കുടുംബമേ, വിശുദ്ധിയുടെ വിളനിലമാകുക!

കുടുംബമേ, വിശുദ്ധിയുടെ വിളനിലമാകുക!


മദര്‍ ഉദയ സി.എച്ച്.എഫ്.

സുപ്പീരിയര്‍ ജനറല്‍

2019 ഒക്ടോബര്‍ 13. ലോകം മുഴുവന്‍റെയും ശ്രദ്ധ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലേയ്ക്ക് തിരിയുന്ന പുണ്യസുദിനം. ആഗോളസഭയുടെ അനുഗ്രഹവും അഭിമാനവുമായി മാറിയ അഞ്ച് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പരിശുദ്ധപാപ്പ പ്രഖ്യാപിക്കുന്ന സുന്ദരമുഹൂര്‍ത്തം. ഭാരതസഭയ്ക്കും സീറോ-മലബാര്‍ സഭയ്ക്കും അഭിമാനിക്കാനേറെ വക നല്‍കുന്നു മറിയം ത്രേസ്യയുടെ വിശുദ്ധപദ പ്രഖ്യാപനം. ചിലരുടെയെങ്കിലും മനസിലുദിക്കുന്ന ചോദ്യങ്ങളാണ് ആരാണ് വി. മറിയം ത്രേസ്യ? എന്താണ് വിശുദ്ധയുടെ ലോകത്തിനുളള സംഭാവനകള്‍? ഒറ്റ വാക്കിലുളള ഉത്തരം: കുടുംബങ്ങളുടെ മദ്ധ്യസ്ഥ – സന്ന്യസ്തരുടെ മാതൃക. കുടുംബങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച് കുടുംബങ്ങളില്‍ നവീകരണവും വിശുദ്ധീകരണവും സാധിക്കുവാന്‍ പ്രയത്നിക്കുകയും ആ ദൗത്യം തുടരുവാന്‍ ഹോളി ഫാമിലി സന്ന്യാസിനീ സമൂഹം സ്ഥാപിക്കുകയും ചെയ്ത കുടുംബങ്ങളുടെ അമ്മ. തപോജീവിതത്തിലൂടെ ഈശോയെ പിന്തുടര്‍ന്ന ത്രേസ്യയെ ദൈവം ഭരമേല്പിച്ച മനോഹരമായ ദൗത്യത്തിന്‍റെ കര്‍മ്മഭൂമിയായ കുടുംബങ്ങളിലേക്ക് ധീരതയോടെ ചുവടുകള്‍ വയ്ക്കുന്ന സാഹസിക യാത്രയാണ് ഈ ധന്യാത്മാവിനെ വ്യത്യസ്തയാക്കുന്നത്. വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന ഈ അമ്മയുടെ ജീവിതം നമ്മില്‍ ഏറെ സത്ചിന്തകളുയര്‍ത്തുന്നു.

