കുടുംബകൂട്ടായ്മ: മാര്‍ അ​ഗസ്റ്റിന്‍ കണ്ടത്തിലിന്റെ 1941-ലെ നിര്‍​ദ്ദേശം

കുടുംബകൂട്ടായ്മ: മാര്‍ അ​ഗസ്റ്റിന്‍ കണ്ടത്തിലിന്റെ 1941-ലെ നിര്‍​ദ്ദേശം

ഫാ. ജോസ്പോള്‍ നെല്ലിശ്ശേരി

എറണാകുളം മെത്രാപ്പോലീത്തയായിരുന്ന മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ കുടുംബങ്ങളിലും ഇടവകകളിലും ക്രൈസ്തവചൈതന്യം വളരണമെന്നു പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നയാളാണ്. അതിനു രണ്ടു കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രദ്ധിച്ചു. ഒന്നു കുടുംബിനികളുടെ കൂട്ടായ്മയാണ്. അതനുസരിച്ചു അന്നു കത്തീഡ്രല്‍ പള്ളി വികാരിയായിരുന്ന ഫാ. ജോ സഫ് മാവുങ്കല്‍ മാതൃസംഘത്തിന് ആരംഭം കുറിച്ചു. എറണാകുളം സെന്‍റ് മേരീസ് കത്തിഡ്രല്‍ ബസിലിക്ക ഇടവകയില്‍ വളരെ സജീവമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. എടക്കുന്നില്‍ മാതൃഭവനമുള്ള നസ്രത്ത് സന്ന്യാസിനീസമൂഹം അഭിവന്ദ്യ പിതാവ്, ഫാ. ജോണ്‍ പിണക്കാട്ട്, മോണ്‍. മാത്യു മങ്കുഴിക്കരി എന്നിവരുടെ സഹകരണത്തോടെ സ്ഥാപിച്ചു. രണ്ട്, കുടുംബകൂട്ടായ്മകളാണ്. അതുമായി ബന്ധപ്പെട്ടു പിതാവു 1941 ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ താഴെ ചേര്‍ക്കുകയാണ്.

ആത്മ പരിപാലകന്മാര്‍ക്ക് ഒരു പ്രത്യേകം നിര്‍ദ്ദേശം
ഓരോ ഇടവകയിലെ അനേകകാര്യങ്ങള്‍ ചെയ്യുവാനുണ്ടല്ലോ. ചില ഉദാഹണങ്ങള്‍ 'എ.അ.നി സംഗ്രഹ'ത്തില്‍ 82 മുതല്‍ 85 വരെ പക്ഷങ്ങളില്‍ കാണിച്ചിട്ടുണ്ട്. അവ ശരിയായ സംഘടന (organisation) കൂടാതെ നടത്താന്‍ പ്രയാസമാണ്. എന്നാല്‍ ഇതിനു ഓരോ സംഖ്യത സ്ഥാപിക്കണമെന്നില്ല. സഖ്യതാംഗങ്ങള്‍ ഈ ജോലി ഏറ്റെടുത്തു നടത്തുന്നുവെങ്കില്‍ കുറേക്കൂടി നല്ലതായിരിക്കുമെന്നേയുള്ളൂ.

വീടുകളെ ഗണമായി തിരിക്കണം
ഇടവകയിലെ വീടുകളെ പത്തോ ഇരുപതോ മുപ്പതോ മറ്റോ വീതം വീടുകളുടെ അടുപ്പവും സൗകര്യവും അനുസരിച്ചു തിരിക്കുക. ഇങ്ങനെ വീടുകളെ ഗണമായി തിരിച്ച് ഓരോ ഗണത്തിന് ഒന്നാം സെറ്റ് (set) രണ്ടാം സെറ്റ് എന്നിങ്ങനെ തുടര്‍ച്ചയായി എണ്ണമിടണം.

