മദ്യവര്‍ജ്ജനവും അല്മായ ശാക്തീകരണവും

മദ്യവര്‍ജ്ജനവും അല്മായ ശാക്തീകരണവും

എ. അടപ്പൂര്‍ എസ്.ജെ.

മദ്യാസക്തിയുടെ വേലിയേറ്റത്തില്‍ ഒട്ടേറെ വ്യക്തിജീവിതങ്ങള്‍ തകരുന്നുണ്ട്. കുടുംബങ്ങള്‍ നരകതുല്യമാവുന്നുമുണ്ട്. കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്‍റ് പുതുതായൊരു മദ്യവിപണന നയം ആവിഷ്കരിക്കുന്ന ശ്രമത്തിലാണിപ്പോള്‍. മുന്‍സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെല്ലാം റദ്ദാക്കി നാടെങ്ങും മദ്യഷാപ്പുകള്‍ തുറക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിത്. തുടക്കത്തില്‍ അതിനു നിയമസാധുത നല്‍കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കരുതെന്ന അഭ്യര്‍ത്ഥനയുമായി ഗവര്‍ണ്ണറെ സമീപിക്കാന്‍ ചിലര്‍ മുന്നോട്ടു വന്നു. അക്കൂട്ടത്തില്‍പ്പെട്ട കത്തോലിക്കാ മെത്രാന്മാരുടെ പ്രതിനിധികള്‍ക്ക് ഗവര്‍ണ്ണറെ കാണാന്‍ സമയം അനുവദിക്കുകയുമുണ്ടായി. പക്ഷേ, അവര്‍ രാജ്ഭവനില്‍ എത്തിച്ചേരുന്നതിനുമുമ്പു തന്നെ ഗവര്‍ണ്ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുചാര്‍ത്തി പ്രശ്നം പരിഹരിച്ചുവെന്നാണ് വാര്‍ത്ത.

സുപ്രീംകോടതി ചീഫ് ജസ്റ്റീസായി സേവനം അനുഷ്ഠിച്ച ശേഷം, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്‍ബലത്തോടെ ഗവര്‍ണ്ണര്‍ പദവി സ്വന്തമാക്കിയ ആളാണ് ഇപ്പോഴത്തെ കേരളാ ഗവര്‍ണ്ണര്‍. ഇന്ത്യന്‍ ഭരണഘടനയിലും അതിന്‍റെ വ്യാഖ്യാന ഭേദങ്ങളിലും അദ്ദേഹത്തിനു വേണ്ടത്ര അവഗാഹമുണ്ടായിരിക്കുമല്ലോ. സംസ്ഥാന ഭരണകൂടത്തിന്‍റെ ആവശ്യാനുസൃതം ഓര്‍ഡിനന്‍സുകള്‍ പാസ്സാക്കിക്കൊടുക്കാന്‍ ഭരണഘടനപ്രകാരം താന്‍ ബാദ്ധ്യസ്ഥനാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നിരിക്കാം. അങ്ങനെയെങ്കില്‍ അക്കാര്യം നിവേദനക്കാരോട് പറയുകയോ സൂചിപ്പിക്കുകയെങ്കിലുമോ ചെയ്യാമായിരുന്നില്ലേ?….
….അതുണ്ടായില്ല. അധികൃതസ്ഥാനീയര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യത്തിന്‍റെ വികൃതമുഖമാണിവിടെ പ്രകടമാകുന്നത്. വന്‍കടലില്‍ മുങ്ങിക്കിടക്കുന്ന ഹിമപര്‍വ്വതത്തിന്‍റെ നേരിയ മുകള്‍പ്പരപ്പ് പോലെ നമുക്കത് കാണാം. സാധാരണ ജനങ്ങള്‍ക്കുപോലും എളുപ്പം തിരിച്ചറിയാന്‍ കഴിയുന്ന കാപട്യമാണിത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന കേരള ഗവര്‍ണ്ണര്‍ക്കുമാത്രം ഇക്കാര്യം അറിയില്ലെന്നു വരുമോ?

