ഈസ്റ്റര്‍ : കല്ലറ പിളര്‍ന്ന പ്രത്യാശ

ഈസ്റ്റര്‍ : കല്ലറ പിളര്‍ന്ന പ്രത്യാശ


മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്

ഈ ലോകജീവിതത്തിലെ മനുഷ്യന്‍റെ സകല ഉദ്യമങ്ങള്‍ക്കും അന്ത്യം കുറിക്കുന്ന മരണമെന്ന യാഥാര്‍ത്ഥ്യത്തെ പരാജയപ്പെടുത്തി ക്രിസ്തു മനുഷ്യവംശത്തിന് പ്രത്യാശയും ആനന്ദവും പ്രദാനം ചെയ്ത ഒരു ചരിത്ര സംഭവമാണല്ലോ ഉത്ഥാനതിരുനാള്‍. മനുഷ്യന്‍റെ എല്ലാ സഹനങ്ങള്‍ക്കും അര്‍ത്ഥമുണ്ടെന്ന് ലോകത്തെ ഓര്‍മ്മപ്പെടുത്തിയ മുഹൂര്‍ത്തമാണിത്. മരണത്തിന്‍റെ മരണം ലോകം ദര്‍ശിച്ച ദിവസം. മരണമൊന്നിന്‍റെയും അവസാനമല്ല മറിച്ച് ക്രിസ്തുവിലുള്ള ജീവിതത്തിന്‍റെ ആരംഭമാണെന്ന സത്യം നമ്മെ ഓര്‍മ്മിപ്പിക്കുന്ന അവസരമാണിത്. അതുകൊണ്ടാണ് ബൈസൈന്‍റെയന്‍ ആരാധനക്രമവത്സരത്തില്‍ ഉത്ഥാനതിരുനാള്‍ ദിനത്തില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത് "ക്രിസ്തു മരിച്ചവരില്‍ നിന്നുയിര്‍ത്തു. തന്‍റെ മരണത്തിലൂടെ മരണത്തെ കീഴടക്കി. മരിച്ചവര്‍ക്ക് അവിടുന്ന് ജീവന്‍ നല്‍കി."

ആരാധനക്രമവത്സരത്തിലെ ഏറ്റവും സുപ്രധാന തിരുനാളായ ഉത്ഥാനതിരുനാളാണ് രക്ഷാകര ചരിത്രത്തിന്‍റെ കേന്ദ്രബിന്ദുവും ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിത്തറയും. ഉത്ഥാനം എല്ലാ പഴയനിയമ പ്രവചനങ്ങളുടെയും പരസ്യജീവിതകാലത്തെ ക്രിസ്തുവിന്‍റെ എല്ലാ പ്രബോധനങ്ങളുടെയും സ്ഥിരീകരണമാണ്. മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ പല പ്രബോധനങ്ങളും ഉത്ഥാനമെന്ന വലിയ രഹസ്യത്തില്‍ സ്ഥിരീകരിക്കപ്പെട്ടു. ശിഷ്യന്മാരുടെ പ്രബോധനവും ഇതിന് സാക്ഷ്യം നല്‍കുന്നു. "ഞങ്ങള്‍ നിങ്ങളോട് പ്രസംഗിക്കുന്ന സുവിശേഷം ഇതാണ്; പിതാക്കന്‍മാര്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനം യേശുവിനെ ഉയിര്‍പ്പിച്ചുകൊണ്ട് ദൈവം അവരുടെ മക്കളായ നമുക്കായി നിറവേറ്റി തന്നിരിക്കുന്നു" (അപ്പ. 13:32). ഈ പരമോന്നത സത്യം ആദിമ ക്രൈസ്തവ സമൂഹം അവരുടെ വിശ്വാസജീവിതത്തിന്‍റെ അടിസ്ഥാന സത്യമായി വിശ്വസിക്കുകയും ജീവിക്കുകയും പഠിപ്പിക്കുകയും പാരമ്പര്യത്തിലൂടെ പകര്‍ന്നു നല്‍കുകയും ചെയ്തു. അതുകൊണ്ടാണ് ഉത്ഥാനമാണ് വിശ്വാസജീവിതത്തിന്‍റെ അടിത്തറയെന്ന് പറയുന്നത്.

