ലൗദാത്തോ സി: ഒരവലോകനം

ലൗദാത്തോ സി: ഒരവലോകനം

മോനിഷ് മാത്യു, വൈക്കം

കരുണയുടെ മുഖമുള്ള പാപ്പ, അതാണു ഫ്രാന്‍സിസ് മാര്‍പാപ്പ. 21-ാം നൂറ്റാണ്ടില്‍ ദൈവം ലോകത്തിനു നല്കിയ സമ്മാനമാണു ഫ്രാന്‍സിസ് മാര്‍പാപ്പയെങ്കില്‍ അദ്ദേഹം ലോകത്തിനു നല്കിയ സമ്മാനമാണു 'ലൗ ദാത്തോ സീ' എന്ന ചാക്രികലേഖനം.

സാര്‍വത്രികസഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതല്‍ അദ്ദേഹം സ്വന്തം ജീവിതംകൊണ്ട് ആവര്‍ത്തിച്ച് ഉദ്ഘോഷിക്കുന്ന സന്ദേശമാണു കരുണയുടേത്. തന്‍റെ ശ്ലൈഹികരേഖകളിലൂടെയെല്ലാം അവിടുന്നു കരുണയെക്കുറിച്ച് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കാരണം, ദൈവത്തിന്‍റെ വചനങ്ങളിലും രക്ഷാകരചരിത്രത്തിലും ഉടനീളം നിഴലിച്ചുകാണുന്നതാണു ദൈവകാരുണ്യം എന്നത്. ദൈവകാരുണ്യം ജീവകാരുണ്യവും ദിവ്യകാരുണ്യവുമായി തീര്‍ന്നതു രക്ഷാകരചരിത്രത്തിലൂടെയാണ്.

ദൈവത്തിന്‍റെ സൃഷ്ടിയായ മനുഷ്യനോടുള്ള ആദരവും അവനുവേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ച കര്‍ത്താവിനോടുള്ള സ്തുതി മാത്രമല്ല, എല്ലാ ജീവജാലങ്ങളോടുമുള്ള സ്തുതികൂടിയാണത്. ഈ ലോകത്തില്‍ എനിക്കു മാത്രമല്ല മറ്റുള്ളവര്‍ക്കു കൂടി ജീവിക്കണമെന്നുള്ള തിരിച്ചറിവു നമുക്കു നഷ്ടപ്പെട്ടുവെന്ന തോന്നലില്‍ നിന്നാരംഭിക്കുന്നു, കവി ബാലചന്ദ്രന്‍ ഇഞ്ചക്കാട് എഴുതിയ "ഭൂമിഗീതങ്ങള്‍" എന്ന കവിത:

"ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ?"

മനുഷ്യന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രകൃതിയിലുള്ള ഇടപെടലുകളാണ്. ഇടപെടലും ചൂഷണവും തമ്മിലുള്ള വ്യത്യാസം പ്രധാനപ്പെട്ടതാണ്. പ്രകൃതിക്കു നേരെയുള്ള ആക്രമണങ്ങളില്‍പ്പോലും പുരോഗതിയും വികസനവും കാണുന്നു, ഇന്നു നമ്മുടെ നാട്.

