Latest News
|^| Home -> Cover story -> നല്ല കുടുംബജീവിതം എന്റെ കലാജീവിതത്തെ സമ്പന്നമാക്കുന്നു – കുഞ്ചാക്കോ ബോബൻ

നല്ല കുടുംബജീവിതം എന്റെ കലാജീവിതത്തെ സമ്പന്നമാക്കുന്നു – കുഞ്ചാക്കോ ബോബൻ

Sathyadeepam

? ക്രിസ്തുമസ് മനസ്സിലേക്ക് ഒത്തിരി സന്തോഷവും സ്മരണകളും കൊണ്ടുവരുന്ന ഒരു സീ സണാണ് സ്വന്തജീവിതത്തിലെ ക്രിസ്തുമസ് സ്മരണകള്‍?
ക്രിസ്തുമസ് കാലം ഒരുപാട് ഓര്‍മ്മകള്‍ മനസ്സിലുണര്‍ത്തുന്ന ഒരു കാലഘട്ടമാണ്. സിനിമയില്‍ വരുന്നതിനു മുമ്പും ശേഷവും ക്രിസ്തുമസ് ഒരിക്കലും ആഘോഷിക്കപ്പെടാതെ പോയിട്ടില്ല. പഠിക്കുന്ന കാലത്ത് കൂട്ടുകാരുമൊത്ത് ക്രിസ്തുമസ് കരോളിനൊക്കെ പോയിട്ടുണ്ട്. സിനിമയില്‍ വന്നിട്ടും ഈയടുത്ത് ഞങ്ങളുടെ ഫ്ളാറ്റില്‍ ക്രിസ്തുമസ് ഫാദറിന്‍റെ ഉടുപ്പിട്ടിട്ട് ഞാനാണ് പപ്പാഞ്ഞിയായി എല്ലാ ഫ്ളോറിലും പോയത്. ഭാര്യ പ്രിയയും കൂട്ടരും ഉണ്ടായിരുന്നു. കുറച്ചുപേര്‍ക്കു മാത്രമാണ് ഞാനാണ് ക്രിസ്തുമസ് ഫാദര്‍ എന്ന് അറിയാമായിരുന്നത്. ഒടുവിലാണ് എല്ലാവരും അറിഞ്ഞത്. അതു പോലെ സിനിമാ ലൊക്കേഷനുകളില്‍ ക്രിസ്തുമസ് ആഘോഷിച്ചിട്ടുണ്ട്. ക്രിസ്തുമസ് രാവില്‍ പാതിരാക്കുര്‍ബാനയ്ക്കു പോകാന്‍ ശ്രമിക്കാറുണ്ട്. കഴിവതും വീട്ടില്‍ത്തന്നെ ക്രിസ്തുമസ് ദിനം ചെലവഴിക്കാനാണ് ആഗ്രഹം. മനസ്സു കൊണ്ടും ശരീരം കൊണ്ടും ഉണ്ണി യേശുവിനെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്ന ക്രിസ്തുമസിന്‍റെ എല്ലാ സന്തോഷത്തോടും എല്ലാവരോടും കൂടി ക്രിസ്തുമസ് ആഘോഷിക്കാനാണ് ശ്രമിക്കാറുള്ളത്.

? ഒരു താരമെന്ന നിലയില്‍ ജീവിതം തിരക്കുകള്‍ ഉള്ളതാണല്ലോ. ഈ തിരക്കുകളുടെ ഇടയിലും ക്രിസ്തുവും ക്രിസ്തീയജീവിതവും ചെലുത്തുന്ന സ്വാധീനം?
ഒരു അഭിനേതാവും താരവും എന്ന നിലയിലും അല്ലാതെയും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി ഞാന്‍ സമയം ക ണ്ടെത്താറുണ്ട്. എവിടെയാണെങ്കിലും ഞായറാഴ്ച കുര്‍ബാന മുടക്കാറില്ല. ക്രൈസ്തവ വിശ്വാസത്തിലാണു ഞാന്‍ ജനിച്ചതും ജീവിച്ചതും വളര്‍ന്നതുമെല്ലാം. എങ്കിലും ഞാന്‍ ഒരു അമിതഭക്തനല്ല. ക്രിസ്തുവും ക്രൈസ്തവജീവിതവും എന്നും ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്. അത് എന്നും അങ്ങനെ ആയിരിക്കും. സിനിമയില്‍ വന്നതിനുശേഷം അതിനു മാറ്റങ്ങള്‍ വന്നതായി എനിക്കു തോന്നിയിട്ടില്ല. കാരണം ഞാന്‍ ഇന്നും ഒരു സാധാരണക്കാരനാണ്. സ്നേഹം കൊണ്ട് പലരും പ്രത്യേക പരിഗണന തരുന്നതല്ലാതെ അതു പ്രത്യേകം വേണമെന്നു വാശി പിടിക്കാറില്ല.

