Latest News
|^| Home -> Cover story -> “പ്രവൃത്തിയിലും സത്യത്തിലും സ്നേഹിക്കുക”

“പ്രവൃത്തിയിലും സത്യത്തിലും സ്നേഹിക്കുക”

Sathyadeepam

ഇടുക്കി രൂപതയുടെ പ്രഥമ അദ്ധ്യക്ഷനായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ പിന്‍ഗാമിയായി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഏപ്രില്‍ 5-ന് അഭിക്ഷിക്തനാകുന്നു. പാലാരൂപതയില്‍ നിന്ന് ഇടുക്കിയിലേക്കു കുടിയേറിയതാണ് നിയുക്ത മെത്രാന്‍റെ കുടുംബം. പാലാ കടപ്ലാമറ്റം ഇടവകയില്‍ പരേതനായ നെല്ലിക്കുന്നേല്‍ വര്‍ക്കി-മേരി ദമ്പതികളുടെ മകനായി 1973 മാര്‍ച്ച് 22-നാണ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്‍റെ ജനനം. മരിയപുരം സെന്‍റ് മേരീസ് ഹൈസ്ക്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം 1988-ല്‍ കോതമംഗലം രൂപതയുടെ മൈനര്‍ സെമിനാരിയില്‍ വൈദികാര്‍ത്ഥിയായി. വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ തത്ത്വശാസ്ത്ര പഠനവും ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി 1998 ഡിസംബര്‍ 30-ന് പൗരോഹിത്യമേറ്റു. വിവിധ ഇടവകകളില്‍ അസി. വികാരിയായി സേവനം ചെയ്ത ശേഷം റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു തത്ത്വശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും സെന്‍റ് തോമസ് അക്വീനാസ് യൂണിവേഴ്സിറ്റിയില്‍ നിന്നു തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. മാവടി സെന്‍റ് തോമസ് പള്ളി വികാരിയായി സേവനം ചെയ്തിട്ടുണ്ട്. ഇടുക്കിരൂപതാ ചാന്‍സലറും ബിഷപ്പിന്‍റെ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. രൂപതാ മതബോധന വിഭാഗത്തിന്‍റെയും ബൈബിള്‍ അപ്പസ്തോലേറ്റിന്‍റേയും ഡയക്ടറായിരുന്നു. 2010-ല്‍ മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ റെസിഡന്‍റ് അദ്ധ്യാപകനായി നിയമിക്കപ്പെട്ട ഇദ്ദേഹം സെമിനാരി പ്രൊക്യൂറേറ്ററായും പിന്നീട് ഫിലോസഫി ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ഡീന്‍ ആയും സേവനം ചെയ്തു. ഇടുക്കി രൂപതയുടെ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍റെ സെക്രട്ടറിയായി സേവനം ചെയ്തുവരുമ്പോഴാണ് രൂപതയെ നയിക്കാനുള്ള നിയോഗം വന്നു ചേരുന്നത്. ഇടുക്കി രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലുമായി സത്യദീപം സീനിയര്‍ സബ് എഡിറ്റര്‍ ഫ്രാങ്ക്ളിന്‍ എം. നടത്തിയ അഭിമുഖസംഭാഷണം.

? പുതിയ നിയമനത്തെയും ഉത്തരവാദിത്വത്തെയും പിതാവ് എങ്ങനെ കാണുന്നു?
ഈ നിയോഗം ദൈവത്തിലാശ്രയിച്ചു ഞാന്‍ സ്വീകരിക്കുകയാണ്. ദൈവം ഈ ശുശ്രൂഷയ്ക്കായി എന്നെ തിരഞ്ഞെടുത്തത് അവിടുത്തെ കാരുണ്യത്തിന്‍റെ പ്രകടനമായിട്ടാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്‍റെ അറിവും കഴിവും അനുഭവവും വച്ചു നോക്കുമ്പോള്‍ എന്നേക്കാള്‍ പ്രഗത്ഭരായ പലരും ഈ രൂപതയിലുണ്ട്. ഗൗരവമേറിയ ഈ ഉത്തരവാദിത്വം വിശ്വസ്തതയോടെ നിര്‍വഹിക്കാനുള്ള കൃപയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവം എന്നെ ഭരമേല്‍പിക്കുന്ന ഉത്തരവാദിത്വം പരമാവധി അവിടുത്തെ ഹൃദയത്തിനിണങ്ങിയ രീതിയില്‍ നിര്‍വഹിക്കണമെന്നാണ് എന്‍റെ ആഗ്രഹം.

