മാധ്യമങ്ങളും ചില വിചാരണ വിചാരങ്ങളും

മാധ്യമങ്ങളും ചില വിചാരണ വിചാരങ്ങളും


സിജോ പൈനാടത്ത്

രേഖപ്പെടുത്താത്ത മൂന്ന് അദ്ഭുതങ്ങള്‍ യേശുവിന്‍റേതായുണ്ട്.
ഒന്ന്: അവന്‍ എന്നെപ്പോലെയും നിങ്ങളെപ്പോലെയും ഒരു മനുഷ്യനായിരുന്നു.
രണ്ട്: അവനു നര്‍മബോധമുണ്ടായിരുന്നു.
മൂന്ന്: കീഴടക്കപ്പെട്ടെങ്കിലും കീഴടക്കിയവനാണു താനെന്ന് അവനറിയാമായിരുന്നു.
(ഖലീല്‍ ജിബ്രാന്‍ -മണലും പതയും)

വാര്‍ത്താമാധ്യമങ്ങള്‍ വാര്‍ത്തയുടെ വൃത്തത്തിനു പുറത്തു വിചാരണ നടത്തുന്നുവെന്നും, മാധ്യമങ്ങള്‍ വിചാരണയ്ക്കു വിധേയമാക്കപ്പെടേണ്ടതാണെന്നുമുള്ള മുറവിളി മലയാളിക്ക് അപരിചിതമല്ല. പല ഘട്ടങ്ങളില്‍ വ്യത്യസ്ത കാരണങ്ങളാല്‍ സമൂഹത്തിന്‍റെ വലിയ ശ്രദ്ധ ലഭിക്കുന്ന വാര്‍ത്തകള്‍ രൂപപ്പെടുമ്പോഴെല്ലാം നമ്മുടെ വായനയിലും കാഴ്ചവട്ടങ്ങളിലും ഈ വിചാരണവിചാരം വിരുന്നിനെത്തും.

രാഷ്ട്രീയം, വിദ്യാഭ്യാസം, നിയമം, മനുഷ്യാവകാശം, നീതി, ധാര്‍മികത, കല, സംസ്കാരം, ലൈംഗികത, അക്രമം ഇത്യാദി വിഷയങ്ങളിലെല്ലാം മാധ്യമങ്ങള്‍ വാര്‍ത്ത, വിവാദം, വിചാരണ എന്നീ ത്രിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്നു കൗതുകനിരീക്ഷണം നടത്തുന്നവരുണ്ട്. മതവും വിശ്വാസവും വാര്‍ത്തയാകുമ്പോള്‍ വിവാദത്തിനും വിചാരണയ്ക്കും അഗ്നിച്ചിറകുകളാണ്.

കേരളത്തിലെ കത്തോലിക്കാ സഭ മാധ്യമങ്ങളുടെ വാഴ്ത്തലുകള്‍ക്കും വിചാരണകള്‍ക്കും പലവട്ടം വിധേയമായിട്ടുണ്ട്. ഇതില്‍ ഏതിനായിരുന്നു തൂക്കം കൂടുതലെന്ന പോസ്റ്റ്മോര്‍ട്ടമല്ല ലക്ഷ്യം. മാധ്യമ ഇടപെടലുകളിലൂടെ സഭയ്ക്കു നന്മയും തിളക്കവും തിരുത്തലുകളും ജാഗ്രതയും പല തലങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെ ക്രിയാത്മകമായി ഉള്‍ക്കൊള്ളേണ്ടതുണ്ട്. വാഴ്ത്തുമ്പോള്‍ കൃതജ്ഞതയും വിമര്‍ശിക്കുമ്പോള്‍ ആവലാതിയും നിരത്തി ചെറുതാകുന്നതു ഭൂഷണമാവില്ല. സൂക്ഷ്മതയും വിവേചനവുമില്ലാതെ മാധ്യമജലാശയത്തില്‍ മുങ്ങിക്കുളിച്ചാസ്വദിക്കുന്നതും കുഴിയിലാക്കും. സഭാദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ മാധ്യമസാധ്യതകളെ ഉപയോഗപ്പെടുത്തുകയും, ആത്മപരിശോധനകളുടെയും ജാഗ്രതയുടെയും തിരിച്ചറിവിന്‍റെയും ഊര്‍ജ്ജമുള്‍ക്കൊണ്ടു ദൗത്യവഴികളില്‍ മുന്നേറുകയുമാണ് അഭികാമ്യം.

