|^| Home -> Cover story -> മലയാള സാഹിത്യത്തിലെ ക്രൈസ്തവ സാന്നിദ്ധ്യം

മലയാള സാഹിത്യത്തിലെ ക്രൈസ്തവ സാന്നിദ്ധ്യം

Sathyadeepam

ഡോ. കുര്യാസ് കുമ്പളക്കുഴി

ആധുനിക ഗദ്യമെന്നു പറയുന്നതിന്‍റെ തുടക്കം ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാനോനകളിലാണ് എന്നത് നാം വളരെ ഗൗരവത്തോടെ തിരിച്ചറിയേണ്ടതുണ്ട്. മലയാളഭാഷയ്ക്ക് ഇത്രയേറെ ലാവണ്യാത്മകതയുണ്ടെന്ന്, അതിന് ഇത്രയേറെ ശക്തിയുണ്ടെന്ന് ഇതു നോക്കുമ്പോഴാണ് നാം തിരിച്ചറിയുന്നത്. അതിനും എത്രയോ കൊല്ലം കഴിഞ്ഞാണ് മികച്ച ഗദ്യകൃതികളെന്നു പറയുന്ന രചനകള്‍ ഇവിടെ ഉണ്ടായിട്ടുള്ളത്. മലയാള ഗദ്യത്തിന്‍റെ തുടക്കം ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാനോനകളിലാണെന്ന് ഇന്നും ചിലര്‍ എഴുതുന്നുണ്ട് എന്നതൊഴിച്ചാല്‍ ഞാനൊക്കെ പഠിച്ചിരുന്ന കാലത്ത് ഇതു പറഞ്ഞുപോലും കേട്ടിരുന്നില്ല. നമ്മുടെ സംഭാവന എന്തുകൊണ്ടാണ് തമസ്ക്കരിക്കപ്പെടുന്നത്? എന്തുകൊണ്ടാണ് അവഗണിക്കപ്പെടുന്നത്? എന്തുകൊണ്ടാണ് പരാമര്‍ശിക്കപ്പെടാതെ പോകുന്നത്?

മലയാളിയെ സംബന്ധിച്ച് നമ്മുടെ ഭാഷയുടെ ഒരു ദൗര്‍ഭാഗ്യം എന്നു പറയുന്നത് പല കാലഘട്ടത്തിലും വിദേശഭാഷകള്‍ നമ്മെ അടക്കി ഭരിച്ചു എന്നതാണ്. ഭാഷാ അധിനിവേശമാണ് രാഷ്ട്രീയ അധിനിവേശത്തിനു മുമ്പ് ഇവിടെ ഉണ്ടായിരുന്നത്. കേരള ക്രൈസ്തവരില്‍ ഒരു വിഭാഗം സുറിയാനി ഭാഷയോട് പക്ഷപാതം പുലര്‍ത്തുന്നവരായിരുന്നു. ചില വൈദികര്‍ കുര്‍ബാനയുടെ കൂദാശാവചനങ്ങള്‍ മലയാളത്തില്‍ ചൊല്ലിയാല്‍ ശക്തിപോരാ എന്നു കരുതി ആ ഭാഗം സുറിയാനിയില്‍ ചൊല്ലി വിശ്വാസികളെ അമ്പരപ്പിച്ചിരുന്നു. ഒരു കാലഘട്ടത്തില്‍ കിഴക്കിന്‍റെ ആധിപത്യത്തിലായിരുന്ന കേരളത്തിലെ ക്രൈസ്തവ സമൂഹം സുറിയാനി ഭാഷയുടെ ആക്രമണത്തിനു വിധേയമായിരുന്നു.

ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാലഘട്ടമായപ്പോഴേക്കും പടിഞ്ഞാറിന്‍റെ കടന്നുവരവായി. അന്നു മുതല്‍ ക്രിസ്ത്യാനികളുടെ മേലുള്ള ആക്രമണം ലത്തീന്‍ ഭാഷയുടേതായി. ഇതിനിടയില്‍ നമ്മുടെ പ്രാദേശികമായ ഭരണഭാഷ എന്ന നിലയില്‍ ഉപയോഗിക്കപ്പെട്ടു പോന്നിരുന്നത് തമിഴാണ്. ആ തമിഴിന്‍റെ ആധിപത്യവും ഉണ്ടായി. അതിനുശേഷം മലയാളഭാഷയുടെ ഉണര്‍വു വന്ന 1400-നുശേഷമുള്ള കാലഘട്ടത്തില്‍ കൃഷ്ണഗാഥ എന്ന കാവ്യവും മണിപ്രവാളവുമൊക്കെ ഉണ്ടാകുന്ന കാലഘട്ടത്തില്‍ നമ്മുടെ ഭാഷയുടെ മേല്‍ വേറൊരു ആക്രമണമുണ്ടായി. അതു സംസ്കൃതത്തിന്‍റേതായിരുന്നു. സുറിയാനിയുടെയും ലത്തീനിന്‍റെയും തമിഴിന്‍റെയും സംസ്കൃതത്തിന്‍റെയുമൊക്കെ ആക്രമണത്തില്‍ ഞെങ്ങിഞെരുങ്ങി വളര്‍ന്നു വന്ന ഒരു ഭാഷയാണ് നമ്മുടെ മലയാളഭാഷ. ആ ഭാഷയുടെ ശക്തി ആദ്യമായി തിരിച്ചറിഞ്ഞത് ഉ ദയംപേരൂര്‍ സൂനഹദോസാണ് എന്നാണ് ഞാന്‍ പറഞ്ഞുവന്നത്.

പ്രാര്‍ത്ഥനകള്‍ മലയാളത്തില്‍ വേണമെന്ന് ഉദയംപേരൂര്‍ സൂനഹദോസ് നിഷ്കര്‍ഷിച്ചിരുന്നു. മനുഷ്യനു മനസ്സിലാകാത്ത സുറിയാനിയിലല്ല പ്രാര്‍ത്ഥന വേണ്ടത് എന്നും അതില്‍ പറയുന്നു. എന്നിട്ടും എന്തുകൊണ്ട് മെനേസിസും കൂട്ടരുമൊക്കെ പ്രാര്‍ത്ഥനകള്‍ മലയാളത്തിലാക്കിയില്ല? അവരത് ലത്തീനിലാക്കി. പക്ഷേ, അങ്ങനെയൊരു ആശയം അവിടെ കൊടുത്തിരുന്നു. മലയാളത്തില്‍ പ്രാര്‍ത്ഥനകളും പ്രാര്‍ത്ഥനാ ഗ്രന്ഥങ്ങളും ഉണ്ടാകണമെന്നും നാനൂറിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞു വച്ചു. എന്നാല്‍ അതുയര്‍ത്തിക്കാട്ടി മലയാളത്തെപ്പറ്റി ആദ്യമായി അഭിമാനം കൊണ്ട് സംസാരിച്ചത് ഇങ്ങനെയൊരു സൂനഹദോസിലാ ണ് എന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയോ? അറിയിക്കേണ്ടത് അറിയിക്കേണ്ടവരെ അറിയിക്കാതെ പോയ ദൗര്‍ഭാഗ്യമാണത്. കേരളത്തിലെ ക്രൈസ്തവ സാഹിത്യത്തിന്‍റെയും ക്രൈസ്തവ സാഹിത്യകാരന്മാരുടെയും പരാധീനത പരിമിതി അതാണ്….