മദ്യനിരോധനമോ മദ്യവര്‍ജ്ജനമോ ഏതാണു അഭികാമ്യം? പലരും പലതരത്തില്‍ മറുപടി പറയുന്ന ചോദ്യമാണിത്. ഇന്ത്യയില്‍ മദ്യനിരോധനത്തിനുവേണ്ടി ആദ്യം വാദമുന്നയിച്ചത് ഗാന്ധിജിയാണ്. അദ്ദേഹം ജനിച്ചുവളര്‍ന്ന ഗുജറാത്തില്‍ മദ്യനിരോധനം പ്രാബല്യത്തിലുണ്ടെന്നാണ് കേള്‍ക്കുന്നത്. എന്നിട്ടും അവിടെ ഏതിനം മദ്യവും ആര്‍ക്കും ലഭ്യമാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. മദ്യനിരോധനം ഭരണപരമായ നയമെന്നനിലയ്ക്ക് ഒരിടത്തും വിജയിച്ചിട്ടില്ല. മദ്യത്തിന്‍റെ ലഭ്യത കുറച്ചാല്‍ കുടിയും കുറയും എന്നത് സത്യംതന്നെ. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. അവയ്ക്കു പരിഹാരം കാണാന്‍ സുപ്രീംകോടതി തന്നെ പലവട്ടം ഇടപെട്ടിട്ടുമുണ്ട്. അതൊക്കെ അറിവുള്ള പിണറായി വിജയന്‍റെ എല്‍.ഡി.എഫ്. ഗവണ്‍മെന്‍റാണ് മദ്യഷാപ്പുകള്‍ നാടെങ്ങും തുറക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത്. കുറെയെണ്ണം തുറന്നുകഴിഞ്ഞു. മദ്യത്തിന്മേലുള്ള നികുതിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫലമോ? സംസ്ഥാനത്തിന്‍റെ മദ്യവരുമാനം ആയിരം കോടി രൂപയായി ഉയര്‍ന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം തികയാതെ വിഷമിക്കുന്ന ഗവണ്‍മെന്‍റിനു ഈ മദ്യവിപണനം വലിയൊരു പ്രലോഭനമാണെന്നു പറയാതെ വയ്യ.

വമ്പിച്ച ടൂറിസ സാധ്യതകളുള്ള സംസ്ഥാനമാണു കേരളം. വിദേശീയരും ഭാരതീയരുമായ ബഹുലക്ഷം ടൂറിസ്റ്റുകളത്രേ കേരളത്തിലെ പ്രകൃതിലാവണ്യവും നല്ല കാലാവസ്ഥയും ആസ്വദിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിനു യുവതീയുവാക്കള്‍ക്കു മാന്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായമായും ഇതിനെ കാണാം. എല്ലാ വശങ്ങളും കണക്കിലെടുത്ത് തുറന്ന മനസ്സോടെയുള്ള ആശയവിനിമയം വഴി പ്രബുദ്ധമായ പൊതുജനാഭിപ്രായം വികസിപ്പിച്ചെടുക്കേണ്ട വിഷയമാണിത്. ബഹുമത-ബഹുകക്ഷി ജനാധിപത്യത്തിന്‍റെ അടിസ്ഥാനതത്ത്വമായ ബഹുസ്വരതയെ മാനിക്കുന്ന സമീപനത്തിനേ നിലനില്പുള്ളൂ. ഇക്കാര്യം എല്ലാവരും അംഗീകരിക്കുകതന്നെ വേണം. അല്ലാത്തപക്ഷം നമ്മുടേതു ജനാധിപത്യമാവില്ല.
കേരളീയരില്‍ പലരും ലോകമെങ്ങും പോയി തൊഴിലവസരങ്ങള്‍ തേടുന്നവരാണ്. അവിടങ്ങളില്‍ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങളും ജീവിതശൈലിയും അവര്‍ സ്വന്തമാക്കുന്നു: "ചേര തിന്നുന്ന നാട്ടില്‍ച്ചെന്നാല്‍ ചേരയുടെ നടുമുറി തിന്നണം" എന്നാണു പ്രമാണം. അതു തെറ്റാണെന്നു പറയാനാവില്ല. അതിനു സമാനമായി "നിങ്ങള്‍ റോമിലായിരിക്കുമ്പോള്‍ റോമാക്കാരനെപ്പോലെ ആയിത്തീരുക" എന്നൊരു ചൊല്ല് പാശ്ചാത്യനാട്ടിലുമുണ്ട്.

