കുസൃതിക്കുരുന്ന് കൂട്ടായ്മയ്ക്കൊരു പേര് കുട്ടിക്കൂട്ടം

കുസൃതിക്കുരുന്ന് കൂട്ടായ്മയ്ക്കൊരു പേര് കുട്ടിക്കൂട്ടം

മരിയറാന്‍സം, കാരണക്കോടം

പല ഇടവകകളും ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇടവകകൂട്ടായ്മകളിലും സംഘടനകളിലും കുട്ടികളുടെ പങ്കാളിത്തം കുറയുന്നുവെന്നത്. നാട്ടിന്‍പുറങ്ങളെ ഈ പ്രശ്നം വലുതായി ബാധിച്ചിച്ചിട്ടില്ല. എങ്കിലും എറണാകുളംപോലുള്ള പട്ടണങ്ങളില്‍ പ്രശ്നം രൂക്ഷമാണ്. അതിജീവനം സാദ്ധ്യമല്ലാതെ തദ്ദേശീയര്‍ നഗരപരിധിക്കു പുറത്തേയ്ക്കു കുടിയേറുന്നതും തൊഴില്‍ സൗകര്യാര്‍ത്ഥം നഗരത്തിലേക്കു ചേക്കേറി വന്നവര്‍ ഇവിടെ ചുവടുറപ്പിക്കാത്തതും കുട്ടികളുടെ സംഘടനകളെ സാരമായി ബാധിച്ചിട്ടുണ്ട്. സ്വന്തം മണ്ണില്‍ നിന്നു പിഴുതെടുക്കപ്പെട്ടിട്ടും തങ്ങളായിരിക്കുന്ന പുതിയ മണ്ണില്‍ വേരുറപ്പിക്കാന്‍ കഴിയാതെ പോകുന്ന ബാല്യകൗമാരങ്ങളെയാണു പട്ടണസംസ്കാരത്തില്‍ കണ്ടുമുട്ടുന്നതിലധികവും. ഉന്നത വിദ്യാഭ്യാസത്തിനു വേദപാഠ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതു മതബോധന രജിസ്റ്ററുകളെ നിറയ്ക്കുന്നുണ്ട്. പക്ഷേ, രജിസ്റ്ററിലെ പേരുകള്‍ വെറും പേരില്‍ മാത്രമായി പോകാറാണു പതിവ്. മറ്റു കുട്ടികളുമായി തങ്ങളുടെ മക്കള്‍ കൂടുതല്‍ അടുക്കുന്നത് ഈ കാലഘട്ടത്തില്‍ ശരിയാവില്ല എന്ന മാതാപിതാക്കളുടെ മുന്‍വിധിയും ഉയര്‍ന്ന വിദ്യാഭ്യാസം മാത്രം ലക്ഷ്യമിട്ടു നഗരത്തിലേക്കു വന്ന കുഞ്ഞുങ്ങള്‍ ട്യൂഷനും കോച്ചിങ്ങ് ക്ലാസ്സുകള്‍ക്കുമിടയില്‍ പെട്ടുപോകുന്നതുമൊക്കെ ഈ അവസ്ഥയ്ക്കു കാരണമാകുന്നുണ്ട്. അത്യാഡംബര ഫ്ളാറ്റുകള്‍, ഇടത്തരക്കാര്‍, താഴ്ന്ന സാമ്പത്തിക സ്ഥിതിയിലുള്ളവര്‍, വാടകയ്ക്കു താമസിക്കുന്നവര്‍ എന്നീ കിടങ്ങുകള്‍ കൂടിയാകുമ്പോള്‍ ഇടവക ഏകകുടുംബം എന്ന വാഴ്ത്തലുകളൊക്കെ ഇടയലേഖനങ്ങളില്‍ മാത്രമായി ഒതുങ്ങുന്നു.

