Latest News
|^| Home -> Cover story -> അണിയറയിൽ ഒതുങ്ങാത്ത മാധ്യമശുശ്രൂഷ

അണിയറയിൽ ഒതുങ്ങാത്ത മാധ്യമശുശ്രൂഷ

Sathyadeepam

ഫ്രാങ്ക്ളിന്‍ എം.

‘ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്’ എന്ന നാടകം വിവാദങ്ങള്‍ ഉയര്‍ത്തി കത്തിപ്പടരുന്ന കാലം. കസാന്ത് സാക്കീസിന്‍റെ ദ് ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന നോവലിനെ ഉപജീവിച്ച് പി എം ആന്‍റണി എഴുതിയ ആറാം തിരുമുറിവ് കത്തോലിക്കാ സഭയ്ക്കാകെ വലിയ വേദനയും വിഷമവും വരുത്തിവച്ചപ്പോള്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി യോഗം ചേര്‍ന്ന് നാടകത്തെ ഏതു വിധത്തില്‍ പ്രതിരോധിക്കണമെന്നു ചിന്തിച്ചു. നാടകം ബഹിഷ്ക്കരിക്കാനും എതിര്‍പ്പു പ്രകടിപ്പിച്ചു പരസ്യപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും കേസുകൊടുക്കാനുമൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ വന്നപ്പോള്‍ നാടകത്തെ നാടകം കൊണ്ടുതന്നെ പ്രതിരോധിക്കാമെന്ന അഭിപ്രായം മുന്നോട്ടു വച്ചത് അന്ന് സഭയുടെ മീഡിയാ കമ്മീഷന്‍ സെക്രട്ടറിയായിരുന്ന ഫാ. ജോസ് പ്ലാച്ചിക്കല്‍ ആയിരുന്നു. നല്ല നാടകങ്ങള്‍ സമൂഹത്തിനു നല്‍കി നന്മയുടെ സന്ദേശങ്ങള്‍ പരത്തുക – നാടകമെന്ന ജനകീയ കലാരൂപത്തിലൂടെയുള്ള സുവിശേഷ പ്രഘോഷണം.

32 വര്‍ഷങ്ങള്‍ക്കു മുമ്പ് പിഒസിയില്‍ തുടങ്ങിയ അഖില കേരള പ്രഫഷണല്‍ നാടകമേളയുടെ ആരംഭം ഇതാണ്. താലന്ത് മാസികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു വരുമ്പോഴാണ് ഫാ. ജോസ് പ്ലാച്ചിക്കലിനെ മീഡിയാ കമ്മീഷന്‍ സെക്രട്ടറിയായി കെസിബിസി നിയമിക്കുന്നത്. പിഒസിയില്‍ മാധ്യമകമ്മീഷന്‍റെ ഓഫീസും മറ്റു സൗകര്യങ്ങളും അല്‍പം വിശാലമാക്കിയ ജോസച്ചന്‍ സഭയുടെ ആശയവിനമയ രംഗത്ത് നവീനമായ പല ആശയങ്ങളും ആവിഷ്ക്കരിച്ചു നടപ്പിലാക്കി. നല്ല നാടകങ്ങളിലൂടെ ധാര്‍മ്മിക മൂല്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള ആദ്യ ശ്രമമെന്ന നിലയില്‍ പ്രഫഷണല്‍ നാടക സംവിധായകരുടെ സംഗമം സംഘടിപ്പിച്ചു. പിന്നീട് നാടക രചയിതാക്കളെ വിളിച്ചു കൂട്ടി. നല്ല രചനകള്‍ക്കു സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചെങ്കിലും നാടകം രംഗത്തവതരിപ്പിക്കാനുള്ള സാധ്യതകളെപ്പറ്റിയാണ് പലരും സൂചിപ്പിച്ചത്.