കൃഷി പോയാല്‍ ടൂറിസംകൊണ്ടു രക്ഷപ്പെടാം എന്നു കരുതുന്നവര്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്. ടൂറിസ്റ്റുകള്‍ ഇവിടേക്കു വരുന്നതു പ്രകൃതിദത്തമായവ കാണുന്നതിനാണ്. അവരെ ആകര്‍ഷിക്കുന്നതു കോണ്‍ക്രീറ്റ് കെട്ടിടങ്ങളല്ല, ഇവിടെയുള്ള സുഖകരമായ കാലാവസ്ഥ, ശാന്തത, സൗന്ദര്യമൊഴുകുന്ന പ്രകൃതിദൃശ്യങ്ങള്‍, വനങ്ങള്‍, ശുദ്ധവായു, ശുദ്ധജലം എന്നിവയാണ്. മനുഷ്യന് ആവാസയോഗ്യമാക്കിക്കൊണ്ട് ഈ ഭൂമിയെ എങ്ങനെ നിലനിര്‍ത്താം എന്നതിനാലായിരിക്കണം പരിസ്ഥിതിയോടു ബന്ധപ്പെട്ടുള്ള നമ്മുടെ സ്നേഹം. പാപം മൂലം മലിനമാക്കപ്പെട്ട മനുഷ്യഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ചൂഷണത്തിന്‍റെ വിവിധ തരത്തിലുള്ള പ്രകടനങ്ങളാണ് എല്ലാറ്റിനെയും മലിനമാക്കുന്നത്. സൃഷ്ടിയെയും സൃഷ്ടിജാലങ്ങളെയും ആദരവോടെ വീക്ഷിക്കുവാനും അതുവഴി ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും വരുംതലമുറയ്ക്ക് ആവാസയോഗ്യമാക്കി ഈ പ്രപഞ്ചത്തെ കാത്തുസൂക്ഷിക്കുന്നതിനുമുള്ള ആഹ്വാനമാണ് ആറ് അദ്ധ്യായങ്ങളിലുടെ മാര്‍പാപ്പ ഈ ലേഖനത്തില്‍ വ്യക്തമാക്കുന്നത്. രണ്ടാമത്തെ ക്രിസ്തു എന്നു വി. ഫ്രാന്‍സിസ് അസ്സീസി വിശേഷിപ്പിക്കപ്പെട്ടതുപോലെ രണ്ടാമത്തെ ഫ്രാന്‍സിസ് അസ്സീസി എന്നു പരക്കെ വിശേഷിപ്പിക്കപ്പെടുന്ന പാപ്പയും തന്‍റെ ചാക്രികലേഖനത്തില്‍ ഭൂമിയെ സഹോദരി എന്നു വിശേഷിപ്പിക്കുന്നു. നമ്മുടെ ഈ സഹോദരി, ആര്‍ത്തിപൂണ്ട മനുഷ്യന്‍റെ ചൂഷണം മൂലം അവളുടെ മേല്‍ അടിച്ചേല്പിക്കപ്പെടുന്ന പീഡനങ്ങളാല്‍ നിശ്ശബ്ദം തേങ്ങിക്കൊണ്ടിരിക്കുകയാണ്. ഇടയ്ക്കൊക്കെ പ്രതികരിക്കുന്നുണ്ട്. അതിനാലാണു പരിസ്ഥിതിപരമായ പ്രശ്നങ്ങള്‍ നമ്മുടെ നിലനില്പിന്‍റെ മാത്രം പ്രശ്നമല്ലെന്നും അതു സാമൂഹ്യമായ, മാനവികമായ, ധാര്‍മികമായ ഇടപെടലുകളുടെയും ഒരു പ്രശ്നം കൂടിയാണെന്ന് അവിടുന്ന് ഓര്‍മിപ്പിക്കുന്നത്. പലരും മാര്‍പാപ്പയെ തങ്ങളോടൊപ്പം നിര്‍ത്തുവാന്‍ ശ്രമിക്കുന്നുണ്ട്. ഈ ചാക്രികലേഖനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുഴുവന്‍ ഇടതുപക്ഷത്തിനും അദ്ദേഹം അഭിമതനായി കഴിഞ്ഞു. ബുദ്ധിജീവിയായ മന്ത്രി ഐസക് തോമസ് പോലും വാര്‍ത്താമാധ്യമങ്ങളില്‍ ഈ ലേഖനത്തെക്കുറിച്ചു നിരന്തരമായി നല്ല അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. പാപ്പ ആരുടെയും പക്ഷം ചേരുന്നില്ല, അവിടുന്നു ക്രിസ്തുവിനുവേണ്ടി, സത്യത്തിനും നീതിക്കുംവേണ്ടി ഏവരുടെയും കൂടെയുണ്ട്. എല്ലാവര്‍ക്കും എല്ലാമാകാന്‍ വിളിക്കപ്പെട്ടവനാണദ്ദേഹം.

'മാര്‍പാപ്പ' എന്ന വാക്കിന്‍റെ അര്‍ത്ഥം 'പാലം പണിയുന്നവന്‍' എന്നാണ്. ഇടതുപക്ഷവും വലതുപക്ഷവും തമ്മിലും ജീവന്‍റെ സം സ്കാരവും എതിര്‍സംസ്കാരവും തമ്മിലും പാലം പണിയുന്നവനാണു മാര്‍പാപ്പ.

