|^| Home -> Cover story -> കുടുംബത്തിന്‍െറ ഫ്രെയിമിലേക്ക് മടങ്ങുന്നു, അജപാലകന്‍റെ ബുള്ളറ്റില്‍ ന്യൂ ജെന്‍

കുടുംബത്തിന്‍െറ ഫ്രെയിമിലേക്ക് മടങ്ങുന്നു, അജപാലകന്‍റെ ബുള്ളറ്റില്‍ ന്യൂ ജെന്‍

Sathyadeepam

ലക്ഷദ്വീപില്‍ ജനിച്ചു വളര്‍ന്ന യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ ഒരു യുവാവ്. ജോലിയുമായി ഉത്തരേന്ത്യയിലേയ്ക്കു പോയി. അവിടെ അന്യമതസ്ഥയായ ഒരു ബംഗാളി യുവതിയോടൊപ്പം ലിവിംഗ് ടുഗെദര്‍ ബന്ധത്തില്‍ കഴിയുകയാണിപ്പോള്‍. ബന്ധത്തെ വീട്ടുകാര്‍ അംഗീകരിക്കില്ല എന്നറിയാവുന്നതുകൊണ്ട് അംഗീകാരം തേടാന്‍ ശ്രമിച്ചിട്ടില്ല. വര്‍ഷങ്ങളായി സ്വന്തം വീട്ടില്‍ പോയിട്ടില്ല. യൂട്യൂബില്‍ പച്ചപ്പട്ടുസാരി എന്ന ഹ്രസ്വചിത്രം കണ്ട അയാള്‍ ചിത്രത്തിന്‍റെ അണിയറക്കാരിലൊരാളെ വിളിച്ചു പറഞ്ഞു, “ഞാന്‍ വീട്ടില്‍ പോകുകയാണ്. ഉമ്മയെ കാണണം.”

ഈയൊരു യുവാവിന്‍റെ ഈയൊരൊറ്റ തീരുമാനം കൊണ്ടു തന്നെ ഫലവത്തായിരിക്കുകയാണ് പച്ചപ്പട്ടുസാരിയുടെ സ്രഷ്ടാക്കളുടെ അദ്ധ്വാനം. യുവവൈദികരാണു പച്ചപ്പട്ടുസാരിയുടെ പ്രധാന പിന്നണിക്കാര്‍. സംവിധായകന്‍ ഫാ. ജേക്കബ് കോറോത്ത്, രചയിതാവ് ഫാ. നിബിന്‍ കുരിശിങ്കല്‍, ക്രിയേറ്റീവ് ഡയറക്ടര്‍ ഫാ. ജെയിംസ് തൊട്ടിയില്‍, നടന്‍ ഫാ. പോള്‍ കൊമ്പന്‍, ഡിസൈനര്‍ ഫാ. സാജോ പടയാട്ടില്‍ തുടങ്ങിയവര്‍. പണം മുടക്കിയും പ്രോത്സാഹിപ്പിച്ചും കൂടെ നിന്ന ഇവരുടെ സുഹൃദ് വൈദികഗണവും ഉണ്ട്. അനേകം സുവിശേഷപ്രസംഗങ്ങളുടേയും ധ്യാനങ്ങളുടേയും കൗണ്‍സലിംഗുകളുടേയും ഉപദേശങ്ങളുടേയുമെല്ലാം പ്രയോജനം അര മണിക്കൂറില്‍ താഴെ വരുന്ന ഹ്രസ്വചിത്രം കൊണ്ടു കരസ്ഥമാക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞുവെന്ന വിലയിരുത്തലിലാണ് ഇവരെല്ലാം.

ഈ വിലയിരുത്തലിലേയ്ക്കു നയിക്കുന്നത് ലക്ഷദ്വീപിലെ യുവാവിന്‍റേതിനു സമാനമായ പ്രതികരണങ്ങളാണ്. ഒപ്പം യുട്യൂബില്‍ വന്ന നൂറു കണക്കിനു കമന്‍റുകളും.
കണ്ടു, കണ്ണു നിറഞ്ഞു എന്നെഴുതിയിരിക്കുന്നവരില്‍ ഏറെയും പുതിയ തലമുറയിലുള്ളവരാണെന്നത് എടുത്തു പറയേണ്ടതാണ്.

എവിടെയോ ആരുടെയൊക്കെയോ ഹൃദയത്തെ ഇതു സ്പര്‍ശിക്കുന്നു. പ്രമേയത്തില്‍ പുതുമയില്ലെന്നു വിമര്‍ശിച്ചവര്‍ പോലും ചിത്രം ഹൃദയത്തെ സ്പര്‍ശിക്കാതെ പോകുന്നില്ലെന്നു സമ്മതിക്കുന്നുണ്ട്. അതു തന്നെയാണു തങ്ങള്‍ ഉദ്ദേശിച്ചതെന്നും പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ വ്യക്തമാക്കുന്നു.

