ക്രിസ്തുവിന്‍റെ പുഞ്ചിരി

ക്രിസ്തുവിന്‍റെ പുഞ്ചിരി

സി. മരീന മാത്യു എഫ്.സി.സി.
പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, തലശ്ശേരി

സമര്‍പ്പിതര്‍ ക്രിസ്തുവിന്‍റെ പുഞ്ചിരിയാണെന്നു പറയാനാണു ഞാനിഷ്ടപ്പെടുക. ആയിരിക്കുന്ന ഇടങ്ങളിലെല്ലാം അവന്‍റെ പുഞ്ചിരി പ്രകാശിപ്പിക്കുന്നു… കാണുന്ന സഹോദരങ്ങളിലേക്കെല്ലാം പുഞ്ചിരി പടര്‍ത്തുന്നു… അവന്‍റെ സ്നേഹസാന്നിദ്ധ്യം. അതുകൊണ്ടാണല്ലോ ഫ്രാന്‍സിസ് പാപ്പ സമര്‍പ്പിതരോടു പുഞ്ചിരിക്കാന്‍ ആവശ്യപ്പെടുന്നത്. ഈശോസഭയിലെ സന്ന്യാസവൈദികനായിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ നിറഞ്ഞ പുഞ്ചിരി വ്രതബദ്ധജീവിതം തരുന്ന ആനന്ദത്തിന്‍റെ നേര്‍സാക്ഷ്യമാണ്. സമര്‍പ്പണത്തിന്‍റെ… വിട്ടുകൊടുക്കലിന്‍റെ…. സ്വയം ഇല്ലാതാകുന്നതിന്‍റെ…. ആനന്ദം.

സ്വപ്നങ്ങള്‍ ചിറകു വിടര്‍ത്തുന്ന കൗമാരപ്രായത്തിലാണു ക്രിസ്തുവിനെ ഞാന്‍ ഗൗരവത്തിലെടുത്തു തുടങ്ങിയത്. കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന അഞ്ചു വര്‍ഷക്കാലവും ഉറ്റ ചങ്ങാതിയായി അവന്‍ കൂടെയുണ്ടായിരുന്നു. എങ്കിലും ജീവിതം മുഴുവന്‍ അവനു കൊടുക്കുന്നതിനെപ്പറ്റി ഞാന്‍ ഗൗരവത്തില്‍ ചിന്തിച്ചിരുന്നില്ല. ഡിഗ്രി പഠനശേഷം ജീസസ് യൂത്ത് ഫുള്‍ ടൈമറായി ഒരു വര്‍ഷം ശുശ്രൂഷ ചെയ്ത കാലഘട്ടം. ആ കാലഘട്ടത്തില്‍ ക്രിസ്തു എന്നോടു സംസാരിച്ചു. ആലുവ ബസ് സ്റ്റാന്‍റില്‍ അര്‍ദ്ധനഗ്നനായി, മൃതപ്രായനായി ശരീരം മുഴുവന്‍ ഈച്ചയാര്‍ത്തു കിടന്ന ഒരു യാചകനിലൂടെ. രക്ഷിക്കാന്‍ നടത്തിയ പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടു തകര്‍ന്ന ഹൃദയത്തോടെ നിന്ന ഞങ്ങളുടെ മുമ്പില്‍ ആ മനുഷ്യന്‍ പിടഞ്ഞു മരിക്കുമ്പോള്‍ ഒരു നിലവിളി ഉള്ളിലുയര്‍ന്നു; ദൈവമേ, ഇതുതന്നെയല്ലേ ക്രിസ്തു? അവനെ ആശ്വസിപ്പിക്കണം… അവനെ ശുശ്രൂഷിക്കണം… അവന്‍റെ മുഖത്തിന്‍റെ ശോഭ വീണ്ടെടുക്കണം എന്ന് ഉള്ളിലാരോ നിലവിളിച്ചുകൊണ്ടിരുന്നു. അതിനുവേണ്ടി ഞാന്‍ സ്വപ്നങ്ങള്‍ മെനഞ്ഞു തുടങ്ങി. നന്നായി പഠിച്ചു നല്ല ജോലി നേടുക. എന്‍റെ വരുമാനവും സമയവും ചുവന്ന തെരുവില്‍, ചേരിയില്‍, പുറമ്പോക്കുകളില്‍ വേദനിക്കുന്നവരെ ആശ്വസിപ്പിക്കാനായി മാറ്റിവയ്ക്കുക. ഇതൊക്കെയായിരുന്നു ചിന്തകള്‍. ക്രിസ്തുവിനുവേണ്ടി ഏകസ്ഥജീവിതം നയിക്കാനുള്ള തീരുമാനം എന്നെ ആവേശഭരിതയാക്കി. ഉപരിപഠനത്തിനായുളള മുംബൈ യാത്ര അതിന്‍റെ ആദ്യപടിയായിരുന്നു.

