മരിയ സൈന്യം (ലീജിയന്‍ ഓഫ് മേരി)

മരിയ സൈന്യം (ലീജിയന്‍ ഓഫ് മേരി)

വത്സ ജോസ്, പുത്തരിക്കല്‍
പ്രസിഡന്‍റ് ലീജിയന്‍ ഓഫ് മേരി
എറണാകുളം-അങ്കമാലി അതിരൂപത

വ്യക്തിപരമായി വിശുദ്ധി പ്രാപിക്കുവാന്‍ വിശ്വാസത്തെ ജീവിതാഭിലാഷമായി കരുതുന്ന ഒരാത്മീയപ്രസ്ഥാനമാണ് ലീജിയന്‍ ഓഫ് മേരി അഥവാ, മരിയന്‍ സൈന്യം. സഭാമാര്‍ഗ്ഗ ദര്‍ശനമനുസരിച്ച് പ്രാര്‍ത്ഥിച്ചും പ്രവര്‍ത്തിച്ചും അംഗങ്ങളുടെ വിശുദ്ധി വര്‍ദ്ധിപ്പിക്കുക വഴി ദൈവമഹത്ത്വം സാധിക്കുകയാണ് മരിയന്‍ സൈന്യത്തിന്‍റെ ഉദ്ദേശ്യം. വി. പൗലോസ് ശ്ലീഹ എഫേസോസ്സുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നതുപോലെ "ദൈവത്തിന്‍റെ എല്ലാ ആയുധങ്ങളും ധരിച്ചുകൊണ്ട്" (എഫേ. 6:11) സഭയെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ഈ മരിയന്‍ സൈന്യത്തിന്‍റെ ഇന്നത്തെ ഭൗത്യം.

ലോകത്തിനും അതിന്‍റെ നശീകരണ ശക്തികള്‍ക്കും എതിരായി തിരുസ്സഭ നിരന്തരം നടത്തുന്ന സമരത്തില്‍ സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥയായ അമലോത്ഭവ മാതാവിന്‍റെ നേതൃത്വത്തില്‍ തിരുസഭയുടെ അംഗീകാരത്തോടെ ആത്മീയ സൈനിക സേവനം ചെയ്യുവാന്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയാണ് കത്തോലിക്ക അല്മായ സംഘടനയായ 'ലീജിയന്‍ ഓഫ് മേരി.'

മറിയത്തിന്‍റെ മാതൃകയില്‍ ദൈവിക ഐക്യവും വിശ്വസ്തതയും ജീവിത സമര്‍പ്പണവും കൊണ്ട് സഹോദരങ്ങള്‍ക്ക് നന്മചെയ്തു ജീവിക്കുവാന്‍ ബ്ര. ഫ്രാങ്ക്ഡഫ് പകര്‍ന്നു നല്‍കിയ കറയറ്റതും ലളിതവുമായ ജീവിതശൈലിക്കനുസരിച്ച് ഈ ആത്മീയ സംഘടന 1921 സെപ്റ്റംബര്‍ 7-ന് അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ 15 അംഗങ്ങളുമായി ആരംഭിച്ചതാണ്. ഇന്ന് ഈ സംഘടന പടര്‍ന്നു പന്തലിച്ച് ലോകത്തിലുടനീളം 16 ലക്ഷത്തോളം പ്രവര്‍ത്തകാംഗങ്ങളുള്ള ഒരു ആഗോള സൈന്യ സംഘടനയായി വളര്‍ന്നിരിക്കുന്നു.

1940 ആഗസ്റ്റ് 15-ന് പാലായിലെ ലാളം പരിശുദ്ധ കന്യകാമറിയത്തിന്‍റെ ദേവാലയത്തില്‍ കേരളത്തിലെ ആദ്യ പ്രസീദിയം (സൈന്യ ശാഖ) സ്ഥാപിച്ചു. എറണാകുളം അങ്കമാലി 1953 മാര്‍ച്ച് 22-ാം തീയതി എറണാകുളം മെത്രാപ്പോലിത്തന്‍ ദേവാലയത്തില്‍ മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവ് "മംഗലവാര്‍ത്ത അറിയിക്കപ്പെട്ട മാതാവ്" എന്ന നാമധേയത്തില്‍ ലീജിയന്‍ ഓഫ് മേരിയുടെ പ്രഥമ പ്രസീദിയം സ്ഥാപിച്ചു. 4 അംഗങ്ങളോടെ ആരംഭിച്ച ഈ പ്രസീദിയം വളരെ വേഗം മറ്റു ഇടവകകളിലും പ്രവര്‍ത്തനം തുടങ്ങി. അമ്മയുടെ വ്യത്യസ്ത നാമധേയങ്ങളില്‍ പുതിയ പുതിയ പ്രീസിദിയങ്ങള്‍ ഇടവകകളില്‍ ആരംഭിച്ചു. 1954 ആഗസ്റ്റ് 15-ന് ഈ പ്രീസിദിയങ്ങളെല്ലാം ചേര്‍ന്ന് 'അസംപ്ഷന്‍' കൂരിയ സ്ഥാപിച്ചു. 1956 ഡിസംബര്‍ 9-ന് എല്ലാ പ്രസീദിയങ്ങളെയും കൂരിയകളെയും യോജിപ്പിച്ച് അസംപ്ഷന്‍ കമ്മീസിയമാക്കി മാറ്റി.

