Latest News
|^| Home -> Cover story -> ‘നമുക്ക് സന്തോഷത്തോടെ വിശുദ്ധ കുര്‍ബാനയിലേക്ക് മടങ്ങാം’

‘നമുക്ക് സന്തോഷത്തോടെ വിശുദ്ധ കുര്‍ബാനയിലേക്ക് മടങ്ങാം’

Sathyadeepam

ഫാ. ലോനപ്പന്‍ അറങ്ങാശ്ശേരി എം.എസ്.ടി.

കോവിഡ് പിടി അയച്ചിട്ടില്ല; പക്ഷേ, കോവിഡിനൊപ്പം എങ്ങനെ ജീവിക്കാമെന്ന് മനസ്സിനെയും സാമൂഹിക ക്രമങ്ങളെയും ലോകം പരുവെപ്പടുത്തിയിരിക്കുന്നു. ആ പരുവപ്പെടല്‍ മറ്റെല്ലാ കര്‍മ്മരംഗങ്ങളിലും നിലനില്‍ക്കെ ദൈവാരാധനയുടെ കാര്യത്തില്‍ മാത്രം ഒരു മന്ദത കടന്നു കൂടിയിട്ടുണ്ടോ? ദൈവികാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള കാര്യാലയത്തിന്റെ പ്രീഫെക്റ്റായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറായുടെ കത്തിനെ അധികരിച്ച് കോവിഡാനന്തര വിശ്വാസസമൂഹം കൈക്കൊള്ളേണ്ട മനോഭാവത്തെ ലേഖകന്‍ വിശകലനം ചെയ്യുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരത്തോടെ ദൈവീക ആരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള (Divine Worship & Sacraments) കത്തോലിക്കാസഭയുടെ കാര്യാലയത്തിന്റെ (dicastery) പ്രിഫെക്റ്റ് കര്‍ദിനാള്‍ റോബര്‍ട്ട് സാറാ ഒപ്പിട്ട കത്ത് പുറത്തു വന്നിരിക്കുന്നത് ‘നമുക്ക് സന്തോഷത്തോടെ വിശുദ്ധ കുര്‍ബാനയിലേക്ക് മടങ്ങാം’ എന്ന തലക്കെട്ടോടു കൂടിയാണ്. 2020 ഓഗസ്റ്റ് 15 ന് കര്‍ദിനാള്‍ സാറാ എഴുതിയ കത്ത് സെപ്റ്റംബര്‍ 3 ന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയും, തുടര്‍ന്ന് ലോകമെമ്പാടുമുള്ള മെത്രാന്മാര്‍ക്ക് അവരുടെ കോണ്‍ഫറന്‍സുകള്‍ വഴി അയച്ചു കൊടുക്കുകയും, 2020 സെപ്റ്റംബര്‍ 12, ശനിയാഴ്ച വത്തിക്കാന്‍ ഈ കത്ത് പരസ്യപ്പെടുത്തുകയും ചെയ്തു.
കോവിഡ് 19 വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധി സാമൂഹിക, കുടുംബ, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍ എന്നിവയുടെ ചാലനാത്മകതയില്‍ മാത്രമല്ല, ആരാധനാക്രമമാനമടക്കം ക്രൈസ്തവ സമൂഹത്തിന്റെ ജീവിതത്തിലും ഇത് പ്രക്ഷോഭങ്ങള്‍ സൃഷ്ടിച്ചു എന്ന് ആമുഖമായി കര്‍ദിനാള്‍ റോബര്‍ട്ട് സാറ പറയുന്നു

1. ക്രിസ്തീയ ജീവിതത്തിന്റെ സാമൂഹിക മാനം

കോവിഡ്19 വൈറസ് പടരുന്നത് തടയാന്‍, കര്‍ക്കശമായ സാമൂഹിക അകലം അനിവാര്യമായിരുന്നുവെങ്കിലും അത് ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനസ്വഭാവത്തെ തന്നെ ബാധിക്കുന്ന വിധത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി. ‘രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ കൂടുന്നിടത്ത് അവരുടെ ഇടയില്‍ ഞാന്‍ ഉണ്ട്’ (മത്താ 18:20); ‘അവര്‍ അപ്പസ്‌തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താല്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു. വിശ്വസിച്ചവരെല്ലാം ഒറ്റ സമൂഹമാകുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും ചെയ്തു’ (അപ്പ. പ്രവ. 2:42-44).
സഭയുടെ ഈ സാമൂഹികമാനത്തിന് ദൈവശാസ്ത്രപരമായ അര്‍ത്ഥമുണ്ട് എന്ന് കര്‍ദിനാള്‍ തുടര്‍ന്ന് വിവരിക്കുന്നു. ദൈവം പരിശുദ്ധ ത്രിത്വത്തിലെ വ്യക്തികളുടെ കൂട്ടായ്മയാണ്. പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ പൂരകത്തില്‍ അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. കാരണം ‘മനുഷ്യന്‍ തനിച്ചായിരിക്കുന്നത് നല്ലതല്ല’ (ഉല്‍പത്തി 2:18). പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തില്‍ ആയിരുന്നു കൊണ്ട് ദൈവം താനുമായുള്ള ബന്ധത്തിലേക്ക് അവരെ വിളിക്കുകയും ചെയ്യുന്നു. വിശുദ്ധ അഗസ്റ്റിന്‍ മനസിലാക്കിയതുപോലെ, ‘ദൈവത്തെ കണ്ടെത്തി അവനില്‍ വസിക്കുന്നതുവരെ നമ്മുടെ ഹൃദയം അസ്വസ്ഥമാണ്’ (cf. Confessions I:1). കര്‍ത്താവായ ഈശോ തന്റെ പരസ്യശുശ്രൂഷ ആരംഭിച്ചത്, ദൈവരാജ്യം വിളംബരം ചെയ്യുവാനും തന്റെ ജീവിതം അവരുമായി പങ്കുവയ്ക്കാനും ഒരു കൂട്ടം ശിഷ്യന്മാരെ വിളിച്ചുകൊണ്ടാണ്; ഈ ചെറിയആട്ടിന്‍കൂട്ടത്തില്‍ നിന്നാണ് സഭ പിറക്കുന്നത്.
കര്‍ത്താവിന്റെ നാമത്തില്‍, കര്‍ത്താവിന്റെ ദിവസം ഒരുമിച്ചു കൂടി പ്രാര്‍ത്ഥിക്കുകയും അപ്പസ്‌തോലന്മാരുടെയും അവരുടെ പിന്‍ഗാമികളുടെയും പ്രബോധനത്തിലൂടെ അവിടുത്തെ വചനവും അതിന്റെ വ്യാഖ്യാനങ്ങളും ശ്രവിക്കുകയും വിശുദ്ധ കുര്‍ബാനയിലൂടെ അപ്പംമുറിക്കല്‍ ശുശ്രുഷകളില്‍ പങ്കെടുത്ത് സഭാകൂട്ടായ്മകള്‍ ശക്തിപ്പെടുത്തുകയും തങ്ങള്‍ക്കുള്ളതെല്ലാം പൊതുവായി കരുതി എല്ലാവരുമായി പങ്കുവെയ്ക്കുകയും ചെയ്തു കൊണ്ടുള്ള ഒന്നാണ് ക്രൈസ്തവജീവിതം. അതു തന്നെയാണ് ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനവും.

