മഹാമാരിയുടെ നാളുകളില്‍ കുടുംബങ്ങള്‍ക്കായുള്ള മാര്‍പാപ്പയുടെ കരുതല്‍

മഹാമാരിയുടെ നാളുകളില്‍ കുടുംബങ്ങള്‍ക്കായുള്ള മാര്‍പാപ്പയുടെ കരുതല്‍

ഫാ. ജോസഫ് പാത്താടന്‍

ആഗോള കത്തോലിക്കാസഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ തന്റെ ജീവിതശൈലികൊണ്ടും മനുഷ്യരോടുള്ള സമീപനരീതികൊണ്ടും കാര്യങ്ങളുടെ നടത്തിപ്പിലുള്ള നവീനതകൊണ്ടും മാനവരാശിയുടെ പൊതുനന്മയ്ക്കുവേണ്ടി സ്വീകരിക്കുന്ന ഉദാത്തമായ നിലപാടുകള്‍ കൊണ്ടും ലോകജനശ്രദ്ധ പിടിച്ചുപറ്റിയ അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയാണ്. ഫ്രാന്‍സിസ് പാപ്പയുടെ അനന്യമായ വ്യക്തിത്വത്തിന്റെ കാതല്‍, സര്‍വമനുഷ്യരെയും ഈ പ്രപഞ്ചത്തെയും ഒരുപോലെ ആശ്ലേഷിക്കുന്ന പിതൃവാത്സല്യമാണ്. ഈ പിതൃവാത്സല്യത്തിന്റെ പ്രതിഫലനങ്ങളാണു മാര്‍പാപ്പയുടെ ചിന്തയിലൂടെയും സന്ദേശത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും കര്‍മപദ്ധതികളിലൂടെയും നാം ദര്‍ശിക്കുക. ലോകം കോവിഡ്-19 എന്ന പകര്‍ച്ചവ്യാധിയുടെ പിടിയില്‍പ്പെട്ട് അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ സ്വസ്ഥനായിരിക്കുന്ന ഒരു സഭാതലവനെയല്ല, മറിച്ചു ലോകത്തിന്റെ രോഗാതുരത തന്റെ അസ്വസ്ഥതയായി ഏറ്റുവാങ്ങി വേവലാതിപ്പെടുകയും ഒപ്പം ഈ ലോകത്തിലെ ഓരോ കുടുംബത്തെയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു കുടുംബനാഥനെയാണു ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നമ്മള്‍ കാണുക. മാര്‍പാപ്പയുടെ മാനവരാശിക്കുവേണ്ടിയുള്ള കരുതലും കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള ശ്രദ്ധയും കാണുമ്പോള്‍ മനസ്സില്‍ തെളിഞ്ഞുവരുന്നത്. "ഭയപ്പെടേണ്ട; ഞാന്‍ നിന്നോടു കൂടെയുണ്ട്" (ഏശ. 41:10) എന്ന തിരുവചനമാണ്. ഭയചകിതര്‍ക്കു ധൈര്യവും പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്കു പ്രത്യാശയും നിരാശപ്പെട്ടവര്‍ക്കു ആത്മധൈര്യവും പ്രദാനം ചെയ്യുന്ന ഈ വചനത്തിന്റെ മനഷ്യരൂപമാണു ഈ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ കാലത്തു ഫ്രാന്‍സിസ് പാപ്പയുടെ സാന്നിദ്ധ്യം. അദ്ദേഹം പറഞ്ഞു: "ഞാന്‍ നിങ്ങളുടെ വീടുകളിലേക്കു കടന്നുവരികയാണ്."

ഞാന്‍ നിങ്ങളുടെ കുടുംബത്തിലേക്കു വന്നോട്ടേ?