എറണാകുളം അങ്കമാലി അതിരൂപതയില്‍ സ്ഥാപിതമായിരിക്കുന്ന അസംപ്ഷന്‍ കമ്മീസിയത്തിന്‍റെ കീഴില്‍ 8 കൂരിയകളിലായി പുരുഷന്മാരുടെ പ്രസീദിയങ്ങള്‍ ഉള്‍പ്പെടെ 56 പ്രസീദിയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവ കൂടാതെ കമ്മീസിയത്തിലേയ്ക്ക് നേരിട്ട് അഫിലിയേറ്റ് ചെയ്ത 15 പ്രസീദിയങ്ങളും ഉണ്ട്. ഇപ്പോള്‍ ധാരാളം പേര്‍ അംഗങ്ങളാകുവാന്‍ താല്പര്യം പ്രകടിപ്പിക്കുന്നതിനാല്‍ ലീജിയന്‍ ഓഫ് മേരി ഇല്ലാത്ത ദേവാലയത്തില്‍ അതു തുടങ്ങുവാനുള്ള ഒരുക്കത്തിലാണ് സംഘടനാ നേതൃത്വം.

ഇത് ഒരു ഭക്ത സംഘടനയാണ്. ഈ സംഘടനയ്ക്ക് ഒരു പൊതുവായ നിയമഗ്രന്ഥം ഉണ്ട്. ഇതിലെ നിയമങ്ങള്‍ അക്ഷരം പ്രതി പാലിച്ചാണ് ഈ സംഘടന മുന്‍പോട്ട് നീങ്ങുന്നത്. കൂരിയകളും പ്രസീദിയങ്ങളും അവരവര്‍ക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തും, സമയത്തും നിയമഗ്രന്ഥം അനുശാസിക്കുന്ന വിധത്തില്‍ സമ്മേളനങ്ങള്‍ നടത്തുന്നു. ആഴ്ചയിലൊരിക്കല്‍ എല്ലാ പ്രസീദിയങ്ങളും ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. മാസത്തിലൊരിക്കല്‍ പ്രസീദിയം ഭാരവാഹികള്‍ സമ്മേളിച്ച് കൂരിയ സമ്മേളനം നടത്തുന്നു. മാസത്തിന്‍റെ മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ എല്ലാ കൂരിയ പ്രസീദിയം ഭാരവാഹികള്‍ ബസിലിക്ക ഹാളില്‍ ഒത്തുചേര്‍ന്ന് കമ്മീസിയം മീറ്റിംഗ് നടത്തുന്നു. ഇതില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ കമ്മീസിയം സെക്രട്ടറി പാലാ സെനാത്തൂസിലേയ്ക്ക് അയച്ചു കൊടുക്കുന്നു.

വര്‍ഷത്തില്‍ 2 പ്രാവശ്യം ഡിസംബറിലും മാര്‍ച്ചിലും എല്ലാ കൂരിയകളിലെയും പ്രസീദിയങ്ങളിലെയും എല്ലാ സൈനികരും ശുഭ്രവസ്ത്രധാരികളായി ബസിലിക്കയില്‍ സമ്മേളിക്കുന്നു. മാര്‍ച്ച് മാസത്തില്‍ സൈനികപ്രകടനം നടത്തുവാനും പ്രതിജ്ഞ പുതുക്കുവാനുമാണ് സമ്മേളിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ വാര്‍ഷിക സമ്മേളനം നടത്തുന്നു. ഇടവകതലത്തില്‍ ആത്മീയ ഊര്‍ജ്ജം പകരുന്ന ഈ സംഘടനയുടെ പ്രധാന ആയുധം ജപമാലയാണ്. ഈ സംഘടന വ്യക്തിപരമായ വിശുദ്ധിയിലേക്കും സന്തോഷത്തിലേക്കും നയിക്കുന്നതോടൊപ്പം സഭയ്ക്കു പൊതുവായി വലിയ ആത്മീയ സംരക്ഷണ സൈന്യമായി നിലകൊള്ളുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org