കൊന്തയെന്ന ജ്ഞാനവൃക്ഷത്തണലിലൂടെ ഒരു തീര്‍ത്ഥാടനം

കൊന്തയെന്ന ജ്ഞാനവൃക്ഷത്തണലിലൂടെ ഒരു തീര്‍ത്ഥാടനം

എഫ്. ആന്‍റണി പുത്തൂര്‍
ചാത്യാത്ത്, എറണാകുളം

പരിശുദ്ധ മറിയത്തിന്‍റെ മംഗളവാര്‍ത്തയും പരിശുദ്ധ ത്രിത്വവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. മാനവരക്ഷ എന്ന ദൈവിക പദ്ധതിയുടെ പൂര്‍ത്തീകരണം പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാര്‍ത്തയിലൂടെ നിറവേറ്റപ്പെട്ടു. ത്രിത്വൈക ദൈവം അയച്ച പുത്രന്‍ തമ്പുരാന്‍ പരിശുദ്ധാത്മാവിന്‍റെ സവിശേഷമായ ഇടപെടലിലൂടെ മനുഷ്യരൂപം പ്രാപിച്ചു നമ്മുടെ ഇടയില്‍ വസിച്ചു. അങ്ങനെ പഴയ നിയമത്തിലെ ദൈവം സകല ജനതയുടെയും പ്രതീക്ഷയുടെ പൂര്‍ത്തീകരണമായ ദൈവംതന്നെയായ ഈശോ മിശിഹായുടെ പിതാവായിത്തീര്‍ന്നു.

പുതിയ നിയമത്തില്‍ രക്ഷാകര ചരിത്രത്തിന്‍റെ നാന്ദിയായി നിലകൊള്ളുന്നത് പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമതു വ്യക്തിത്വമായ പരിശുദ്ധാത്മാവാണ്. പരിശുദ്ധ ത്രിത്വത്തിലെ ഓരോ വ്യക്തിയുമായും മേരിമാതാവിനുള്ള ബന്ധം എടുത്തുകാണിക്കുവാന്‍ ദൈവശാസ്ത്രം ഏറെ ശ്രദ്ധിച്ചിട്ടുള്ളതായി കാണാം. അതിനുള്ള അടിസ്ഥാന കാരണം മേരിമാതാവിന്‍റെ ദൈവമാതൃത്വം അല്ലാതെ മറ്റൊന്നുമല്ല.

ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാസമ്പന്നരായ ക്രൈസ്തവ സന്ന്യാസികള്‍ ഈശോമിശിഹായുടെ രക്ഷാകര പ്രവര്‍ത്തനങ്ങള്‍ ധ്യാനിച്ചുകൊണ്ട് വിശുദ്ധ ഗ്രന്ഥത്തിലെ 150 സങ്കീര്‍ത്തനങ്ങള്‍ ഉരുവിടുന്ന രീതി സ്വീകരിച്ചു. പിന്നീട് ഈ 150 സങ്കീര്‍ത്തനങ്ങളോടു സാധര്‍മ്മ്യപ്പെടുത്തി 150 നന്മനിറഞ്ഞ മറിയം എന്ന ജപവും ചൊല്ലുവാന്‍ വിശുദ്ധ ഡോമിനിക്ക് ആഹ്വാനം ചെയ്തു. തുടര്‍ന്ന് പരിശുദ്ധ മറിയത്തോടുള്ള ഭക്തി പ്രകടനമായി അതു മാറി. 50 വീതമുള്ള മൂന്ന് സെറ്റ് നന്മനിറഞ്ഞ മറിയവും ഓരോ സെറ്റിലും 10 നന്മനിറഞ്ഞ മറിയവും ഓരോ കര്‍തൃ പ്രാര്‍ത്ഥനയും ചൊല്ലണമെന്ന് നിഷ്കര്‍ഷിച്ചു. ഓരോ നന്മനിറഞ്ഞ മറിയവും കഴിയുമ്പോള്‍ ഓരോ റോസാപ്പൂവീതം പരിശുദ്ധ അമ്മയുടെ പാദങ്ങളില്‍ അര്‍പ്പിച്ച് 50 ആകുമ്പോള്‍ അത് മാലയാക്കി തിരുസ്വരൂപത്തില്‍ ചാര്‍ത്തുന്ന രീതി പതിവായി. അങ്ങനെ 13-ാം നൂറ്റാണ്ടുമുതല്‍ ഈ പ്രാര്‍ത്ഥനാരീതിക്ക് 'റൊസാരിയോ' എന്നും അതില്‍നിന്ന് 'റോസരി' എന്നും പേരുണ്ടായി. Rosarium എന്ന ലത്തീന്‍ പദത്തിന്‍റെ അര്‍ത്ഥം റോസാപ്പൂക്കളുടെ കൂട്ടം അഥവാ കിരീടം എന്നാണല്ലോ?