സ്മരണ വേണം
ഇന്നലെകളില്‍ സഭാശുശ്രൂഷകളുടെ, നേതൃത്വത്തിന്‍റെ, ദൈവജനത്തിന്‍റെ ശരികളെയും മാതൃകകളെയും മുന്നേറ്റങ്ങളെയും ഒപ്പിയെടുത്ത് അക്ഷരങ്ങളും ദൃശ്യങ്ങളുമാക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായിട്ടുണ്ടെന്നതു മറക്കാനാവില്ല. അതിന്‍റെയെല്ലാം ഓര്‍മച്ചിത്രങ്ങള്‍ പ്രധാനപ്പെട്ട മാധ്യമങ്ങളുടെയെങ്കിലും ലൈബ്രറികളിലുണ്ട്. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെയും മദര്‍ തെരേസയുടെയുമെല്ലാം കേരളസന്ദര്‍ശനത്തിന്‍റെ അപൂര്‍വചിത്രങ്ങള്‍, ദൃശ്യങ്ങള്‍, സഭയുടെ കാരുണ്യപൂര്‍ണമായ സാമൂഹ്യ ഇടപെടലുകളുടെ അനേകം കഥകള്‍ ഇവയെല്ലാം ഇത്തരം ശേഖരത്തിലുണ്ട്. ഈ ചുമതല അഭിമാനത്തോടും സംതൃപ്തിയോടും മാതൃകാപരമായും നിര്‍വഹിച്ചിരുന്ന മുഖ്യധാര, സെക്കുലര്‍ പത്രങ്ങളിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ അക്രൈസ്തവരുമുണ്ട്. പില്‍ക്കാലത്ത് അവരുടെ പങ്കുവയ്ക്കലുകള്‍ അവരെക്കുറിച്ചും അവര്‍ പ്രവര്‍ത്തിച്ച മാധ്യമങ്ങളെക്കുറിച്ചും സര്‍വോപരി സഭയെക്കുറിച്ചുമുള്ള അഭിമാനത്തിന്‍റെ ഓര്‍മകളാണ്. കെ.എം. റോയിയെപ്പോലുള്ളവര്‍ തങ്ങളുടെ പുസ്തകങ്ങളിലും സഭാ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിംഗ് അനുഭവങ്ങള്‍ സന്തോഷത്തോടെ കുറിച്ചിട്ടുണ്ട്.

മാധ്യമശ്രദ്ധ ലക്ഷ്യമാക്കിയായിരുന്നില്ല സഭയുടെ പ്രവര്‍ത്തനങ്ങളൊന്നും. ഏല്‍പിക്കപ്പെട്ട സുവിശേഷദൗത്യത്തിന്‍റെ കാലത്തിനൊത്ത ആവിഷ്കാരവഴികളില്‍ സഭയെ തേടി മാധ്യമങ്ങളുടെ ശ്രദ്ധയെത്തുകയായിരുന്നു എന്നാതാവും ശരി. ശീതീകരിച്ച മുറിയിലെ പത്രസമ്മേളനങ്ങളോ നെടുനീളന്‍ പ്രസ് റിലീസുകളോ ഇല്ലാതെയും, സഭയുടെ നന്മകളും നിലപാടുകളും മാധ്യമങ്ങള്‍ ലോകത്തിനു മുമ്പിലെത്തിച്ചു. അതേസമയം സഭയുടെ സ്തുതിപാടകരൊന്നുമായിരുന്നില്ല അവര്‍. വിമര്‍ശനാത്മക സമീപനം അവരുടെ എഴുത്തുകളില്‍ പ്രകടമായിരുന്നു. ഒറ്റപ്പെട്ട ചില ഉദാഹരണങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഏകപക്ഷീയ സ്വഭാവമുണ്ടായില്ലെന്നതു ശ്രദ്ധേയമാണ്. അകത്തു പറയേണ്ടത് അകത്തും പുറത്തു പറയേണ്ടതു പുറത്തും പറയാനുള്ള ആത്മീയ അച്ചടക്കവും സഭാത്മക സൂക്ഷ്മതയും അനിവാര്യമായ വിവേകവും സഭയിലുള്ളവര്‍ പുലര്‍ത്തിയിരുന്നുവെന്നത് ഇതിനോടു ചേര്‍ത്തുവായിക്കണം.

