Latest News
|^| Home -> Cover story -> ഫാ. സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി സഭയ്ക്കു നല്‍കുന്ന പാഠം

ഫാ. സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി സഭയ്ക്കു നല്‍കുന്ന പാഠം

Sathyadeepam

ഡോ. മാത്യു ഏര്‍ത്തയില്‍ എസ് ജെ

ജാര്‍ഘണ്ടില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ആദിവാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച 83 വയസ്സുകാരനായ ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിയെ ഒക്‌ടോബര്‍ 9-ാം തീയതി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി റാഞ്ചിയില്‍ നിന്നും അറസ്റ്റു ചെയത് മുംബൈയിലെ ഒരു ജയിലിലടച്ചത് വാര്‍ത്തയായിരുന്നുവല്ലോ. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളി സ്വദേശിയും ജാംഷഡ്പൂര്‍ പ്രൊവിന്‍സിലെ ഈശോസഭാംഗവുമായ ഫാ. സ്റ്റാന്‍, ഈശോസഭയുടെ ദേശീയ സ്ഥാപനമായ ബാംഗ്ലൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ISI) ഡയറക്ടറായി പതിനൊന്നുവര്‍ഷം ജോലി ചെയ്തിരുന്നു. ഇന്ത്യയിലും പുറത്തുമുള്ള ധാരാളം സാമൂഹിക പ്രവര്‍ത്തകരെ അദ്ദേഹം വിദഗ്ദ്ധമായി പരിശീലിപ്പിച്ചിട്ടുണ്ട്. അതേ സ്ഥാപനത്തില്‍ ഞാനും ഡയറക്ടറെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.
കേസിനാസ്പദമായ കുറ്റാരോപണങ്ങള്‍
കഴിഞ്ഞ ഏതാനും മാസങ്ങളായി ജയിലില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തകയായ സുധ ഭരദ്വാജ്, ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റിലെ പ്രൊഫസര്‍ ആനന്ദ് തെല്‍തും ഡെ, എഴുത്തുകാരനായ വരവരരാവു തുടങ്ങിയ എട്ടുപേര്‍ക്കെതിരെ ഫാ. സ്റ്റാനിനോടൊപ്പം ഭീകരവിരുദ്ധ നിയമ പ്രകാരമാണ് (യുഎപിഎ) കേസ് ഫയല്‍ ചെയ്തത്. പൂനയ്ക്കടുത്തുള്ള ഭീമ കൊറേഗാവില്‍ ദളിതരും മറാഠക്കാരും തമ്മില്‍ നടന്ന കലാപത്തില്‍ സഹകരിച്ചു എന്നതും മാവോയിസ്റ്റു സംഘടനകള്‍ക്ക് സാമ്പത്തിക സഹായം കൊടുത്തു എന്നതുമായിരുന്നു ഇവര്‍ക്കെതിരെയുള്ള പ്രധാന കുറ്റങ്ങള്‍.
ഈ കുറ്റങ്ങളെല്ലാം ഫാ. സ്റ്റാന്‍ പൂര്‍ണ്ണമായും നിഷേധിച്ചു. കലാപം നടന്ന ഭീമ കൊറേഗാവ് താന്‍ കണ്ടിട്ടു പോലുമില്ല എന്നും മാവോയിസ്റ്റ് ആശയങ്ങളോടു താന്‍ ഒട്ടും യോജിക്കുന്നില്ല എന്നും അവര്‍ക്കു യാതൊരു സഹായവും കൊടുത്തിട്ടില്ലെന്നും അദ്ദേഹം അസന്നിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. മാവോയിസ്റ്റുകള്‍ക്കും തീവ്രവാദികള്‍ക്കും ഫാ. സ്റ്റാന്‍ പിന്തുണ കൊടുക്കില്ലെന്ന് അദ്ദേഹത്തോടുള്ള എന്റെ വ്യക്തിപരമായ ബന്ധത്തിന്റെയും ഈശോസഭയുടെ പൊതുനയത്തിന്റെയും അടിസ്ഥാനത്തില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും. എങ്കില്‍ പിന്നെ എന്താണ് ഈ അറസ്റ്റിനു കാരണം? ഇന്ത്യയിലെ പ്രമുഖ ചരിത്രകാരനായ രാമചന്ദ്രന്‍ ഗുഹയുടെ അഭിപ്രായത്തില്‍ ”ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ ഫാ. സ്വാമിയെ നിശബ്ദനാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.”
