കൃപയുടെവഴിയില്‍ മാര്‍ ചിറ്റിലപ്പിള്ളി

കൃപയുടെവഴിയില്‍ മാര്‍ ചിറ്റിലപ്പിള്ളി

ഫ്രാങ്ക്ളിന്‍ എം.

"മുംബൈയിലെ ധാരാവി, ധാരാവി എന്നു കേട്ടിട്ടുണ്ടോ?" – മലയാള സിനിമയില്‍ ചില വില്ലന്‍ കഥാപാത്രങ്ങളും കൊമേഡിയന്മാരും ഇടക്കിടയ്ക്ക് തട്ടിവിടുന്ന ഈ ഡയലോഗ് കേട്ടാല്‍ ബിഷപ് പോള്‍ ചിറ്റിലപ്പിള്ളി ഒന്നു മന്ദഹസിക്കും. കാരണം, പിതാവ് ധാരാവി, ധാരാവി എന്നു കേള്‍ക്കുക മാത്രമല്ല; അവിടേക്കു കടന്നു ചെല്ലുകയും ക്രിസ്തുവിനു വേണ്ടി ആത്മാക്കളെ നേടുകയും ചെയ്തവനാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമെന്നു കേള്‍വികേട്ട ധാരാവി പലതുകൊണ്ടും പ്രസിദ്ധമാണ്. പാവപ്പെട്ട ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടം. അവികസിതവും വൃത്തിഹീനവുമായ ചുറ്റുപാടുകള്‍, പലതരക്കാരും ഭാഷക്കാരും വസിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍. ചാലുകള്‍ എന്നാണിവ അറിയപ്പെടുന്നത്. ഒറ്റമുറി വീടാക്കി ഉപയോഗിക്കുന്ന ആയിരങ്ങള്‍. മുറിക്കു പുറത്തെ വിസര്‍ജ്യങ്ങളും മാലിന്യങ്ങളും പട്ടികളും പന്നികളും വൃത്തിയാക്കുന്നു. (ഇന്നിപ്പോള്‍ ഇതിനൊക്കെ മാറ്റം വന്നു).

ഈ ചാലുകളില്‍ കഴിയുന്ന മലയാളികളെത്തേടിയാണ് മുംബൈയില്‍ അജപാലന ശുശ്രൂഷ ചെയ്തിരുന്ന നാളില്‍ മോണ്‍സിഞ്ഞോര്‍ പോള്‍ ചിറ്റിലപ്പിള്ളി ധാരാവിയിലെത്തിയത്. തൃശ്ശൂര്‍ രൂപതയില്‍ വികാരി ജനറാളായി സേവനം ചെയ്തശേഷം തുടര്‍ നിയമനത്തിലാണ് മറ്റു മൂന്നു വൈദികര്‍ക്കൊപ്പം മുംബൈയിലെ പ്രേഷിതവേല ആരംഭിച്ചത്. മുംബൈയിലെ സീറോ-മലബാര്‍ വിശ്വാസികളുടെ ചാപ്ലെയ്നായ മോണ്‍. ചിറ്റിലപ്പിള്ളിയും സഹ വൈദികരും അവിടെ നാല്‍പതോളം സെന്‍ററുകള്‍ വീതിച്ചെടുത്തു പ്രവര്‍ത്തനം തുടങ്ങി. "ഓരോ സ്ഥലത്തെയും കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് അവിടെയുള്ള കുടുംബങ്ങളെ പരിചയപ്പെടുകയും അവരുടെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുകയുമാണു ആദ്യം ചെയ്തത്" – ചിറ്റിലപ്പിള്ളി പിതാവ് അനുസ്മരിക്കുന്നു. സീറോ-മലബാര്‍ വിശ്വാസികളുടെ അജപാലന കാര്യങ്ങള്‍ നിര്‍വഹിക്കുകയും ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ സീറോ-മലബാര്‍ റീത്തില്‍ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു.