“അങ്ങനെയാണ് പ്രഫഷണല്‍ നാടകമത്സരം കെസിബിസി തലത്തില്‍ ആരംഭിക്കുന്നത്. നാടക മത്സരത്തിനു സ്ക്രിപ്റ്റുകള്‍ ക്ഷണിച്ചു. അതില്‍ നിന്നു നല്ലതു തിരഞ്ഞെടുത്തു രംഗത്തവതരിപ്പാക്കാന്‍ അവസരമൊരുക്കി” – ഫാ. പ്ലാച്ചിക്കല്‍ പറയുന്നു. 1987-ല്‍ നാടകമത്സരം ആരംഭിക്കുന്ന സമയത്ത് ബൈബിള്‍ നാടകങ്ങളായിരുന്നു കൂടുതലായി അവതരിപ്പിച്ചത്. പിന്നീട് ബൈബിള്‍ നാടകത്തിന്‍റെ എണ്ണം കുറഞ്ഞു. ബൈബിള്‍ നാടകത്തിനു വേണ്ടിവരുന്ന ഭാരിച്ച ചെലവായിരുന്നു കാരണം. ഒരു ബൈബിള്‍ നാടകം അവതരിപ്പിക്കുന്നതിന്‍റെ മൂന്നിലൊന്നു ചെലവില്‍ സാമൂഹ്യനാടകം അവതരിപ്പിക്കാനാകും. ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നാടകങ്ങള്‍ കൂടുതലായി മത്സരത്തിനെത്തി. ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡ് അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കിപ്പോന്നു – അച്ചന്‍ അനുസ്മരിക്കുന്നു.

മികച്ച നിലവാരം പുലര്‍ത്തുന്ന നാടകങ്ങളുടെ എണ്ണം കൂടിയതോടെ സമ്മാനത്തിനു ഗ്രേഡ് സമ്പ്രദായം ഏര്‍പ്പെടുത്തി. എ ഗ്രേഡ് നേടുന്ന എല്ലാ നാടകങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. കെസിബിസി പ്രഫഷണല്‍ നാടക മത്സരം എന്നത് കെസിബി സി പ്രഫഷണല്‍ നാടക മേള എന്നാക്കി മാറ്റുകയും ചെയ്തു. പിഒസിയിലെ നാടകമേളയില്‍ പങ്കെടുക്കുകയും ഗ്രേഡു ലഭിക്കുകയും ചെയ്യുന്ന നാടകങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത കിട്ടുന്നുണ്ടെന്ന് പ്ലാച്ചിക്കലച്ചന്‍ പറയുന്നു.

കെസിബിസി നാടകമേളയുടെ സുതാര്യതയില്‍ നാടകസമിതികള്‍ സന്തുഷ്ടരാണ്. മറ്റു ചില മത്സര വേദികളില്‍ സമ്മാനങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന പതിവുണ്ടത്രെ. എന്നാല്‍ നിക്ഷ്പക്ഷമായും സത്യസന്ധമായുമാണ് കെസിബിസിയുടെ മേളകള്‍ സംഘടിപ്പിക്കുന്നത്. ഇതിനൊരുദാഹരണവും പ്ലാച്ചിക്കലച്ചന്‍ പറഞ്ഞു. ആറ്റിങ്ങല്‍ ദേശാഭിമാനിയുടെ ‘ശ്രീഭൂവില്‍ അസ്ഥിര’ എന്നൊരു നാടകം പിഒസിയില്‍ അവതരിപ്പിക്കപ്പെട്ടു. ആ വര്‍ഷം അവര്‍ക്കായിരുന്നു മികച്ച നാടകത്തിനുള്ള അവാര്‍ഡ്. തങ്ങളുടെ സ്ക്രിപ്റ്റിനു തന്നെ അംഗീകാരം കിട്ടില്ലെന്നായിരുന്നു അവാര്‍ഡു വാങ്ങാനെത്തിയ സമിതിയംഗങ്ങള്‍ പറഞ്ഞത്. കാരണം ദേശാഭി മാനി എന്ന ബാനര്‍. സമിതിയുടെ ബാനറും കൊടിയും ജാതിയും വര്‍ണവും നോക്കാതെയുള്ള തിരഞ്ഞെടുപ്പും വിധിനിര്‍ണ്ണയുവുമാണ് കെസിബിസി നാടകമേളയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതെന്ന് ഫാ. ജോസ് പ്ലാച്ചിക്കല്‍ പറയുന്നു.

നാടകമേളയ്ക്കു പുറമെ സഭയുടെ മാധ്യമലോകത്ത് നവീനമായ പല ആശയങ്ങളും ആവിഷ്ക്കരിക്കാന്‍ മീഡിയാ കമ്മീഷന്‍ സെക്രട്ടറിയെന്ന നിലയില്‍ ജോസച്ചനു കഴിഞ്ഞിട്ടുണ്ട്. കത്തോലിക്കാ എഡിറ്റര്‍മാരുടെയും പ്രസാധകരുടെയും സമ്മേളനം, സാഹിത്യകാരന്മാരുടെ സംഗമം തുടങ്ങിയവയൊക്കെ കെസിബിസി മാധ്യമ കമ്മീഷന്‍റേതായി സംഘടിപ്പിച്ചിട്ടുണ്ട്. പൂനയിലെ സെമിനാരി പഠന കാലം മുതല്‍ മാധ്യമരംഗത്ത് പ്രത്യേക താത്പര്യം പ്രദര്‍ശിപ്പിച്ചിരുന്ന പ്ലാച്ചിക്കലച്ചന്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫിലം അപ്രീസിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. എഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ നിന്ന് എതിക്സ് ആന്‍റ് തിയോളജി ഓഫ് കമ്യൂണിക്കേഷന്‍ എന്ന വിഷയത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