ഭൂമിയിലെ ഓരോ കുടുംബത്തിന്റെയും സ്വകാര്യസങ്കടങ്ങളില്‍ പങ്കുേചരാന്‍ വെമ്പല്‍കൊള്ളുന്ന ഒരു മനുഷ്യസ്‌നേഹിയുടെ ഹൃദയത്തില്‍ നിന്നു പുറപ്പെടുന്ന വാക്കുകളാണിത്: "ഞാന്‍ നിങ്ങളുടെ കുടുംബത്തിലേക്കു വന്നോട്ടേ?" 2020 ഏപ്രില്‍ 23-ാം തീയതി കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാര്‍പാപ്പ കുടുംബങ്ങള്‍ക്കു നല്കിയ സന്ദേശത്തിലാണു തന്റെ പിതൃവാത്സല്യം നിറഞ്ഞുതുളുമ്പുന്ന ഈ വാക്കുകള്‍ വെളിപ്പെട്ടത്; മാര്‍പാപ്പ പറഞ്ഞു:

"നിങ്ങള്‍ അനുവദിക്കുമെങ്കില്‍ നിങ്ങളുടെ കുടുംബത്തിലേക്കു കടന്നുവരാന്‍, നിങ്ങളോടു സംവദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ലോകം കടന്നുപോകുന്ന അസാധാ രണമായ സ്ഥിതിവിശേഷങ്ങളെക്കുറിച്ചു ഞാന്‍ തികച്ചും ബോധവാനാണ്. രോഗം സൃഷ്ടിച്ചിരിക്കുന്ന ഭയാനകത, കുടും ബത്തിന്റെ സാമ്പത്തിക ഭദ്രത, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം, നാളെയെക്കുറിച്ചുള്ള മാതാപിതാക്കളുടെ ഉത്ക്കണ്ഠ, പ്രായമായവരുടെ ആകുലതകള്‍, ഏകാന്തതയുടെ വേദന അനുഭവിക്കുന്നവര്‍, ഭവനമില്ലാത്തതിന്റെ അരക്ഷിതാവസ്ഥയുള്ളവര്‍… നിങ്ങളെയെല്ലാവരെയും എന്റെ ഹൃദയത്തില്‍ ഞാന്‍ പേറുന്നു. എന്റെ സാമീപ്യവും സ്‌നേഹവും പ്രാര്‍ത്ഥനയും നിങ്ങളെ ഞാന്‍ അറിയിക്കുന്നു. ഒപ്പം ഈ മഹാമാരിയില്‍നിന്നു പ്രപഞ്ചത്തിനു സൗഖ്യം നല്കാന്‍ കര്‍മനിരതരാകുന്ന ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ഗവണ്‍മെന്റിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളിലെ അംഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍… എല്ലാവര്‍ക്കും ഞാന്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ലോകം അപൂര്‍വമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഈ മഹാമാരി പടര്‍ന്നുപിടിക്കാത്ത രീതിയില്‍ നിങ്ങളുടെ സ്‌നേഹവും സാമീപ്യവും ചുറ്റുപാടുമുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കണമെന്നു ഞാന്‍ നിങ്ങളെ ഓര്‍മപ്പെടുത്തുകയാണ്. ദൈവം ദാനമായി നല്കിയ സമ്പത്തു പങ്കുവയ്ക്കലിന്റെ സുവിശേഷാരൂപിയില്‍ വിനിയോഗിക്കുവാന്‍ ഞാന്‍ നിങ്ങളെ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു. നാം ഓരോരുത്തരും ആയിരിക്കുന്ന ഗ്രാമത്തിലെയും പട്ടണത്തിലെയും വിജനമായ വീഥികളിലേക്കു കണ്ണോടിക്കുമ്പോള്‍ അനുഭവപ്പെടുന്ന നിശ്ശബ്ദതയില്‍ തളര്‍ന്നുപോകാതെ ദൈവകരുണയില്‍ ആശ്രയിച്ചുകൊണ്ടു നിങ്ങളെല്ലാവരും മുന്നോട്ടുപോകണം."

ഒരു അപ്പന്റെ നിര്‍മലമായ സ്‌നേഹമാണ് ഈ വാക്കുകളില്‍ നിറഞ്ഞുനില്ക്കുക. മാര്‍പാപ്പയുടെ ഈ വാക്കുകള്‍ ശ്രവിച്ചവരെല്ലാം തന്നെ ഈ വലിയ മുക്കുവന്റെ കടലോളം വിശാലമായ ഹൃദയത്തിനു മുന്നില്‍ നമ്രശിരസ്‌കരായിട്ടുണ്ടാവും. മാര്‍പാപ്പയുടെ ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ ജീവാംശമാണ്. അതു നമ്മെ ജീവിക്കാന്‍ പ്രചോദിപ്പിക്കുന്നു. അതിനേക്കാളുപരി ഓരോ കുടുംബത്തെയും ദൈവികപ്രത്യാശയിലേക്കു നയിക്കുന്നു.

