കുറ്റബോധവും കുമ്പസാരവും

കുറ്റബോധവും കുമ്പസാരവും

ഡോ. അലോഷ്യസ് പാറത്താഴം സിഎസ്ടി

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചകഴിഞ്ഞു മൂന്നു മണിക്കു കുമ്പസാരിച്ചിരുന്നതായി വായിച്ചിട്ടുണ്ട്. മാത്രമല്ല ചരിത്രത്തില്‍ ആദ്യമായി ഒരു മാര്‍പാപ്പ – നമ്മുടെ ഇപ്പോഴത്തെ മാര്‍പാപ്പയായ ഫ്രാന്‍സിസ് മാര്‍പാപ്പ – കുമ്പസാരക്കൂട്ടില്‍ കുമ്പസാരിപ്പിക്കാനിരുന്ന ഒരു വൈദികന്‍റെ മുമ്പില്‍ മുട്ടുകുത്തി കുമ്പസാരിക്കുന്ന ചിത്രം നമ്മളില്‍ പലരും സന്തോഷത്തോടെ കണ്ടിട്ടുണ്ടായിരിക്കുമല്ലോ. അങ്ങനെ കുമ്പസാരമെന്ന പവിത്രമായ കൂദാശയുടെ മാഹാത്മ്യം തന്‍റെ ജീവിതത്തിലൂടെ ലോകത്തിനു കാണിച്ചുതന്നു. അതുപോലെ നല്ല ഒരുക്കത്തോടെ, താത്പര്യത്തോടെ ഒരു നല്ല കുമ്പസാരം നടത്തിയാല്‍ ഏറെ സന്തോഷവും സംതൃപ്തിയുമുണ്ടാകും എന്നതിന് ഒരു സംശയവുമില്ല.

തെറ്റും കുറ്റവും
തെറ്റു കുറ്റവും തമ്മില്‍ വ്യത്യാസമുണ്ട്. തെറ്റ് എന്നത് ദൈവനീതിക്കു നിരക്കാത്ത പ്രവൃത്തിയാണെങ്കില്‍ കുറ്റം സാമൂഹ്യനീതിക്കു യോജിക്കാത്ത പ്രവൃത്തിയാണ്. തെറ്റു ചെയ്യാനിടയായാല്‍ മനസ്തപിച്ചു കുമ്പസാരിച്ചാല്‍ മാപ്പു ലഭിക്കും. എന്നാല്‍ കുറ്റം ചെയ്താല്‍ രാജ്യത്തിന്‍റെ നിയമമനുസരിച്ചു ശിക്ഷ ലഭിക്കേണ്ടി വരും.

മനുഷ്യരെല്ലാവരും ബലഹീനരാണ്. പാപത്തില്‍ വീഴാന്‍ സാദ്ധ്യതയുള്ളവരാണ്. അതുകൊണ്ടു ലോകരക്ഷകനായ ഈശോ ലോകാവസാനംവരെയുള്ള മനുഷ്യര്‍ക്കു പാപമോചനം ലഭിക്കുവാനായി പാപമോചനാധികാരം തന്‍റെ പിന്‍ഗാമികള്‍ക്കു നല്കി. അങ്ങനെ അനുരഞ്ജന കൂദാശ ഒരുക്കത്തോടും വിശ്വാസത്തോടുംകൂടി സ്വീകരിച്ചുകഴിയുമ്പോള്‍ സന്തോഷവും സംതൃപ്തിയുമാണു ലഭിക്കാറുള്ളത്. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇപ്രകാരമുള്ള സമാധാനവും സംതൃപ്തിയും ലഭിക്കാറില്ല. എന്തായിരിക്കാം അതിനു കാരണം?

കുറ്റബോധവും പാപബോധവും
ധാര്‍മികജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്നവരില്‍ രണ്ടു തരത്തിലുള്ള മനോഭാവങ്ങള്‍ രൂപപ്പെടാം – പാപബോധമോ കുറ്റബോധമോ. ഇവ രണ്ടും തമ്മിലുള്ള അന്തരം തിരിച്ചറിയാന്‍ സാധിച്ചെങ്കിലേ നല്ല കുമ്പസാരം കഴിച്ചു സമാധാനമായി ജീവിതം നയിക്കുവാന്‍ സാധിക്കുകയുളളൂ.