പിഒസിയില്‍ പതിമൂന്നു വര്‍ഷം മീഡിയ കമ്മീഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ശേഷം ഫാ. പ്ലാച്ചിക്കല്‍ സിബിസിഐ കേന്ദ്രത്തില്‍ മീഡിയാ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാനുള്ള പരിശ്രമങ്ങളില്‍ സഹകാരിയായി. ‘നിസ് കോട്ട്’ എന്ന സ്ഥാപനം ഡല്‍ഹിയിലെ വൈശാലിയില്‍ മൂന്നു കോടി ചെലവില്‍ പൂര്‍ത്തിയാക്കി. നിസ്കോട്ടിന്‍റെ പ്രഥമ അഡ്മിനിസ്ട്രേറ്ററാണ് ഫാ. പ്ലാച്ചിക്കല്‍. ഫാ. സെബസ്തി രാജ് എസ് ജെ ആയിരുന്നു ഡയറക്ടര്‍. യൂണിവേഴ്സിറ്റി അംഗീകാരമുള്ള വിവിധ കോഴ്സുകള്‍ നടത്തുന്ന നിസ് കോട്ട് സഭയുടെ മാധ്യമ പരിശീലന കേന്ദ്രമെന്ന നിലയില്‍ ഏറെ പ്രശസ്തമാണിന്ന്. പത്തുവര്‍ഷത്തിനു ശേഷം ഡല്‍ഹിയില്‍ നിന്നു തിരിച്ചെത്തി ഇടുക്കി രൂപതയിലെ ചെമ്മണ്ണാര്‍, വെള്ളയാംകുടി ഇടവകകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഇടുക്കി രൂപതയുടെ വികാരി ജനറലാണ്.

ഇന്നു വിവര സാങ്കേതിക വിദ്യ വളരെ പുരോഗമിച്ച പശ്ചാത്തലത്തില്‍ പുതുതലമുറയ്ക്ക് മാധ്യമാവ ബോധം കൂടുതലായി നല്‍കേണ്ടതുണ്ടെന്ന് പ്ലാച്ചിക്കലച്ചന്‍ പറയുന്നു. വാട്സാപ്പും ഇന്‍റര്‍നെറ്റും ഇന്‍സ്റ്റാഗ്രാമും ഇമെയിലുമൊക്കെ വ്യാപകമാണ്. അവയിലൂടെ ആശയവിനിമയങ്ങള്‍ ഉണ്ടാകണം. പക്ഷെ അതിലെ ചതിക്കുഴികളും വിവേചിച്ചറിയാന്‍ നാം പരിശീലനം നല്‍കണം – അച്ചന്‍ പറയുന്നു. ഇന്നത്തെ തലമുറ വളരെ വേഗതയില്‍ മുന്നോട്ടു പോകുന്നവരാണ്. ആധുനിക സാങ്കേതിക വിദ്യയിലും സമ്പര്‍ക്ക മാധ്യമങ്ങളുടെ വിനിയോഗത്തിലും അവര്‍ വളരെ വിദഗ്ദരാണ്. പക്ഷെ ആ വൈദഗ്ദ്യത്തിന്‍റെ വിനിയോഗത്തില്‍ പാകപ്പിഴകള്‍ സംഭവിക്കുമ്പോഴാണ് കുഴപ്പം. അവിടെ ശരിയായ ദിശാബോധം നല്‍കാന്‍ കഴിയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സഭയ്ക്കു കൂടുതലായി ഇടപെടാനുണ്ട്.