2. ക്രൈസ്തവജീവിതത്തില്‍ ദൈവാലയത്തിന്റെ പ്രാധാന്യം

ക്രൈസ്തവജീവിതത്തില്‍ ദൈവാലയത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടു കര്‍ദിനാള്‍ എഴുതുന്നു: ‘നിത്യജീവനെ വിവരി ക്കാന്‍ വിശുദ്ധഗ്രന്ഥം ഒരു നഗരത്തിന്റെ, സ്വര്‍ഗ്ഗീയ ജറുസലേമിന്റെ ചിത്രമാണ് ഉപയോഗിക്കുന്നത് (cf. വെളി. 21) മൂല്യങ്ങള്‍, അടിസ്ഥാന മാനുഷിക, യാഥാര്‍ത്ഥ്യങ്ങള്‍, ആത്മീയ യാഥാര്‍ത്ഥ്യങ്ങള്‍, സ്ഥലങ്ങള്‍, സമയങ്ങള്‍, സംഘടിത പ്രവര്‍ത്തനങ്ങള്‍ എന്നിവ പങ്കുവെയ്ക്കുകയും പൊതുനന്മ കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്‍കുകയും ചെയ്യുന്നവരുടെ ഒരു സമൂഹമാണ് നഗരം.’

കര്‍ത്താവിന്റെ വചനമില്ലാതെ നമുക്ക് ജീവിക്കാനും
ക്രിസ്ത്യാനികളായിരിക്കുവാനും കഴിയില്ല. കുരിശിലെ ബലിയില്‍

പങ്കെടുക്കാതെ നമുക്ക് ക്രിസ്ത്യാനികളായി ജീവിക്കാന്‍ കഴിയില്ല.
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ സ്വീകരിക്കാന്‍ അവിടുത്തെ
പുത്രന്മാരും പുത്രിമാരും സഹോദരീസഹോദരന്മാരും ആയി
നമ്മെ ക്ഷണിച്ചിരിക്കുന്ന കര്‍ത്താവിന്റെ മേശയായ
ബലിപീഠത്തിലെ വിരുന്നില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല.


‘വിജാതീയര്‍ ജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത, ദൈവത്തിനായി മാത്രം സമര്‍പ്പിക്കപ്പെട്ട, ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍, ക്രിസ്ത്യാ നികള്‍, ആരാധന സ്വാതന്ത്ര്യം ലഭിച്ചയുടനെ, ദോമുസ് ദേയ് (Domus Dei), ദോമുസ് എക്ലെസിയ (Domus Ecclesiae) എന്നിവ നിര്‍മ്മിച്ചു. അവിടെ വിശ്വാസികള്‍ക്ക് തങ്ങളെ തന്നെ ദൈവത്തിന്റെ സമൂഹമായും, ആരാധനയ്ക്കായി ഒരുമിച്ച് കൂട്ടപ്പെട്ട ജനതയായും, തിരിച്ചറിയാന്‍ കഴിഞ്ഞു; അങ്ങനെ ഒരു വിശുദ്ധ സമൂഹമായി രൂപീകരിക്കപ്പെട്ടു. അതിനാല്‍, ദൈവത്തിന് ഇങ്ങനെ പ്രഖ്യാപിക്കാന്‍ കഴിയും: ‘ഞാന്‍ നിങ്ങളുടെ ദൈവമാണ്, നിങ്ങള്‍ എന്റെ ജനമായിരിക്കും’ (cf. പുറ. 6:7; നിയമ. 14:2). കര്‍ത്താവ് തന്റെ ഉടമ്പടിയില്‍ വിശ്വസ്തനാണ് (നിയമ. 7:9). ഈ കാരണത്താലാണ് ഇസ്രായേല്‍ ദൈവത്തിന്റെ വാസസ്ഥലവും, ലോകത്തില്‍, അവന്റെ സാന്നിധ്യത്തിന്റെ വിശുദ്ധ സ്ഥലവുമാകുന്നത് (cf. പുറ. 29:45; ലേവി. 26:11-12).ഇക്കാരണത്താല്‍, കര്‍ത്താവിന്റെ ഭവനം ദൈവമക്കളുടെ കുടുംബത്തിന്റെ സാന്നിധ്യത്തെ മുന്‍കൂട്ടി കാണുന്നു. അതുകൊണ്ടാണ് റോമാസഭയില്‍ ഒരു പുതിയ ദൈവാലയത്തിന്റെ സമര്‍പ്പണ (കൂദാശ ചെയ്യുന്ന) വേളയില്‍, അത് അതിന്റെ സ്വഭാവത്താല്‍ എന്തായിരിക്കണമോ അതിനു വേണ്ടി മെത്രാന്‍ പ്രാര്‍ത്ഥിക്കുന്നത്:
ഇതിനെ (ഈ ദൈവാലയത്തെ) എന്നന്നേക്കുമായി ഒരു വിശുദ്ധ സ്ഥലമാക്കി മാറ്റുക (…)
ഇവിടം ദിവ്യകൃപയുടെ പ്രവാഹത്താല്‍ മനുഷ്യരാശിയുടെ കുറ്റകൃത്യങ്ങളെ മറികടക്കുവാനുള്ള സ്ഥലമാകട്ടെ. പിതാവേ, അങ്ങനെ പാപത്തോട് മരിച്ച അങ്ങയുടെ മക്കള്‍ സ്വര്‍ഗ്ഗീയജീവിതത്തിലേക്ക് പുനര്‍ജനിക്കട്ടെ. (…)
അള്‍ത്താരയ്ക്കു ചുറ്റും നില്‍ക്കുന്ന അങ്ങയുടെ വിശ്വസ്തരായ ജനം, പെസഹായുടെ ഓര്‍മ്മ ആഘോഷിക്കുവാനും മിശിഹാ യുടെ വചനത്തിന്റെയും ശരീരത്തിന്റെയും വിരുന്നില്‍ പങ്കെടുത്തു കൊണ്ട് ഉന്മേഷം പ്രാപിക്കുവാനും ഇവിടം ഇടയാകട്ടെ.
സന്തോഷകരമായ സ്തുതിയുടെ കാഴ്ച്ചകളാല്‍ ഇവിടം പ്രകമ്പനം കൊള്ളട്ടെ.
ഇവിടെ പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വരങ്ങള്‍ മാലാഖമാരുടെ സ്തുതിപ്പുകളോട് ചേരട്ടെ. അങ്ങനെ, നിരന്തരമായ പ്രാര്‍ത്ഥന ലോകത്തിന്റെ രക്ഷയ്ക്കായി അങ്ങിലേക്ക് ഉയരട്ടെ.
ഇവിടെ ദരിദ്രര്‍ കരുണ കാണുകയും, അടിച്ചമര്‍ത്തപ്പെട്ടവര്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം കണ്ടെത്തുകയും അങ്ങനെ ഉന്നതങ്ങളിലെ സ്വര്‍ഗീയ ജെറുസലേമില്‍ എല്ലാവരും സന്തോഷത്തോടെ ഒരുമിച്ചു വരുന്നതുവരെ, എല്ലാ മനുഷ്യരും അങ്ങയുടെ മക്കള്‍ക്കൊത്ത അന്തസ്സിനെ ധരിക്കട്ടെ.’
ക്രൈസ്തവസമൂഹം ഒരിക്കലും ഒറ്റപ്പെടല്‍ (isolation) തേടുകയോ സഭയെ അടച്ച വാതിലുകളുള്ള ഒരു നഗരമാക്കി മാറ്റുകയോ ചെയ്തിട്ടില്ല. സമൂഹ ജീവിതത്തിന്റെ മൂല്യത്തിലും പൊതുനന്മയ്ക്കായുള്ള അന്വേഷണത്തിലും രൂപപ്പെട്ട ക്രിസ്ത്യാനികള്‍, അന്യത്വത്തെക്കുറിച്ചുള്ള ബോധത്തോടെ തന്നെ, ലോകത്തില്‍ ആയിരുന്നുകൊണ്ട് അതിന്റേതാകാതെയും, ലോകത്തിലേക്ക് ഒതുങ്ങാതെയും ജീവിക്കാനും, എല്ലായ്‌പ്പോഴും സമൂഹത്തില്‍ ഇഴുകി ചേര്‍ന്ന് പോകാനും ശ്രമിച്ചിട്ടുണ്ട് (cf. Letter to Diognetus, 5-6) എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

