Latest News
|^| Home -> Cover story -> കൂലി: അത് ഓട്ടസഞ്ചിയിലാകരുത്!

കൂലി: അത് ഓട്ടസഞ്ചിയിലാകരുത്!

Sathyadeepam

സെബാസ്റ്റ്യന്‍ പാലംപറമ്പില്‍
സംസ്ഥാന പ്രസിഡന്‍റ് കേരള ലേബര്‍ മൂവ്മെന്‍റ്

കൂലി ലഭിക്കുന്നു, അത് ഓട്ടസഞ്ചിയില്‍ ഇടാന്‍ വേണ്ടി മാത്രം (ഹഗായി 1:3-4) എന്ന വചനം അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുന്നതാണ് ഇന്ന് തൊഴിലാളികളുടെ ജീവിതസാഹചര്യം. ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട നാളുകളിലൂടെ കടന്നുപോയിരുന്ന തൊഴിലാളികളുടെ പക്ഷം ചേര്‍ന്നുകൊണ്ട് പന്ത്രണ്ടാം പിയൂസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചു: “തൊഴിലാളികളെ സ്നേഹിക്കുക, അവരെ സംരക്ഷിക്കുക, അവരെ നയിക്കുക എന്നീ ദിവ്യ പ്രേഷിത തത്വങ്ങളില്‍ നിന്നും പിന്മാറുവാന്‍ തിരുസഭക്കോ മാര്‍പ്പാപ്പക്കോ ഒരുകാലത്തും സാധ്യമല്ല. തൊഴിലിന്‍റെ മാന്യത എല്ലാവരും അംഗീകരിക്കുകയും ഈ അംഗീകാരം വഴി നീതിപൂര്‍വ്വകമായ അവകാശ-കര്‍ത്തവ്യങ്ങളില്‍ അടിയുറച്ചുള്ള നിയമങ്ങളും സാമൂഹ്യവ്യവസ്ഥിതികളും രൂപവല്‍ക്കരിക്കുന്നതിനുള്ള പ്രചോദനം സ്വീകരിക്കുകയും വേണം.” 1955-ലെ മെയ്ദിനത്തില്‍ തൊഴിലാളി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പരിശുദ്ധ പിതാവ് ഇപ്രകാരം പ്രഖ്യാപിച്ചത്. വീണ്ടും ഒരു മെയ്ദിനം കൂടി.

മെയ്ദിനത്തിന്‍റെ ചരിത്ര-സാമൂഹിക പശ്ചാത്തലം
1769-ല്‍ ആവിയന്ത്രത്തിന്‍റെ കണ്ടുപിടുത്തത്തോടെ തൊഴില്‍മേഖല യന്ത്രവല്‍ക്കരിക്കപ്പെടുകയും ഉല്‍പാദനവര്‍ദ്ധനവ് ലാഭം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഉല്‍പാദനശാലകള്‍ ഫാക്ടറികളായി രൂപാന്തരം പ്രാപിച്ചപ്പോള്‍ പരിസരങ്ങള്‍ പട്ടണങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. അവകാശങ്ങളില്ലാത്ത, ചോദ്യങ്ങളില്ലാത്ത, മതിയായ വേതനമില്ലാത്ത കഠിനാധ്വാനം മാത്രമുള്ള അടിമ സാഹചര്യത്തിലേക്ക് തൊഴിലാളി എത്തപ്പെട്ടു. സാമ്പത്തിക ലിബറലിസവും മുതലാളിത്തവും വരിഞ്ഞുമുറുക്കിയ തൊഴിലാളികള്‍ എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന പരിമിതമായ ആവശ്യത്തെ മുന്‍നിര്‍ത്തി നടത്തിയ മുന്നേറ്റം 1884 മെയ് 1-ന് ചിക്കാഗോ നഗരത്തില്‍ സമരത്തിന്‍റെ തീജ്വാലകള്‍ പടര്‍ത്തി. സമരത്തെ അടിച്ചമര്‍ത്തിയ സര്‍ക്കാര്‍ കിങ്കരന്മാരുടെ വെടിയുണ്ടകളേറ്റു പിടഞ്ഞുവീണ തൊഴിലാളികള്‍ തങ്ങളുടെ ചോരവീണു ചുവന്നു കുതിര്‍ന്ന തുണികഷ്ണം ഉയര്‍ത്തി വിളിച്ചതായിരുന്നു ആദ്യത്തെ തൊഴിലാളി മുദ്രാവാക്യം. ഒരു സംഘടനയുടേയും, രാഷ്ട്രീയത്തിന്‍റേയും ആഹ്വാനമില്ലാതെ, നേതാക്കന്മാരില്ലാതെ നടന്ന മുന്നേറ്റത്തെയാണ് ഇന്ന് തൊഴിലാളി ദിനമായി ആചരിക്കുന്നത്.