പ്രവര്‍ത്തകകമ്മിറ്റി
ഓരോ സെറ്റിലുമുള്ള വീടുകളില്‍ നിന്നു ഭക്തന്മാരും സ്ഥിരോത്സാഹികളും കത്തോലിക്കാ കാര്യങ്ങളില്‍ താത്പര്യമള്ളവരുമായ അഞ്ചോ എട്ടോ പേരെ പ്രവര്‍ത്തകന്മാരായി തിരഞ്ഞെടുക്കണം. ഈ പ്രവര്‍ത്തകന്മാരുടെ സംഘത്തിനു കമ്മിറ്റിയെന്നു പേരു പറയാം. ഇവര്‍ക്ക് നിശ്ചിത പ്രായമുണ്ടായിരിക്കണമെന്നു നിര്‍ബന്ധമില്ല. ഇവരാണ് അതാതു സെറ്റില്‍പ്പെട്ട വീടുകളുടെ പൊതുനന്മയ്ക്കുവേണ്ടിയും പ്രത്യേക ആത്മീയ ഉന്നതിക്കായും വേണ്ടതു പ്രവര്‍ത്തിക്കേണ്ടവര്‍. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും രണ്ടോ മൂന്നോ വീടുകള്‍ വീതം തിരിച്ചുകൊടുക്കണം. ഈ വീടുകളുടെ കാര്യത്തില്‍ മറ്റു പ്രവര്‍ത്തകന്മാര്‍ക്കുള്ളതില്‍ കൂടുതല്‍ ഒരന്വേഷണം ഇവര്‍ക്കുണ്ടായിരിക്കണം.

പ്രവര്‍ത്തക കമ്മിറ്റിയുടെ നേതാവ്
ഓരോ പ്രവര്‍ത്തക കമ്മിറ്റിക്കും ഓരോ നേതാവും അയാളെ സഹായിക്കുന്നതിന് ഒരു സഹായിയും ഉണ്ടായിരിക്കണം ഇവരെ അതതു സെറ്റിലെ പ്രവര്‍ത്തകകമ്മിറ്റി അംഗങ്ങളുടെ അഭിപ്രായമറിഞ്ഞും വീടുകളുടെ അറിവോടും ബ. വികാരിയാണു നിയമിക്കേണ്ടത്. ഈ നേതാവിനെ അതേ സെറ്റില്‍പ്പെട്ട വീടുകളില്‍ നിന്നുതന്നെ എടുക്കണമെന്നില്ല. മറ്റൊരു സെറ്റില്‍ നിന്നും ഈ സെറ്റിലേക്കു വയ്ക്കുകകയോ അല്ലെങ്കില്‍ ആ വീടുതന്നെ ഈ സെറ്റിലേക്കു ചേര്‍ക്കുകയോ ചെയ്താല്‍ മതിയാകും. അങ്ങനെയുള്ള സ്ഥാനത്തിനുവേണ്ടതായ ഗുണങ്ങള്‍ – യഥാര്‍ത്ഥ ഭക്തി, കത്തോലിക്കാ പ്രവര്‍ത്തനചൈതന്യം, വിവേകം, ജനസമ്മതി, സ്ഥിരോത്സാഹം മുതലായവ – ഉള്ള ഒരാളായിരിക്കണം നേതാവ്. ഈയാള്‍ പ്രവര്‍ത്തകന്മാരെ പലപ്പോഴും കണ്ടും അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിച്ചും നിര്‍ദ്ദേശങ്ങള്‍ കൊടുത്തും പ്രോത്സാഹിപ്പിക്കുന്നതോടുകൂടി ബ. വികാരിയുമായി അടുത്തടുത്തു കണ്ടു നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും വേണം.

ബ. വികാരിയുടെ മേല്‍നോട്ടം
ഏതൊരു കാര്യവും ബ. വികാരിയുടെ അറിവും അനുമതിയും കൂടാതെ തുടങ്ങരുത്. എവിടെയെങ്കിലും ഒരു വിഷയത്തില്‍ പ്രതിബന്ധം കാണുന്നുവെങ്കില്‍, വിവരം ബ. വികാരിയെകൂടി അറിയിക്കുകയും അദ്ദേഹത്തോടുകൂടി ആലോചിച്ച് ആ പ്രതിബന്ധം മാറ്റാന്‍ വേണ്ടതു ചെയ്യുകയും ചെയ്യേണ്ടതാണ്.

