ലോലശബ്ദങ്ങള്‍ ഉറക്കെ കേള്‍പ്പിക്കണം

ലോലശബ്ദങ്ങള്‍ ഉറക്കെ കേള്‍പ്പിക്കണം

ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

കുട്ടിക്കാലത്ത് ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള പ്രധാനകര്‍മ്മം സത്യദീപം വായിക്കുകയാണ്. ബിഷപ്സ് കോണ്‍ഫറന്‍സില്‍ പതിനഞ്ചു വര്‍ഷമായി പങ്കെടുക്കുന്നു. എല്ലാവര്‍ക്കും പ്രതീക്ഷയുണര്‍ത്തുന്ന ഒരു പ്രസിദ്ധീകരണം എന്നത് അടിവരയിട്ടു പറയുകയാണ്. സത്യദീപത്തെക്കുറിച്ചു പറയുമ്പോള്‍ അഞ്ചു ബൈബിള്‍ ബിംബങ്ങള്‍ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുകയാണ്. ഒന്ന്, മോശയുടെ വടിയാണ്. സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ അതിനു സാധിക്കും. രണ്ട്, ജെറമിയായുടെ തൂക്കുകട്ടയാണ്. സഭയ്ക്കു വേണ്ടി സത്യദീപം ചെയ്യുന്ന ജോലി തൂക്കുകട്ടയായി നില്‍ക്കുകയാണ്. മൂന്ന്, എസക്കിയേല്‍ കാണുന്ന അസ്ഥിക്കൂടങ്ങളുടെ കൂമ്പാരമാണ്. ഇവിടെ ജീവന്‍റെ പൂക്കാലം വരുമെന്ന സ്വപ്നമാണ് പങ്കു വയ്ക്കുന്നത്. സഭയോടു സത്യദീപം പറഞ്ഞുകൊണ്ടിരിക്കുന്നത് അതാണ്. ചിലപ്പോള്‍ നിങ്ങള്‍ കാണുന്നത് അസ്ഥിക്കൂടങ്ങളായിരിക്കാമെങ്കിലും അതിലേയ്ക്ക് ഊതാന്‍ നീയെടുക്കുന്ന നടപടികള്‍ ആ താഴ്വരയില്‍ ജീവന്‍റെ പൂക്കാലം വരുത്തും. നാല്, യോഹന്നാന്‍റെ സുവിശേഷത്തില്‍ ലാസറിന്‍റെ സഹോദരി മറിയം യേശുവിന്‍റെ പാദം പൂശാന്‍ ഉപയോഗിച്ച വിലയേറിയതും ശുദ്ധവുമായ നാര്‍ദ്ദിന്‍ തൈലത്തിന്‍റെ പരിമളമാണ്. സഭ പരിമളം പരത്തണമെന്നുള്ള വലിയൊരു ആഹ്വാനം നല്‍കുകയും സത്യത്തിന്‍റെ സുഗന്ധം പരത്തുകയുമാണ് സത്യദീപം ചെയ്തുകൊണ്ടിരിക്കുന്നത്. അവസാനമായി വി. പൗലോസിന്‍റെ ക്രൂശിതനായ ക്രിസ്തു. പരാജിതരുടെ കൂടെ നില്‍ക്കാനുള്ള ആര്‍ജ്ജവം. അതെല്ലാവര്‍ക്കും സാധിക്കുന്നതല്ല. വിജയികളുടെ കൂടെ എണ്ണപ്പെടുവാനാണ് നാമെല്ലാം ആഗ്രഹിക്കുക. ഈ അഞ്ച് ബിംബങ്ങളും സഭയില്‍ സത്യദീപത്തിന്‍റെ സേവനത്തെയും പ്രസക്തിയെയും സൂചിപ്പിക്കുന്നു.

മൂലമ്പിള്ളിയും പുതുവൈപ്പും ചെങ്ങറയും ഇടമലക്കുടിയും പോലെയുള്ള, ആര്‍ക്കും കേള്‍ക്കാന്‍ താത്പര്യമില്ലാത്ത ലോലമായ ശബ്ദങ്ങള്‍ ഉറക്കെ പറയാനുള്ള ദൗത്യം സത്യദീപത്തിനുണ്ട്. നുണ പറഞ്ഞു സത്യമാക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഇതാണു സത്യം എന്നു പറയാനുള്ള ആര്‍ജ്ജവം സത്യദീപത്തിനുണ്ടാകണം. ജിഡിപി കൂടി, വികസനം വന്ന് എന്നെല്ലാം പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് നുണയാണെന്നു നമുക്കറിയാം. ഇങ്ങനെ നുണ പറഞ്ഞു സത്യമാക്കാനുള്ള പ്രവണതകള്‍ സമൂഹത്തിലുണ്ടാകാം, സഭയിലുണ്ടാകാം. നുണ പറയുമ്പോള്‍ അതു നുണയാണ് എന്നു പറയാനുള്ള ധൈര്യം സത്യദീപത്തിനുണ്ടാകണം. സഭയുടെ ഒരു നിധിശേഖരമാണ് സാമൂഹിക പ്രബോധനങ്ങള്‍. അതു സമൂഹത്തെ പഠിപ്പിച്ചെടുക്കാനും അതുവഴി സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താനും വലിയൊരു പങ്കു സത്യദീപം വഹിക്കുന്നുണ്ട്. സമൂഹത്തെക്കുറിച്ചുള്ള നിരന്തരമായ ഒരു വിലയിരുത്തല്‍ സത്യദീപത്തില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. വിമര്‍ശിക്കുന്നതിനപ്പുറത്ത് ക്രിയാത്മകമായ ആശയങ്ങള്‍ നല്‍കിക്കൊണ്ട് സമൂഹത്തോടു പ്രതിബദ്ധത പ്രകടിപ്പിക്കാനും സത്യദീപത്തിനു സാധിക്കുന്നുണ്ട്. പ്രാദേശികമായ ചിന്തകള്‍ക്കപ്പുറത്ത് പൊതുവായ വീക്ഷണങ്ങള്‍ പുലര്‍ത്തി മുന്നോട്ടു പോകാന്‍ സത്യദീപത്തിന് എന്നും സാധിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org