മദ്യം പാടെ വര്‍ജ്ജിക്കണമെന്നു തോന്നുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. വിദേശങ്ങളില്‍ എന്ന പോലെ പരിമിതമായ മദ്യപാനം നാട്ടിലും തുടരണമെന്നു കരുതുന്നവരെ തടയാനുള്ള അധികാരം ആര്‍ക്കുമില്ല.

അതേസമയം അമിതമായ മദ്യപാനം വരുത്തിവയ്ക്കുന്ന ദുരന്തങ്ങളെപ്പറ്റിയുള്ള അവബോധം സമുദായമദ്ധ്യത്തില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കുടുംബം പുലര്‍ത്തേണ്ട തൊഴിലാളി സ്വന്തം വേതനത്തിന്‍റെ സിംഹഭാഗവും കുടിച്ചുമുടിച്ചശേഷം ഭാര്യയേയും മക്കളെയും പട്ടിണിക്കിട്ട് വിഷമിപ്പിക്കുന്ന ഉദാഹരണങ്ങള്‍ ധാരാളമാണ്. ഇത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിലാണ് മതനേതാക്കളും സാംസ്കാരിക നായകരും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മദ്യപാനം, പുകവലി പോലെ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും എന്ന വാദം ലാഘവബുദ്ധിയോടെ തള്ളിക്കളയാനാവില്ല. വൈദ്യശാസ്ത്രവിദഗ്ദ്ധരുടെ അഭിപ്രായം കണക്കിലെടുത്ത് വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണിത്.

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി ജെ.എസ്സ്. ജോര്‍ജ്ജിന്‍റെ കണക്കനുസരിച്ച് കേരളത്തിലെ മദ്യപരില്‍ 50 ശതമാനത്തിലധികം ക്രൈസ്തവരാണ്. സാധാരണ ഗതിയില്‍ അവരുടെ മേല്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ ബിഷപ്പുമാര്‍ക്ക് കഴിയണം. അതു സാധിക്കാത്തതുകൊണ്ടായിരിക്കുമല്ലോ അവര്‍ ഗവണ്‍മെന്‍റിന്‍റെ സഹായം തേടുന്നത്. കേരളത്തിലല്ലാതെ മറ്റൊരിടത്തും ഇതുപോലൊരു സ്ഥിതിവിശേഷം നിലവിലുള്ളതായി കേട്ടിട്ടില്ല.

ബൈബിള്‍ ഒരിടത്തും മദ്യത്തെ അപലപിക്കുന്നില്ല. "നല്ല വീഞ്ഞ് മനുഷ്യഹൃദയത്തിന് ആഹ്ലാദം പകരുന്നു." ബൈബിളിന്‍റെ ഭാഗമായ സങ്കീര്‍ത്തനങ്ങളിലെ ഒരു വാക്യമാണിത്. കാനായിലെ വിവാഹസദ്യയ്ക്ക് വീഞ്ഞ് തികയാതെ വന്നപ്പോള്‍ യേശു നേരിട്ടിടപെട്ട് വെള്ളം വീഞ്ഞാക്കി കൊടുത്തു. മുന്തിയയിനം വീഞ്ഞായിരുന്നു അത്. 130 ലിറ്ററോളം കൊള്ളുന്ന 6 കല്‍ഭരണികള്‍ വക്കോളം നിറച്ചുവച്ചിരുന്ന വെള്ളമാണ് യേശു വീഞ്ഞാക്കി മാറ്റിയതെന്ന് സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (യോഹ. 2:1-10). സഭ ഏതുമാകട്ടെ റീത്ത് ഏതുമാകട്ടെ ക്രൈസ്തവര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നിടത്തോളംകാലം പ്രചണ്ഡമായ ഒരു മദ്യവിരുദ്ധ സമരത്തിനു നേതൃത്വം നല്‍കാന്‍ മെത്രാന്മാര്‍ രംഗത്ത് വരുന്നതില്‍ എന്തോ പന്തികേടുണ്ടെന്നു പ്രഥമദൃഷ്ടിയില്‍ത്തന്നെ വ്യക്തം. വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ അതിഥികള്‍ക്ക് മദ്യം വിളമ്പാന്‍ ലൈസന്‍സ് വേണ്ട എന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധിന്യായം ഇവിടെ പ്രസക്തമാകുന്നു.