കഴിഞ്ഞ നൂറ്റാണ്ടിലെ പ്രഗത്ഭനായ വാഗ്മിയും ചിന്തകനും എഴുത്തുകാരനുമായിരുന്ന അമേരിക്കയില്‍ ജീവിച്ചിരുന്ന ആര്‍ച്ച്ബിഷ്പ ഫുള്‍ട്ടണ്‍ ഷീന്‍ പാപബോധവും കുറ്റബോധവും തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമായും ലളിതമായും വിവരിക്കുന്നുണ്ട്. കുറ്റബോധം എന്നതു തന്‍റെ തന്നെ കുറവുകളിലേക്കും കുറ്റങ്ങളിലേക്കും തിരിഞ്ഞിരിക്കുന്ന അവസ്ഥയാണ്. ഉദാഹരണമായി കര്‍ത്താവിനെ ഒറ്റിക്കൊടുത്ത യൂദാസ് "നിഷ്കളങ്ക രക്തത്തെ ഒറ്റിക്കൊടുത്തു ഞാന്‍ പാപം ചെയ്തിരിക്കുന്നു" (മത്താ. 27:4) യൂദാസിന്‍റെ അന്ത്യമാകട്ടെ "വെള്ളിനാണയങ്ങള്‍ ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട് അവന്‍ പോയി കെട്ടിഞാന്നു ചത്തു" (മത്താ. 27:5).

യേശുവിനെ മൂന്നു പ്രാവശ്യം നിഷേധിച്ചു പറഞ്ഞ പത്രോസാകട്ടെ യേശുവില്‍ പ്രത്യാശയര്‍പ്പിച്ച് അവന്‍റെ പിന്നാലെ പോയി. പുനരുത്ഥാനം ചെയ്ത ഈശോ "നീ എന്നെ സ്നേഹിക്കുന്നുവോ" എന്നു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് "ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്ന് ഓരോ പ്രാവശ്യവും മറുപടി പറഞ്ഞു കര്‍ത്താവിന്‍റെ കരുണയില്‍ ആശ്രയിച്ചു. പാപം സ്നേഹത്തിന്‍റെ ലംഘനമാണെങ്കില്‍ പാപമോചനം സ്നേഹത്തിന്‍റെ പുനരാവിഷ്കാരണമാണ്. പൂര്‍ണഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണമനസ്സോടും കൂടെ ദൈവത്തെ സ്നേഹിക്കുന്നതാണു യഥാര്‍ത്ഥ മനസ്താപം.

കുറ്റബോധം എന്നതു ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കാന്‍ സാധിക്കാത്തതുകൊണ്ടു തന്നോടുതന്നെ തോന്നുന്ന അമര്‍ഷവും വെറുപ്പുമാണ്. കുറ്റബോധം പലപ്പോഴും അപകര്‍ഷതാബോധത്തില്‍ നിന്ന് ഉത്ഭവിക്കുന്നതാണ്. കുറ്റ ബോധം അനുഭവപ്പെടുന്ന വ്യക്തി താന്‍ ചെയ്തതോ ചെയ്തുവെന്ന് അകാരണമായി ചിന്തിച്ചു നിരന്തരം ദുഃഖിച്ചു ജീവിക്കുന്ന അവസ്ഥയാണ്. ദൈവംപോലും തന്‍റെ തെറ്റു ക്ഷമിക്കുകയില്ല എന്ന മാനസികാവസ്ഥയിലായിരിക്കും ഇവര്‍ ജീവിതം മുന്നോട്ടു തള്ളിവിടുന്നത്. ഇത്തരത്തിലുള്ള അവസ്ഥ പല മാനസികരോഗങ്ങളിലേക്കും വഴിതെളിക്കാം.

കുറ്റബോധവും മാനസികരോഗവും
വിഷാദരോഗം (depression) ബാധിച്ചവരില്‍ കുറ്റബോധം കൂടുതലായി കാണാറുണ്ട്. ഇത്തരത്തിലുള്ള മാനസികാവസ്ഥയുള്ളവര്‍ ജീവിതത്തോടുതന്നെ മടുപ്പും വെറുപ്പും പ്രത്യാശയില്ലായ്മയും അപകര്‍ഷതാബോധവും, തന്നെ ഒരുവനും സ്നേഹിക്കുന്നില്ല എന്ന മനോഭാവവും ഉണ്ടാകാം. കഴിഞ്ഞ കാലങ്ങളില്‍ പല തെറ്റുകളും ചെയ്തു ജീവിച്ചയാളാണെന്നും ഇനി ശേഷിച്ചിരിക്കുന്ന കാലം അവയില്‍ നിന്നു മുക്തി നേടി നല്ല ജീവിതം നയിക്കാന്‍ സാദ്ധ്യമല്ലെന്നും ചിന്തിച്ചുപോകാം. വിഷാദരോഗത്തോടെ പല മാനസികരോഗങ്ങളും ഇത്തരക്കാരെ പിടികൂടാം.