ഇന്നത്തെ സാമൂഹിക സാഹചര്യം
ഉദാരവല്‍ക്കരണത്തിന്‍റേയും സ്വകാര്യവല്‍ക്കരണത്തിന്‍റെയും ചിറകിലേറി രാജ്യത്തെ സാമ്പത്തിക ശക്തിയാക്കാന്‍ ഭരണാധികാരികള്‍ മത്സരിക്കുമ്പോള്‍ മുഴുവന്‍ സമ്പത്തും ഏതാനും കോര്‍പ്പറേറ്റുകളുടെയും സമ്പന്നന്മാരുടെയും സമ്പാദ്യമായി മാറുന്നു. തൊഴിലാളിയുടെ ജീവിതസാഹചര്യം കൂടുതല്‍ കൂടുതല്‍ ക്ലേശകരമായി മാറുന്നു. അധ്വാനിച്ചുകിട്ടുന്ന വേതനം ബാങ്കുകളിലൂടെ കൈകാര്യം ചെയ്യുന്നതിനും അതുപയോഗിച്ച് അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനും ശ്രമിച്ചാല്‍ വരുമാനത്തിന്‍റെ നല്ലൊരു ഭാഗം തൊഴിലാളിക്ക് നഷ്ടമാകുന്നു. പെട്രോള്‍ വിലവര്‍ദ്ധന, ജി.എസ്ടി., നോട്ട് നിരോധനം മുതലായവയെല്ലാം തൊഴിലാളി സമൂഹത്തെ ദുരിതക്കയത്തിലാക്കി. തൊഴില്‍ അവസരങ്ങളുടെ ലഭ്യത കുറഞ്ഞു, വിലവര്‍ദ്ധനവ് ജീവിതചെലവ് വര്‍ദ്ധിപ്പിച്ചു. ആരോഗ്യസുരക്ഷ, തൊഴില്‍ സുരക്ഷ, കുടുംബസുരക്ഷയെല്ലാം സ്വപ്നങ്ങള്‍ മാത്രമായി മാറുന്നു. സമ്പത്തിക ലിബറലിസവും മുതലാളിത്തവും ചേര്‍ന്ന് സംജാതമാക്കിയ 18-ാം നൂറ്റാണ്ടിലെ സാഹചര്യത്തേക്കാള്‍ എത്രയോ ഭയാനകമാണ് നവലിബറല്‍ സാമ്പത്തിക നയങ്ങളും സ്വതന്ത്ര മുതലാളിത്തവും.

