കുറ്റവും രക്ഷയും: കുമ്പസാരം എന്ന അത്ഭുതം

കുറ്റവും രക്ഷയും: കുമ്പസാരം എന്ന അത്ഭുതം

ഫാ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, മംഗലപ്പുഴ

വലിയ നോമ്പിന്‍റെ പുണ്യദിനങ്ങളില്‍ കേരളം കണ്ടതും കേട്ടതും ഒട്ടും പുണ്യപ്പെട്ട കാര്യങ്ങളല്ല. അക്രമവും ആര്‍ത്തിയും വീറോടെ മത്സരിക്കുന്ന നമ്മുടേതുപോലുള്ള ദുഷിച്ച ഇടങ്ങളില്‍ പാവങ്ങളുടെ വിഹിതമെന്നും നിര്‍ബന്ധിത നോമ്പാണ്. ആണ്ടുവട്ടത്തിലെ പീഡാനുഭവവാരം തുടങ്ങുംമുമ്പേ മനുഷ്യപുത്രന്‍ എത്രയോ വട്ടം ഒറ്റികൊടുക്കപ്പെട്ടിരിക്കുന്നു, മരിച്ചു കഴിഞ്ഞിരിക്കുന്നു!

തങ്ങളുടെ അനീതിയില്‍ സത്യത്തെ തളച്ചിടുന്ന മനുഷ്യരുടെ സകല ദുഷ്ടതയ്ക്കുമെതിരായി ദൈവത്തിന്‍റെ ക്രോധം ആകാശത്തുനിന്നു പ്രത്യക്ഷപ്പെടുന്നതിനു മുമ്പേ നാം അനുതപിക്കണം. അന്യായമായി പീഡകളേറ്റ് അകാലത്തില്‍ മരിച്ചവരുടെ മേലങ്കികള്‍ മാധ്യമതാളുകളില്‍ കമന്‍റുകളായും കവിതകളായും ഭാഗിച്ചെടുത്തു പിരിഞ്ഞുപോകാന്‍ തുടങ്ങിയിരിക്കുന്നു കൂട്ടുപ്രതികളായ ഈ ലേഖകനടക്കമുള്ളവര്‍. നാം പിരിഞ്ഞു പോകരുത്. സംഭവിച്ച അധര്‍മ്മത്തില്‍ എന്‍റെ പങ്കെന്താണ്, പരിഹാരമായി ഞാനെന്തു ചെയ്യും എന്നൊക്കെ സക്കേവൂസിനെപ്പോലെ കൃത്യമായി പറയാനാകുന്നതുവരെ ആള്‍ക്കൂട്ടത്തില്‍ ഞാന്‍ എഴുന്നേറ്റ് നില്ക്കണം, കണ്ണീരോടെ കരച്ചിലും ഏറ്റുപറച്ചിലും: അതാണ് അധര്‍മ്മികള്‍ അനുഷ്ഠിക്കേണ്ട ശേഷക്രിയകള്‍.

മധുവെന്ന ഇരയോടൊപ്പം സെല്‍ഫിയെടുത്ത വേട്ടക്കാരനെ കണ്ടപ്പോള്‍ കയ്യിലുള്ള സ്വന്തം സെല്‍ഫോണിനോട് ആദ്യമായി അറപ്പുതോന്നി. എങ്കിലും പിന്നീടു കുറെയൊക്കെ ഹൃദയപൂര്‍വകമായ കരച്ചിലും ഏറ്റുപറച്ചിലും സെല്‍ഫോണ്‍ സ്ക്രീനില്‍ വായിക്കാനായപ്പോള്‍ തെല്ലൊരു ആശ്വാസം അനുഭവപ്പെട്ടു. അധര്‍മ്മത്തിന്‍റെ ഭീകരതയും അധര്‍മ്മത്തിനിരയായവരുടെ ദൈന്യതയും തുടര്‍ച്ചയായി കണ്ടു ബുദ്ധിയുറച്ചവരുടെ പ്രതികരണങ്ങളായിരുന്നു അവയില്‍ പലതും.

സംഭവിച്ച തിന്മകളെക്കുറിച്ചു മനസ്താപമുള്ളവര്‍ കുറിച്ചിടുന്ന വാക്കുകളെ ഒരു പ്രാതിഭാസികവിചാരണയ്ക്കു വിധേയമാക്കിയാല്‍ ഇത്തരം പ്രതികരണങ്ങളുടെ ആത്മാവിലുള്ളതു കണ്ടെത്താനാകും. കുറ്റങ്ങളുടെ ഇരുള്‍വീണ ഉള്‍വഴികള്‍ കണ്ടെത്തി അടച്ചുപൂട്ടാനും രക്ഷയുടെ വാതിലില്‍ മുട്ടിവിളിക്കാനും നല്ല കുമ്പസാരങ്ങളുടെ വിചാരണ അത്യാവശ്യമാണ്.

