പങ്കാളിത്തത്തിന്റെ സദ്ഫലങ്ങള്‍ക്ക് കാതോര്‍ത്ത്

പങ്കാളിത്തത്തിന്റെ സദ്ഫലങ്ങള്‍ക്ക് കാതോര്‍ത്ത്

ഫാ. സജി മാത്യു കണയങ്കല്‍ സി.എസ്.ടി.

2023 ഒക്‌ടോബറില്‍ വത്തിക്കാനില്‍ വച്ച് നടക്കുന്ന മെത്രാന്മാരുടെ സാധാരണ സിനഡിന് ഒരുക്കമായുള്ള പ്രാരംഭ രേഖ (Preparatory Document) 'സിനഡല്‍ സഭയ്ക്കായി: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം' (For a Synodal Church: Commu-nion, Participation, Mission) കഴിഞ്ഞ സെപ്തംബര്‍ 7-നാണ് പ്രസിദ്ധീകൃതമായത്. സിനഡാ ലിറ്റിയെക്കുറിച്ചുള്ള ഒരു സിനഡ് (A Synod on Synodaltiy) എന്നാണ് ഈ കൂട്ടായ്മയ്ക്ക് നല്‍കിയിരിക്കുന്ന വിശേഷണവും.

ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന ഈ പ്രാരംഭരേഖയ്‌ക്കൊപ്പം സിനഡിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു ലഘു ഗ്രന്ഥവും (Vademecum) പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനഡിനെക്കുറിച്ചുള്ള തികച്ചും ഭാവാത്മകവും സജീവവുമായ ചിന്തകളാല്‍ സമ്പന്നമാണ് ഈ രേഖകള്‍ രണ്ടും. സിനഡ് ഉയര്‍ത്തുന്ന ദര്‍ശനത്തിലേക്കും ഇതിലൂടെ കരഗതമാവേണ്ട നവീന ഉള്‍ക്കാഴ്ചയിലേക്കുമുള്ള തുറവി ഈ പ്രാരംഭ രേഖയുടെ പേരില്‍ തന്നെ മറഞ്ഞിരിപ്പുണ്ട്. കൂട്ടായ്മയിലൂടെയും പങ്കാളിത്തത്തിലൂടെയും ആവിഷ്‌കൃതമാവേണ്ട സഭയുടെ ദൗത്യത്തെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. 'സഭയുടെ അടിസ്ഥാന സ്വഭാവം തന്നെയായ സിനഡാലിറ്റിയാണ് മൂന്നാം സഹസ്രാബ്ദത്തില്‍ ദൈവം സഭയില്‍നിന്നും പ്രതീക്ഷിക്കുന്നത്' എന്ന ആമുഖത്തോടെയാണ് മാര്‍പാപ്പ ഈ പ്രാരംഭ രേഖ സഭാംഗങ്ങളുടെ പഠനത്തിനും വിചിന്തനത്തിനും പ്രായോഗികതയ്ക്കുമായി നല്‍കിയത്.

സിനഡ്: കൂട്ടായ്മയുടെ ശബ്ദം

2021 ഒക്‌ടോബര്‍ 10-ന് റോമിലും 17-ന് പ്രാദേശിക സഭകളിലും ഔദ്യോഗികമായി ആരംഭിക്കേണ്ട ഈ സിനഡിന് മൂന്നു ഘട്ടങ്ങളാണ് ഉള്ളത്. ഇതിലെ പ്രാരംഭഘട്ടത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. രൂപതാ തലത്തിലുള്ള ഈ പ്രക്രിയയ്ക്ക് ശേഷം ഭൂഖണ്ഡ തലത്തിലുള്ള രണ്ടാം ഘട്ടം നടക്കും. ലോകത്തിലെ ഏഴു ഭൂഖണ്ഡങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഈ ഘട്ടത്തിന് അതതു സ്ഥലത്തെ മെത്രാന്‍ സമിതി ആയിരിക്കും നേതൃത്വം വഹിക്കുക. ഏഷ്യയില്‍ ഇതിന്റെ ചുമതല FABC യ്ക്കാണ്. ഈ സമ്മേളനങ്ങളുടെ തുടര്‍ച്ചയായി 2023 ജൂണിനു മുമ്പ് സിനഡ് നിര്‍ദ്ദേശങ്ങളടങ്ങിയ കരട് രേഖ (Draft) തയ്യാറാക്കേണ്ടതുണ്ട്. ഇതിന്റെ വെളിച്ചത്തില്‍ ആയിരിക്കും 2023-ലെ സിനഡിന്റെ വിഷയങ്ങള്‍ ക്രമീകരിക്കപ്പെടുന്നത്.