മാധ്യമങ്ങളെ വിശ്വാസത്തിലെടുത്ത സഭാപഠനങ്ങള്‍
മാധ്യമങ്ങളുടെ അനന്തമായ സാധ്യതകള്‍ തിരിച്ചറിഞ്ഞ്, അവയെ ചേര്‍ത്തു നിര്‍ത്തി വിവേകത്തോടെ ഉപയോഗപ്പെടുത്തണമെന്നാണു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമുള്ള സഭാപഠനങ്ങളിലെ ഓര്‍മപ്പെടുത്തല്‍. ഉപയോഗപ്പെടുത്താതിരിക്കുന്നതാണു കുറ്റമെന്നുകൂടി സഭ പഠിപ്പിച്ചു.

സഭയുടെ പ്രേഷിത ദൗത്യത്തിനു സമ്പര്‍ക്കമാധ്യമങ്ങളുടെ പിന്തുണ ആവശ്യമാണെന്നു കൗണ്‍സില്‍ ഡിക്രിയായ ഇന്‍റര്‍ മിരിഫിക്ക (1957) രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ കാഴ്ചയും കേള്‍വിയും പകരുന്ന മാധ്യമങ്ങളെ ക്രിയാത്മകമായും വിശുദ്ധിക്കുതകുന്ന രീതിയിലും ഉപയോഗിക്കണമെന്നു പിയൂസ് രണ്ടാമന്‍റെ വിജിലാന്തി ക്യൂര (1936), പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയുടെ മിറാന്‍ന്ത പോറുസ് (1957) ചാക്രികലേഖനങ്ങള്‍ വ്യക്തമാക്കി.

മാനവനന്മയ്ക്കുവേണ്ടിയാണു മാധ്യമങ്ങളെന്ന നിലപാടാണു പോള്‍ ആറാമന്‍ പാപ്പയുടെ കമ്യൂണിയോ എത്ത് പ്രോഗ്രസിയോ (1971) സ്വീകരിച്ചത്. മാധ്യമങ്ങളെ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ സഭ നാഥന്‍റെ മുമ്പില്‍ കുറ്റക്കാരിയായി നില്‍ക്കേണ്ടിവരുമെന്നു ഇവാഞ്ചലി നുന്‍സിയാന്തി(1975)യും അറിവ് ആര്‍ജിക്കുന്നതിലും സമൂഹനിര്‍മിതിയിലും മാധ്യമങ്ങള്‍ സ്വാധീനം ചെലുത്തുന്നതാണെന്നു റിഡംപ്തോറിസ് മിസിയോ(1990)യും ഓര്‍മിപ്പിച്ചു.

സഭയുടെ സാമൂഹ്യപ്രബോധനത്തിന്‍റെ 415-ാം ഖണ്ഡികയില്‍ പറയുന്നതിങ്ങനെ: മാനവസമൂഹത്തെ, സാമ്പത്തികം, രാഷ്ട്രീയം, സാംസ്കാരികം, വിദ്യാഭ്യാസപരം, മതപരം എന്നിങ്ങനെയുള്ള അതിന്‍റെ എല്ലാ മേഖലകളിലും പടുത്തുയര്‍ത്തുന്നതിനും താങ്ങിനിര്‍ത്തുന്നതിനും വാര്‍ത്താമാധ്യമങ്ങള്‍ ഉപയോഗിക്കണം. മാധ്യമങ്ങള്‍ നല്‍കുന്ന വിവരം പൊതുനന്മയുടെ സേവനത്തിനുള്ളതാണ്. സത്യം, സ്വാതന്ത്ര്യം, നീതി, ഐക്യദാര്‍ഢ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി വിവര മറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്.

2013-ലെ മാധ്യമദിനത്തോടനുബന്ധിച്ചു തന്നെ കാണാനെത്തിയ പത്രപ്രവര്‍ത്തകരോടു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്, മനുഷ്യന്‍റെ ജീവിതപരിസരങ്ങളോടു കൂടെ നടക്കുന്നതാവണം (അനുധാവനം) മാധ്യമപ്രവര്‍ത്തനം എന്നാണ്.