സാധാരണഗതിയില്‍ പാട്ടുകളോ നാടകങ്ങളോ ആണ് ഓരോ ഭാഷയുടെയും ആദിമ സാഹിത്യ രൂപങ്ങള്‍. ഇവിടെ നാടകങ്ങള്‍ അത്ര ഉണ്ടായിരുന്നില്ല. നാടകങ്ങളുടെ കുറവു നികത്തിയത് പോര്‍ച്ചു ഗീസുകാരുടെ കാലഘട്ടത്തിനു ശേഷമാണ്. അപ്പോഴാണ് ചവിട്ടു നാടകം രംഗത്തു വന്നത്. 1910-ല്‍ പി.യു. ലൂക്ക എന്നൊരാള്‍ തയ്യാറാക്കിയ പാട്ടുകളെപ്പറ്റി പറയുന്നുണ്ട്. അതില്‍ പ്രാധാനമായിട്ടുള്ളത് കല്യാണപാട്ടുകള്‍, പള്ളികളെ പറ്റിയുള്ള പാട്ടുകള്‍, ചില ചടങ്ങുകളെപ്പറ്റിയുള്ള പാട്ടുകള്‍ തുടങ്ങിയവയാണ്. നമ്മുടെ ക്രൈസ്തവര്‍ക്കിടയില്‍ ഒരു പൊങ്ങച്ചമുണ്ട്: നമ്മുടെ റമ്പാന്‍ പാട്ട് എന്നത്, തോമാശ്ലീഹയില്‍ നിന്നു നേരിട്ടു ജ്ഞാനസ്നാനം സ്വീകരിച്ച മാളിയേക്കല്‍ തോമ്മാ റമ്പാന്‍ എഴുതിയതാണ്. എത്രപേര്‍ തോമാശ്ലീഹയില്‍ നിന്നു ജ്ഞാനസ്നാനം സ്വീകരിച്ചു എത്ര ബ്രാഹ്മണര്‍ ഉണ്ടായിരുന്നു, എത്ര നീചജാതിക്കാര്‍ ഉണ്ടായിരുന്നു എന്ന കണക്കൊക്കെ അതില്‍ എഴുതി വച്ചിരിക്കുകയാണ്. അത്തരമൊരു കണക്ക് അക്കാലത്ത് ഉണ്ടാകാന്‍ യാതൊരു സാധ്യതയുമില്ല. നമ്മള്‍ പൊങ്ങച്ചം പറയുമ്പോള്‍ അത് ചരിത്ര വസ്തുതകളുമായി പൊരുത്തപ്പെട്ടു പോകുന്നതാണോ എന്നാലോചിക്കാതെ പറയുകയും പ്രസംഗിക്കുകയും എഴുതി വയ്ക്കുകയും ചെയ്തതുകൊണ്ട് ക്രൈസ്തവ പാരമ്പര്യങ്ങളെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍ക്കു വിശ്വാസ്യത ഇല്ല എന്നു പൊതു സമൂഹം ധരിക്കാന്‍ ഇടവരുന്നുണ്ട്. ഏതായാലും നമ്മുടെ സാഹിത്യത്തെപ്പറ്റി അത്തരത്തിലൊരു പൊങ്ങച്ചവും ആരും പറഞ്ഞുണ്ടാക്കിയിട്ടില്ല, അതുകൊണ്ടുതന്നെ പ്രശ്നങ്ങളും ഇല്ല.