കുടുംബം വിശുദ്ധിയുടെ വിദ്യാലയം
അമ്മ മടിയിലിരുത്തി പല തവണ നെറ്റിയില്‍ കുരിശുവരച്ചും ദേവാലയത്തില്‍ കുരിശുമണി മുഴങ്ങുമ്പോള്‍ മുട്ടുകുത്തി കുടുംബമൊന്നിച്ച് സന്ധ്യാപ്രാര്‍ത്ഥന ചൊല്ലിച്ചും നിത്യേന കുര്‍ബാനയ്ക്കു കൂടെ കൊണ്ടുപോയി പങ്കെടുപ്പിച്ചും ബൈബിളിലേയും വിശുദ്ധരുടെ ജീവിതങ്ങളിലെയും കൊച്ചു കൊച്ചു കഥകള്‍ പറഞ്ഞുകേള്‍പ്പിച്ചും കുടുംബമാകുന്ന വിദ്യാലയമാണ് വിശുദ്ധിയുടെ ബാലപാഠങ്ങള്‍ അവളെ പഠിപ്പിച്ചതും വിശുദ്ധി വളര്‍ത്തിയതും വിളയിച്ചതും. ഈ ലോകസുഖങ്ങളേക്കാള്‍ ആത്മീയ സുകൃതാഭ്യാസത്തില്‍ ആനന്ദം കൊള്ളാനും ഉറ്റവരുടെ സ്നേഹവാത്സല്യങ്ങളേക്കാള്‍ ഉടയവന്‍റെ സ്നേഹസഹവാസത്തില്‍ സന്തോഷിക്കുവാനും "എനിക്കു കര്‍ത്താവല്ലാതെ ലോകത്തില്‍ യാതൊന്നും വേണ്ട" എന്നു പറഞ്ഞ് പൗലോസ് ശ്ലീഹായെപ്പോലെ സകലതും നഷ്ടപ്പെടുത്താനും ഉച്ഛിഷ്ടം പോലെ കരുതാനും പ്രേരണയും പ്രചോദനവും നല്‍കിയത് കുടുംബപരിശീലനം തന്നെ. മക്കളെ വിശുദ്ധിയില്‍ വളര്‍ത്തുവാനുളള പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കു തന്നെയാണ്. എന്നാല്‍ ഇവയെല്ലാം പഴഞ്ചനായി കാണുന്നവരും, വാട്സ്- ആപ്പും യൂട്യൂബും സിനിമയും സീരിയലുകളും കുടുംബത്തില്‍ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന വരുമായ ഈ യുഗത്തിലെ മാതാപിതാക്കള്‍ക്ക് കുടുംബപരിശീലനം ഒരു വെല്ലുവിളി തന്നെ. കൈ മോശം വന്നവയെ കൈയെത്തിപിടിക്കുവാനുളള ശ്രമം ഇന്നിന്‍റെ ആവശ്യമല്ലെ?

കുട്ടിക്കാലം മുതല്‍ തിരുക്കുടുംബത്തോടൊപ്പം
അമ്മ ചൂണ്ടികാണിച്ചുകൊടുത്ത ത്രിത്വൈക കൂട്ടായ്മയും ത്രിത്വത്തിന്‍റെ ചെറുപതിപ്പായ തിരുകുടുംബത്തിലെ സ്നേഹൈക്യജീവിതവും ത്രേസ്യയുടെ കുഞ്ഞിളം മനസില്‍ ആഴമായി പതിച്ചിരുന്നു. തിരുക്കുടുംബഭക്തിയില്‍ വളര്‍ന്ന് തിരുക്കുടുംബമാതൃകയില്‍ ജീവിക്കാന്‍ ശ്രമിച്ച ത്രേസ്യയ്ക്ക് ഉണ്ണീശോയും മാതാവും യൗസേപ്പിതാവും ഒന്നിച്ചും ഓരോരുത്തരായും പ്രത്യക്ഷപ്പെട്ട് സഹവാസാനുഭവം നല്‍കിയിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ചെറുപ്പം മുതലേ ഉണ്ണീശോ ത്രേസ്യയുടെ കളിത്തോഴനും ആത്മസഖിയുമായിരുന്നു. പ്രായശ്ചിത്താരൂപിയില്‍ കല്ല് പുറത്തു കയറ്റിവച്ച് കൈകാലുകള്‍ കുത്തി ഇഴഞ്ഞുനീങ്ങിയപ്പോള്‍ ഉണ്ണീശോ കല്ല് മാറ്റി കയറിയിരുന്നതും ദേവാലയത്തിലെ അള്‍ത്താരയിലും തിരുസ്വരൂപങ്ങള്‍ക്കരികിലും പൂക്കള്‍ വെക്കാന്‍ കൈ എത്താതിരുന്നപ്പോള്‍ ഉണ്ണീശോ വാങ്ങിവെക്കുന്നതും അവളുടെ ജീവിതത്തിലെ പച്ചകെടാത്ത അനുഭവങ്ങളായിരുന്നു. മൂന്നരവയസ്സില്‍ ജപമാല ചൊല്ലാനും ആറാം വയസ്സില്‍ കുര്‍ബാന പുസ്തകം നോക്കി വായിക്കാനും പഠിപ്പിച്ചത് മാതാവാണെന്ന് ത്രേസ്യ പറയുന്നു. യൗസേപ്പിതാവും അവളുടെ കുടുംബത്തിലെ സന്ദര്‍ശകനായിരുന്നു. ദൈവത്തിന്‍റെ അതിമനോഹരമായ സംവിധാനമാണ് കുടുംബമെന്നും കൂടപ്പിറപ്പുസ്നേഹവും കൂട്ടായ്മയുമാണ് കുടുംബത്തിന്‍റെ മാഹാത്മ്യമെന്നും ത്രേസ്യയെ പഠിപ്പിച്ചതും തിരുക്കുടുംബം തന്നെയാവണം. ആത്മീയതയുടെ ആരംഭദശയില്‍ ആയിരിക്കുന്ന നമുക്ക് ഇതൊന്നും ഗ്രഹിക്കാനാകില്ല. ഇതൊക്കെ സംഭവ്യമോ എന്ന ചോദ്യമുയര്‍ത്തി നില്‍ക്കുന്നവരല്ലേ നമ്മിലധികവും? ദൈവികവെളിപാടുകള്‍ പലപ്പോഴും നമുക്ക് അവ്യക്തമല്ലേ?

