മഹാപ്രളയവും അതിജീവനത്തിന്‍റെ പുതുവഴികളും

മഹാപ്രളയവും അതിജീവനത്തിന്‍റെ പുതുവഴികളും

ഫാ. സേവ്യര്‍ കുടിയാംശ്ശേരി

കേരളത്തെ വിഴുങ്ങിയ മഹാപ്രളയം ഉണ്ടാകുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പേ കുട്ടനാടു വെള്ളപ്പൊക്ക കെടുതിയിലായിരുന്നു. കേരളത്തിനു ചോറുകൊടുത്തവര്‍ വെള്ളത്തിലായാല്‍ കേരളംതന്നെ നോക്കണ്ടെ. അതിനാല്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി സംഘടനകള്‍ ഭക്ഷണവും വസ്ത്രവും മറ്റുമായി കുട്ടനാട്ടിലെത്തിയിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയില്‍ നിന്നുള്ള അച്ചന്മാര്‍ നേരത്തേ തന്നെ ശുശ്രൂഷയുമായി രംഗത്തുണ്ടായിരുന്നു. അപ്രകാരം ആലപ്പുഴ രൂപതാ സൊസൈറ്റിയും റേഡിയോ നെയ്തലും ചേര്‍ന്ന് വിവിധ സംഘടനകളെ ഏകോപിപ്പിച്ച് ഭക്ഷണവും വസ്ത്രവും മറ്റ് അത്യാവശ്യസാധനങ്ങളുമായി നിത്യേന എന്നോണം കുട്ടനാട്ടിലെത്തി. വെള്ളമിറങ്ങിത്തുടങ്ങി എന്നു വിചാരിച്ചിരിക്കുമ്പോഴാണ് പ്രളയമുണ്ടാകുന്നത്. പ്രളയം സംഹാരത്തോടെ വരുന്നു എന്നതിനോടൊപ്പം ഒരു കഴുകിത്തുടയ്ക്കലും നടക്കാറുണ്ട്. പാടശേഖരങ്ങളിലെ മാലിന്യങ്ങളൊക്കെ നീക്കപ്പെടുന്നതോടൊപ്പം മനസ്സും മനോഭാവവും മാറിത്തുടങ്ങി. ക്യാമ്പുകളില്‍നിന്നു പോയവരില്‍ ചിലര്‍ പറഞ്ഞു. ഇനി എന്തെങ്കിലും ഉണ്ടായാല്‍ അയലത്തെ വീട്ടില്‍ കയറി രക്ഷപെടും. കുട്ടനാട്ടില്‍ ഇനി കൂടെ ജീവിക്കാന്‍ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.

റെസ്ക്യൂ ഓപ്പറേഷന്‍
2018 ആഗസ്റ്റ് 16 നു രാവിലെ ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീ. സുഹാസ് വിളിച്ചു ചോദിച്ചു രക്ഷാ പ്രവര്‍ത്തനത്തിന് നമ്മുടെ കടലിലെ വഞ്ചി പ്രയോജനപ്പെടുത്തിയാലോ, നമുക്കൊന്നു പരീക്ഷിച്ചാലോ. ഞാന്‍ പറഞ്ഞു പരിശ്രമിക്കാം. പിന്നെ ഒട്ടും താമസിച്ചില്ല, എത്രയും വേഗം പുന്നപ്രയില്‍നിന്ന് ബഹുമാനപ്പെട്ട ക്ലിഫി അച്ചന്‍ അയച്ചുതന്ന മൂന്നു വഞ്ചികളുമായി ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസിലെത്തി. അവിടെ ആളുകള്‍ ആകുലതയോടെ കാത്തുനില്‍ക്കുന്നു. കൂടുതല്‍ വഞ്ചിവേണമെന്ന് നാട്ടുകാര്‍ വേവലാതിയോടെ പറഞ്ഞു. എങ്ങനേയും കുറച്ചു വഞ്ചിക്കാരെ ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനു വിടണമെന്ന് മാവേലിക്കര രൂപതയിലെ ബഹുമാനപ്പെട്ട ബിന്നി അച്ചനും നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടു. പ്രശ്നങ്ങളുടെ ഗൗരവം മനസ്സിലാക്കി കൊണ്ടുചെന്ന വഞ്ചിക്കാരെ രക്ഷാപ്രവര്‍ത്തനത്തിനു വിട്ടിട്ട് ഞാന്‍ തിരികെപ്പോന്നു. ബഹുമാനപ്പെട്ട ബിന്നി അച്ചന്‍ വിട്ടുതന്ന കാറിലായിരുന്നു തിരികെയുള്ള യാത്ര. ഹരിപ്പാടെത്തുന്നതിനുമുമ്പ് ഞങ്ങള്‍ വലിയ ഒഴുക്കില്‍പ്പെട്ടു. കാറിനകത്തു മുട്ടൊപ്പം വെള്ളം, പുറത്ത് ചില്ലിനുമുകളില്‍വരെ വെള്ളം. കാറിനു നിയന്ത്രണവും കിട്ടുന്നില്ല. നല്ല മഴ, സമയം രാത്രിയുമായി. ഞാന്‍ ബിന്നിയച്ചനെ വിളിച്ചു കാര്യം പറഞ്ഞു. അപ്പോള്‍ എന്നോടെപ്പമുണ്ടായിരുന്നത് രണ്ടു മുസ്ലീം സഹോദരങ്ങളായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ അവര്‍ രണ്ടുപേരും പ്രാര്‍ത്ഥിക്കുകയാണ്. ശരിക്കും ഞാനായിരുന്നു പ്രാര്‍ത്ഥിക്കേണ്ടിയിരുന്നത്. പിന്നീടു ഞാനും പ്രാര്‍ത്ഥനയിലായി. എന്തായാലും ഒരു കണക്കിന് ഞങ്ങള്‍ കരപ്രദേശത്തെത്തി. ആലപ്പുഴ എത്തിയ ഉടനെ എല്ലാ അച്ചന്മാരേയും വിളിച്ച് രക്ഷാപ്രവര്‍ത്തനത്തിനു വഞ്ചിക്കാരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. എല്ലാവരും രക്ഷകരായി. പിന്നീടുള്ള ദിവസങ്ങളില്‍ എറണാകുളം, ചെങ്ങന്നൂര്‍, കുട്ടനാട് എന്നീ പ്രദേശങ്ങളിലേക്ക് വഞ്ചികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ഈ വിവരം മനസ്സിലാക്കിയാണ് ആലപ്പുഴ കളക്ടര്‍ തിരുവനന്തപുരം കളക്ടറെ അറിയിക്കുന്നത്. രൂപതാ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴയിലെ അച്ചന്മാരുടെ സഹായത്തോടെ 262 വഞ്ചികള്‍ രക്ഷാ പ്രവര്‍ത്തനത്തിനയച്ചു. ഒപ്പം സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍, പോലീസ്, ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്‍റ്, രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവരുടെ നേതൃത്വത്തില്‍ അനേകം വഞ്ചികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. രണ്ടാം ദിവസമായപ്പോഴേക്കും എല്ലാ വഞ്ചിക്കാരും റെഡിയായിരുന്നു. ഈ സാഹചര്യത്തില്‍ റേഡിയോ നെയ്തല്‍ എല്ലാ പരിപാടികളും മാറ്റിവച്ച് മുഴുവന്‍ സമയ ലൈവ് പ്രോഗ്രാമിലൂടെ ആളുകള്‍ എവിടെയൊക്കെ തങ്ങിപ്പോയിട്ടുണ്ട് എന്നു പറയാന്‍ അവസരം നല്‍കി. കിട്ടുന്ന വിവരങ്ങള്‍ വഞ്ചിക്കാരേയും ജില്ലാ ഭരണകൂടത്തേയും അപ്പഴപ്പോള്‍ അറിയിച്ചിരുന്നു. അങ്ങനേയും അനേകം പേരെ രക്ഷപെടുത്താന്‍ സാധിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി തിരിച്ചുവന്ന മത്സ്യത്തൊഴിലാളികള്‍ പറഞ്ഞതു മുഴുവന്‍ അദ്ഭുതകരമായ കാര്യങ്ങളാണ്. മീന്‍പിടുത്തക്കാരുടെ ധൈര്യവും സമര്‍പ്പണവും കൊണ്ടാണ് ഇത്രയേറെപ്പേരെ രക്ഷ പെടുത്താനായത്. അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ പണയംവച്ചാണ് അവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാലടിയില്‍നിന്നുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വിളിച്ചു പറഞ്ഞു. പട്ടാളം പോലും ഇത്ര ധീരമായി രക്ഷാപ്രവര്‍ത്തനം നടത്തില്ല. ആലപ്പുഴ രൂപത രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളെ ആദരിക്കാനും ഒപ്പം ദൈവത്തിനു നന്ദി പറയാനും തീരുമാനിച്ചു. അങ്ങനെ കൃതജ്ഞതാബലിയും അനുമോദന സമ്മേളനവും ആലപ്പുഴ കര്‍മ്മസദനില്‍ സംഘടിപ്പിച്ചു. ആലപ്പുഴ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പിതാവിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൃതജ്ഞതാബലി.