അസംഘടിത മേഖല – ദുരിതക്കടലില്‍
തൊഴില്‍ മേഖലയേയും തൊഴിലാളിയേയും സംഘടിതം, അസംഘടിതം (ഔപചാരികം, അനൗപചാരികം) എന്ന പദങ്ങള്‍ കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. സര്‍ക്കാരിന്‍റെ നിയന്ത്രണം, രജിസ്ട്രേഷന്‍, അക്കൗണ്ടിംഗ്, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയാണ് ഈ തരംതിരിക്കലിന്‍റെ പൊതുമാനദണ്ഡങ്ങള്‍. 1987-ലെ സ്ഥിതിവിവര ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സമ്മേളനം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തെ മുന്‍നിറുത്തി വളരെ കുറഞ്ഞ രീതിയില്‍ സംഘടനാ വൈഭവവും സാങ്കേതികവിദ്യയും ഒരുവിധ നിയന്ത്രണങ്ങള്‍ക്കും വിധേയമാകാതെയും പ്രവര്‍ത്തിക്കുന്ന ചെറുകിട സ്വയം തൊഴിലധിഷ്ഠിത പ്രക്രിയകളാണ് അസംഘടിത മേഖലയെന്നു നിര്‍വചിച്ചു. അനൗപചാരിക തൊഴിലുടമകള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, കൂലിത്തൊഴിലാളികള്‍, കൃഷി, മത്സ്യ ബന്ധനം, കന്നുകാലി വളര്‍ത്തല്‍ എന്നീ മേഖലയില്‍നിന്ന് ഉപജീവനം കണ്ടെത്തുന്നവരെല്ലാം അസംഘടിത തൊഴിലാളികളാണ്. സര്‍ക്കാരിന്‍റെ നിയമസുരക്ഷയോ സാമൂഹ്യ സുരക്ഷയോ തൊഴില്‍ സുരക്ഷയോ ഇവര്‍ക്ക് ലഭ്യമല്ല. രാജ്യത്തെ 90% തൊഴിലാളികളും അസംഘടിത മേഖലയില്‍ ഉള്‍പ്പെടുന്നു. ഇതില്‍തന്നെ 56% പേരും കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരാണ്. രാജ്യത്തിന്‍റെ മൊത്തവരുമാനത്തില്‍ ഏകദേശം 65%വും അസംഘടിതതൊഴിലാളികളുടെ സംഭാവനയാണ്. പ്രമുഖ ട്രേഡ് യൂണിയനുകളുടെ സേവനവും ഇവര്‍ക്ക് ലഭ്യമാകുന്നില്ലെന്നതാണ് മറ്റൊരു കാതലായ പ്രശ്നം.