യുട്യൂബില്‍ ചിത്രം കണ്ട രണ്ടുലക്ഷത്തോളം പേരില്‍ 70 ശതമാനവും 18 നും 24 നും ഇടയ്ക്കു പ്രായമുള്ളവരാണെന്നു ഫാ. ജെയിംസ് തൊട്ടിയില്‍ പറഞ്ഞു. ഈ പ്രായത്തിലുള്ളവരെയാണു ചിത്രം പ്രധാനമായും ലക്ഷ്യം വച്ചതും. ലക്ഷ്യം നിറവേറുന്നുവെന്ന സൂചനയാണ് യുട്യൂബ് ചാനലിന്‍റെ അനലറ്റിക്സില്‍ നിന്നു ലഭിക്കുന്നത്. എറണാകുളം അതിരൂപതയുടെ മാധ്യമവിഭാഗമായ പില്‍ഗ്രിംസ് കമ്യൂണിക്കേഷന്‍സിന്‍റെ യുട്യൂബ് ചാനലിലാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്.

നവമാധ്യമങ്ങളിലെ ഇടപെടല്‍ കൊണ്ടുദ്ദേശിക്കുന്നതു പുതുതലമുറയെ സംബോധന ചെയ്യുക എന്നതാണെന്നു സംവിധായകന്‍ ഫാ. ജേക്കബ് കോറോത്ത് ചൂണ്ടിക്കാട്ടി. ഈ തലമുറയോട് എന്തെങ്കിലും പറയണമെങ്കില്‍ അതു നവമാധ്യമങ്ങളിലൂടെ പറയണമെന്ന സ്ഥിതിയാണ് പുതിയ കാലം കൊണ്ടു വന്നിരിക്കുന്നത്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും സാംസ്കാരിക പരിവര്‍ത്തനവും പുതിയ തലമുറയുടെ സെന്‍സിബിലിറ്റിയില്‍ നവീകരണങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതു മനസ്സിലാക്കണം. നവ ഭാവുകത്വത്തിന് അനുസരിച്ചുള്ള മാധ്യമസൃഷ്ടികള്‍ ഉണ്ടാകണം. എങ്കില്‍ മാത്രമേ അവരെ അഭിസംബോധന ചെയ്യാന്‍ കഴിയുകയുള്ളൂ. നന്മയുടെ സന്ദേശം നവഭാവുകത്വത്തിനു ചേരുന്ന വിധത്തില്‍ അവതരിപ്പിച്ചാല്‍ പുതിയ തലമുറ അതേറ്റെടുക്കുക തന്നെ ചെയ്യുമെന്നു ഫാ. കോറോത്ത് പറഞ്ഞു. അതിനുള്ള ശ്രമമാണ് പില്‍ഗ്രിംസ് കമ്യൂണിക്കേഷന്‍സ് നടത്തുന്നത്.

കുടുംബത്തേയും പരമ്പരാഗത മൂല്യവ്യവസ്ഥകളേയും ബോധപൂര്‍വം പൊളിച്ചടുക്കുകയും അരാജകത്വത്തിന്‍റെ സന്ദേശം പകരുകയും ചെയ്യുന്നവയാണ് നമ്മുടെ പല നവ സിനിമകളുമെന്നു ഫാ. തൊട്ടിയില്‍ അഭിപ്രായപ്പെട്ടു. കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും സ്വാതന്ത്ര്യം നേടി വൈയക്തികസ്വാതന്ത്ര്യം പ്രഘോഷിക്കുന്നവരാണ് പുതിയ തലമുറയിലെ നായകര്‍. അതിനൊരു ബദല്‍ അവതരിപ്പിക്കാന്‍ ഈ സിനിമകളുടെ സൈദ്ധാന്തിക വിമര്‍ശനങ്ങള്‍ കൊണ്ടു സാധിക്കില്ല. ബദല്‍ സിനിമകള്‍ മാത്രമാണ് അതിനുള്ള വഴി.

ഒരു സിനിമ കൊണ്ടു സാധിക്കുന്നതു മറ്റൊന്നും കൊണ്ട് സാധിക്കില്ലെന്ന തിരിച്ചറിവ് പച്ചപ്പട്ടുസാരിയുടെ അണിയറക്കാര്‍ക്ക് അനുഭവം കൊണ്ടു കൈവന്നിട്ടുണ്ട്. അതുകൊണ്ട് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന വലിയ സിനിമ നിര്‍മ്മിക്കുക എന്നൊരു ലക്ഷ്യവും ഇവര്‍ മുന്നില്‍ കാണുന്നുണ്ട്.