ദൈവജനത്തിനായി പുതിയ സ്വപ്നങ്ങള്‍ നെയ്യുവാനും പ്രവാചകോത്മുഖമായ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും രൂപീകരിക്കുവാനും വിശ്വാസത്തില്‍ ആഴപ്പെടുത്തി ദൈവ ത്തില്‍ പ്രത്യാശ വര്‍ദ്ധിപ്പിക്കുവാനും പരസ്പരം മനസ്സിലാക്കി മുറിവുകള്‍ ഉണക്കുവാന്‍ ദൈവജനത്തെ പ്രാപ്തമാക്കുവാനുമാണ് ഈ സിനഡ് ലക്ഷ്യമിടുന്നത്.

സഭാ സമൂഹത്തെ മുഴുവനും ഒരുമിച്ച് യാത്ര ചെയ്യുന്ന (journeying together) ഒരു തീര്‍ത്ഥാടക സമൂഹമായിട്ടാണ് ഈ മാര്‍ഗ്ഗരേഖ വിഭാവന ചെയ്യുന്നത്. ഒരുമിച്ചുള്ള ഈ യാത്രയില്‍ കണ്ടെത്തേണ്ടതും പങ്കുവയ്ക്കപ്പെടേണ്ടതുമായ നിരവധി യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഇവയിലേക്കുള്ള തുറവിയും ദര്‍ശനവുമാണ് ഈ സിനഡ് അടിസ്ഥാനപരമായി ലക്ഷ്യമിടുന്നതും. മൂന്നാം സഹസ്രാബ്ദത്തിലെ സഭയ്ക്ക് കരഗതമാവേണ്ട തുറന്നശൈലിയും സുതാര്യതയും സഭയുടെ എല്ലാ മേഖലകളിലും നടപ്പില്‍ വരുത്തേണ്ട ദൈവജനത്തിന്റെ സജീവ പങ്കാളിത്തവും ആണ് സിനഡിന്റെ മുഖമുദ്ര. സിനഡ് എന്നത് സ്ഥാപനവത്കൃതമായ ഒരു ആശയമോ ഘടനാപരമായ ഒരു സംവിധാനമോ സമ്മേളനമോ അല്ല. മറിച്ച് ദൈവജനത്തിന്റെ കൂട്ടായ യാത്രയാണ്. വത്തിക്കാന്‍ കൗണ്‍സില്‍ തുടങ്ങിവച്ച നവീകരണത്തിന്റെ തുടര്‍ച്ചയാണ് ഒരുമിച്ചുള്ള ഈ യാത്ര. ലോകത്തിലെ എല്ലാ ജനങ്ങളുടെയും സ്വപ്നങ്ങളും പ്രതീക്ഷകളും ആശങ്കകളും വിഹ്വലതകളും ദുഃഖങ്ങളും സംഘര്‍ഷങ്ങളും സഭയുടെ ചിന്തയുടെയും ദര്‍ശനത്തിന്റെയും സഭാജീവിതത്തിന്റെയും ഭാഗമാക്കി മാറ്റാനുള്ള ഈ പ്രക്രിയ ഒരേസമയം ഒരു ദാനവും നിയോഗവും ആണ് (gift and task). ഇക്കാലത്തെ പ്രശ്‌നങ്ങളോട് തികച്ചും ക്രിയാത്മകമായി സംവദിക്കാനും ലോകത്തെയും കാലത്തെയും ജനങ്ങളുടെ സവിശേഷതകളെയും തിരിച്ചറിയുവാനും സത്യസന്ധമായി പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുവാനുമുള്ള സു വര്‍ണ്ണാവസരമായി ഇതിനെ രൂപപ്പെടുത്താവുന്നതാണ്. അതേസമയം തന്നെ തികച്ചും ശ്രമകരവും ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതുമായ ഒരു നിയോഗവും കൂടെയാണ് ഇത്. സഭയില്‍ നിറഞ്ഞിരുന്ന് അതിനെ നയിക്കുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും മാര്‍ഗ്ഗദീപവുമാണ് വൈഷമ്യമേറിയ ഈ യാത്രയില്‍ സഭയ്ക്ക് കരുത്തായിട്ടുള്ളത്.