ഫ്രാന്‍സിലെ ആല്‍ബഗേസില്‍ വളരെ ആപല്‍കരമായ ആല്‍ബി ജെല്‍സിയന്‍ പാഷണ്ഡതയ്ക്കെതിരെ സുധീരം പ്രസംഗിച്ചു നടന്നിരുന്ന ഡോമിനിക്കിന് (Domingo De Guzman) 1208-ല്‍ പ്രീയൂളെ (Provulle) എന്ന സ്ഥലത്തുവച്ച് മേരി മാതാവ് പ്രത്യക്ഷപ്പെട്ട് പാപത്തിനും ദൈവദൂഷണത്തിനും എതിരെയുള്ള ശക്തമായ ആയുധമായി ഒരു ജപമാല നല്‍കിയതു കൂടാതെ ജപമാല ചൊല്ലുന്നതുമൂലം പാഷണ്ഡതകള്‍ ഇല്ലാതാകുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡോമിനിക് രൂപംനല്‍കിയ സന്ന്യാസ സമൂഹമാണ് ഡോമിനിക്കന്‍ സന്ന്യാസ സഭ. ജപമാലയര്‍പ്പണത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്ന സന്ന്യാസ സഭയായി ഡോമിനിക്കന്‍ സഭ ഇന്നും നിലകൊള്ളുന്നു. പരിശുദ്ധ മറിയത്തിന്‍റെ കന്യാത്വത്തെക്കുറിച്ചും ദൈവമാതൃത്വത്തെ സംബന്ധിച്ചും സഭയെടുത്ത നിലപാടുകളേയും വിശ്വാസങ്ങളേയും നിഷേധിക്കുന്നതായിരുന്നു ആല്‍ബി ജെല്‍സിയന്‍ പാഷണ്ഡത. 1215-ലെ നാലാം ലാറ്ററല്‍ കൗണ്‍സില്‍ ഈ പാഷണ്ഡതയ്ക്കെതിരെ ശക്തമായ നിലപാടുകളെടുത്തതായി സഭാചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ജപമാലയര്‍പ്പണം വെറുമൊരു അധര വ്യായാമം ആകാതിരിക്കുവാന്‍ 1475-ല്‍ സിസ്റ്റേഷ്യന്‍ സന്ന്യാസിമാര്‍ മിശിഹാ സംഭവത്തിലെ 15 രഹസ്യങ്ങള്‍കൂടി ഈ പ്രാര്‍ത്ഥനയോടു ചേര്‍ത്തു. കര്‍ത്തുസ്യന്‍, ഡോമിനിക്കന്‍ സന്ന്യാസികള്‍ ഈ സമ്പ്രദായത്തിന് പ്രചാരം നല്കി ഇന്നത്തെ രീതിയിലുള്ള ജപമാല പ്രാര്‍ത്ഥനയ്ക്ക് നിയതരൂപം നല്‍കി. 1569-ല്‍ പീയൂസ് 5-ാമന്‍ മാര്‍പാപ്പ (1556-1572) ഈ പ്രാര്‍ത്ഥന സഭയില്‍ ഔദ്യോഗികമായി, ഓരോ 10 നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയ്ക്കുശേഷം ഓരോ ത്രിത്വസ്തുതി കൂട്ടിച്ചേര്‍ത്തുകൊണ്ട്, അംഗീകരിച്ചു. 1858-ല്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദിലും 1917-ല്‍ പോര്‍ച്ചുഗലിലെ ഫാത്തിമയിലും മേരിമാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ അവളുടെ കൈയ്യില്‍ ജപമാല ഉണ്ടായിരുന്നു എന്നത് ജപമാലയര്‍പ്പണത്തിന്‍റെ പ്രചാരണത്തിന് വേഗമേറുന്നതിന് കാരണമായി. ഫാത്തിമയില്‍ മാതൃദര്‍ശനം ലഭിച്ച കുട്ടികള്‍ "ഓ, എന്‍റെ ഈശോയെ എന്‍റെ പാപങ്ങള്‍ പൊറുക്കേണമേ. എല്ലാ ആത്മാക്കളേയും പ്രത്യേകം അങ്ങേ സഹായം കൂടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കേണമേ" എന്ന പ്രാര്‍ത്ഥന മാലാഖ പഠിപ്പിച്ചതാണെന്ന് പറയുകയും ഉരുവിടുകയും ചെയ്തപ്പോള്‍ അതും ജപമാല പ്രാര്‍ത്ഥനയോടു കൂട്ടിച്ചേര്‍ത്തു. ഇതാണ് ജപമാലയുടെ ഓരോ ദശകവും കഴിഞ്ഞ് ചൊല്ലുന്ന ഫാത്തിമാ സുകൃത ജപം.