കുറ്റബോധവുമായി ബന്ധപ്പെട്ട മറ്റൊരു മാനസികരോഗമാണു നിയന്ത്രിക്കാന്‍ പറ്റാത്ത ചിന്തകളും പ്രവൃത്തികളും അനുഭവപ്പെടുക എന്നത്. ഒബ്സസ്സീവ് കംപള്‍സീവ് ഡിസ്ഓര്‍ഡര്‍ (Obsessive Compulsive Disorder) എന്നാണ് ഇത്തരത്തിലുള്ള രോഗത്തെ മനഃശാസ്ത്രജ്ഞന്മാര്‍ നാമകരണം ചെയ്യുന്നത്. ഒബ്സഷന്‍ എന്നതു നിയന്ത്രിക്കാന്‍ പറ്റാത്ത ചിന്തയും കംപള്‍ഷന്‍ എന്നതു നിയന്ത്രിക്കാന്‍ പറ്റാത്ത പ്രവൃത്തിയുമാണ്. ഇത്തരം രോഗം പിടിപെട്ട വ്യക്തി ഉറങ്ങാന്‍ കിടന്നു കഴിയുമ്പോള്‍ താന്‍ മുറിയുടെ കതക് നല്ലതുപോലെ അടച്ചോ എന്ന ചിന്ത വരുന്നു. ഉടനെതന്നെ എണീറ്റ് കതക് പരിശോധിക്കുന്നു. ഇത്തരത്തിലുള്ള പ്രവൃത്തി പല പ്രാവശ്യം ആവര്‍ത്തിച്ചെന്നു വരാം. ഇത്തരക്കാര്‍ തന്‍റെ പാപങ്ങളെല്ലാം വൈദികനോടു ഏറ്റുപറഞ്ഞോ? വൈദികന് അതു ശരിയായി മനസ്സിലായോ എന്നിങ്ങനെ പോകുന്നു ചിന്തകള്‍. അതിന്‍റെ ഫലമായി അടുക്കലടുക്കലോ ദിവസേനയോ കുമ്പസാരിച്ചെന്നു വരാം.

മാനസിക വിഭ്രാന്തിയുളള ഉന്മാദരോഗികളിലും കുറ്റബോധം കൂടുതലായി കണ്ടുവെന്നു വരാം. ഉദാഹരണത്തിന് അബോര്‍ഷനു വിധേയയായ ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ ഉദരത്തില്‍വച്ചു നശിപ്പിക്കപ്പെട്ടതിന്‍റെ ഫലമായി കുഞ്ഞിന്‍റെ കരച്ചില്‍ ഓഡിറ്ററി ഹല്ലൂസിനേഷന്‍ (Auditor hallucination) അനുഭവപ്പെടാം. അപക്വമതികളായ കൗണ്‍സിലേഴ്സോ ശരിയായ അറിവില്ലാത്ത വചനപ്രോഷകരോ ഇത്തരക്കാരെ വീണ്ടും വീണ്ടും കുമ്പസാരിക്കുവാന്‍ നിര്‍ബന്ധിച്ചെന്നു വരാം.

കുറ്റബോധത്തിന്‍റെ ഉറവിടം
കുറ്റബോധം ഒരു വ്യക്തിക്കു ചെറുപ്പത്തില്‍ ലഭിച്ച ധാര്‍മിക ശിക്ഷണത്തില്‍ നിന്നു രൂപംകൊണ്ടതാകാം. മാതാപിതാക്കള്‍ ചെയ്യുന്നതും പറയുന്നതും അനുസരിച്ചു മക്കളുടെ ധാര്‍മികജീവിതം അവര്‍ പടുത്തുയര്‍ത്തുന്നു. മാത്രമല്ല, തെറ്റിന്‍റെ ഗൗരവം ഗ്രഹിക്കാന്‍ അവസരം കൊടുക്കാതെ മക്കളെ കഠിനമായി ശിക്ഷിച്ചാല്‍ കുറ്റബോധം രൂപപ്പെടാം.