കെസിഎ എന്ന സംഘടനാ ഭാരവാഹികളായിരുന്നു അച്ചന്മാര്‍ക്കു തുണ. വിവിധ സെന്‍ററുകളില്‍ അവര്‍ അച്ചന്മാര്‍ക്കു വഴികാട്ടി. എന്നാല്‍ ധാരാവിയിലേക്കു പോകാന്‍ പലരും മടിച്ചു. പക്ഷെ മോണ്‍. ചിറ്റിലപ്പിള്ളി പിന്മാറിയില്ല. അവിടെയുള്ളവരും ദൈവമക്കളാണ്. ധാരാവിയിലെ പരിമിതമായ സൗകര്യങ്ങളിലേക്കും, ഭിതിപ്പെടുത്തുകയും മടുപ്പിക്കുകയും ചെയ്യുന്ന ചുറ്റുപാടുകളിലേക്കും അദ്ദേഹം കടന്നുചെന്നു. ദിവസങ്ങള്‍ നീണ്ട സന്ദര്‍ശനത്തിനൊടുവില്‍ ഇരുന്നൂറോളം പേരെ അദ്ദേഹം വീണ്ടെടുത്തു. "തങ്ങള്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നത് അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. പലരും പള്ളികളില്‍ പോകുന്നവരോ കൂദാശകള്‍ സ്വീകരിക്കുന്നവരോ ആയിരുന്നില്ല. അടുത്തുള്ള ദേവാലയത്തില്‍ ഞാന്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ അവരെ പങ്കെടുപ്പിച്ചു. പിന്നീട് കല്യാണ്‍ രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ ആ പ്രദേശത്തെ പ്രത്യേക പ്രേഷിതമേഖലയാക്കി രൂപത സ്വീകരിക്കുകയുണ്ടായി" – പിതാവ് പറയുന്നു.

വഴിവെട്ടി വഴി നടക്കുന്നവനാണ് ആഗസ്റ്റ് 24-ന് മെത്രാഭിഷേകത്തിന്‍റെ 31-ാം വാര്‍ഷികം ആഘോഷിക്കുന്ന ചിറ്റിലപ്പിള്ളി പിതാവ്. 85 വര്‍ഷങ്ങള്‍ നീളുന്ന ഈ ജീവിതത്തില്‍ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളും ദൗത്യങ്ങളും ശുഷ്കാന്തിയോടെ നിര്‍വഹിച്ചു. 1934 ഫെബ്രുവരി 7-ന് തൃശ്ശൂര്‍ മറ്റം ഇടവകയില്‍ ജനിച്ച പിതാവ് റോമില്‍ ഉന്നതപഠനം നടത്തി 1961-ല്‍ അവിടെവച്ചു വൈദികപട്ടം സ്വീകരിച്ചു. നാട്ടില്‍ തിരിച്ചെത്തി അല്‍പ കാലം ഇടവകസേവനം ചെയ്ത ശേഷം വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ പ്രൊഫസറായി. 1971-ല്‍ കുണ്ടുകുളം പിതാവിന്‍റെ ചാന്‍സലറായി നിയമിക്കപ്പെട്ടു. 1978 മുതല്‍ 1988 വരെ വികാരി ജനറലായിരുന്നു. തുടര്‍ന്ന് മുംബൈയിലെ ശുശ്രൂഷകള്‍ക്കിടയില്‍ 1988-ല്‍ കല്യാണ്‍ രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ പ്രഥമ മെത്രാനായി നിയമിക്കപ്പെട്ടു. 10 വര്‍ഷത്തോളം അവിടെ സേവനം ചെയ്തു. താമരശ്ശേരി മെത്രാനായിരുന്ന മാര്‍ തൂങ്കുഴി തൃശ്ശൂര്‍ ആര്‍ച്ചുബിഷപ്പായി സ്ഥലം മാറിപ്പോയപ്പോള്‍ താമരശ്ശേരിയുടെ സാരഥിയായി അവരോധിതനായി. 13 വര്‍ഷം രൂപതയെ നയിച്ച അദ്ദേഹം 2010 ഏപ്രില്‍ 8-ന് രൂപതാഭരണത്തില്‍ നിന്നു വിരമിച്ചു.