മാറിയ മാധ്യമങ്ങള്‍
ജനാധിപത്യത്തിന്‍റെ നാലാം തൂണെന്ന (ഫോര്‍ത്ത് എസ്റ്റേറ്റ്) വിശേഷണമൊക്കെ കാണാമറയത്തുണ്ടെങ്കിലും മാധ്യമപ്രവര്‍ത്തനം ഇന്നേറെ മാറി. വാര്‍ത്താശേഖരണത്തിലും വിനിമയത്തിലും വേഗതയും സാങ്കേതികത്തികവും വര്‍ധിച്ചുവെന്നതു മാത്രമല്ല മാറ്റം. മാധ്യമപ്രവര്‍ത്തകന്‍റെ മനസ്, സമ്മര്‍ദം, സംതൃപ്തി, മാധ്യമങ്ങളുടെ രാഷ്ട്രീയം, നിലനില്‍പ്, അതിജീവനം, വായനക്കാരുടെ അഭിരുചികള്‍ എന്നിവയെല്ലാം വാര്‍ത്തകളുടെ വിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായി.

വാര്‍ത്തയുടെ ധര്‍മം വായനക്കാര്‍ക്കോ പ്രേക്ഷകര്‍ക്കോ അറിവു നല്‍കി പ്രബുദ്ധരാക്കുകയല്ല, അവരെ തൃപ്തിപ്പെടുത്തുകയാണ് എന്ന നിലയിലേക്കു ചിലപ്പോഴെങ്കിലും മാധ്യമപ്രവര്‍ത്തനം മാറിയെന്ന് നിരീക്ഷിക്കുന്നവര്‍ കൂടി. വിപണി, ഉല്പന്നങ്ങള്‍, വിതരണം, ഉപഭോഗം എന്ന വിപണിയുടെ യാഥാര്‍ഥ്യങ്ങളിലേക്കു വാര്‍ത്തയും എത്തി. വാര്‍ത്ത വിവരമെന്നതിനേക്കാള്‍ ഉല്പന്നമായി മാറി. മീഡിയ കോര്‍ട്ടിലെ വിസ്താരം കഴിഞ്ഞേ പ്രതിയെ കോടതിക്കു വിട്ടു തരൂ എന്ന നിലയിലായി കാര്യങ്ങള്‍. അന്തിച്ചര്‍ച്ചകള്‍ എന്ന പദം ചിലര്‍ക്കെങ്കിലും അശ്ലീലമായി. വിനോദപരിപാടിയെന്നോണം ചര്‍ച്ച നയിക്കു ന്നവരുടെ ക്രൂരമായ ആത്മസുഖത്തിനായി, അവരുടെ ക്ഷണം സ്വീകരിച്ചു ചര്‍ച്ചയ്ക്കിരിക്കുന്നവന്‍ എതിരാളിയെ അശ്ലീല പ്രയോഗങ്ങള്‍കൊണ്ട് ആക്രമിക്കുന്നു. എന്നിട്ടതു കൈയോടെ കോപ്പിയെടുത്തു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച്, 'അവനെ കണ്ടം വഴി ഓടിച്ചതു കലക്കീട്ടാ ഗഡീ' എന്നു നാലാളെക്കൊണ്ടു പറയിക്കുന്നു. പത്രത്താളുകളും ചാനല്‍മുറികളും ഇതുപോലെ അനാരോഗ്യ മത്സരവേദികളായെന്നതും സ്വാഭാവികമായ പരിണാമം.

ഈ പരിണാമത്തില്‍ സഭയോടുള്ള മാധ്യമ സമീപനങ്ങളിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. പൊതുസമൂഹ നിര്‍മിതിയില്‍ അതുല്യസംഭാവനകള്‍ നല്‍കിയ മഹത്തായ സഭാസംവിധാനത്തിന്‍റെ നന്മകളും ശരികളും പാടുന്നതിനേക്കാള്‍, ഒറ്റപ്പെട്ട വീഴ്ചകള്‍ നാടാകെ പാട്ടാക്കുന്നതാണു മത്സരകാലത്തെ ബുദ്ധിയെന്നു മാധ്യമങ്ങളും തിരിച്ചറിയുന്നു. സഭയ്ക്കുള്ളില്‍ അച്ചടക്കത്തോടെ അകത്തു പറഞ്ഞിരുന്നതു തെരുവിലും ചാനല്‍മൈക്കിനു മുമ്പിലും വിളമ്പുന്നതു വരെയെത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്കു പുതിയ കാലത്തെ പണികള്‍ എളുപ്പവും ആഘോഷവുമായി. റേറ്റിംഗ് ഉയരേണ്ടതു ചിലര്‍ക്ക് അധികലാഭത്തിനു വേണ്ടിയാകുമ്പോള്‍, വേറെ ചിലര്‍ക്കു നിലനിന്നു പോകാനുള്ള പല വഴികളിലൊന്നാണ്.