തിന്മയില്‍ തട്ടി വീഴുന്നവരുടെയെല്ലാം പ്രതികരണങ്ങളില്‍ എന്താണു പൊതുവിലുള്ളത്? കുറേ കരച്ചിലും കുറച്ചു പറച്ചിലും. അതെ, അതുതന്നെയാണു വേണ്ടത്. ഇരയുടെയും പ്രതിയുടെയും കുടുംബങ്ങള്‍ കൃത്യം നടന്നതിന്‍റെ നാലാം പക്കം കണ്ടുമുട്ടിയ അസാധാരണ നിമിഷങ്ങള്‍ക്കു കേരളം അടുത്തകാലത്തു സാക്ഷിയായി. നടന്ന അതിക്രമത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും സ്വാഭാവികമായി കക്ഷി ചേര്‍ക്കപ്പെട്ട ഈ കുടുംബങ്ങള്‍ വാസ്തവത്തില്‍ ഇരകള്‍തന്നെയാണ്, അതിക്രമത്തിന്‍റെ നിഷ്കളങ്ക ഇരകള്‍. നഷ്ടഭാരവും കുറ്റഭാരവും ആലിംഗനം ചെയ്തു പരസ്പരം ആശ്വസിപ്പിച്ചു. കരച്ചിലായിരുന്നു അധികവും. തേങ്ങലുകളുടെ തിരയെടുത്തുപോയ പറച്ചിലുകളെ ആരും കൃത്യമായി കേട്ടില്ല. എന്നിട്ടും എല്ലാവരും അറിഞ്ഞു, പിണക്കമില്ലെന്ന്, ക്ഷമിച്ചെന്ന്, കൂടെയുണ്ടെന്ന്, തളരരുതെന്ന്… തിന്മയുടെ താരതമ്യേന വിദൂര ഇരകളുടെപോലും ഏറ്റുപറച്ചില്‍ സുഖപ്പെടുത്തുന്ന അനുഭവമാണു സൃഷ്ടിക്കുന്നത്. അങ്ങനെയെങ്കില്‍ കുറ്റക്കാരുടെ ഏറ്റുപറച്ചില്‍ എത്രമേല്‍ സൗഖ്യദായകമായിരിക്കും!

എനിക്കു തെറ്റിയെന്നു വീണ്ടു വിചാരപ്പെടുന്നവരെല്ലാം നഷ്ടത്തെ ഓര്‍ത്തും ഭയന്നും കരയും. പറ്റിയ പിഴവുകള്‍ എണ്ണിയെണ്ണി പറഞ്ഞു സൗഖ്യം നേടും. ദാവീദിന്‍റെ കുമ്പസാരാനുഭവം നമുക്കു നല്ല പാഠമാണ്. "ഞാന്‍ പാപങ്ങള്‍ ഏറ്റുപറയാതിരുന്നപ്പോള്‍ ദിവസംമുഴുവന്‍ കരഞ്ഞ് എന്‍റെ ശരീരം ക്ഷയിച്ചുപോയി… വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്‍റെ ശക്തി വരണ്ടുപോയി. എന്‍റെ പാപം അവിടുത്തോടു ഞാന്‍ ഏറ്റുപറഞ്ഞു. എന്‍റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല. അപ്പോള്‍ എന്‍റെ പാപം അവിടുന്നു ക്ഷമിച്ചു… അനര്‍ത്ഥങ്ങളില്‍ അവിടുന്നെന്നെ രക്ഷിക്കുന്നു. രക്ഷകൊണ്ടെന്നെ പൊതിയുന്നു" (സങ്കീ. 32:4-7). കുറ്റങ്ങളോര്‍ത്തു കരഞ്ഞതുകൊണ്ടു മാത്രം കാര്യമില്ലെന്ന് ദാവീദിന്‍റെ അനുഭവം പഠിപ്പിക്കുന്നു. കരച്ചില്‍ ആത്മനിശ്വസനങ്ങളില്‍ പൊട്ടിയമര്‍ന്നു പറച്ചിലായി പരിണമിക്കണം; അപ്പോള്‍ ഏറ്റുപറച്ചില്‍ എന്നൊന്ന് ഉണ്ടാകുന്നു. മതവും സാഹിത്യവും ചരിത്രവും വാഴ്ത്തുന്ന എല്ലാ നല്ല കുമ്പസാരങ്ങളിലും നാം കാണുന്നത് ഏറ്റുപറച്ചിലാണ്.