യഥാര്‍ത്ഥ കാരണങ്ങള്‍
റാഞ്ചിയിലെ ബഗൈച്ച എന്ന സോഷ്യല്‍ സെന്ററില്‍ മറ്റ് ഈശോ സഭാംഗങ്ങളോടൊപ്പമാണ് ഫാ. സ്റ്റാന്‍ പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍:
1) ആദിവാസികളുടെ ഭൂമിക്കുവേണ്ടി: കേരളത്തിന്റെ ഇരട്ടി വലിപ്പമുള്ള ജാര്‍ഘണ്ട് ധാരാളം കല്‍ക്കരിയും ധാതുക്കളുമുള്ള സംസ്ഥാനമാണ്. അവിടത്തെ ജനങ്ങളില്‍ നല്ലൊരു ശതമാനം ആദിവാസികളാണ്. സാമ്പത്തികമായും സാമൂഹികമായും അവര്‍ വളരെ പിന്നോക്കാവസ്ഥയിലാണ്. ആദിവാസികളുടെ ഭൂമി മറ്റുള്ളവര്‍ വാങ്ങാന്‍ പാടില്ല എന്ന നിയമം കേരളമുള്‍പ്പെടെ ഇന്ത്യയിലെല്ലായിടത്തുമുണ്ട്. കോര്‍പ്പറേറ്റു കമ്പനികള്‍ക്കു വ്യവസായങ്ങള്‍ തുടങ്ങാന്‍ ഈ നിയമം അവിടത്തെ ബിജെപി സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ആദിവാസികള്‍ അതിനെ ശക്തമായി എതിര്‍ത്തു. അങ്ങനെ ഒരുവര്‍ഷം മുമ്പ് ആ സര്‍ക്കാരിനു ഭരണം നഷ്ടപ്പെട്ടു. ആദിവാസികളുടെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരും വ്യവസായികളും ശ്രമിച്ചപ്പോഴൊക്കെ അവര്‍ അതിനെ എതിര്‍ത്തിരുന്നു. അവരൊടൊപ്പം ഫാ. സ്റ്റാനും ഉണ്ടായിരുന്നു.
2) തടവുകാരെ മോചിപ്പിക്കല്‍: മാവോയിസ്റ്റുകള്‍ എന്ന മുദ്രകുത്തി നൂറുകണക്കിനു നിരപരാധികളായ ആദിവാസി യുവാക്കള്‍ വിചാരണത്തടവുകാരായി വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിരുന്നു. ഫാ. സ്റ്റാന്‍ കോടതിയില്‍ കേസു കൊടുത്ത് അവരില്‍ ധാരാളം പേരെ മോചിപ്പിച്ചിട്ടുണ്ട്.
3) അതിജീവനത്തിന് അവരൊടൊപ്പം: ആദിവാസികളുടെ അതിജീവനത്തിന് സര്‍ക്കാരില്‍ നിന്നും അവര്‍ക്കു കിട്ടേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ അവരോടൊപ്പം ഫാ. സ്റ്റാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ആദിവാസികള്‍ക്ക് നീതി കിട്ടുന്നതിനുള്ള പ്രവര്‍ത്തനത്തിനാണ് ഫാ. സ്റ്റാന്‍ ജയിലിലായത്. ജാര്‍ഘണ്ട് മുഖ്യമന്ത്രി ഹേമന്ത് സൊറനും ഇതാവര്‍ത്തിച്ചു: ”ആദിവാസികളുടെ വികസനത്തിനായി നിരന്തരം പ്രവര്‍ത്തിച്ചതാണ് ഫാ. സ്റ്റാനിനെ ജയിലിലാക്കാനുള്ള പ്രധാന കാരണം.” നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നത് ഈശോ സഭയുടെ പ്രഖ്യാപിത നയവും ബൈബിളിന്റെ അടിസ്ഥാന സന്ദേശവുമാണ്. സിബിസിഐയും കെസിബിസിയും ഫാ. സ്റ്റാനിന്റെ അറസ്റ്റില്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. അറസ്റ്റിനെതിരെ ഇന്ത്യയൊട്ടാകെയും പുറത്തും വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