വിശ്രമജീവിതം എന്നൊരു പദം ചിറ്റിലപ്പിള്ളി പിതാവിന്‍റെ നിഘണ്ടുവില്‍ ഇല്ല. അന്തരിച്ച ഷെവലിയാര്‍ എന്‍.എ. ഔസേഫ് മാസ്റ്ററിനു അന്ത്യോപചാരമര്‍പ്പിക്കാന്‍ തൃശ്ശൂര്‍ വരെ ദീര്‍ഘയാത്ര നടത്തിയതിന്‍റെ പിന്നാലെയാണ് താമരശ്ശേരി ബിഷപ്സ് ഹൗസില്‍ പിതാവിനെ കാണുന്നത്. "മരിക്കുന്നതുവരെ എനിക്കു ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യണം എന്നാണാഗ്രഹം" – പിതാവ് പറയുന്നു. ഇപ്പോള്‍ പ്രാര്‍ത്ഥിക്കാനും വായിക്കാനും ചിന്തിക്കാനും എഴുതാനുമൊക്കെ കൂടുതല്‍ സമയം കിട്ടുന്നുണ്ട്. മെത്രാനായിരുന്നപ്പോള്‍ എഴുതണമെന്നു കരുതിയ പലതും ഇക്കാലഘട്ടത്തില്‍ പൂര്‍ത്തീകരിച്ചു. അതില്‍ പ്രധാനം "കൃപയുടെ വഴിയില്‍" എന്ന ജീവചരിത്രഗ്രന്ഥമാണ്. 2013-ല്‍ പ്രസിദ്ധീകരിച്ച 560 പേജുകളുള്ള ഈ ബൃഹത് ഗ്രന്ഥം പിതാവിന്‍റെ ജീവിത കഥ മാത്രമല്ല, ഒരു കാലഘട്ടത്തിന്‍റെ ചരിത്രരേഖയും കൂടിയാണ്.

റോമില്‍ ഉപരിപഠനത്തിനിടയില്‍ അവധിക്കാലത്ത് വിവിധ രാജ്യങ്ങളില്‍ പിതാവ് വൈദിക ശുശ്രൂഷ ചെയ്തിട്ടുണ്ട്. പിന്നീട് മെത്രാനായ ശേഷവും നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഓരോ യാത്രയും പുതിയ അറിവുകളും അനുഭവങ്ങളുമായിരുന്നു. നന്മയുടെ നല്ല പാഠങ്ങള്‍ കണ്ടിടത്തുനിന്നു അവയൊക്കെയും വാരിക്കൂട്ടി. ഇംഗ്ലണ്ടില്‍ ലണ്ടന്‍ ബ്രിഡ്ജിനടുത്തുള്ള സെന്‍റ് മേരി ലാസലെറ്റ് ഇടവകയില്‍ വൈദിക ശുശ്രൂഷ ചെയ്യുമ്പോള്‍ അതിനടുത്തുള്ള ഗയിസ് ഹോസ്പിറ്റലും സന്ദര്‍ശിച്ചിരുന്നു. കത്തോലിക്കരായ രോഗികളുടെ ലിസ്റ്റ് കൈപ്പറ്റി അവരെ ചെന്നു കാണും. കൗദാശിക ജീവിതത്തില്‍നിന്നകന്നു കഴിഞ്ഞിരുന്നവരെ അതിലേക്കു അടുപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു പിതാവു പറയുന്നു. രാത്രിയില്‍ പലപ്പോഴും രോഗീലേപനവും അന്ത്യകൂദാശയും നല്‍കാന്‍ വിളിക്കുമ്പോള്‍ സന്തോഷത്തോടെ പോയിരുന്നു. അതുപോലെ ആ ഇടവകയില്‍ രോഗികളായി കഴിഞ്ഞിരുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ വീടുകളില്‍ സന്ദര്‍ശിച്ചിരുന്നു. ഈ അനുഭവ പരിചയവും ശൈലിയും പില്‍ക്കാലത്ത് അജപാലന ശുശ്രൂഷയില്‍ വളരെ ഗുണം ചെയ്തിട്ടുണ്ടെന്നു പിതാവു വ്യക്തമാക്കുന്നു. നാട്ടില്‍ തിരിച്ചെത്തി ആളൂര്‍, വെള്ളാഞ്ചിറ ഇടവകകളില്‍ സേവനം ചെയ്തപ്പോള്‍ 9 മാസത്തിനിടയില്‍ രണ്ടു തവണയെങ്കിലും വീടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. രോഗികളായവരെ ആദ്യവെള്ളിയാഴ്ചകളില്‍ വീട്ടില്‍ചെന്നു കുമ്പസാരിപ്പിക്കും. വിശുദ്ധ കുര്‍ബാനയും നല്‍കും. മോട്ടോര്‍ സൈക്കിളിലായിരുന്നു യാത്ര. ഈ ശൈലി പിന്നീടു മുംബൈയിലടക്കം പലയിടത്തും തുടര്‍ന്നു.