മാനസാന്തരത്തിന്റെ പാത

ദൈവജനത്തിന്റെ വ്യത്യസ്തവും വൈവിധ്യമേറിയതുമായ ജീവിതാനുഭവങ്ങളിലൂടെ ഒരുമിച്ച് യാത്ര ചെയ്ത് സഭയ്ക്ക് ആകമാനം സംഭവിക്കേണ്ട ഒരു മാനസാന്തര അനുഭവമായിരിക്കും ഈ സിനഡിന്റെ ആത്യന്തികമായ ഫലം. സഭയുടെ വിവിധതലങ്ങളില്‍ ഉണ്ടാവേണ്ട കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും ദൗത്യ നിര്‍വ്വഹണത്തിന്റേതുമായ മാര്‍ഗ്ഗം നാലു ഭാഗങ്ങളായാണ് സിനഡ് രേഖ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം ഭാഗം ഒരുമിച്ച് യാത്ര ചെയ്യുവാനുള്ള വിളിയെക്കുറിച്ചുള്ള (A call to journey together) ഉദ്‌ബോധനമാണ്. ആഗോള സമൂഹം യുഗാത്മകമായ മാറ്റത്തിനും പ്രതിസന്ധികള്‍ക്കും സാക്ഷ്യം വഹിക്കുന്ന ഈ കാലയളവില്‍ ജനതയുടെ വ്യത്യസ്തവും സങ്കീര്‍ണവുമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം അനിവാര്യമാണ്. ദൈവജനത്തിന്റെ കൂട്ടായ്മയായ സഭ, ഒരുമിച്ച് യാത്ര ചെയ്യുന്ന തീര്‍ത്ഥാടക സമൂഹമാണ് എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ദര്‍ശനത്തിന്റെ ആന്തരികസത്ത വീണ്ടെടുക്കുവാനുള്ള ശ്രമം ആയിരിക്കണം ഈ സിനഡില്‍ നടക്കേണ്ടത്. ഘടനാപരമായ സിനഡല്‍ സഭ (A Constitutively Synodal Church) എന്ന രണ്ടാം ഭാഗത്തില്‍ സിനഡാലിറ്റി സഭയുടെ അടിസ്ഥാന സ്വഭാവം തന്നെയാണെന്ന് വ്യക്തമാക്കുന്നു. സിനഡിനെ ഒരു യാത്രയായിട്ടാണ് ഇവിടെ കാണുന്നത്. പ്രാഥമികമായി ഇത് ഒരു ആത്മീയ പ്രക്രിയയാണ് (Spiritual process). സഭാത്മക യോഗങ്ങളോ മെത്രാന്മാരുടെ സമ്മേളനമോ സഭാഭരണനിര്‍വഹണ പ്രക്രിയയോ അല്ല ഇത് വിവക്ഷിക്കുന്നത്. മറിച്ച് വൈവിധ്യങ്ങള്‍ സമന്വയിപ്പിക്കുകയും സംശ്ലേഷിക്കുകയും ചെയ്യുന്ന പ്രത്യേകമായ ഒരു സഭാത്മക ശൈലിയാണ് (The specific modus vivendi et operandi of the Church) ഇത്. ദൈവജനത്തിന്റെ സംഘാതമായ ഈ യാത്ര നവീകരണത്തിന്റെയും പുനരുജ്ജീവനത്തിന്റെയും പുതിയ വഴികള്‍ തുറന്നു തരേണ്ടതാണ്.

പ്രാരംഭ രേഖയുടെ മൂന്നാം ഭാഗമായ തിരുവെഴുത്തുകള്‍ക്ക് കാതോര്‍ത്ത് (Listening to the Scripture) ഈ യാത്രയുടെ സവിശേഷ സ്വഭാവത്തെ നിര്‍വ്വചിക്കുവാന്‍ ശ്രമിക്കുന്നു. എല്ലാവരെയും, പ്രത്യേകിച്ച് തിരസ്‌കൃതരെയും മുഖ്യധാരയില്‍നിന്ന് അകന്നിരിക്കുന്നവരെയും ശ്രവിക്കുന്ന ക്രിസ്തുവാണ് ഇവിടെ മാതൃക. വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും മൂന്ന് ഉദാഹരണങ്ങള്‍ എടുത്താണ് ഈ ദര്‍ശനം വ്യാഖ്യാനിക്കുന്നത്. കാനാന്‍കാരി സ്ത്രീയെയും (മത്താ. 15:1-28) സമരിയാക്കാരിയേയും (യോഹ. 4:1-42) അന്ധയാചകനെയും (യോഹ. 9) ശ്രവിക്കുന്ന ഈശോ സമൂഹത്തിലെ മുഖ്യധാരയില്‍ നിന്നും അകന്നു മാറിയവര്‍ക്ക് കാതു കൊടുത്തവനാണ്. അവരെ ശ്രവിച്ചതു വഴി അവരുടെ അന്തസത്തയും മാഹാത്മ്യവും (digntiy) നേടിയെടുക്കുകയും ചെയ്തു. അപരനെ ശ്രവിക്കുന്ന ഈ ക്രിസ്തുശൈലി അത്യധികമായി നമ്മെ നയിക്കേണ്ടത് മാനസാന്തരത്തിന്റെ പുതിയ ചൈതന്യത്തിലേക്കാണ്.

