Latest News
|^| Home -> Cover story -> മനഃസാക്ഷിയോടു ചോദിക്കാം!?

മനഃസാക്ഷിയോടു ചോദിക്കാം!?

Sathyadeepam

ടോം ജോസ് തഴുവംകുന്ന്

പ്രകൃതിയും പ്രകൃതിയിലുള്ളവയും നല്ലതു മാത്രം തരുമ്പോള്‍ നാമതിലെല്ലാം വിഷം കലര്‍ത്തി ‘വിജയം’ കൊയ്യാന്‍ പരക്കം പായുകയാണ്. എത്ര കണ്ടു രാസപരിശോധന നടത്തിയാലും അതിനെയെല്ലാം മറികടക്കുന്ന കുബുദ്ധി നാം സ്വന്തമാക്കിയിരിക്കുന്നു. നാം നമുക്കുതന്നെ ‘വിഷ’ മായി മാറിയിരിക്കുന്ന കാലം. കച്ചവടക്കാരായി മാറുന്ന നമ്മുടെ വീക്ഷണം ആപത്താണ്. കൊടുക്കുന്നതിലെല്ലാം വിഷം; വാങ്ങിക്കുന്നതെല്ലാം വിഷരഹിതമായിരിക്കണമെന്ന നിര്‍ബന്ധവും! എത്രമാത്രം നിയമങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം മറികടക്കുവാന്‍ ശ്രമിക്കുന്ന തന്ത്രങ്ങളും നമുക്കു സ്വന്തം.

ഭക്ഷണം തന്നെയാണ് ഔഷധമെന്നാണു ചൊല്ല്. എന്തു ഭക്ഷിക്കുന്നുവോ അതുതന്നെയാണു നാമെന്നു ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഭക്ഷ്യവിഭവങ്ങള്‍ ഏറെ സമൃദ്ധിയോടെ തീന്‍മേശയിലെക്കെത്തുന്ന ആധുനികകാലത്ത് ഇതിലെത്രയുണ്ട് കാലമെത്തി വിളഞ്ഞതും കാലമെത്തി വളര്‍ന്നതും എന്നു ചിന്തിച്ചിട്ടുണ്ടോ? പണ്ടൊക്കെ ഭക്ഷിക്കാനായി കൃത്രിമ വളര്‍ത്തലുകളില്ല. മറിച്ചു സ്വാഭാവിക വളര്‍ച്ചകളുടെ ഫലമാണു നാം തീന്‍മേശയിലെക്കെത്തിച്ചിരുന്നത്. ദൈവം നിശ്ചയിച്ച കാലദൈര്‍ഘ്യം ഓരോ വിളകളെയും ജീവജാലങ്ങളെയും പോഷകസമൃദ്ധവും രുചിസമൃദ്ധവും ആരോഗ്യദായകവുമാക്കിയിരുന്നു. ഇന്നു ശാസ്ത്രം പുരോഗമിച്ചുവെന്നാണു പറയുന്നത്. വിലയുള്ള കാലം നോക്കി വിളയിച്ചെടുക്കാനുള്ള ഹോര്‍മോണുകള്‍ സമൃദ്ധം. എങ്ങനെ വളരണം എന്ന് പൂക്കണം, എന്നു കായ്ക്കണമെന്നൊക്കെ ഹോര്‍മോണ്‍ തീരുമാനിക്കും. നിന്നു തിരിയാനും ഓടിനടക്കാനുമൊന്നുമനുവദിക്കാതെ തീര്‍ത്തും ‘ഉപകരണം’ പോലെ കൂട്ടില്‍ വളരുന്ന ‘ബ്രോയിലര്‍’ സംവിധാനവും മനുഷ്യനെ പണക്കാരനാക്കിയപ്പോള്‍ ഈ പണമെല്ലാം ചികിത്സയുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നതിലേക്കും മാറ്റപ്പെട്ടു.