റീലീഫ്
അടുത്ത സ്റ്റേജില്‍ റിലീഫ് ക്യാമ്പുകളില്‍ ആളുകളെ സംരക്ഷിക്കുകയായിരുന്നു. എല്ലാ സ്കൂളുകളിലും ക്യാമ്പുകള്‍ ആരംഭി ച്ചു. ആയിരം, ആയിരത്തി അഞ്ഞൂ റ്, ആറായിരംവരെ ആളുകളാണ് ഓരോ ക്യാമ്പുകളിലും ഉണ്ടായിരുന്നത്. കുട്ടനാട്ടില്‍നിന്നു തന്നെ മൂന്നു ലക്ഷത്തോളം പേരെയാണ് ക്യാമ്പുകളില്‍ താമസിപ്പിക്കേണ്ടി വന്നത്. ക്യാമ്പുകള്‍ കൂടാതെ തീരപ്രദേശത്തെ എല്ലാ വീടുകളിലും കുട്ടനാട്ടില്‍നിന്നുള്ള ആളുകളെ പാര്‍പ്പിച്ചു. എല്ലാ ക്യാമ്പുകള്‍ക്കും ആവശ്യമായ ഭക്ഷണസാധനങ്ങളും വസ്ത്രവുമെല്ലാം സര്‍ക്കാര്‍ എത്തിച്ചു തരുന്നുണ്ടായിരുന്നു. അതേക്കാളുപരി വ്യക്തികളും സന്നദ്ധ സംഘടനകളും ആത്മാര്‍ത്ഥമായി രംഗത്തിറങ്ങി. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു സഹായവുമായി രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നും ആളുകളെത്തി. ചെറുപ്പക്കാരുടെ സാന്നിധ്യം എടുത്തു പറയത്തക്കതാണ്. രക്ഷാ പ്രവര്‍ത്തനത്തിലും റിലീഫ് പ്രവര്‍ത്തനത്തിലും ആളുകള്‍ കാട്ടിയ പ്രത്യേക താത്പര്യവും സഹകരണവും അദ്ഭുതകരമാണ്. ദൈവം ഒരു ദുരന്തമയച്ചിട്ട് ലക്ഷം കൈകളെയാണ് താങ്ങാന്‍ നിയോഗിച്ചത്. ജാതിമതവര്‍ഗവര്‍ണ രാഷ്ട്രീയ ഭേദമില്ലാതെ സകലരും ഒരു മനസ്സോടെ കൈകോര്‍ത്തു. പള്ളികളും മോസ്കുകളും ആളുകള്‍ക്കായി തുറന്നു കൊടുത്തു. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമെല്ലാം സഹോദരങ്ങളെപ്പോലെ ആയിത്തീര്‍ന്നു. ഇപ്പോള്‍ റിലീഫ് ക്യാമ്പുകള്‍ പലതും പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. ആളുകള്‍ വീട്ടിലേക്കു പോയിത്തുടങ്ങി. എന്നാല്‍ കൈനകരി പഞ്ചായത്തില്‍നിന്നുള്ളവര്‍ ഇപ്പോഴും കണിച്ചുകുളങ്ങര ക്യാമ്പിലും തീരദേശത്തെ വീടുകളിലുമായി കഴിയുന്നു. അവിടുന്ന് വെള്ളം ഇപ്പോഴും ഒഴുകി മാറിയിട്ടില്ല. തണ്ണിര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും ഇപ്പോള്‍ വില്ലന്മാരായിത്തീര്‍ന്നിരിക്കുന്നു. കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ അത്രവേഗം പരിഹരിക്കപ്പെടുമോ എന്നു സംശ മാണ്. മടകുത്തി