ഇത്തരത്തില്‍ ക്രൈസ്തവ സാഹിത്യത്തിന്‍റെ ആദിമരൂപങ്ങളെപ്പറ്റി ധാരാളമായി പറയുന്നുണ്ട്. മിഷനറിമാരുടെ വരവ് അവരുണ്ടാക്കിയ വ്യാകരണ ഗ്രന്ഥങ്ങള്‍, നിഘണ്ടുക്കള്‍, അച്ചടി ഇതെല്ലാം ക്രൈസ്തവര്‍ക്ക് മലയാള സാഹിത്യത്തിലെ പല മേഖലകളിലെയും പ്രഥമ സ്ഥാനം കല്‍പ്പിച്ചു കൊടുക്കപ്പെട്ടിട്ടുള്ള വസ്തുതകളാണ്. അതൊന്നും വേണ്ടത്ര രീതിയില്‍ പൊതുസമൂ ഹത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് യഥാസമയം അംഗീകാരം വാങ്ങിക്കാന്‍ നമുക്ക് കഴിയാതെ പോയതുകൊണ്ട് ചരിത്രപരമായ ഒട്ടേറെ അബദ്ധങ്ങള്‍ രേഖപ്പെടുത്തുകയും അതൊക്കെ നമ്മള്‍ തന്നെ പഠിച്ചുവളരാന്‍ ഇടയാകുകയും ചെയ്തിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് സാഹിത്യമില്ല എന്ന് വായിച്ചു പഠിക്കേണ്ട ഗതികേടിലേക്കാണ് ക്രൈസ്തവരും ഒരുകാലത്ത് പെട്ടുപോയത്.

സാഹിത്യത്തിന്‍റെ സര്‍ഗാത്മക മേഖലയും അതിന്‍റെ വൈജ്ഞാനിക മേഖലയും ഉണ്ട്. സര്‍ഗ്ഗാത്മക മേഖലയില്‍ വരുന്നതാണ് കവിത, കഥ, നോവല്‍, നാടകം തുടങ്ങിയവ. വൈജ്ഞാനിക മേഖലയില്‍ വരുന്നതാണ് വിമര്‍ശനം, നിഘണ്ടു, വിജ്ഞാനകോശങ്ങള്‍ തുടങ്ങിയ രചനകള്‍. ഇതില്‍ പ്രതിഭയുടെ ആവശ്യകത വേണ്ടത് സര്‍ഗ്ഗാത്മക മേഖലയിലാണ്. അതാണ് മൗലിക സാഹിത്യ രചന എന്നു പറയുന്നത്. ഈ രംഗത്ത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന രചന ആദ്യം ഉണ്ടായത് ഒരു വിദേശ മിഷനറിയില്‍നിന്നു തന്നെയാണ് – അര്‍ണോസ് പാതിരി. അര്‍ണോസ് പാതിരി ഇവിടെ വന്ന് മലയാളവും സംസ്കൃതവും ഭംഗിയായി പഠിച്ചിട്ട് അദ്ദേഹം കവിതയെഴുതാന്‍ തയ്യാറായി. ഞാനൊക്കെ പഠിക്കുന്ന കാലത്ത് ക്രൈസ്തവ മിഷനറിമാരുടെ സാഹിത്യസംഭാവനകളെക്കുറിച്ചു പാതിരി സാഹിത്യം, പാതിരി മലയാളം എന്നൊക്കെയാണു പറഞ്ഞിരുന്നത്. അത് ഏറ്റവും മോശമാണ് എന്നായിരുന്നു ചിന്ത. ഏതായാലും അര്‍ണോസ് പാതിരി മലയാളത്തില്‍ കവിത എഴുതിയപ്പോഴാണ് മലയാള കവിത ക്രൈസ്തവ സാന്നിധ്യം അനുഭവിച്ചറിഞ്ഞത്. അതിനുമുമ്പുള്ള പാട്ടുകളെയൊക്കെ ഞാന്‍ വളരെ അകലെ നിറുത്തുകയാണ്. ആധുനിക സഹൃദയത്വത്തിന് ഉള്‍ക്കൊള്ളാന്‍ ആ പാട്ടുകളൊന്നും പര്യാപ്തമല്ല. പലരും വിചാരിച്ചിരിക്കുന്നത് അര്‍ണോസ് പാതിരി എഴുതിയിട്ടുള്ള മലയാളം വളരെ മോശമാണ് എന്നാണ്. എന്നാല്‍ അദ്ദേഹത്തെ പഠിക്കുന്നവര്‍ക്ക്, മനസ്സിലാകും, അദ്ദേഹത്തിന് അക്ഷരത്തെറ്റോ, വൃത്തഭംഗമോ, വാക്യദോഷമോ, പദദോഷമോ സംഭവിക്കില്ല. ഏതൊരു ആധുനിക എഴുത്തുകാരനെപ്പോലെയും ആധികാരികമായി മലയാളം കൈകാര്യം ചെയ്യാനുള്ള സിദ്ധി അദ്ദേഹം കൈവരിച്ചിരുന്നു… സിറിയന്‍ പാരമ്പര്യത്തിലുള്ള രീതികളാണ് അര്‍ണോസ് പാതിരി അദ്ദേഹത്തിന്‍റെ രചനകളില്‍ ഉപയോഗിച്ചിട്ടുള്ളത്. 1715- 16 മുതല്‍ 1732 വരെയുള്ള കാലത്തിനിടയിലാണ് അദ്ദേഹത്തിന്‍റെ കൃതികള്‍ വിരചിതമായിട്ടുള്ളത്. ആദ്യത്തെ കൃതി ഏതാണ് എന്നത് അതിലെ ഭാഷാരീതികള്‍ നോക്കി അനുമാനിക്കാനേ കഴിയൂ. അദ്ദേഹത്തിന്‍റെ രചനകളൊക്കെ പ്രൗഡഗംഭീരമാണ്. പ്രാസങ്ങളും അനുപ്രാസങ്ങളും യമകം പോലെയുള്ള അലങ്കാരങ്ങളും ഒക്കെ ചേര്‍ന്ന് ഒരു വിദേശമിഷനറി ഇതൊക്കെ എഴുതി എന്നു പറഞ്ഞാല്‍ അത്ഭുതകരമായ ഒരു കാര്യമാണ്. അദ്ദേഹത്തിന്‍റെ അതിമ നോഹരമായ രചന ഉമ്മാടെ ദുഃഖം എന്നതാണ്. അതിനു മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള ആദ്യത്തെ വിലാപരചനയുമാണത്. ഇതു ദൈവികമായ വരദാനമാണ്. മലയാളത്തില്‍ ചങ്ങമ്പുഴയുടെ മനോഹരമായ രചനകളുണ്ട്. അവയ്ക്ക് ഒപ്പം നില്‍ക്കുന്ന ഭാഷാ ഘടനയാണ് അര്‍ണോസ് പാതിരിയുടെ ഉമ്മാടെ ദുഃഖം. അതിനോടടുത്തു വരുന്നത് ജനോവപര്‍വമാണ്. ഇത്തരത്തില്‍ അഭിമാനകരമായൊരു സാഹിത്യ പൈതൃകം അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