പ്രാര്‍ത്ഥനയില്‍ പ്രത്യാശയര്‍പ്പിക്കുന്ന പരി. പിതാവ്

കോവിഡ്-19നെ നേരിടാനുള്ള മനുഷ്യന്റെ നിസ്സഹായാവസ്ഥയെ പിതാവായ ദൈവത്തിന്റെ സന്നിധിയില്‍ സമര്‍പ്പിച്ചു മനുഷ്യമനസ്സുകളില്‍ ആത്മവിശ്വാസത്തിന്റെ ജീവജ്വാലകള്‍ ജ്വലിപ്പിക്കുന്ന ഫ്രാന്‍സിസ് പാപ്പയെ നമ്മളെല്ലാവരും കണ്ടതാണ്. 2020 മാര്‍ച്ച് 27-ാം തീയതിയാണ് അനിതരസാധാരണമായ ആ ആശീര്‍വാദം (ഊര്‍ബി എത്ത് ഓര്‍ബി) നടന്നത്. ആയിരക്കണക്കിനു മനുഷ്യരെ സാക്ഷിയാക്കി തിരുക്കര്‍മങ്ങള്‍ നടക്കുന്ന സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പാപ്പ ഏകനായി ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുന്ന രംഗം അവിസ്മരണീയമാണ്. അവിടെ പ്രതിഷ്ഠിച്ചിരുന്ന അത്ഭുത ക്രൂശിത രൂപത്തിനു മുന്നില്‍ (1519ലെ തീപിടുത്തത്തെ അതിജീവിച്ചതും 1322-ലെ പ്ലേഗില്‍നിന്നു റോമാനഗരത്തെ സംരക്ഷിച്ചതുമായ ക്രൂശിതരൂപം) പരി. പിതാവ് നിശ്ശബ്ദനായി പ്രാര്‍ത്ഥിക്കുമ്പോള്‍ ലോകം മുഴുവനും ആ വലിയ മുക്കുവന്റെ പൈതൃകമായ സ്‌നേഹവും പിതാവായ ദൈവത്തിന്റെ സ്‌നേഹവും ഒരേ സമയം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നു നടത്തിയ ആരാധനയില്‍ മാര്‍പാപ്പ നടത്തിയ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു ഗത് സമെന്‍ തോട്ടത്തിലെ ഈശോയുടെ പ്രാര്‍ത്ഥനയുടെ ഭാരവും ഭാവവുമുണ്ടായിരുന്നു. ലോകത്തിന്റെ മുഴുവന്‍ വേദനയും ഏറ്റുവാങ്ങി നമുക്കോരോരുത്തര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു വിശുദ്ധ കുര്‍ബാനകൊണ്ടു സമാപനാശീര്‍ വാദം നല്കുമ്പോള്‍ ക്രിസ്തുവിന്റെ വികാരിയുടെ ഹൃദയാര്‍ദ്രതയും കരുതലും ലോകം മുഴുവന്‍ അനുഭവിച്ചറിയുകയായിരുന്നു. വിറയ്ക്കുന്ന കൂപ്പുകൈകളോടെ, നിറഞ്ഞ കണ്ണുകളോടെ. പിന്നീടു സര്‍വമതങ്ങളെയും ഒരുമിച്ചു ചേര്‍ത്ത്, മാനവരാശിക്കുവേണ്ടി മാര്‍പാപ്പ ആഹ്വാനം ചെയ്ത ഉപവാസ പ്രാര്‍ത്ഥന, അജഗണത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന നല്ല ഇടയന്റെ ഹൃദയഭാവം ലോകത്തിനു മുന്നില്‍ വീണ്ടും വെൡപ്പടുത്തുന്നു. പിതൃസ്‌നേഹത്തിന്റെ സംശുദ്ധ ഭാവങ്ങള്‍ സ്വന്തമായുള്ള പരിശുദ്ധ പിതാവ് ഒരു മരിയഭക്തന്‍ കൂടിയാണ്. ഈ മഹാമാരിയെ പ്രപഞ്ചത്തില്‍ നിന്നു തുടച്ചുനീക്കാന്‍ മറിയത്തിന്റെ മാദ്ധ്യസ്ഥം തേടുന്ന പാപ്പ തയ്യാറാക്കിയ രണ്ടു മരിയന്‍ പ്രാര്‍ത്ഥനകള്‍, കോവിഡ്-19 പ്രതിസന്ധിക്കു നടുവിലും ദൈവവിശ്വാസത്തില്‍ ചഞ്ചലതയില്ലാതെ മുന്നോട്ടുപോകാന്‍ വിശ്വാസികളെ ശക്തിപ്പെടുത്തുന്നു.