ലോകം മുഴുവന്‍ ഇന്നു പരിസ്ഥിതി മലിനീകരണമെന്ന വന്‍വിപത്തിലുള്‍പ്പെട്ടിരിക്കുകയാണ്. ലോകനേതാക്കള്‍ ഒന്നിച്ചുകൂടി പല കരാറുകളും ഒപ്പുവയ്ക്കുന്നു. എങ്കിലും അവയൊന്നുംതന്നെ പൂര്‍ണ ഫലപ്രാപ്തിയിലെത്തുന്നില്ല. ലോകപരിസ്ഥിതി ദിനം, ഓസോണ്‍ ദിനം, ജലസംരക്ഷണദിനം തുടങ്ങി ഒട്ടേറെ ദിനാചരണങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും പലതും ഉദ്ദേശിച്ച ഫലം നല്കുന്നില്ല.

അമിതോപയോഗവും ചൂഷണവും മൂലം വിരൂപമാക്കപ്പെട്ടിരിക്കുന്ന ഭൂമിയില്‍ ഉപേക്ഷിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അവിടുന്ന് ഓര്‍മിപ്പിക്കുന്നു. വ്യക്തികളും കുടുംബങ്ങളും പ്രാദേശികസമൂഹങ്ങളും അന്തര്‍ദേശീയ കൂ ട്ടായ്മകളും ഒരു പാരിസ്ഥിതിക മാനസാന്തരത്തിനു (ecological conversion) വിധേയമാകേണ്ടിയിരിക്കുന്നു. മുന്‍ഗാമിയായ ജോണ്‍ പോള്‍ മാര്‍പാപ്പയുടെ വാക്കുകളാണിവ. നമ്മുടെ പൊതുഭവനത്തോടുള്ള കരുതലിനുവേണ്ടി പാപ്പ ഏവരെയും ക്ഷണിക്കുന്നു. ഈ ചാക്രിക ലേഖനം ഒരു മുഖ്യധാര വെട്ടിത്തുറക്കുന്നുണ്ട്. നമ്മുടെ പൊതുഭവന നിര്‍മാണത്തിന് ഒരുമിച്ചു ജോലി ചെയ്യുവാന്‍ ഇനിയും മനുഷ്യവര്‍ഗത്തിനു കഴിയും. എല്ലാം നഷ്ടപ്പെടുന്നു എന്ന തോന്നല്‍ വേണ്ട. ഇനിയും ഇടപെടാന്‍ കഴിയും. ഉദ്യമങ്ങള്‍ തിരിച്ചറിയാന്‍ ഒരു പുതിയ തുടക്കം ആവശ്യമാണ്. അദ്ദേഹത്തിന്‍റെ ലക്ഷ്യം നമ്മുടെ പൊതുഭവനത്തെക്കുറിച്ച്, എല്ലാ മനുഷ്യരുമായിട്ടും ലോകം മുഴുവനുമായിട്ടും സംഭാഷണം നടത്തുക എന്നതാണ്.

ഭൂമി പൊതുഭവനമെന്ന ചിന്തയില്‍ എല്ലാവര്‍ക്കും ഇതേക്കുറിച്ചു വിജ്ഞാനം ലഭിക്കണമെന്ന് അവിടുന്നാഗ്രഹിക്കുന്നു. എല്ലാം വലിച്ചെറിയുന്ന ഒരു സംസ്കാരത്തിന്‍റെ പോരായ്മയും ഒരു പുതിയ ശൈലിക്കുള്ള നിര്‍ദ്ദേശങ്ങളും ഇതില്‍ എടുത്തുകാണിക്കുന്നു. ഒരു സാങ്കേതികവിദ്യ കൊണ്ടുണ്ടായ തിന്മകളെ മറ്റൊരു സാങ്കേതികവിദ്യകൊണ്ടു മാറ്റിയെടുക്കാനാവില്ലല്ലോ. മനുഷ്യനു സ്വയം അനുതാപം വന്നാലേ ഇതിനു പരിഹാരമാകൂ.