ക്രിസ്ത്യാനികള്‍ ആണ്ടുകുമ്പസാരം നടത്തുന്ന കാലമാണല്ലോ ഇത്. അനുതാപത്തോടെ അണയുന്ന പാപികളെ ദൈവമക്കളാക്കി രൂപാന്തരപ്പെടുത്തുന്ന അനുരഞ്ജനത്തിന്‍റെ കൂദാശയില്‍ പാപി ചെയ്യേണ്ടത് ഒന്നു മാത്രം. ഏറ്റുപറച്ചില്‍. ഏറ്റുപറയുന്നവരെ ഏറ്റെടുക്കുന്ന ദൈവത്തെയാണല്ലോ തിരുലിഖിതങ്ങളില്‍ ഉടനീളം നാം കാണുന്നത്. ഏറ്റുപറയേണ്ടതു തിന്മകളാണെന്നു വ്യക്തം. എന്നാല്‍ എന്താണു തിന്മയെന്നത് അത്ര വ്യക്തമല്ല. തിന്മയെ തൊട്ടുകാണിക്കാനോ നുള്ളിയെടുക്കാനോ സാധിക്കില്ല.

പ്രതീകങ്ങളുപയോഗിച്ചാണു തിന്മയെക്കുറിച്ചു സംസാരിക്കാറുള്ളത്. തിന്മയുടെ പ്രതീകാത്മകത സമഗ്രപഠനത്തിനു വിധേയമാക്കിയ ഫ്രഞ്ച് ചിന്തകനായ പോള്‍ റിക്കര്‍ തിന്മയ്ക്കു മനുഷ്യജീവിതത്തില്‍ മൂന്നു വാഴ്ചാക്രമങ്ങളുണ്ടെന്നു കണ്ടെത്തി. കളങ്കമായും പാപമായും കുറ്റമായും തിന്മ മനുഷ്യനില്‍ ഭരണം നടത്തുന്നു. പാപം ചെയ്യുന്നവന്‍ പാപത്തിന്‍റെ അടിമയാണെന്നു തിരുലിഖിതം വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.

അശുദ്ധിയുണ്ടെന്നും അശുചിയുണ്ടെന്നും മുന്നറിയിപ്പ് നല്കുന്ന അശുഭസൂചനകളിലൂടെയാണു കളങ്കം അതിന്‍റെ സാന്നിദ്ധ്യമറിയിക്കുന്നത്. തിന്മയുടെ ദംശനമേറ്റിട്ടുണ്ടെന്നതിന്‍റെ ആദ്യലക്ഷണം കറപറ്റി, അല്ലെങ്കില്‍ കളങ്കിതനായി എന്ന ഈ തോന്നലാണ്. പൊരുത്തക്കേടുണ്ടെന്ന തിരിച്ചറിവും അഴുക്കുപറ്റിയെന്ന തോന്നലും യോഗ്യത നഷ്ടമായെന്ന ഭയവും കളങ്കിതരായവരെ വേട്ടയാടും. മുമ്പുണ്ടായിരുന്ന, ഇപ്പോള്‍ നഷ്ടമായ, എപ്പോഴും ഉണ്ടായിരിക്കേണ്ട വിശുദ്ധിയോടും നൈര്‍മല്യത്തോടും ബന്ധപ്പെടുത്തിയുള്ള ചിന്തകളാണു കളങ്കിതരില്‍ ഭയം ജനിപ്പിക്കുന്നത്. ഇതു ശിക്ഷയെക്കുറിച്ചുള്ള ഭയമല്ല. താന്‍ മോശക്കാരനായല്ലോയെന്ന ഭയം ശുദ്ധീകരണകര്‍മ്മങ്ങളില്‍ ഏര്‍പ്പെടാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നു. എന്നാല്‍ അശുദ്ധനായെന്നു തോന്നിയിട്ടും അശുദ്ധിയില്‍ത്തന്നെ ആവേശത്തോടെ മുഴുകുന്നവരുടെ കാര്യമോ? അതു സ്വാതന്ത്ര്യത്തിന്‍റെയോ കുറ്റകരമല്ലാത്ത അജ്ഞതയുടെയോ വിഷയമല്ല. മറിച്ച്, ആന്തരികത ചോര്‍ന്നു രോഗബാധിതമായ മാനസികാവസ്ഥയുടെ പ്രശ്നമാണ്. ഒന്നും പ്രതീക്ഷിക്കാനില്ലാത്തവര്‍ക്ക് ഒന്നും ഭയക്കാനില്ലെന്നു തത്ത്വജ്ഞാനിയായ ബാറൂക്ക് സ്പിനോസ പറഞ്ഞത് ഇക്കൂട്ടരെക്കുറിച്ചാണ്. വിശുദ്ധിയുടെ പ്രതിഫലം കാംക്ഷിക്കാത്തവരെക്കുറിച്ചു വിശുദ്ധ ഗ്രന്ഥവും ആകുലപ്പെടുന്നുണ്ടല്ലോ.