കോവിഡ്-19 കാലത്തും കര്‍മനിരതനായ ഫ്രാന്‍സിസ് പാപ്പ

ഫ്രാന്‍സിസ് പാപ്പ തന്റെ 83-ാമത്തെ വയസ്സിലും കോവിഡ് 19ന്റെ പ്രതിസന്ധികള്‍ക്കു നടുവിലും തന്റെയുള്ളില്‍ നിറഞ്ഞുനില്ക്കുന്ന പൈതൃകമായ വാത്സല്യവും കരുതലും വെളിപ്പെടുത്തി കര്‍മനിരതനാണ്. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടു സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു. ദൈവപരിപാലനയെ മുറുകെപ്പിടിച്ച് അനുദിനജീവിതം ക്രമപ്പെടുത്തുന്ന ഫ്രാന്‍സിസ് പാപ്പ, 83-ാമത്തെ വയസ്സിലും ഊര്‍ജ്ജസ്വലതയും ആര്‍ജ്ജവത്വവുമുള്ള അപ്പസ്‌തോലനാണ്. ഈ കാലഘട്ടത്തില്‍ രണ്ടു പ്രാവശ്യം കോവിഡ്-19 ടെസ്റ്റിനു വിധേയനായെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ നന്മയും വ്യക്തിത്വവും അറിയാവുന്ന എല്ലാവരും അറിയാതെ പ്രാര്‍ത്ഥിച്ചുപോകുന്നു: "ഞങ്ങളുടെ പാപ്പയ്ക്ക് ഒരാപത്തും വരുത്തല്ലേ" എന്ന്. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ കര്‍മനിരതമാകുന്ന ആ ജീവിതം ലോകമനഃസാക്ഷിയുടെ വെളിച്ചമാണ്.

കോവിഡ്-19 ഉം വെല്ലുവിളികളും

കോവിഡ്-19 ഒരു ശാരീരിക രോഗമാണ്. ഈ ശാരീരികരോഗത്തില്‍ നിന്നു മോചിപ്പിക്കുന്ന കൃത്യവും വ്യക്തവുമായ മരുന്നു നിലവില്‍ ലഭ്യമല്ല എന്ന വെല്ലുവിളി ഒരു വശത്ത്. മറുവശത്ത് ഈ പകര്‍ച്ചവ്യാധി സമൂഹത്തിലും സംസ്‌കാരത്തിലും മനുഷ്യമനസ്സിലും വ്യത്യസ്തങ്ങളായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ചു സംശയവും ഭയവും ഒറ്റപ്പെടലും. ഞാന്‍ ഇടപെടുന്ന ആള്‍, എന്റെ അടുത്തിരിക്കുന്ന വ്യക്തി കോവിഡ് ബാധിതനാണോ അല്ലയോ എന്ന സംശയം. എന്റെ വീട്ടിലെ ഒരംഗം പുറത്തുപോയിട്ടു വരുമ്പോള്‍ രോഗാണു പകര്‍ന്നു കിട്ടിയിട്ടുണ്ടോ എന്ന സംശയം. യാത്ര ചെയ്യാന്‍ ഭയം. അടുത്തിരിക്കാനുള്ള ഭയം, പൊതുസ്ഥലങ്ങളില്‍ പോകാനുള്ള ഭയം. അതുകൊണ്ടു കോവിഡ് 19 എന്ന രോഗത്തെ മാത്രമല്ല അതിന്റെ അനന്തരഫലമായി സമൂഹത്തിലും മനുഷ്യമനസ്സിലും ഉണ്ടായിരിക്കുന്ന മാറ്റങ്ങളെകൂടി നാം ശുശ്രൂഷിക്കേണ്ടതുണ്ട്. കരുതലുള്ള ഫ്രാന്‍സിസ് പാപ്പ ഈ സാഹചര്യത്തെ അതിജീവിക്കാന്‍ നാ മോരോരുത്തരോടും ആവശ്യപ്പെടുന്നത് ആറു കാര്യങ്ങളാണ്.
1. പരസ്പരം മനസ്സിലാക്കുന്നതിനു പരസ്പരം അറിയുക.
2. ശുശ്രൂഷിക്കുന്നതിനു ചാരത്തായിരിക്കുക.
3. അനുരഞ്ജിതരാകാന്‍ ആദ്യം ശ്രവിക്കുവാന്‍ തയ്യാറാവുക.
4. വളരുന്നതിനായി പങ്കുവയ്ക്കുക.
5. പരിപോഷിപ്പിക്കുന്നതിന് ആമഗ്നമാകുക.
6. സമൂഹനിര്‍മിതിക്കു സഹകരിക്കാന്‍ തയ്യാറാവുക.
മാര്‍പാപ്പ മുന്നോട്ടു വയ്ക്കുന്ന ഈ ആറു നിര്‍ദ്ദേശങ്ങള്‍ കോവിഡ്-19 അനന്തര സമൂഹനിര്‍മിതിക്കപ്പുറം ഈ പ്രപഞ്ചമാകുന്ന പൊതുഭവനത്തില്‍ (ചാക്രികലേഖനം: ലൗദാത്തോ സി) നാം ഒരുമിച്ചു ജീവിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.