സഭാവിശ്വാസികള്‍ക്കു പ്രകൃതിയോടുള്ള സമീപനം ഐച്ഛികമല്ല (optional) എന്ന് അവിടുന്നു സമര്‍ത്ഥിക്കുന്നു. നമുക്ക് ആവശ്യമില്ലാത്തതെല്ലാം പുറത്തേയ്ക്കു വലിച്ചെറിയാമെന്ന നിലപാടിനെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. ആവശ്യങ്ങളും അനാവശ്യങ്ങളും വേര്‍തിരിക്കുകതന്നെ വേണം. അമിതമായ ധൂര്‍ത്ത് അവിടുന്നു വെറുക്കുന്നു. സഹജരോടു സ്നേഹവും കരുണയും തോന്നുന്നുവെങ്കില്‍ ഈ പണം അവര്‍ക്കായി കൂടി ചെലവഴിക്കുവാന്‍ അവിടുന്ന് ഉദ്ബോധിപ്പിക്കുന്നു. ഈ ബോദ്ധ്യം നമുക്കുണ്ടാകേണ്ടതിനായിട്ടാണു പാപ്പ, 2015 ഡിസംബര്‍ 8 മുതല്‍ 2016 നവംബര്‍ 22 വരെയുള്ള കാലഘട്ടം കാരുണ്യവര്‍ഷമായി ആചരിക്കുന്നതിനാഹ്വാനം ചെയ്തത്. വി. ഗ്രന്ഥത്തിലുടനീളമുള്ള കാരുണ്യപ്രവാഹത്തെക്കുറിച്ചും നമ്മുടെ ജീവിതത്തിലും ഈ ലോകം മുഴുവനിലുമുള്ള ദൈവകരുണയെക്കുറിച്ചും നാം അറിയുന്നു. എങ്കിലും കരുണയുടെ ഭാവം നമ്മില്‍ പ്രകടമാകുന്നില്ല എന്ന ഖേദകരമായ വസ്തുത മനസ്സിലാക്കിയതിനാലാണു പാപ്പ ഇതു ചെയ്തത്. ഇന്നു ലോകത്തില്‍ നടമാടുന്ന സകല അക്രമങ്ങള്‍ക്കും അനീതിക്കും കാരണം ഒരാള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ കരുണയെന്ന ഭാവത്തില്‍ നിന്നും മുഖം തിരിക്കുന്നതാണ്.

ദാരിദ്ര്യത്തിന്‍റെ ഒരു പ്രധാന കാരണമായി പാപ്പ പറയുന്നത് ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗമാണ്. ഇതു നിയന്ത്രിക്കപ്പെടേണ്ടിയിരിക്കുന്നു. അന്തരീക്ഷമലിനീകരണത്തിനു കാരണഭൂതരായ രാഷ്ട്രങ്ങള്‍ ഇതു മനസ്സിലാക്കി പാരമ്പര്യേതര ഊര്‍ജ്ജം കണ്ടെത്തുവാന്‍ ശ്രമിക്കണം. ചെലവ് ഏറെ വേണ്ടിവരുന്ന ഈ പദ്ധതിക്കു സമ്പന്നരാഷ്ട്രങ്ങള്‍ അവികസിത രാജ്യങ്ങളെ സഹായിക്കണം. കാറ്റില്‍നിന്നും ചൂടില്‍നിന്നും ലഭിക്കുന്ന ഊര്‍ജ്ജം പ്രയോജനപ്പെടുത്തണം. രാഷ്ട്രങ്ങള്‍ തമ്മില്‍ കൂടുതല്‍ ഐക്യവും സാമൂഹിക സുസ്ഥിരതയും ഉണ്ടാകണമെന്ന് അവിടുന്ന് ഉദ്ബോധിപ്പിക്കുന്നു.
ശക്തിയില്ലാതെ ഒതുങ്ങിക്കഴിയുന്ന കര്‍ഷകരുടെ ശബ്ദവും ആകുകയാണ് മാര്‍പാപ്പ തന്‍റെ ഈ ചാക്രികലേഖനത്തിലൂടെ. ഒരു കര്‍ഷകബാങ്കിന്‍റെ സ്വരം ഇവിടെ ശ്രവിക്കാനാകും. കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനരീതിയില്‍ മാറ്റം വരുത്തണമെന്നും അതിലേക്കു വിവേകപൂര്‍വം കടന്നുവന്നു നേതൃത്വം നല്കാന്‍ അല്മായര്‍ തയ്യാറാകണമെന്നും അവിടുന്നാഗ്രഹിക്കുന്നു.