ഉള്ളിലുയര്‍ന്ന എന്‍റെ സ്വപ്നങ്ങള്‍ക്കു മീതെ ക്രിസ്തുവിന്‍റെ ശബ്ദം വ്യക്തമായി മുഴങ്ങി തുടങ്ങി. "സന്യാസമര്‍പ്പണത്തിലൂടെ എന്നെ അനുഗമിക്കുക." ആ സ്വരം എന്നെ ഭയപ്പെടുത്തി, അലോസരപ്പെടുത്തി. കാരണം സന്യാസജീവിതം എന്നെ ആകര്‍ഷിച്ചിരുന്നില്ല. സന്യാസജീവിതം പുറത്തുള്ള ആര്‍ക്കും ആവേശവും നിറപ്പകിട്ടും തോന്നാത്തതുപോലെ എനിക്കും അതിനെ എതിര്‍ക്കാന്‍ നൂറുനൂറു കാരണങ്ങളുണ്ടായിരുന്നു.

ദൈവവുമായി വാദപ്രതിവാദത്തിന്‍റെ ദിനങ്ങള്‍. എന്‍റെ മനസ്സു തേടുന്ന ആനന്ദം… ആര്‍ക്കും തടുക്കാനാവാത്ത ഹൃദയസ്വാതന്ത്ര്യം… അന്യതയിലേക്ക് ഒഴുകേണ്ട ആര്‍ദ്രസ്നേഹം… എല്ലാം അതിന്‍റെ പൂര്‍ണതയില്‍ തരാന്‍ സന്യാസത്തിനു മാത്രമേ കഴിയൂ എന്നു പതുക്കെ എന്‍റെ മനസ്സ് ദാഹിച്ചു. അങ്ങനെ വീട്ടുകാരും ബന്ധുജനങ്ങളും ജീവനു തുല്യം സ്നേഹിച്ച സുഹൃത്തുക്കളും പിന്തിരിയാന്‍ കണ്ണീരോടെ അപേക്ഷിച്ചിട്ടും ഉറച്ച തീരുമാനത്തോടെ സന്യാസഭവനത്തിന്‍റെ വിശുദ്ധിയിലേക്കു പ്രവേശിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

വീണ്ടും അവ്യക്തതകളുണ്ടായിരുന്നു. കാഴ്ചപ്പാടുകളില്‍ നല്ലതെന്നു, ദൈവികമെന്ന് എനിക്കു തോന്നുന്ന കാര്യങ്ങള്‍ എന്‍റെ അധികാരികള്‍ അനുവദിച്ചില്ലെങ്കില്‍ എന്തു ചെയ്യും? പാപമൊഴിച്ച് എല്ലാക്കാര്യങ്ങളിലും സ്വന്തം ഇഷ്ടത്തെ അടിയറവച്ച് അനുസരിക്കുക എന്നതിന്‍റെ ആത്മീയത അന്നു ബോധത്തില്‍ കയറിയിരുന്നില്ല. അതുകൊണ്ടാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അനാഥശുശ്രൂഷ ചെയ്യുന്ന മിഷനറീസ് ഓഫ് ചാരിറ്റിയില്‍ ചേരാന്‍ തീരുമാനിച്ചത്. അവിടെയും എന്‍റെ ഇഷ്ടം നിറവേറ്റാനായിരുന്നു ശ്രമം. വീട്ടുകാര്‍ അനുവദിക്കാത്തത് അവിടെയും പ്രതിബന്ധമായി. വീണ്ടും വ്യക്തതയ്ക്കായി പ്രാര്‍ത്ഥനയുടെ ദിനങ്ങള്‍. തമ്പുരാന്‍ ഒരു ചോദ്യം ചോദിച്ചു. നീ എന്തിനാണ് ഒരു സമര്‍പ്പിതയാകുന്നത്? ഉത്തരം പെട്ടെന്നു വന്നു, ഈശോയെ സ്നേഹിക്കാന്‍. അവന്‍റെ പാവപ്പെട്ട മക്കളെ ശുശ്രൂഷിക്കാന്‍. വീണ്ടും ഒരു ചോദ്യം. സമര്‍പ്പിതയായതിനുശേഷം നീ ഒന്നും ചെയ്യാനാവാതെ രോഗക്കിടക്കയിലായാലോ? ആ ചോദ്യത്തിനു മുമ്പില്‍ ഞാന്‍ പകച്ചു നിന്നു. ഞാന്‍ പറഞ്ഞു: പിന്നെ എന്‍റെ സന്യാസസമര്‍പ്പണത്തിന് എന്തര്‍ത്ഥം? ഒന്നും ചെയ്യാനാവാതെ ഞാന്‍ നിരാശയാകും. എനിക്കൊരിക്കലും സന്തോഷം ഉണ്ടാവില്ല. കര്‍ത്താവ് വീണ്ടും പറഞ്ഞു: നിന്‍റെ ഇഷ്ടംപോലെ എനിക്കു ശുശ്രൂഷ ചെയ്യാനല്ല സമര്‍പ്പിതജീവിതം. ഒന്നേ നിനക്കു ചെയ്യാനുള്ളൂ. നീ എവിടെ ആയിരുന്നാലും എന്നെ സ്നേഹിക്കുക. അധികാരികളിലൂടെ നിന്നെ ഞാന്‍ ഏല്പിക്കുന്ന ശുശ്രൂഷകള്‍ ചെയ്യുക; അത്രമാത്രം. മനസ്സിനപ്പോള്‍ ഒരു തൂവലിന്‍റെ പോലും ഭാരം ഇല്ലാതായി. വല്ലാത്തൊരു ഹൃദയനാനന്ദം, ശാന്തത. മഞ്ഞുകണം പോലെ ജീവിതത്തില്‍ പെയ്തിറങ്ങി. പൂര്‍ണ വിധേയത്വത്തോടെ അവന്‍ ചൂണ്ടിക്കാണിച്ചു തന്ന എഫ്സിസി സന്യാസസമൂഹത്തിന്‍റെ കൂട്ടായ്മയിലേക്കു ഞാനും ഉള്‍ച്ചേര്‍ന്നു.