സിനിമാരംഗത്തുള്ള നിരവധി പേര്‍ ഹ്രസ്വചിത്രം കണ്ട് അഭിനന്ദിച്ചിരുന്നു. ഫീച്ചര്‍ സിനിമയുമായി ബന്ധപ്പെട്ട വൈദികരുടെ സ്വപ്നത്തിനു അവര്‍ പിന്തുണ അറിയിക്കുകയും ചെയ്യുന്നു. ഏതെങ്കിലും സംവിധായകരുടെ കൂടെ ചേര്‍ന്നു ഫീച്ചര്‍ സിനിമകളുടെ നിര്‍മ്മാണം പരിചയിക്കാനൊരുങ്ങുകയാണ് ഫാ. കോറോത്ത്. അധികാരികളും വൈദികസമൂഹവും അതിനു പ്രോത്സാഹനവുമായി കൂടെയുണ്ട്.

അതേസമയം, യുട്യൂബിലൂടെ ഹ്രസ്വചിത്രങ്ങളും ഗാനങ്ങളും മറ്റും സംപ്രേഷണം ചെയ്യുന്നതു പില്‍ഗ്രിംസ് കമ്യൂണിക്കേഷന്‍സ് തുടരുമെന്നും ഫാ. കോറോത്ത് അറിയിച്ചു. 12 വൈദികര്‍ ചേര്‍ന്നു രൂപപ്പെടുത്തിയ ദ ട്വെല്‍വ് എന്ന മ്യൂസി ക് ബാന്‍ഡ്, ഉപകരണങ്ങളില്ലാതെ ‘അകപെല്ലാ’ രീതിയില്‍ അവതരിപ്പിച്ച ഗാനം യുട്യൂബില്‍ ലക്ഷകണക്കിനാളുകള്‍ കണ്ടിരുന്നു. പ്രളയത്തിനു ശേഷം ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്കു അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് തയ്യാറാക്കിയ ഉയിര്‍പാട്ട് എന്ന ഗാനവും സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചു. ഇത്തരം പാട്ടുകളും ഹ്രസ്വചിത്രങ്ങളും ഇനിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഫാ. നിബിന്‍ കുരിശിങ്കല്‍ എഴുതിയ ഒരു അനുഭവക്കുറി പ്പു വൈറലായതാണു പച്ചപ്പട്ടുസാരി എന്ന ഹ്രസ്വചിത്രത്തിന്‍റെ ആലോചനയ്ക്കു തുടക്കമാകുന്നത്. പില്‍ഗ്രിംസ് കമ്മ്യൂണിക്കേഷന്‍സിന്‍റെ സാരഥികളായ ഫാ. ജേക്കബ് കോറോത്തും ഫാ. ജെയിംസ് തൊട്ടിയിലും അതിനായി രംഗത്തിറങ്ങി. ജോസഫ് അന്നംകുട്ടി ജോസിനെ പോലുള്ള ഇവരുടെ സുഹൃത്തുക്കള്‍ പിന്തുണച്ചു. ക്രൗഡ് ഫണ്ടിംഗ് എന്നു പറയാവുന്ന രീതിയിലാ ണ് ധനസമാഹരണം നടത്തിയത്. നിരവധി പേര്‍ സഹായിച്ചു. പ്രതിഫലം വാങ്ങാതെയും യാത്രാക്കൂലി മാത്രം വാങ്ങിയും അനേകര്‍ സഹകരിച്ചു. അങ്ങനെയാണു ചിത്രം യാഥാര്‍ത്ഥ്യമായത്.

പുതിയ കാലത്തെ അജപാലനവും ചിത്രത്തില്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്. പുതിയ തലമുറയെ അവരായിരിക്കുന്ന ഇടങ്ങളില്‍ തേടിച്ചെല്ലുകയും കണ്ടെത്തുകയും കൂടെ കൂട്ടുകയും ചെയ്യുന്ന ഒരജപാലകനാണ് ഇതിലെ വൈദികന്‍. പച്ചപ്പട്ടുസാരിയുടെ തുടക്കത്തില്‍ നാം കാണുന്നത് അപ്പനും അമ്മയും പെങ്ങളുമുള്ള കുടുംബത്തിന്‍റെ ഫ്രെയിമില്‍ നിന്ന് പുറത്തേക്കിറങ്ങി പോകുന്ന യുവാവിനെയാണ്. സിനിമ തീരുമ്പോള്‍ അതേ ഫ്രെയിമിലേയ്ക്ക് കയറി വരികയാണ് നായകന്‍. ഒരര്‍ത്ഥത്തില്‍ അതൊരു വീണ്ടെടുപ്പാണ്. അതിനു സഹായിക്കുകയാണ് ആ അജപാലകന്‍. സമൂഹത്തിന് അതേ സഹായം ചെയ്യുകയാണ് ഈ ഹ്രസ്വചിത്രവും.

-സ്റ്റാഫ് റിപ്പോര്‍ട്ടര്‍

Leave a Comment

*
*