"ഹിസോപ്പുകൊണ്ട് എന്നെ പവിത്രീകരിക്കണമേ! ഞാന്‍ നിര്‍മ്മലനാകും. എന്നെ കഴുകണമേ! ഞാന്‍ മഞ്ഞിനേക്കാള്‍ വെണ്‍മയുള്ളവനാകും" (സങ്കീ. 51:7) എന്നു കളങ്കിതര്‍ പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ എല്ലാവരും കളങ്കിതരാണ്, അതുപോലെ ഞാനും കളങ്കിതനാണ് എന്നു സ്വയം ആശ്വസിക്കുന്നവരുണ്ട്. ഇത് ആത്മഹത്യാപരമായ നിലപാടാണ്. കളങ്കം ജീവനില്ലാത്ത കറയല്ല. കളങ്കത്തിനു തിന്മ സ്രവിപ്പിക്കാനുള്ള നിഗൂഢശക്തിയുണ്ടെന്ന് ഇറ്റാലിയന്‍ ചിന്തകനായ പെത്തസ്സോനി പറഞ്ഞതു സത്യമാണ്. സാധാരണവും നിസ്സാരവുമെന്നു കരുതുന്ന കളങ്കങ്ങള്‍ അടിമപ്പെടുത്തുന്ന പാപമായി സാവധാനം പരിണമിക്കും. അതിനാലാണ്, "ലോകത്തിന്‍റെ കളങ്കമേശാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്ക ണം" (യാക്കോ. 1:27) എന്ന് തിരുവചനം ആവശ്യപ്പെടുന്നത്.

പാപത്തെ പലരും പ്രമാണലംഘനങ്ങളോടു ബന്ധപ്പെടുത്തിയാണു തിരിച്ചറിയുന്നതും കുമ്പസാരങ്ങളില്‍ ഏറ്റുപറയുന്നതും. ഒന്നാം പ്രമാണം ലംഘിച്ചിട്ടുണ്ട്, നാലാം പ്രമാണം പാലിച്ചില്ല, എട്ടാം പ്രമാണത്തില്‍ വീഴ്ചവന്നു തുടങ്ങിയ ഏറ്റുപറച്ചിലുകള്‍ സാധാരണമാണ്. സമഗ്രമായ ജീവിതനവീകരണത്തിനു സഹായകമായ ഒരു രീതിയായി ഇതു കരുതപ്പെടുമ്പോഴും പാപത്തിന്‍റെ ഭീകരതയും പാപം ചെയ്യുന്നവര്‍ക്കുണ്ടാകുന്ന കനത്ത നഷ്ടവും സ്ഥൂലരൂപത്തില്‍ കണ്ടറിഞ്ഞ് ഏറ്റുപറയാന്‍ ഈ രീതി എത്രകണ്ട് ഉപകാരപ്പെടുമെന്നു സംശയമുണ്ട്. അമൂര്‍ത്തമായ നിയമത്തിന്‍റെ ലംഘനം മാത്രമാണോ പാപം? പാപത്തിന്‍റെ മതാത്മകമാനം കണ്ടെടുക്കണ്ടേ?

ഇല്ലായ്മയില്‍ നിന്ന് ഉണ്മയിലേക്കും നന്മയിലേക്കുമുള്ള ദൈവത്തിന്‍റെ ആദ്യവിളിയാണു പ്രപഞ്ചത്തിന്‍റെ ഉത്ഭവ കാരണം. വിളിക്കുന്ന ദൈവവും വിളികേട്ടു പ്രത്യുത്തരിക്കുന്ന മനുഷ്യനും തമ്മിലുള്ള ബന്ധമാണു മതം. അങ്ങനെ നോക്കുമ്പോള്‍ സ്രഷ്ടപ്രപഞ്ചം മുഴുവന്‍ മതാത്മകമാണ്, ദിവ്യമാണ്. എന്നാല്‍ ഉണ്മയില്‍ തുടര്‍ന്നുകൊണ്ടുതന്നെ നന്മ വെടിയാന്‍ മനുഷ്യന്‍ തീരുമാനിച്ചപ്പോള്‍ പാപം രംഗപ്രവേശം ചെയ്തു. മതത്തിലെ, അതായത്, ബന്ധത്തിലെ വിള്ളലും ദിവ്യതയിലെ മുറിവുമായി പാപം നിലനില്ക്കുന്നു. ദിവ്യമായ സ്നേഹബന്ധം മുറിഞ്ഞതിനാലുണ്ടായ നഷ്ടവും ഇനി ആദ്യത്തേതുപോലെ സ്നേഹിക്കാനാകില്ലല്ലോ എന്ന ഭയവും ഒന്നിച്ചനുഭവിക്കുന്നതിനെയാണ് പാപം എന്നു പറയുന്നത്. "എന്‍റെ പാപം എപ്പോഴും എന്‍റെ കണ്‍മുമ്പിലുണ്ട്. അങ്ങേയ്ക്കെതിരായി അങ്ങേയ്ക്കു മാത്രമെതിരായി ഞാന്‍ പാപം ചെയ്തു" (സങ്കീ. 51:3-4) എന്ന് പാപബോധമുള്ളവര്‍ വിലപിച്ചുകൊണ്ടിരിക്കും.