? ‘കുടുംബവും കുടുംബബന്ധങ്ങളും’ സിനിമാമേഖലയില്‍ പ്രതിസന്ധികള്‍ നേരിടുന്ന വിഷയങ്ങളാണ്. എന്നാല്‍ അങ്ങയുടെ പല പരിപാടികളിലും കുടുംബ ബന്ധങ്ങളോടു വച്ചുപുലര്‍ത്തുന്ന സമീപനശൈലികള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ്. ആ മേഖലയില്‍ അങ്ങു നല്കുന്ന പ്രതീക്ഷകള്‍ക്ക് പിന്നിലുള്ള കാരണങ്ങളും ചിന്തകളും….
കുടുംബവും കുടുംബബന്ധങ്ങളും സിനിമാ മേഖലയില്‍ മാത്രമാണ് പ്രതിസന്ധി നേരിടുന്നത് എന്നത് വലിയൊരു തെറ്റിദ്ധാരണയാണ്. സിനിമയിലായതുകൊണ്ട് ജനങ്ങള്‍ അതു പെട്ടെന്ന് അറിയുന്നു എന്നല്ലാതെ സാധാരണക്കാരുടെ ഇടയിലാണെങ്കില്‍ പോലും ഒരുപാട് പ്രശ്നങ്ങള്‍ ഉള്ള ഒരു കാലഘട്ടമാണിത്. പലതും അതിനു കാരണമാണ്. എന്നെ സംബന്ധിച്ചു ദൈവസഹായത്താല്‍ അത്തരത്തില്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ പ്രശ്നങ്ങള്‍ ഇല്ലാത്ത കുടുംബങ്ങളില്ല, ബന്ധങ്ങളില്ല. പക്ഷെ അതെല്ലാം തരണം ചെയ്ത് ഒന്നിച്ചു നില്‍ക്കാനായിട്ട് എന്‍റെ കുടുംബത്തിനു സാധിച്ചിട്ടുണ്ട്. അതിന്‍റെ പ്രധാന കാരണക്കാര്‍ കുടുംബത്തിലെ സ്ത്രീകളാണ്. എന്‍റെ അമ്മൂമ്മയാണെങ്കിലും അമ്മയാണെങ്കിലും ഭാര്യയാണെങ്കിലും ഇവരെല്ലാവരോടുമാണ് ഞങ്ങളുടെ കുടുംബം കടപ്പെട്ടിരിക്കുന്നത്. അവരുടെ ക്ഷമയും ആത്മാര്‍ത്ഥതയുമാണ് ഏതവസരത്തിലും അവസ്ഥയിലും ഒന്നിച്ചു നില്‍ക്കാന്‍ തുണയായിട്ടുള്ളത്.