ക്രൈസ്തവ സാഹിത്യത്തിന്‍റെ ഏറ്റവും ശക്തമായ പ്രചോദനമായിരിക്കേണ്ടത് ബൈബിളാണ്. എന്നാണ് മലയാളികള്‍ ബൈബിള്‍ പഠിക്കാന്‍ തുടങ്ങിയത്? കേരളത്തിലെ ക്രൈസ്തവസാഹിത്യം ശുഷ്കമായിത്തീര്‍ന്നതിന്‍റെ പിന്നില്‍ ഈയൊരു ഘടകമുണ്ട്. വിശ്വസാഹിത്യത്തിലെ മനോഹരമായ രചനകളില്‍ 90 ശതമാനവും ബൈബിള്‍ സ്പര്‍ശമുള്ളതാണ്. ടോള്‍സ്റ്റോയിയുടെയും ദെസ്തവ് സ്കിയുടെയും കൃതികള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തതു വായിക്കുമ്പോള്‍, അതൊക്കെ ബൈബിളിന്‍റെ ചൈതന്യം നിറഞ്ഞ രചനകളാണെന്നു കാണാം. വിക്ടര്‍ യൂഗോ പോലെയുള്ള എഴുത്തുകാരുടെ രചനകളില്‍ ബൈബിളിന്‍റെ സാന്നിധ്യം കാണാം. ആ സംസ്കാരം, മലയാളത്തില്‍ ബൈബിള്‍ ആദ്യമായി മലയാളിയുടെ ഭാഷയില്‍ പരിചയപ്പെടുത്തിയത് അര്‍ണോസ് പാതിരിയാണ്. ഇതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ സംഭാവനയായി നാം പരിഗണിക്കേണ്ടത്. മലയാള ക്രൈസ്തവരായ എഴുത്തുകാരുടെ ഏറ്റവും ശക്തമായ പ്രചോദന ഘടകമായിരിക്കേണ്ട ബൈബിള്‍, ആ ബൈബിള്‍ സംസ്ക്കാരം നമ്മുടെ എഴുത്തുകാര്‍ക്കു ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയത് മലയാളത്തിലെ ക്രൈസ്തവ സംഭാവനയെ ദുര്‍ബലപ്പെടുത്തിക്കളഞ്ഞ പല ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.