ഒറ്റയ്ക്കും പിന്നീടു കൂട്ടായും ഏറ്റെടുത്തു കീറിമുറിക്കപ്പെട്ടു തകര്‍ന്നടിഞ്ഞശേഷം, ഒടുവില്‍ കോടതിയുടെയും കാലത്തിന്‍റെയും കനിവില്‍ നിരപരാധിത്വം തെളിയിച്ചു പുറത്തുവന്ന വ്യക്തികള്‍ എത്രയോ? മത്സരങ്ങളുടെ കാലത്തെ മാധ്യമമാലിന്യങ്ങളുടെ സങ്കടങ്ങളായി ഇവര്‍ നമുക്കു ചുറ്റുമുണ്ട്. ഓര്‍ക്കണം; ഇത്തരം മാറ്റങ്ങള്‍ക്കു മാധ്യമങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നതും നീതിയാവില്ല. മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രമായതിനാല്‍ മാധ്യമങ്ങള്‍ക്കും മാറാതിരിക്കാനാവില്ല. എന്നാല്‍ മാറ്റങ്ങള്‍ക്കിടയില്‍ മര്യാദകള്‍ മറന്നുപോയ ചിലരുടെ പേരില്‍ മാധ്യമപ്രവര്‍ത്തനം മഹദ് സപര്യയായും സേവനമായും കണ്ട, ഇപ്പോഴും കാണുന്ന മാധ്യമങ്ങളും പഴികേള്‍ക്കുന്നു. മര്യാദകള്‍ മറക്കാത്ത മാധ്യമപ്രവര്‍ത്തകര്‍ക്കു മുഖം മറച്ചു കരയേണ്ടിവരുന്നു!

സഭ മറക്കരുതാത്തത്
മാധ്യമശ്രദ്ധയ്ക്കുവേണ്ടിയല്ല സഭയുടെ പ്രവര്‍ത്തനങ്ങള്‍ എന്നു തീര്‍ച്ചപ്പെടുത്തുമ്പോഴും, സഭയുടെ സാമൂഹ്യസാക്ഷ്യത്തില്‍ മാധ്യമങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്ന സഭയുടെ മുഖത്തിനും ഇന്നു ചെറുതല്ലാത്ത പങ്കുണ്ട്. വൃക്കദാനം എന്നു കേള്‍ക്കുമ്പോള്‍ ഫാ. ചിറമേലും മുരിക്കന്‍ പിതാവുമൊക്കെ മലയാളിയുടെ മനസ്സിലേക്കെത്തുന്നതു മാധ്യമങ്ങളിലൂടെ ആ നന്മകള്‍ അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണ്. നോട്ടുനിരോധനകാലത്തു പള്ളിയിലെ തുറന്നിട്ട നേര്‍ച്ചപെട്ടിയിലൂടെ സഭയുടെ നന്മ പുറത്തേക്കൊഴുകിയതിനും മാധ്യമങ്ങള്‍ക്കുമുണ്ടൊരു പങ്ക്. ഒറ്റപ്പെട്ടതെങ്കിലും ചില തെറ്റുകള്‍ക്കൊപ്പവും സഭയെ വര്‍ത്ത മാനകാലസമൂഹം ഓര്‍ത്തെടുക്കുന്നുണ്ടെങ്കില്‍ ആ ദുരന്തത്തിനു മാധ്യമങ്ങളെ മാത്രം പഴി പറയണോ? ശുശ്രൂഷകളുടെ മഹത്ത്വം കൊണ്ടു മാധ്യമങ്ങളും ലോകവും ഉന്നതസ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ച കത്തോലിക്കാസഭ എന്ന ബിംബം വീണുടയുന്നതു ദൈവജനത്തിനോ സമൂഹത്തിനോ വേഗത്തില്‍ ഉള്‍ക്കൊള്ളാവുന്നതായിരിക്കില്ല. അതുകൊണ്ടാണ് ഒറ്റപ്പെട്ട വീഴ്ചകള്‍ മഹാദുരന്തമായി വായിക്കപ്പെടുന്നത്. വ്യക്തിയുടെ വീഴ്ചകള്‍ അയാള്‍ പ്രതിനിധാനം ചെയ്യുന്ന സംവിധാനത്തിന്‍റെ അപചയമായിക്കൂടി അവതരിപ്പിക്കപ്പെടുന്നത്.