വിശ്വാസജീവിതത്തിന്‍റെ അടിത്തറയായ ഉത്ഥാനം ഒരു കെട്ടുകഥയോ, ശിഷ്യന്‍മാരുടെ ഭാവനയില്‍ വിരിഞ്ഞ സാങ്കല്പിക കഥയോ അല്ല. ഇതൊരു ചരിത്ര യാഥാര്‍ത്ഥ്യമാണ്. പുതിയ നിയമ രചനകളെല്ലാം ഈയൊരു ചരിത്ര സംഭവത്തിന്‍റെ അനുഭവക്കുറിപ്പുകളാണ്. ഉത്ഥാനത്തിന്‍റെ ഏറ്റവും പ്രകടമായ അടയാളം ശൂന്യമായ കല്ലറയാണ് (യോഹ. 20:1). പുനരുത്ഥാനമെന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്നതിനുള്ള ആദ്യപടിയാണത്. യേശുവിന്‍റെ ശിഷ്യന്മാരും പ്രത്യേകിച്ച് പത്രോസും യോഹന്നാനും യേശുവിനെ അനുഗമിച്ച ഭക്തസ്ത്രീകളുമാണ് ശൂന്യമായ കല്ലറയുടെ പ്രഥമ ദൃക്സാക്ഷികള്‍. അപ്പസ്തോലന്മാരുടെ സാക്ഷ്യങ്ങള്‍ പ്രത്യേകിച്ച് യോഹന്നാന്‍റെ സുവിശേഷത്തിലെ പരാമര്‍ശങ്ങള്‍ ഉത്ഥാനത്തിന് യുക്തിഭദ്രമായ അടിസ്ഥാനം നല്‍കുന്നതാണ്. "ഈ ശിഷ്യന്‍ തന്നെയാണ് ഈ കാര്യങ്ങള്‍ക്ക് സാക്ഷ്യം നല്‍കുന്നതും ഇവ എഴുതിയതും" (യോഹ. 21:24). അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ വി. പത്രോസ് ശ്ലീഹ പറയുന്നു: "ദൈവം അവനെ മൃത്യുപാശത്തില്‍ നിന്ന് വിമുക്തനാക്കി, ഉയിര്‍പ്പിച്ചു" (അപ്പ. 3:15). പൗലോസ് ശ്ലീഹാ പറയുന്നു; "ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗവും നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥമാണ്" (1 കോറി. 15: 14). എന്നാല്‍ ഇതിനെക്കാളേറെ പ്രധാനപ്പെട്ട കാര്യം ക്രിസ്തുവിന്‍റെ ഉത്ഥാനം അവന്‍ തന്നെ മുന്‍ കൂട്ടി പ്രവചിച്ചിരുന്നുവെന്നുള്ളതാണ്. പീഢാനുഭവ ഉത്ഥാന പ്രവചനങ്ങളുടെ പരിസമാപ്തിയാണ് ഉത്ഥാനം (ലൂക്കാ 20:17-19; മര്‍ക്കോ 10:32-34), (മത്തായി 17:22- 23; മര്‍ക്കോ 9:30-32).