രസതന്ത്ര ബിരുദധാരിയായ പാപ്പയ്ക്കു ശാസ്ത്രജ്ഞരോടും സാമ്പത്തികവിദഗ്ദ്ധരോടുമുള്ള അടുപ്പവും ഉപയോഗപ്പെടുത്തുന്നുണ്ട്. സമ്പദ്ഘടനയെക്കുറിച്ചു പറയുമ്പോള്‍ മനുഷ്യമഹത്ത്വം മാറ്റിക്കളയുന്ന അപകടത്തെ എടുത്തുകാണിക്കുന്നു. പണത്തോടുള്ള മനുഷ്യന്‍റെ ആഗ്രഹം തടുക്കാനോ കെടുത്താനോ സാധിക്കാത്ത അഗ്നിയായി പടര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്നത്തെ ആഗോള സമ്പദ്ഘടന ഉപദ്രവകരമാണെന്ന് അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കുന്നു. അതിസമ്പന്നരുടെ ഇടയിലും ദരിദ്രരില്‍ ദിദ്രരായവരെ അദ്ദേഹം കാണുന്നു. ആഗോളതാപനത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ വിചിന്തനത്തില്‍ ലോകത്തിലുള്ള എല്ലാ ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തിന് അവിടുന്ന് ഊന്നല്‍ നല്കുന്നു.

പരി. ത്രിത്വത്തിലുള്ള കൂട്ടായ്മയിലൂടെതന്നെയാണവിടുന്ന് ചാക്രികലേഖനം അവസാനിപ്പിക്കുന്നത്. എല്ലാ സൃഷ്ടികള്‍ക്കും മകുടമായ പരി. മറിയത്തെ അവിടുന്നു പ്രത്യേകം സ്മരിക്കുന്നു. മാനുഷികമഹത്ത്വത്തെ ഏറെ ആദരിക്കുന്ന പാപ്പ ധാര്‍മികമൂല്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ടാണു തന്‍റെ അജപാലനദൗത്യത്തിനു നേതൃത്വം വഹിക്കുന്നത്.

ഈ ലേഖനത്തില്‍ അനാവൃതമായ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും പൂര്‍ണമായും പ്രവൃത്തിപഥത്തിലെത്തിയിട്ടില്ല. എങ്കിലും പാപ്പയുടെ ആഗ്രഹംപോലെ ഒരു പാരിസ്ഥിതിക മാനസാന്തരം ഉടലെടുത്തിട്ടുണ്ട് എന്നു പറയാം. നമുക്കോരോരുത്തര്‍ക്കും പ്രകൃതിയുടെയും ഭൂമിയുടെയും പരസ്പരവും കാവല്‍ക്കാരാകാം എന്നു പാപ്പ പറയുന്നു. പരിഷ്കൃതസമൂഹം സൃഷ്ടിക്കുന്ന സ്വാര്‍ത്ഥതയുടെ മാലിന്യക്കൂമ്പാരങ്ങള്‍ ഇന്നു സര്‍വ മേഖലകളിലുമുണ്ട്. വനവിസ്തൃതി, വന്യമൃഗങ്ങളുടെ എണ്ണം എന്നിവയിലുണ്ടായ ഭയാനകമായ കുറവ് ലോകരാഷ്ട്രങ്ങളെ ഞെട്ടിക്കുകതന്നെ ചെയ്തു. 2016-ലെ പരിസ്ഥിതി ദിനാചരണത്തില്‍ "വന്യജീവികളുടെ നിയമവിരുദ്ധമായ വ്യവഹാരവ്യവസ്ഥയ്ക്കെതിരായ പോരാട്ടം" എന്ന പ്രമേയം നല്കിയത് ഇതിന്‍റെ പരിണതഫലമായിട്ടായിരുന്നു. സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ നിര്‍മാണത്തിനായി വന്യമൃഗങ്ങളെ കൊന്നൊടുക്കുന്നു എന്നറിയുമ്പോള്‍ വ്യക്തമാകുന്നത് എത്രയെല്ലാം ദിനാചരണങ്ങള്‍ നടന്നാലും സ്വാര്‍ത്ഥതയു ടെ മുമ്പില്‍ മനുഷ്യമനസ്സുകളെ ഒരു പരിധിക്കപ്പുറം സ്വാധീനിക്കാനാവില്ല എന്നതാണ്. ഈ പശ്ചാത്തലത്തിലാണു ലോകനായകന്‍ തന്‍റെ ചാക്രികലേഖനത്തിലൂടെ നേതൃത്വപാടവം കാണിച്ചത്. 2015 നവംബര്‍ മാസത്തില്‍ പാരീസില്‍വച്ചു കൂടിയ അന്തര്‍ദേശീയ കാലാവസ്ഥാ ഉച്ചകോടിയില്‍ ഹരിതവാതകനിന്ത്രണത്തിനു രാജ്യാന്തരധാരണയുണ്ടാക്കുകയും അതിസമ്പന്നരാഷ്ട്രങ്ങള്‍, ദരിദ്രരാജ്യങ്ങള്‍ക്കു ഫണ്ടു നല്കുകയും ചെയ്തു. അന്തരീക്ഷ മലിനീകരണത്തിന്‍റെ കാര്യത്തില്‍ അമേരിക്കയും ചൈനയും ആദ്യ രണ്ടു സ്ഥാനങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യ ആറാം സ്ഥാനത്തെത്തിനില്ക്കുന്നു.