കത്തോലിക്കാ സഭയുടെ 255-ാമത്തെ തലവനായിരുന്ന 9-ാം പീയൂസ് മാര്‍പാപ്പ (21.06.1846-07.02.1878) പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവം 1854 ഡിസംബര്‍ 8-ന് ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചു.

പരിശുദ്ധ മറിയത്തിന്‍റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചതിന്‍റെ നാലാം വര്‍ഷം അതായത് 1858 ഫെബ്രുവരി 11 മുതല്‍ ജൂലൈ 16 വരെ 18 പ്രാവശ്യമായി പരിശുദ്ധ കന്യകാമറിയം ഫ്രാന്‍സിലെ ചെറിയൊരു ഗ്രാമമായ ലൂര്‍ദ്ദില്‍ പതിനാലു വയസ്സുകാരിയായ ബര്‍ണദീത്ത (Bernadette Saubirous) എന്ന രോഗിയായ ഇടയ യുവതിക്ക് ദര്‍ശനം (apparition) നല്‍കി. 16-ാമത്തെ ദര്‍ശനം നടന്നത് മംഗലവാര്‍ത്ത തിരുനാള്‍ ദിനമായ മെയ് 25-നാണ്. ബര്‍ണദീത്തയുടെ ചോദ്യത്തിനുത്തരമായി "que soy era immaculada concepciou" – I am the Immaculate conception-ഞാന്‍ അമലോത്ഭവയാണ് – എന്ന് പരിശുദ്ധ മറിയം വെളിപ്പെടുത്തിയത് ഈ ദര്‍ശനത്തിലാണ്. കര്‍മ്മലമാതാവിന്‍റെ തിരുനാള്‍ ദിനമായ ജൂലൈ 16-നാണ് അവസാന ദര്‍ശനം നടന്നത്.

തുടര്‍ന്ന് നിരവധി അത്ഭുതങ്ങള്‍ ലൂര്‍ദ്ദില്‍ നടന്നു. ഈ ദര്‍ശനങ്ങള്‍ക്കുശേഷം Nevers ലുള്ള കന്യകാമഠത്തില്‍ സന്ന്യാസിനിയായി കഴിഞ്ഞുകൂടിയ ബര്‍ണദീത്ത 1879 ഏപ്രില്‍ 16-ന് തന്‍റെ 35-ാം വയസ്സില്‍ മരണമടഞ്ഞു. 1933 ഡിസംബര്‍ 8-ന് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ബര്‍ണദീത്തിന്‍റെ ഭൗതിക ശരീരം അഴുകാതെ ഇന്നും ലൂര്‍ദ്ദില്‍ സ്ഥിതിചെയ്യുന്നു. വിശുദ്ധയുടെ ജീവിതകാലം 1844 ജനുവരി 7 മുതല്‍ 1879 ഏപ്രില്‍ 16 വരെയായിരുന്നു.