ലൈംഗികതയെപ്പറ്റിയുള്ള തെറ്റായ അറിവും മുതിര്‍ന്നവരില്‍ നിന്നുള്ള ഭയപ്പെടുത്തലും കുറ്റബോധത്തിലേക്കു നയിക്കാം. ലൈംഗികത ദൈവത്തിന്‍റെ ദാനമാണ്, ലൈംഗികാഗ്രഹങ്ങള്‍ ഉണ്ടാകുന്നതു സ്വാഭാവികമാണ് എന്ന കാഴ്ചപ്പാടിലൂടെ കാണാതെ sex = sin എന്ന ചിന്ത ചെറുപ്പത്തില്‍ത്തന്നെ ചില കുട്ടികള്‍ക്കു ലഭിക്കാറുണ്ട്. ഉദാഹരണമായി കൊച്ചുകുട്ടികള്‍ തങ്ങളുടെ ശരീരഭാഗങ്ങളില്‍ – കണ്ണ്, മൂക്ക്, ചെവി സ്പര്‍ശിച്ചാല്‍ മാതാപിതാക്കള്‍ അസ്വസ്ഥരാകാറില്ല, പ്രതികരിക്കാറില്ല. എന്നാല്‍ അവര്‍ തങ്ങളുടെ ലൈംഗികാവയവങ്ങളെ സ്പര്‍ശിച്ചാല്‍ ഉടനെ അമ്മമാര്‍ ദേഷ്യപ്പെട്ടെന്നു വരാം, 'ഇച്ചീച്ചി' എന്നൊക്കെ പറഞ്ഞു മക്കളെ പരിഹസിക്കുകയോ ശകാരിക്കുകയോ ചെയ്തെന്നു വരാം. അതുവഴി ലൈംഗികതയും ലൈംഗികാവയവങ്ങളും മോശമാണെന്ന സന്ദേശം കുട്ടികള്‍ക്കു ലഭിക്കാം. അതു കുറ്റബോധത്തിലേക്കു വഴിതെളിക്കാം.

മനഃശാസ്ത്രത്തില്‍ 'ലോ ഓ ഫ് റിവേഴ്സ് ഇഫെക്ട്" – Law of reverse effect – എന്നൊരു തത്ത്വമുണ്ട്. അതിന്‍റെ ആശയം ഭയപ്പെടുന്നതില്‍ ചെന്നു വീഴാന്‍ സാദ്ധ്യതയുണ്ട് എന്നാണ്. ഉദാഹരണമായി വാഹനം ഓടിച്ചുപഠിക്കുമ്പോള്‍ പലര്‍ക്കും ഭയമുണ്ടാകും. മുമ്പില്‍ കാണുന്ന ഒരു കുഴിയില്‍ വീഴല്ലേ എന്നു ഭയപ്പെട്ട് ഓടിച്ചാല്‍ അതില്‍ത്തന്നെ ചെന്നുവീഴാന്‍ സാദ്ധ്യതയുണ്ട്.

കുറ്റബോധം vs കരുണയുള്ള കര്‍ത്താവ്
കുറ്റബോധമുള്ള വ്യക്തിക്കു കരുണയുള്ള കര്‍ത്താവിനെ കാണുവാന്‍ സാധിക്കുകയില്ല. ലൂക്കാ എഴുതിയ സുവിശേഷത്തെ കരുണയുടെ സുവിശേഷം എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ഒരുവന്‍ എത്രമാത്രം പാപം ചെയ്താലും പാപങ്ങള്‍ നിരുപാധികം ക്ഷമിക്കുകയും തിരിച്ചുവരുന്ന വ്യക്തിയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചും മാറോടു ചേര്‍ത്തുപിടിക്കുന്ന കരുണയുടെ മൂര്‍ത്തീഭാവമാണു പുതിയ നിയമത്തിലെ ദൈവം. കുറ്റബോധമുള്ള വ്യക്തി അവിശ്വസ്തയായ ഭാര്യയെപ്പോലെയാണ്. അവള്‍ തന്‍റെ തെറ്റിന്‍റെ ഗൗരവം മനസ്സിലാക്കി മനസ്തപിച്ചു തിരിച്ചു വന്നു. പക്ഷേ, വീടിനുള്ളില്‍ പ്രവേശിക്കുവാന്‍ തയ്യാറാകാതെ തെറ്റിനു പരിഹാരം ചെയ്തതു പൂര്‍ണമായില്ല എന്ന മാനസികവ്യഥയില്‍ വീടിനു പുറത്തു കരഞ്ഞുകൊണ്ടു നില്ക്കുന്നു. എന്നാല്‍ അവളുടെ ഭര്‍ത്താവാകട്ടെ വാതിലുകള്‍ തുറന്ന് താത്പര്യത്തോടെ അവളെ പ്രതീക്ഷിച്ചു കാത്തിരിക്കുന്നു.