മാനസാന്തരത്തിന്റെ ഉദാഹരണമായി നടപടി പുസ്തകത്തിലെ കൊര്‍ണേലിയൂസും പത്രോസും തമ്മിലുള്ള കൂടിക്കാഴ്ചയാണ് (നട. 10) വിധേയമാക്കിയിരിക്കുന്നത്. കൊര്‍ണേലിയൂസുമായുള്ള കൂടിക്കാഴ്ച പത്രോസിന് ഒരു മാനസാന്തര അനുഭവമായി മാറി. പുതിയ ദര്‍ശനങ്ങളിലേയ്ക്കും നവീനമായ കാഴ്ചപ്പാടുകളിലേയ്ക്കും സര്‍വ്വരെയും ആശ്ലേഷിക്കുന്ന സാര്‍വത്രികതയുടെ സാഹോദര്യത്തിലേയ്ക്കും പത്രോസിനെ നയിച്ചത് ഈ കണ്ടുമുട്ടലും സംഭാഷണവും ആയിരുന്നു. തൊട്ടുപിന്നാലെ നടന്ന ജെറുസലേം സൂനഹദോസില്‍ (നട. 15) സഭയുടെ വാതായനങ്ങള്‍ പരിമിതികള്‍ ഇല്ലാതെ തുറക്കുന്നതിന് ഇത് കാരണമാകുകയും ചെയ്തു. ദൈവവചനത്തെ സ്വതന്ത്രവും നിര്‍ഭയവും സത്യസന്ധവുമായി തുറന്ന മനസ്സോടെ സ്വീകരിക്കുവാനുള്ള അവസരം ആയിരിക്കണം ഈ സിനഡിലെ ഓരോ പ്രക്രിയയുമെന്ന് ഈ രേഖ ഉദ്‌ബോധിപ്പിക്കുന്നു.

സിനഡാലിറ്റി പ്രാവര്‍ത്തികപഥത്തില്‍ (Synodaltiy in action) എന്ന നാലാമത്തെ ഭാഗം സിനഡ് നിര്‍വഹിക്കേണ്ട പ്രായോഗിക കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളാണ് ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. സിനഡല്‍ സഭ എന്ന നിലയില്‍ ഒരു മിച്ചുള്ള യാത്ര പ്രാദേശിക തലം മുതല്‍ എങ്ങനെ പ്രായോഗികമാവുന്നു എന്നു കണ്ടെത്താനുള്ള ശ്രമമാണ് ഈ ഭാഗത്ത് നടക്കുക. ഇപ്പോള്‍ നിലനില്‍ക്കുന്ന രീതിയെ കര്‍ശനമായും സൂക്ഷ്മമായും വിലയിരുത്തുക മാത്രമല്ല ഇനിയും നാം അനുവര്‍ത്തിക്കേണ്ട മാര്‍ഗ്ഗവും ഇവിടെ കൃത്യമായ വിശകലനത്തിന് വിധേയമാക്കുന്നു.

ഈ പ്രാരംഭരേഖയോടൊപ്പം പ്രസിദ്ധീകരിച്ച ലഘുഗ്രന്ഥം (Vademecum) സിനഡിനുള്ള പ്രാര്‍ത്ഥനകള്‍, സിനഡിനെക്കുറിച്ചുള്ള താത്വിക ദൈവശാസ്ത്ര വി ചിന്തനങ്ങള്‍, സിനഡല്‍ മാര്‍ഗത്തിലെ സവിശേഷതകളും ലക്ഷ്യവും, പ്രാദേശിക തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട ചോദ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. അഞ്ച് അധ്യായങ്ങളിലായി വ്യത്യസ്ത ഖണ്ഡികകളില്‍ ക്രമീകരിച്ചിരിക്കുന്ന ഈ ലഘുഗ്രന്ഥത്തിലെ രീതിശാസ്ത്രവും (methodology) ചോദ്യങ്ങളും ശരിയായ രീതിയില്‍ അപഗ്രഥിക്കപ്പെട്ടാല്‍ ആഗോള സഭയില്‍ തന്നെ ശക്തമായ നവീകരണം സംഭവിക്കും.

