുകയും വിധവകളുടെ പുനരധിവാസത്തിനായി അത് ഉപയോഗിക്കുകയും ചെയ്തു. ഇതരസമുദായങ്ങളുടെ നേതാക്കളില്‍ നിന്നു കടുത്ത എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ടാണ് ഈ നേതൃ പരിശ്രമങ്ങള്‍ നടത്തിയിരുന്നത്.
ദേവദാസി സമ്പ്രദായമാണ് സ്ത്രീകള്‍ക്കെതിരെ നിലവിലുണ്ടായിരുന്ന മറ്റൊരു ദുരാചാരം. ദേവനു വിവാഹം ചെയ്തുവെന്ന പേരില്‍ പെണ്‍കുട്ടികളെ ദേവാലയത്തിനു സമര്‍പ്പിക്കുന്ന രീതിയായിരുന്നു അത്. പുരോഹിതരും നാട്ടുപ്രമാണിമാരും ഈ യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തു. അങ്ങനെ അവര്‍ ലൈംഗികാടിമകളായി മാറി. ഈ തിന്മ കണ്ടു അമ്പരന്ന ഒരു ക്രിസ്ത്യന്‍ മിഷണറിയായിരുന്നു ആമി കാര്‍മിഷേല്‍. അവര്‍ ഇത്തരം പെണ്‍കുട്ടികളെ സംരക്ഷിക്കാനും ദത്തെടുത്ത് പരിചരിക്കാനും തുടങ്ങി. അവര്‍ക്കും ഗുരുതരമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. പാപകരമായ ഈ തൊഴിലിലേയ്ക്കു വലിച്ചിഴയ്ക്കപ്പെടുന്ന സ്ത്രീകളെ പുനഃരധിവസിപ്പിക്കുന്നതിനുള്ള രക്ഷാഭവനങ്ങളും മിഷണറിമാര്‍ ആരംഭിച്ചു.
ക്രിസ്ത്യന്‍ മിഷണറിമാര്‍ കൊണ്ടു വന്നത് ശക്തമായ സാമൂഹിക വിപ്ലവമാണ്. ഇതു സാമൂഹ്യ ബലതന്ത്രം മാറ്റി മറിക്കുകയും നമ്മുടെ സമൂഹത്തിനു ഗുണകരമായ വന്‍ സമൂഹ്യമാറ്റം സാദ്ധ്യമാക്കുകയും ചെയ്തു. കേരള വനിതകളെ രഹസ്യയിടങ്ങളില്‍ നിന്നു പൊതുജീവിതത്തിലേയ്ക്കു കൊണ്ടു വരികയും ആധുനികവത്കരണത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും രാഷ്ട്രീയവത്കരണത്തിന്‍റെയും വിത്തു വിതയ്ക്കുകയും ചെയ്ത നിശബ്ദ സാമൂഹ്യ പരിഷ്കര്‍ത്താവായി വര്‍ത്തിച്ചതു വിദ്യാഭ്യാസമാണ്. പരമ്പരാഗതമായി വിദ്യാഭ്യാസം ഉയര്‍ന്ന ജാതിക്കാര്‍ക്കും സമുദായങ്ങള്‍ക്കും മാത്രമാണ് ലഭ്യമായിരുന്നത്.