യഥാര്‍ത്ഥ മനസ്താപം എന്നതു കര്‍ത്താവേ ഞാന്‍ പാപം ചെയ്തു എന്നു പറഞ്ഞു പാപത്തെപ്പറ്റി ചിന്തിച്ചു ദിനരാത്രങ്ങള്‍ തള്ളിനീക്കാതെ "കര്‍ത്താവേ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു" എന്നു പറഞ്ഞു കര്‍ത്താവിന്‍റെ പക്കലേയ്ക്ക് അടുക്കുകയാണ്. പാപിനിയായ മറിയത്തോടു കര്‍ത്താവു പറഞ്ഞു: "അവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ അവള്‍ അധികം സ്നേഹിച്ചു. ആരോട് അല്പം ക്ഷമിക്കുന്നുവോ അവന്‍ അല്പം സ്നഹിക്കുന്നു" (ലൂക്കാ7:47).

പരിശുദ്ധാത്മാവിനെക്കുറിച്ചു കര്‍ത്താവ് പറഞ്ഞത്, "അവന്‍ വന്നു പാപത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോദ്ധ്യപ്പെടുത്തും (യോഹ. 16:8) എന്നാണു, ലോകത്തെ കുറ്റപ്പെടുത്തും എന്നല്ല.

ദുഃഖഭാവം മനസ്സില്‍ താലോലിച്ചാല്‍
സന്തോഷകരമായവ മനസ്സില്‍വച്ചു സന്തോഷിക്കുന്നതിനേക്കാള്‍ ദുഃഖകരമായ കാര്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടിരിക്കുന്നവരാണ് അധികമാളുകളും. കാന്‍സര്‍ രോഗം പിടിപെട്ടു മരണാസന്നനായ നോര്‍മന്‍ കസിന്‍സ് എന്ന അമേരിക്കക്കാരന്‍ സ്വന്തം ഇഷ്ടപ്രകാരം ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ഷീറ്റു വാങ്ങി സ്വഭവനത്തിലേക്കു പോയി. രോഗത്തെപ്പറ്റി ചിന്തിക്കാതെ "ചാര്‍ലി ചാപ്ലിനിലെ" പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങള്‍ കണ്ടു ചിരിച്ചുചിരിച്ചു കാന്‍സര്‍ രോഗത്തില്‍നിന്നു പൂര്‍ണമുക്തി നേടിയെന്നു വായിച്ചിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം ഒരു വലിയ സദസ്സിന്‍റെ മുമ്പില്‍ നല്ലൊരു തമാശ പറഞ്ഞു. എല്ലാവരും പൊട്ടിച്ചിരിച്ചു. അതേ തമാശ രണ്ടാമത് ആവര്‍ത്തിച്ചു. മൂന്നിലൊന്നു പേര്‍ ചിരിച്ചു. മൂന്നാമതും അതേ തമാശആവര്‍ത്തിച്ചു. ഒരുവനും ചിരിച്ചില്ല. അദ്ദേഹം പറഞ്ഞു, ദുഃഖകരമായ ഒരു സംഭവമാണു പറഞ്ഞിരുന്നതെങ്കില്‍ നിങ്ങള്‍ വീണ്ടും വീണ്ടും അതുതന്നെ ചിന്തിക്കുമായിരുന്നില്ലേ?

പരിശുദ്ധാത്മാവോ ദുരാത്മാവോ?
കുറ്റബോധം അനുഭവപ്പെടുന്ന ചിലരെങ്കിലും ഒരേ പാപം തന്നെ പല പ്രാവശ്യം കുമ്പസാരിച്ചു പാപമോചനം ലഭിച്ചാലും പരിശുദ്ധാത്മാവ് ഒരിക്കല്‍ കൂടി അതേ പാപം കുമ്പസാരിക്കാന്‍ വെളിപ്പെടുത്തുന്നു എന്നു പറയാറുണ്ട്. പഴയ കാലത്തെ പാപങ്ങള്‍ ദൈവം ക്ഷമിച്ചാലും മനുഷ്യന്‍റെ സമാധാനം കളയുന്നതു പരിശുദ്ധാത്മാവാണോ?