3. ക്രൈസ്തവജീവിതത്തില്‍ സഭാകൂട്ടായ്മകളുടെ പ്രാധാന്യം

മഹാമാരിമൂലമുള്ള അടിയന്തിരാവസ്ഥയില്‍പ്പോലും, ഉത്തരവാദിത്വത്തിന്റെ ഒരു വലിയ അവബോധം ഉയര്‍ന്നുവന്നിട്ടുണ്ട്. വിശുദ്ധ കുര്‍ബാനയുടെ ആഘോഷത്തില്‍ വിശ്വാസികളുടെ പങ്കാളിത്തം ദീര്‍ഘകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്ന അവസ്ഥവരെ, സിവില്‍ അധികാരികളെയും വിദഗ്ദ്ധരെയും ശ്രവിക്കുന്നതിലും അവരുമായി സഹകരിക്കുന്നതിലും, സഭയിലെ മെത്രാന്മാര്‍ ബുദ്ധിമുട്ടുള്ളതും വേദനാജനകവുമായ തീരുമാനങ്ങള്‍ എടുക്കാന്‍, സദാ സന്നദ്ധമായിരുന്നു എന്നും, അപ്രതീക്ഷിതവും സങ്കീര്‍ണ്ണവുമായ ഈ സാഹചര്യത്തോട് ഏറ്റവും മികച്ച രീതിയില്‍ പ്രതികരിക്കാന്‍ ശ്രമിക്കുന്നതിലെ പ്രതിജ്ഞാബദ്ധതയ്ക്കും പരിശ്രമത്തിനും മെത്രാന്മാരോട് ആഴമായ നന്ദിയുണ്ട് എന്നും വത്തിക്കാന്‍ കാര്യാലയം വ്യക്തമാക്കുന്നു.
എന്നിരുന്നാലും, സാഹചര്യങ്ങള്‍ അനുവദിക്കുന്ന മുറയ്ക്ക്, ക്രൈസ്തവ ജീവിതത്തിന്റെ സാധാരണ അവസ്ഥയിലേക്ക് മടങ്ങേണ്ടത് അത്യാവശ്യവും അടിയന്തിരവുമാണ് (necessary and urgent) എന്ന് വത്തിക്കാനിലെ ആരാധനാ ക്രമത്തിനു വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ സാറ ലോകമെമ്പാടുമുള്ള കത്തോലിക്കാ മെത്രാന്മാരോട് കത്തിലൂടെ ആവശ്യപ്പെടുന്നു. കാരണം ദൈവാലയം (പള്ളി) ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രവും, ആരാധനാക്രമത്തിന്റെ ആഘോഷം, പ്രത്യേകിച്ച് വിശുദ്ധ കുര്‍ബാന, സഭയുടെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ തിരിഞ്ഞിരിക്കുന്ന അത്യുച്ചകോടിയും (summit) അതേസമയം അവളുടെ ശക്തിമുഴുവന്‍ നിര്‍ഗ്ഗളിക്കുന്ന സ്രോതസ്സു(font)മാണ് (SC 10).

4. ഞായറാഴ്ച ആചരണത്തിന്റെ പ്രാധാന്യം

നിഷേധത്തിന്റെയും നിയന്ത്രണങ്ങളുടെയും ഈ കാലഘട്ടം, നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, വധശിക്ഷ ഉറപ്പായിട്ടും ന്യായാധിപന്മാര്‍ക്ക് മുന്‍പില്‍ ശാന്തമായ നിശ്ചയദാര്‍ഡ്യത്തോടെ, ‘ഞായറാഴ്ചയില്ലാതെ ഞങ്ങള്‍ക്ക് (ജീവിക്കാന്‍) കഴിയില്ല’ (Sine Domenico non possumus), എന്ന് ഉത്തരം നല്‍കിയ അബിറ്റിനെയിലെ രക്തസാക്ഷികളായ നമ്മുടെ സഹോദരീ സഹോദരന്മാരുടെ ഹൃദയം മനസ്സിലാക്കാനുള്ള കൃപ നമുക്ക് നല്‍കുന്നു എന്ന് കര്‍ദിനാള്‍ ഓര്‍മിപ്പിക്കുന്നു.
കര്‍ത്താവിന്റെ വചനമില്ലാതെ നമുക്ക് ജീവിക്കാനും ക്രിസ്ത്യാനികളായിരിക്കുവാനും കഴിയില്ല.
കുരിശിലെ ബലിയില്‍ പങ്കെടുക്കാതെ നമുക്ക് ക്രിസ്ത്യാനികളായി ജീവിക്കാന്‍ കഴിയില്ല,
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ സ്വീകരിക്കാന്‍ അവിടുത്തെ പുത്രന്മാരും പുത്രിമാരും സഹോദരീസഹോദരന്മാരും ആയി നമ്മെ ക്ഷണിച്ചിരിക്കുന്ന കര്‍ത്താവിന്റെ മേശയായ ബലിപീഠത്തിലെ വിരുന്നില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല,
ക്രിസ്തീയ സമൂഹം, കര്‍ത്താവിന്റെ കുടുംബം, ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല:
നമ്മുടെ ഭവനമായ കര്‍ത്താവിന്റെ ഭവനം കൂടാതെ, വിശ്വാസത്തില്‍ നാം ജനിച്ച പുണ്യസ്ഥലങ്ങളില്ലാതെ, നമുക്ക് ജീവിക്കാന്‍ കഴിയില്ല:
നമുക്ക് കര്‍ത്താവിന്റെ ദിനമില്ലാതെ, ഞായറാഴ്ചയില്ലാതെ, നമുക്ക് ജീവിക്കാന്‍ കഴിയില്ല!
ഈ ലോകത്തെ നമ്മുടെ ഈ തീര്‍ത്ഥാടന യാത്രയില്‍ സ്വര്‍ഗീയ വിരുന്നിനു ക്ഷണിക്കപ്പെട്ട നമുക്ക് കര്‍ത്താവിന്റെ മേശയില്‍ നിന്നും, ഉയിര്‍ത്തെഴുന്നേറ്റ മിശിഹായുടെ ശരീരവും രക്തവും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യാതെ ജീവിക്കുക സാധ്യമല്ല. കര്‍ത്താവിന്റെ വചനമില്ലാതെയും കുരിശിലെ ബലിയില്‍ പങ്കെടുക്കാതെയും സ്വര്‍ഗീയവിരുന്നിന്റെ മുന്‍ ആസ്വാദനമായ വിശുദ്ധ കുര്‍ബാന സ്വീകരിക്കാതെയും കര്‍ത്താവിന്റെ കുടുംബമായ ക്രിസ്തീയ സമൂഹമില്ലാതെയും നമ്മുടെ ഭവനമായ കര്‍ത്താവിന്റെ ഭവനം കൂടാതെയും കര്‍ത്താവിന്റെ ദിനമായ ഞായറാഴ്ചയില്ലാതെയും നമുക്ക് ജീവിക്കാനും ക്രിസ്ത്യാനികളായിരിക്കുവാനും കഴിയില്ല എന്നു പറഞ്ഞുകൊണ്ട് ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനമായ ഞായറാഴ്ച ആചരണത്തെയും ഞായറാഴ്ച കൂട്ടായ്മകളെയും കുറിച്ചുള്ള ചിന്തകള്‍ കര്‍ദിനാള്‍ ഉപസംഹരിക്കുന്നു.

