ലൈംഗിക ന്യൂനപക്ഷങ്ങള്‍: സഭയുടെ സമീപനം അനുകമ്പാര്‍ദ്രം, ശാസ്ത്രീയം

ലൈംഗിക ന്യൂനപക്ഷങ്ങള്‍:  സഭയുടെ സമീപനം അനുകമ്പാര്‍ദ്രം, ശാസ്ത്രീയം

ഫാ. ഡോ അഗസ്റ്റിന്‍ പാംപ്ലാനി CST

ഡോണ്‍ ഈഡന്‍ ഗോള്‍ഡ് സ്റ്റെയിന്‍ അമേരിക്കയിലെ ഒരു ദൈവശാസ്ത്ര സെമിനാരിയിലെ പ്രൊഫസറും അടുത്ത കാലത്തു യഹൂദമതത്തില്‍നിന്നു ക്രൈസ്തവമതം സ്വീകരിച്ച വനിതയുമാണ്. കത്തോലിക്കാസഭ മുഴുവന്‍ ലൈംഗികാപവാദക്കേസുകളില്‍ നാണം കെട്ടു നില്‍ക്കുമ്പോള്‍ ആരെങ്കിലും ഈ സഭയില്‍ അംഗമാകുമോ, എന്തു മണ്ടത്തരമാണു കാണിച്ചതെന്ന് അവരോടു ചോദ്യമുണ്ടായി. അവര്‍ പറഞ്ഞു, "അഞ്ചു വയസ്സുള്ളപ്പോള്‍ സിനഗോഗിന്‍റെ ഗേറ്റില്‍ വച്ച് അതിന്‍റെ കാവല്‍ക്കാരന്‍ എന്നെ ദുരുപയോഗിച്ചിട്ടുള്ളതാണ്. കത്തോലിക്കാസഭ പറയുന്ന മനുഷ്യാന്തസ്സ് എന്ന സത്യം യഹൂദമതം മനസ്സിലാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ എനിക്കീ ദുരനുഭവം ഉണ്ടാകുമായിരുന്നില്ല. അതു കത്തോലിക്കാവൈദികരും മെത്രാന്മാരും ചിലപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ടാകില്ല. അത് അവരോടു പറഞ്ഞു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ കത്തോലിക്കയാകാന്‍ തീരുമാനിച്ചത്."

എന്താണു മനുഷ്യന്‍ എന്നൊരു മൗലികമായ ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. ക്രിസ്തീയദര്‍ശനത്തിന്‍റെ ചട്ടക്കൂടില്‍ നിന്നു നോക്കിയാല്‍ ദൈവവും മനുഷ്യനും തമ്മില്‍ വ്യത്യാസം കുറവാണ്. ദൈവശാസ്ത്രപരമായി നോക്കിയാല്‍ മനുഷ്യന്‍ ദൈവം തന്നെയാണ്. രണ്ടിനേയും ഒരുപോലെ സൂചിപ്പിക്കുന്ന ഒരു സംജ്ഞയുണ്ട് – വ്യക്തി. ദൈവം വ്യക്തിയാണ്, മനുഷ്യനും വ്യക്തിയാണ്. മനുഷ്യനെ ദൈവത്തിന്‍റെ ച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചിരിക്കുന്നുവെന്നതിന്‍റെ അര്‍ത്ഥമിതാണ് – ദൈവത്തെ പോലെ സ്വാതന്ത്ര്യവും സ്നേഹവും ഉള്ളവനായി മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തീയദര്‍ശനത്തില്‍ ദൈവം ആത്യന്തികമായി ഒരു വ്യക്തിയാണ്, ഒരു തത്ത്വമല്ല. അതിനര്‍ത്ഥം ദൈവത്തിന് അനന്തമായ സ്നേഹവും സ്വാതന്ത്ര്യവും ഉണ്ടെന്നതാണ്.