തുറന്ന മനസോടെ

സിനഡില്‍ പങ്കെടുക്കുന്ന എല്ലാവരും തുറന്ന മനസ്സോടെ വേണം ഈ പ്രക്രിയയില്‍ പങ്കാളികളാകുവാന്‍ എന്ന് ഈ രേഖ ദൈവജനത്തെ മുഴുവന്‍ ഓര്‍മ്മിപ്പിക്കുന്നു. സഭ ഇന്ന് വിഭാവന ചെയ്യുന്ന ഒരുമിച്ചുള്ള ഈ യാത്ര (journeying together) വിവിധ മേഖലകളില്‍ എങ്ങനെയാണ് നടപ്പില്‍ വരുന്നത്? ഇത് സഭയുടെ ദൗത്യവുമായി എത്രമാത്രം യോജിക്കുന്നു തുടങ്ങിയ വിഷയങ്ങള്‍ തികച്ചും സ്വതന്ത്രമായും നീതിപൂര്‍വ്വവുമായി വിലയിരുത്തുവാന്‍ സഭാംഗങ്ങള്‍ എല്ലാവര്‍ക്കും കഴിയണം. ഒരു സിനഡല്‍ സഭയിലേക്കുള്ള സംഘാതമായ ഈ വളര്‍ച്ച നയിക്കുന്നതും നിയന്ത്രിക്കുന്നതും പരിശുദ്ധാത്മാവാണ്. അതുകൊണ്ടുതന്നെ സഭയിലെ എല്ലാവരും പരിശുദ്ധാത്മാവിനോട് തുറവിയുള്ളവര്‍ ആയിരിക്കാന്‍ കടപ്പെട്ടിരിക്കുന്നു.

തനിക്കിഷ്ടമുള്ളിടത്തേക്ക് സഞ്ചരിക്കുന്ന പരിശുദ്ധാത്മാവ് (യോഹ 3:18) ക്രിസ്തുവിന്റെ സുവിശേഷം തുടര്‍ജീവിക്കുന്നതിനുള്ള പ്രചോദനം നല്‍കുന്നതിനോടൊപ്പം സുവിശേഷ ദര്‍ശനത്തിന്റെ പുതിയ ആഴങ്ങളിലേക്ക് സഭയെ നയിക്കുകയും ചെയ്യും. നിര്‍ണായകവും ഉറപ്പുള്ളതുമായ തീരുമാനം എടുക്കുവാനും ആഴത്തിലുള്ള സുവിശേഷ ജീവിതം സാധ്യമാക്കാനും പരിശുദ്ധാത്മാവിനോട് തുറവി ഉണ്ടെങ്കില്‍ മാത്രമേ കഴിയൂ. വ്യക്തിപരവും സമുദായപരവുമായ സങ്കുചിതമായ കാഴ്ചപ്പാടിലൂടെ ചരിത്രത്തെയും വിവിധ സംഭവങ്ങളെയും കാണുന്നവര്‍ക്ക് ഈ തുറവി അപ്രാപ്യമാണ്. മറിച്ച് തങ്ങളുടെ ഇടുങ്ങിയ കാഴ്ചപ്പാടില്‍നിന്നും മോചിതരായി തുറന്ന മനസ്സോടെയും തെളിമയാര്‍ന്ന ദര്‍ശനത്തോടു കൂടെയും ഇതര വ്യക്തികളെയും സംസ്‌കാരങ്ങളെയും കാഴ്ചപ്പാടുകളെയും സമീപിക്കുന്നവര്‍ക്ക് മാത്രമേ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുവാന്‍ കഴിയൂ.