ഡീവാട്ടറിങ്ങ് നടത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാലും എങ്ങനെ വീടുകളില്‍ കയറി താമസിക്കും. ഒന്നര മാസത്തോളമായി വെള്ളത്തിനടിയിലായ വീടുകളാണ്. അതിനാല്‍ വീടുകളെല്ലാംതന്നെ തകരാറിലായിട്ടുണ്ടാകും. കൃഷി നശിച്ചു, മറ്റു തൊഴിലുകളും ഇല്ലാതായി. നാളിതുവരെയുള്ള സമ്പാദ്യവും സകലതും നഷ്ടപ്പെട്ട ഒരു ജനത ഇനി ഒന്നേന്നു തുടങ്ങി വരണമെന്നത് ക്ളേശകരമായ കാര്യമാണ്. കുട്ടനാട്ടില്‍ കൃഷിയല്ലാതെ മറ്റു തൊഴില്‍ മാര്‍ഗമൊന്നുമില്ല. സര്‍ക്കാരിന്‍റെ പ്രത്യേക സഹായമില്ലാതെ ഇനി കൃഷി ഇറക്കാനാവില്ല. സര്‍ക്കാരും സന്നദ്ധസംഘടനകളും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി സഹകരിക്കണം. കേരളത്തിന്‍റെ നെല്ലറയാണു കുട്ടനാട്. അതു തകരാന്‍ പാടില്ല. അതിജീവനത്തിനുള്ള ആന്തരീക ശേഷിയുള്ള കുട്ടനാട്ടുകാര്‍ ഏതു പ്രതിസന്ധിയേയും അതിജീവിക്കുക തന്നെ ചെയ്യുമെന്നത് പ്രതീക്ഷ നല്‍കുന്നു.

റീഹാബിലിറ്റേഷന്‍
ഇനിയുള്ളത് റീഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങളാണ്. അതു പുനര്‍നിര്‍മ്മിതിയാണ്, നിശ്ചയമായും സര്‍ക്കാരിനേ കഴിയൂ. നമുക്ക് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനാവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നമുക്കു സംഭാവനകള്‍ നല്‍കാം. കുട്ടനാട്ടുകാര്‍ കുടിവെള്ളമില്ലാതെ വലയുന്നു. കുളിക്കാനും പാത്രം കഴുകാനും വെള്ളമില്ല. ആരെങ്കിലും ആര്‍.ഒ.പ്ലാന്‍റുകള്‍ സ്ഥാപിച്ചുകൊടുക്കാന്‍ തയ്യാറായാല്‍ നന്നായിരിക്കും. സ്കൂളുകളില്‍ കുട്ടികള്‍ക്കു ബുക്കുകളും ബാഗുകളും ഇല്ല. സന്നദ്ധ സംഘടനകള്‍ക്ക് വീടുവച്ചുകൊടുക്കുന്നതിനും ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിലും തൊഴിലില്ലാതായവര്‍ക്കു തൊഴില്‍ നല്‍കിയും നേതൃത്വമെടുക്കണം. റേഡിയോ നെയ്തലിന്‍റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നും എറണാകുളത്തു നിന്നും കൊല്ലത്തുനിന്നും സംഘടിപ്പിച്ച പ്ലംമ്പര്‍മാരുടേയും ഇലക് ട്രീഷ്യന്മാരുടേയും സംഘങ്ങള്‍ കുട്ടനാട്ടില്‍ സൗജന്യമായി സേവനം ചെയ്തുകൊണ്ടിരിക്കുന്നു. അവരുടെ സേവനം കുട്ടനാട്ടുകാര്‍ക്ക് വലിയ ആശ്വാസമേകുന്നുണ്ട്.