വൈദികനായി 58 വര്‍ഷങ്ങള്‍, മെത്രാനായി 31 വര്‍ഷങ്ങള്‍. സഭയ്ക്കും സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ട സംവത്സരങ്ങള്‍… വിപുലവും വൈവിധ്യവുമായ സേവനങ്ങള്‍… ഒന്നും തന്‍റെ മിടുക്കല്ലെന്ന് ചിറ്റലപ്പിള്ളി പിതാവ് പറയുന്നു: "എന്‍റെ ജീവിതത്തിന്‍റെ ഒരു ഘട്ടത്തിലും ഏതെങ്കിലും പദ്ധതിയുടെ ആവിഷ്ക്കാരത്തിനായി ഞാന്‍ ശ്രമിച്ചിട്ടില്ല. അതേസമയം, സ്നേഹവും സംരക്ഷണവും നല്‍കി ദൈവം അപ്രതീക്ഷിതമായ മേഖലകളിലേക്ക് എന്നെ കൊണ്ടു ചെല്ലുകയായിരുന്നു. എന്‍റെ ജീവിതം ദൈവകാരുണ്യത്തില്‍ മാത്രം മുന്നോട്ടു പോകുന്നതാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞു. ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല."

കല്യാണ്‍ രൂപതാ മെത്രാനായി നിയമിച്ചുള്ള അറിയിപ്പുകിട്ടിയപ്പോള്‍ അതൊട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. ദൈവികപദ്ധതിയായി സ്വീകരിച്ചു. ചിതറിക്കിടക്കുന്ന അജഗണങ്ങളെ ഒരുമിപ്പിക്കാനും ഇല്ലായ്മകളില്‍ നിന്നു സഭയെ പടുത്തുയര്‍ത്താനുമുള്ള വിളിയായിരുന്നു അത് "ഐക്യം, സ്നേഹം, ത്യാഗം" (unity, love, sacrifice) എന്ന ആദര്‍ശവാക്യമാണ് കല്യാണ്‍ രൂപതാ മെത്രാനായപ്പോള്‍ മാര്‍ ചിറ്റിലപ്പിള്ളി സ്വീകരിച്ചത്. "ചിതറിക്കിടക്കുന്നവരെ ഐക്യത്തിലേക്കു കൊണ്ടുവരണം, അവരെ സ്നേഹസമൂഹമാക്കി മാറ്റണം, തുടര്‍ന്ന് കര്‍ത്താവിന്‍റെ ബലിയിലേക്ക്, കൂട്ടായ്മയിലേക്ക് അവരെ കൊണ്ടുവരണം. അതിനുള്ള പരിശ്രമങ്ങളാണു ഞാന്‍ നടത്തിയത്." – പിതാവ് പറയുന്നു. വിവിധ സഭാസമൂഹങ്ങളുടെയും വൈദികരുടെയും വിശ്വാസികളുടെയും പിന്തുണ ബാലാരിഷ്ടതകള്‍ താണ്ടാന്‍ സഹായിച്ചു. ആധ്യാത്മികതയിലും ഭൗതികമായ പുരോഗതിയിലും രൂപതയെ നയിക്കാനുള്ള ആയാസകരമായ ദൗത്യം ഏറെ സന്തോഷത്തോടെയാണ് പിതാവ് അനുഷ്ഠിച്ചത്.

പിന്നീട് താമരശ്ശേരി രൂപതാ മെത്രാനായി നിയമിക്കപ്പെട്ടതും അപ്രതീക്ഷിതമായിട്ടായിയിരുന്നുവെന്ന് പിതാവു പറയുന്നു. കല്യാണില്‍ നിന്നൊരു മടക്കം പ്രതീക്ഷിച്ചിരുന്നതല്ല. "താമരശ്ശേരിയിലെ കുടിയേറ്റ ജനതയുമായി എനിക്കൊരു ബന്ധവും ഉണ്ടായിരുന്നില്ല. കല്യാണ്‍ രൂപതയുടെ ആരംഭം മുതല്‍ എന്‍റെ ജീവിതം സമര്‍പ്പിച്ചിരുന്നതുകൊണ്ട് അവിടെ നിന്നൊരു മാറ്റം ആഗ്രഹിച്ചിരുന്നില്ല" – എന്നാല്‍ ദൈവം ഏല്‍പിക്കുന്ന ജോലി എന്തായാലും ഉത്തരവാദിത്വത്തോടെ ചെയ്യണമെന്ന ചിന്തയോടെ പരി. സിംഹാസനത്തിന്‍റെ ഉത്തരവ് കൈപ്പറ്റി. "നവീകരിക്കുക, ശക്തിപ്പെടുത്തുക" (to renew, and to strengthen) എന്ന ആപ്തവാക്യം സ്വീകരിച്ചു കൊണ്ടാണ് താമരശ്ശേരിയിലെ സാരഥ്യം പിതാവ് ഏറ്റെടുത്തത്. "മങ്കുഴിക്കരി പിതാവ് കെട്ടിപ്പൊക്കിയ രൂപത, തൂങ്കുഴി പിതാവ് വളര്‍ത്തിക്കൊണ്ടു വന്നു. എനിക്കു ചെയ്യാനുള്ളത് അതു കൂടുതല്‍ നവീകരിക്കുകയും ശക്തിപ്പെടുത്തുകയുമാണെന്നു തോന്നി. അതുകൊണ്ടാണ് ഈ ആദര്‍ശവാക്യം സ്വീകരിച്ചു വിവിധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയത്" – പിതാവു പറയുന്നു.