മിഷണറിമാര്‍ വിദ്യാഭ്യാസത്തെ സാര്‍വത്രികമാക്കുകയും അച്ചടിശാലകള്‍ സ്ഥാപിക്കുകയും ചെയ്തപ്പോള്‍ വിജ്ഞാനം എല്ലാ വര്‍ഗങ്ങളിലും ജാതികളിലും എത്തുകയും അതു സാമൂഹ്യഘടനകളില്‍ സ്ഫോടനങ്ങള്‍ക്കു വഴി വയ്ക്കുകയും ചെയ്തു. വിദ്യാഭ്യാസ പ്രക്രിയയും വായനാശീലത്തിലൂടെയുണ്ടായ ആശയങ്ങളുടെ പ്രചാരണവും കേരളത്തിന്‍റെ പഴയ ആചാരങ്ങളെ ബലഹീനമാക്കുകയും വ്യക്തിമഹത്ത്വത്തിന്‍റെയും സാമൂഹ്യ മര്യാദകളുടെയും പുതിയ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. മിഷണറി വിദ്യാലയങ്ങളും പ്രസിദ്ധീകരണങ്ങളും തിരുവിതാംകൂറില്‍ ഒരു നവസംസ്കാരം സ്ഥാപിച്ചു. സ്ത്രീകളുള്‍പ്പെടെ പാര്‍ശ്വവത്കൃതരായ എല്ലാവരും സ്വാശ്രയരും ധീരരും തങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും പിടിച്ചെടുക്കാന്‍ അവബോധമുള്ളവരുമായി മാറി. വനിതാവിദ്യാഭ്യാസത്തിന്‍റെ നേട്ടങ്ങള്‍ തലമുറകള്‍പ്പുറത്തേയ്ക്കു കടക്കുകയും കേരളത്തില്‍ മാറ്റത്തിന്‍റെ ആവശ്യമുയര്‍ത്തുകയും ചെയ്തു.
സമുദായ നേതൃത്വം കൈവരിച്ച സ്ത്രീകള്‍ ക്രമത്തില്‍ രാഷ്ട്രീ യ നേതൃത്വത്തിലേയ്ക്കുയര്‍ന്നു. സ്വാതന്ത്ര്യസമരസേനാനികളായും തൊഴിലാളി യൂണിയന്‍ നേതാക്കളായും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരായും വിദ്യാസമ്പന്നരായും സാഹിത്യകാരികളായും വനിതാവ്യക്തിത്വങ്ങള്‍ തിരുവിതാംകൂറില്‍ ശ്രദ്ധ പിടിച്ചു പറ്റി. അക്കാമ്മ ചെറിയാന്‍, ആനി മസ്ക്രീന്‍, ലക്ഷ്മി എന്‍ മേനോന്‍, എലിസബെത്ത് കുരുവിള, റോസമ്മ പുന്നൂസ് തുടങ്ങി നിരവധി പേര്‍ ഈ ഗണത്തിലുണ്ട്.
ആദ്യം വിദ്യാഭ്യാസരംഗത്തു സേവനം ചെയ്ത മിഷണറിമാര്‍ പിന്നീട് തങ്ങളുടെ സേവനം സാമൂഹ്യ സാമ്പത്തിക വികസന രംഗങ്ങളിലേയ്ക്കു വ്യാപിപ്പിച്ചു. ക്രൈസ്തവ സമുദായങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ടാണ് സമൂഹത്തിലെ എല്ലാ തലങ്ങളിലേയ്ക്കും മിഷണറിമാര്‍ തങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ സേവനങ്ങള്‍ വ്യാപിപ്പിച്ചത്. വിദൂരസ്ഥങ്ങളായ സ്ഥലങ്ങളില്‍ പ്രവര്‍ത്തനകേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ട് സാക്ഷരതാ പ്രവര്‍ത്തനം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിദ്യാഭ്യാസം, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍, സാമൂഹ്യസേവനം, ആരോഗ്യപരിചരണം, കുടുംബസന്ദര്‍ശനങ്ങള്‍ തുടങ്ങിയവ മിഷണറിമാര്‍ നടത്തി. ദളിതരും പിന്നാക്കക്കാരും ക്രിസ്തുമതത്തില്‍ ചേരുന്നത് അവര്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ ഉയര്‍ന്ന സ്ഥാനവും അന്തസ്സാര്‍ന്ന ജീവിതവും ലഭിക്കുന്നതിനുള്ള മാര്‍ഗമായി മാറി. വിദ്യാഭ്യാസത്തിനു പുറമെ സാമൂഹ്യ തിന്മകളെ തള്ളിപ്പറയുന്ന പുസ്തകങ്ങളും സാഹിത്യരചനകളും ജാതീയതയെ തകര്‍ക്കുന്നതിനു സഹായകരമായി മാറി.