സഹനം രക്ഷാകരം
സാമാന്യം സമ്പത്തും കുലീനത്വവുമുളള കുടുംബത്തില്‍ ജനിച്ചു വളര്‍ന്നുവെങ്കിലും അധികം താമസിയാതെ കുടുംബപ്രാരാബ്ധവും കടബാധ്യതയും മദ്യപാനവും കുടുംബകലഹവും ത്രേസ്യയുടെ കുടുംബത്തെ ഉലച്ചു. കുടുംബത്തിലെ അന്തരീക്ഷം അസഹനീയമായി. രോഗപീഡകളും 12-ാം വയസ്സില്‍ അമ്മ മരിച്ചപ്പോള്‍ ഏറ്റെടുക്കേണ്ടി വന്ന കുടുംബഭാരവും അവളെ വലക്കാന്‍ തുടങ്ങി. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ശീലിച്ചു വന്ന കഠിന തപസും പ്രായശ്ചിത്തങ്ങളും നോമ്പും ഉപവാസവും ഇടതടവില്ലാതെ നേരിടേണ്ടി വന്ന പൈശാചികാക്രമണങ്ങളും സഹനത്തിന്‍റെ കാസ രുചിക്കാനനുവദിച്ചു. ഒരു സന്ന്യാസിനിയാകാനുളള അടങ്ങാത്ത ആഗ്രഹത്തിന് നേരിട്ട തടസ്സവും വനത്തില്‍ പോയി തപസ്വിനിയാകാനുള്ള പരിശ്രമത്തിന് ഏറ്റ എതിര്‍പ്പും വിവാഹപ്രായം കഴിഞ്ഞ മകള്‍ വീട്ടില്‍ നില്‍ക്കുന്നതിലുളള അസംതൃപ്തിയുമൊക്കെ സഹനത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിച്ചു. എല്ലാ സഹനത്തിനും അവള്‍ അര്‍ത്ഥം കണ്ടത് കുരിശിലാണ്. ആശ്രയം തേടിയത് ക്രൂശിതനിലാണ്.