ഇത്തരം എല്ലാ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്ന പട്ടണത്തിലെ പള്ളിയായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം മുമ്പുവരെ എറണാകുളം നഗരത്തിലെ കാരണക്കോടം ഇടവക. ഇടവകയില്‍ കണക്കുംപ്രകാരമുള്ളത്രയും കുട്ടികള്‍ സംഘടനകളിലും കുടുംബകൂട്ടായ്മകളിലും കാണാനാവാത്തതു വേദപാഠക്ലാസ്സുകളെപോലും ബാധിച്ചുതുടങ്ങിയിരുന്നു. പള്ളിയുമായുള്ള കുട്ടികളുടെ അടുപ്പം കുറയുന്നതിനു പരിഹാരമന്വേഷിച്ച് ഇടവകവികാരിയുടെ മനസ്സിലുദിച്ച ഉത്തരമായിരുന്നു ഇടവകയിലെ കുട്ടികളെല്ലാവരും ഉള്‍പ്പെടുന്ന ഒരു കൂട്ടായ്മ എന്നത്. അതിരൂപതയിലെ ഗ്രാമാന്തരീക്ഷത്തിലുള്ള പള്ളികളില്‍ നടപ്പില്‍ വരുത്തി വിജയിച്ച ആശയങ്ങളെ അച്ചന്‍ പട്ടണസംസ്കാരത്തോടു ചേര്‍ത്തുവച്ചു "കുട്ടിക്കൂട്ടം" എന്നു പേരു നല്കി. എഴുതപ്പെട്ട നിയമസംഹിതകളില്ലാതെ ഇടവകയോടു കൂട്ടായിരിക്കുക, കുട്ടികള്‍ക്കിടയില്‍ നല്ല കൂട്ടുണ്ടാവുക എന്നു മാത്രം ലക്ഷ്യംവച്ചു പടിപടിയായി ഓരോ ആശയങ്ങള്‍ നടപ്പിലാക്കുകയായിരുന്നു.

ആദ്യമായി ഇടവകയ്ക്കു കീഴിലുള്ള പത്തു കുടുംബ യൂണിറ്റ് ഭാരവാഹികളും തങ്ങളുടെ യൂണിറ്റ് പരിധിയിലെ നഴ്സറി മുതല്‍ ഡിഗ്രി വരെയുള്ള കുട്ടികളുടെ പേരുകള്‍ ചേര്‍ത്ത് ഒരു രജിസ്റ്ററുണ്ടാക്കി. തൊട്ടടുത്ത താമസക്കാരെക്കുറിച്ചുപോലും നേരിട്ടു പരിചയമില്ലാതെ പോകുന്ന ഫ്ളാറ്റ് സംസ്കാരത്തില്‍ കുട്ടികളുടെ സര്‍വേയിലെ എണ്ണംപോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സമപ്രായക്കാരെങ്കിലും വിവിധ സ്കൂളുകളില്‍ പഠിക്കുന്ന, ഒരേ സ്കൂളില്‍ പഠിക്കുന്നുവെങ്കിലും നേരില്‍ പരിചയമില്ലാത്ത വിവിധ പ്രായക്കാര്‍ കുട്ടികളായിരിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ ഒരുമിച്ചപ്പോള്‍ പരിപൂര്‍ണ പിന്തുണയുമായി മാതാപിതാക്കളും ഒപ്പം ചേര്‍ന്നു. കുഞ്ഞുങ്ങളുടെ സ്വതസിദ്ധമായ പ്രസരിപ്പ് കൂട്ടുകൂടാനുളള ആവേശവും വലിയ മാറ്റങ്ങളുടെ തുടക്കമായിരുന്നു. ഓരോ കുടുംബയൂണിറ്റുകളും അതതു പരിധിയിലെ കുട്ടികളെ ചേര്‍ത്ത് ഒരു പേരു നിശ്ചയിച്ചു. ഭാരവാഹികളെ തിരഞ്ഞെടുത്തു. ആ ഭാരവാഹികളില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയും രൂപീകരിച്ചു. കുട്ടിക്കൂട്ടത്തെ ചേര്‍ത്ത് ഒരു യാത്ര സംഘടിപ്പിക്കുകയായിരുന്നു ആദ്യപടി. ഇടവകയുടെ നാലതിരിനും ഇടയിലുള്ള കുട്ടികള്‍ക്കിടയില്‍ ദൃഢമായ ഒരു ബന്ധം കൈവരാന്‍ ഈ യാത്ര ഉപകരിച്ചു. ആദ്യമായി കണ്ടുമുട്ടുന്നവരായിരുന്നിട്ടുപോലും മുതിര്‍ന്ന കുട്ടികള്‍ പ്രായത്തിലിളയ കുട്ടികളെ കരുതലോടെ കൂടെ കൊണ്ടുനടക്കുന്നതും ഭക്ഷണം കഴിപ്പിക്കുന്നതുമൊക്കെ മനോഹരമായ കാഴ്ചയായിരുന്നു. ഒരു ക്യാമ്പിലും പങ്കെടുക്കാതെ കുട്ടികള്‍ക്കു ലഭിച്ച ആദ്യ നേതൃത്വ പരിശീലനം.