ദൈവത്തിന്‍റെ ച്ഛായയിലും സാദൃശ്യത്തിലും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നു പറഞ്ഞാല്‍, ദൈവത്തിന്‍റെ രൂപമുണ്ടോ എന്നതല്ല, മനുഷ്യന് ആത്യന്തികമായി ദൈവത്തിനു സമാനമായ സ്നേഹവും സ്വാതന്ത്ര്യവുമുണ്ടോ എന്നതാണ്. അവയുണ്ട്. ആ പശ്ചാത്തലത്തില്‍ ഈ കോടതിവിധിയെ നോക്കിക്കാണുമ്പോള്‍ വ്യക്തിയുടെ സ്വാതന്ത്ര്യവും സ്നേഹവും എന്താണ് എന്നതാണ് പരിശോധിക്കേണ്ടി വരുന്നത്. എന്താണു സ്വാതന്ത്ര്യം, എന്താണു സ്നേഹം എന്നു മനസ്സിലാക്കാനുള്ള ഒരു വലിയ വെല്ലുവിളി ഈ കോടതിവിധി നമ്മുടെ മുമ്പില്‍ വയ്ക്കുന്നുണ്ട്.

ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈ കോടതിവിധി വളരെ ആത്മീയമായ ഒരു വിധിയാണ്. ഒരു പരിധി വരെ ഇതൊരു മതാത്മകമായ വിധിയുമാണ്. ബലം പ്രയോഗിച്ചല്ല മതാത്മകമായ ക്രമവും നീതിയും നടപ്പാക്കേണ്ടത്. സാമൂഹികനീതിയെക്കുറിച്ചല്ല പറയുന്നത്. സുവിശേഷങ്ങള്‍ വായിക്കുമ്പോള്‍ എനിക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു ഭാഗമുണ്ട്. യൂദാസ് ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുന്നു. ക്രിസ്തു പല പ്രാവശ്യം ശ്രമിക്കുന്നുണ്ട്, യൂദാസിനെ അതില്‍ നിന്നു പിന്തിരിപ്പിക്കുന്നതിന്. യൂദാസിനെ ക്രിസ്തു തൊട്ടുവലത്തു വശത്തിരുത്തുന്നു, അതു മാനസാന്തരം ഉണ്ടാക്കാന്‍ വേണ്ടിയാണെന്നു ബിഷപ് ഫുള്‍ട്ടന്‍ ഷീന്‍ പറയുന്നുണ്ട്. എങ്കിലും ക്രിസ്തു അവനോടു പറയുന്നില്ല, നീയെന്നെ ഒറ്റിക്കൊടുക്കരുതെന്ന്. അതിലുപരി നിനക്കു ചെയ്യാനുള്ളത് വേഗം ചെയ്യുവിന്‍ എന്നാണു പറയുന്നത്. ദൈവത്തിന്‍റെ ച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ നന്നാക്കാന്‍ ദൈവം ബലപ്രയോഗം നടത്തില്ലെന്നതിന്‍റെ സന്ദേശമാണ് അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ലോകത്തെ സൃഷ്ടിച്ചു, നന്മയുടെ വൃക്ഷം അതില്‍ നട്ടശേഷം അതില്‍ നിന്നു ഫലം പറിക്കരുതെന്ന് ആദത്തോടും ഹവ്വയോടും പറയുന്നു. അവരുടെ കൈ കെട്ടുന്ന ദൈവമല്ല ബൈബിളിലെ ദൈവം. മനുഷ്യ സ്വാതന്ത്ര്യത്തോടുള്ള ഈ പരമമായ ബഹുമാനം ആദ്ധ്യാത്മികതയുടെ ഉത്കൃഷ്ടമായ ഒരു ദര്‍ശനമാണ്. പ്രായോഗികമായി കോടതി ഇവിടെ പറഞ്ഞിരിക്കുന്നതും അതു തന്നെയാണ്. ആ അര്‍ത്ഥത്തിലാണ് ഇതു മതാത്മകമെന്നു ഞാന്‍ പറയുന്നത്. ഇതിന്‍റെ സാമൂഹികക്രമപരമായ വെല്ലുവിളിയെ കുറിച്ച് പൂര്‍ണബോധത്തോടെയാണ് ഇതു പറയുന്നത്.