വത്തിക്കാന്‍ കോവിഡ്-19 കമ്മീഷനും കരുതല്‍ നടപടികളും

മഹാമാരി കോവിഡ്-19നെ അതിജീവിക്കാന്‍ സന്ദേശവും പ്രാര്‍ത്ഥനയും മാത്രം പോരാ എന്നു തിരിച്ചറിയുന്ന ഫ്രാന്‍സിസ് പാപ്പ ഇതിനുവേണ്ടി ഒരു കമ്മീഷന്‍ തന്നെ രൂപീകരിച്ചു. (Dicastery for Promoting Integral Human Development/Vatican Covid-19 Commission). അഞ്ചു വര്‍ക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞു കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ഈ കമ്മീഷന്‍ മാര്‍പാപ്പയുടെ നേരിട്ടുള്ള വിലയിരുത്തലുകളുടെ വെളിച്ചത്തില്‍ അതിന്റെ പ്രവര്‍ത്തനങ്ങളെ മനുഷ്യന്റെ നന്മയ്ക്കും പുരോഗതിക്കുമായി ഏകോപിപ്പിക്കുന്നു. അതോടൊപ്പം ലോകരാഷ്ട്രങ്ങളോടു ചേര്‍ന്നു സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ കാര്യങ്ങള്‍ പഠനവിധേയമാക്കുകയും പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. ഫ്രാന്‍സിസ് പാപ്പയാകുന്ന കരുതലുള്ള കാവല്‍ക്കാരന്റെ ഹൃദയത്തില്‍നിന്നു മനുഷ്യവംശത്തിനുവേണ്ടിയുള്ള സ്‌നേഹസ്പര്‍ശനമാണു കോവിഡ്-19 കമ്മീഷന്‍. ഈ കമ്മീഷന്റെ താഴെപ്പറയുന്ന പഞ്ചകര്‍മപദ്ധതികള്‍ മനുഷ്യവംശത്തിനു പുതിയ ദിശാബോധം നല്കുന്നവയാണ്.

1. Acting Now for the Future :

ഈ വാക്കുകളിലൂടെ പരി. പിതാവു നമ്മെ ഓര്‍മിപ്പിക്കുന്ന സത്യം "ഭാവിക്കുവേണ്ടി നാമോരോരുത്തരും ഒരുങ്ങണമെന്നതല്ല മറിച്ചു ഭാവിയെ നമ്മള്‍ അണിയിച്ചൊരുക്കണം" എന്നതാണ്. ഈ പ്രപഞ്ചമാകുന്ന പൊതുഭവനത്തെ അണിയിച്ചൊരുക്കുക എന്നത് ഒരേസമയം വ്യക്തിഗത ഉത്തരവാദിത്വവും അതേസമയം കൂട്ടുത്തരവാദിത്വവുമാണ്.