കുടുംബ നവീകരണത്തിലൂടെ തന്‍റെ ആപ്തവാക്യത്തിന്‍റെ പൂര്‍ണമായ ഫലപ്രാപ്തി രൂപതയില്‍ കൈവരിക്കുന്നതിന് ചിറ്റിലപ്പിള്ളി പിതാവ് പരിശ്രമിച്ചു. രൂപതയില്‍ 13 വര്‍ഷത്തിനുള്ളില്‍ ഉണ്ടായ പള്ളിയുടെ എണ്ണം വളര്‍ച്ചയുടെ വ്യാപ്തി വെളിപ്പെടുത്തുന്നുണ്ട്. വൈദികരുടെ എണ്ണം സാരമായി വര്‍ദ്ധിച്ചതും സന്യസ്തരുടെ എണ്ണവും പ്രവര്‍ത്തനമേഖലയും വിപുലമായതും ഈ കാലഘട്ടത്തിലാണ്. "നമ്മുടെ സൗകര്യങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്പെടുന്നതാകണം. എന്‍റെ അജപാലന ശുശ്രൂഷയില്‍ എന്നെ ഏല്‍പിച്ച ആളുകള്‍ക്കൊപ്പം നില്‍ക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഒറ്റയ്ക്ക് ഒന്നും സാധ്യമല്ല. കൂട്ടായ്മയിലാണ് വളര്‍ച്ച. അതിലാണ് ശക്തിയും സൗന്ദര്യവും" – ചിറ്റിലപ്പിള്ളി പിതാവ് സൂചിപ്പിക്കുന്നു.

വൈദികരായാലും കുടംബജീവിതം നയിക്കുന്നവരായാലും ദൈവത്തിനു പ്രീതികരമായതാണു ചെയ്യേണ്ടത്. നാം നമ്മെത്തന്നെ വിധിക്കണം. തിരുത്താനുള്ളത് തന്നിലേക്കു തിരിഞ്ഞുനോക്കി തിരുത്തണമെന്നു പിതാവു നിഷ്കര്‍ഷിക്കുന്നു. ഇന്നു സഭയില്‍ ഉയരുന്ന ചില അസ്വാരസ്യങ്ങളും അപസ്വരങ്ങളുമെല്ലാം വയോധികനായ ഈ മെത്രാനച്ചനെ വ്യസനിപ്പിക്കുന്നുണ്ട്. അതേപ്പറ്റി ചോദിച്ചാലും പറഞ്ഞാലും പിതാവ് അല്‍പനേരം മൗനിയാകും. ആ കണ്ണുകള്‍ നിറയുന്നുവോ എന്നു തോന്നും. അപ്പോള്‍ ഒരു നെടുവീര്‍പ്പിലൂടെ പിതാവ് പറയന്നു: "സീറോ-മലബാര്‍ സഭയ്ക്ക് വലിയൊരു ദൗത്യമുണ്ട്. ഈശോയ്ക്കു സാക്ഷ്യം വഹിക്കാനും സഭയില്‍ സാക്ഷ്യം നല്‍കാനുമുള്ള ദൗത്യം. ഓരോരുത്തരും താന്താങ്ങളുടെ പോരായ്മകള്‍ തിരിച്ചറിയണം "ഞാന്‍ പിഴയാളി" എന്നാണു പറയേണ്ടത്. വൈദികരായാലും മെത്രാനായാലും അല്‍മായരായാലും സ്വയം തിരുത്തണം. ഹൃദയപരിവര്‍ത്തനം സ്വയം ഉണ്ടാകണം, ദൈവകൃപയില്‍ ആശ്രയിക്കണം."