എന്റെ അനുഭവം ഒറ്റപ്പെട്ട ഒരു സംഭവമല്ല,
മറിച്ച് ഇതു നമ്മുടെ രാജ്യത്തു നടക്കുന്ന
രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്.


ജനങ്ങള്‍ക്ക്, പ്രത്യേകിച്ചു പാവപ്പെട്ടവര്‍ക്ക് നീതികിട്ടാന്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ഫാ. സ്റ്റാനിന്റെ അനുഭവം ഉണ്ടാകാം. ”എന്റെ അനുഭവം ഒറ്റപ്പെട്ട ഒരു സംഭവമല്ല, മറിച്ച് ഇതു നമ്മുടെ രാജ്യത്തു നടക്കുന്ന രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്” – അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ വളരെ പ്രസക്തമാണ്. ഈ പ്രകിയയുടെ ചില ലക്ഷണങ്ങള്‍ പരിശോധിക്കാം
1) കേന്ദ്ര ഭരണത്തെയും ഭരണകക്ഷിയെയും വിമര്‍ശിക്കുന്നവരുടെമേല്‍ രാജ്യദ്രേഹക്കുറ്റം ചുമത്തുന്നത്: മാധ്യമ പ്രവര്‍ത്തകരാണ് ഇവരില്‍ ഒരു പ്രധാന വിഭാഗം. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ പോയ ഒരു മലയാളിയുള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചത് ഈ അടുത്ത നാളിലാണ്. ഇന്ത്യയിലൊട്ടാകെ ധാരാളം മനുഷ്യാവകാശ പ്രവര്‍ത്തകരെ അന്യായമായി കേസില്‍ കുടുക്കി തടങ്കലില്‍ വച്ചിട്ടുണ്ട്. ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായവരില്‍ മിക്കവരും മനുഷ്യാവകാശ പ്രവര്‍ത്തകരായിരുന്നു. ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ സമരം ചെയ്ത നൂറുകണക്കിനു പേരെ ദേശവിരുദ്ധ നിയമമനുസരിച്ചാണ് അറസ്റ്റു ചെയ്തത്. മിക്ക രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ എന്ന അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനയ്ക്കുള്ള സാമ്പത്തിക സ്രോതസ്സ് കേന്ദ്രസര്‍ക്കാര്‍ അടുത്തകാലത്ത് നിറുത്തിയതുകൊണ്ട് ഡല്‍ഹിയിലുള്ള അവരുടെ ഓഫീസ് അടച്ചുപൂട്ടേണ്ടി വന്നു. ഈ സംഘടനയുടെ മേലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെമേലും സര്‍ക്കാര്‍ എടുത്ത കര്‍ശന നടപടിയെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ ഏതാനും ദിവസം മുമ്പ് അപലപിച്ചിരുന്നു.
2) ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഭീഷണി: ഭരണഘടനാ സ്ഥാപനങ്ങളെ സ്വാധീനിക്കാനും പരോക്ഷമായി നിയന്ത്രിക്കാനുമുള്ള പ്രവണത ഇന്നു കൂടിവരികയാണ്. രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതിയെപ്പറ്റി സ്വതന്ത്രമായി പഠിച്ച് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ ഒരു വര്‍ഷം മുമ്പ് തൊഴില്‍ ലഭ്യതെയപ്പറ്റി പ്രസിദ്ധീകരിക്കാനിരുന്ന കണക്കുകള്‍ സര്‍ക്കാര്‍ തടഞ്ഞു. പകരം സര്‍ക്കാരിന്റെ കണക്കുകള്‍ പുറത്തുവിട്ടു. 20 വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ തൊഴിലില്ലായ്മയുടെ നിരക്ക് വര്‍ദ്ധിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. സര്‍ക്കാരിന് അതു ക്ഷീണമുണ്ടാക്കുന്നതുകൊണ്ടാണ് സ്ഥാപനത്തിന്റെ കണക്കുകള്‍ തടഞ്ഞത്. സുപ്രീം കോടതിയെ സ്വാധീനിക്കാനുള്ള ശ്രമത്തിനെതിരെയാണു രണ്ടുവര്‍ഷം മുമ്പ് ചരിത്രത്തിലാദ്യമായി ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയത്. എന്നാല്‍ അന്നത്തെ അവസ്ഥ ഇന്നും തുടരുന്നോ എന്നു പലരും സംശയിക്കുന്നു. കോടതികളുള്‍പ്പെടെ എല്ലാ ഭരണഘടന സ്ഥാപനങ്ങളും ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു എന്നു ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് അടുത്തനാളില്‍ പറഞ്ഞത് ശ്രദ്ധേയമാണ്.
3) മിഷനറിമാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍: ജാര്‍ഘണ്ടിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും മതപരിവര്‍ത്തനത്തിന്റെ പേരില്‍ ധാരാളം മിഷനറിമാരെ ജയിലിലടച്ചിട്ടുണ്ട്. ക്രൈസ്തവരായ കുറേ യുവ ജനങ്ങളെയും കൂടെയുണ്ടായിരുന്ന വൈദികനെയും ഉത്തര്‍പ്രദേശിലെ ഒരു റയില്‍വേ സ്റ്റേഷനില്‍ നിന്നും കഴിഞ്ഞവര്‍ഷം അറസ്റ്റു ചെയത് ജയിലിലടച്ചു. ഇവരെ മതപരിവര്‍ത്തനത്തിനു കൊണ്ടുപോകുന്നു എന്നായിരുന്നു ആരോപണം. അവര്‍ ക്രൈസ്തവര്‍ തന്നെയാണെന്നു കോടതിയില്‍ തെളിയിച്ചു പുറത്തു വന്നത് മാസങ്ങളോളം ജയിലില്‍ ദുരിതമനുഭവിച്ചശേഷമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. വടക്കേന്ത്യയില്‍ മിഷനറിമാര്‍ നേരിടുന്ന പീഡനങ്ങളെപ്പറ്റി കേരളത്തിലെ ക്രൈസ്തവര്‍ വേണ്ടവിധത്തില്‍ ബോധവാന്മാരല്ല എന്നു തോന്നുന്നു. ആള്‍ക്കൂട്ട കൊലപാതകത്തിലൂടെയും ദേശീയ പൗരത്വഭേദഗതി നിയമത്തിലൂടെയും മത ന്യൂനപക്ഷങ്ങല്‍ക്കെതിരെ വിവേചനങ്ങള്‍ നടക്കുന്നു. വിവേചനങ്ങള്‍ ഭരണഘടനയിലെ മതനിരപേക്ഷതയ്ക്ക് കളങ്കം ഉണ്ടാക്കുന്നതാണ്.
4) ജനാധിപത്യത്തിനു നിരക്കാത്ത നിയമനിര്‍മ്മാണ രീതികള്‍: കര്‍ഷകരെസാരമായി ബാധിക്കുന്ന മൂന്നു കര്‍ഷകബില്ലുകള്‍ രണ്ടുദിവസം കൊണ്ട് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം പാസ്സാക്കി. അതുപോലെ തൊഴിലാളികളുടെ പല അവകാശങ്ങളും വെട്ടിച്ചുരുക്കുന്ന തൊഴില്‍ നിയമവും. ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്ന സുപ്രധാന ഭരണഘടനാ ഭേദഗതി ബില്‍ രണ്ടുദിവസം കൊണ്ട് ഇരു സഭകളും ദ്രുതഗതിയില്‍ പാസ്സാക്കി, നടപ്പിലാക്കി. ഭാവി തലമുറയെ കാര്യമായി ബാധിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം പാര്‍ലമെന്റിലും മറ്റു ഔദ്യോഗിക സമിതികളിലും ചര്‍ച്ച ചെയ്യാതെ കാബിനറ്റ് അംഗീകരിച്ചു നടപ്പിലാക്കാന്‍ പോകുന്നു. വ്യത്യസ്തമായ ആശയങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്ത് അഭിപ്രായ സമന്വയമുണ്ടാക്കി സംഘാതമായി തീരുമാനം എടുക്കുക എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന രീതിയും മൂല്യവുമാണ് ഇവിടെയൊക്കെ ബലികഴിക്കപ്പെടുന്നത്.

ജനങ്ങള്‍ ചെയ്യേണ്ടത്

ഭരണഘടനയെപ്പറ്റിയും അതിന്റെ ആദര്‍ശങ്ങളെപ്പറ്റിയും ജനങ്ങള്‍ക്കു നല്ല അറിവും അവബോധവും ഉണ്ടാകേണ്ടതുണ്ട്. അതിന്റെ ലംഘനങ്ങളുണ്ടാകുമ്പോള്‍ അതു തിരിച്ചറിയാനും അതിനോടു പ്രതികരിക്കാനും അവര്‍ക്കു സാധിക്കണം. ജനാധിപത്യത്തെ സംരക്ഷിക്കുവാന്‍ പൗരന്മാരുടെ നിതാന്ത ജാഗ്രത വേണമെന്ന് രാഷ്ട്രീയ ചിന്തകന്മാര്‍ പറഞ്ഞിട്ടുണ്ട്. എന്നത്തേക്കാളുപരി ഇന്നത്തെ ഭാരതത്തില്‍ അതിനു പ്രസക്തി ഏറെയാണ്

(ലേഖകന്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു.)

Leave a Comment

*
*