റെസീലിയന്‍സ്
അടുത്ത സ്റ്റേജ് റസീലിയന്‍സിന്‍റേതാണ്. വൃണം ഉണങ്ങുന്ന പ്രക്രിയയാണിത്. പ്രത്യേകിച്ചും ഹൃദയത്തിലെ മുറിവുണങ്ങുന്നത്. അതൊരു അനുരഞ്ജന പ്രവര്‍ത്തനമാണ്. രക്ഷാപ്രവര്‍ത്തനത്തിന്‍റെ സമയത്ത് രക്ഷപെട്ടല്ലോ എന്ന ആശ്വാസവും സന്തോഷവുമായിരുന്നു. എന്നാല്‍ പിന്നീട് എല്ലാം നഷ്ടപ്പെട്ടു ഇനി എങ്ങനെ ജിവിക്കും എന്നാലോചിച്ച് മനസ്സു വേദനിച്ചിരിക്കുന്ന ആളുകളാണ്. എല്ലാവര്‍ക്കും മാനസികമായ തളര്‍ച്ചയുണ്ട്. ആശ്വാസവും താങ്ങും എല്ലാവര്‍ക്കും വേണം. കൗണ്‍സിലേഴ്സിനും മറ്റും ഇക്കാര്യത്തില്‍ സഹായിക്കാവുന്നതാണ്. അനേകം സന്നദ്ധ സംഘടനകള്‍ കൗണ്‍സിലിങ്ങുമായി രംഗത്തുണ്ട്. ഹൈജീനിക് വിഷയങ്ങളില്‍ ആളുകളെ ബോധവല്‍ക്കരിക്കുന്നതിനായി യൂണിസെഫിന്‍റെ ടീം പ്രവര്‍ത്തിക്കുന്നുണ്ട്. കക്കൂസ് മാലിന്യം നീക്കുന്നതിനും വെള്ളം ശുദ്ധീകരിക്കുന്നതിനുമുള്ള യൂണിസെഫിന്‍റെ സംവിധാനവും കുട്ടനാട്ടില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ റേഡിയോ നെയ്തല്‍ പഴയതുപോലെ മറ്റു പരിപാടികള്‍ മാറ്റിവച്ച് ലൈവ് പരിപാടിയിലൂടെ വീടുകളിലെത്തി ആര്‍ക്കും എന്തു പ്രശ്നവും ആവശ്യവും റേഡിയോയിലൂടെ പറയാന്‍ അവസരമൊരുക്കി. മൊബൈല്‍ ആപ്പു വഴി ലോകത്തെവിടെയുള്ളവര്‍ക്കും കേള്‍ക്കാമെന്നതുകൊണ്ട് ശ്രോതാക്കള്‍ പല പ്രശ്നങ്ങളും പരിഹരിക്കുന്നതു കൂടാതെ യൂണിസെഫിന്‍റെ സഹകരണത്തോടെ മിക്കവാറും ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ ആഴ്ചയിലൊരിക്കല്‍ ജില്ലാ കളക്ടറും മറ്റു ദിവസങ്ങളില്‍ ഡിപ്പാര്‍ട്ടുമെന്‍റ് മേധാവികളും ആളുകളുമായി റേഡിയോ നെയ്തലിലൂടെ ആളുകളുമായി സംവദിച്ച് പ്രശ്ന പരിഹാരത്തിനായി പരിശ്രമിച്ചു വരുന്നു.