പാപാന്ധകാരത്തിലാഴ്ന്നുപോയ മനുഷ്യവംശത്തെ രക്ഷിക്കാന്‍ മന്നിലവതരിച്ച ക്രിസ്തു തന്‍റെ ദൗത്യം പൂര്‍ത്തിയാക്കി മനുഷ്യകുലത്തിന് പ്രത്യാശയെന്ന വലിയ ഔഷധം സമ്മാനിച്ചതിന്‍റെ അനുസ്മരണമാണ് യഥാര്‍ത്ഥത്തില്‍ ഉത്ഥാനത്തിന്‍റെ അന്തസത്ത. ജീവിതത്തില്‍ പ്രതീക്ഷയ്ക്ക് വിപരീതമായ കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ പലപ്പോഴും മനുഷ്യമനസ്സ് മടുക്കുകയും ഉള്‍ക്കാഴ്ച നഷ്ടപ്പെടുകയും മുഖം മ്ലാനമാകുകയും കണ്ണുകള്‍ മൂടപ്പെടുകയും ചെയ്യാറുണ്ട്. ക്രിസ്തുവിന്‍റെ മരണാനന്തരം ശിഷ്യന്മാരുടെ അവസ്ഥയിതായിരുന്നു. എന്നാല്‍ ക്രിസ്തു ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ മനസ്സിന്‍റെ മന്ദത മാറുകയും കണ്ണുകള്‍ തുറക്കപ്പെടുകയും മുഖം പ്രസന്നമാവുകയും ഹൃദയം ശാന്തമാവുകയും ചെയ്യും. എമ്മാവൂസിലേയ്ക്ക് പോയ ശിഷ്യന്‍മാരുടെ ജീവിതത്തിലുണ്ടായത് ഇതാണ്. ദൈവസാന്നിദ്ധ്യത്തിന്‍റെ ഇടമായിരുന്ന ജറുസലെമില്‍ നിന്ന് പ്രത്യാശ നഷ്ടപ്പെട്ട് നഷ്ടധൈര്യരായി എമ്മാവൂസിലേയ്ക്ക് പോയപ്പോള്‍ അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നു, കണ്ണുകള്‍ മൂടപ്പെട്ടിരുന്നു. എന്നാല്‍ ഉത്ഥിതന്‍ കൂടെ നടന്നപ്പോള്‍ അവരുടെ ജീവിതത്തിന് വെളിച്ചം കിട്ടി, ഉള്‍ക്കാഴ്ച ലഭിച്ചു. അവര്‍ ഉത്ഥിതനെ ദര്‍ശിച്ചു. ഈ തിരിച്ചറിവ് അവരെ ജറുസലേമിലേയ്ക്ക് – ക്രിസ്തുശിഷ്യരുടെ കൂട്ടായ്മയിലേയ്ക്ക് തിരികെ മടങ്ങിച്ചെല്ലാനും ദൈവീക സത്യങ്ങള്‍ പ്രഘോഷിക്കാനുള്ള അഭിഷേകവും ധൈര്യവും നല്‍കി കരുത്തുള്ളവരാക്കി. ചുരുക്കത്തില്‍ ഉത്ഥിതനുമായുള്ള സഹവാസം മനുഷ്യര്‍ക്ക് നല്‍കുന്ന ചില സമ്മാനങ്ങള്‍ ഇവയാണ്; ഹൃദയത്തില്‍ ശാന്തത, കാഴ്ചകളില്‍ ഉള്‍ക്കാഴ്ച, മുഖത്തില്‍ പ്രസന്നത, ജീവിതത്തിന് പ്രസരിപ്പും പ്രത്യാശയും.

ഉത്ഥിതന്‍ നല്‍കുന്ന മറ്റൊരു കൃപ നിത്യരക്ഷയാണ്. വിശ്വാസജീവിതത്തിലുള്ള ഉണര്‍വ്വാണ് ഒ രുവനെ രക്ഷയിലേയ്ക്ക് നയിക്കുന്നത്. എന്നാല്‍ രക്ഷയുടെ അടിത്തറ ഉയിര്‍പ്പാണ്. ഉത്ഥിതനെ വി ശ്വസിച്ച് ഏറ്റു പറയുന്നവര്‍ക്കുള്ള സമ്മാനമാണ് നിത്യരക്ഷ. പൗ ലോസ്ശ്ലീഹാ പറയുന്നു: "യേശു കര്‍ത്താവാണെന്ന് അധരംകൊ ണ്ട് ഏറ്റു പറയുകയും ദൈവം അ വനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പി ച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും" (റോമാ 10:9). രക്ഷയുടെ വാതിലായ മാമ്മോദീസ സ്വീകരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം പാപത്തില്‍ മരിച്ച് യേശുവിന്‍റെ കുരിശുമരണത്തിന്‍റെ ശക്തിയാല്‍ അവന്‍റെ ഉത്ഥാനത്തില്‍ പങ്കുചേരുകയാണ് (റോമാ 6:5-6). മാമ്മോദീസായില്‍ നമുക്ക് പാപമോചനവും നിത്യജീവിതത്തിലുള്ള പങ്കാളിത്തവും ലഭിക്കുന്നുണ്ട്. അങ്ങനെ ക്രിസ്തുവിന്‍റെ ഉത്ഥാനത്തില്‍ നാം പങ്കുചേരുന്നു. അവസാനം മരണാനന്തരം നമു ക്ക് പുനരുത്ഥാനം കരഗതമാകുന്നത് ക്രിസ്തുവിന്‍റെ ഉത്ഥാനം വഴിയാണ്. അതായത് ഉത്ഥാനമാണ് രക്ഷയുടെ അടിസ്ഥാനം. ഈ ഉത്ഥാനാനുഭവമാണ് നമ്മുടെ വിശ്വാസത്തിന്‍റെയും പ്രഘോഷണത്തിന്‍റെയും അടിത്തറയായി നിലകൊള്ളുന്നത്.