ഈ സിനഡിലൂടെ നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ് സുവിശേഷത്തെ അതിന്റെ തനിമയില്‍ ലോകത്ത് ആവിഷ്‌കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സുവിശേഷ ദര്‍ശനത്തിന്റെ തീവ്രതയും ചടുലതയും ഉള്‍ക്കൊണ്ടുകൊണ്ട് ലോകത്തെയും സമൂഹത്തെയും വിമലീകരിക്കുവാനുള്ള ക്രൈസ്തവികമായ ദൗത്യമാണ് ഇത്. ഇവിടെ സിനഡിന്റെ ലക്ഷ്യം കൂടുതല്‍ വ്യക്തമാവുകയാണ്. പഠനത്തിന്റെയും വിചിന്തനത്തിന്റെയും വെളിച്ചത്തില്‍ പുതിയ ഒരു രേഖ കൂടി പ്രസിദ്ധപ്പെടുത്തുക എന്നതല്ല ഈ സിനഡിന്റെ ലക്ഷ്യം. മറിച്ച് ദൈവജനത്തിനായി പുതിയ സ്വപ്നങ്ങള്‍ നെയ്യുവാനും പ്രവാചകോത്മുഖമായ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും രൂപീകരിക്കുവാനും വിശ്വാസത്തില്‍ ആഴപ്പെടുത്തി ദൈവത്തില്‍ പ്രത്യാശ വര്‍ദ്ധിപ്പിക്കുവാനും പരസ്പരം മനസ്സിലാക്കി മുറിവുകള്‍ ഉണക്കുവാനും ബന്ധങ്ങള്‍ ദൃഢമാക്കാന്‍ മനസ്സുകള്‍ ഒരുക്കുവാനും എല്ലാത്തിനുമുപരിയായി സുവിശേഷാധിഷ്ഠിതമായ ജീവിതം നയിക്കുവാന്‍ ദൈവജനത്തെ പ്രാപ്തമാക്കുവാനുമാണ് ഈ സിനഡ് ലക്ഷ്യമിടുന്നത്.