? ഒരു സാധാരണക്കാരന്‍റെ ജീവിതശൈലിയേയും ചിന്താരീതികളേയും സിനിമ എത്രമാത്രം സ്വാധീനിക്കുന്നുണ്ട്?
കുട്ടികളെയും ചെറുപ്പക്കാരെയും സിനിമ പെട്ടെന്ന് ഒത്തിരി സ്വാധീനിക്കാറുണ്ട്. എന്‍റെ കുട്ടിക്കാലത്തും ചെറുപ്പക്കാലത്തും ഒരുപാടു സിനിമകള്‍ കണ്ടു ഞാന്‍ അതിശയിച്ചിട്ടുണ്ട്. മണ്ടത്തരങ്ങളാണെങ്കില്‍ പോലും അതുപലതും അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് ആ പ്രായത്തിന്‍റെ കാര്യങ്ങളാണ്. വളര്‍ന്നു നാം കുറേക്കൂടി പക്വത കൈവരിക്കുമ്പോള്‍ ഇതു സിനിമയാണെന്നും ജീവിതം വേറെയാണെന്നും തിരിച്ചറിവുണ്ടാകുന്നു. എന്നാല്‍പോലും ജീവിതത്തില്‍ നാം നേരിടണമെന്നു ആഗ്രഹിക്കുന്ന പല കാര്യങ്ങളും സിനിമയിലൂടെ നാം കണ്ടെത്തുന്നു. ചിലപ്പോള്‍ അതിലെ ചില കഥാപാത്രങ്ങളായി നാം സ്വയം മാറുന്നു. അപ്പോള്‍ ഒരു ആവേശമൊക്കെ നമുക്കു കിട്ടുമായിരിക്കും. ആ ഊര്‍ജ്ജം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുമായിരിക്കും. ആവിധത്തില്‍ സിനിമ ജീവിതത്തില്‍ സ്വാധീനം ചെലുത്താറുണ്ട്. അതുകൊണ്ട് കഴിവതും നല്ല സിനിമകളില്‍ അഭിനയിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുമ്പോഴും പൊതുവില്‍ സിനിമയുടെ ഒരു നല്ല സന്ദേശം അതില്‍ ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്.

? കലാകാരന് മദ്യം, ലഹരി മുതലായ ദുശ്ശീലങ്ങള്‍ ആകാം എന്നൊരു പൊതുധാരണയുണ്ട്. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?
മദ്യവും ലഹരിയും കലാകാരന് ആവാമെന്ന പൊതുധാരണ പോലെ രസകരമാണ് മദ്യം ക്രിസ്ത്യാനികള്‍ക്കു പൊതുവെയാകാം അഥവാ അച്ചായന്മാര്‍ക്ക് ആകാം എന്ന തെറ്റിദ്ധാരണയും. ഞാന്‍ മദ്യപിക്കാറില്ല, പുകവലിക്കാറില്ല. ചില പാര്‍ട്ടികളില്‍ ഇതു വ്യക്തമാക്കുമ്പോള്‍ പലരും അതിശയിച്ചിട്ടുണ്ട്. സിനിമാക്കാരനായിട്ടും കഴിക്കില്ലേ എന്നു ചോദിക്കുന്നതിനേക്കാള്‍ ഒരു നസ്രാണിയായിട്ടും ഇതൊക്കെ കഴിക്കാത്തതെന്ത് എന്ന ചോദ്യമാണ് ഞാന്‍ കൂടുതല്‍ കേട്ടിട്ടുള്ളത്. ജീവിതം തന്നെ ഒരു ലഹരിയാണ്. അത് ഏറ്റവും നല്ല രീതിയില്‍ ആസ്വദിക്കാനായി ശ്രമിക്കണമെന്നാണ് എനിക്കു പറയാനുള്ളത്.

? കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍?
ഒരു കഥ കേള്‍ക്കുമ്പോള്‍ കഥാപാത്രത്തേക്കാള്‍ ഉപരി കഥയ്ക്കാണ് ആദ്യം പ്രാധാന്യം കൊടുക്കുന്നത്. ഏതു തരത്തിലുള്ള സിനിമയാണെങ്കിലും അതിന്‍റെ കഥ എന്നെ തൃപ്തിപ്പെടുത്തുന്നുണ്ടോ എന്നാണ് ആദ്യം നോക്കുക. ഇഷ്ടപ്പെട്ട കഥയാണെങ്കില്‍ എന്‍റെ കഥാപാത്രത്തിന് എന്തു പ്രാധാന്യമുണ്ടെന്നു നോക്കും. അത് സീനുകളുടെ വലുപ്പമോ ഡയലോഗുകളുടെ വലുപ്പമോ നോക്കിയല്ല. ചെറിയ സീനാണെങ്കിലും എത്രത്തോളം പ്രേക്ഷകരുടെ മനസ്സിലേക്ക് കയറാന്‍ സാധിക്കും എന്ന് ആലോചിക്കാറുണ്ട്. എനിക്ക് ആ കഥാപാത്രത്തെ എങ്ങനെ ഉള്‍ക്കൊള്ളാനാകും എന്നും നോക്കും. പണ്ട് കൂടുതലും റൊമാന്‍റിക് കഥാപാത്രങ്ങളായിരുന്നു ഞാന്‍ ചെയ്തിരുന്നത്. ഒരു താരം എന്നതിനേക്കാള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ അറിയപ്പെടണം എന്ന ആഗ്രഹത്തിന്‍റെ ഭാഗമായി വ്യത്യസ്ത ചിന്തകള്‍ രൂപപ്പെടുത്തുന്ന സിനിമകളുടെ ഭാഗമാകാന്‍ ശ്രമിക്കുന്നുണ്ട്. രാമന്‍റെ ഏദന്‍തോട്ടം, ടേക്ക് ഓഫ് എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ എല്ലാം ഓരോ തരത്തില്‍ പ്രത്യേകതകള്‍ ഉള്ള സിനിമികളാണ്. അവ ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍പ്പെടുത്തി മാറ്റി നിറുത്താവുന്നവയല്ല. ആ രീതിയില്‍ വ്യത്യസ്തമായ കഥകളിലൂടെ സിനിമകളിലൂടെ സഞ്ചരിക്കാന്‍ സാധിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഒരു സിനിമയുടെ കഥ എന്നെ തൃപ്തിപ്പെടുത്തുന്നുണ്ടോ എന്നതും കഥാപാത്രങ്ങളുടെ വ്യത്യസ്തതയും ഞാന്‍ നോക്കുന്നുണ്ട്. നല്ല ഒരു സിനിമയുടെ ഭാഗമാകണം എന്ന ആഗ്രഹം മാത്രമാണ് എപ്പോഴും മുന്നിട്ടു നില്‍ക്കുന്നത്.

? കുടുംബജീവിതവും കലാജീവിതവും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകുന്നു?
കലാജീവിതം ഉള്ളതുകൊണ്ടാണ് എനിക്ക് കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നത്. നല്ലൊരു കുടുംബജീവിതം ഉള്ളതുകൊണ്ടാണ് നല്ലൊരു കലാജീവിതവും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നത്. നമ്മെ മനസ്സിലാക്കുന്ന ഒരു പങ്കാളിയുണ്ടെങ്കില്‍ എന്തു കാര്യവും നന്നായി കൊണ്ടുപോകാന്‍ സാധിക്കും. എന്‍റെ അമ്മയിലൂടെ കണ്ടിട്ടുള്ള ഇക്കാര്യം എന്‍റെ ഭാര്യയിലൂടെ തുടരാന്‍ സാധിക്കുന്നത് വലിയ ദൈവാനുഗ്രഹമാണ്.

? സാമൂഹ്യപ്രശ്നങ്ങളിലും, സാമൂഹ്യപ്രവര്‍ത്തനങ്ങളിലും മറ്റും ഒരു കലാകാരന്‍ എന്ന നിലയില്‍ എങ്ങനെ ഇടപെടുന്നു?
മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. ഒരു കലാകാരന്‍ സമൂഹത്തില്‍ നിന്നു ഒറ്റപ്പെട്ടു മാറി നില്‍ക്കേണ്ട വ്യക്തിയല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. സാമൂഹ്യപ്രസക്തിയുള്ള പല കാര്യങ്ങളിലും ഞാന്‍ ഇടപെടുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിന്‍റെ ഭാഗമായി കലാകാരന്‍ നിലകൊള്ളണം എന്ന ചിന്തകൊണ്ടുതന്നെയാണ് അതിലെല്ലാം ഇടപെടുന്നതും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതും.

Leave a Comment

*
*