ഉത്ഥിതന്‍ നല്‍കുന്ന പ്രത്യാശ മനുഷ്യജീവിതത്തെ കൂടുതല്‍ സന്തോഷവും ആനന്ദവുമുള്ളതാക്കുന്നു. എമ്മാവൂസിലെ ശിഷ്യന്മാരും തിബേരിയാസ് കടല്‍ത്തീരത്തെ ശിഷ്യന്മാരും ഉത്ഥിതനെ ദര്‍ശിച്ചപ്പോള്‍ കൂടുതല്‍ സന്തോഷവും ഉന്മേഷവും ധൈര്യവുമുള്ളവരായി മാറുന്നത് വചനത്തില്‍ നാം വായിക്കുന്നുണ്ട്. അതുകൊണ്ട് ജീവിതത്തിലെ സന്തോഷത്തിന്‍റെയും ആനന്ദത്തിന്‍റെയും അടിത്തറ സമ്പത്തോ, കഴിവോ, ബന്ധങ്ങളോ, സ്വാധീനമോ അല്ല മിറച്ച് ഉത്ഥിതന്‍റെ സാന്നിധ്യവും അവനോടൊത്തുള്ള സഹവാസവുമാണെന്ന് നമുക്ക് മറക്കാതിരിക്കാം.

ഉത്ഥാനം ചെയ്ത ക്രിസ്തു ശിഷ്യഗണത്തിന് നല്‍കിയ പ്രധാനപ്പെട്ട സമ്മാനം സമാധാനമാണ്. ഉത്ഥാനത്തിനുശേഷം ക്രിസ്തു ശിഷ്യഗണത്തെ അഭിസംബോധന ചെയ്തപ്പോഴെല്ലാം അവന്‍ ആദ്യം പറഞ്ഞത് 'നിങ്ങള്‍ക്ക് സമാധാനം' എന്നാണ് (ലൂക്കാ 24:36, യോഹ. 20:19, 20:27). ഈ സമാധാന സംസ്ഥാപനമായിരുന്നു അവന്‍റെ വരവിന്‍റെ ആത്യന്തിക ലക്ഷ്യം. അവന്‍റെ ജനനവേളയില്‍ മാലാഖമാരുടെ സന്ദേശം ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനമെന്നായിരുന്നു (ലൂക്കാ 2:14). ക്രിസ്തുവിനെക്കുറിച്ചുള്ള ഏശയ്യാ പ്രവചനത്തിലുള്ള ഒരു പ്രധാന പരാമര്‍ശം സമാധാന രാജാവ് (ഏശയ്യാ 9:6) എന്നുള്ളതായിരുന്നു. സമാധാനരാജാവായ ക്രിസ്തു തന്‍റെ പ്രബോധനങ്ങളും പീഢാസഹന കുരിശുമരണവും ഉത്ഥാനവും വഴി സമാധാനം ഭൂമിയില്‍ സ്ഥാപിച്ചു. ഈ സമാധാനം അനുഭവിക്കണമെങ്കില്‍ ഉത്ഥിതനോട് ചേര്‍ന്ന് നില്‍ക്കണം, അവനോട് ചേര്‍ന്ന് നടക്കണം; അവന്‍റെ പ്രമാണങ്ങളും പ്രബോധനങ്ങളും സ്വീകരിച്ച് അതിനനുസരിച്ച് ജീവിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്ന കൃപയാണ് സന്തോഷവും, സമാധാനവും, പ്രത്യാശയും.