മാധ്യമങ്ങള്‍ സഭയെ ഇകഴ്ത്തി കാണിക്കുമ്പോഴും മാധ്യമങ്ങളിലൂടെ തിന്മയുടെ പാഠങ്ങള്‍ നല്‍കപ്പെടുമ്പോഴും അതിനെ പ്രതിരോധിക്കാന്‍ കഴിയണമെന്ന് അച്ചന്‍ സൂചിപ്പിക്കുന്നു. ബ്ലുവെയില്‍ എന്ന ഗെയിമിലൂടെ കുട്ടികളെ വഴിതെറ്റിച്ചപ്പോള്‍ ഇടുക്കിയിലെ ഒരു യുവവൈദികന്‍ അതിനെതിരെ പ്രതികരിച്ചത് കുട്ടികള്‍ക്കു ചെയ്യാന്‍ കൊടുത്ത നന്മയുടെ ടാസ്ക്കുകളിലൂടെയാണ്. വിന്നര്‍ 2018 എന്ന ഗെയിം ടാസ്ക്കാണ് അദ്ദേഹം സൃഷ്ടിച്ചത്. ഈ വര്‍ഷം വിന്നര്‍ 2019 എന്ന ഗെയിമും നടത്തി. ഇതിലൂടെ നല്ലതും നന്മയും തിരിച്ചറിയാനും തിന്മയില്‍ നിന്ന് അകന്നിരിക്കാനും കുട്ടികള്‍ക്കു കഴിഞ്ഞു.

മാധ്യമങ്ങളിലെ അപാകതയും അപകടങ്ങളും വിവേചിച്ചറിയാനുള്ള പരിശീലനം നേടുകയും അതിലെ തിന്മകളും പോരായ്മകളും കണ്ട് നിശ്ശബ്ദരാകാതെ അതിനെതിരെ പ്രതികരിക്കുകയും നന്മയുടെ വഴിയില്‍ അവയെ പ്രയോജനപ്പെടുത്താന്‍ പരിശ്രമിക്കുകയും ചെയ്യുക എന്ന സന്ദേശമാണ് മാധ്യമരംഗത്ത് വര്‍ഷങ്ങളുടെ പരിചയവും പാണ്ഡിത്യവുമുള്ള ഫാ. ജോസ് പ്ലാച്ചിക്കല്‍ നല്‍കുന്നത്. ഇടുക്കി രൂപതയില്‍ വികാരിയായി സേവനം ചെയ്ത രണ്ടിടങ്ങളിലും “സത്യസന്ധതതയുടെ കച്ചവട പീഠിക” തുടങ്ങിയ പ്ലാച്ചിക്കലച്ചന്‍ കച്ചവടക്കാരില്ലാത്ത കടയില്‍ പണപ്പെട്ടി മാത്രം വച്ചു. വില വിവരപ്പട്ടികയും പ്രദര്‍ശിപ്പിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട സാധനസാമഗ്രികള്‍ ലഭ്യമാക്കിയ കടയില്‍നിന്നു കുട്ടികള്‍ തങ്ങള്‍ക്കു വേണ്ടവ സ്വയം തിരഞ്ഞെടുത്തു തുക പെട്ടിയില്‍ നിക്ഷേപിച്ചു. അച്ചന്‍റെ കച്ചവട പീഠിക സത്യസന്ധതയുടെ പ്രതീകമായി ഇന്നും നിലനില്‍ക്കുന്നു. ഇതും ഒരു മാധ്യമ പ്രവര്‍ത്തനമാണെന്ന് ജോസച്ചന്‍ വ്യക്തമാക്കുന്നു. നന്മയുടെ സുവിശേഷം പകര്‍ന്നു കൊടുക്കുന്ന മാധ്യമപ്രവര്‍ത്തനം. കുട്ടികള്‍ നല്ലതു കണ്ടും നല്ലതു ചെയ്തും വളരണം. ആ വിധത്തില്‍ ചെറുപ്പത്തിലേ കിട്ടുന്ന ശിക്ഷണം അവരെ നല്ല പൗരന്മാരാക്കും – അച്ചന്‍ പ്രത്യാശിക്കുന്നു.

തിന്മയെ പഴിച്ചിട്ടും അതില്‍നിന്നു ഓടിയൊളിച്ചിട്ടും കാര്യമില്ല. നന്മ തിന്മകളെക്കുറിച്ചും കാലഘട്ടത്തിന്‍റെ വെല്ലുവിളികളെക്കുറിച്ചും ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും സത്യസന്ധമായി വ്യാഖ്യാനിക്കുക. “നിങ്ങള്‍ പ്രസംഗിക്കുമ്പോള്‍ ഒരു കൈയില്‍ ബൈബിളും മറുകൈയില്‍ പത്രവും പിടിക്കുക” എന്ന ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീനിന്‍റെ വാക്കുകള്‍ അനുസ്മരി പ്പിച്ചുകൊണ്ട് ജോസച്ചന്‍ പറയുന്നതിതാണ്: “അനുദിന ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെ നന്നായി വിശകലനം ചെയ്യുക, സത്യസന്ധമായി വ്യാഖ്യാനിക്കുക. അതാണ് ശരിയായ മാധ്യമപ്രവര്‍ത്തനം.”

Leave a Comment

*
*