|^| Home -> Cover story -> മാറ്റത്തെ ഭയപ്പെടരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

മാറ്റത്തെ ഭയപ്പെടരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

Sathyadeepam

(ക്രിസ്മസ് ദിനത്തില്‍ റോമന്‍ കൂരിയായിലെ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍)

ക്രൈസ്തവജീവിതം ഒരു യാത്രയാണ്, ഒരു തീര്‍ത്ഥാടനം. ബൈബിളിന്‍റെ ചരിത്രം ഒരു യാത്രയാണ്. നിരന്തരമായ പുതിയ തുടക്കങ്ങള്‍ അതിന്‍റെ മുഖമുദ്രയാണ്. അബ്രാഹമിന്‍റെ കാര്യത്തില്‍ അതങ്ങിനെയായിരുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് യേശുവിനെ അനുഗമിക്കാന്‍ പുറപ്പെട്ട ഗലീലിയക്കാരുടെ കാര്യത്തിലും അതങ്ങനെ തന്നെയായിരുന്നു. “വള്ളങ്ങള്‍ കരയ്ക്കടുപ്പിച്ച ശേഷം അവര്‍ എല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിച്ചു” (ലൂക്കാ 5:11). അന്നു മുതല്‍ ദൈവത്തിന്‍റെ ജനത്തിന്‍റെ ചരിത്രം-സഭയുടെ ചരിത്രം-എന്നും പുതിയ തുടക്കങ്ങള്‍ കൊണ്ടും സ്ഥാനചലനങ്ങള്‍ കൊണ്ടും മാറ്റങ്ങള്‍ കൊണ്ടും മുദ്രിതമാണ്. ഈ യാത്രയെന്നത് ഭൗമശാസ്ത്രപരം മാത്രമല്ല. എല്ലാത്തിലുമുപരി തികച്ചും പ്രതീകാത്മകമായ ഒരു യാത്രയാണത്. ഹൃദയത്തിന്‍റെ ചലനങ്ങളെ കണ്ടെത്താനുള്ള ഒരു വിളിയാണത്. വൈരുദ്ധ്യമെന്നു പറയട്ടെ, മാറാതിരിക്കാന്‍ വേണ്ടിയുള്ള മാറ്റമാണത് എന്നു ന്യൂമാന്‍ എഴുതിയിട്ടുണ്ട്. അതായത് വിശ്വസ്തരായിരിക്കാന്‍ വേണ്ടിയുള്ള മാറ്റങ്ങള്‍.

നമ്മുടെ ഈ കാലത്തെ സംബന്ധിച്ച് ഇതിനു പ്രത്യേകമായ പ്രാധാന്യമുണ്ട്. കാരണം മാറ്റങ്ങളുടെ ഇതിഹാസം മാത്രമല്ല, ഐതിഹാസികമായ മാറ്റം കൂടിയാണ് ഇപ്പോള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ ജീവിതശൈലി, പരസ്പര ബന്ധങ്ങള്‍, ആശയവിനിമയം, ചിന്ത, തലമുറകള്‍ക്കിടയിലെ ബന്ധങ്ങള്‍, വിശ്വാസത്തെയും ശാസ്ത്രത്തെയും നാം മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്യുന്ന രീതി എന്നിവയിലെല്ലാം അതിദ്രുത മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു. പുതിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോഴും നാം നാം തന്നെയായി തുടരുന്നു എന്ന മട്ടില്‍ വളരെ ലളിതമായാണ് പലപ്പോഴും നാം മാറ്റങ്ങളെ സമീപിക്കുന്നത്. പ്രശസ്തമായ ഒരു ഇറ്റാലിയന്‍ നോവലില്‍ നിഗൂഢാര്‍ത്ഥത്തിലു ള്ള ഒരു പ്രയോഗമുണ്ട്: “എല്ലാം ഒരേ പോലെ തുടരാന്‍ നാം ആഗ്രഹിക്കുന്നെങ്കില്‍, അതിന് എല്ലാം മാറേണ്ടതുണ്ട്.”