ഇത്തരം കാര്യങ്ങളില്‍ എല്ലാവരും നിയന്ത്രണം പാലിച്ചുവെന്നു വരില്ല. പരിധിക്കപ്പുറം പോകുന്നവരോട് പക്ഷേ കാരുണ്യപൂര്‍വ്വം പെരുമാറുന്ന സ്നേഹധനനാണ് ദൈവം. മുടിയനായ പുത്രന്‍ എന്ന നീതികഥയില്‍ യേശു ദൈവത്തെ ചിത്രീകരിക്കുന്നത് അങ്ങനെയത്രേ. ഇരുപതില്‍ താഴെ മാത്രം പ്രായമുള്ള ഇളയപുത്രന്‍ അവന്‍റെ ഓഹരിയുമായി യഥേഷ്ടം ജീവിതം ആസ്വദിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ആ പിതാവ് ഓഹരി തുക അവനു കൊടുക്കുന്നു. വീടുവിട്ടുപോകുന്നതില്‍നിന്ന് അവനെ തടയുന്നില്ല. സങ്കടത്തോടെയാണെങ്കിലും സ്വപുത്രന്‍റെ സ്വാതന്ത്ര്യത്തെ ആ നല്ല പിതാവ് ആദരിക്കുന്നു.
മദ്യപാനം മദ്യാസക്തിയായി പരിവര്‍ത്തിക്കുക അപൂര്‍വ്വമല്ല. മദ്യാസക്തി രോഗമാണ്. അതില്‍ നിന്നുള്ള മോചനം അതീവ ദുഷ്കരവും. ഉപ്പ് തിന്നുന്നവന്‍ വെള്ളം കുടിച്ചേ പറ്റൂ. ഈ വിപത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിനു നേതൃത്വം നല്‍കാന്‍ ഇതര മതാചാര്യന്മാരോടൊപ്പം മെത്രാന്മാരും രംഗത്ത് വരട്ടെ.
സ്വാതന്ത്ര്യത്തിന്‍റെ ദുര്‍വിനിയോഗം പക്ഷേ, അതിന്‍റെ ശരിയായ വിനിയോഗത്തെ ഇല്ലാതാക്കുന്നില്ല. അക്കാര്യം അതേപടി ഊന്നിപ്പറയുന്ന Abusus non tollitusum എന്ന ലാറ്റിന്‍ പഴമൊഴി ശാശ്വത പ്രസക്തമത്രേ.

എല്ലാവരുടെയും വോട്ടുതേടി ഭരണാധികാരം സ്വന്തമാക്കാന്‍ പരസ്പരം മത്സരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇടപെടല്‍ പ്രശ്നത്തെ സങ്കീര്‍ണ്ണമാക്കുന്നു. പുരോഹിതന്മാര്‍ മുന്‍പന്തിയില്‍ നിന്നു സമരം ചെയ്തു നേടിയെടുക്കേണ്ട കാര്യമൊന്നും ഇവിടെയില്ല. അവര്‍ രംഗത്തുവരാതിരിക്കുന്നതാണ് ഉത്തമം. പോപ്പ് ഫ്രാന്‍സിസ് ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുള്ള 'ക്ലെറിക്കലിസം' എന്ന വൈദിക മേധാവിത്വത്തിന്‍റെ രൂപഭാവങ്ങള്‍ ആവുന്നത്ര വര്‍ജ്ജിക്കുകതന്നെ വേണം.