മണ്ണില്‍ നിന്നു വളം വലിച്ചു വളര്‍ന്നു പൂത്തും കായ്ച്ചും നമ്മുടെ ആരോഗ്യത്തിനു തുണയായിരുന്ന ചെടികളൊക്കെ ശാസ്ത്രത്തിന്‍റെ വഴിയില്‍ മടിയന്മാരായി മാറിയിരിക്കുന്നു. ഇന്ന് ഇലകളിലും കായകളിലുമാണു വളപ്രയോഗം. കാരണം വളരെ പെട്ടെന്നുതന്നെ വളര്‍ച്ചയുടെ പൂര്‍ണതയിലെത്തി ആദായമെടുക്കണം. അനതിവിദൂരഭാവിയില്‍ അന്തരീക്ഷത്തില്‍ നിന്നും വളം വലിക്കുകയും ചുവട്ടില്‍ ഫലം ചൂടുകയും ചെയ്യുന്ന കൃഷിയിനങ്ങള്‍ നാം കണ്ടുപിടിച്ചേക്കാം. കാരണം എല്ലാം നമ്മുടെ കയ്യെത്തുംദൂരത്തു തന്നെയാകണമല്ലോ. ‘മല ചുമക്കുന്ന മടിയന്മാര്‍ക്ക്’ ചെടികളുടെ മുകളില്‍ നിന്നും ഫലം ശേഖരിക്കുകയെന്നതു ചിന്തിക്കാനാകുമോ? അദ്ധ്വാനമില്ലാതെ ആദായം കൂട്ടുക എന്ന ‘ധനതത്ത്വശാസ്ത്രം’ കാര്‍ഷികമേഖലയില്‍ പരീക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍ മടിശീലയ്ക്കു കനമേറുകയും ആരോഗ്യം ചോര്‍ന്നുപോകുകയും ചെയ്തിരിക്കുന്നു.

കടലില്‍നിന്നുള്ളതെല്ലാം അപൂര്‍വവും ആരോഗ്യദായകവുമാണെന്നിരിക്കെ അതിലെല്ലാം വിഷം കലര്‍ത്തി ലാഭമുണ്ടാക്കാന്‍ വെമ്പുന്ന നാം ആര്‍ക്കാണു കടല്‍ സമ്പത്ത് വിറ്റു ധനം സമ്പാദിക്കാന്‍ തിടുക്കം കൂട്ടുന്നത്? വില്ക്കുന്നവര്‍, വാങ്ങുന്നവരുംകൂടിയാണെന്ന സാമാന്യതത്ത്വം നാം മറന്നോ? സ്വന്തം അടുക്കളയിലേക്കുള്ളതു വിഷം ചേര്‍ക്കാതെയും ചന്തയിലേക്കുള്ളതു വിഷം ചേര്‍ത്തും തയ്യാറാക്കുന്ന നാം നമ്മെത്തന്നെ മറക്കുകയല്ലേ?

പുതിയ വിളകളും കൃഷിരീതികളും സമൃദ്ധിയുടെ സിദ്ധാന്തങ്ങളും സാമ്പത്തികശാസ്ത്രങ്ങളുമൊക്കെ വന്നതോടെ ‘തലനരച്ച’ സിദ്ധാന്തങ്ങള്‍ പഴങ്കഥകളായി. ചേമ്പും ചേനയും കാച്ചിലും കപ്പയും ചെറുകിഴങ്ങും കുമ്പളങ്ങയും മത്തങ്ങയും ചുരയ്ക്കയും ചക്കയും ചക്കക്കുരുവും മാങ്ങയുമൊക്കെ സമൃദ്ധിയുടെ സുവിശേഷം പ്രസംഗിച്ചിരുന്ന പഴയ കാലത്ത് ആരോഗ്യവും ആയുസ്സും സൗഹാര്‍ദ്ദവും സഹകരണവും ഹൃദയപരമാര്‍ത്ഥതയുമൊക്കെയുണ്ടായിരുന്നു. വിളവില്‍ ആധുനികതയുടെ വിളവിന്‍റെ സമൃദ്ധി പറയാനില്ലെങ്കിലും സത്യത്തിന്‍റെ മുഖമുണ്ടായിരുന്നു. കുടുംബത്തില്‍ ആളേറെയുണ്ടെങ്കിലും സമൃദ്ധിക്കു കുറവില്ലായിരുന്നു. കാരണം പട്ടിണിക്കുപോലും സ്നേഹത്തിന്‍റെ സമൃദ്ധിയുണ്ടായിരുന്നു; കൂട്ടായ്മയും കൂട്ടുത്തരവാദിത്വവുമുണ്ടായിരുന്നു; വിയര്‍പ്പിന്‍റെ ഗന്ധമുണ്ടായിരുന്നു. ലോകം വിരല്‍ത്തുമ്പിലേക്കെത്തുമ്പോള്‍ ‘എന്‍റെ ലോകം’ എന്ന സ്വാര്‍ത്ഥത ശക്തി പ്രാപിച്ചിരിക്കുന്നു. ഞാന്‍ മാത്രമുള്ള ലോകത്തു വിഷം പ്രശ്നമല്ലല്ലോ; വിജയത്തിലാണു ശ്രദ്ധയത്രയും.