സ്വാതന്ത്ര്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന അപകടം നമ്മുടെ കോടതിവിധി കൊണ്ടുവന്നിട്ടുണ്ട് എന്നതു കാണാതിരിക്കാനാവില്ല. ഉദാത്തമായ സ്വാതന്ത്ര്യത്തെ സമൂഹം മനസ്സിലാക്കുന്നതിനു മുമ്പു തന്നെ സ്വാതന്ത്ര്യത്തിന്‍റെ കയത്തിലേയ്ക്ക് മനുഷ്യനെ എടുത്തെറിഞ്ഞിരിക്കുകയാണ്. നമ്മുടെ സമൂഹം ഉത്കൃഷ്ടമായ രീതിയില്‍ സ്വാതന്ത്ര്യത്തെ വിനിയോഗിക്കാന്‍ പക്വത കൈവരിച്ചിട്ടുണ്ടോ? നന്മയും തിന്മയും നിന്‍റെ മുമ്പില്‍ വച്ചിരിക്കുന്നു, ഉചിതമായതു നീ തിരഞ്ഞെടുക്കണം എന്നു പറയുമ്പോള്‍ അതിനുള്ള വിവേചനബുദ്ധി നമ്മുടെ സമൂഹം കൈവരിച്ചിട്ടുണ്ടോ എന്നതു പരിശോധിക്കണം. സമൂഹത്തെ ഈ വിധി അരാജകത്വത്തിലേയ്ക്കു നയിക്കാനുള്ള സാദ്ധ്യതയും ഞാന്‍ മനസ്സിലാക്കുകയാണ്.

വിധിയുടെ ആത്മീയവശമെന്നത് ഇത് സ്വാതന്ത്ര്യത്തിന്‍റെ പ്രാഥമികതയെ അടിവരയിടുന്നു എന്നതാണ്. ഇത് ആദ്ധ്യാത്മികതയിലെ പരമപ്രധാനമായ ഒരു കാര്യമാണ്. പക്ഷേ സ്വാതന്ത്ര്യത്തെ ഇപ്രകാരം ഉദാത്തീകരിക്കുമ്പോള്‍ മനുഷ്യന്‍ ഒരു സമൂഹജീവിയാണ്, സാമൂഹികസംവിധാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണ് എന്നതു മറക്കാന്‍ കഴിയില്ല.