മതനിരപേക്ഷ മേഖലയിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ട ദൗത്യം അല്മായരുടേതാണ്. അതിനു പരിശീലനം നല്‍കി അവരെ ശാക്തീകരിക്കേണ്ട കാര്യമേ മെത്രാന്മാര്‍ നിര്‍വഹിക്കേണ്ടതു ള്ളൂ. മദ്യവിപണനത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലില്ലാത്ത പ്രശ്നമൊന്നും കേരളത്തിലില്ല. അവിടത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അവിടെയുള്ള സംവിധാനങ്ങള്‍ ധാരാളം മതി. കേരളത്തില്‍ മാത്രം സാമൂഹ്യ-രാഷ്ട്രീയ സ്വഭാവമുള്ള ഒരൊഴിയാബാധയായി ഇതിനെ കൊണ്ടുനടക്കേണ്ടതുണ്ടോ?

കള്ളവും ചതിയും അഴിമതിയും സ്വജനപക്ഷപാതവും എല്ലാം ചേര്‍ന്ന് പൊതുജീവിതരംഗം മലീമസമായിട്ടുള്ള കാലമാണിത്. അതിനുള്ളിലേയ്ക്ക് ആത്മീയചിന്തകളും ധാര്‍മ്മികമൂല്യങ്ങളും സന്നിവേശിപ്പിക്കുകയെന്ന ദൗത്യമാണ് ജനം മതനേതാക്കളില്‍നിന്നും – മെത്രാന്മാരില്‍നിന്നും പ്രതീക്ഷിക്കുന്നത്. വാക്കാലെന്നതിലേറെ മാതൃകവഴിയുള്ള പ്രബോധനമാണാവശ്യം.

ഭരണഭാരം രാഷ്ട്രീയക്കാര്‍തന്നെ വഹിക്കട്ടെ; അതിനുവേണ്ടിയാണല്ലോ ജനങ്ങള്‍ അവരെ തിരഞ്ഞെടുത്തത്. അനുഭവത്തിന്‍റെ വെളിച്ചത്തില്‍ അതേ ജനംതന്നെ അവരെ സ്ഥാനഭ്രഷ്ടരാക്കാനിടയുണ്ടെന്നകാര്യം അവര്‍ മറക്കാതിരിക്കട്ടെ. അര്‍ത്ഥപൂര്‍ണ്ണമായ ജനാധിപത്യത്തിനുള്ളില്‍ തെറ്റുകള്‍ സ്വയം തിരുത്തിക്കൊണ്ട് മുന്നോട്ടുപോകാനുള്ള സംവിധാനമുണ്ട്. തികച്ചും മതനിരപേക്ഷമായ പ്രക്രിയയാണിത്. എല്ലാ മതങ്ങളില്‍പെട്ടവരേയും ഒരു മതത്തിലും പെടാത്തവരെന്നു സ്വയം വിശേഷിപ്പിക്കുന്നവരെയും ഇത് ഒരു പോലെ ബാധിക്കുന്നു. ഏതെങ്കിലും ഒരു മതത്തിന്‍റെ ലേബല്‍ ധരിച്ചവരുടെ ഏകപക്ഷീയമായ രംഗപ്രവേശം പ്രശ്നത്തെ അപരിഹാര്യമാംവിധം വഷളാക്കുകയേയുള്ളൂ. ഹിന്ദുക്കളും മുസ്ലിംങ്ങളും ഇക്കാര്യത്തില്‍ പ്രകടിപ്പിക്കുന്ന വിവേകവും അച്ചടക്കവും സ്തുത്യര്‍ഹമത്രേ. ഹിന്ദുസ്വാമിമാരോ മുസ്ലീം ഇമാന്മാരോ ആരും തന്നെ കൂടെക്കൂടെ പൊതുവേദിയില്‍വന്നു മദ്യവിപണനത്തെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കുന്ന അഭിപ്രായമൊന്നും പറയുന്നതായി കാണുന്നില്ല. ആ നല്ല മാതൃക സ്വന്തമാക്കാന്‍ മെത്രാന്മാര്‍ക്ക് എത്രവേഗം കഴിയുന്നുവോ അത്രയും നന്ന്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org