പാപത്തിന്‍റെ മുഖ്യസവിശേഷത സ്വയം സംക്രമിക്കാനുള്ള അതിന്‍റെ ശക്തിയാണ്. അദൃശ്യമായി നിന്നുകൊണ്ടുതന്നെ മാനസികമായ ദുഷ്പ്രവണതകളും ബാഹ്യമായ ദുഷ്ചെയ്തികളും ജനിപ്പിക്കാന്‍ പാപത്തിനു കഴിയും. എന്തുകൊണ്ട് എനിക്ക് ഈ പ്രവണതയുണ്ടാകുന്നു, എന്തുകൊണ്ടു ഞാനിതു ചെയ്യുന്നു – പാപികളെല്ലാവരും ഇവ്വിധം പലവുരു അത്ഭുതപ്പെടാറുണ്ട്. താന്‍ ഇച്ഛിക്കാത്ത തിന്മ തന്നെക്കൊണ്ടു ചെയ്യിക്കുന്നതു തന്നില്‍ വസിക്കുന്ന പാപമാണെന്നു പൗലോസ് ശ്ലീഹ കണ്ടെത്തിയിട്ടുണ്ടല്ലോ (റോമാ 7:20). തന്നിലുള്ള പാപത്തിന്‍റെ സ്വാധീനം തിരിച്ചറിഞ്ഞ പൗലോസ് താന്‍ വാസ്തവത്തില്‍ ദുര്‍ഭഗനായ മനുഷ്യനാണെന്ന് ഏറ്റുപറയുന്നു, ഒപ്പം തന്നെ, രക്ഷിക്കുന്ന ദൈവത്തിനു യേശുക്രിസ്തു വഴി സ്തോത്രമാലപിക്കുകയും ചെയ്യുന്നു (റോമാ 7:24-25). എന്നാല്‍ ദൈവസ്തുതികളോടു ചേര്‍ത്തു സ്വന്തം ദൈന്യത ഏറ്റുപറയാത്തവരുണ്ട്. അവര്‍ക്കെന്താണു സംഭവിക്കുക?

ഏറ്റുപറഞ്ഞ് ഉപേക്ഷിക്കാത്ത പാപങ്ങള്‍ സ്വയം പെറ്റുപെരുകും. ലംഘനങ്ങള്‍ പെരുകുമ്പോള്‍ അവയുണ്ടാക്കുന്ന ദുരന്തങ്ങളും വര്‍ദ്ധിക്കും. അതോടെ തിന്മയുടെ വാഴ്ചാക്രമത്തിലെ മൂന്നാം ഭാവമായ കുറ്റം പ്രകടമാകാന്‍ തുടങ്ങും. ഇതുവരെ അദൃശ്യമായിരുന്ന പാപം കുറ്റമായി പ്രകടമാകുന്നതോടെ പാപബോധം കുറ്റഭാരമായി രൂപാന്തരപ്പെടും. കുറ്റഭാരം പേറുന്നവരുടെയുള്ളില്‍ പേരും മുഖവുമില്ലാത്ത ഒരു രോഷം പ്രതികാരത്തിനായി സദാ തിളയ്ക്കുന്നുണ്ട്. നീ തെറ്റ് ചെയ്തെങ്കില്‍ ശിക്ഷ സഹിക്കണം. നീ സഹിക്കുന്നെങ്കില്‍ അതിനര്‍ത്ഥം തെറ്റു ചെയ്തുവെന്നാണ്… ഇങ്ങനെ പോകുന്നു കുറ്റഭാരം പേറുന്നവുടെ ആത്മപീഡകള്‍. ജീവനില്ലാത്ത ജീവിതം ജീവിച്ചു കാലം കടന്നു പോകുന്നു. താന്‍ തനിക്കുതന്നെ അപരനും അപഹാസ്യനുമായി മാറുന്ന ദുരനുഭവത്തിന്‍റെ പീഡയേറ്റ് ഉള്ളില്‍ കരയുന്ന ദിനങ്ങള്‍ ഉണ്ടാകുന്നു. അപകടകരമായ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരുടെ രക്ഷ ഭാഷയിലാണ്. അന്ധവും യാന്ത്രികവുമായ കുറ്റഭാരത്തെ മനസ്സിന്‍റെ അധോഭാഗങ്ങളില്‍ നിന്നു ഭാഷയിലൂടെ ഉപരിതലങ്ങളിലേക്കു കൊണ്ടുവരണം. പിഴവുകളുടെയും ആത്മപീഡയുടെയും വിശദാംശങ്ങള്‍ വാക്കുകള്‍കൊണ്ടു വലുതായി വരച്ചുകാട്ടണം; പാളിച്ചകളുടെ വാഗ്മയ ചിത്രങ്ങള്‍ക്കു കണ്ണീരുകൊണ്ടു ചായം ചാര്‍ത്തണം.