5. കുര്‍ബാനയുടെ സംപ്രേഷ ണവും ആത്മീയതയും

ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ വഴിയുള്ള വിശുദ്ധ കുര്‍ബാനയുടെ പ്രക്ഷേപണം, രോഗികള്‍ക്കും പള്ളിയില്‍ പോകാന്‍ കഴിയാത്ത വര്‍ക്കും സമൂഹമായി പള്ളിയില്‍ പോയി ആഘോഷമായി വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ സാധിക്കാത്തവര്‍ക്കും, മികച്ച സേവനം നിര്‍വഹിച്ചത്. എങ്കിലും അത്തരം വെര്‍ച്വല്‍ (virtual) കുര്‍ബാനകളെ ഒരു തരത്തിലും വ്യക്തിപരമായ സാന്നിധ്യം വഴി പങ്കെടുക്കുന്ന കുര്‍ബാനയോട് താരതമ്യം ചെയ്യുവാനോ വിശുദ്ധ കുര്‍ബാനയ്ക്കു പകരം വെയ്ക്കുവാനോ സാധ്യമല്ല എന്ന് കത്തില്‍ കര്‍ദിനാള്‍ സാറാ തറപ്പിച്ചു പറയുന്നു. ‘ഒരു പ്രക്ഷേപണവും വ്യക്തിഗത പങ്കാളിത്തത്തിന് തുല്യമല്ല, ആ പങ്കാളിത്തത്തിന് പകരമാവില്ല,’ (No broadcast is equivalent to personal participation, or can replace it).
നേരെമറിച്ച്, ഇത്തരം പ്രക്ഷേപണങ്ങളെ മാത്രം നാം അവലംബിക്കുമ്പോള്‍, സത്യമായും യഥാര്‍ത്ഥമായും (really and not virtually) നമുക്ക് വേണ്ടി മനുഷ്യനായി അവതരിച്ച ദൈവവുമായുള്ള വ്യക്തിപരവും (personal) ഏറ്റവും അടുപ്പമുള്ളതുമായ (intimate) മുഖാമുഖ കണ്ടുമുട്ടലില്‍ (encounter) നിന്ന് നാം അകന്നു പോകുന്നു. ‘എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു’ (യോഹ. 6:56). കര്‍ത്താവുമായുള്ള ഈ ശാരീരിക സമ്പര്‍ക്കം സുപ്രധാനവും (vital) ഒഴിച്ചുകൂടാനാവാത്തതും (indispensable) മാറ്റാനാകാത്തതു (irreplacable) മാണ് എന്ന് കര്‍ദിനാള്‍ സാറാ ഓര്‍മിപ്പിക്കുന്നു.
വിശുദ്ധ കുര്‍ബാനയ്ക്കു ഒരുക്കി വെച്ചതിനു ശേഷം ‘ഞാന്‍ ഓണ്‍ലൈന്‍ കുര്‍ബാന കണ്ടുകൊള്ളാം’ എന്ന് പറയുന്ന ‘വിശ്വാസി കളെ’യും, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാതെ ആ കുര്‍ബാന സ്ട്രീം ചെയ്യാനും പ്രക്ഷേപണം ചെയ്യാനും വ്യഗ്രത കാണി ക്കുന്ന ‘വിശ്വാസികളെ’യും, ഈ കോവിഡ് കാലത്തു ധാരാളം കാണാന്‍ സാധിക്കും. പലയിടത്തും, പ്രക്ഷേപണം, തത്സമയ സംപ്രേഷണം, ലൈവ് സ്ട്രീം എന്നിവയ്ക്കാണ് പലരും ഇന്ന് കുര്‍ബാനയെക്കാള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് എന്നത് വളരെ ദുഃഖകരവും അപകടകരവുമായ അവസ്ഥയാണ് എന്ന് പറയാതെ വയ്യ.

 

ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ വഴിയുള്ള
വിശുദ്ധ കുര്‍ബാനയുടെ പ്രക്ഷേപണം, രോഗികള്‍ക്കും
പള്ളിയില്‍ പോകാന്‍ കഴി യാത്തവര്‍ക്കും സമൂഹമായി
പള്ളിയില്‍ പോയി ആഘോഷമായി വിശുദ്ധ കുര്‍ബാനയില്‍
സംബന്ധിക്കുവാന്‍ സാധിക്കാത്ത വര്‍ക്കും, മികച്ച സേവനം
നിര്‍വഹിച്ചത്. എങ്കിലും അത്തരം വെര്‍ച്വല്‍ (virtual)
കുര്‍ബാനകളെ ഒരു തരത്തിലും വ്യക്തി പരമായ സാന്നിധ്യം
വഴി പങ്കെടുക്കുന്ന കുര്‍ബാനയോട് താരതമ്യം ചെയ്യുവാനോ
വിശുദ്ധ കുര്‍ബാനയ്ക്കു പകരം വെയ്ക്കു വാനോ സാധ്യമല്ല
എന്ന് കത്തില്‍ കര്‍ദിനാള്‍ സാറാ തറപ്പിച്ചു പറയുന്നു.


കോവിഡ് 19 കാലത്തേയ്ക്കു മാത്രമായുള്ള ഒരു താത്കാലിക സംവിധാനമാണ് പ്രക്ഷേപണവും തത്സമയ സംപ്രേഷണവും, ലൈവ് സ്ട്രീമും എന്ന് ശക്തമായി പറയാന്‍ ഉത്തരവാദിത്തമുള്ള പലര്‍ക്കും എന്തുകൊണ്ടോ ഇന്നും മടിയാണ്. അതുകൊണ്ടു തന്നെയാണ് വളരെ ചുരുങ്ങിയ ഈ കാലത്തിനിടയില്‍, പ്രക്ഷേപണം ചെയ്യപ്പെടുന്ന ഏതെങ്കിലും ഒരു കുര്‍ബാന കണ്ടാല്‍, അതു മതി ആത്മീയ വളര്‍ച്ചയ്ക്ക് എന്നുവരെ, ഇന്ന് വൈദികരും സന്ന്യസ്തരും അല്‍മായരും ഒരുപോലെ ചിന്തിക്കുവാന്‍ തുടങ്ങിയിരിക്കുന്നത്. ഇനിയെങ്കിലും, കര്‍ദിനാള്‍ സാറ എഴുതിയത് പോലെയുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേരളത്തിനകത്തും പുറത്തുമുള്ള സഭാ നേതൃത്വങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്.
കര്‍ത്താവിനെ കണ്ടുമുട്ടാനും, അവനോടൊപ്പമായിരിക്കുവാനും ശ്രമിക്കുന്നതിനപ്പുറം പ്രക്ഷേപണം ചെയ്യുന്നവരെ കണ്ടുമുട്ടാനും നവമാധ്യമങ്ങളുടെ ഉപയോഗത്തില്‍ അവരുടെ പ്രാവീണ്യം കാണുവാനും, അതിന് ‘ഇഷ്ടം’ (ലൈക്) രേഖപ്പെടുത്തി പ്രോത്സാഹിപ്പിക്കുവാനും അംഗീകാരം ചോദിച്ചു വാങ്ങാനുമാണ് പലരുടെയും ഉത്സാഹവും, പലരും ശുഷ്‌കാന്തി കാണിക്കുന്നതും ശ്രമിക്കുന്നതും. വിശ്വാസികള്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ അനുസരിച്ചു പരികര്‍മം ചെയ്യപ്പെടുന്ന കുര്‍ബാന മാത്രം അന്വേഷിച്ചു നടക്കുന്നു.
ദൈവം സൃഷ്ടിച്ച മനുഷ്യവംശത്തെ അവിടുന്ന് ഒരിക്കലും ഉപേക്ഷിക്കുന്നില്ലെന്നും, കഠിനമായ പരീക്ഷണങ്ങള്‍ പോലും കൃപ യുടെ ഫലം പുറപ്പെടുവിക്കുമെന്നും ബോധ്യപ്പെടുകയും കര്‍ത്താവിന്റെ അള്‍ത്താരയില്‍ നിന്നുള്ള നമ്മുടെ അകല്‍ച്ച വിശുദ്ധ കുര്‍ബാനയുടെ സ്വീകരണത്തിനു ഒരുക്കമായുള്ള ഉപവാസ സമയമായി അംഗീകരിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാനയ്ക്കുള്ള വലിയ പ്രാധാന്യവും, അതിന്റെ സൗന്ദര്യവും, അളക്കാനാവാത്ത അമൂല്യതയും വീണ്ടും കണ്ടെത്തുന്നതിന് ഈ അകല്‍ച്ച ഉപകാരപ്പെട്ടു എന്നാണ് നാം മനസ്സിലാക്കേണ്ടത് എന്ന് കര്‍ദിനാള്‍ ഉദ്‌ബോധിപ്പിക്കുന്നു.
എന്നിരുന്നാലും, കഴിയുന്നതും വേഗം, നിര്‍മലഹൃദയത്തോടെയും, നവീകരിക്കപ്പെട്ട വിസ്മയത്തോടെയും, വര്‍ദ്ധിച്ച ആഗ്രഹ ത്തോടെയും കര്‍ത്താവിനെ കണ്ടുമുട്ടാനും (encounter), അവനോടൊപ്പം ആയിരിക്കുവാനും, അവനെ സ്വീകരിക്കാനും, അങ്ങനെ വിശ്വാസവും സ്‌നേഹവും പ്രത്യാശയും നിറഞ്ഞ ജീവിതത്തിന്റെ സാക്ഷിയായി അവനെ നമ്മുടെ സഹോദരീസഹോദരന്മാരുടെ അടുക്കലേക്ക് എത്തിക്കുവാനും വേണ്ടി നാം വിശുദ്ധ കുര്‍ബാനയിലേക്ക് മടങ്ങണം എന്ന് സാറാ എഴുതുന്നു.