ഗൗരവമായ ചര്‍ച്ചയും പഠനവും അനിവാര്യം
അനുഭവങ്ങളില്‍നിന്നു പാഠം പഠിക്കാന്‍ തയ്യാറാകണം. പ്രളയം പ്രകൃതി ദുരന്തമായിട്ടുണ്ടായതോ മനുഷ്യനിര്‍മ്മിതമോ എന്നത് പ്രസക്തമായ വിഷയംതന്നെയാണ്. ആരേയും കുറ്റപ്പെടുത്താനല്ല, ഇനിയും ആപത്തു വിളിച്ചു വരുത്താതിരിക്കാനെങ്കിലും വിമര്‍ശനബുദ്ധ്യാ കാര്യങ്ങള്‍ പഠിക്കണം. കുട്ടന്‍റെ നാടാണു കുട്ടനാട്. കുട്ടന്‍ ബുദ്ധനാണ്. ഈ നാടിനൊരു വിശുദ്ധിയുണ്ട്. അത് എല്ലാം സ്വന്തമാക്കുന്നതിന്‍റെയല്ല, വിട്ടുകൊടുക്കുന്നതിന്‍റേതാണ്. നിസ്വാര്‍ത്ഥതയുടെ നെഞ്ചുവിരിപ്പിലാണ് കുട്ടനാടിന്‍റെ അതിജീവന വിശുദ്ധി നിലകൊള്ളുന്നത്. കുട്ടനാട് കടല്‍ജലനിരപ്പിനും താഴെയാണ്, എന്തു വന്നാലും ഉള്‍ക്കൊള്ളും. കുട്ടനാട്ടിലെ യാത്രാ മാര്‍ഗം ചെറുവഞ്ചികളായിരുന്നു. എല്ലാ വീട്ടിലും ഉണ്ടായിരുന്നു ചെറുവഞ്ചികള്‍. കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും വഞ്ചിവിറ്റു കാറുവാങ്ങി. കാറുവാങ്ങിയവര്‍ പുഴയെ ആട്ടിപ്പായിച്ച് റോഡു നിര്‍മ്മിച്ചു. ഒടുവില്‍ കാറു കട്ടപ്പുറത്തും രക്ഷപെടാന്‍ കടല്‍വഞ്ചിയും വേണ്ടിവന്നു. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആത്മാര്‍ത്ഥതയോടെ ആരും പഠിച്ചതുപോലുമില്ല എന്നതാണു വസ്തുത. അതു പോലെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ഗൗരവമായിട്ടെടുക്കേണ്ടിയിരുന്നില്ലേ. വയലുകള്‍ നികത്തി, റിസോര്‍ട്ടു കള്‍ കെട്ടിപ്പൊക്കി, പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയാ ചെയ്തു കൂട്ടിയത്. പ്രകൃതിയിലേക്കു കല്ലെറിഞ്ഞ് തിരികെ വാങ്ങിയതല്ലേ പ്രളയം. ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡായില്‍ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൃത്യമായി തീരുമാനിക്കപ്പെട്ട ഇടങ്ങളുണ്ട്. എല്ലാത്തിനും കൃത്യം പ്ലാനുണ്ട്. അതിനനുസരിച്ചു മാത്രമേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പാടുള്ളൂ. കേരളത്തിലെ കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് കൃത്യം പ്ലാന്‍ വേണം. തീരപ്രദേശത്തും കുട്ടനാട്ടിലും ഇടുക്കിയിലും വീടുകള്‍ അതതു പ്രദേശത്തിനിണങ്ങുന്നതേ പാടുള്ളൂ എന്നു നിര്‍ബന്ധം പിടിക്കണം. എന്തിനാണ് ആര്‍ഭാടകരമായ നിലക്കെട്ടിടങ്ങള്‍. റിസോര്‍ട്ടു മാഫിയാ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ പഠനവിധേയമാക്കേണ്ടതാണ്. കേരളത്തിനെന്തിനാ ഇത്രയേറെ ഡാമുകള്‍. ഡാമുകള്‍ എല്ലാംകൂടി ഒറ്റയടിക്കു തുറന്നു വിട്ടതു പ്രളയത്തെ വിളിച്ചു വരുത്തിയില്ലേ. ഇത്ര കാത്തിരിക്കാതെ സാവധാനം കുറേശ്ശെ തുറന്നു വിടാമായിരുന്നു. ഇലക്ട്രിസിറ്റിക്കാണെങ്കില്‍ സോളാര്‍ എനര്‍ജ്ജി പ്രയോജനപ്പെടുത്തണം. ബാംഗ്ളൂരില്‍ ഇലക്ട്രിസിറ്റി കണക്ഷന്‍ കിട്ടണമെങ്കില്‍ സോളാര്‍ ഉപയോഗിക്കുന്നവരാകണമെന്നു നിര്‍ബന്ധമുണ്ട്. കേരളത്തിനിണങ്ങുന്ന പ്ലാന്‍ വേണം. കര്‍ശനമായി നടപ്പാക്കുകയും വേണം. ഇനി എന്തായാലും പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന വികസന പ്രവര്‍ത്തനങ്ങളുമായി മുന്നേറാന്‍ കേരളിയര്‍ നേതൃത്വം കൊടുത്തേ പറ്റൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org