തൊഴിലിനോടും തൊഴിലാളികളോടുമുള്ള സഭാനിലപാടുകള്‍
ക്രിസ്തുവിനേക്കാള്‍ വലിയൊരു തൊഴിലാളി നേതാവിനേയോ സാധാരണക്കാരനായ ഒരു തൊഴിലാളിയേയോ ലോകം കണ്ടിട്ടില്ല. തൊഴിലിന്‍റെ ക്രിസ്തീയ ദര്‍ശനങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനും പുതിയ സാഹചര്യങ്ങളെ വ്യാഖ്യാനിച്ച് നിലപാടുകള്‍ വ്യക്തമാക്കുന്നതിനുമായി 1891-ല്‍ ലയോ 13-ാം മാര്‍പ്പാപ്പ ‘റേരും നൊവാരും’ എന്ന ചാക്രിക ലേഖനം പുറപ്പെടുവിച്ചതോടെ സഭയുടെ തൊഴിലാളിപക്ഷ നിലാടുകളും ദര്‍ശനങ്ങളും ഗൗരവമായ ചര്‍ച്ചാവിഷയങ്ങളായി മാറി. തുടര്‍ന്നിങ്ങോട്ട് കാലാകാലങ്ങളിലെ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തി മാര്‍പ്പാപ്പമാര്‍ സഭാനിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കുക’ എന്ന വാക്യം ഉപനജീവനോപാധിയായി മനുഷ്യാധ്വാനത്തെ പ്രതിഷ്ഠിച്ചു. അതുകൊണ്ടാണ് പൗലോസ് ശ്ലീഹ ‘അദ്ധ്വാനിക്കാത്തവര്‍ ഭക്ഷിക്കാതിരിക്കട്ടെ’യെന്ന് പ്രബോധിപ്പിച്ചത്. ‘വേലക്കാരന്‍ കൂലിക്ക് അര്‍ഹനാണെന്നും’, ‘ധാന്യം മെതിക്കുന്ന കാളയുടെ വായ മൂടികെട്ടരുതെന്നും’ പറയുന്നതിലൂടെ മനുഷ്യനും ജീവജാലങ്ങള്‍ക്കും അധ്വാനം ജീ വന്‍ നിലനിര്‍ത്തുന്നതിനുള്ള അവസരമായിരിക്കണമെന്നും അത് തടയപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും വിശുദ്ധഗ്രന്ഥം വ്യക്തമാക്കി. കൂലി നിശ്ചയിക്കപ്പെടുന്നതിന്‍റെ മാനദണ്ഡം തൊഴില്‍ ചെയ്യുന്നവന്‍റെ ആവശ്യങ്ങളെ പരിഗണിച്ചായിരിക്കണം തൊഴിലെടുത്ത സമയപരിഗണനയിലായിരിക്കരുതെന്ന് ക്രിസ്തു മുന്തിരിത്തോട്ടത്തിലേക്ക് പല സമയത്തായി ജോലിക്കയച്ചവര്‍ക്കെല്ലാം ഒരേ കൂലി നല്‍കിയ ഉടമസ്ഥനെ അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി. അതുകൊണ്ടുതന്നെ പ്രചോദനപരവും ഉദാത്തവുമായ സമീപനമാണ് തൊഴിലിനോടും തൊഴിലാളിയോടും സഭ പുലര്‍ത്തുന്നത്. സ്വകാര്യ സ്വത്തവകാശത്തെ നിഷേധിച്ച് മനുഷ്യനെ സ്റ്റേറ്റിനുവേണ്ടിയുള്ള ഉല്പാദന ഉപകരണമായി തരംതാഴ്ത്തുന്നതിനേയും സഭ അംഗീകരിക്കുന്നില്ല. തൊഴിലിനേയും തൊഴിലാളിയേയും ഭൗതീക ഘടകമായി സമീപിക്കാനാകില്ല. തൊഴില്‍ രംഗങ്ങളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഉയര്‍ത്തിപ്പിടിക്കേണ്ടത് ആത്മീയ സമീപനമായിരിക്കണമെന്നും സഭ വ്യക്തമാക്കുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തില്‍ 2420 മുതല്‍ 2449 വരെയുള്ള ആര്‍ട്ടിക്കിളുകളില്‍ തൊഴിലിനേയും തൊഴിലാളിയേയും സാമ്പത്തിക സംവിധാനങ്ങളേയും കൂലിയേയും കുറിച്ചുള്ള സഭാ നിലപാടുകള്‍ ക്രോഡീകരിച്ചിട്ടുണ്ട്. ‘തൊഴില്‍ എന്നത് വിശുദ്ധീകരണത്തിനുള്ള ഉപാധിയും ഭൗതികവസ്തുക്കളെ ക്രിസ്തുവിന്‍റെ ആത്മാവില്‍ ചൈതന്യവല്‍ക്കരിക്കാനുള്ള മാര്‍ഗ്ഗമാണ്.’ തൊഴില്‍ മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ തൊഴിലിനുവേണ്ടിയല്ല എന്നിവയിലൂടെ തൊഴിലിന്‍റേയും തൊഴിലാളിയുടേയും മഹത്ത്വം ഉയര്‍ത്തിക്കാട്ടുന്നു.

തൊഴിലാളിക്ക് തന്‍റേയും തന്‍റെ കുടുംബത്തിന്‍റേയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും നാളേക്കുവേണ്ടി കരുതിവെക്കുന്നതിനും ഉതകുന്നവിധം ജീവനകൂലിയാണ് നല്‍കേണ്ടതെന്നും, സ്വകാര്യസ്വത്ത് അധ്വാനത്തിന്‍റെ പരിണിതഫലമാണെന്നും, കക്ഷികള്‍ തമ്മില്‍ പരസ്പരം സമ്മതിക്കുന്നു എന്നതിന്‍റെ പേരില്‍ മാത്രം തൊഴിലിന്‍റെ വേതനം ധാര്‍മ്മികമായി പരിഗണിക്കാനാകില്ലെന്നും ഉള്ള നിലപാടുകള്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. ദൈവസന്നിധിയില്‍ പ്രതികാരത്തിനായി നിലവിളിക്കുന്ന തിന്മകളുടെ ഗണത്തിലാണ് നീതിയുക്തമായ കൂലി തൊഴിലാളിക്ക് നല്‍കാതിരിക്കുന്നതിനേയും, ദരിദ്രരേയും വിധവകളേയും കുട്ടികളേയും പീഢിപ്പിക്കുന്നതിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഈ വിഷയത്തിലെ നിലപാടിനെ എത്ര ഗൗരവത്തോടെയാണ് സഭ കാണുന്നതെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ തൊഴിലാളിയും തൊഴിലിനേയും സംബന്ധിക്കുന്ന പ്രശ്നങ്ങളിലും സാമൂഹ്യസാഹചര്യങ്ങളിലും സഭ എങ്ങനെ പ്രതികരിക്കുന്നുവെന്നത് പൊതുസമൂഹം ഗൗരവപൂര്‍വ്വം നിരീക്ഷിക്കുന്നു.