കുട്ടിക്കൂട്ടത്തെ ഇടവകയില്‍ ഏറ്റവും സജീവമാക്കിയതു ക്രിസ്മസ് നോമ്പുകാലമായിരുന്നു. നവംബര്‍ 30-ന് തന്നെ കുമ്പസാരിച്ച് ഉണ്ണിക്കൊന്ത ചൊല്ലി പിറവിത്തിരുനാളിനായി അവര്‍ ഒരുങ്ങി. മുതിര്‍ന്ന പെണ്‍കുട്ടികള്‍ ക്രിസ്മസ് ട്രീ ഒരുക്കാനായി വൈകുന്നേരങ്ങളിലും ആണ്‍കുട്ടികള്‍ പുല്ക്കൂടൊരുക്കാന്‍ രാത്രിയിലുമൊരുമിച്ചു കൂടി. ചെറിയവരെയെല്ലാം ഗായകസംഘം കരോള്‍ പാട്ടുകള്‍ പരിശീലിപ്പിച്ചു. നാലു വയസ്സുകാരന്‍ മുതല്‍ 21 കാരിവരെ ഏതാണ്ട് 210 പേര്‍ ഇടവകയിലെ മുഴുവന്‍ വീടുകളിലേക്കും കരോളിനായി പോകുന്നതു മുതല്‍ പാതിരാ കുര്‍ബാനയും ശേഷമുള്ള കലാവിരുന്നിനായി വരെ അണിനിരന്നു. ഇടവക നേതൃത്വം പിന്നീട് ഇടവകയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും കുട്ടിക്കൂട്ടത്തെ കൂടി ഉള്‍പ്പെടുത്തി. മിഷന്‍ സണ്‍ഡേ സ്റ്റാളുകളിലും യൗസേപ്പിതാവിന്‍റെ നേര്‍ച്ചസദ്യയ്ക്കും പള്ളിത്തിരുനാളിനും അണ്ണാറക്കണ്ണനും തന്നാലായത് എന്നു ബോദ്ധ്യപ്പെടുത്തി ഇടവകനേതൃത്വത്തിനൊപ്പം അവരുണ്ടായിരുന്നു. കുട്ടിപ്രസംഗങ്ങളും കലാപരിപാടികളും ഉള്‍പ്പെടുന്ന കുട്ടിക്കൂട്ടം മീറ്റിംഗുകള്‍ സഭാകമ്പമില്ലാതെ സദസ്സിനെ അഭിമുഖീകരിക്കാന്‍ അവരില്‍ കുറേപേരെ പ്രാപ്തരാക്കി. രണ്ടു ദിവസത്തെ അവധിക്കുപോലും കുട്ടികളെ നാട്ടിലേക്കു വിട്ടിരുന്ന, പല തിരക്കുകള്‍ മൂലം മാതൃഇടവകയോട് അടുപ്പം നഷ്ടപ്പെട്ടു തുടങ്ങിയ ഇവരുടെ മാതാപിതാക്കള്‍ക്കും ഇവയെല്ലാം ഹൃദ്യമായ അനുഭവം തന്നെയായിരുന്നു. മേല്പറഞ്ഞവയേക്കാളും പത്തുപടി മുന്നില്‍ നില്ക്കുന്ന കുട്ടിസംഘടനകളുള്ള ധാരാളം ഇടവകകള്‍ കേരളത്തില്‍ ഉണ്ടാകാം. പക്ഷേ, കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു വന്നുചേര്‍ന്ന പലതരക്കാരായ കുട്ടികള്‍ക്കിടയില്‍ ചേരിയെന്നോ ഫ്ളാറ്റെന്നോ വ്യത്യാസമില്ലാതെ ഉടലെടുത്ത കൂട്ടായ്മയെയാണു ശ്രേഷ്ഠമായി കാണുന്നത്.