ഔദ്യോഗിക ജീവിതത്തില്‍ വിഷമകരമായ ഘട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു പിതാവു പറയുന്നു. സര്‍വശക്തനായ ദൈവം എന്നും പരിരക്ഷിച്ചിട്ടേയുള്ളൂ. തിരുവമ്പാടി എംഎല്‍എ-യായിരുന്ന മത്തായി ചാക്കോയുടെ മൃതദേഹ സംസ്ക്കാരവുമായി ബന്ധപ്പെട്ട് പിതാവു നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളോട് അന്ന് സി പിഎം സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനം വലിയ വിവാദമായിരുന്നു. പിതാവിനെ വ്യക്തിപരമായി അധിക്ഷേപിച്ച പിണറായി വിജയനെ വിമര്‍ശിച്ചും പിതാവിനെ അനുകൂലിച്ചും വളരെപ്പേര്‍ രംഗത്തു വന്നു. എന്നാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വിവാദങ്ങളിലേക്ക് പിതാവ് പോയില്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും മാനസിക വിഷമമുണ്ടോ എന്നു ചോദിച്ചവര്‍ക്കുള്ള മറുപടിയായി ആത്മകഥയില്‍ പിതാവ് എഴുതിയത് ഇങ്ങനെ: "ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ എന്‍റെ മനസ്സിനെ ഒരു തരത്തിലും അതു മുറിപ്പെടുത്തിയിട്ടില്ല. ഒരു ക്രിസ്തുശിഷ്യന്‍ എന്ന നിലയില്‍ ഇത്തരത്തിലുള്ള അവസരങ്ങള്‍ ഉണ്ടാകുമെന്ന് ഈശോനാഥന്‍ മുന്നറിയിപ്പു നല്‍കിയിട്ടുള്ളത് ഞാന്‍ പൂര്‍ണമായും സ്വീകരിക്കുന്നു. ശ്രീ. പിണറായി വിജയന്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് ഞാന്‍ അദ്ദേഹത്തോടു പൂര്‍ണമായി ക്ഷമിക്കുകയും അദ്ദേഹത്തിന്‍റെ നന്മയക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു." ഈ സംഭവത്തിനു വര്‍ഷങ്ങള്‍ക്കു ശേഷം പിണറായി വിജയന്‍ താമരശ്ശേരി അരമന സന്ദര്‍ശിക്കുകയുണ്ടായി. എന്നാല്‍ അന്നു ചിറ്റിലപ്പിള്ളി പിതാവ് അവിടെ ഉണ്ടായിരുന്നില്ല. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തൃശ്ശൂരിലായിരുന്നു. ഈ വിഷയത്തെക്കുറിച്ച് തങ്ങള്‍ തമ്മില്‍ പിന്നീടൊരു സംഭാഷണവും ഉണ്ടായിട്ടില്ലെന്നും ചിറ്റിലപ്പിള്ളി പിതാവ് പറയുന്നു.

ഈ ലോകജീവിതത്തില്‍ ഇനിയെന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതു തമ്പുരാനാണു നിശ്ചയിക്കേണ്ടതും വെളിപ്പെടുത്തി തരേണ്ടതും. എന്നാല്‍ ഇനിയിപ്പോള്‍ മരണത്തെ കാത്തിരിക്കുകയാണെന്നാണ് ചിറ്റിലപ്പിള്ളി പിതാവു പറയുന്നത്.

മരിക്കാന്‍ പേടിയുണ്ടോ?

"ഇല്ല, ഒട്ടുമില്ല. പൗലോസ് ശ്ലീഹ പറയുന്നതുപോലെ നാം അതിനുവേണ്ടിയാണല്ലോ വന്നത്" എങ്കിലും ചിറ്റിലപ്പിള്ളി പിതാവിന് ഒരപേക്ഷയുണ്ട്: "പരലോകത്തു കൊണ്ടുപോയി പീഡിപ്പിക്കരുത്. എല്ലാം ഇവിടെവച്ച് അവസാനിപ്പിക്കണം. നേരെ അങ്ങു ചെല്ലണം. അതൊരു സ്വാര്‍ത്ഥതയാകാം. പക്ഷെ അതിനും മുകളിലാണെന്‍റെ പ്രാര്‍ത്ഥന – പിതാവേ നിന്‍റെ ഇഷ്ടം നിറവേറട്ടെ."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org