ഒട്ടനവധിയായ അത്ഭുതങ്ങള്‍ ലൂര്‍ദ്ദില്‍ നടന്നിട്ടുണ്ടെങ്കിലും വൈദ്യപരിശോധനയില്‍ അംഗീകരിച്ചിട്ടുള്ളതും കത്തോലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതും 74 അത്ഭുതങ്ങളാണ്. 40 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും ഇവിടെവന്ന് പ്രാര്‍ത്ഥിച്ച് ദിവ്യാനുഭൂതികള്‍ നുകര്‍ന്നുപോകുന്നത്. പ്രതിവര്‍ഷം ഇവിടെ എത്തി പ്രാര്‍ത്ഥിക്കുന്ന രോഗികള്‍ രണ്ടുലക്ഷത്തിലധികവും. അനുരഞ്ജനത്തിന്‍റെയും പുനരൈക്യത്തിന്‍റെയും മരിയന്‍ അനുഭവത്തിന്‍റെയും കേന്ദ്രബിന്ദുവായി ലൂര്‍ദ്ദ് ഇന്നും ലോകത്തിനുമുമ്പില്‍ വേറിട്ടുനില്‍ക്കുന്നു.

ലിയോ 13-ാമന്‍ മാര്‍പാപ്പ (03.03.1878-20.07.1903) 1891 സെപ്തംബര്‍ 22-ന് പ്രസിദ്ധീകരിച്ച Octobrimense – In the month of October – എന്ന ചാക്രിക ലേഖനം ഒക്ടോബര്‍ മാസത്തെ ദൈവമാതൃഭക്തിയെക്കുറിച്ച് ആഴമേറിയ ചിന്തകളാണ് നല്‍കുന്നത്. അദ്ദേഹമാണ് ജപമാലമാസമായി ഒക്ടോബറിനെ നിശ്ചയിച്ചതും പ്രഖ്യാപിച്ചതും.

ജപമാലയുടെ മൂല്യത്തെക്കുറിച്ചും മനുഷ്യനില്‍ വേരൂന്നിയിരിക്കുന്ന മൂന്നു തിന്മകള്‍ക്ക് അത് എപ്രകാരം ഔഷധമാകുന്നു എന്നതിനെക്കുറിച്ചും സഭാമക്കളെ വിശദമായി പഠിപ്പിക്കുന്ന 'ലെത്തീസിയെ സാന്‍ക്തേ' (Laetitiae Sanctae-Holy Joy) – വിശുദ്ധമായ സന്തോഷം – എന്ന ചാക്രിക ലേഖനം 1893 സെപ്തംബര്‍ 8-ന് ലിയോ 13-ാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ചു. പരിശുദ്ധ മറിയത്തെ രക്ഷിക്കപ്പെട്ടവരുടെ ആദ്യ ഫലമായി കാണിച്ചുകൊണ്ട് നിത്യരക്ഷയിലുള്ള പ്രതീക്ഷയോടെയുള്ള ജീവിതമാണ് അര്‍ത്ഥപൂര്‍ണമായ ക്രിസ്തീയജീവിതമെന്ന അന്ത്യോന്മുഖ ദൈവശാസ്ത്രമാനം ഈ ചാക്രിക ലേഖനത്തിലൂടെ പരിശുദ്ധ പിതാവ് വ്യക്തമാക്കുന്നു. ഇതില്‍ പറഞ്ഞിരിക്കുന്ന മനുഷ്യനില്‍ രൂഢമൂലമായിരിക്കുന്ന മൂന്നു തിന്മകള്‍ (1) അദ്ധ്വാന ജീവിതത്തോടുള്ള താല്‍പര്യക്കുറവ്, (2) സഹന ജീവിതത്തോടുള്ള എതിര്‍പ്പും വിമുഖതയും (3) ഭാവി നന്മയെക്കുറിച്ചുള്ള പ്രതീക്ഷയില്ലായ്മ എന്നിവയാണ്. അനുദിന ജപമാലയര്‍പ്പണത്തിലൂടെ മേല്‍പറഞ്ഞ തിന്മകള്‍ക്കെതിരായി പരിശുദ്ധ മറിയത്തില്‍ വിളങ്ങിയിരിക്കുന്ന നന്മകളെയും പുണ്യങ്ങളെയും കുറിച്ച് ധ്യാനിക്കുവാനും അവളുടെ മഹത്വം ധ്യാനിച്ചുകൊണ്ട് പ്രതീക്ഷനിറഞ്ഞ ജീവിതം നയിക്കുവാനും കഴിയും എന്നാണ് പരിശുദ്ധ പിതാവ് ഈ ചാക്രിക ലേഖനത്തിലൂടെ പഠിപ്പിക്കുന്നത്. 1895 സെപ്തംബര്‍ 5-ന് അദ്ദേഹം പ്രസിദ്ധീകരിച്ച Adiutricem Populi – ആദിയുത്രിച്ചെം പോപ്പുളി – Helper of the People എന്ന ചാക്രിക ലേഖനം ജപമാലയര്‍പ്പണത്തിന്‍റെ മഹത്വം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വെളിപ്പെടുത്തുന്നുണ്ട്.