ശ്രവണത്തിലൂടെ വിവേചനത്തിലേക്ക്

സിനഡിന്റെ സമീപനരീതിയായി സ്വീകരിച്ചിരിക്കുന്ന മൂന്നു പദങ്ങള്‍ ഇവിടെ ശ്രദ്ധേയമാവുകയാണ് ശ്രവണം, പഠനം, വിവേചനം (listening, learning, discernment). പ്രാദേശിക തലങ്ങളില്‍ സജീവമായിരിക്കുന്ന സഭാ ജീവിതത്തെ അതിന്റെ തനിമയില്‍ കണ്ടെത്താനും അതിന്റെ നന്മകളെ സഭ മുഴുവനും വ്യാപിപ്പിക്കുവാനും കഴിയണം. അതിനായി സഭയുടെ ഏറ്റവും താഴെത്തട്ടില്‍ തന്നെ വേണ്ടത്ര കൂടിയാലോചനകളും പങ്കുവയ്ക്കലും നടക്കേണ്ടതാണ്. 2021 ഒക്‌ടോബര്‍ 17-നും 2022 ഏപ്രിലിനും ഇടയില്‍ പ്രാദേശികമായി നടപ്പിലാക്കേണ്ട കൂട്ടായ്മകളുടെ സമ്മേളനമാണ് പ്രഥമപടി. ഓരോ പ്രാദേശിക സഭയ്ക്കും നേതൃത്വം നല്‍കുന്ന മെത്രാന്മാര്‍ക്ക് ആണ് ഈ പ്രക്രിയ നടത്തേണ്ടതിന്റെ പ്രധാന ഉത്തരവാദിത്വം. ദൈവജനത്തെ ശ്രവിക്കുന്നതിലൂടെ ലഭിക്കുന്ന ഉള്‍ക്കാഴ്ചകളുടെ സമന്വയമായിരിക്കും സിനഡിന്റെ അത്യധികമായ ഫലം. മാമ്മോദീസ സ്വീകരിച്ച എല്ലാവരിലും പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും ദൈവജനത്തിന് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന സുവിശേഷവല്‍ക്കരണ ദൗത്യവും അവരുടെ വിശ്വാസ ദൃഢതയും ഉത്തരവാദിത്വവും (sensus fidelium) പൂര്‍ണമായും ഉള്‍ക്കൊള്ളുവാനുള്ള പരിശ്രമവും കൂടിയാണ് ഈ സിനഡ്. അതുകൊണ്ട് വിശാലാര്‍ത്ഥത്തിലുള്ള കൂടിക്കാഴ്ചയും പങ്കുവെക്കലും അഭിപ്രായ സമന്വയവും ഈ സിനഡിന്റെ സവിശേഷതയായിരിക്കും. പരമാവധി ഉള്‍പ്പെടുത്തലും പങ്കുവയ്ക്കലും (maximum inclusion and participation) ഈ സിനിഡ് ലക്ഷ്യമിടുന്നുണ്ട്. ദൈവജനത്തിന്റെ ശബ്ദത്തിന് കാതു കൊടുക്കുവാനുള്ള ശക്തമായ സന്ദേശം ഈ രേഖകളില്‍ ആവര്‍ത്തിച്ച് വരുന്നുണ്ട്. മുന്‍വിധിയും ഭയവുമില്ലാതെ ദൈവജനത്തിന്റെ ശബ്ദം ശ്രവിക്കുവാന്‍ ഇടയന്മാര്‍ തയ്യാറാവണം എന്ന് ഈ രേഖ കര്‍ശനമായി നിഷ്‌കര്‍ഷിക്കുന്നു. അജപാലകര്‍ അജഗണത്തെ കേള്‍ക്കുന്നതില്‍ മടി കാണിക്കേണ്ടതില്ല. കാരണം മറ്റുള്ളവരെ ശ്രവിക്കുന്നതില്‍ നിന്നും ഓരോരുത്തര്‍ക്കും എന്തെങ്കിലും പഠിക്കാന്‍ കാണും. ദൈവജനമാകട്ടെ ധൈര്യത്തോടും ആര്‍ജ്ജവത്തത്തോടും കൂടെ (courage and parrhesia) തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ തയ്യാറാവണം. ഈ തുറന്നു പറച്ചിലില്‍ സ്വാതന്ത്ര്യവും സത്യസന്ധതയും ഉപവിയും മുഖമുദ്ര ആവുകയും ചെയ്യണം. സിനഡില്‍ എല്ലാവരുടെയും പ്രത്യേകിച്ച് വനിതകള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവരുടെയും ശബ്ദം കേള്‍ക്കാതെ പോകരുത്. സഭയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരുടെ മാത്രമല്ല, സഭയില്‍നിന്ന് മാറി നില്‍ക്കുന്നവരെയും സഭയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവരെയും ശ്രവിക്കണം. അവരുടെ ശബ്ദങ്ങള്‍ കേള്‍ക്കുവാനും മനസ്സിലാക്കുവാനും അജപാലകര്‍ക്ക് കഴിയുമ്പോഴാണ് സഭയുടെ മുഖം കൂടുതല്‍ ശോഭനമാവുക. മുറിവേറ്റവരുടെയും തിരസ്‌കൃതരുടെയും വേദന ശ്രവിക്കുവാനും അവ മനസ്സിലാക്കുവാനും അതിനെ ഉള്‍ക്കൊള്ളുവാനും അജപാലകര്‍ക്ക് കഴിയണം. അഗതികളുടെയും ന്യൂനപക്ഷങ്ങളുടെയും പരിത്യക്തരായവരുടെയും ശബ്ദങ്ങളെ അവയുടെ മൗലികത ഒട്ടും ചോര്‍ന്നുപോകാതെ തന്നെ രേഖപ്പെടുത്തേണ്ടതുണ്ട്. ഇപ്രകാരം തുറന്ന മനസ്സോടെയുള്ള ശ്രവണവും അതില്‍നിന്നും ഉരുത്തിരിയുന്ന ആശയങ്ങളുടെ ക്രോഡീകരണവും ഇവയില്‍ നിന്നും ലഭിക്കുന്ന പുതിയ പാഠങ്ങളും സഭയുടെ മുന്നോട്ടുള്ള ഗമനത്തിന് സഹായകരമായിരിക്കും.

സിനഡില്‍ എല്ലാവരുടെയും പ്രത്യേകിച്ച് വനിതകള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവരുടെയും ശബ്ദം കേള്‍ക്കാതെ പോകരുത്. സഭയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരുടെ മാത്രമല്ല, സഭയില്‍നിന്ന് മാറി നില്‍ക്കുന്നവരെയും സഭയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവരെയും ശ്രവിക്കണം. അവരുടെ ശബ്ദങ്ങള്‍ കേള്‍ക്കുവാനും മനസ്സിലാക്കുവാനും അജപാലകര്‍ക്ക് കഴിയുമ്പോഴാണ് സഭയുടെ മുഖം കൂടുതല്‍ ശോഭനമാവുക. മുറി വേറ്റവരുടെയും തിരസ്‌കൃതരുടെ യും വേദന ശ്രവിക്കുവാനും അവ മനസ്സിലാക്കുവാനും അതിനെ ഉള്‍ ക്കൊള്ളുവാനും അജപാലകര്‍ക്ക് കഴിയണം.