കാലത്തിന്‍റെ പ്രശ്നങ്ങള്‍ കൊണ്ടു വെല്ലുവിളിക്കപ്പെടാന്‍ സ്വയം വിട്ടുകൊടുക്കുക, വിവേചനബുദ്ധിയോടും തുറന്ന മനസ്സോടും ക്ഷമയോടും അവയെ സമീപിക്കുക എന്നതാണ് കൂടുതല്‍ ആരോഗ്യകരമായ സമീപനം.

നാം പ്രക്രിയകള്‍ക്കു തുടക്കമിടണം, ഇടങ്ങള്‍ കൈയടക്കിയാല്‍ മാത്രം പോരാ. “ചരിത്രപരമായ വെളിപാടിലാണ്, ചരിത്രത്തിലാണ് ദൈവം സ്വയം ആവിഷ്കരിക്കുന്നത്. കാലം പ്രക്രിയകള്‍ക്കു തുടക്കമിടുകയും ഇടം അതിനു രൂപം കൊടുക്കുകയും ചെയ്യുന്നു. ദൈവം ചരിത്രത്തിലാണ്, പ്രക്രിയകളിലാണ്. അധികാരം പ്രയോഗിക്കപ്പെടുന്ന ഇടങ്ങള്‍ കൈയടക്കുന്നതിലായിരിക്കരുത് നമ്മുടെ ശ്രദ്ധ. മറിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ചരിത്രപരമായ പ്രക്രിയകള്‍ക്കു തുടക്കമിടുന്നതിലാകണം. ദൈവം കാലത്തില്‍ സ്വയം വെളിപ്പെടുത്തുന്നു, ചരിത്രത്തിലെ പ്രക്രിയകളില്‍ സന്നിഹിതനായിരിക്കുന്നു.” (സത്യത്തിന്‍റെ ആനന്ദം എന്ന അപ്പസ്തോലികലേഖനത്തില്‍ നിന്ന്.) കാലത്തിന്‍റെ അടയാളങ്ങളെ വിശ്വാസത്തിന്‍റെ കണ്ണുകള്‍ കൊണ്ടു വായിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.

സഭയുടെ പ്രഥമവും സുപ്രധാനവുമായ ദൗത്യം സുവിശേഷവത്കരണമാണ്. വി. പോള്‍ ആറാമന്‍ മാര്‍പാപ്പ പറഞ്ഞു: “സഭയ്ക്ക്, അവളുടെ ഗാഢമായ തനിമയ്ക്കു ചേര്‍ന്ന കൃപയും വിളിയും സുവിശേഷവത്കരണമാണ്. സുവിശേഷവത്കരിക്കാനാണ് അവള്‍ നിലനില്‍ക്കുന്നത്.”

മഹത്വപൂര്‍ണമായ ഒരു ഭൂതകാലത്തിനും മാറിക്കൊണ്ടിരിക്കുന്ന, ക്രിയാത്മകമായ ഒരു ഭാവിക്കുമിടയില്‍ സമതുലനം ചെയ്യേണ്ടി വരുന്നതുകൊണ്ടു നേരിടാന്‍ ബുദ്ധിമുട്ടുള്ള വലിയ വെല്ലുവിളികളെ കുറിച്ചാണു നാം പറയുന്നത്. വളരാന്‍ സമയമാവശ്യമുള്ള വ്യക്തികളുണ്ട്, ലോകത്തിന്‍റെയും ചരിത്രത്തിന്‍റെയും പരിഷ്കരണപ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിനാല്‍ അനുദിനം കൈകാര്യം ചെയ്യേണ്ടി വരുന്ന ചരിത്രപരമായ സാഹചര്യങ്ങളുണ്ട്, മാന്ത്രിക സൂത്രവാക്യങ്ങളോ എളുപ്പവഴികളോ ഇല്ലാതെ ക്രമത്തില്‍ മാത്രം പരിഹരിക്കാന്‍ കഴിയുന്ന നൈയാമികവും സ്ഥാപനപരവുമായ പ്രശ്നങ്ങളുണ്ട്.