? മെത്രാന്മാര്‍ക്കിടയില്‍ വളരെ ചെറുപ്പമാണ് പിതാവ്, അതിന്‍റെ സമ്മര്‍ദ്ദങ്ങളോ ആ വിധത്തില്‍ എന്തെങ്കിലും ആശങ്കകളോ ഉണ്ടോ?
പ്രായത്തില്‍ താരതമ്യേന ചെറുപ്പമാണെന്നതു വാസ്തവമാണ്. ഈ പ്രായത്തില്‍ സഭ ഈ സ്ഥാനത്തേക്കു നിയോഗിച്ചത് ദൈവിക ഇടപെടലായി കാണുന്നു. അതുകൊണ്ടുതന്നെ ദൈവം എനിക്കു ശക്തി തരും എന്ന വി ശ്വാസമുണ്ട്. ഞാന്‍ എന്താണോ അതു ദൈവകൃപയാലാണ്. ഒരു പാടു പേര്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്.

? മെത്രാനാകുമ്പോള്‍ സ്വീകരിക്കുന്ന ആപ്തവാക്യം?
വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ് (1 യോഹന്നാന്‍ 3:18) എന്ന വചനഭാഗത്തില്‍നിന്നും “പ്രവൃത്തിയിലും സത്യത്തിലും സ്നേഹിക്കുക” എന്ന ചിന്തയാണ് എന്‍റെ ആപ്തവാക്യമായി ഞാന്‍ സ്വീകരിച്ചിരിക്കുന്നത്. ദൈവം തന്‍റെ സ്നേഹം പുത്രനായ ഈശോയിലൂടെ വെളിവാക്കി. വെളിവാക്കിയ ആ സ്നേഹമാണ് വിശുദ്ധ ഗ്രന്ഥത്തിന്‍റെ കാതല്‍. ഈ സ്നേഹം അവിടുന്ന് വെളിവാക്കിയത് പ്രവൃത്തിയിലൂടെയാണ്. സ്നേഹം എന്നത് ഒരു വികാരമല്ല, അത് പ്രവൃത്തിയില്‍ അധിഷ്ഠിതമാണ്. ഈശോ തന്‍റെ സ്നേഹം വെളിവാക്കിയത് കാല്‍വരിയില്‍ തന്നെത്തന്നെ മനുഷ്യവംശത്തിന് യാഗമായി അര്‍പ്പിച്ചുകൊണ്ടാണ്. ഈശോയുടെ ആ സ്നേഹം ജീവിക്കുക എന്നതാണ് ഇടയധര്‍മ്മമായി ഞാന്‍ കാണുന്നത്.

? ഇടുക്കി രൂപതയുടെ മെത്രാനാകുമ്പോള്‍ അങ്ങയുടെ പ്രവര്‍ത്തനപദ്ധതി എന്തായിരിക്കും?
ഏതെങ്കിലും പ്രത്യേകമായ പ്രവര്‍ത്തന പദ്ധതിയെക്കുറിച്ചു ഞാന്‍ വിഭാവന ചെയ്തിട്ടില്ല. സഭ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സഭയുടെ പഠനങ്ങള്‍ അനുസരിച്ചുള്ള അജപാലന ശുശ്രൂഷ നിര്‍വഹിക്കുക എന്നുള്ളതാണ് എന്‍റെ മനസ്സിലുള്ളത്. വിശ്വാസത്തെയും സന്മാര്‍ഗ്ഗത്തെയും സംബന്ധിച്ച് ജനങ്ങളെ പഠിപ്പിക്കണം, അതുപോലെ വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായര്‍ക്കും നല്‍കേണ്ട നേതൃത്വം, വൈദിക വിദ്യാര്‍ത്ഥികളുടെ പരിശീലനം… ഇതെല്ലാം സഭയുടെ കാഴ്ചപ്പാടനുസരിച്ച് ചെയ്യുക എന്നുള്ളതാണ്. ഓരോ കാലഘട്ടത്തിനും അതിന്‍റേതായ അജപാലന പദ്ധതികള്‍ രൂപപ്പെടുത്തണം. അത് അറിവുള്ള വൈദികരോടും സന്യസ്തരോടും അല്മായരോടുമൊക്കെ ആലോചിച്ചും ചര്‍ച്ച ചെയ്തും രൂപപ്പെടുത്തേണ്ടതാണെന്നു കരുതുന്നു.