ഹെന്‍റി ബെര്‍ഗ്സണ്‍ ഒരു യഹൂദപണ്ഡിതനാണ്. 1927-ല്‍ നോബല്‍ സമ്മാനം നേടിയ വ്യക്തിയാണ്. അദ്ദേഹം ഉപയോഗിക്കുന്ന രണ്ടു സംജ്ഞകളുണ്ട്. സമ്മര്‍ദ്ദവും അഭിലാഷവും. സമ്മര്‍ദ്ദമെന്നത് ജീവശാസ്ത്രപരമായി ഉണ്ടാകേണ്ട ഒരു ഘടകമാണ്. ധാര്‍മ്മികതയെ ബുദ്ധിപരമായി നോക്കിക്കാണുന്നതാണ് തത്ത്വചിന്താപാരമ്പര്യങ്ങളെല്ലാം. ബെര്‍സണ്‍ പറയുന്നത് ഇതു ജീവശാസ്ത്രപരമാണെന്നാണ്. തേനീച്ച കൂട്ടിലേയ്ക്കു പോകുന്നു. കൂട്ടിലായിരിക്കാന്‍ തേനീച്ചയ്ക്കു സഹജമായ ഒരു വാസനയുണ്ട്. കുഞ്ഞു പിറന്നു കഴിയുമ്പോള്‍ പാലു കുടിക്കാന്‍ അമ്മയുടെ പക്കലേയ്ക്കു പോകുന്നത് ജന്മവാസനയാണ്. ഇങ്ങനെയൊരു ജൈവികത, ധാര്‍മ്മികതയുമായി ബന്ധപ്പെട്ടു മനുഷ്യനില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ഈ സംവിധാനങ്ങളെല്ലാം അടഞ്ഞതായി മാറാനുള്ള സാദ്ധ്യതയുമുണ്ട്, ധാര്‍മ്മിക വ്യവസ്ഥിതിയില്‍. അതില്‍ തന്നെ ഒതുങ്ങി നില്‍ക്കുക, പുറത്തുള്ളവയെല്ലാത്തിനേയും ബഹിഷ്കരിക്കുക. അകത്തുപെടുന്നവരെയെല്ലാം ഉള്‍ക്കൊള്ളാതിരിക്കുക എന്ന അപകടം ഇതിനകത്തുണ്ടാകാം. അവിടെയാണ് എല്‍ജിബിടി എന്ന ന്യൂനപക്ഷം സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്ന് അവഗണിക്കപ്പെടുന്നു എന്ന കാഴ്ചപ്പാടു വരുന്നത്. അങ്ങനെയുള്ളവര്‍ ഞങ്ങളുടെ കവാടത്തില്‍ മുട്ടുമ്പോള്‍ അവരോടു മുഖം തിരിഞ്ഞു നില്‍ക്കാന്‍ തങ്ങള്‍ക്കു വയ്യ എന്ന നിലപാട് ജസ്റ്റിസ് നരിമാന്‍റെ വിധിന്യായത്തില്‍ പറയുന്നുണ്ട്. അങ്ങനെയൊരു സാഹചര്യം നമ്മുടെ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു കോടതിവിധിയുടെ അപകടമല്ല, മതങ്ങളുടെ പരാജയമാണ് എന്നു ഞാന്‍ പറയും. യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥമെന്താണ് എന്നത്, നമ്മുടെ സാമൂഹികതയുടെ വെല്ലുവിളികള്‍ ഏവയെന്നത് നമ്മുടെ സമൂഹത്തെ ശരിയാംവണ്ണം പറഞ്ഞു പഠിപ്പിക്കാത്തതുകൊണ്ടു തന്നെയാണ് ഈ ന്യൂനപക്ഷങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്ന അപകടം ഇവിടെയുണ്ടായത്.

ഇത് മതങ്ങള്‍ക്ക് ഒരവസരം കൂടി തുറന്നു തരികയാണ്. യഥാര്‍ത്ഥ ആദ്ധ്യാത്മികതയും യഥാര്‍ത്ഥ സഹോദരസ്നേഹവും എന്താണെന്നു പറഞ്ഞു കൊടുക്കാനുള്ള അവസരം. അങ്ങനെ നോക്കിയാല്‍ ഈ വിധി ബിബ്ലിക്കലാണെന്നും പറയാന്‍ കഴിയും. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളും നിങ്ങള്‍ക്കു മുമ്പേ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കും എന്നു ക്രിസ്തു പറയുന്നത് വേറൊരര്‍ത്ഥത്തില്‍ അവമതിക്കപ്പെടുന്ന ഈ എല്‍ജിബിടികാരുടെ കാര്യം തന്നെയാണ്. അവര്‍ പുറത്തു നില്‍ക്കേണ്ട സാഹചര്യമുണ്ടായി എന്നു പറയുമ്പോള്‍ അവിടെ ഉത്കൃഷ്ടമായ മാനവീക ദര്‍ശനങ്ങള്‍ പരാജയപ്പെട്ടു എന്നു പറയേണ്ടി വരുന്നുണ്ട്.