നീണ്ട മണിക്കൂറുകള്‍ രാപകല്‍ ക്രൂശിതന്‍റെ മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചിരുന്ന അവള്‍ ക്രൂശിതനുമായി താദാത്മ്യം പ്രാപിക്കാന്‍ ആഗ്രഹിച്ചു. ക്രൂശിതനോ, തന്‍റെ കുരിശും തിരുമുറിവുകളും നല്‍കി അവളെ അനുഗ്രഹിച്ചു. അങ്ങനെ അവള്‍ പഞ്ചക്ഷതധാരിയായി. സഹനങ്ങളെ 'ഭാഗ്യപ്പെട്ട സമ്മാനങ്ങളാ'യിട്ടാണ് ത്രേസ്യ കണ്ടതും സ്വീകരിച്ചതും. ജീവിതത്തിലെ ദുഃഖസങ്കടങ്ങളെ കുരിശിനോടു ചേര്‍ത്തുവച്ച് എല്ലാം രക്ഷാകരമാക്കാന്‍ അവള്‍ ശ്രമിച്ചു. അവളുടെയും കുടുംബത്തിന്‍റെയും മറ്റനേകം കുടുംബങ്ങളുടെയും രക്ഷയ്ക്ക് അവ ഹേതുവായിത്തീര്‍ന്നു. മറിയം ത്രേസ്യയുടെ ആത്മപിതാവായിരുന്ന ധന്യന്‍ ജോസഫ് വിതയത്തിലച്ചന്‍ പറഞ്ഞ വാക്കുകള്‍ ഇത്തരുണത്തില്‍ സ്മരിക്കുന്നത് നല്ലതാണ്: "സഹനങ്ങളെ ഇല്ലാതാക്കാനല്ല ക്രിസ് തു വന്നത്; മറിച്ച് സഹനത്തെ സ്നേഹം കൊണ്ട് നിറക്കാനാണ്." സഹനത്തിന്‍റെ മൂല്യം മനസിലാക്കാന്‍ സാധിക്കാത്ത കുരിശിനെ ഭോഷത്തമായി കാണുന്ന ഇന്നത്തെ തലമുറയ്ക്ക് സഹനങ്ങളോടുളള അമ്മയുടെ സമീപനരീതി അനുകരണീയമല്ലേ?

കരുണാര്‍ദ്രസ്നേഹം വിശ്വകുടുംബത്തിലേക്ക്
ഇസ്രായേലിന്‍റെ മോചകനായി മോശയെയും, രാജാക്കന്മാരായി സാവൂള്‍, ദാവീദ്, സോളമന്‍ തുടങ്ങിയവരെയും, നായകരായി അനേകം പ്രവാചകരേയും ഒരുക്കിയ കര്‍ത്താവ് കാലഘട്ടത്തിന്‍റെ ആവശ്യം കണ്ടറിഞ്ഞ് കുടുംബങ്ങളില്‍ കരുണാര്‍ദ്രസ്നേഹം ചൊരിയുവാനും കുടുംബങ്ങളെ കെട്ടിപ്പടുക്കുവാനും ഒരുക്കിയെടുത്ത കുടുംബപ്രേഷിതയാണ് വി. മറിയം ത്രേസ്യ. നീണ്ട 38 വര്‍ഷത്തോളം കുടുംബത്തില്‍ ജീവിച്ച് സുഖസന്തോഷങ്ങളും ദുഃഖസങ്കടങ്ങളും ആവശ്യങ്ങളും ആകുലതകളും അനുഭവിച്ച അമ്മക്ക് കുടുംബം എന്താകണം? എന്താകരുത്? എന്ന അറിവുണ്ടായിരുന്നു. എന്നും കൂട്ടായിരുന്ന തിരുക്കുടുംബം "കുടുംബങ്ങളെ തിരുക്കുടുംബങ്ങളാക്കുക" എന്ന വലിയ സ്വപ്നം കാണാന്‍ അവളെ പഠിപ്പിച്ചു. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അന്നത്തെ സമുദായ വിലക്കുകളേയും സ്വകുടുംബത്തിന്‍റെ എതിര്‍പ്പുകളേയും വകവക്കാതെ അവള്‍ വിശ്വകുടുംബത്തിലേക്കിറങ്ങി.