മണ്ണിനെ വിഷപൂരിതമാക്കുമ്പോഴും മണ്ണിനു മുകളിലുള്ളവയില്‍ വിഷം കുത്തിനിറയ്ക്കുമ്പോഴും ഓര്‍ക്കുക നാം നമുക്കുതന്നെ ദുരന്തം നെയ്തുകൂട്ടുകയാണെന്ന്. ചുറ്റുമുള്ളതെല്ലാം മലിനീകരിക്കപ്പെട്ടതെങ്കില്‍ നാം മാത്രമെങ്ങനെയാണു വിശുദ്ധീകരിക്കപ്പെടുന്നത്. ഏതു പരീക്ഷണശാലയില്‍ പരീക്ഷണം നടത്തിയാലും നമ്മുടെ മനഃസാക്ഷി ശുദ്ധീകരിക്കപ്പെടാതെ ഒരു ‘വിഷ’വും മാറില്ല. ഇന്നു വൈകീട്ട് നട്ട് പുലര്‍ച്ചെ വിളവെടുക്കാന്‍ വെമ്പല്‍പൂണ്ടു നില്ക്കുന്ന ആര്‍ത്തിയുടെ മനുഷ്യര്‍ക്കു കൈമോശം വന്നതു മനഃസാക്ഷിതന്നെ! ഒരു ജഡ്ജിയെപ്പോലെ നമ്മെ ശിക്ഷിക്കുന്നതിനുമുമ്പ്, ഒരു സ്നേഹിതനെപ്പോലെ മനഃസാക്ഷി നമുക്കു മുന്നറിയിപ്പു നല്കുന്നുണ്ടെന്നു നാമറിയണം. സ്വാര്‍ത്ഥതയുടെ താഴും താക്കോലുംകൊണ്ടു മനഃസാക്ഷിയെ പൂട്ടിയിട്ടാല്‍ ഉണ്ടാകാവുന്ന ദുരന്തങ്ങള്‍ തന്നെയാണു നാമിന്നു കാണുക.

പ്രകൃതിയും കൃഷിയിടങ്ങളും അതിനനുസൃതമായ കൃഷികളും ചെയ്തിരുന്ന നാം ‘പണം കായ്ക്കുന്ന’തു മാത്രം കൃഷി ചെയ്യാന്‍ തുടങ്ങിയതോടെ വിളകളുടെ വൈവിദ്ധ്യവും കൃഷിയിടങ്ങളുടെ സ്വഭാവവും മാറി. ഇടിച്ചുനിരത്തലും ഇടിച്ചു നികത്തലും നാം ശീലമാക്കി. വെള്ളക്കെട്ടും വരള്‍ച്ചയും വന്നുപെട്ടു. ശുദ്ധമായ കുടിവെള്ളം എങ്ങുമില്ല. ശുദ്ധവായുവും ഓര്‍മയായി. വെള്ളവും വായുവും ‘ശുദ്ധ’രൂപത്തില്‍ കുപ്പികളുമായി, കച്ചവടം തകൃതിയായി; തീന്‍മേശകളില്‍നിന്നു ജീരകവെള്ളവും കരിങ്ങാലിവെള്ളവും ചൂടുവെള്ളവും അപ്രത്യക്ഷമായി. പകരം പോഷകസമൃദ്ധവും രാജകീയവുമായ കുപ്പിവെള്ളം സ്ഥാനം പിടിച്ചുകഴിഞ്ഞു. ഗ്ലാസുകളില്‍ വെള്ളം വയ്ക്കുന്നതു വില കുറഞ്ഞ നടപടിയായി ജനമനസ്സുകളില്‍ സ്ഥാപിച്ചെടുക്കുന്ന കച്ചവട തലച്ചോറും ശക്തമായി.