ഉദാത്തമായ സ്വാതന്ത്ര്യവും അനന്തമായ സ്നേഹവുമാണ് ദൈവം എന്നതാണ് ക്രൈസ്തവ ദൈവശാസ്ത്രം. സ്വാതന്ത്ര്യവും സ്നേഹവും. എല്‍ജിബിടി സമൂഹത്തിലെ 9000 പേര്‍ ലണ്ടനില്‍ നടത്തിയ റാലി ഞാന്‍ യൂട്യൂബില്‍ കണ്ടു. ഞങ്ങളെ സ്നേഹിക്കാന്‍ അനുവദിക്കുക എന്നതാണ് എല്ലാവരുടേയും പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്നത്. സ്നേഹിക്കാന്‍ വേണ്ടി മനുഷ്യര്‍ സമരം ചെയ്യുക എന്നത് ഒരര്‍ത്ഥത്തില്‍ മതങ്ങളെല്ലാം കൈയടിച്ചു പ്രോത്സാഹിപ്പിക്കേണ്ടതാണ്. എല്ലാ മതങ്ങളുടേയും പരമമായ ഉദ്ബോധനമെന്നത് സ്നേഹിക്കുക, സ്നേഹിക്കാന്‍ പഠിപ്പിക്കുക എന്നതാണല്ലോ. ഇവിടെ എല്‍ജിബിടികളും ആവശ്യപ്പെടുന്നത് തങ്ങള്‍ക്കു സ്നേഹിക്കണമെന്നാണ്.

സ്നേഹം എന്ന സംജ്ഞയുടെ ഏറ്റവും ഉപരിപ്ലവമായ ധാരണയുടെ വലിയൊരു ഭീകരപ്രവര്‍ത്തനം തന്നെയാണ് ഈ ചര്‍ച്ചകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്നേഹം ഇത്രയും ന്യൂനീകരിക്കപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കപ്പെട്ടു എന്നത് ദൈവശാസ്ത്രപരമായി നടത്തിയിരിക്കുന്ന വലിയൊരു അട്ടിമറിയാണ്. ഇത് എല്‍ജിബിടികളുടെ വിജയമായി വ്യാഖ്യാനിക്കപ്പെടുന്നു. തത്വത്തില്‍ അവരോടു യോജിക്കുകയാണ്. ഉദാത്തമായ സ്നേഹത്തിനുവേണ്ടിയുള്ള സമരമാണ് നടത്തപ്പെടുന്നതെങ്കില്‍ ബന്ധങ്ങളെ ശാശ്വതീകരിക്കാന്‍ ഈ വിധികൊണ്ടു എത്രമാത്രം സാധിക്കുമെന്നതാണ് ചര്‍ച്ച ചെയ്യേണ്ടത്.

ഡോ. ഫ്രെഡ് ന്യൂറോസയന്‍സില്‍ നടത്തിയ ഗവേഷണങ്ങളില്‍ സ്നേഹത്തെക്കുറിച്ചുള്ള ക്രിസ്തീയ ദര്‍ശനങ്ങള്‍ ഒരു പരിധി വരെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സ്നേഹത്തിന്‍റെ ആദ്യനാളുകളില്‍ കമിതാക്കളെ വേര്‍പെടുത്തുക എന്നത് പ്രയാസമാണ്. ആ സമയത്തു തലച്ചോറില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ അത്തരത്തിലുള്ളവയാണ്. അതുകഴിഞ്ഞ് നാലു വര്‍ഷമൊക്കെ കഴിയുമ്പോഴാണ് ബന്ധങ്ങള്‍ ശാശ്വതീകരിക്കുന്നതിനുള്ള ഹോര്‍മോണുകളിലേയ്ക്കു മസ്തിഷ്കം മാറുന്നത്. നാലു വര്‍ഷം കഴിയുമ്പോഴേ യുക്തിസഹമല്ലാത്ത ബന്ധങ്ങളെയൊക്കെ വേര്‍പെടുത്താന്‍ സാധിക്കുകയുള്ളൂ. ലൈംഗികതയുടെ, റൊമാന്‍സിന്‍റെ പരമമായ ലക്ഷ്യമെന്നത് സ്നേഹത്തിന്‍റെ ശാരീരികമായ പ്രകാശനമല്ല. അതിനേക്കാളുപരി ബന്ധങ്ങളുടെ തീവ്രതയ്ക്കും ആഴത്തിനുമുള്ള ഒരുപാധിയായിട്ടാണ് നമ്മുടെ ജീവശാസ്ത്രം നമ്മെ സംവിധാനം ചെയ്തിരിക്കുന്നത്.