സിനഡല്‍ ചര്‍ച്ചകള്‍ക്കായി വിവിധ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തില്‍ ഉള്ളവര്‍ ഒന്നിച്ചു വരുവാനും അഭിപ്രായങ്ങള്‍ രൂപീകരിക്കുവാനും ശ്രദ്ധിക്കണം. വംശീയവും വര്‍ഗ്ഗപരവും ഗോത്രപരവുമായ വ്യത്യസ്തത കണ്ടെത്തുവാനും അവയെ വേണ്ടരീതിയില്‍ പരിഗണിക്കാനും സാംശീകരിക്കാനും കഴിയുമ്പോഴാണ് സിനഡ് തീരുമാനങ്ങള്‍ സമഗ്രത കൈവരിക്കുക. വിവിധ സന്യാസ സമൂഹങ്ങള്‍, വ്യത്യസ്ത ഭക്തിപ്രസ്ഥാനങ്ങള്‍, വിവിധങ്ങളായ സമര്‍പ്പിത കൂട്ടായ്മകള്‍, അല്മായ മുന്നേറ്റങ്ങള്‍, കത്തോലിക്ക സര്‍വ്വകലാശാലകള്‍ എന്നിവയുടെ പഠനങ്ങളും ഉള്‍ക്കാഴ്ചകളും ഈ പ്രക്രിയയില്‍ ഉള്‍പ്പെടുത്തണം. ഒരു രൂപതയ്ക്കുള്ളിലും രൂപതകള്‍ തമ്മിലും ബന്ധപ്പെട്ടു നടത്തേണ്ട ഈ സംവാദത്തില്‍ ഇതര ക്രൈസ്തവ സമൂഹങ്ങളെയും മതപാരമ്പര്യങ്ങളെയും വിശ്വാസികളെയും ഗോത്രവംശജരെയും ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ സമഗ്രമായ ഒരു ദര്‍ശനം രൂപീകരിക്കുവാന്‍ കഴിയുകയുള്ളൂ. കാരണം ദൈവത്തിന്റെ ജനത്തിന്റെ എല്ലാ അംഗങ്ങളുടെയും സജീവപങ്കാളിത്തം ഇല്ലാതെ യഥാര്‍ത്ഥ മാനസാന്തരം സാധ്യമാവുകയില്ല.

മൂന്നാം സഹസ്രാബ്ദത്തിലൂടെ സഞ്ചരിക്കുന്ന സഭയ്ക്ക് പുതിയ ഉള്‍ക്കാഴ്ചകളും വ്യക്തമായ ദിശാബോധവും സുവിശേഷ കേന്ദ്രീകൃതമായ നവശൈലിയും പ്രദാനം ചെയ്യുവാന്‍ പര്യാപ്തമായ ദര്‍ശനമാണ് ഈ സിനഡിന്റെ സദ്ഫലമായി പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ വിഭാവനം ചെയ്യുന്ന പങ്കാളിത്തവും കൂട്ടായ്മയും സുതാര്യമായും സജീവമായും സഭയുടെ താഴേത്തട്ടു മുതല്‍ നടന്നാല്‍ വലിയ മാറ്റങ്ങള്‍ സഭയില്‍ സംജാതമാകും. ദൈവജനത്തെ ശ്രവിക്കുവാനും അവരുടെ ഹൃദയഭാവങ്ങള്‍ മനസ്സിലാക്കുവാനും വ്യഥകള്‍ തിരിച്ചറിയുവാനും ജനത്തില്‍ പ്രവര്‍ത്തിക്കുന്ന ദൈവിക സാന്നിധ്യം ദര്‍ശിക്കുവാനും കഴിയുമ്പോള്‍ പരിശുദ്ധാത്മാവിന്റെ സജീവമായ പ്രവര്‍ത്തനം സഭയില്‍ നിറയും. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള വ്യക്തി താല്പര്യങ്ങളുടെയും സങ്കുചിത ചിന്തകളുടെയും സ്വാധീനത്തില്‍ സിനഡല്‍ പ്രക്രിയ അതിന്റെ പൂര്‍ണ്ണതയില്‍ നടക്കുന്നില്ലെങ്കില്‍ ഈ സിനഡ് ഉദ്ദേശിക്കുന്ന ഫലം നല്‍കുകയില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org