ഈശോയെ അതിരറ്റ് സ്നേഹിക്കുകയും ജ്ഞാനമണവാളനായി സ്വീകരിക്കുകയും ചെയ്ത മറിയം ത്രേസ്യയുടെ പ്രവര്‍ത്തനങ്ങളില്‍ കര്‍ത്താവ് കാരുണ്യത്തിന്‍റെ കൈയൊപ്പ് ചാര്‍ത്തിയിരുന്നു. കടന്നുചെന്ന കുടുംബങ്ങളിലെല്ലാം കരുണാര്‍ദ്രസ്നേഹത്തിന്‍റെ മുദ്ര പതിപ്പിച്ചു. രോഗികളെ ശുശ്രൂഷിച്ചു; പാപികളെ മാനസാന്തരപ്പെടുത്തി; മരണാസന്നരെ നല്ല മരണത്തിനൊരുക്കി; കൂദാശ ജീവിതത്തില്‍ നിന്നകന്നവരെ ദൈവത്തിലേക്കടുപ്പിച്ചു; കലഹിക്കുന്നവരെ സ്നേഹിതരാക്കി; മദ്യപാനികളെ ദുശ്ശീലവിമുക്തരാക്കി; മുറിവുണങ്ങാത്ത അവളുടെ കരം കൊണ്ട് അനേകരുടെ മുറിവുകളെ സുഖപ്പെടുത്താന്‍ കര്‍ത്താവ് കൃപ നല്‍കി. എല്ലാറ്റിനും ആയുധം ജപമാലയും തപസും പ്രായശ്ചിത്തവുമായിരുന്നു.

സ്ത്രീകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരുന്ന ആ കാലത്ത് ത്രേസ്യ ആരംഭിച്ച കുടുംബശുശ്രൂഷമൂലം അപവാദങ്ങളും വിമര്‍ശനശരങ്ങളും ഏറെ ഏല്‍ക്കേണ്ടി വന്നുവെന്നാലും ഒന്നും അവളെ കലക്കുകയോ കുലുക്കുകയോ ചെയ്തില്ല. ദൈവം ഒരുക്കി വിട്ടതാണല്ലോ. അനുഭവസ്ഥരെല്ലാം അനുഗ്രഹീതരായതോടെ അവള്‍ പുത്തന്‍ചിറയിലും പ്രാന്തപ്രദേശങ്ങളിലും സ്വീകാര്യയായി. അവര്‍ക്കെല്ലാം അമ്മയായി. 1914-ല്‍ കുടുംബശുശ്രൂഷക്കായി ഹോളി ഫാമിലി സന്ന്യാസിനി സമൂഹം സ്ഥാപിച്ച് കുടുംബപ്രേഷിതത്വം ശക്തിപ്പെട്ടതോടെ മറിയം ത്രേസ്യ പുണ്യപ്പെട്ട കന്യാസ്ത്രി എന്ന് അറിയപ്പെടാനും തുടങ്ങി. ദൈവത്തിന്‍റെ ഉത്കൃഷ്ടദാനങ്ങള്‍ സമൃദ്ധമായി ലഭിച്ചിരുന്ന അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ പലതും അത്ഭുതങ്ങളും അടയാളങ്ങളുമായി അവര്‍ക്കനുഭവപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ കെടുതികളും പടര്‍ന്നുപിടിച്ച മാരകമായ പകര്‍ച്ചവ്യാധികളും കൊടും ദാരിദ്ര്യവും കുടുംബശുശ്രൂഷയുടെ ആവശ്യവും ആക്കവും വര്‍ദ്ധിപ്പിച്ചു. ഇന്നും നമ്മുടെ ചുറ്റും ആധിയും വ്യാധിയുമുളള ആവശ്യക്കാര്‍ അനവധിയില്ലേ? അവരുടെ മുമ്പില്‍ കാരുണ്യമായി അവതരിക്കാനും കരംപിടിച്ച് അവരെ ശക്തിപ്പെടുത്താനും രണ്ട് പതിറ്റാണ്ടിലധികം അല്മായ ശുശ്രൂഷ ചെയ്ത അമ്മ നമ്മുടെ മുമ്പില്‍ മാതൃകയും വെല്ലുവിളിയുമായി നിലകൊളളുന്നു. കരുതലിന്‍റെ കരം നീട്ടാനും കാരുണ്യത്തിന്‍റെ കൈത്തിരി കത്തിക്കാനുമല്ലെ അല്മായരുടെയും സമര്‍പ്പിതരുടെയും വിളി? അതിലൂടെയല്ലേ തിരുസഭ അനുഗ്രഹിക്കപ്പെടുക? ലോകത്തിന് അനുഗ്രഹമാകുക?