ജാതിയധിഷ്ഠിതമായ സമൂഹത്തില്‍ നിന്നുള്ള വിമോചനശക്തികളായി വിശേഷിച്ചും, സമൂഹത്തിലെ അധഃസ്ഥിത വര്‍ഗത്തിനു വേണ്ടി നിലകൊണ്ടവരാണ് ക്രിസ്ത്യന്‍ മിഷണറിമാര്‍. അയിത്ത ജാതിക്കാരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ശക്തവും ബോധപൂര്‍വകവുമായ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവ മിഷണറിമാര്‍ നടത്തിയിട്ടുണ്ട്. നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെ അവര്‍ പോരാടി. പാര്‍ശ്വവത്കൃതരായവര്‍ മുഖ്യധാരയിലേയ്ക്കു വരികയും വിദ്യാഭ്യാസത്തിനും തൊഴിലുകള്‍ക്കും വ്യക്തിപരമായ അന്തസ്സിനും സാമൂഹ്യ സ്വീകാര്യതയ്ക്കുമുള്ള അവസരങ്ങള്‍ അവര്‍ക്കു ലഭ്യമാകുകയും ചെയ്തു. ക്രൈസ്തവ മിഷന്‍ നമ്മുടെയിടയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. മിഷണറിമാര്‍ ജാതീയതയെ തകര്‍ക്കുകയും സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങളെയും ഘടനകളെയും മാനവീകരിക്കുകയും ചെയ്തു. വിഭാഗീയതയ്ക്കും തിരസ്കരണത്തിനും ചൂഷണത്തിനും എതിരെ മിഷന്‍ പ്രതിഷേധിച്ചു.
വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനു പുറമെ കേരളത്തിന്‍റെ പുരോഗതിയ്ക്കുള്ള സാമൂഹ്യ- സാമ്പത്തിക പ്രവര്‍ത്തനങ്ങളും ക്രിസ്ത്യന്‍ മിഷന്‍ ഏറ്റെടുത്തു. അധഃസ്ഥിത ജാതിക്കാരുടെ സാമൂഹ്യ, സാമ്പത്തിക സ്ഥിതി ഉയര്‍ത്തുന്നതിനുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളും മിഷണറിമാര്‍ ആരംഭിച്ചു. വാണിജ്യ, വ്യവസായ സംരംഭങ്ങളായിരുന്നു അതിനു ലഭ്യമായ ഏറ്റവും മികച്ച മാര്‍ഗം. സര്‍ക്കാരില്‍ നിന്നു വാങ്ങിയതോ ആര്‍ജ്ജിച്ചതോ ആയ ഭൂമിയില്‍ അധഃകൃതരായ ആളുകളെ കര്‍ഷകരാക്കി മാറ്റുവാന്‍ മിഷണറിമാര്‍ പരിശ്രമിച്ചു. മിഷണറിമാരുടെ നേതൃത്വത്തില്‍ സ്ഥാപിതമായ വ്യവസായ സ്ഥാപനങ്ങളും 19-ാം നൂറ്റാണ്ടിലെ മിഷണറി പ്രവര്‍ത്തനങ്ങളുടെ ഒരു സവിശേഷതയായിരുന്നു. വ്യവസായപ്രവര്‍ത്തനങ്ങളില്‍ അവരേര്‍പ്പെടുത്തിയ വലിയ അളവിലുള്ള വികേന്ദ്രീകരണം ആളുകളെ സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നതിനു ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ളതായിരുന്നു. ബാസല്‍ മി ഷന്‍റെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ 1882-ല്‍ ഒന്നിച്ചു ചേര്‍ത്ത് മിഷന്‍ ട്രേഡിംഗ് കമ്പനി രൂപീകരിച്ചു. ഇത് ഉയര്‍ന്ന മൂലധനനിക്ഷേപം സാദ്ധ്യമാക്കുന്നതിനും മലബാറില്‍ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനും സഹായിച്ചു. ബാസല്‍ മിഷന്‍ ദളിതര്‍ക്ക് കരകൗശലവിദ്യകളില്‍ പരിശീലനവും നല്‍കിയിരുന്നു.