സമര്‍പ്പണത്തിന്‍റെ 20 ആണ്ടുകള്‍ പിന്നിടുമ്പോള്‍ പിന്നീടൊരിക്കലും ഈ ആനന്ദം ചോര്‍ന്നു പോയിട്ടില്ല എന്നു ഞാന്‍ തിരിച്ചറിയുന്നു. കോണ്‍വെന്‍റിലാണെങ്കിലും ഇടവകയിലാണെങ്കിലും സ്കൂളിലാണെങ്കിലും കൃഷിസ്ഥലത്താണെങ്കിലും അവനെ സ്നേഹിച്ചുകൊണ്ടിരിക്കുക. അവന്‍ പറയുന്ന ശുശ്രൂഷകള്‍ ചെയ്തുകൊണ്ടിരിക്കുക എന്ന ലളിതമായ ജീവിതം. ഇവിടെ ഒരിക്കലും അനുസരണം ഭാരപ്പെടുത്തിയിട്ടില്ല. ബ്രഹ്മചര്യം സ്വാതന്ത്ര്യം കെടുത്തിയിട്ടില്ല, ദാരിദ്ര്യം ഞെരുക്കിയിട്ടില്ല. മറിച്ച് അവയെല്ലാം അനന്തവിശാലതയിലേക്കു കുതിച്ചുയരാന്‍ ആത്മീയ സ്വാതന്ത്ര്യത്തിലേക്കു പറന്നുയരാന്‍ ചിറകുകള്‍ക്കു കരുത്തായി മാറി. സന്യാസനിയമങ്ങള്‍ എന്‍റെ ആത്മാവിനു സംരക്ഷണ കവചമായി മാറി.

അനാഥരായ ആകാശപ്പറവകളുടെ ഭവനത്തില്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ നൂറു കണക്കിന് മക്കളുടെ അമ്മയായി. എയ്ഡ്സ് രോഗികളുടെ ദൈന്യതയില്‍ നിന്ദിതനായ യേശുവിന്‍റെ മുഖം ഞാന്‍ കണ്ടു. എന്‍ഡോസള്‍ഫാന്‍ വിഷത്തിന്‍റെ ഇരകളായി തീര്‍ന്ന മക്കള്‍ക്കിടയില്‍ ഉണ്ണിയേശുവിന്‍റെ സാന്നിദ്ധ്യം ഞാന്‍ അറിഞ്ഞു. അവിടെയുള്ള മുസ്ലീംകുഞ്ഞുങ്ങള്‍ എന്നെ 'ഉമ്മാ' എന്നു വിളിക്കുമ്പോള്‍ എന്‍റെ ആത്മീയമാതൃത്വം സന്തോഷിച്ചു. അവരെ ആനന്ദിപ്പിക്കുക എന്‍റെ ആനന്ദമായി മാറി. അവരിലൂടെ ക്രിസ്തു എന്നെ നോക്കി പുഞ്ചിരി തൂകി.