വിളകളിലെ കീടനാശിനിയെ കഴുകിക്കളയാനും ലായനി കണ്ടുപിടിച്ചിരിക്കുന്നത്രേ! വിഷം വിറ്റും പണം കൊയ്യാം; വിഷം കഴുകിക്കളയാനുള്ള ലായനി വിറ്റും പണം കൊയ്യാം. രണ്ടിന്‍റെയും ലക്ഷ്യം കച്ചവടംതന്നെ. വിഷം നിറച്ച വിളയുടെ സമൃദ്ധിയില്‍ നിന്നും നാം നേടുന്ന പണം എന്തു ചെയ്യാനാണെന്നു മനസ്സിലാകുന്നില്ല. ആരോഗ്യശാസ്ത്രത്തെ അന്ധാളിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്ന രോഗങ്ങളും മരണങ്ങളുംകൊണ്ടു നാം വിറങ്ങലിച്ചുനില്ക്കുമ്പോഴും ഭക്ഷണമാണു മരുന്നെന്നു കരുതുന്ന പോയകാല തലമുറയുടെ വിശ്വാസം എന്തേ നഷ്ടപ്പെടുത്തുന്നു?

നമ്മുടെ മനഃസാക്ഷിയുടെ വിശുദ്ധിക്കു ഭംഗം വന്നതോടെ ചെയ്യുന്നതിലെല്ലാം ഒരു ‘സൈഡ് ഇഫക്ട്’ വന്നുപെട്ടിരിക്കുന്നു. വിയര്‍ക്കാനും ആരോഗ്യത്തിനുംവേണ്ടി പ്രഭാത-സായാഹ്ന നടത്തം ശീലമാക്കുകയും ജീവിതചര്യകളില്‍ ചീറിപ്പായുന്ന വാഹനങ്ങളെ ആശ്രയിക്കുകയും ചെയ്യും. വിയര്‍ക്കുന്ന ജോലികള്‍ ഒഴിവാക്കി തൊഴിലുകളെല്ലാം യന്ത്രത്തെ ആശ്രയിച്ചാക്കുകയും ചെയ്യും. തിരക്കും ടെന്‍ഷനും സമൃദ്ധമായുള്ളപ്പോഴും സമാധാനം തെല്ലുമില്ലെന്നായിരിക്കുന്നു. ചുറ്റിലും ശ്രദ്ധിച്ചാല്‍ പേടിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു. ശുദ്ധമനഃസാക്ഷിയേക്കാള്‍ മയമുള്ള തലയിണയില്ലെന്നാണു മഹദ്വചനം; ഈ തലയിണ കൈമോശം വന്നതുമുതല്‍ നാമെല്ലാം വിഷത്തിന്‍റെ പിന്നാലെയാണ്. ‘കറന്‍സിയുടെ വിത്ത്’ തേടിയുള്ള ആധുനിക കര്‍ഷകരുടെ ആധുനികകൃഷിരീതികള്‍ തിരുത്തണം. പ്രകൃതിയോടു മത്സരിച്ചു ജയിക്കുന്ന വിളകളുടെ ഉത്പാദനസമൃദ്ധിയില്‍ നാം ശക്തി പ്രാപിക്കണം. കഴിക്കുന്നതെല്ലാം ശുദ്ധവും പോഷകസമൃദ്ധവും രുചിയേറിയതുമാകട്ടെ. ആശുപത്രികളും എണ്ണവും സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ വളര്‍ച്ചയ്ക്കുമപ്പുറം സൗഖ്യദായകമായ ഒരു പരിസ്ഥിതിയുടെ പുനഃക്രമീകരണം ഉണ്ടായേ തീരൂ! രോഗം വരാതെ നോക്കുന്നതും അഥവാ രോഗം സങ്കീര്‍ണമാക്കുന്നതില്‍ നിന്നും വിടുതല്‍ കൊടുക്കുന്നതുമായ ജാഗ്രതയുടെ ഇടങ്ങളായി ആശുപത്രികള്‍ മാറണം. രോഗികളുടെ വര്‍ദ്ധനവല്ല ആരോഗ്യമുള്ളവരുടെ ക്ഷേമത്തിനു കാവലാകുന്നതിലാണ് ആശുപത്രികള്‍ ശ്രദ്ധവയ്ക്കേണ്ടത്. വര്‍ഗ-വര്‍ണ വൈജാത്യങ്ങള്‍ക്കപ്പുറം മാനുഷികതയുടെ സമാനതകള്‍ ചികിത്സാരംഗത്തു നീതി പുലര്‍ത്തുകയും വേണം.