എല്‍ജിബിടികളുടെ സ്നേഹമെന്ന ആഭിമുഖ്യത്തെ ശാസ്ത്രീയമായി എപ്രകാരം നോക്കിക്കാണാന്‍ സാധിക്കുമെന്നതിനെ കുറിച്ച് എനിക്കു തന്നെയുള്ള ചില ആശയക്കുഴപ്പങ്ങള്‍ പങ്കു വയ്ക്കുകയാണ്. സ്വവര്‍ഗസ്നേഹബന്ധം ഉണ്ടാകുന്നതിനെ കുറിച്ച് കോടതി ശാസ്ത്രീയമായ പഠനങ്ങള്‍ പ രിശോധിച്ചിട്ടുണ്ട്. ഇതൊരു ഡിസോറിയന്‍റേഷന്‍ അല്ല, വേരിയേഷന്‍ ആണ് എന്നതാണ് കോടതിക്കു ബോദ്ധ്യമായ നിരീക്ഷണം. ഭാഗികമായി അതു ശരിയുമാണ്. നമ്മുടെ നാട്ടുകാരനായ ഡോ. വിളയന്നൂര്‍ രാമചന്ദ്രന്‍ അമേരിക്കയില്‍ ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മസ്തിഷ്കത്തിലെ അമിഡ്ഗാലയാണ് നമ്മുടെ വൈകാരികകേന്ദ്രം. അത് എങ്ങനെ പ്രോഗ്രാം ചെയ്യപ്പെടുന്നു എന്നത് നമ്മുടെ ലൈംഗികതയെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. നാം പറയുന്ന നോര്‍മല്‍ മനുഷ്യരില്‍ അമിഡ്ഗാലയില്‍ നിന്നു കോര്‍ട്ടക്സിലേയ്ക്കുള്ള കണക്ഷന്‍ ഇടതുഭാഗത്തു നിന്നാണെങ്കില്‍ അവര്‍ യഥാര്‍ത്ഥ പുരുഷനായിരിക്കും. സ്ത്രീകള്‍ക്ക് വലത്തേ അമിഡ്ഗാലയില്‍ നിന്നായിരിക്കുമിത്. ചിലരില്‍ ഇതു തിരിഞ്ഞു വരാം. ഒരാള്‍ ശാരീരികമായി പുരുഷനാണെങ്കിലും കോര്‍ട്ടക്സിലേയ്ക്കുള്ള കണക്ഷന്‍ വലത്തേ അമിഡ്ഗാലയില്‍ നിന്നാണെങ്കില്‍ ഉള്ളിലുള്ള ആന്തരീകവ്യക്തിത്വം സ്ത്രീയുടേതായിരിക്കും. ഇങ്ങനെ സംഭവിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ പ്രകൃതിയിലുണ്ട്. അതുകൊണ്ട് പ്രകൃതിവിരുദ്ധം എന്നു അത്തരം സവിശേഷതയുള്ളവരെ കുറ്റപ്പെടുത്താനാകില്ല. തന്‍റെയുള്ളിലുള്ളത് സ്ത്രീയാണെങ്കില്‍ അയാളാഗ്രഹിക്കുക പുരുഷനെയായിരിക്കും. അതുകൊണ്ടാണ് സ്വവര്‍ഗലൈംഗികത ഉണ്ടാകുന്നത്. ഇതു തന്നെ സ്ത്രീകളിലും സംഭവിക്കാം. ഇതൊരു യാഥാര്‍ത്ഥ്യമാണ്.