സഭാ സംവിധാനങ്ങളിലെ തൊഴിലാളികളോടുള്ള സമീപനം
സഭാ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നീതിപൂര്‍വ്വമായ കൂലിയും ജീവിതസാഹചര്യങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സഭാനേതൃത്വത്തിനുണ്ട്. അതുകൊണ്ടാണ് കേരള മെത്രാന്‍ സമിതി സഭാസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കേണ്ട സേവന-വേതന വ്യവസ്ഥകളെക്കുറിച്ചും സമീപനങ്ങളെക്കുറിച്ചും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി പ്യൂപ്പിള്‍ മാനേജ്മെന്‍റ് പോളിസി (PMP) തയ്യാറാക്കി അംഗീകരിച്ച് നല്‍കിയിരിക്കുന്നതും തൊഴില്‍ കാര്യ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതും.

തൊഴില്‍കാര്യകമ്മീഷനും കേരള ലേബര്‍ മൂവ്മെന്‍റും
വിശുദ്ധ ഗ്രന്ഥദര്‍ശനങ്ങളും സഭാപഠനങ്ങളും കര്‍മ്മപഥത്തില്‍ എത്തിച്ച് തൊഴില്‍മേഖലയെ സുവിശേഷവല്‍ക്കരിച്ച് നീതിയുടേയും സമാധാനത്തിന്‍റെയും ഇടങ്ങളാക്കി മാറ്റുകയെന്നതാണ് സഭയുടെ തൊഴില്‍കാര്യകമ്മീഷന്‍ ലക്ഷ്യംവെക്കുന്നത്. ഇതിനാ യി സി.ബി.സി.ഐ. തൊഴില്‍കാര്യ കമ്മീഷനും അതിനു കീഴില്‍ വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍ എന്ന സംഘടനയും (WIF) ഇന്ത്യയൊട്ടാകെ പ്രവര്‍ത്തിക്കുന്നു. കെ.സി.ബി.സി.യുടെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍കാര്യ കമ്മീഷന്‍റെ ഭാഗമായി കേരള ലേബര്‍ മൂവ്മെന്‍റ് (KLM) പ്രവര്‍ത്തിച്ചുവരുന്നു.

സാമ്പത്തിക, തൊഴില്‍ സാഹചര്യങ്ങള്‍ തൊഴിലാളികള്‍ക്ക് മുമ്പില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ അവരെ ശക്തരാക്കുക, പുത്തന്‍ സാങ്കേതിക പരിജ്ഞാനവും ആധുനിക യന്ത്രോപകരണങ്ങളും പുത്തന്‍ പ്രവണതകളും ലഭ്യമാക്കാന്‍ അവസരമൊരുക്കുക, സര്‍ക്കാരിന്‍റേയും ഇതര ഏജന്‍സികളുടേയും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളാക്കി മുഴുവന്‍ തൊഴിലാളികളേയും മാറ്റുക, തൊഴിലാളികളുടെ നേതൃശേഷി വളര്‍ത്തി സാമൂഹിക ജീവിതത്തിന്‍റെ മുഖ്യധാരയിലേക്ക് നയിക്കുക, നീതിരഹിതമായ സാഹചര്യങ്ങളോട് പ്രതികരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കെ.എല്‍.എം. ഏറ്റെടുത്ത് നടത്തിവരുന്നു. കേരളസര്‍ക്കാരിന്‍റെ വിവിധ ക്ഷേമനിധികള്‍ ലഭ്യമാക്കുന്നതിനും, ആരോഗ്യ, ലൈഫ് ഇന്‍ഷൂറന്‍സില്‍ ഉള്‍പ്പെടുത്തുന്നതിനും, കേന്ദ്രസര്‍ക്കാരിന്‍റെ പെന്‍ഷന്‍ പദ്ധതികള്‍ സംലഭ്യമാക്കുന്നതിനും നേതൃത്വം നല്‍കിവരുന്നു. ഇതിനായി കര്‍ഷകത്തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, ചെറുകിട തോട്ടംതൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍, മോട്ടോര്‍ തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, പീടികതൊഴിലാളികള്‍ എന്നീ വിഭാഗങ്ങളെ സംഘടിപ്പിച്ച് തൊഴിലാളി ഫോറങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