മാധ്യമങ്ങളെ സഭാദര്‍ശനത്തിലൂന്നി ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ നാം മറന്നുപോയോ എന്ന ചിന്ത ഇനിയും സഭയെ അസ്വസ്ഥമാക്കുന്നില്ലെങ്കില്‍ സങ്കടകരമാണ്. സഭയുടെ തണലില്‍ വിത്തിട്ടു മുളപ്പിച്ചു ഫലം പുറപ്പെടുവിക്കുന്ന മാധ്യമങ്ങള്‍ അവയുടെ ധര്‍മം അതിന്‍റെ ഭൂമികയില്‍ (ആദ് ഇന്ത്ര) കൃത്യമായി നിര്‍വഹിക്കുന്നുണ്ട്. അതു തുടരുക തന്നെ വേണം. സാമൂഹ്യസാഹചര്യങ്ങളിലെ (ആദ് എക്സ്ത്രാ) ശക്തമായ ഇടപെടലുകള്‍ക്കു കൂടി പര്യാപ്തമാകുന്ന തരത്തിലേക്ക് അതിനെ വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യവുമാണ്.

സഭയുടെ സാമൂഹ്യസാക്ഷ്യത്തിന് പുതിയ സങ്കേതങ്ങള്‍ തേടുമ്പോഴും ചരിത്രത്തിന്‍റെ കണ്ണാടിയിലേക്കുകൂടി നോക്കുന്നതും നല്ലതാണ്. ഇന്നലെകളില്‍ സഭയെ എങ്ങനെയാണു മാധ്യമങ്ങള്‍ കണ്ടത്, സഭ എത്തരത്തിലാണു മാധ്യമങ്ങളെ കൈകാര്യം ചെയ്തത്, രണ്ടും തമ്മിലുള്ള അകലവും അടുപ്പവും എന്നിവ സഭയുടെ മാധ്യമവിശകലനങ്ങളില്‍ പാഠപുസ്തകങ്ങളാവണം. വീഴ്ചകള്‍ തിരുത്തണം, മുറിവുകള്‍ ഉണങ്ങണം. വീഴ്ചകള്‍ വിളിച്ചു പറയുന്നവനോട്, പറയുന്നവന്‍റെ വീഴ്ച തിരിച്ചുപറഞ്ഞു സമനില സമാശ്വാസത്തില്‍ അവസാനിപ്പിക്കാവുന്ന പന്തുകളിയല്ലല്ലോ ഇത്. പ്രതികരണങ്ങള്‍ക്കും സഭാത്മകതയുടെ ലാളിത്യമുണ്ടാവണം. നിശബ്ദതയും ചിലപ്പോള്‍ പ്രതികരണത്തിന്‍റെ നല്ല ഭാഷയാകും. ചാട്ടവാറെടുത്ത ക്രിസ്തു ഒരുവേള നിശബ്ദതയെയും പ്രതികരണത്തിന് നല്ല ആയുധമാക്കിയിട്ടുണ്ട്. വിചാരണകളേക്കാള്‍ ചിലപ്പോള്‍ വീണ്ടുവിചാരങ്ങളിലാകും മഹത്വം.

പുനര്‍വായന
ഖലീല്‍ ജിബ്രാന്‍റെ വരികളെ പുനര്‍വായനയില്‍ പൂരിപ്പിക്കാം; മനുഷ്യത്വത്തോടെ, നര്‍മബോധത്തോടെ, കീഴടക്കിയിട്ടും കീഴടക്കപ്പെട്ടവനെപ്പോലെ ചെറുതാകാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org