ലോകത്തിലെ പ്രധാന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ രണ്ടാമത് വരുന്നത് പോര്‍ച്ചുഗലിലെ ഫാത്തിമയാണ്. ഇവിടെയാണ് ലൂസി, ജസീന്ത, ഫ്രാന്‍സിസ് എന്നീ മൂന്ന് ഇടയക്കുട്ടികള്‍ക്ക് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടത്. ഇവര്‍ക്ക് ആദ്യമായി ദര്‍ശനഭാഗ്യം ലഭിച്ചത് 1917 മെയ് 13-നാണ്. തുടര്‍ന്ന് 1917 ഡിസംബര്‍ 13 വരെയുള്ള എല്ലാ 13-ാം തീയതികളിലുമായി 8 പ്രാവശ്യം പരിശുദ്ധ അമ്മയെ പ്രത്യേകം ദര്‍ശിക്കുവാനും ശബ്ദം ശ്രവിക്കുവാനും ഇവര്‍ക്കു കഴിഞ്ഞു. എല്ലാ ദിവസവും ജപമാല ചൊല്ലണമെന്നും പാപങ്ങള്‍ക്ക് പരിഹാരം അനുഷ്ഠിക്കണമെന്നും പരിശുദ്ധ കന്യകാമറിയം ആഹ്വാനം ചെയ്തത് ഈ പ്രത്യക്ഷീകരണത്തിലാണ്. ഈ പ്രത്യക്ഷപ്പെടലുകള്‍ അധികം താമസിയാതെതന്നെ സഭ അംഗീകരിച്ചു. 40 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും ഇവിടെ വന്നുപോകുന്നത്. ഇവിടത്തെ അത്ഭുത പ്രത്യക്ഷീകരണങ്ങളുടെ രജത ജൂബിലിയോടനുബന്ധിച്ച്, ഫാത്തിമാ ദര്‍ശനം ലഭിച്ച ലൂസിയുടെ ആഗ്രഹപ്രകാരം, 1942 ഒക്ടോബര്‍ 31-ന് 12-ാം പീയൂസ് മാര്‍പാപ്പ (02.03.1939 – 09.10.1958) ലോകത്തെ മുഴുവനായി പരിശുദ്ധ കന്യകാമറിയത്തിന്‍റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു. പരിശുദ്ധ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം വിശ്വാസ സത്യമായി തന്‍റെ Munificentissimus Deus – പരമ കാരുണികനായ ദൈവം – എന്ന അപ്പസ്തോലിക പ്രമാണ രേഖ വഴി 1950 നവംബര്‍ 1-ന് പ്രഖ്യാപിച്ച തും 12-ാം പീയൂസ് മാര്‍പാപ്പയാണ്. 'സ്വര്‍ഗ്ഗാരോപിതയായ രാജ്ഞി' എന്ന് ലുത്തിനിയായില്‍ കൂട്ടിച്ചേര്‍ത്തതും ഇദ്ദേഹം തന്നെയാണ്. ഫാത്തിമാ വെളിപ്പെടുത്തലിന്‍റെ 50-ാം വാര്‍ഷികത്തില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ (21.06.1963 – 06.08.1978) തന്‍റെ 1967 മെയ് 13-ലെ Signum Magnum വലിയ അടയാളം – എന്ന അപ്പസ്തോലിക പ്രബോധനംവഴി പരിശുദ്ധ മറിയത്തോടുള്ള ഭക്തി ലോകം മുഴുവന്‍ വളര്‍ത്തേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കി.