6. അടിസ്ഥാനതത്ത്വങ്ങളും പ്രായോഗിക നിര്‍ദേശങ്ങളും

എത്രയും വേഗത്തില്‍ വിശുദ്ധ കുര്‍ബാനയുടെ ആചരണത്തിലേക്കു തിരിച്ചുവരാനുള്ള മാര്‍ഗ്ഗങ്ങള്‍ സുഗമമാക്കാന്‍ വത്തിക്കാന്‍ കാര്യാലയം താഴെ പറയുന്ന ചില അടിസ്ഥാനതത്ത്വങ്ങളും പ്രായോഗിക നിര്‍ദേശങ്ങളും ശക്തമായി മുന്നോട്ടു വെക്കുന്നു.

6.1. ആരാധനക്രമനിര്‍ദേശങ്ങള്‍ നല്‍കേണ്ടത് സഭാധികാരികള്‍

കത്തോലിക്കാ സഭ സിവില്‍ അധികാരികളും സര്‍ക്കാരുകളുമായി സഹകരിക്കുകയും, വിശ്വാസികളുടെ സുരക്ഷ സംരക്ഷിക്കു ന്നതിനായി, പ്രോട്ടോക്കോളുകള്‍ സ്വീകരിക്കുകയും ചെയ്യണമെങ്കിലും, ആരാധനക്രമവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ (norms) തരുന്നത് സിവില്‍ അധികാരികളുടെ നിയമനിര്‍മ്മാണ പരിധിക്കുള്ളില്‍ വരുന്ന കാര്യങ്ങളല്ല. പ്രത്യുത അതു ചെയ്യേണ്ടത് ഉത്തരവാദിത്വപ്പെട്ട സഭാ അധികാരികള്‍ മാത്രമാണ് എന്ന് കര്‍ദിനാള്‍ റോബര്‍ട്ട് സാറാ കത്തില്‍ അടിവരയിട്ടു വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ പറയുന്നതിന് മുമ്പേ ഓരോ രാജ്യത്തെയും സഭാനേതൃത്വം അറിഞ്ഞിരിക്കേണ്ടതാണ്.
ദൈവീകവും പരിശുദ്ധവുമായ ഒരു അനുഷ്ഠാനമാണ് ആരാധന ക്രമം. ഈ ആരാധനക്രമത്തെ ‘വിനോദ’ പ്രക്രിയകളുടെയും പ്രവര്‍ത്തനങ്ങളുടെയും തലത്തിലേക്കു തരം താഴ്ത്തപ്പെടാന്‍ അനുവദിക്കരുതെന്നും, ആരാധനക്രമ കൂട്ടായ്മകളെ മറ്റു തരത്തിലുള്ള പൊതുസമ്മേളനങ്ങളായി കണക്കാക്കുന്നതിനുള്ള അവസരം മറ്റുള്ളവര്‍ക്ക് കൊടുക്കരുത് എന്നും കര്‍ദിനാള്‍ റോബര്‍ട്ട് സാറാ, കത്തിലൂടെ മെത്രാന്മാരോട് അഭ്യര്‍ത്ഥിക്കുന്നു.

6.2. അമിതഭയവും സുരക്ഷിതത്വമില്ലായ്മയും ദൂരീകരിക്കുക

മെത്രാന്മാര്‍ ശുചിത്വത്തിനും സുരക്ഷാചട്ടങ്ങള്‍ക്കും ഉചിതമായ ശ്രദ്ധ നല്‍കണമെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ അതേസമയം അതിന്റെ പേരില്‍ ആരാധനക്രമ അനുഷ്ഠാനങ്ങളെയും ആംഗ്യങ്ങളെയും അര്‍ത്ഥ ശൂന്യമാക്കുകയോ, ഫലശൂന്യമാക്കുകയോ, അല്ലെങ്കില്‍ വന്ധ്യംകരണം നടത്തുകയോ (sterilise liturgical gestures and rites), പരോക്ഷമായിട്ടു പോലും അമിതമായ ഭയവും (fear) സുരക്ഷിതത്വമില്ലായ്മയും (insecuþ rity) വിശ്വാസികളില്‍ വളര്‍ത്തുകയോ (instill) ചെയ്യരുതെന്ന് മെത്രാന്മാരെ കത്തില്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ ഓര്‍മിപ്പിക്കുന്നു.
തീര്‍ച്ചയായും സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ചും രാജ്യത്തിന്റെ നിയമം അനുശാസിക്കുന്ന രീതിയിലും പ്രതിരോധ നടപടികളോട് സഹകരിക്കുവാനും അവ സ്വീകരിക്കുവാനും എല്ലാവരും ബാധ്യസ്ഥരാണ്. പക്ഷേ കോവിഡ് മഹാമാരിയുടെ പേരില്‍ പരോക്ഷമായിട്ടും പ്രത്യക്ഷമായിട്ടും അമിത ഭയവും സുരക്ഷിതത്വമില്ലായ്മയും വിശ്വാസികളില്‍ വളര്‍ത്തുന്നത് ആത്മഹ ത്യാപരമായിരിക്കും. കൂദാശകള്‍, പ്രത്യേകിച്ച്, പരിശുദ്ധ കുര്‍ബാനയും പാപമോചനവും, പരികര്‍മ്മം ചെയ്യാന്‍ പോലും ചില അജപാലകര്‍ മടിക്കുന്ന ദുരവസ്ഥ പല രൂപതകളിലും സ്ഥലങ്ങളിലും ഇന്ന് നിലനില്‍ക്കുന്നുണ്ട് എന്നത് ഏറെ ദുഃഖകരമാണ്.
ആരാധനയ്ക്കും മതാത്മക അനുഷ്ഠാനങ്ങള്‍ക്കും വേണ്ടി ഒരുമിച്ചു കൂടുന്നതല്ല കോവിഡ് രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നത്. പ്രത്യുത, പ്രതിരോധനടപടികളോട് ആത്മാര്‍ത്ഥമായും മറ്റുള്ളവരുടെ നന്മയെ പ്രതിയും ഉത്തരവാദിത്ത്വപ്പെട്ടവരും ജനങ്ങളും സഹകരിക്കാത്തതു കൊണ്ടാണ്. അതുകൊണ്ട്, പ്രതിരോധനടപടികളോട് പൂര്‍ണമായി സഹകരിക്കുകയും ആവശ്യമായ മുന്‍കരുതലുകളെടുത്തു മുന്നോട്ടു പോകുകയുമാണ് വേണ്ടത്.