യൂദാസ് എഴുതിയ ലേഖനം 9-ാം തിരുവചനത്തില്‍ ഇപ്രകാരം വായിക്കുന്നു: "പ്രധാന ദൂതനായ മിഖായേല്‍ മോശയുടെ ശരീരത്തെ ചൊല്ലി പിശാചിനോടു തര്‍ക്കിച്ചപ്പോള്‍ അവനെ കുറ്റപ്പെടുത്തി ഒരു നിന്ദാവചനംപോലും ഉച്ചരിക്കാന്‍് തുനിഞ്ഞില്ല; പിന്നെയോ കര്‍ത്താവു നിന്നെ ശാസിക്കട്ടെ എന്നു മാത്രം പറഞ്ഞു" (യൂദാസ് ് 9). മോശ മരിച്ചപ്പോള്‍ മോശയുടെ ശരീരം സംസ്കരിക്കാന്‍ മിഖായേല്‍ മാലാഖയെ ദൈവം ഏല്പിച്ചു എന്നു പറയപ്പെടുന്നു. "കര്‍ത്താവു രക്ഷിച്ച ആത്മാക്കളെ സ്വര്‍ഗത്തിലേക്കു കൂട്ടിക്കൊണ്ടുപോകുവാന്‍ നിയോഗിച്ചിട്ടള്ളതു നിന്നെത്തന്നെയാണല്ലോ" എന്നാണല്ലോ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥനയില്‍ നാം ചൊല്ലുന്നത്.

മോശ ചില തെറ്റകളെല്ലാം ചെയ്തിട്ടുണ്ട്. അതിലൊന്നാണു മോശ ഈജിപ്തില്‍ ആയിരുന്നപ്പോള്‍ 'സ്വജനത്തില്‍പ്പെട്ട ഒരു ഹെബ്രായനെ ഒരു ഈജിപ്തുകാരന്‍ പ്രഹരിക്കുന്നതു കണ്ട് അവന്‍ ചുറ്റും നോക്കി. ആരുമില്ലെന്ന് കണ്ടപ്പോള്‍ ആ ഈജിപ്തുകാരനെ കൊന്നു മണലില്‍ മറവു ചെയ്തു" (പുറ. 2:11-12). മോശയുടെ തെറ്റു ദൈവം ക്ഷമിച്ചു. കാരണം മോശ കര്‍ത്താവിന്‍റെ ദാസനായിട്ടാണു വി. ഗ്രന്ഥം വിശേഷിപ്പിക്കുന്നത്. "കര്‍ത്താവിന്‍റെ ദാസനായ മോശ അവിടുന്ന് അരുളിച്ചെയ്തതുപോലെ മൊവാബു ദേശത്തുവച്ചു മരിച്ചു. മൊവാബുദേശത്തു ബത്പെയോറിന് എതിരെയുള്ള താഴ്വരയില്‍ അവന്‍ സംസ്കിരിക്കപ്പെട്ടു" (നിയ. 34:5-6).

ലോകാവസാനം വരെ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും പാപങ്ങള്‍ക്ക് പരിഹാരമായി ഈശോ സ്വയം ബലിയര്‍പ്പിച്ചു. ആ കര്‍ത്താവില്‍ വിശ്വസിച്ചു കര്‍ത്താവിനോടു വലതുവശത്തെ കള്ളന്‍ പ്രാര്‍ത്ഥിച്ചതുപോലെ 'അങ്ങയുടെ രാജ്യത്ത് ആയിരിക്കുമ്പോള്‍ തന്നെയുംകൂടി ഓര്‍ക്കണമേ' എന്നു പ്രത്യാശയോടെ പ്രാര്‍ത്ഥിക്കാം." അപ്പോള്‍ കര്‍ത്താവ് ആ കള്ളനോടു പറഞ്ഞ മറുപടി നമുക്കു കേള്‍ക്കാം: "നീ ഇന്ന് എന്നോടുകൂടി പറുദീസയിലായിരിക്കും" (ലൂക്കാ 23:43).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org