2. Looking to the Future with Creativity :

ഇവിടെ മാര്‍പാപ്പ ആഗ്രഹിക്കുക പരിസ്ഥിതി, ആരോഗ്യം, പൊതുസുരക്ഷ, സാമ്പത്തികം എന്നീ മേഖലകൡ പ്രാവീണ്യമുള്ളവര്‍ ഒരുമിച്ചുകൂടി രാഷ്ട്രത്തോടു ചേര്‍ന്നു മനുഷ്യവംശത്തിന്റെ പൊതുനന്മയ്ക്കുവേണ്ടി ക്രിയാത്മകതയോടെ പ്രവര്‍ത്തിക്കണമെന്നാണ്.

3. Communicating Hope :

സഹനത്തിനു മുന്നില്‍ തകര്‍ന്നടിയുന്ന മനസ്സാണു മനുഷ്യന്റേത്. കോവിഡ് 19 പലരുടെയും പ്രതീക്ഷകളെയും സ്വപ്നങ്ങളെയും നഷ്ടപ്പെടുത്തിയ ഒരു കാലഘട്ടമാണ്. സഹനം പ്രത്യാശയിലേക്കുള്ള ഒരു ജാലകമാണെന്ന തിരിച്ചറിവു നല്കാന്‍ പറ്റിയ പുതിയ അവബോധങ്ങള്‍ സമ്മാനിക്കേണ്ടതു സഭയുടെ ദൗത്യമാണ്. ഈ അവബോധം പ്രതിസന്ധികളെ നേരിടാനുള്ള കരുത്തും മാനവരാശിയെ വാര്‍ത്തെടുക്കാനുള്ള ഊര്‍ജ്ജവും നല്കും.

4. Seeking Common Dialogue and Reflection :

തുറന്ന സംവാദത്തിലൂടെയും പരിചിന്തനങ്ങളിലൂടെയും ഒരു രാജ്യത്തിന്റെ അഥവാ ഒരു പ്രദേശത്തിന്റെ പൊതുനന്മയ്ക്കായി ജാതിമതഭേദമെന്യേ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നു മാര്‍പാപ്പ ആഗ്രഹിക്കുന്നു. കോവിഡ് 19 കമ്മീഷന്‍ ക്രമീകരിക്കേണ്ടതു രണ്ടു സഭാസംവിധാനങ്ങളിലൂടെ ആയിരിക്കണം: ഒന്ന്, അതായതു രാജ്യത്തെ ന്യൂണ്‍ഷ്യേചര്‍ വഴി; രണ്ട്, ആ രാജ്യത്തെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്‌റന്‍സ് വഴി.

5. Supporting to Care :

അനുദിനജീവിതം മുന്നോട്ടു നയിക്കാന്‍ വരുമാനമാര്‍ഗങ്ങളില്ലാത്ത ആരെയും പൊതുനന്മയ്ക്കാവശ്യമായ ക്ഷേമപദ്ധതികളെയും സാമ്പത്തികമായി പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയാണു മാര്‍പാപ്പ പ്രോത്സാഹിപ്പിക്കുക. ഇതിനാവശ്യമായ സാമ്പത്തികസമാഹരണവും അതിന്റെ വിനിയോഗവും ഏറ്റവും സുതാര്യമായ രീതിയിലായിരിക്കണമെന്നു മാര്‍പാപ്പ നിഷ്‌കര്‍ഷിക്കുന്നു.

ഈ പഞ്ചകര്‍മപദ്ധതികള്‍ സുവിശേഷത്തിന്റെ സമകാലീനവ്യാഖ്യാനമാണ്. സ്വര്‍ഗരാജ്യം ഭൂമിയില്‍ സ്ഥാപിക്കാന്‍ ക്രിസ്തു നിര്‍ദ്ദേശിച്ച നിഷ്‌കാമകര്‍മത്തിന്റെയും നിര്‍മല സ്‌നേഹത്തിന്റെയും നിറവും മണവും ഈ പഞ്ചകര്‍മപദ്ധതികളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. വേറെ വാക്കില്‍ പറഞ്ഞാല്‍ കോവിഡ്-19 അനന്തര മാനവനിര്‍മിതിക്കായി മനുഷ്യര്‍ തിരിയേണ്ടതു സുവിശേഷപാഠങ്ങളിലേക്കാണെന്നു പത്രോസിന്റെ പിന്‍ഗാമി നമ്മളെ ഓര്‍മിപ്പിക്കുന്നു.