മലയാളത്തിന്‍റെ അഭിമാനമെന്നു വിളിക്കാവുന്നത് ‘വര്‍ത്തമാന പുസ്തകം’ എന്ന യാത്രാവിവരണ ഗ്രന്ഥത്തെയാണ്. ക്രൈസ്തവരെ സംബന്ധിച്ച് അതില്‍ പ്രത്യേകിച്ച് അഭിമാനത്തിന് അവകാശമുണ്ട്. ഇന്ത്യന്‍ സാഹിത്യ ചരിത്രം നോക്കുമ്പോള്‍ മലയാളത്തെക്കാള്‍ കുറച്ചുകൂടി പ്രാമാണികതയുള്ള ഭാഷ ബംഗാളിയാണ്. ബാംഗാളിയില്‍ പോലും ഒരു യാത്രാ വിവരണം ഉണ്ടാകുന്നത് ഇതിനും വളരെ നാളുകള്‍ക്കു ശേഷമാണ്. ഇന്ത്യയിലെ മറ്റൊരു ഭാഷയിലും ഈ കാലഘട്ടത്തില്‍ മറ്റൊരു യാത്രാവിവരണം എഴുതപ്പെട്ടതായി കാണുന്നില്ല. വര്‍ത്തമാന പുസ്തകം എത്രയോ കാലം അച്ചടിമഷി പുരളാതെ കിടന്നു എന്നതാണ് അതിന്‍റെ വലിയ ദൗര്‍ഭാഗ്യം. അതിനു ശേഷമുണ്ടായ പരുമല തിരുമേനിയുടെ ഓര്‍ശ്ലേം യാത്രാവിവരണമൊക്കെയാണ് ആദ്യത്തെ യാത്രാവിവരണം എന്നു ചിലര്‍ വാദിക്കുകയുണ്ടായി. ആ വാദം തെറ്റാണെന്ന് വന്നപ്പോള്‍ അത് ആദ്യത്തെ അച്ചടിച്ച യാത്രാവിവരണം എന്നായി. 1785-ലാണ് വര്‍ത്തമാന പുസ്തകം എഴുതി അതിന്‍റെ മുഖവുര പാറേമാക്കല്‍ തോമാകത്തനാര്‍ തയ്യാറാക്കുന്നത്. വര്‍ത്തമാന പുസ്തകം ഒരു തല്‍സമയ യാത്രാ വിവരണമാണ്. അതാണ് അതിന്‍റെ രചനയെ സംബന്ധിച്ച് നമ്മെ അത്ഭുതപ്പെടുത്തുന്ന കാര്യം. നോട്ടുകള്‍ തയ്യാറാക്കി വച്ചോ കുറിപ്പുകള്‍ തയ്യാറാക്കി വച്ചോ പില്‍ക്കാലത്ത് അദ്ദേഹം എഴുതിയതല്ല അത്. യാത്രയിലുടനീളമുളള എഴുത്താണ്. വളരെ ശക്തിയുള്ള ഭാഷയാണ് അതില്‍ ഉപയോഗിച്ചിരിക്കുന്നത്. പലപ്പോഴും അതില്‍ ഒരു രാഷ്ട്രീയ പ്രസംഗത്തിന്‍റെ കലിപ്പുണ്ടായിരുന്നു. ധാരാളം പഴഞ്ചൊല്ലുകളും നാട്ടുശൈലികളുമൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അതിമനോഹരമായ ഒരു സാഹിത്യ രചനയാണ് വര്‍ത്തമാനപുസ്തകം. അത് പ്രസിദ്ധീകരിച്ചത് 1936-ലാണ്. പ്ലാതോട്ടത്തില്‍ ലൂക്കാ മത്തായി എന്ന അല്മായനാണ് അതിരമ്പുഴ സെന്‍റ് മേരീസ് പ്രസ്സില്‍നിന്ന് ഇത് പ്രസിദ്ധീകരിച്ചത്. 1785 മുതല്‍ 1936 വരെ 151 വര്‍ഷക്കാലം ഇത് അച്ചടിക്കപ്പെടാതെ കിടന്നു എന്നത് വലിയ നഷ്ടമാണ്. എന്നാല്‍ അതിനുശേഷം വര്‍ത്തമാനപുസ്തകത്തിനു കിട്ടിയ അംഗീകരത്തെക്കുറിച്ച് ആര്‍ക്കും തര്‍ക്കമില്ല. അതിന്‍റെ മൂല്യം എല്ലാവരും തിരിച്ചറിയുന്നുണ്ട്. ജാതിമതഭേദമില്ലാതെ ക്രൈസ്തവരുടെ വലിയ ഒരു രചനയായി അംഗീകരിക്കപ്പെടുന്നത് വര്‍ത്തമാന പുസ്തകമാണ്.