കൂടാതെ, സമയത്തിന്‍റെയും മാനുഷീകാബദ്ധങ്ങളുടേയും മാനമുണ്ട്. ഇതെല്ലാം ശരിയായ വിധത്തില്‍ പരിഗണിക്കേണ്ടതുണ്ട്. ഇത് നമ്മുടെ ഓരോരുത്തരുടേയും ചരിത്രത്തിന്‍റെ ഭാഗമാണ്. ദുഷ്കരമായ ഈ ചരിത്രപ്രക്രിയയോടു ബന്ധപ്പെടുമ്പോള്‍ ഭൂതകാലത്തില്‍ കുടുങ്ങിക്കിടക്കാനുള്ള പ്രലോഭനം എപ്പോഴുമുള്ളതാണ്. കാരണം, അതാണു കൂടുതല്‍ പരിചിതം, സംഘര്‍ഷം കുറഞ്ഞതും.

അതിനാല്‍ വഴക്കമില്ലായ്മയുടെ പ്രലോഭനത്തെ ചെറുക്കേണ്ടതുണ്ട്. മാറ്റങ്ങളോടുള്ള ഭയത്തില്‍ നിന്നാണു വഴക്കമില്ലായ്മ ജനിക്കുന്നത്. പൊതുനന്മയുടെ ഭൂമികയില്‍ വേലികളും പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്നതില്‍ അതു കലാശിക്കുകയും ആ ഭൂമികയെ വിദ്വേഷത്തിന്‍റെ യുദ്ധഭൂമിയാക്കുകയും ചെയ്യുന്നു. വഴക്കമില്ലായ്മയുടെ ഏതു രൂപത്തിനു പിന്നിലും ഒരു തരം അസന്തുലനമുണ്ടാകുമെന്നു നാം അറിയണം. വഴക്കമില്ലായ്മയും അസന്തുലനവും പരസ്പരം വളര്‍ത്തുന്നു. ഇന്ന് വഴക്കമില്ലായ്മയുടെ ഈ പ്രലോഭനം വളരെ വാസ്തവമായിത്തീരുകയും ചെയ്തിരിക്കുന്നു.

മാറേണ്ട വസ്ത്രങ്ങള്‍ നിറച്ചു വച്ചിരിക്കുന്ന ഒരു അലമാരയല്ല റോമന്‍ കൂരിയ. അതൊരു ജീവനുള്ള ശരീരമാണ്, സുവിശേഷം അതിന്‍റെ സത്യസന്ധതയില്‍ ജീവിക്കുന്നിടത്തോളം അതു കൂടുതലായി അങ്ങനെയായിരിക്കുകയും ചെയ്യും.

കാര്‍ഡിനല്‍ മര്‍ത്തീനി തന്‍റെ മരണത്തിനു മുമ്പു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതു നമ്മെ ചിന്തിപ്പിക്കേണ്ടതാണ്: “കാലത്തിന് 200 വര്‍ഷം പിന്നിലാണ് സഭ. എന്തുകൊണ്ടാണ് അവളെ കുലുക്കിയുണര്‍ത്താത്തത്? നാം ഭയചകിതരാണോ? ധൈര്യത്തിനു പകരം ഭയം? പക്ഷേ വിശ്വാസമാണ് സഭയുടെ അടിത്തറ. വിശ്വാസം, ആത്മവിശ്വാസം, ധൈര്യം… സ്നേഹത്തിനു മാത്രമേ വിരക്തിയെ കീഴടക്കാനാകൂ.”

Leave a Comment

*
*