Latest News
|^| Home -> Cover story -> മാര്‍ ആന്‍റണി കരിയില്‍ എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി

മാര്‍ ആന്‍റണി കരിയില്‍ എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി

Sathyadeepam

എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു പുതിയ ഭരണ സംവിധാനം നിലവില്‍ വന്നു. വത്തിക്കാന്‍റെ അംഗീകാരത്തോടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ വികാര്‍ (മെത്രാപ്പോലിത്തന്‍ വികാരി) എന്ന പുതിയ തസ്തിക സ്ഥാപിച്ച സീറോ-മലബാര്‍ സിനഡ് ആ സ്ഥാനത്തേക്ക് മാണ്ഡ്യരൂപതയുടെ മെത്രാനും എറണാകുളം-അങ്കമാലി അതിരൂപതാംഗവുമായ മാര്‍ ആന്‍റണി കരിയിലിനെ തിരഞ്ഞെടുത്തു.
അദ്ദേഹത്തിന് ആര്‍ച്ചുബിഷപ് പദവിയും മാര്‍പാപ്പ നല്കി.

മാര്‍ കരിയില്‍ ജീവിതരേഖ
എറണാകുളം-അങ്കമാലി അതിരൂപതയിലെ ചേര്‍ത്തല ചാലില്‍ പരേതരായ കരിയില്‍ ജോസഫിന്‍റെയും കൊച്ചുത്രേസ്യയുടെയും രണ്ടാമത്തെ മകനാണ് മാര്‍ കരിയില്‍. 1964 മെയ് 31-ന് സി.എം.ഐ. സഭയില്‍ ചേര്‍ന്നു. 1967 മെയ് 16-ന് പ്രഥമ വ്രതവാഗ്ദാനവും 1977 ഡിസംബര്‍ 27-ന് പൗരോഹിത്യ പട്ടവുമേറ്റു.

ഫിലോസഫിയില്‍ ലൈസന്‍ഷ്യേറ്റ് എം.എ. സോഷ്യോളജി, ബാച്ചിലര്‍ ഓഫ് തിയോളജി, കന്നട ഭാഷയില്‍ ഡിപ്ലോമ എന്നിവ കരസ്ഥമാക്കിയ മാര്‍ കരിയില്‍, പൂന യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യോളജിയിലാണ് ഡോക്ടറേറ്റ് നേടിയത്.

തേവര എസ്.എച്ച്. കോളജില്‍ സോഷ്യോളജി അധ്യാപകനായിരുന്നു. ബാംഗ്ലൂരില്‍ കത്തോലിക്കാ വിശ്വാസികളുടെ ചാപ്ളെയിന്‍, ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ സോഷ്യോളജി വകുപ്പു മേധാവി, പ്രിന്‍സിപ്പല്‍, ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രിന്‍സിപ്പല്‍, കൊച്ചി യൂണിവേഴ്സിറ്റി സെനറ്റ് മെംബര്‍, കോഴിക്കോട് സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെംബര്‍, കേരള സര്‍ക്കാരിന്‍റെ സാക്ഷരത സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കേന്ദ്ര സര്‍ക്കാരിന്‍റെ അഡോപ് ഷന്‍ റിസോഴ്സ് ഏജന്‍സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കേരള സര്‍ക്കാരിന്‍റെ അഡോപ്ഷന്‍ കോ ഓര്‍ഡിനേറ്റിംഗ് ഏജന്‍സി ചെയര്‍മാന്‍, സി.എം.ഐ. എസ്.എച്ച്. പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, വികാര്‍ പ്രൊവിഷ്യല്‍, സോഷ്യല്‍ വര്‍ക്ക് സെക്രട്ടറി, സി.ആര്‍.ഐ. ദേശീയ പ്രസിഡന്‍റ്, സി.എം.ഐ. പ്രിയോര്‍ ജനറല്‍, ബാംഗ്ലൂര്‍ ഫങ്ഷണല്‍ വൊക്കേഷണല്‍ ട്രെയിനിംഗ് ആന്‍റ് റിസര്‍ച്ച് സൊസൈറ്റി പ്രസിഡന്‍റ്, കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്‍റ് അസ്സോസിയേഷന്‍ പ്രസിഡന്‍റ്, കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗം, രാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍റ് ടെക്നോളജി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്, ബിസിനസ്സ് സ്കൂള്‍ എന്നിവയുടെ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതാനും ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2015 ഒക്ടോബര്‍ 15-നാണ് മാണ്ഡ്യരൂപതയുടെ മെത്രാനായി മാര്‍ കരിയില്‍ അഭിഷിക്തനായത്. “എല്ലാവരും ഒന്നിക്കേണ്ടതിന്” എന്ന ആപ്തവാക്യമാണ് മെത്രാനായപ്പോള്‍ അദ്ദേഹം സ്വീകരിച്ചത്. ഇപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയായി നിയുക്തനാകുമ്പോള്‍ ഒരുമയുടെ സന്ദേശവും ദര്‍ശനവും ഏറ്റവും ഫലപ്രദമായി അവതരിപ്പിക്കാനും ആവിഷ്ക്കരിക്കാനുമുള്ള ദൈവനിയോഗമാണ് കരിയില്‍ പിതാവില്‍ നിക്ഷിപ്തമായിരിക്കുന്നത്.

‘ആദ്യപരിഗണന കൂട്ടായ്മയ്ക്ക്’ -മാര്‍ ആന്‍റണി കരിയില്‍
“അതിരൂപതയിലും വൈദികര്‍ക്കിടയിലും കൂട്ടായ്മയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്കാണ് ആദ്യപരിഗണന നല്കുന്നത്. അതിന്‍റെ ഭാഗമായി അതിരൂപതയിലെ 16 ഫൊറോനകളിലെയും വൈദികരെ ഫൊറോന കേന്ദ്രങ്ങളില്‍ വ്യക്തിപരമായി കണ്ടു സംസാരിക്കാനുള്ള പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും പാതയിലൂടെ സുവിശേഷാധിഷ്ഠിതമായി ഒരുമിച്ചു നീങ്ങാന്‍ എല്ലാവരുടെയും സഹായവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. ഈശോയുടെ തിരുഹൃദയം നമ്മെ വഴി നടത്തട്ടെ.”

അതിരൂപതയില്‍ വിശ്രമജീവിതം നയിക്കുന്ന വൈദികരെ സന്ദര്‍ശിച്ചുകൊണ്ടായിരുന്നു അഭിവന്ദ്യ ആന്‍റണി കരിയില്‍ പിതാവ് തന്‍റെ അജപാലന ശുശ്രൂഷ ആരംഭിച്ചത്. തങ്ങളുടെ ജീവിതവും ജീവനും അതിരൂപതയ്ക്കുവേണ്ടി സമര്‍പ്പിച്ച ആ വന്ദ്യ വൈദികരുടെ ആശീര്‍വാദത്തോടെ ആരംഭിച്ച ആ അജപാലനാഭിമുഖ്യത്തെ വലിയ സന്തോഷത്തോടെയാണ് വൈദികര്‍ സ്വീകരിച്ചത്. ദീര്‍ഘകാലമായി എറണാകുളത്തുള്ള പിതാവിന്‍റെ പരിചയവും ബന്ധങ്ങളും പ്രശ്നപരിഹാരം വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന നിരീക്ഷണവുമുണ്ട്.

Comments

One thought on “മാര്‍ ആന്‍റണി കരിയില്‍ എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി”

  1. Sunny says:

    Prayers & wishes

Leave a Comment

*
*