ഇനി ആധുനിക കാലഘട്ടത്തിലേക്കു വരുമ്പോള്‍ ഏതാനും കവികളെ കൂടി അനുസ്മരിക്കേണ്ടതുണ്ട്. അതില്‍ ആദ്യത്തേത് കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയാണ്. തൊട്ടുപിന്നാലെ വരുന്നത് ബ്രദറണ്‍ സഭ ഉണ്ടാക്കിയ അകത്തോലിക്കാ വിഭാഗത്തിലെ മഹാകവി കെ.വി. സൈമണാണ്. തുടര്‍ന്ന് കത്തോലിക്കാ സമുദായത്തിലെ പ്രവിത്താനം ടി.എം. ദേവസ്യാ, ഇടയാന്‍മുള കെ.എന്‍. വര്‍ഗീസ് തുടങ്ങിയവരൊക്കെ കവിതയുടെ രംഗത്തു പ്രവര്‍ത്തിച്ച വലിയ വ്യക്തിത്വങ്ങളാണ്. പില്‍ക്കാലത്ത് പ്രൊഫ. മാത്യു ഉലകംതറ, പ്രൊ ഫ. പി.സി. ദേവസ്യ, പ്രൊഫ. ചെറിയാന്‍ കുനിയന്തോടത്ത്, പ്രൊ ഫ. തോമസ് കണിയംപ്ലാവന്‍ തുടങ്ങിയവരും ആ രംഗത്ത് തിളങ്ങി.