പിന്നീട് ഓടു നിര്‍മ്മാണം, നെയ്ത്ത്, മെക്കാനിക്കല്‍ വര്‍ക് ഷോപ്പുകള്‍, ബുക് ബൈന്‍ഡിംഗ്, തയ്യല്‍, കൊല്ലപ്പണി, വാച്ച് നിര്‍മ്മാണം തുടങ്ങിയ വ്യാവസായിക സ്ഥാപനങ്ങള്‍ മിഷന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു. മലബാര്‍ ട്രേഡിംഗ് കമ്പനി എന്ന പേരില്‍ ഈ സ്ഥാപനങ്ങള്‍ മലബാറിലെങ്ങും നിറഞ്ഞു നിന്നു. ഓടു നിര്‍മ്മാണമാണ് മിഷന്‍ ആരംഭിച്ച ഏറ്റവും പ്രധാനമായ വ്യവസായം. പുതിയറ, ഫറോക്ക്, കൊടക്കല്‍, ഒലവക്കോട് എന്നിവിടങ്ങളിലെല്ലാം ബാസല്‍ മിഷന്‍റെ ഓട്ടുകമ്പനികളുണ്ടായിരുന്നു. ഇത് അനേകം നാട്ടുകാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കി.
1880-ല്‍ രാജ്യം ഗുരുതരമായ പ്രതിസന്ധി നേരിട്ടു. ക്ഷാമവും രോഗങ്ങളും മൂലം അനേകരുടെ തൊഴില്‍ നഷ്ടപ്പെട്ടു. ക്ഷാമം ബാധിച്ച അനേകര്‍ക്ക് അന്ന് ആശ്രയമായത് ബാസല്‍ മിഷന്‍ ഫാക്ടറികളാണ്. 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ മലബാറിലെ ഏറ്റവും വലിയ വ്യവസായ സംരംഭകര്‍ ബാസല്‍ മിഷന്‍ ആയിരുന്നു. എട്ട് നെയ്ത്തുകമ്പനികള്‍, ഏഴ് ഓട്ടുകമ്പനികള്‍ എന്നിവ ക്രൈസ്തവരും അക്രൈസ്തവരുമായ ആയിരകണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കി. ബാസല്‍ മിഷന്‍റെ വ്യവസായ സ്ഥാപനങ്ങള്‍ ദളിതരെ പുനരധിവസിപ്പിക്കുകയും അവരുടെ സാമൂഹിക, സാമ്പത്തിക പദവി ഉയര്‍ത്തുകയും ചെയ്തു. മിഷന്‍ വ്യവസായങ്ങള്‍ സമൂഹത്തിലെ ജാതിവേര്‍തിരിവുകള്‍ തകര്‍ത്തു. താഴ്ന്ന ജാതിയില്‍ പെട്ട ആയിരങ്ങള്‍ക്കു തൊഴില്‍ നല്‍കിയത് ദാരിദ്ര്യം കുറയ്ക്കുകയും മികച്ച ജീവിതസാഹചര്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
മെഡിക്കല്‍ മിഷനുകളാണ് ഇന്ത്യയില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ മറ്റൊരു പ്രധാനപ്പെട്ട സംഭാവന. ആരോഗ്യപരിരക്ഷാസംവിധാനങ്ങള്‍ കേരളത്തില്‍ വളരെ കുറവായിരിക്കെയാണ് മിഷണറിമാര്‍ വൈദ്യശുശ്രൂഷാസ്ഥാപനങ്ങള്‍ ആരംഭിച്ചത്. അന്ധവിശ്വാസങ്ങള്‍ നിറഞ്ഞു നിന്നിരുന്ന മലബാറില്‍ ആധുനിക വൈദ്യചികിത്സ അവഗണിക്കപ്പെടുകയും പരമ്പരാഗത മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിക്കുകയും ചെയ്തു പോന്നു. ഡോ. ഇ ലീബെന്‍ ദാര്‍ഫര്‍ എന്ന മിഷണറി 1892-ല്‍ ആദ്യത്തെ മിഷന്‍ ആശുപത്രി കോഴിക്കോട് ആരംഭിച്ചു. 