ഈ അവധിക്കാലത്തു കുട്ടിക്കൂട്ടം യൂണിറ്റ് വാര്‍ഷികങ്ങളുമായി തിരക്കിലായിരുന്നു. മുതിര്‍ന്ന കുട്ടികള്‍ പ്രോഗ്രാമുകള്‍ സംവിധാനം ചെയ്തും ഇളയവരെ ചിട്ടയോടെ പരിശീലിപ്പിച്ചും എഡിറ്റിങ്ങ്, ഡബ്ബിങ്ങ് തുടങ്ങി അവര്‍ക്കറിയാവുന്ന സാങ്കേതികവിദ്യകള്‍ കൂടി ഉള്‍പ്പെടുത്തിയും അക്ഷരാര്‍ത്ഥത്തില്‍ വാര്‍ഷികാഘോഷം അട്ടിമറിച്ചു. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ക്ക് അനുവാദം നല്കുന്നതു പുതിയ തലമുറയെ സഭയോടു ചേര്‍ത്തുനിര്‍ത്താന്‍ സഹായകമാകും. പള്ളിമുറ്റത്തു പന്തുകളിച്ചു തിമിര്‍ത്തും രക്ഷിതാക്കളുടെ അനുവാദത്തോടെ മുതിര്‍ന്ന കുട്ടികള്‍ പ്രായത്തിനിളയവരെയും ചേര്‍ത്തു സൈക്കിളോടിച്ചും ദിവ്യബലി മദ്ധ്യേയുള്ള ലേഖനവായനയ്ക്കു പുതിയ കുട്ടികളെ വചനം വായിപ്പിച്ചൊരുക്കിയും പട്ടണനടുവിലെ ഈ ഇടവക മാറിക്കഴിഞ്ഞു. അദ്ധ്യയന വര്‍ഷത്തിലെ എല്ലാ തിരക്കുകള്‍ക്കുമിടയില്‍ തന്നെ ഇതിനൊക്കെയായി കണ്ടെത്തിയ സമയങ്ങളൊന്നും പാഴായില്ലെന്ന് ഈ കുഞ്ഞുങ്ങളുടെ പരീക്ഷാഫലം തെളിവു നല്കുന്നുണ്ട്. 1200/1200 എന്ന മാര്‍ക്കുമായി വാര്‍ത്തയിലിടം നേടിയ കാതറിന്‍ ഷാജന്‍ അടക്കമുള്ളവര്‍ കുട്ടിക്കൂട്ടം സാരഥികളാണ്.

ഓരോ കുഞ്ഞിന്‍റെയും അടിസ്ഥാനമായ ആഗ്രഹമാണു കുട്ടികളെന്ന വാത്സല്യത്തിനും പരിഗണനയ്ക്കുമപ്പുറം അവരുടെ വ്യക്തിത്വംകൂടി അംഗീകരിക്കപ്പെടണം എന്നത്. ഈയൊരു അംഗീകാരം ലഭിച്ചതു സഭയോടും സമൂഹത്തോടും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു തലമുറയെ ലഭിക്കാന്‍ കാരണമായി. സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാനും വളര്‍ച്ചയുടെ വഴികളില്‍ സംഭവിക്കുന്ന ചെറിയ മുറിവുകള്‍ കരുതലോടെ തലോടി സുഖപ്പെടുത്താനും നമ്മുടെ തലമുറയ്ക്ക് ആരോക്കെയോ ഉണ്ടായിരുന്നില്ലേ? ചേട്ടാനിയന്മാരുടെ മക്കള്‍ ഒരുമിച്ചു വളര്‍ന്ന, കൂട്ടുകുടുംബങ്ങളില്‍ തലമുറയുടെ വിടവുപോലും നമ്മളറിഞ്ഞിട്ടില്ല എന്നതാണു സത്യം. കൂട്ടുകുടുംബങ്ങള്‍ക്കും ബന്ധുബലത്തിനും തീരെ സാദ്ധ്യതയില്ലാത്ത സാഹചര്യങ്ങളില്‍ മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരിലെ നല്ല ശീലങ്ങള്‍ അനുകരിക്കാനും പ്രായത്തില്‍ ഇളയവരെ കരുതലോടെ സ്നേഹിക്കാനും നേര്‍വഴിക്കു നയിക്കാനും ഇത്തരം കൂ ട്ടായ്മകള്‍ കുട്ടികളെ സഹായിക്കും.

അപ്പുറത്തെ മുറിയില്‍ എന്തു സംഭവിച്ചുവെന്നറിയില്ലാത്ത ആഗോളകാര്യങ്ങളെക്കുറിച്ചു മാത്രമറിയുന്ന, കുട്ടിത്തമില്ലാത്ത, ചേര്‍ന്നുപോകാനും കൂട്ടുകൂടാനുമറിയാത്ത തലമുറ എന്നു കുട്ടികളെ കുറ്റപ്പെടുത്താന്‍ വരട്ടെ. ഡയപ്പറിലേക്കു പെറ്റിട്ട്, യൂണിഫോമില്‍ നിറച്ച്, നിശ്ചയിക്കപ്പെട്ട എന്‍ട്രന്‍സിലൂടെ മാത്രം നമ്മള്‍ കടത്തിവിടുന്ന അവരില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാന്‍ നമുക്ക് അവകാശമുണ്ടോ? പഠനം മാത്രമാണു ലക്ഷ്യമെന്നു പറഞ്ഞു പഠിപ്പിച്ച്, സമൂഹത്തില്‍നിന്നും പള്ളിയില്‍നിന്നും അകറ്റിനിര്‍ത്തി നമ്മള്‍ വളര്‍ത്തുന്ന ബാല്യം ചിറകു മുളയ്ക്കുമ്പോള്‍ കൗതുകങ്ങള്‍ക്കും കന്നത്തരങ്ങള്‍ക്കും കൂട്ടുപോകാന്‍ ചങ്ങാതിപ്പറ്റങ്ങളെ തേടുമെന്നു നിയതി. പ്രായത്തിന്‍റെ ഉയരക്കൂടുതലുകള്‍ക്കിടയില്‍ ആണ്‍പെണ്‍ വേലിചാട്ടങ്ങള്‍ക്കും കാരണമാകുന്നതിനുള്ള ഒരു പരിഹാരംകൂടിയാണ് ഈ കൂട്ടായ്മ. ആരോഗ്യകരമായ ഒരു സൗഹൃദം ബോധപൂര്‍വം കുട്ടികള്‍ക്കിടയില്‍ വളര്‍ത്തുന്നതിലൂടെ എതിര്‍ലിംഗത്തോടുള്ള അനാവശ്യ ജിജ്ഞാസകളെ തരണം ചെയ്യാന്‍ അവരെ പ്രാപ്തരാക്കാനും കഴിയും.