ഗദ്യസാഹിത്യം ഏറ്റവും പ്രധാനം നിറഞ്ഞതുതന്നെയാണ്. ഗദ്യസാഹിത്യത്തിന്‍റെ തുടക്കക്കാര്‍ നമ്മളാണ്. ഗദ്യമേഖലയില്‍ വലിയ എഴുത്തുകാര്‍ നമുക്കുണ്ടായി. എം.പി. പോള്‍, ജോസഫ് മുണ്ടശ്ശേരി, കെ.എം. തരകന്‍, കെ.എം. ഡാനിയല്‍ എന്നിവര്‍ മലയാളത്തെ ഒന്നാംകിട നിരൂപകരായിരുന്നു. ഗദ്യമേഖലയില്‍ വലിയ എഴുത്തുകാരെ നാം മലയാളത്തിനു സംഭാവന ചെയ്തിട്ടുണ്ട്. പക്ഷേ, അതിന്‍റെയൊന്നും ഉടമസ്ഥാവകാശം നമുക്കില്ല. നോവല്‍ രംഗത്ത് മലയാളത്തിലെ ആദ്യനോവലായി ഇന്ദുലേഖയാണ് പരിഗണിക്കപ്പെടുന്നത്. 1887-ലാണ് ഇന്ദുലേഖ വരുന്നത്. അതിന് പത്തു മുപ്പതു കൊല്ലങ്ങള്‍ക്കു മുമ്പ് പ്രസിദ്ധീകരിച്ച ഘാതകവധം എന്ന നോവലുണ്ട്. കോളിന്‍ സായിപ്പും അദ്ദേഹത്തിന്‍റെ ഭാര്യയും ചേര്‍ന്നെഴുതിയതാണ് അത്. അതിന്‍റെ മലയാള പരിഭാഷയാണ് ഇവിടെ പ്രസിദ്ധീകരിച്ചത്. ആ നോവലിന് തിരുവിതാംകൂറിന്‍റെ ക്രൈസ്തവാന്തരീക്ഷമാണുള്ളത്. കേരളത്തിന്‍റെ സാമൂഹ്യ പരിഷ്ക്കരണത്തിന്‍റെ മേഖലയില്‍ ഘാതകവധം എന്ന നോവലിന് വലിയ സ്ഥാനമുണ്ട്. ഇതൊക്കെ ആവര്‍ത്തിച്ചു പറഞ്ഞ് ഉറപ്പിക്കാന്‍ നാം തയ്യാറല്ല എന്നതാണ് വാസ്തവം. ക്രൈസ്തവരുടെ ഈ രംഗത്തെ സംഭാവനകളെപ്പറ്റി പറയുമ്പോള്‍ മലയാളത്തിലെ ഏറെ ശ്രദ്ധേയമായ നോവല്‍, ഉന്നതമായ ക്രൈസ്തവദര്‍ശനത്തെ ആവിഷ്കരിക്കുന്നതായി ഉണ്ടായത് പാറപ്പുറത്തിന്‍റെ അരനാഴികനേരം ആണ്. പാപത്തിന്‍റെ ശമ്പളം മരണമാണ് എന്ന പ്രാചീന ക്രൈസ്തവ ദര്‍ശനത്തെ ഒരു കുടുംബത്തിന്‍റെ ജീവിതകഥയിലൂടെ ഉറപ്പിക്കുകയാണ് അതില്‍. ക്രൈസ്തവ കഥാപാത്രങ്ങള്‍ നിറഞ്ഞ നോവല്‍ എന്ന നിലയില്‍ മലയാളത്തിലെ ഒന്നാംകിട നോവലെന്ന് ഉറപ്പിച്ചു പറയാനാവുന്നതാണ് അരനാഴിക നേരം. ഇവിടെ ഏറ്റവും പുതിയ നോവലുകളെപ്പറ്റിയും പറയേണ്ടതുണ്ട്. പക്ഷേ, അതിന്‍റെ മൂല്യനിര്‍ണ്ണയത്തിന് ഞാനത്ര യോഗ്യനല്ല എന്നാണ് എന്‍റെ വിചാരം.

(മലയാള സാഹിത്യത്തിലെ ക്രൈസ്തവസംഭാവനകളെക്കുറിച്ച് അങ്കമാലി സുബോധനയില്‍ നടത്തിയ സുദീര്‍ഘമായ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍ സംയോജിപ്പിച്ചു തയ്യാറാക്കിയത്)

Leave a Comment

*
*