1903-ല്‍ കോഴിക്കോടി നടുത്ത് ചേവായൂരില്‍ ലെപ്രസോറിയം തുറന്നു. സമൂഹം തിരസ്കരിച്ചിരുന്ന ലെപ്രസി രോഗികള്‍ക്ക് അത് അഭയമായി. പിന്നീട് വയനാട് ജില്ലയിലുള്‍പ്പെടെ നിരവധി ഡിസ്പെന്‍സറികള്‍ ആരംഭിച്ചു. ആധുനിക വൈദ്യശാസ്ത്ര ചികിത്സ കൂടുതല്‍ ജനങ്ങള്‍ക്കു ലഭ്യമായത് ഇന്ത്യയില്‍ മിഷണറിമാര്‍ ഈ രംഗത്തേയ്ക്കു കടന്നു വന്നതോടെയാണ്. അയിത്ത ജാതിക്കാരെ തൊട്ടു പരിശോധിച്ചു ചികിത്സിക്കാന്‍ മിഷണറി ഡോക്ടര്‍മാര്‍ക്കു മടിയില്ലായിരുന്നു. കുഷ്ഠരോഗികളാകട്ടെ മുജ്ജന്മഫലം അനുഭവിക്കുന്നവരെന്ന പേരില്‍ ഭീകരമായ അവഗണനയാണു സമൂഹത്തില്‍ നേരിട്ടിരുന്നത്. അതിനു മാറ്റമുണ്ടായി. സ്ത്രീകള്‍ക്കുള്ള ആശുപത്രികള്‍ ആരംഭിച്ചതാണ് മറ്റൊരു വിപ്ലവം. മാനസിക രോഗമുള്ളവരെ ബാധ കൂടിയവരായി കരുതി ചങ്ങലയ്ക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്ന കാലത്ത് അവര്‍ക്കാവശ്യമായ ചികിത്സ നല്‍കി പുനരധവസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചതും മിഷണറിമാരാണ്. അന്ധര്‍, ബധിരര്‍, മൂകര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, വയോധികര്‍, അഗതികള്‍ എന്നിവര്‍ക്കു മിഷണറിമാര്‍ വലിയ പരിചരണം നല്‍കി.
പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സേവനം മിഷണറിമാരുടെ അജപാലനപ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഭാഗമായിരുന്നു. തടവറയില്‍ അടക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കു സഹായങ്ങള്‍ നല്‍കുക, ജയില്‍ മോചിതരാകുന്ന മുന്‍ കുറ്റവാളികളെ പുനരധിവസിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ ആദ്യമായി ആരംഭിച്ചത് മിഷണറിമാരാണ്. ദളിതരുടേയും ആദിവാസികളുടെയും ജീവിതത്തില്‍ നിരവധി ഗുണപരമായ പരിവര്‍ത്തനങ്ങള്‍ വരുത്താനും മിഷണറിമാര്‍ക്കു സാധിച്ചു.

(തൃക്കാക്കര ഭാരതമാതാ കോളേജില്‍ 2017 ഫെബ്രുവരി 20-നു നടത്തിയ കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ സ്മാരക പ്രഭാഷണത്തില്‍ നിന്ന്.)

തയ്യാറാക്കിയത്: ഷിജു ആച്ചാണ്ടി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org