തൊഴിലാളികളുടെ കടമകള്‍
അവകാശങ്ങളും ആനുകൂല്യങ്ങളും സാഹചര്യങ്ങളും ചരിത്രസംഭവങ്ങളും ചര്‍ച്ചചെയ്യുന്ന അവസരമായി മാത്രം മെയ്ദിനാഘോഷം പരിമിതപ്പെട്ടുകൂടാ. തൊഴിലാളിക്ക് തൊഴില്‍ ദാതാവിനോടും, സമൂഹത്തോടും, തന്നോടുതന്നെയുള്ള ഉത്തരവാദിത്വങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. സ്ഥാപനങ്ങളുടേയും തൊഴില്‍ ദാതാക്കളുടേയും നന്മയും വളര്‍ച്ചയുമാണ് തൊഴിലാളി ആഗ്രഹിക്കേണ്ടത്. തന്‍റെ വേതനം തന്‍റേയും കുടുംബത്തിന്‍റേയും ഉന്നമനത്തിനായി പ്രയോജനപ്പെടുത്താന്‍ ഓരോ തൊഴിലാളിയും കടപ്പെട്ടിരിക്കുന്നു. പൊതുസമൂഹത്തിന്‍റെ നന്മയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും വിധേയപ്പെട്ട് പ്രവര്‍ത്തിക്കാനും, മികവുറ്റ രീതിയില്‍ ഏല്‍പ്പിക്കപ്പെട്ട പ്രവര്‍ത്തി പൂര്‍ത്തിയാക്കാനും ഓരോ തൊഴിലാളിയും ബാധ്യസ്ഥനാണ്.

സഭ പ്രവാചകദൗത്യം നിര്‍വഹിക്കണം
അവകാശങ്ങളും അവസരങ്ങളും സംഘബലത്തിന്‍റേയും, അധികാരത്തിന്‍റേയും പിന്‍ബലത്തില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ സഭയുടെ ശബ്ദം മുഴങ്ങേണ്ടതുണ്ട്. ഭരണാധികാരികള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ദിശാബോധം നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സഭാ പ്രസ്ഥാനങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. 2019-ലും തുടര്‍ന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്ക് നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇതിനായി.

– ഉല്പാദന മേഖലക്ക് നല്‍കുന്ന സ്വാതന്ത്ര്യം തൊഴിലാളികളുടെ ക്ഷേമത്തിന് വിരുദ്ധമാകരുത്.

– തൊഴിലിനേയും, തൊഴിലാളിയേയും ഉപഭോഗവസ്തുവായി കാണുന്ന നവലിബറല്‍ സാമ്പത്തിക വ്യവസ്ഥിതിക്ക് ബദലുകള്‍ എന്ത്?

– തൊഴിലാളികളുടേയും അടിസ്ഥാന വര്‍ഗ്ഗത്തിന്‍റേയും ജീവിതത്തെ സ്വാധീനിക്കുന്ന കമ്പോളവ്യവസ്ഥിതിയെ എപ്രകാരമാണ് നിയന്ത്രിക്കാനാകുക.

– തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയെ മുന്‍നിര്‍ത്തി എന്തെല്ലാം പദ്ധതികള്‍ മുന്നോട്ടുവെക്കുന്നു?