സുതാര്യമായ ആത്മീയനേതൃത്വം

ക്രിസ്തു വിഭാവനം ചെയ്തതും ആദിമക്രൈസ്തവസമൂഹം കാത്തുസൂക്ഷിച്ചതും ഇന്നു ദൈവവും ദൈവജനവും ആഗ്രഹിക്കുന്നതും ഒരു സുതാര്യമായ ആത്മീയനേതൃത്വമാണ്. ദൈവസ്‌നേഹം വെളിപ്പെടുത്തുന്ന സഹോദരസ്‌നേഹത്തിന്റെ അടയാളവും രക്ഷയുടെ കൂദാശയുമായ സഭയിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും സംശുദ്ധവുമായിരിക്കണം. സഭയ്ക്കുള്ളിലെ ക്രിസ്തുവിരുദ്ധശൈലികളെ നഖശിഖാന്തം എതിര്‍ക്കുകയും അതിനെ ഇല്ലായ്മ ചെയ്യാന്‍ വിശ്രമവും വിട്ടുവീഴ്ചയുമില്ലാതെ പടപൊരുതുകയും ചെയ്യുന്ന ആത്മീയ പിതാവാണു ഫ്രാന്‍സിസ് പാപ്പ. പങ്കുവയ്പ്പും കാരുണ്യവുമാണു സഭയുടെ മുഖമുദ്രയെന്നു പഠിപ്പിക്കുകയും അതു സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതരുകയും ചെയ്യുന്ന പാപ്പ. സ്ഥാപനവത്കരിക്കപ്പെട്ട സഭാസംവിധാനങ്ങളിലെ കള്ളനാണയങ്ങള്‍ക്കെതിരെ ചാട്ടവാറെടുക്കുകയാണ്. ദൈവത്തിന്റെ പേരു കാരുണ്യമാണെന്ന് ഉറക്കെ ഉദ്‌ബോധിപ്പിച്ചുകൊണ്ടു പാവങ്ങളോടും അയല്‍വാസികളോടും പക്ഷംചേരുന്ന, തടവുകാരോടും പാപികളോടും ലൈംഗികതൊഴിലാളികളോടും സ്വവര്‍ഗാനുരാഗികളോടും കാരുണ്യം കാണിക്കുന്ന, കുടുംബങ്ങളോടും രോഗികളോടും പ്രായമായവരോടും കരുതല്‍ സൂക്ഷിക്കുന്ന, യുവജനങ്ങളോടു സംവദിക്കുകയും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവരെ അനുവദിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാപ്പ അസാധാരണ തുറവിയുടെ ക്രിസ്തുസാക്ഷ്യമാണ്. ആശയവിനിമയത്തിനായി ദൃശ്യ-ശ്രാവ്യമാധ്യമങ്ങളുടെ സാദ്ധ്യതകള്‍ മുഴുവനും ഉപയോഗപ്പെടുത്തുന്ന, സത്യത്തിനും നീതിക്കും സുതാര്യതയ്ക്കുംവേണ്ടി നിലകൊള്ളുന്ന പാപ്പ ഈ ഭൂമിയിലെ ഓരോ കുടുംബത്തിനും മാര്‍ഗദീപ മാണ്. പിതൃസ്‌നേഹം നിറഞ്ഞുനില്ക്കുന്ന ആ വിശാലഹൃദയത്തില്‍ ഈ ലോകത്തിലെ ഓരോ കുടുംബത്തിനും ഈ മണ്ണിലെ ഓരോ അംഗത്തിനും സ്ഥാനമുണ്ടെന്ന തിരിച്ചറിവു പ്രദാനം ചെയ്ത നാളുകളാണു കോവിഡ്-19 പ്രതിസന്ധി സമയത്തെ പരിശുദ്ധ പിതാവിന്റെ ശുശ്രൂഷകള്‍. പിതൃവാത്സല്യവും കരുണയും ജീവിതശൈലിയാക്കിയ ആ വലിയ മുക്കുവനു മുന്നില്‍ ഈ മണ്ണിലെ ഓരോ കുടുംബവും അണിചേരട്ടെ! ഒരു പുതിയ മാനവസൃഷ്ടിക്കായ്!

(റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ജോണ്‍പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ ലേഖകന്‍ എറണാകുളം-അങ്കമാലി അതിരൂപതാംഗമാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org