ബാല്യകൗമാരങ്ങളെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ ഒരുപാടുയരുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ഒരുക്കേണ്ട സംരക്ഷണമായും ഇത്തരം കൂട്ടായ്മകള്‍ മാറണം. വാക്കോ പ്രവൃത്തിയോ ഒരു കുരുന്നുജീവനെ പുഴുക്കുത്തേല്പിക്കാന്‍ തുടങ്ങിയാല്‍ അതു തുടക്കത്തിലേ അറിയാന്‍ കട്ടികള്‍ തമ്മിലുള്ള നല്ല ബന്ധങ്ങള്‍ സഹായിക്കുന്നുണ്ട്. കാണാനും കേള്‍ക്കാനും അറിയാനും പറയാനും പരിധികളില്ലാത്ത ഈ തലമുറ ഏറെ സമൃദ്ധമാണ്. എന്നാല്‍ അവരെ കേള്‍ക്കാന്‍, അവരെ അറിയാന്‍ ആരുമില്ലാതെ പോകുന്നു എന്നതും യാഥാര്‍ത്ഥ്യമല്ലേ?

രണ്ടു കാലില്‍ നിവര്‍ന്നു നില്ക്കുന്ന കുഞ്ഞിനു മുതല്‍ വടികുത്തി നടക്കുന്നവര്‍ക്കുവരെ സംഘടനകളുള്ള കത്തോലിക്കാസഭയില്‍ ഇത്തരമൊരു കുട്ടിക്കൂട്ടത്തിനെന്തു പ്രസക്തി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ഔദ്യോഗിക സംഘടനകളുടെ നിബന്ധനകളും പരിപാടികളും പ്രാദേശികമായ ആവശ്യങ്ങളുമായി ചേര്‍ന്നുപോകാത്ത സാഹചര്യങ്ങളില്‍ ഓരോ പ്രദേശവും ആവശ്യപ്പെടുന്ന രീതിയില്‍ പ്രായ-ദേശ-സാമ്പത്തിക വേര്‍തിരിവുകളില്ലാതെ വളര്‍ച്ചയുടെ വഴികളില്‍ ഈശോയെ കൂട്ടു നല്കാന്‍ വേണ്ടിയാകണം ഈ കൂട്ടായ്മ. ഉള്ളു തൊടാത്ത സൗഹൃദങ്ങളുടെ വലക്കണ്ണിക്കിടയില്‍ പെട്ടുപോയ തലമുറ. സമ്പന്നതയുടെ ധാരാളിത്തത്തിനു നടുവിലും തോളൊന്നു ചായ്ക്കാന്‍ ആളില്ലാതായി പോകുന്ന ബാല്യകൗമാരം. സുന്ദരകവാടത്തിലെ തളര്‍വാതരോഗിയെപ്പോലെ എനിക്കാരുമില്ലായിരുന്നു എന്ന കുഞ്ഞുനിലവിളിയുമായി ദൈവസന്നിധിയില്‍ എത്താതിരിക്കട്ടെ. അള്‍ത്താരയ്ക്കു ചുറ്റുമായി വളര്‍ന്നവരുടെ വളര്‍ച്ചയുടെ പടവുകളിലൊന്നില്‍ അവന്‍ കൂട്ടുണ്ടായിരുന്നു എന്നതിന് എന്നെ വായിക്കുന്ന നിങ്ങള്‍ തന്നെയല്ലേ സാക്ഷികള്‍?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org