– വ്യക്തിസ്വാതന്ത്ര്യത്തേയും, തൊഴില്‍ സ്വാതന്ത്ര്യത്തേയും നിഷേധിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ നടത്തില്ലെന്നും, അത്തരം സാഹചര്യത്തെ ഏതുരീതിയില്‍ പ്രതിരോധിക്കുമെന്നും വ്യക്തമാക്കുക.

– ദേശീയ വരുമാനത്തിന്‍റെ നിശ്ചിത ശതമാനം അസംഘടിത മേഖലയ്ക്കായി നീക്കിവെക്കുക തുടങ്ങി കാലികപ്രാധാന്യമുള്ള നിര്‍ദ്ദേശങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെകൊണ്ട് ഏറ്റെടുപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

അപ്പോഴാണ്څ’ലേബര്‍ ഗില്‍ ഡുകളി’ലൂടെയും, ‘ജോബിസത്തിലൂടെയും’ നടത്തിയ തൊഴിലാളി സംഘാടനത്തിന്‍റെ പഴയസഭാമാതൃകകള്‍ പുതുസമൂഹത്തിന് പാഠമായി മാറുകയുള്ളൂ. ഈ പ്രവാചകദൗത്യം ഏറ്റെടുത്താണ് 1955- ലെ മെയ്ദിനത്തില്‍ പന്ത്രണ്ടാം പിയൂസ് മാര്‍പ്പാപ്പ വിശുദ്ധ യൗസേപ്പിനെ തൊഴിലാളി മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചത്.

‘പാവപ്പെട്ടവരുടേയും, വേദനിക്കുന്നവരുടേയും, മുറിവേറ്റവരുടേയും ഇടയിലാണ് സഭ’ എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത് ഈ ദൗത്യബോധത്തില്‍ നിന്നാണ്. അതിനാല്‍ സഭാസ്ഥാപനങ്ങളിലെയും സംവിധാനങ്ങളിലെ ജീവനക്കാര്‍ക്കും, ശുശ്രൂഷകര്‍ക്കും തങ്ങളുടെ തൊഴില്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ അമാന്തിച്ചുകൂടാ. ആരാലും നിയന്ത്രിക്കപ്പെടാനില്ലെന്ന ചിന്ത സ്ഥാപനാധികാരികള്‍ക്കും മാനേജ്മെന്‍റിനും ഉണ്ടാകരുത്. ഇത് സഭാ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തും.

കൂലി കിട്ടുന്നത് ഓട്ടസഞ്ചിയിലാകുന്ന സാമൂഹിക സാഹചര്യം തൊഴിലാളി അനുഭവിക്കാന്‍ ഇടയാകരുത്. ഓരോ മെയ്ദിനവും ഇത്തരം ചിന്തകള്‍ ഉണര്‍ത്തിയിരുന്നെങ്കില്‍!

(മാനന്തവാടി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയും പി.ആര്‍.ഒ.യുമാണ് ലേഖകന്‍)

Comments

One thought on “കൂലി: അത് ഓട്ടസഞ്ചിയിലാകരുത്!”

  1. Jacob says:

    മറ്റുള്ള സ്ഥാപനങ്ങളിൽ നടക്കുന്നതിൽ കൂടുതൽ ചൂഷണം നമ്മുടെ സ്ഥാപനങ്ങളിൽ നടക്കുന്നു. കാരണം 90 ശതമാനം ജീവനക്കാരും അച്ചൻമാരുടെ ബന്ധുക്കളും അവർ റെക്കമന്റ് ചെയ്യുന്നവരും ആയിരിക്കും. അതുകൊണ്ടുതന്നെ പലതും സഹിച്ചു കൊണ്ടുതന്നെ ജോലിചെയ്യുന്നവരവാണ് അധികവും. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരവും സഭാനേതൃത്വത്തിൽ നിന്നുണ്ടാകുന്നുണ്ട്. ഉദാഹരണം നേഴ്സ്മാരുടെ ശമ്പള പരിഷ്കരണം.

Leave a Comment

*
*