മണ്ണിന്‍റെയും പ്രകൃതിയുടെയും സ്വാഭാവിക സിദ്ധികളെ തകിടം മറിക്കുന്ന കൃഷിരീതികള്‍ ഗുണം ചെയ്യില്ല. കാലമെത്താതെ ഫലം തരുന്നതിലേക്കു ചെടികളെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണുകള്‍ നമ്മെയൊക്കെ ‘കാലമെത്താന്‍’ അനുവദിക്കാതെയാക്കാം. ഗുണമെന്നു കണ്ടതില്‍ ദുരന്തം പതിയിരുപ്പുണ്ടെന്നറിയുക. വിലയുള്ളപ്പോള്‍ വിളയുന്നതു ഭക്ഷിച്ചാല്‍ നാമൊക്കെ വിലയില്ലാതെയായിത്തീരാം!? എല്ലാത്തിനും നാം കുറ്റം പറയുന്നതു ‘കാല’ത്തെയാണ്. എന്താണു കാലത്തിനു പ്രശ്നം? നാമല്ലേ മാറിയതും മാറ്റിയതും!? അഥവാ കാലം മോശമാണെങ്കില്‍ അതു ശരിയാക്കാനാണു ദൈവം മനുഷ്യനെ ഈ ലോകത്തിലാക്കിയിരിക്കുന്നതെന്നുകൂടി നാമറിയണം. അതുകൊണ്ടു നാം നമ്മുടെ ചിന്താധാരയും പ്രവര്‍ത്തനരീതികളും കാഴ്ചപ്പാടുകളും തികഞ്ഞ മാനവികതയിലേക്കു തിരിക്കണം. ആരോഗ്യശാസ്ത്രവും ജീവിതരീതികളുമൊക്കെ പ്രസംഗത്തിലൂടെയും പഠനനിരീക്ഷണങ്ങളിലൂടെയും പ്രചരിപ്പിക്കാനാകുന്ന നമുക്കു സ്വന്തം ജീവിതത്തില്‍ നല്ല ഭക്ഷണം ശീലമാക്കാന്‍ കഴിയാത്തതു കഷ്ടംതന്നെ. ഇനിയെങ്കിലും മടങ്ങിവരാം; പഴയകാല വിശുദ്ധ വീക്ഷണത്തിലേക്കും സാഹോദര്യത്തിലേക്കും തിരികെയെത്താം. നാം വിചാരിച്ചാല്‍ നമുക്കു നന്നാകാം; കാരണം തീയും വെള്ളവും നമുക്കു മുന്നിലുണ്ട്; ജീവനും മരണവും മുന്നിലുണ്ട്, സ്വാതന്ത്ര്യമുണ്ട്; ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം; മനഃസാക്ഷി ഉണരണം!!

Leave a Comment

*
*