ഓരോ ഏറ്റുപറച്ചിലിനും തനതായ ഭാഷയുണ്ട്. കാരണം, ഓരോ അനുഭവവും ഓരോ ഭാഷണരീതിക്കു ജന്മം നല്കുന്നുണ്ട്. അനുഭവങ്ങളിലെ വൈകാരിക തീവ്രതയും സങ്കീര്‍ണതയും വാക്കുകളില്‍ വെളിവാകും. പറച്ചിലിനിടയില്‍ കരച്ചില്‍ കയറിവരുന്നത് ഇതിനാലാണ്. ആര്‍ക്കും മറ്റൊരാളുടെ കുമ്പസാരമോ കുറ്റപത്രമോ തയ്യാറാക്കാനാവില്ല. "നിങ്ങള്‍ വിധിക്കരുത്" എന്നു കര്‍ത്താവ് പറഞ്ഞത് നമുക്കതിനു കഴിവില്ലാത്തതുകൊണ്ടുകൂടിയാണ്. സത്യസന്ധവും പൂര്‍ണവുമായ കുറ്റസമ്മതവും കുമ്പസാരവും ഓരോ കളങ്കിതനും സ്വയം ചെയ്യേണ്ടതാണ്.

കുറ്റഭാരം കുറ്റക്കാരെ കുമ്പസാരത്തിന് ഒരുക്കുന്നുണ്ട്. അതെങ്ങനെയാണ്? തെറ്റിന്‍റെ ഉപോത്പന്നമായ "ചോദ്യം ചെയ്യല്‍" കളങ്കിതമനസ്സില്‍ ആരംഭിക്കുന്നു. പാപം ഒരുവനെ അവനുതന്നെ അഗ്രാഹ്യനാക്കുന്നു. അതിനാല്‍ കുറ്റഭാരമായി പാപത്തെ ചുമലിലേറ്റുന്നവര്‍ സദാ ഉള്ളില്‍ ചോദിക്കുന്ന കുറേ ചോദ്യങ്ങളുണ്ട്: ഞാനെന്താണീ ചെയ്തത്? എന്തുകൊണ്ടാണിങ്ങനെ ചെയ്തത്? ഒരുവേള തനിക്കെതിരെയും മറ്റുള്ളവരുടെ നേരെയും ദൈവത്തിനു നേരെപോലും ചോദ്യങ്ങളുടെ ശരവര്‍ഷമായിരിക്കും. പാപത്തിന്‍റെ ആവനാഴിയിലുള്ളിടത്തോളം ചോദ്യങ്ങള്‍ ഒരു താര്‍ക്കികന്‍റെ പക്കലുമില്ല. കുറ്റഭാരത്തിനടിപ്പെട്ട്, പാപത്തിന്‍റെ മുറിവേറ്റ് ആത്മാവിലും ശരീരത്തിലും വേദനിക്കുന്ന കളങ്കിതര്‍ ഒടുവില്‍ ഒരു ചോദ്യത്തില്‍ വന്നുനില്ക്കും; ഇതെല്ലാം എങ്ങനെയാണു തുടങ്ങിയത്?

ഒരുപാടു പേര്‍ ഈ ചോദ്യത്തിനുത്തരം തനിക്കു പുറത്താണെന്ന് ഉറപ്പിക്കും. വ്യക്തിപരമായ ഉത്തരവാദിത്വത്തില്‍നിന്ന്, ഒരുപക്ഷേ, രക്ഷപെടാന്‍ കഴിഞ്ഞേക്കുമെന്ന പാപകരമായ പ്രതീക്ഷയാണ് ആദ്യപാപത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം തനിക്കു പുറത്തു കണ്ടെത്താന്‍ കളങ്കിതരെ പ്രേരിപ്പിച്ചത്. ഇതെല്ലാം എങ്ങനെ തുടങ്ങി എന്ന ചോദ്യംതന്നെയും പാപിക്കു ഗൂഢമായ ആശ്വാസം നല്കുന്നുണ്ട്. പൊള്ളയായ അത്തരം ആശ്വാസങ്ങള്‍ നുകര്‍ന്നാല്‍ പിന്നെ, ഇടംവലം ചോദ്യം ചെയ്യലുകളും ഒപ്പം അപക്വമായ യുക്തിവിചാരങ്ങളുമായി പാപം പാപിയുടെ ബോധമണ്ഡലത്തില്‍ കൂടുതല്‍ പ്രവര്‍ത്തനനിരതമാവുകയായി.