ഫാത്തിമാ ദര്‍ശനഭാഗ്യം ലഭിച്ച ജസീന്തയും ഫ്രാന്‍സിസും പനി ബാധിച്ച് മരിച്ചു. 2000 മെയ് 13-ന് ഇവരെ ഇരുവരെയും വാഴ്ത്തപ്പെട്ടവരായി സഭ പ്രഖ്യാപിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായിരുന്നു ഈ പ്രഖ്യാപനം നടത്തിയത്. വാര്‍ദ്ധക്യംവരെ സന്ന്യാസിയായി കഴിഞ്ഞുകൂടിയ ലൂസി – സിസ്റ്റര്‍ മേരി ലൂസിയ – 2005 ഫെബ്രുവരി 13-ന് നിര്യാതയായി.

ഫാത്തിമാ രഹസ്യത്തിന്‍റെ ഒന്നും രണ്ടും ഭാഗങ്ങളുടെ ഉള്ളടക്കം ആത്മാക്കളെ രക്ഷിക്കുക എന്നതും മൂന്നാം ഭാഗത്തിന്‍റെ അര്‍ത്ഥം പ്രായശ്ചിത്തം പ്രായശ്ചിത്തം പ്രായശ്ചിത്തം എന്നും ആണ്. അതായത് മാനസാന്തരപ്പെട്ട് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ (മര്‍ക്കോ 1:15). വിശ്വാസികള്‍ വിശ്വാസത്തിലും പ്രത്യാശയിലും ഉപവിയിലും വളരുക എന്നതാണ് ദര്‍ശനങ്ങളുടെ ആത്യന്തിക ലക്ഷ്യവും അര്‍ത്ഥവും എന്ന് സിസ്റ്റര്‍ മേരി ലൂസിക്ക് ബോധ്യമാവുകയും അത് അവര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ലോകം മുഴുവനോടും ഏറ്റുപറയുകയും ചെയ്തു.

മരിയഭക്തനായിരുന്ന വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 'പ്രതീക്ഷയോടെ ഒരിക്കല്‍കൂടി ജപമാല കൈയിലെടുക്കുവാനായി' 2002 ഒക്ടോബര്‍ മുതല്‍ 2003 ഒക്ടോബര്‍ വരെ ജപമാല വര്‍ഷം പ്രഖ്യാപിച്ചതും 2002 ഒക്ടോബര്‍ 16-ന് 'Rosarium Virginis Mariae'- The Rosary of the Virgin Mary – കന്യകയായ മറിയത്തിന്‍റെ ജപമാല-എന്ന അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചതും ജപമാലഭക്തി രംഗത്ത് വലിയ തരംഗം തന്നെ സൃഷ്ടിച്ചു. 'വിശുദ്ധ ഗ്രന്ഥത്തിലും സഭയുടെ ആരാധനാക്രമത്തിലും വേരൂന്നിയുള്ള ജപമാലയര്‍പ്പണം അനുദിന ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് ധ്യാനാത്മകമായി ഉരുവിടണം. എന്‍റെ ഈ അപേക്ഷ നിങ്ങള്‍ നിരസിക്കുകയില്ല' എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം വിശ്വാസികള്‍ സര്‍വ്വാത്മനാ സ്വീകരിച്ചു. തുടര്‍ന്ന് വിശുദ്ധ ഗ്രന്ഥഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ജപമാലയര്‍പ്പണം നടത്തുന്നത് വിശ്വാസത്തിന്‍റെ ആഴങ്ങളിലേക്ക് നയിക്കുമെന്ന പ്രതീക്ഷയോടെ മിശിഹായുടെ പരസ്യജീവിതത്തിലെ 5 സംഭവങ്ങള്‍ പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍ എന്ന പേരില്‍ കൂട്ടിച്ചേര്‍ത്ത് 20 രഹസ്യങ്ങളുള്ള ജപമാല പരിശുദ്ധ പിതാവ്, വാഴ്ത്തപ്പെട്ട ജോര്‍ജ് പ്രിക്കയുടെ അപേക്ഷയനുസരിച്ച്, ക്രമപ്പെടുത്തി അംഗീകരിച്ചു. ക്രിസ്തുശാസ്ത്രപരമായ അര്‍ത്ഥം ജപമാലയില്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന് പരിശുദ്ധ പിതാവ് നമ്മെ പഠിപ്പിക്കുന്നു.