6.3. ആരാധനക്രമ അനുഷ്ഠാനങ്ങളെ വന്ധീകരിക്കരുത്

തിരുകര്‍മങ്ങളിലൂടെയും, വിശുദ്ധ കുര്‍ബാനയിലൂടെയുമാണ് കോവിഡ് 19 പോലെയുള്ള മഹാമാരികള്‍ വ്യാപിക്കുന്നത് എന്ന തെറ്റായ ധാരണ കൊടുക്കുന്ന വിധത്തില്‍ അനവസരത്തില്‍ മാസ്‌ക് ധരിച്ചും, ആംഗ്യങ്ങളെയും, അനുഷ്ഠാനങ്ങളെയും നിരര്‍ത്ഥകമാക്കിയും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്ന മെത്രാന്മാരോടും വൈദികരോടുമാണ് ആരാധനക്രമ അനുഷ്ഠാനങ്ങളെയും ആംഗ്യങ്ങളെയും അര്‍ത്ഥശൂന്യമാക്കരുത് എന്ന് കര്‍ദിനാള്‍ കത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നത്.
കത്തോലിക്കാ സഭാ വിശ്വാസികള്‍ അജപാലകരുടെ നേതൃത്വത്തില്‍ പൊതുവെ പ്രതിരോധ നടപടികളോട് സഹകരിക്കുന്ന അച്ചടക്കമുള്ള ഒരു സമൂഹമാണ്. അതുകൊണ്ടുതന്നെ മറ്റ് കൂട്ടങ്ങളെക്കാളും സമ്മേളനങ്ങളെക്കാളും സുരക്ഷിതമാണ് കത്തോലിക്കാ ആരാധനാ സമൂഹങ്ങള്‍. സഭാധികാരികള്‍ക്കും വൈദികര്‍ക്കും സന്യാസിനീ സന്യാസികള്‍ക്കുമാണ് ഈ ബോധം ആദ്യം ഉണ്ടാകേണ്ടത്.

7. ആരാധനക്രമ നിര്‍ദേശങ്ങള്‍ ഭാരതത്തിലെ സഭകളില്‍

7.1. അപര്യാപ്തമായ ആരാധനക്രമനിര്‍ദേശങ്ങള്‍

കോവിഡ് 19 വിരുദ്ധ നടപടികള്‍ ആരംഭിച്ചതിന് ശേഷം ഭാരതത്തിലെ കത്തോലിക്കാസഭകള്‍ ഏതാനും ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എങ്കിലും, അവയെല്ലാം പ്രധാനമായി കോവിഡ് രോഗം ആരാധന കൂട്ടായ്മകളിലൂ ടെ പടര്‍ന്നു പിടിക്കാതിരിക്കുവാനുള്ള മുന്‍കരുതലുകളെ കുറിച്ചും ശുചിത്വത്തെയും സുരക്ഷാ സംവിധാനങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള നിര്‍ദേശങ്ങളും, റോമില്‍ നിന്നുള്ള കോവിഡ് കാലത്തേയ്ക്കുള്ള പ്രത്യേകദണ്ഡവിമോചനങ്ങളെക്കുറിച്ചും, കോവിഡ് കാലത്തെ വിവാഹാഘോഷങ്ങളെ കുറിച്ചും, കോവിഡ് രോഗികളെയും അവരെ ശുശ്രുഷിക്കുന്നവരെയും സഹായിക്കുന്നതിനു വിശ്വാസികള്‍ക്കുള്ള കടമയെക്കുറിച്ചുള്ള ഉത്‌ബോധനങ്ങളുമാണ്. എന്നാല്‍ കര്‍ത്താവിന്റെ വചനം നേരിട്ട് ശ്രവിക്കുന്നതിന്റെയും, വിശുദ്ധകുര്‍ബാന ശാരീരികമായ സാന്നിധ്യത്തിലൂടെ പങ്കെടുക്കുന്നതിന്റെയും, വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിന്റെയും, ക്രിസ്തീയ കൂട്ടായ്മയുടെയും, കര്‍ത്താവിന്റെ ദിനമായ ഞായറാഴ്ചയുടെയും, ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനമായ ഞായറാഴ്ച ആചരണത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് എടുത്തു പറയാവുന്ന യാതൊരു നിര്‍ദേശവും മെത്രാന്‍ സംഘങ്ങള്‍ നല്‍കിയതായി കണ്ടില്ല!

7.2. ആരാധനക്രമത്തിന്റെ സംരക്ഷണവും നിയന്ത്രണവും

വിശുദ്ധ കുര്‍ബാനയും കൂദാശകളും ആരാധനക്രമ അനുഷ്ഠാനങ്ങളും സഭയുടെ ഏറ്റവും വിലപ്പെട്ട സ്വത്താണ്. ആരാധനക്രമ അനുഷ്ഠാനങ്ങള്‍ വ്യക്തിപരമല്ല വ്യക്തികളുടേതല്ല! (SC 26) പ്രക്ഷേപണകമ്പനികളുടേതുമല്ല! വ്യത്യസ്തമായ രീതിയില്‍ അര്‍പ്പിക്കപ്പെടുന്ന നൂറുകണക്കിന് കുര്‍ബാനകള്‍ നവമാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടു വിശ്വാസികള്‍ ഇന്ന് സായുജ്യമണയുന്നു. അതു കൊണ്ടുതന്നെ ആരാധനക്രമ അനുഷ്ഠാനങ്ങള്‍ ‘ആര്‍’, ‘എന്ത്’, ‘എങ്ങനെ’, ‘എപ്പോള്‍’ പ്രക്ഷേപണം ചെയ്യണം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള ഉത്തരവാദിത്വം സഭാനേതൃത്വത്തിനാണ്.
കൊറോണ വൈറസ് മഹാമാരി (Pandemic) 2020 മാര്‍ച്ച് മാസത്തില്‍ വ്യാപകമായി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ലോകത്തിലെ മിക്ക രൂപതകളിലും മെത്രാന്മാര്‍ വിശ്വാസികള്‍ക്കു വേണ്ടി നടത്തുന്ന പരിശുദ്ധ കുര്‍ബാനയും മറ്റു കൂദാശകളുടെ അനുഷ്ഠാനങ്ങളും നിര്‍ത്തി വച്ചു, ആരാധനാലയങ്ങള്‍ അടച്ചു. ആരാധനക്രമ അനുഷ്ഠാനങ്ങള്‍ ഓണ്‍ലൈനിലൂടെയും ടിവിയിലൂടെയും റേഡിയോയിലൂടെയും ലഭ്യമാക്കി കൊണ്ടിരിക്കുന്നു. ഇറ്റലിയില്‍, കോവിഡ് പ്രതിസന്ധിയോടുള്ള രാജ്യത്തിന്റെ പ്രതികരണത്തിന് മേല്‍ നോട്ടം വഹിക്കുന്ന ഒരു സാങ്കേതികശാസ്ത്ര സമിതിയുടെ ഉപദേശ പ്രകാരം, പ്രധാനമന്ത്രി ജൂസെപ്പേ കോന്തേയുടെ സര്‍ക്കാര്‍ മെയ് അവസാനത്തോടെ പൊതുജനങ്ങളുടെ സാധാരണ ജീവിതം പുനരാരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ദൈനംദിന കുര്‍ബാന ലൈവ് സ്ട്രീം അതോടെ അവസാനിപ്പിച്ചു. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍, ഭാരതത്തിലെ വിരലില്‍ എണ്ണാവുന്ന ചില മെത്രാന്മാര്‍ മാത്രമാണ്, പ്രക്ഷേപണം ചെയ്യപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ വേണ്ടത്ര ഒരുക്കത്തോടെ സംബന്ധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