ഇത്തരം പ്രതിഭാസങ്ങളെ നാം എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ആലോചക്കേണ്ടത്. ഇവര്‍ക്കു സ്നേഹിക്കാനുള്ള അവസരം നാം നിഷേധിക്കാന്‍ പാടുണ്ടോ? ഡോ. രാമചന്ദ്രന്‍ ഒരു കാര്യം കൂടി പറയുന്നുണ്ട്. ന്യൂറോപ്ലാസ്റ്റിസിറ്റി. നമ്മുടെ മസ്തിഷ് കഘടന മാറ്റത്തിനു വിധേയമാണ്. ഇത്തരം വേരിയേഷന്‍ ഉള്ളവരില്‍ ഉടനെ ശാരീരികമായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയല്ല വേണ്ടത്. ഇവരുടെ മസ്തിഷ്കഘടനയെ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് വഴി മാറ്റിയെടുക്കാന്‍ സാധിക്കും എന്നതാണു കണ്ടെത്തല്‍. ബാസ്കറ്റ്ബോള്‍ പ്രാക്ടീസിംഗിനു കളിക്കളത്തില്‍ പോകാതെ മനസ്സില്‍ ചെയ്താലും അതനുസരിച്ചുള്ള മാറ്റങ്ങള്‍ കളിയിലുണ്ടാകും. കരയില്‍ ഇരുന്നു നീന്തല്‍ പഠിക്കാന്‍ പറ്റുമോ? പറ്റുമെന്നാണ് ന്യൂറോസയന്‍സ് പറയുന്നത്. സ്വവര്‍ഗലൈംഗികാഭിമുഖ്യമുണ്ടെങ്കില്‍ തന്നെ അതില്‍ തിരുത്തല്‍ വരുത്താന്‍ സാധിക്കുമെന്നതാണു ശാസ്ത്രം. പക്ഷേ ഈ പുതിയ ശാസ്ത്രീയകണ്ടെത്തലുകള്‍ ഇതു സംബന്ധിച്ച വിധിയില്‍ പരിഗണിക്കപ്പെട്ടിട്ടില്ല.

സമഗ്രമായി ശാസ്ത്രത്തെ ഉള്‍ക്കൊള്ളുകയാണെങ്കില്‍ മാനവീകമായ നീതി നമുക്ക് എല്‍ജിബിടി സമൂഹത്തോടു കാണിക്കാനാകും എന്നാണു ഞാന്‍ കരുതുന്നത്. പരമമായ പ്രശ്നമെന്നത് എന്താണു സ്നേഹം, എങ്ങനെ സ്നേഹിക്കണം എന്നതാണ്. ആദ്ധ്യാത്മികതയുടെ ഏറ്റവും പരമോന്നതിയില്‍ എത്തിയവനു ധാര്‍മ്മികതയില്‍ പിന്നെ യാതൊരു നിയന്ത്രണങ്ങളും ബാധകമല്ല. തത്വചിന്താപരമായി പറയുകയാണിത്. ഈ നിലയിലേയ്ക്ക് ബന്ധങ്ങളെ കൊണ്ടുപോകാന്‍ എല്‍ജിബിടി സമൂഹത്തിനു സാധിക്കുമോ? ഇല്ല.

ഈ വിധി എല്‍ജിബിടി സമൂഹത്തിന്‍റെ അവകാശസംരക്ഷണമായി കണക്കാക്കപ്പെടുന്നുണ്ട് എങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് നരവംശശാസ്ത്രപരമായി ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നതും ഈ എല്‍ജിബിടി സമൂഹത്തിനു മുമ്പിലാണ്. ഉന്നതമായ രീതിയില്‍ തങ്ങളുടെ ജീവിതത്തെ ആവിഷ്കരിക്കാനുള്ള സാദ്ധ്യതകളെ അടച്ചുകളഞ്ഞ്, ഉപരിപ്ലവമായ രീതിയില്‍ സ്വാതന്ത്ര്യത്തെയും സ്നേഹത്തെയും മനസ്സിലാക്കിക്കൊണ്ട്, ശാരീരികമായ ആവിഷ്കാരങ്ങളിലൂടെ മാത്രം ബന്ധങ്ങളെ പ്രകാശിപ്പിക്കുക എന്നൊരപകടം എല്‍ജിബിടികളുടെ മുമ്പില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇത് അവരെ സംബന്ധിച്ച് പൂര്‍ണമായും വിമോചനാത്മകമാണോ എന്ന സംശയം എനിക്കുണ്ട്.