പ്രവര്‍ത്തനങ്ങള്‍ അനേകമാകരുത്
ആരംഭത്തില്‍ അത്യാവശ്യമായി കാണുന്ന ചില കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിച്ചാല്‍ മതിയാകും. എന്നാല്‍ ആ പ്രവര്‍ത്തനകമ്മിറ്റിക്കു ശരിയായും ക്രമമായും കാര്യങ്ങള്‍ നടത്താറാകുമ്പോള്‍ രണ്ടോ മൂന്നോ വിഷയങ്ങളില്‍ അധികമായി പ്രര്‍ത്തിക്കാതിരിക്കുകയായിരിക്കും നല്ലത്. ഉദാഹരണമായി "എ.അ.നി. സംഗ്രഹ"ത്തില്‍ 82 മുതല്‍ 85 വരെ പുറങ്ങളില്‍ പത്തമ്പതു വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവയെല്ലാംതന്നെ, ഉദാഹരണമായി, ഒന്നാം സെറ്റു വീടുകളില്‍ ചെയ്യണമെന്നു വിചാരിക്കുക. അപ്പോള്‍ ചെയ്യേണ്ടത് ഓരോ സെറ്റില്‍ തന്നെ പ്രവര്‍ത്തകകമ്മിറ്റിയെ വര്‍ദ്ധിപ്പിക്കുകയാകുന്നു. ഓരോ കമ്മിറ്റിക്കും എ, ബി, സി എന്ന നമ്പറിടാം. ഞായറാഴ്ച കുര്‍ബാന കാണാത്തവരെയും വേലപ്രവൃത്തികള്‍ എടുക്കുക, കച്ചവടം ചെയ്യുക ഇങ്ങനെയുള്ളവരെയും ആണ്ടുകുമ്പസാരം മുടക്കമുള്ളവരെയും അതില്‍ നിന്നു വിരമിപ്പിക്കുന്നതിന് എ നമ്പര്‍ കമ്മിറ്റി ഉത്സാഹിക്കുമ്പോള്‍ കത്തോലിക്കാകുട്ടികള്‍ ക. സ്കൂളില്‍ തന്നെ പഠിക്കുന്നതിനും അതിനു വേണ്ട സഹായം ചെയ്യുന്നതിനും കത്തോലിക്കാ സ്കൂളുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മാതാപിതാക്കന്മാര്‍ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ തിരുസഭയുടെ നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിക്കുന്നതിനും ബി നമ്പര്‍ കമ്മിറ്റി ഉത്സാഹിക്കണം. അതേസമയത്ത്, പ്രതിഷ്ഠ നടത്തിയിട്ടില്ലാത്ത വീടുകളില്‍ അതു നടത്തുന്നതിനും ഒന്നാം വെള്ളിയാഴ്ച ഭക്തി പ്രചരിപ്പിക്കുന്നതിനും രാത്രിയാരാധന നടത്തുന്നതിനും സി നമ്പര്‍ കമ്മിറ്റി പരിശ്രമിക്കണം. ഇങ്ങനെ ആവശ്യാനുസരണം കമ്മിറ്റികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും അവര്‍ക്കും വിവിധ ജോലികള്‍ ഏല്പിച്ചുകൊടുക്കുകയും ചെയ്യുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നിനൊന്നിനു വിരുദ്ധമായി വരികയില്ല. ഒന്നുകൂടി വിശദമാക്കാം. ഒരിടവകയില്‍ 500വീടുകളുണ്ടെന്നു കരുതുക. 10 വീടുകള്‍ ഒരു സെറ്റായി തിരിക്കുന്നുവെന്നും വിചാരിക്കുക. അപ്പോള്‍ 50 സെറ്റുകള്‍ ഉണ്ടാകുമല്ലോ. ഈ ഓരോ സെറ്റിലും എ നമ്പര്‍ കമ്മിറ്റി, ബി നമ്പര്‍ കമ്മിറ്റി, സി നമ്പര്‍ കമ്മിറ്റി എന്നിങ്ങനെ പലേ കമ്മിറ്റികള്‍ വിവിധങ്ങളായ രണ്ടോ മൂന്നോ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുണ്ടാകും. ഒന്നാം സെറ്റിലെ എ നമ്പര്‍ കമ്മിറ്റി ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന വിഷയങ്ങള്‍ തന്നെയായിരിക്കണം മറ്റെല്ലാ സെറ്റുകളിലെയും എ നമ്പര്‍ കമ്മിറ്റികളും നടത്തുവാന്‍. അങ്ങനെ ചെയ്യുമ്പോള്‍ എല്ലാ സെറ്റുകളിലെയും എ, ബി, സി എന്നിപ്രകാരം നമ്പറുള്ള കമ്മിറ്റികള്‍ ഒരേ വിഷയങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായിരിക്കും. മാത്രമല്ല, തത്സംബന്ധമായ കാര്യാലോചനായോഗങ്ങള്‍ പള്ളിയിലോ മറ്റോ ബ. വികാരിയുടെ മേലന്വേഷണത്തില്‍ കൂടുന്നതിന് അതു കൂടുതല്‍ സൗകര്യപ്രദവുമായിരിക്കും.