ഇതിനിടയിലും എന്‍റെയുള്ളിലെ സാധാരണ മനുഷ്യന്‍ പലപ്പോഴും ദൈവത്തോടു കലഹിച്ചിട്ടുണ്ട്. എന്‍റെ സ്വപ്നങ്ങള്‍ നടക്കാതെ വരുമ്പോള്‍, ദൈവഹിതം എന്‍റെ ഹിതത്തിന് എതിരാണെന്നറിയുമ്പോള്‍ പലപ്പോഴും അവനോടു ഞാന്‍ കലഹിച്ചു. അപ്പോഴെല്ലാം അവന്‍ എന്‍റെ മുമ്പില്‍നിന്നു. കരങ്ങള്‍ ബന്ധിക്കപ്പെട്ടവനായി… ശിരസ്സില്‍ മുള്‍മുടി ധരിച്ച്… മുറിവേറ്റ മുഖത്തുനിന്നു ചോരയും നിന്ദനത്തിന്‍റെ തുപ്പലും ഒലിപ്പിച്ചു ശിരസ്സ് താഴ്ത്തി നിശ്ശബ്ദനായി നിന്നു. വ്രതബദ്ധജീവിതത്തിലൂടെ ഞാനേറ്റടുക്കുന്ന ത്യാഗനിര്‍ഭരമായ ജീവിതം അര്‍ത്ഥമില്ലാത്തതല്ലെന്നും അത് അനേകരുടെ രക്ഷയുടെ മാര്‍ഗമാണെന്നും അവനെന്നെ നിരന്തരം ഓര്‍മിപ്പിച്ചു. കലഹങ്ങളും പിണക്കങ്ങളുമെല്ലാം അവന്‍റെ നിണമണിഞ്ഞ മുഖത്തിന്‍റെ ശാന്തതയില്‍ ഒഴുകിപ്പോയി.

അസ്സീസിയിലെ വി. ഫ്രാന്‍സിസിന്‍റെ ചൈതന്യം ഉള്‍ക്കൊള്ളുന്ന ഫ്രാന്‍സിസ്കന്‍ ക്ലാര സന്യാസസമൂഹത്തിലെ ഒരംഗമായി എന്നതു ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നായി കാണുന്നു. ത്യജിക്കുന്നതിന്‍റെ ആനന്ദം എന്താണന്നറിഞ്ഞ വിശുദ്ധന്‍. സ്വന്തമായി ഒന്നുമില്ലാതിരുന്നിട്ടും സന്തോഷവും പൊട്ടിച്ചിരികളുംകൊണ്ടു സന്യാസഭവനത്തിന്‍റെ അകത്തളങ്ങളെ ഉണര്‍ത്തുകയും ആ ആനന്ദം തങ്ങളായിരിക്കുന്ന ശുശ്രൂഷ മേഖലകളിലെല്ലാം പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിനു വരുന്ന സമര്‍പ്പിതര്‍ ഈ ആത്മീയ ആനന്ദത്തിന്‍റെ നേര്‍ക്കാഴ്ചയാണ്. ക്രിസ്തുവിന്‍റെ കരുണാര്‍ദ്ര സ്നേഹത്തിന്‍റെ മുഖമാണു സമര്‍പ്പിതര്‍. ഈ പരിശുദ്ധമായ ജീവിതത്തിന്‍റെ ശോഭയ്ക്ക് ഒരിക്കലും മങ്ങലേല്പിക്കരുതെന്നു ഞങ്ങളെ നിരന്തരം ഓര്‍മിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കു നന്ദി… ഇന്നുവരെ ദൈവഹിതം മനസ്സിലാക്കാന്‍ എന്നെ സഹായിച്ച സന്യാസനിയമങ്ങള്‍ക്ക്… അധികാരികള്‍ക്ക് നന്ദി… ഞങ്ങളെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരേ, നിങ്ങളാരും ആശങ്കപ്പെടേണ്ട. അഗ്നിയില്‍ ശുദ്ധി ചെയ്ത സ്വര്‍ണംപോലെ…. പീഠത്തിലുയര്‍ത്തിയ ദീപം പോലെ സന്യാസസമര്‍പ്പണം തെളിഞ്ഞു പ്രകാശിക്കുകതന്നെ ചെയ്യും… തീര്‍ച്ച.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org