മനുഷ്യന് അപാരമായ ചാലകശക്തി നല്കാന്‍ പാപത്തിനു കഴിയുമെന്നു പലര്‍ക്കുമറിയില്ല. ഇതേക്കുറിച്ചു ജാഗ്രതയില്ലെങ്കില്‍ പാപകാരണ ചര്‍ച്ചകള്‍ക്കിടയിലും പാപം പാപിയില്‍ പുതിയ മേച്ചില്‍പ്പുറം കണ്ടെത്തും. പാപം പാപിക്കുതന്നെ ഉതപ്പാകുന്ന, അതായത്, പാപത്തില്‍ നിന്നു പാപത്തിലേക്കു നിര്‍ബന്ധപൂര്‍വം ക്ഷണിച്ചാനയിക്കപ്പെടുന്ന ഭീകരാവസ്ഥ ഉണ്ടാകും. അശുഭസൂചന ലഭിച്ച ആദ്യക്ഷണങ്ങളില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ പ്രതിരോധിക്കാമായിരുന്ന പ്രലോഭനങ്ങളാലും ദുരാശകളാലും കളങ്കിതരായവര്‍ ഇപ്പോള്‍ ഇതാ അദൃശ്യമായ പാപത്തിന്‍റെ അടഞ്ഞ യുക്തിയുടെ നിര്‍ബന്ധച്ചുഴിയില്‍ കിടന്നു വട്ടംചുറ്റുകയാണ്. ഈ അവസ്ഥയിലേക്കെത്താതെ കളങ്കിതരെ സഹായിക്കാനും ഇനി പെട്ടുപോയാല്‍ അവിടെ നിന്നു രക്ഷപെടാനും ശരിയായ വഴിയുണ്ട്.

പാപത്തിനു കണ്ണില്ലെന്നതു ശരിയാണ്, പക്ഷേ, വായുണ്ട്, ചെവിയുണ്ട്. തെറ്റിന്‍റെ അകവും പുറവും ഇരുട്ടാണ്. എന്നാല്‍ അതിനൊരു ഭാഷയുണ്ട്. കടുത്ത പാപാന്ധകാരത്തിന്‍റെ നടുവിലും പാപിക്കു സംസാരിക്കാന്‍ കഴിയും, കേള്‍ക്കാന്‍ കഴിയും. പലതും പറയാന്‍, പല വിധത്തില്‍ പറയാന്‍ പാപിക്കു സാധിക്കും. അതെ, പാപിയുടെ രക്ഷ ഭാഷയിലാണ്, ഏറ്റുപറച്ചിലിലാണ്.

ഏറ്റുപറച്ചിലിന് ഒരു തനതു ഭാഷയുണ്ട്. കടമെടുത്ത വാക്കുകള്‍കൊണ്ട് ഏറ്റുപറച്ചില്‍ നടത്തുന്നവര്‍ അവിശ്വസ്തതയില്‍ തുടരുകയും തങ്ങളുടെ പാപങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയുമാണു ചെയ്യുന്നത്. സാങ്കേതിക പദങ്ങളല്ല, പച്ചയും പ്രാകൃതവുമായ പദങ്ങള്‍ക്കാണു പാപത്തിന്‍റെ തനിനിറം വെളിവാക്കാനുള്ള കഴിവു കൂടുതലുള്ളത്. ബൈബിള്‍ പാപത്തെ മാലിന്യം, കറ, അതിക്രമം എന്നൊക്കെയാണല്ലോ വിളിക്കുന്നത്. ഏറ്റുപറച്ചിലില്‍ പാപത്തിന്‍റെ പ്രാഗ്പ്രതീകങ്ങള്‍തന്നെ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. പറയുന്നവര്‍ക്കു യാതൊരു ചെലവും ചേതവുമില്ലാത്ത ഏറ്റുപറച്ചിലുകള്‍ തെറ്റിനെ പരിഹരിക്കുകയല്ല, കൂടുതല്‍ വികൃതവും നിന്ദ്യവുമാക്കുകയാണു ചെയ്യുന്നത്.