ആദ്യം ആരംഭിക്കേണ്ടത്
അത്യന്താപേക്ഷിങ്ങളായ കാര്യങ്ങളാണ് ആദ്യം ആരംഭിക്കേണ്ടത്. ഞായറാഴ്ചകളിലും കടമുള്ള മറ്റു ദിവസങ്ങളിലും കുര്‍ബാന മുടക്കുന്നവരെയും കച്ചവടം ചെയ്യുകയും വേല ചെയ്യുകയും ചെയ്യുന്നവരെയും വേദോപദേശത്തിനു വരാത്ത കുട്ടികളെയും മറ്റും അപ്രകാരമുള്ള തിന്മകളില്‍ നിന്നു വിരമിപ്പിക്കുവാന്‍ ശ്രമിക്കുകയാണ് ഒരിടവകയിലെ അത്യാവശ്യമായ പ്രവര്‍ത്തനം. ഈ പ്രവര്‍ത്തനം ചെയ്യുന്നതിനുള്ള കമ്മിറ്റിക്ക് എ നമ്പര്‍ തന്നെ കൊടുക്കുക. പ്രാരംഭമായി എല്ലായിടത്തും എ നമ്പര്‍ കമ്മിറ്റി വേണം തുടങ്ങുവാന്‍ – അതിനുശേഷം മറ്റു കമ്മിറ്റികള്‍ രൂപീകരിച്ചാല്‍ മതിയാകും.

സേവനമനോഭാവം വേണം
പ്രവര്‍ത്തന കമ്മിറ്റിയംഗങ്ങള്‍ ഒരു കാര്യത്തിലും വീടുകളുടെ മേല്‍ ഭരണാധികാരം നടത്തുകയോ നിര്‍ബന്ധിക്കുകയോ അരുത്. ഏതൊരു കാര്യത്തിലും സേവനം ചെയ്യുവാനും സഹായിക്കാനുമല്ലാതെ ശാസിക്കാനോ കീഴുള്ളവരോടെന്നവിധം സ്വാധികാരം പ്രയോഗിക്കുവാനോ മുന്നിട്ടിറങ്ങിയവരാണെന്നു പൊതുജനത്തിനു തെറ്റിദ്ധാരണയ്ക്കിടവരാത്തവിധം വിവേകത്തോടുകൂടി വേണം പ്രവര്‍ത്തിക്കുവാന്‍.

കാര്യാലോചനാ മീറ്റിംഗ്
ആഴ്ചയിലൊരിക്കലോ മറ്റോ ഓരോ പ്രവര്‍ത്തന രംഗങ്ങളില്‍ വേല ചെയ്യുന്ന കമ്മിറ്റികളുടെ ഒരു മീറ്റിംഗ് ബ. വികാരിയുടെ അദ്ധ്യക്ഷതയില്‍ നടത്തേണ്ടതാണ്. അങ്ങനെ മീറ്റിംഗ് കൂടുമ്പോള്‍ എ, ബി, സി, ഡി എന്നിങ്ങനെ നമ്പര്‍ ഇട്ടിട്ടുള്ള കമ്മിറ്റികള്‍ക്ക് ഓരോ ദിവസം നിശ്ചയിക്കേണ്ടതാണ്. ഉദാഹരണമായി വിവിധ സെറ്റുകളിലെ എ നമ്പര്‍ കമ്മിറ്റികള്‍ക്കു തിങ്കളാഴ്ച, ബി നമ്പര്‍ കമ്മിറ്റികള്‍ക്കു ചൊവ്വാഴ്ച എന്നിപ്രകാരം കമ്മിറ്റികള്‍ വര്‍ദ്ധിക്കുന്നതോടുകൂടി ദിവസവും ഓരോന്നു വീതമോ ചിലപ്പോള്‍ ഈരണ്ടു വീതമോ മീറ്റിംഗ് ദിവസവും സമയവും നിര്‍ണയിച്ചിരിക്കുകയും വേണം. പള്ളിയില്‍ വച്ചു കൂടുന്നതു കൂടാതെ അതാതു സെറ്റു വീടുകളുടെ പരിസരങ്ങളില്‍ സൗകര്യമുള്ള സ്ഥലത്തു നേതാവൊരുമിച്ചു സൗകര്യംപോലെ കമ്മിറ്റി അംഗങ്ങള്‍ കൂടിച്ചേര്‍ന്നു തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍ഗതി സംബന്ധിച്ചും മറ്റും ആലോചിക്കേണ്ടതാണ്.