വിശുദ്ധ കുര്‍ബാനയും കൂദാശകളും ആരാധനക്രമ
അനുഷ്ഠാനങ്ങളും സഭയുടെ ഏറ്റവും വിലപ്പെട്ട സ്വത്താണ്.
ആരാധനക്രമ അനുഷ്ഠാനങ്ങള്‍ വ്യക്തിപരമല്ല വ്യക്തികളുടേതല്ല!
(SC 26) പ്രക്ഷേപണകമ്പനികളുടേതുമല്ല! വ്യത്യസ്തമായ
രീതിയില്‍ അര്‍പ്പിക്കപ്പെടുന്ന നൂറു കണക്കിന് കുര്‍ബാനകള്‍
നവമാധ്യമ ങ്ങളിലൂടെ കണ്ടുകൊണ്ടു വിശ്വാസികള്‍
ഇന്ന് സായൂജ്യമണയുന്നു. അതുകൊണ്ടു തന്നെ ആരാധനക്രമ
അനുഷ്ഠാനങ്ങള്‍ ‘ആര്’, ‘എന്ത്’, ‘എങ്ങനെ’, ‘എപ്പോള്‍’
പ്രക്ഷേപണം ചെയ്യണം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള
വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള ഉത്തരവാദിത്വം
സഭാനേതൃത്വത്തിനാണ്.

7.3. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരവും നിയന്ത്രണവും

പരിശുദ്ധ കുര്‍ബാനയുടെ പ്രക്ഷേപണവും, സംപ്രേഷണവും, ലൈവ് സ്ട്രീമും അതുപോലെ മറ്റു നവമാധ്യമങ്ങളുടെ ഉപയോഗവും രോഗികള്‍ക്കും, വിവിധങ്ങളായ കാരണങ്ങളാല്‍ ദൈവാലയത്തില്‍ പരിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ സാധിക്കാത്തവര്‍ക്കും വളരെ ഉപകാരപ്രദമാണെങ്കിലും, ‘ഒരു പ്രക്ഷേപണവും വ്യക്തിഗത പങ്കാളിത്തത്തിന് തുല്യമല്ല, ആ പങ്കാളിത്തത്തിന് പകരമാവില്ല,’ എന്ന് മനസ്സിലാക്കി ഇക്കാര്യം വേണ്ടത്ര ഗൗരവത്തോടെയും ഫലപ്രദമായും വൈദികരെയും സന്യാസിനി സന്യാസികളെയും സാധാരണ വിശ്വാസികളെയും തക്കസമയത്തു തന്നെ ബോധ്യപ്പെടുത്താന്‍ ഇന്ത്യയിലെ സഭാ നേതൃത്വങ്ങള്‍ക്ക് ഇനിയെങ്കിലും ഉത്തരവാദിത്വമുണ്ട്.
ആരാധനക്രമം, മുന്‍പ് സൂചിപ്പിച്ചതുപോലെ, സഭയുടെ അമൂല്യ പൈതൃകമാണ്, അല്ലാതെ ചില വ്യക്തികളുടേയോ പ്രക്ഷേപണ കമ്പനികളുടേയോ സ്വത്തല്ല. അതുകൊണ്ടു തന്നെ ആരാധന ക്രമ അനുഷ്ഠാനങ്ങള്‍ വ്യക്തികള്‍ക്കോ ചാനലുകള്‍ക്കോ ഇഷ്ടം പോലെ പ്രക്ഷേപണം ചെയ്യാനുള്ള അവകാശമോ അധികാരമോ ഇല്ല. ഇവര്‍ക്ക് തക്ക സമയത്തു മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടത് ഓരോ സ്ഥലത്തെയും സഭാ നേതൃത്വമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം ആരാധനാ ക്രമത്തെക്കുറിച്ച് പുറത്തിറക്കിയ എല്ലാ പ്രധാന രേഖകളും ഊന്നിപ്പറയുന്ന പോലെ, തിരുകര്‍മ്മങ്ങള്‍ക്കു മാറ്റങ്ങള്‍ വരുത്തിയും, കൂട്ടിയും, കുറച്ചും തങ്ങളുടേതായ രീതിയില്‍ പുനഃസ്ഥാപിക്കുകയും പുനരവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇവര്‍ വിശ്വാസികളുടെ അവകാശങ്ങളെ അവഹേളിക്കുകയും സഭയുടെ സ്വന്തമായ ആരാധനാക്രമ ആഘോഷങ്ങളില്‍ വ്യക്തിപരത യും (individualism) വിവേകശൂന്യതയും (idisoyncrsay) അവതരിപ്പിക്കുകയുമാണെന്ന് പുരോഹിതനെപ്പോലെ ഓരോരുത്തരും മനസ്സിലാക്കണം.

7.4. യാമപ്രാര്‍ത്ഥനകള്‍ കുടുംബപ്രാര്‍ത്ഥനയില്‍

ആരാധനക്രമം നിത്യപുരോഹിതനും അവിടുത്തെ മൗതിക ശരീരമായ സഭയുടെ ശിരസ്സുമായ മിശിഹായുടെയും സഭയുടെയും പ്രവര്‍ത്തിയാകയാല്‍, വൈശിഷ്ട്യത്തിലും ഫലദായകത്വത്തിലും ആരാധനക്രമത്തെ വെല്ലുന്ന മറ്റൊന്നും സഭയില്‍ ഇല്ല (SC 7). സഭയുടെ യാമ പ്രാര്‍ത്ഥനകള്‍ വൈശിഷ്ട്യത്തിലും ഫലദായകത്വത്തിലും മേല്പറഞ്ഞ ഗണത്തില്‍പ്പെട്ട സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനയാണ്. ടെലിവിഷനിലൂടെയും നവമാധ്യമങ്ങളിലൂടെയും സ്മാര്‍ട്ട് ഫോണുകളിലൂടെയും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങു ഫലദായകവും വൈശിഷ്ട്യമേറിയതുമാണ് കുടുംബങ്ങങ്ങളെല്ലാം ഒരുമിച്ചിരുന്നു യാമപ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നത്!!! (SC 7) ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന സഭയുടെ ചെറിയ പതിപ്പായ കുടുംബം ഒരുമിച്ചു നിലനില്‍ക്കുന്നു. ഈ കോവിഡ് കാലത്ത് ഒരുമിച്ച് നില്‍ക്കുന്ന കുടുംബങ്ങളാണ് സഭയുടെ ഏറ്റവും വലിയ സമ്പത്ത്.