തെറ്റിയെന്ന അതിലോലമായ തോന്നല്‍പോലും ഒരുപറ്റം വികാരങ്ങളെ ജനിപ്പിക്കും: ദുഃഖവും ഭയവും രോഷവും നാണവും. ലാമെക്കിന്‍റെ ഏറ്റുപറച്ചില്‍ കേള്‍ക്കുക; "ആദായേ, സില്ലായേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍. ലാരെക്കിന്‍റെ ഭാര്യമാരേ എനിക്കു ചെവി തരുവിന്‍. എന്നെ മുറിപ്പെടുത്തിയ ഒരുവനെയും എന്നെ അടിച്ച ഒരു ചെറുപ്പക്കാരനെയും ഞാന്‍ കൊന്നുകളഞ്ഞു. കായേന്‍റെ പ്രതികാരം ഏഴിരട്ടിയെങ്കില്‍ ലാമെക്കിന്‍റേത് ഏഴുപത്തേഴ് ഇരട്ടിയായിരിക്കും" (ഉത്പ. 4:23-24). ഈ വാക്കുകളില്‍ തെളിയുന്ന വികാരങ്ങള്‍ ശ്രദ്ധിക്കുക. മുറിവേറ്റവന്‍റെ ദുഃഖമുണ്ട്, ഒരു ചെറുപ്പക്കാരനില്‍ നിന്ന് അടിയേറ്റതിന്‍റെ നാണക്കേടുണ്ട്, ഇരട്ട കൊലപാതകം ചെയ്തതിന്‍റെ കുറ്റഭാരമുണ്ട്, എല്ലാവരും അറിയട്ടെയെന്ന സ്വയം ശിക്ഷയുണ്ട്, കടുത്ത ശിക്ഷ ലഭിക്കുമെന്ന ഭയമുണ്ട്, എങ്കിലും തന്‍റെ പിതാമഹനായ കായേനെ സംരക്ഷിച്ച ദൈവം തന്നെയും സംരക്ഷിക്കുമെന്ന് (ഉത്പ. 4:15) പ്രതീക്ഷയുമുണ്ട്. വാക്കുകളെന്ന മുറിഞ്ഞ ചിറകുകള്‍ മെല്ലെയടിച്ച് ഉള്ളില്‍ സംഘര്‍ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വികാരങ്ങള്‍ പുറത്തേയ്ക്കു വരുന്നു. ഏറ്റുപറയുമ്പോള്‍ വികാരങ്ങള്‍ക്കു മൂര്‍ത്തമായ വ്യക്തിത്വം കൈവരുന്നു; അതുമൂലം വികാരങ്ങളുടെ നിയന്ത്രണവും വിമലീകരണവും എളുപ്പത്തില്‍ സാദ്ധ്യമാകുന്നു. അതുകൊണ്ട്, വികാരങ്ങളെ വാക്കുകളാക്കാന്‍ പരിശീലിക്കണം. മൗനം എപ്പോഴും മഹത്തായ കാര്യമല്ല.

ഏറ്റുപറച്ചില്‍ എളുപ്പമല്ല; അതിസങ്കീര്‍ണമായ അനുഭവമാണ്. "നിങ്ങള്‍ക്കെന്തു ചെയ്താലും കുമ്പസാരിച്ചാല്‍ പോരേ" എന്നു ക്രി സ്ത്യാനികളെ പരിഹസിക്കുന്നവര്‍ കരുതുന്നത്, ഒന്നു പറഞ്ഞാല്‍ മതി, അതോടെ എല്ലാം തീര്‍ന്നുവെന്നാണ്. കുറ്റഭാരവും പാപബോധവും ഇല്ലാത്തവര്‍ക്കു നിര്‍വികാരതയോടെ പറയാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതല്ലല്ലോ ഏറ്റുപറച്ചില്‍.

വചനങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞു പിശാചിനെയും അവന്‍റെ പ്രലോഭനങ്ങളെയും നിഷ്പ്രഭമാക്കിയ ക്രിസ്തു, വാക്കിന്‍റെ ശക്തിയെന്തെന്നു നമ്മെ പഠിപ്പിക്കുന്നു. ദൈവത്തെ മാത്രമേ ഭയക്കേണ്ടതുള്ളൂ; പാപത്തെ ഭയപ്പെടേണ്ടതില്ല. ഏറ്റുപറഞ്ഞ് ഏറ്റുപറഞ്ഞ് പാപത്തെ നിര്‍വീര്യമാക്കാന്‍ കഴിയും. ഏറ്റുപറയുമ്പോള്‍ പാപത്തിന്‍റെ മുളളും പല്ലും കൊഴിഞ്ഞുപോകുന്നതു കാണാന്‍ കഴിയും.

ഏറ്റുപറച്ചിലിന് ഇടയിലാണോ ഒടുവിലാണോ അതോ ഏറ്റുപറയാമെന്നു തീരുമാനിച്ച ക്ഷണത്തില്‍ തന്നെയാണോ; എപ്പോഴാണെന്നു കൃത്യമായിട്ടറിയില്ല. ഒരു കാര്യം വ്യക്തമായി കേള്‍ക്കുന്നു, പല വാക്കുകളില്‍; "നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു, സമാധാനത്തോടെ പോവുക", "നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും", "ഇന്ന് ഈ ഭവനം രക്ഷ പ്രാപിച്ചിരിക്കുന്നു." ഏറ്റുപറയുന്നവരുടെ കുറ്റങ്ങളെല്ലാം കുറ്റപ്പെടുത്താതെ ഏറ്റെടുത്തു സ്വന്തം ശരീരത്തില്‍ കുരിശില്‍ തറച്ചു രക്ഷ നല്കാന്‍ ക്രിസ്തു എപ്പോഴും കാല്‍വരിയിലേക്കുള്ള യാത്രയിലാണ്. ഹൃദയവഴിയിലൂടെ അവന്‍ പോകുന്ന നിമിഷം കാത്ത് ഒരു നല്ല കുമ്പസാരത്തിനൊരുങ്ങി നില്ക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org