ഇതു കഴിയും വേഗം നടപ്പില്‍ വരുത്തി മാസാന്ത്യ റിപ്പോര്‍ട്ടില്‍ ഇതേപ്പറ്റി വിവരം ചേര്‍ക്കുന്നതിനു ശ്രദ്ധിക്കണം.

* * * *

മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തായുടെ പിന്‍ഗാമി മാര്‍ ജോസഫ് പാറേക്കാട്ടില്‍ മെത്രാപ്പോലീത്ത ഇടവകകളില്‍ കുടുംബകൂട്ടായ്മകള്‍ ആരംഭിക്കേണ്ടതിന്‍റെ പ്രാധാന്യത്തെപ്പറ്റി ഇടയലേഖനങ്ങളിലൂടെ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. അതിരൂപതയില്‍ കുടുംബകൂട്ടായ്മകള്‍ക്ക് ആരംഭം കുറിച്ചതു മോണ്‍. ജോസഫ് തളിയത്ത് വികാരിയായിരിക്കുമ്പോഴാണ്.

ഇതിനു നിമിത്തമായത് ഇടവകയില്‍ നടന്ന ഒരു സംഭവമാണ്. എറണാകുളത്തു സെന്‍റ് തെരേസാസ് കോളജിന്‍റെ കിഴക്കു ഭാഗത്തു നസ്രത്ത് കോണ്‍വെന്‍റിനടുത്തു താമസിച്ചിരുന്ന വൃദ്ധദമ്പതികളെ കാണാതായപ്പോള്‍ അയല്‍പക്കത്തുള്ളവര്‍ അന്വേഷണം നടത്തി. അവര്‍ കണ്ടതു വളരെ സങ്കടകരമായ കാര്യമായിരുന്നു. കുടുംബനാഥന്‍ മരണപ്പെട്ടു; കുടുംബനാഥ ബോധരഹിതയായി കിടക്കുന്നു. അയല്‍പക്കക്കാര്‍ സഹകരിച്ചു മൃതദേഹസംസ്കാരം നടത്തി.

പിന്നീടു ബ. വികാരിയച്ചനുമായി ആലോചിച്ചു കുടുംബകൂട്ടായ്മകള്‍ക്കു രൂപംകൊടുത്തു. നഗരപ്രദേശങ്ങളില്‍ ജനങ്ങള്‍ പരസ്പരം അറിയാതെയും ബന്ധപ്പെടാതെയും കഴിയുന്നത് ഒഴിവാക്കുക. പരസ്പരം ബന്ധപ്പെട്ടും സ്നേഹത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കുക; സഹായിക്കുക ഇതൊക്കെ ലക്ഷ്യംവച്ചായിരുന്നു തുടക്കം. ഇപ്പോള്‍ എറണാകുളം ബസിലിക്ക ഇടവകയില്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തനം നടക്കുന്നു. അതിരൂപതയില്‍ കുടുംബകൂട്ടായ്മകളുടെ പ്രവര്‍ത്തനത്തിന് ഒരു നിയമാവലിയും രൂപപ്പെടുത്തിയിട്ടുണ്ട്.

എറണാകുളം അതിരൂപതയില്‍ ആരംഭം കുറിച്ച ഈ കൂട്ടായ്മ കേരളത്തിലെ എല്ലാ രൂപതകളിലും കേരളത്തിനും ഇന്ത്യയ്ക്കും പുറത്തുള്ള സീറോ മലബാര്‍ രൂപതകളിലും ഭംഗിയായി നടത്തപ്പെടുന്നു. വിശ്വാസികള്‍ വളരെ സജീവമായി പങ്കെടുക്കുന്നു.

കുടുംബകൂട്ടായ്മ വാര്‍ഷികങ്ങള്‍ ഉത്സവപ്രതീതി ഉളവാക്കുന്നു. വ്യത്യസ്ത പ്രായത്തിലുള്ളവര്‍ക്കു കലാ-കായിക മത്സരങ്ങള്‍ നടത്തപ്പടുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org