7.5. ആത്മീയ പരിശീലനത്തിന് കൊടുക്കേണ്ട മുന്‍ഗണന

വൈദികസന്യാസ പരിശീലന കേന്ദ്രങ്ങളിലും, ഭവനങ്ങളിലും യാമപ്രാര്‍ത്ഥനകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്കാത്തത് തന്നെയാണ് യാമപ്രാര്‍ത്ഥനകളോടുള്ള താല്പര്യം കുറഞ്ഞു വരുന്നതിന്റെ പ്രധാനകാരണം. ബാലിശമായ കാരണങ്ങള്‍ പറഞ്ഞു വൈദിക സന്യാസ പരിശീലനകേന്ദ്രങ്ങളിലും, ഭവനങ്ങളിലും യാമ പ്രാര്‍ത്ഥനകള്‍ വേണ്ടെന്ന് വയ്ക്കുന്നതു ഒരു നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. ദൈവജനത്തെ പഠിപ്പിക്കുവാനും, വിശുദ്ധീകരിക്കുവാനും, നയിക്കുവാനുമുള്ള ഭാവിയിലെ വൈദികരെയും സന്യസ്തരെയും ആത്മീയ ദിശാബോധത്തോടെ പരിശീലിപ്പിക്കുവാനുള്ള ഉത്തരവാദിത്വം അവരെ പരിശീലിപ്പിക്കുന്നവര്‍ക്കുണ്ട്!
കോവിഡ്-19 കാലത്ത് വൈദികരും, സന്യസ്തരും വിശ്വാസികളും തങ്ങളുടെ ആത്മീയജീവിതം എങ്ങനെ ചൈതന്യം നഷ്ടപ്പെടുത്താതെ പരിരക്ഷിക്കണമെന്നും വളര്‍ത്തി എടുക്കണമെന്നും, ആത്മീയനന്മയും, ശാരീരിക സുരക്ഷയും ഉറപ്പ് വരുത്തി എത്രയും വേഗം വിശുദ്ധ കുര്‍ബാനയിലേക്കു മടങ്ങണം എന്നും, എങ്ങനെ ആരാധനക്രമത്തിന്റെ പ്രക്ഷേപണവും, തത്സമയ സംപ്രേഷണവും, ലൈവ് സ്ട്രീമും ‘വിനോദ’ പ്രക്രിയകളായി തരംതാഴന്ന് പോകാതിരിക്കുവാന്‍ ശ്രമിക്കണം എന്നും, അതിന് എന്ത് നടപടികള്‍ സ്വീകരിക്കണമെന്നും സഭാനേതൃത്വങ്ങള്‍ കൃത്യമായും വ്യക്തമായും നിര്‍ദേശങ്ങള്‍ നല്‍കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ റോമില്‍ നിന്നും വരുന്ന നിര്‍ദേശങ്ങള്‍ കാത്തിരിക്കേണ്ട ആവശ്യമൊന്നുമില്ല. റോമില്‍നിന്നും നിര്‍ദേശങ്ങള്‍ വന്നിട്ടും അവ നടപ്പിലാക്കാനുള്ള താല്പര്യം പോലും എങ്ങും കാണാനില്ല എന്നത് മറ്റൊരു ദുഃഖസത്യം.

7.6. മതാത്മകകര്‍മങ്ങള്‍ നിയന്ത്രിക്കുന്നത് അതിരുകടക്കരുത്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പല ദൈവാലയങ്ങളിലും വിശ്വാസികളെ കൂടാതെയും കടുത്ത നിയന്ത്രണങ്ങളോടെയും ആരാധനക്രമങ്ങള്‍ അനുഷ്ഠിക്കുവാന്‍ സഭ ഇന്നും നിര്‍ബന്ധിക്കപ്പെടുമ്പോള്‍, പൊതുസ്ഥലങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും, മദ്യ വില്പനരംഗത്തും, സിനിമ തീയേറ്ററുകളിലും, നീന്തല്‍ കുളങ്ങളിലും, കളിസ്ഥലങ്ങളിലും, രാഷ്ട്രീയസമരങ്ങളിലും, ജോലി സ്ഥലങ്ങളിലും നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നത് രാഷ്ട്രീയമേലാളന്മാരുടെ ഇരട്ടത്താപ്പ് നയമാണ് എന്ന് വിമര്‍ശകര്‍ വിലയിരുത്തുന്നു. പലചരക്ക് കടയില്‍ 15 പേരെ അനുവദിക്കുമ്പോള്‍ പള്ളികളില്‍ പ്രവേശിക്കാന്‍ അതേ സമയം 10 പേരെ മാത്രം അനുവദിക്കുന്നത് ഇരട്ടത്താപ്പ് തന്നെയാണ് എന്ന് പറയാന്‍ വിമര്‍ശകര്‍ക്കു അവസരം കൊടുക്കുന്നു എന്ന് കത്തില്‍ പറയുന്നു. ഇത്തരം ഇരട്ടത്താപ്പ് നിയമങ്ങളും നയങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു. ഭാരത-കേരള സര്‍ക്കാരുകള്‍ ഇതിനു അപവാദമൊന്നുമല്ല. ഈ കോവിഡ് കാലത്തും സര്‍ക്കാരുകളുടെ ഈ ഇരട്ടത്താപ്പ് നയത്തില്‍ മാറ്റമൊന്നും ഉള്ളതായി കണ്ടില്ല. അതുകൊണ്ടാണ് രാഷ്ട്രീയ അധികാരികളും ഭരണാധികാരികളും പരിശുദ്ധ കുര്‍ബാനയെയും ആരാധനക്രമ കൂട്ടായ്മകളെയും വിനോദത്തിനുള്ള വേദികളായി കാണുകയും ചിത്രീകരിക്കുകയും ചെയ്യുന്നത് മെത്രാന്മാര്‍ തടയണമെന്ന് കത്തില്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ ആവശ്യപ്പെടുന്നത്.
കോവിഡ് 19 നെ പ്രതിരോധിക്കുവാനുള്ള നടപടികളുടെ പേരില്‍ സര്‍ക്കാരും പോലീസുകാരും ചെയ്യുന്ന, കുര്‍ബാന അര്‍പ്പിച്ചു കൊണ്ടിരുന്ന വൈദികനെ അറസ്റ്റ് ചെയ്യുക തുടങ്ങി, അതിക്രമങ്ങള്‍ക്കു നേരെ ഫലപ്രദമായി പ്രതികരിക്കുവാന്‍ ഭാരതത്തിലെ സഭകള്‍ക്ക് സാധിക്കുമായിരുന്നു എന്നത് ഒരു സത്യമാണ്. ഇതൊക്കെ തന്നെയാണ് ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയ അധികാരികളും ഭരണാധികാരികളും പരിശുദ്ധ കുര്‍ബാനയെയും ആരാധന ക്രമ കൂട്ടായ്മകളെയും വിനോദത്തിനുള്ള വേദികളായി കാണുകയും ചിത്രീകരിക്കുകയും ചെയ്യുന്നത് മെത്രാന്മാര്‍ തടയണമെന്ന് കത്തില്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ ആവശ്യപ്പെടുന്നത്. ഈ നിര്‍ദ്ദേശം ഭാരതത്തിലെ സഭാനേ തൃത്വത്തെയും വിശ്വാസികളെയും സംബന്ധിച്ച് വളരെ പ്രസക്തമാണ്.
ഇറ്റലിയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണ നടപടികളെ ഫ്രാന്‍സിസ് മാര്‍പാപ്പ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ലോക്ക്ഡൗണ്‍ സമയത്ത് വത്തിക്കാനിലെ എല്ലാ പൊതു ആരാധനക്രമ ആഘോഷങ്ങളും പരിപാടികളും മാര്‍പാപ്പ നിര്‍ത്തി വച്ചിരുന്നു. സഭയുടെയും മെത്രാന്മാരുടെയും നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു. തെറ്റില്‍ അകപ്പെടാതിരിക്കുവാനുള്ള ഒരു ഉറപ്പായ സങ്കേതമാണ് അനുസരണം: സഭയുടെ നിര്‍ദേശങ്ങളോടുള്ള അനുസരണവും, മെത്രാന്മാരോടുള്ള അനുസരണവും. ‘പ്രയാസകരമായ സമയങ്ങളില്‍ (ഉദാ. യുദ്ധങ്ങള്‍, മഹാമാരികള്‍) മെത്രാന്മാര്‍ക്കും മെത്രാന്‍ സംഘങ്ങള്‍ക്കും താല്‍ക്കാലിക നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയും, അത് അനുസരിക്കേണ്ടതാണ്,’ സാറാ ഓര്‍മിപ്പിക്കുന്നു.
സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമ്പോള്‍ മെത്രാന്മാരും മെത്രാന്‍ സംഘങ്ങളും നല്‍കുന്ന ഈ നടപടികള്‍ കാലഹരണപ്പെടും എന്നും കത്തില്‍ കര്‍ദിനാള്‍ സാറാ ഓര്‍മിപ്പിക്കുന്നു.

lonappan55@hotmail.com

Leave a Comment

*
*