നമ്മുടെ തലസ്ഥാനനഗരിയില്‍ അടുത്ത നാളുകളിലുണ്ടായ അന്തരീക്ഷ മലിനീകരണം ഇതോടു ചേര്‍ത്തു വായിക്കാം. ഇതു നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച പല പദ്ധതികളും ഫലം നല്കിയില്ല എന്നു കാണുന്നു. മെട്രോവത്കരിക്കപ്പെട്ട കൊച്ചിയുടെ സ്ഥിതി വ്യത്യസ്തമല്ല. അസഹ്യമായ ചൂടും വിവിധ മാലിന്യങ്ങള്‍ മൂലമുള്ള അസ്വസ്ഥതകളും നഗരവാസികള്‍ക്കും വിഷമം സൃഷ്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ കുറേയൊക്കെ പ്രതിവിധികള്‍ നടപ്പാക്കാനുദ്ദേശിക്കുന്നുണ്ട് എന്നത് അല്പം ആശ്വാസം നല്കുന്നു. ആതിരപ്പിള്ളി ജലവൈദ്യുതിയെക്കുറിച്ചു ചര്‍ച്ചകള്‍ നടന്നുവരുന്നു. വനസംരക്ഷണത്തെക്കുറിച്ച് ആലോചനകള്‍ നടക്കുന്നു. ധാരാളം പേര്‍ ജൈവവളത്തിന്‍റെ ഉപയോഗത്തിലേക്കു വന്നുതുടങ്ങി. വിദ്യാലയങ്ങളിലും ദേവാലയങ്ങളിലും മറ്റു പലവിധ കൂട്ടായ്മകളിലും വിത്തുവതരണം, വൃക്ഷത്തൈകള്‍ വിതരണം എന്നിവ ഊര്‍ജ്ജിതമായി നടക്കുന്നു. സംഘടനകളും പല സാമൂഹിക കൂട്ടായ്മകളും പ്രോത്സാഹനം നല്കുന്നു. വരും വര്‍ഷങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയായി മാറുമെന്നുള്ള കണക്കുകൂട്ടലില്‍ ഭൂഗര്‍ഭജലവും മഴവെള്ളവും സംരക്ഷിക്കുന്നതിനും പ്രകൃതിയില്‍ നിന്നും ലഭിക്കാവുന്ന എല്ലാവിധ ഊര്‍ജ്ജത്തിന്‍റെ ഉറിവടങ്ങളും ഉപയോഗിക്കുന്നതിനും പലരും ഇന്ന് ഉത്സാഹം കാണിക്കുന്നു. പാപ്പയുടെ ചാക്രികലേഖനത്തില്‍നിന്നുണ്ടായ ഫലങ്ങളാണിവ. ഭാരതപ്പുഴയ്ക്കു കുറുകെ നിര്‍മിച്ചിരിക്കുന്ന സ്റ്റീല്‍ തടയണ മാതൃകയും സിയാല്‍ വിമാനത്താവളത്തിലെ സോളാര്‍ പാനലുകളും മറ്റു പല സ്ഥാപനങ്ങളിലും കാണപ്പെടുന്ന മഴവെള്ളസംഭരണികളും ജനങ്ങളുടെയും ദേശത്തിന്‍റെയും മുന്‍കരുതലുകളാകാം.
മോട്ടോര്‍വാഹനങ്ങള്‍ ചീറിപ്പായുന്ന മെട്രോനഗരങ്ങളില്‍ ഓക്സിജന്‍റെ അളവു കുറയുകയും കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവു കൂടുകയും ചെയ്യുന്നത് ഉത്കണ്ഠാകുലമാണ്. കൂടുതല്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുകയും ഉള്ളവ നശിപ്പിക്കാതിരിക്കുകയും വേണം.