സ്നേഹത്തോടു കൂടി അവര്‍ ദൈവത്തെ അന്വേഷിക്കുകയാണെങ്കില്‍ അവര്‍ തെറ്റുകാരാണെന്നു പറയാന്‍ ഞാനാരാണെന്നാണ് മാര്‍പാപ്പ ഇവരെ കുറിച്ചു ചോദിച്ചത്. സമഗ്രമായി എല്‍ജിബിടി കാരുടെ ജീവശാസ്ത്രം മനസ്സിലാക്കി കഴിഞ്ഞാല്‍ മാര്‍പാപ്പയെ പോലെ അനുകമ്പാര്‍ദ്രമായ സമീപനം അവരോടു പുലര്‍ത്തേണ്ടത് ആവശ്യമാണെന്നു മനസ്സിലാകും. ശാസ്ത്രീയമായ കണ്ടെത്തലുകള്‍ ഇവരെ സംബന്ധിച്ചുണ്ടാകുമ്പോള്‍ ഇവരോടുള്ള സമീപനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതായി വരും എന്നൊരു തുറവി കത്തോലിക്കാസഭയുടെ ധാര്‍മ്മികദൈവശാസ്ത്രം ഇക്കാര്യത്തില്‍ പുലര്‍ത്തുന്നുണ്ട്. മാര്‍പാപ്പയോട് ഒരു അഭിമുഖക്കാരന്‍ ചോദിച്ചു, "എന്തുകൊണ്ടാണ് ഇത്രയും വിപ്ലവകരമായ ഒരു പ്രസ്താവന നടത്തിയത്? അതൊരുപാട് തെറ്റിദ്ധാരണകളുണ്ടാക്കിയിട്ടുണ്ട്." മാര്‍പാപ്പ പറഞ്ഞതിതാണ്, "കത്തോലിക്കാസഭയുടെ മതബോധനം പറയുന്ന കാര്യങ്ങള്‍ ഞാനടിവരയിട്ടതേയുള്ളൂ."

പുതിയ ശാസ്ത്രീയവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രകൃതിനിയമങ്ങളെയും അതുവഴി സ്വവര്‍ഗലൈംഗികതയെയും മനസ്സിലാക്കിക്കൊണ്ടിരിക്കുക എന്ന തുറവി സഭയുടെ പക്ഷത്തു നിന്നുണ്ട്. സ്നേഹത്തെ തെറ്റിദ്ധരിക്കാനുള്ള ഒരു സാഹചര്യം ഈ കോടതിവിധി മൂലമുണ്ടായിട്ടുണ്ട്. മതങ്ങളുടെ മുമ്പില്‍ ഇതു വലിയ സാദ്ധ്യതയൊരുക്കുന്നുണ്ട്. ജനങ്ങള്‍ക്കു ശരിയായ ബോധവത്കരണം നല്‍കുന്നതിനുള്ള അവസരമായി ഇതിനെ കാണാം. സ്വവര്‍ഗരതിക്കാര്‍ക്കു തന്നെയാണ് ഈ വിധി ഏറ്റവും വലിയ വെല്ലുവിളി ആകുന്നത്. തങ്ങളുടെ മനുഷ്യാന്തസ്സിനെ പരിപോഷിപ്പിക്കുന്നതിനു പകരം അതിനെ ന്യൂനീകരിക്കുന്നതിനു ഇടയാക്കുന്ന രീതിയില്‍ ഈ കോടതിവിധിയെ ദുരുപയോഗിക്കാനുള്ള സാദ്ധ്യത അവശേഷിക്കുന്നുണ്ട്.

('സ്വവര്‍ഗരതി: നിയമം, ധാര്‍മ്മികത' എന്ന വിഷയത്തില്‍ എറണാകുളത്ത് ലൂമെന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ ചെയ്ത പ്രഭാഷണത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org