ദിവ്യരക്ഷകന്‍റെ ജനനം, പരസ്യജീവിതം, മരണം, ഉത്ഥാനം എന്നീ രക്ഷാകര സംഭവങ്ങളും ദൈവമാതാവിന്‍റെ ജീവിതത്തില്‍ ഉണ്ടായ പ്രധാന സംഭവങ്ങളും വിഷയങ്ങളായി വരുന്ന ജപമാലയര്‍പ്പണത്തില്‍ ധ്യാനവിഷയമാകുന്നത് ആരാധനാക്രമത്തിലെ ക്രിസ്തുരഹസ്യംതന്നെയാണ്. ഭക്തിയോടെ ജപമാലയില്‍ ക്രിസ്തുരഹസ്യങ്ങള്‍ ധ്യാനവിഷയമാക്കുമ്പോള്‍ മേരിമാതാവിന്‍റെ കണ്ണുകളിലൂടെ മിശിഹാകര്‍ത്താവിനെ കാണുവാന്‍ കഴിയുമെന്നാണ് പോള്‍ ആറാമന്‍ മാര്‍പാപ്പ (21.06.1963-06.08.1978) തന്‍റെ മരിയഭക്തി അഥവാ Marialis Cultus (1974 ഫെബ്രുവരി 2) എന്ന പ്രബോധനത്തിലൂടെ നമ്മെ ഓര്‍മിപ്പിക്കുന്നത്.

ജപങ്ങള്‍ എണ്ണുന്നതിന് ഉപകരിക്കുന്ന മണികളുടെ മാല എന്നാണ് ജപമാലയ്ക്ക് ഉപയോഗിക്കുന്ന കൊന്തയുടെ അര്‍ത്ഥം. കൊന്ത (Conta) എന്ന പോര്‍ച്ചുഗീസ് പദത്തിന്‍റെ അര്‍ത്ഥം കണക്ക്, കണക്കുകൂട്ടല്‍ എന്നൊക്കെയാണ്. കൊന്താര്‍ എന്നാല്‍ എണ്ണുക, കൊന്താദോ എന്നാല്‍ എണ്ണപ്പെട്ടത്, കൊമ്പുത്താരെ എന്നാല്‍ പത്തില്‍ എണ്ണുക എന്നും പറയുന്നു. കൂടുതല്‍ ഏകാഗ്രതയോടെ, ഒരു മാനസിക പ്രാര്‍ത്ഥനയായി, ഉരുവിടുന്നതിന് കൊന്ത ഉപകരിക്കുന്നു.

ജപമാല സഭാചരിത്രത്തിലെ സംഭവങ്ങളിലും വിശ്വാസികളിലും എത്രയധികം സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നതിന് ചരിത്രം തന്നെ സാക്ഷിയാണ്. ഈ പ്രാധാന്യം മനസ്സിലാക്കിയാണ് സഭയുടെ 50 പാപ്പമാര്‍ 290 തിരുവെഴുത്തുകളിലൂടെ ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ചും അലൗകിക ശക്തിയെക്കുറിച്ചും എഴുതി സഭാ മക്കളെ പഠിപ്പിച്ചത്.