ഈ ഉത്ഥിതനെ തേടിയുള്ള യാത്രയില്‍ നമുക്ക് കേള്‍ക്കാവുന്ന വചനം 'ഭയപ്പെടേണ്ട' എന്നുള്ളതാണ്. ക്രിസ്തുവിന്‍റെ മരണാനന്തരം മഗ്ദലേന മറിയവും മറ്റു സ്ത്രീകളും കബറിടത്തില്‍ പ്രവേശിച്ചപ്പോള്‍ ദൈവദൂതന്‍ അവരോട് പറഞ്ഞു "ഭയപ്പെടേണ്ട" (മത്തായി 28:5). പിന്നീട് കബറിടത്തില്‍ നിന്ന് ശിഷ്യരുടെ അടുത്തേയ്ക്ക് അവര്‍ പോയപ്പോള്‍ ക്രിസ്തു പറഞ്ഞു "ഭയപ്പെടേണ്ട" (ലൂക്കാ 28:8). ഉത്ഥിതന്‍ അവരുടെ ഭയപ്പാടുകള്‍ ഏറ്റെടുക്കുന്നതുകൊണ്ട് ഭയപ്പെടേണ്ട എന്നു പറയുന്നത.് അതിന്‍റെ അര്‍ത്ഥം അവന്‍ എപ്പോഴും കൂടെയുണ്ടെന്നാണ്. യുഗാന്ത്യംവരെ ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും (മത്താ 28:20) എന്ന വചനം ഇതിന്‍റെ സാക്ഷ്യമാണ്. മനുഷ്യന്‍റെ കൂടെ നടക്കുന്ന ഒരു ദൈവമുണ്ടെന്നുള്ളതാണ് ഉത്ഥിതന്‍ നമുക്ക് നല്‍കുന്ന ഉറപ്പും ക്രിസ്ത്യാനികളായ നമ്മുടെ ശക്തിയും. ഈ തിരിച്ചറിവ് നമ്മുടെ ക്ലേശങ്ങളെയും പീഢാനുഭവങ്ങളെയും ധീരതയോടെ നേരിടാന്‍ നമുക്ക് കരുത്ത് പകരുന്നുണ്ട്. കൂടെ നടക്കുന്ന ദൈവത്തെ നമുക്കനുഭവിക്കാന്‍ സാധിക്കുന്ന നിമിഷമാണ് വി. കുര്‍ബാനയുടേത്. നമ്മുടെ ഭയപ്പാടുകള്‍ അവന്‍ ഏറ്റെടുത്ത് നമുക്ക് സമാധാനവും ധൈര്യവും സമ്മാനിക്കുന്ന അനുഗ്രഹ മുഹൂര്‍ത്തമാണിത്. സീറോ മലബാര്‍ കുര്‍ബാനയില്‍ സമാപനാശീര്‍വ്വാദ പ്രാര്‍ത്ഥനയ്ക്കുശേഷം വൈദികന്‍ ബലിപീഠം ചുംബിച്ചുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു "വിശുദ്ധീകരണത്തിന്‍റെ ബലിപീഠമേ സ്വസ്തി, കര്‍ത്താവിന്‍റെ കബറിടമേ സ്വസ്തി" എന്ന്. കര്‍ത്താവിന്‍റെ കബറിടത്തില്‍നിന്ന് ഭക്തസ്ത്രീകള്‍ ആദ്യം കേട്ട സ്വരങ്ങളാണ് ഇന്ന് കര്‍ത്താവിന്‍റെ കബറിടമായ ബലിപീഠത്തില്‍ നിന്ന് ഓരോ വി. കുര്‍ബാനയിലും ഈശോ നമ്മളോട് പറയുന്നത്. "ഭയപ്പെടേണ്ട", "നിങ്ങള്‍ക്ക് സമാധാനം" ഈ സ്വരങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുമാറ് ഒരുക്കത്തോടെ ബലിയര്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ. എല്ലാവര്‍ക്കും ഉത്ഥാനതിരുനാള്‍ മംഗളങ്ങള്‍ സ്നേഹത്തോടെ നേരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org