കുടുംബപ്രേഷിതത്വം തിരുസഭയില്‍
സഭ ആധികാരികമായി കുടുംബത്തെക്കുറിച്ചും കുടുംബപ്രേഷിതത്വത്തെക്കുറിച്ചും പഠിപ്പിക്കുന്നതിന് അരനൂറ്റാണ്ടു മുമ്പേ തന്നെ കുടുംബപ്രേഷിതത്വം മുഖ്യകാരിസോന്മുഖ ശുശ്രൂഷയായി സ്വീകരിച്ച ഹോളി ഫാമിലി സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയാണ് വി. മറിയം ത്രേസ്യ. ദൈവപ്രചോദിതവും ദൈവനിശ്ചയവുമായ ഈ നൂതന പ്രേഷിതത്വം അതിവേഗം വളര്‍ത്തിയതില്‍ ഹോളി ഫാമിലി സന്ന്യാസിനി സമൂഹത്തിന്‍റെ സംഭാവന അമൂല്യമാണ്. സ്വന്തം കുടുംബത്തില്‍ പോലും സന്ന്യാസിനികള്‍ പോകാതിരുന്ന കാലത്ത് കുടുംബങ്ങള്‍ തോറും കയറിയിറങ്ങി ശുശ്രൂഷ ചെയ്യുക, വിശ്വാസജീവിതം ശക്തിപ്പെടുത്തുക, കുടുംബജീവിതം വിശുദ്ധീകരിക്കുക തുടങ്ങിയവ അത്ര സ്വീകാര്യമായിരുന്നില്ല. ഫലമാണല്ലോ വൃക്ഷത്തിന്‍റെ അംഗീകാരം. ഫലദായകമായ വിധത്തിലുളള ഈ ശുശ്രൂഷ ഇടവകകളും രൂപതകളും അംഗീകരിച്ചു. ആധുനിക ശാസ്ത്രസാങ്കേതിക മാര്‍ഗ്ഗങ്ങളുപയോഗിച്ച് കുടുംബസന്ദര്‍ശനം, ഹോം മിഷന്‍, ഫാമിലി കൗണ്‍സലിംഗ് ആന്‍റ് ഗൈഡന്‍സ്, ഫാമിലി റിന്യൂവല്‍ ധ്യാനങ്ങള്‍ എന്നിവ വഴി ഇന്നു ശക്തമായ രീതിയില്‍ കുടുംബപ്രേഷിതത്വം തിരുസഭയില്‍ തുടരുന്നു. വിവിധങ്ങളായ പരിശീലന പദ്ധതികളിലൂടെ കുടുംബപ്രേഷിതരെ വാര്‍ത്തെടുക്കുന്ന പ്രക്രിയയിലും ഹോളി ഫാമിലി സന്ന്യാസിനി സമൂഹം സജീവമായി സഹകരിക്കുന്നു. രണ്ടായിരത്തോളം വരുന്ന ഹോളിഫാമിലി സിസ്റ്റേഴ്സ് ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലായി വിദ്യാഭ്യാസ പ്രവര്‍ത്തനം, ആതുരശുശ്രൂഷ, ജീവകാരുണ്യ പ്രവര്‍ത്തനം, സാമൂഹ്യ സേവനം എന്നിവയിലൂടെയും നേരിട്ടും കുടുംബോന്മുഖമായ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ചെയ്യുന്നു. കുടുംബങ്ങളെ ആഘോഷമാക്കുക എന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനം സര്‍വ്വാത്മനാ നമുക്ക് സ്വീകരിക്കാം.