അഡ്രിയാന്‍ നാലാമന്‍ മാര്‍പാപ്പ (1522-1523) പറയുന്നു: "ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നത് തിന്മയ്ക്കെതിരെയുള്ള ചാട്ടവാറടിയാണ്." അഞ്ചാം പീയൂസ് മാര്‍പാപ്പ 1569 സെപ്തംബര്‍ 17-ന് പുറപ്പെടുവിച്ച Romani Pontifices എന്ന പേപ്പല്‍ ബൂളയില്‍ കേരള കത്തോലിക്കരുടെ ഇടയിലുള്ള മരിയ ഭക്തിയെ 'അനിതരസാധാരണം' എന്നാണ് പ്രശംസിച്ചിരിക്കുന്നത്. പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ (1939-58) Ingruentium Malorum ആസന്നമാകുന്ന തിന്മകള്‍ – എന്ന പ്രബോധനത്തില്‍ 'തിന്മകള്‍ പ്രതിരോധിക്കുവാനുള്ള ശക്തമായ ഉപകരണമാണ് ജപമാല' എന്നും 'കുടുംബങ്ങള്‍ ദൈവാനുഗ്രഹത്താല്‍ നിറയുവാന്‍ ജപമാലപോലെ ഉത്തമമായ വേറൊരുമാര്‍ഗ്ഗമില്ല' എന്നും 'അനുദിനം ജപമാലയര്‍പ്പണം നടത്തുന്ന കുടുംബം ഭൂമിയില്‍ വിശുദ്ധ നിലവും പരിശുദ്ധിയുടെ ആലയവും ക്രിസ്തീയ പുണ്യാഭ്യാസനത്തിന്‍റെ വേദിയും ആകും' എന്നും രേഖപ്പെടുത്തിയിട്ടുള്ളത് നമുക്ക് മറക്കാതിരിക്കാം. 'തിന്മയുടെ സാഗരത്തില്‍ നീന്തി തുടിക്കുന്ന ലോകത്തിന് പ്രത്യാശയുടെ മഴവില്ലാണ് മറിയം' എന്ന വിശുദ്ധ പത്താം പീയൂസ് പാപ്പായുടെ വാക്കുകള്‍ നമുക്ക് പ്രചോദനമാകട്ടെ.

1300 മുതല്‍ ഡോമിനിക്കന്‍ പാതിരിമാരും 1510 മുതല്‍ ഫ്രാന്‍സിസ്കന്‍ മിഷനറിമാരും 1542 മുതല്‍ ഈശോസഭാ വൈദികരും 1548 മുതല്‍ അഗസ്തീനിയന്‍ സന്ന്യാസികളും 1614 മുതല്‍ കര്‍മ്മലീത്തരും ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ച് കേരള ക്രൈസ്തവ സമൂഹത്തെ ബോധവാന്മാരാക്കി. 1859-ല്‍ വരാപ്പുഴ വികാരി അപ്പസ്തോലിക്കയായ ആര്‍ച്ച്ബിഷപ്പ് ബര്‍ണര്‍ദീന്‍ ബെച്ചിനെല്ലി പിതാവും വികാരി ജനറല്‍മാരായിരുന്ന വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനും ലിയോപ്പോള്‍ഡ് ഒ.സി.ഡി. മൂപ്പച്ചനും ധന്യനായ ജോണ്‍ വിന്‍സെന്‍റ് മൂപ്പച്ചനും ദൈവദാസി മദര്‍ ഏലീശ്വായും കത്തോലിക്കാ സഭയുടെ നാളിതു വരെയുള്ള മെത്രാന്മാരും മെത്രാപ്പോലീത്താമാരും മറ്റും നടത്തിയ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായാണ് ക്രൈസ്തവ ലോകത്തിന് മുഴുവന്‍ മാതൃകയായി കേരളത്തിലെ ജപമാലയര്‍പ്പണത്തെ മാറ്റിയെടുത്തത്.

ലോകരക്ഷകനായ യേശുനാഥന്‍റെ ജീവിതരഹസ്യങ്ങളിലൂടെയുള്ള ധ്യാനത്തിലൂടെ, അവിടുത്തെ അമ്മയായ പരിശുദ്ധ മറിയത്തിന്‍റെ മാധ്യസ്ഥതയിലൂടെ മാനവജീവിതത്തെ തിരുത്തുവാനും വിലയിരുത്തുവാനും പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും തരണംചെയ്യുവാനും ആവശ്യമായതെല്ലാം ജപമാലയെന്ന കൊന്തയില്‍ കോര്‍ത്തിണക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ കൊന്തയെന്ന ജ്ഞാനവൃക്ഷത്തിലൂടെ പടര്‍ന്നുകയറാനായാല്‍ നിത്യരക്ഷയുടെ കവാടം മാവനരാശിക്കു മുന്‍പില്‍ മലര്‍ക്കെ തുറക്കപ്പെടുമെന്നത് നിസ്സംശയം ഉറപ്പാക്കാവുന്ന വസ്തുതയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org