വെടിക്കെട്ടുകള്‍ ആരാധനയുടെ ഭാഗമല്ലെന്ന വിധിയുണ്ടായിട്ടും പലരുടെയും മനസ്സില്‍ ഇന്നും കരിയും കരിമരുന്നും വിളയാടുകയാണ്. എന്തെല്ലാം മലിനീകരണങ്ങളാണ് ഇവ സൃഷ്ടിക്കുന്നത്? ശബ്ദമലിനീകരണവും ഒട്ടും തള്ളിക്കളയാനാവില്ല. ഗര്‍ഭസ്ഥശിശുവിനെ വരെ ബാധിക്കുന്നതാണീ ശബ്ദഘോഷം. കരിമരുന്നു പ്രയോഗങ്ങളില്‍ മുന്‍കാലങ്ങളിലേതില്‍ നിന്നും കുറവു വന്നിട്ടുണ്ട്. പള്ളിപ്പെരുന്നാളുകളില്‍ വെടിക്കെട്ടുകള്‍ വളരെ കുറഞ്ഞു എന്നു കാണുന്നതു ലൗദാത്തോസീ എന്ന ചാക്രികലേഖനത്തിന്‍റെ മറ്റാരു ഗുണമായിരിക്കുന്നു.

ഭൂമിയിലുള്ള പല അക്രമങ്ങളുടെയും രൂക്ഷമായ ഫലങ്ങള്‍ അനുഭവിക്കുന്നത് ഏറ്റവും പാവപ്പെട്ടവരാണ്. ഉദാ: മത്സ്യസമ്പത്തു കുറയുമ്പോള്‍ ദുരിതമനുഭവിക്കുന്നത് അതില്‍നിന്നും ഉപജീവനം കണ്ടെത്തുന്നവരാണ്. ഏതു മേഖലയിലും ഇതുതന്നെയാണ് അവസ്ഥ. ആയതിനാല്‍ ഭൂമിയുടെ നിലവിളിയും പാവപ്പെട്ടവന്‍റെ നിലവിളിയും നാം കേള്‍ക്കുവാന്‍ തയ്യാറാകണം. ഭക്ഷണം വലിച്ചെറിയുന്നവരെ അദ്ദേഹം കുറ്റപ്പെടുത്തുന്നു. ലേകത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്‍റെ മൂന്നിലൊന്നു പാഴാക്കിക്കളയുന്നു. ഇതു ദിരിദ്രനില്‍ നിന്നു കവര്‍ന്നെടുത്തതാണെന്ന് അദ്ദേഹം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം സൂചിപ്പിക്കുന്നു. സൃഷ്ടി എന്ന ദൈവികപദ്ധതിയെ മനുഷ്യന്‍റെ സ്വാര്‍ത്ഥത കൊണ്ടില്ലാതാക്കുന്നു. മനുഷ്യമനസ്സിന്‍റെ സ്വാര്‍ത്ഥതയുടെ മലകള്‍ കരുണയുടെ ചൂടുകൊണ്ട് ഉരുക്കിക്കളയാനാകും.

(സത്യദീപനം നവതി ആ ഘോഷ സാഹിത്യമത്സരത്തില്‍ 18-35 വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ ലേഖനം)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org