കുടുംബങ്ങളുടെ മദ്ധ്യസ്ഥ- വി. മറിയം ത്രേസ്യ
ദാമ്പത്യത്തകര്‍ച്ച, വിവാഹ മോചനം, മൂല്യച്യുതി, വിശ്വാസരാഹിത്യം, ഭക്തിതീക്ഷ്ണത കുറവ്, നിസംഗതാ മനോഭാവം, പാപബോധമില്ലായ്മ, മാധ്യമ അടിമത്തം, ലഹരി പദാര്‍ത്ഥങ്ങളുടെ അമിത ഉപയോഗം, ലൈംഗിക അരാജകത്വം എന്നിവയാണ് കുടുംബങ്ങള്‍ ഇന്നു നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. അറിവുണ്ടെങ്കിലും നല്ലത് ഏതെന്ന തിരിച്ചറിവില്ലാതെ വെളിച്ചമുണ്ടെങ്കിലും നന്മയുടെ പ്രകാശമില്ലാതെ ദിശാബോധം നഷ്ടപ്പെട്ട് പരിഭ്രാന്തരാകുന്ന ഈ തലമുറയിലെ കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ച് പ്രതിസന്ധികളെ ആത്മാവിന്‍റെ ആന്തരിക ബലത്തില്‍ നേരിട്ട് ആനന്ദമാക്കി തീര്‍ക്കാന്‍ ആജ്ഞാപിക്കുന്നു കുടുംബങ്ങളുടെ മദ്ധ്യസ്ഥയായ വി. മറിയം ത്രേസ്യ. സ്നേഹത്തിന്‍റെ ഊഷ്മളതയും ഭക്തിയുടെ തീക്ഷ്ണതയും നന്മയുടെ നനവും കാരുണ്യത്തിന്‍റെ കനിവും നമ്മുടെ കുടുംബങ്ങളില്‍ നിറഞ്ഞു നില്ക്കുവാന്‍ അനുഗ്രഹമേകുന്നു കുടുംബങ്ങളുടെ അമ്മയായ വി. മറിയം ത്രേസ്യ.

ആരെ വിഴുങ്ങണമെന്ന ദുഷ്ട പിശാചിന്‍റെ തന്ത്രങ്ങളില്‍ നിന്നും, സഭയെ എങ്ങനെ തച്ചുടക്കണമെന്ന മനുഷ്യരുടെ സംഘടിത പ്രവര്‍ത്തനങ്ങളില്‍ നിന്നും, എല്ലാറ്റിനും എരിവും പുളിയും കൂട്ടി വിളമ്പുകയും വിളംബരം ചെയ്യുകയും ചെയ്യുന്ന മാധ്യമ പീഡനങ്ങളില്‍ നിന്നും തിരുക്കുടുംബം നമ്മുടെ കുടുംബങ്ങളെ രക്ഷിക്കട്ടെ; സമര്‍പ്പിതരെ സംരക്ഷിക്കട്ടെ; തിരുസഭാധികാരികളെ ശക്തിപ്പെടുത്തട്ടെ. ഒക്ടോബര്‍ 13-ന് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട അമ്മയോട് നമുക്കു പ്രാര്‍ത്ഥിക്കാം.

വി. മറിയം ത്രേസ്യേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമെ.
വിശുദ്ധിയില്‍ വളരാന്‍ ഞങ്ങളുടെ കുടുംബങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥം വഹിക്കണമെ.

മദര്‍ മറിയം ത്രേസ്യ

ജനനം : 1876 ഏപ്രില്‍ 26, ഇരിങ്ങാലക്കുട രൂപതയിലെ പുത്തന്‍ചിറയില്‍.

മാതാപിതാക്കള്‍ : ചിറമേല്‍ മങ്കിടിയാന്‍ തോമ, താണ്ട

ആത്മീയപിതാവ് : ധന്യന്‍ ഫാ.ജോസഫ് വിതയത്തില്‍

തിരുക്കുടുംബ സന്യാസ സമൂഹ സ്ഥാപനം : 1914 മെയ് 14

മരണം : 1926 ജൂണ്‍ 8

ദൈവദാസി പദവി : 1974 ഡിസംബര്‍ 3

ധന്യപദവി പ്രഖ്യാപനം : 1999 ജൂണ്‍ 28

വാഴ്ത്തപ്പെട്ടവള്‍ പ്രഖ്യാപനം : 2000 ഏപ്രില്‍ 9

ആദ്യ മദ്ധ്യസ്ഥ തിരുനാള്‍ : 2000 ജൂണ്‍ 8

വിശുദ്ധപദവി പ്രഖ്യാപനം : 2019 ഒക്ടോബര്‍ 13

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org