ഇടുക്കി രൂപത അവിടത്തെ ദൈനംദിന ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. ഇടുക്കിയുടെ കുടിയേറ്റ കാലഘട്ടം മുതല്‍ ജനങ്ങളുടെ എല്ലാ കാര്യങ്ങളിലും പള്ളി ഒരു വലിയ ഘടകമായിരുന്നു. അതു ക്രൈസ്തവരുടെ ഇടയില്‍ മാത്രമല്ല, നാനാജാതി മതസ്ഥരുടെ ഇടയില്‍ അതിനു വലിയ സ്ഥാനമുണ്ട്. അത്രമാത്രം ജനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന മേഖലയായതുകൊണ്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ അനുസരിച്ച് അതിനോടു പ്രതികരിക്കാനും ജനകീയ പ്രശ്നങ്ങളില്‍ കൂടെ നില്‍ക്കാനും രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ പരിശ്രമിക്കേണ്ടതുണ്ട്.

? കുടിയേറ്റ മേഖലയായ ഇടുക്കിയിലെ ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം എന്താണ്?
ഇടുക്കിയില്‍ പ്രധാനമായും നേരിടുന്ന പ്രശ്നം ഒരു വലിയ വിഭാഗം കര്‍ഷകര്‍ക്ക് പട്ടയം ഇല്ല എന്നതാണ്. പട്ടയം കിട്ടിയവര്‍ക്കു തന്നെ പല കാര്യങ്ങളിലും ഒരുപാട് നിബന്ധനകളുണ്ട്. വീടുവയ്ക്കുന്നതിലും ഇലക്ട്രിസിറ്റി എടുക്കുന്നതിലും മറ്റും ധാരാളം നിബന്ധനകളുണ്ട്. കുറേയധികം പേര്‍ക്കു പട്ടയം കിട്ടാത്തതുകൊണ്ട് ജന ജീവിതം വളരെ ദുസ്സഹമാണ്. പ്രകൃതിരമണീയമായ സ്ഥലവും വിനോദസഞ്ചാരികള്‍ക്കു പ്രിയങ്കരവുമൊക്കെയാണ് ഇടുക്കി. പക്ഷെ അവിടെ ജീവിച്ചുപോകാന്‍ പ്രയാസങ്ങളുണ്ട്.

? രൂപതയെ നയിച്ച ആനിക്കുഴിക്കാട്ടില്‍ പിതാവിന്‍റെ ദര്‍ശനങ്ങളെ എപ്രകാരം വീക്ഷിക്കുന്നു? അദ്ദേഹവുമായുള്ള വ്യക്തിബന്ധം?
ഇടുക്കി രൂപതയെ കെട്ടിപ്പടുക്കാന്‍ 15 വര്‍ഷക്കാലം വളരെ ആത്മാര്‍ത്ഥമായും കഠിനമായും ആനിക്കുഴിക്കാട്ടില്‍ പിതാവ് അദ്ധ്വാനിച്ചിട്ടുണ്ട്. ആദ്യകാല കുടിയേറ്റക്കാരിലൊരാളാണ് പിതാവ്. കുടിയേറ്റത്തിന്‍റേതായ എല്ലാ കഷ്ടപ്പാടുകളും അനുഭവിച്ചിട്ടുണ്ട്. ഇടുക്കിയിലെ കര്‍ഷകപ്രശ്നങ്ങളില്‍ അദ്ദേഹം തന്‍റെ നിലപാട് എടുത്തിട്ടുണ്ട്. വ്യക്തിജീവിതത്തില്‍ വിശ്വാസപരവും സഭാപരവുമായ ദര്‍ശനങ്ങള്‍ നിഷ്ഠയോടുകൂടി പാലിക്കുന്ന വ്യക്തിയാണ്. വളരെ ലളിതമാണ് ജീവിതം. ഇടുക്കിക്കു പുറമെയുള്ള പൊതുസമൂഹം പിതാവിനെ അറിയുന്നത്, കര്‍ഷക സമരങ്ങളില്‍ പിതാവ് എടുത്ത നിലപാടുകള്‍ വഴിയാണ്. അതിനുമപ്പുറം, വളരെ സാധാരണനിലയില്‍ ആരംഭിച്ച ഒരു രൂപതയെ കെട്ടിപ്പടുക്കാന്‍ അദ്ദേഹം ചെയ്ത അത്യധ്വാനമാണ് വിലയിരുത്തപ്പെടേണ്ടത്. വ്യക്തിപരമായി പറയുകയാണെങ്കില്‍ പിതാവ് എന്‍റെ അധ്യാപകനായിരുന്നു. ഉപരിപഠനശേഷം മൂന്നുവര്‍ഷക്കാലം അദ്ദേഹത്തിനൊപ്പം രൂപതയുടെ ചാന്‍സലര്‍, സെക്രട്ടറി എന്നീ നി ലകളില്‍ പ്രവര്‍ത്തിച്ചു. വളരെ ഊഷ്മളമായ സ്നേഹബന്ധം പിതാവുമായി ഉണ്ട്.

? പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു ഫ്രാന്‍സിസ് പാപ്പ ശക്തമായി പറയുമ്പോഴും കേരളത്തിലെ കത്തോലിക്കരെക്കുറിച്ചു പറയുന്ന ആരോപണം, നാം പരിസ്ഥിതി സംരക്ഷണത്തില്‍ വെണ്ടത്ര ശ്രദ്ധയൂന്നുന്നില്ല എന്നാണ്?
പരിസ്ഥിതി സംരക്ഷണത്തില്‍ സഭാനേതൃത്വത്തിന്‍റെ തലത്തില്‍ വളരെയധികം ശ്രദ്ധ നല്‍കുന്നുണ്ട്. കെസിബിസി തലത്തില്‍ അതിനു വ്യക്തമായ നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുണ്ട്. ലൗദാത്തോസി എന്ന ചാക്രീകലേഖനത്തെക്കുറിച്ച് വളരെയധികം പഠനങ്ങള്‍ നടത്തുകയും പല രൂപതകളും വിവിധ കര്‍മ്മപരിപാടികള്‍ ആവിഷ്ക്കരിക്കുകയും ചെയ്തു. നമ്മുടെ ആശ്രമങ്ങളിലും പള്ളികളിലും സന്യാസഭവനങ്ങളിലുമൊക്കെ വളരെ കൃത്യമായ രീതിയില്‍ പലയിടത്തും പരിസ്ഥിതി പരിപാലനം കാണാനാവും. ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പരിസ്ഥിതി പരിപാലനം നടക്കുന്നില്ല എന്നു പറയുമ്പോള്‍ അതു കത്തോലിക്കരെക്കുറിച്ചു മാത്രം പറയേണ്ട ആരോപണമല്ല. ഭാരതത്തിലെ ജനങ്ങളെ പൊതുവേ പരിഗണിച്ചാല്‍ പാശ്ചാത്യനാടുകളില്‍ കാണുന്നത്ര പരിസ്ഥിതി സ്നേഹം കാണാനാവില്ല. പരിസ്ഥിതിയെ പവിത്രമായി പരിരക്ഷിക്കേണ്ട അവബോധം ജനങ്ങളില്‍ കൂടുതല്‍ ഉണ്ടാകണം.

? പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചു കസ്തൂരിരംഗന്‍ – ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ പലവിധ ചര്‍ച്ചകള്‍ക്കും വഴിവയ്ക്കുമ്പോള്‍ ഇക്കാര്യത്തില്‍ സഭയുടെ വ്യക്തമായ നിലപാട് എന്താണ്?
പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്നു തന്നെയാണ് സഭയുടെ നിലപാട്. ഭൂമി നമ്മുടെ പൊതുഭവനമാണ്. പരിസ്ഥിതി സംരക്ഷിക്കപ്പെടുമ്പോള്‍ മനുഷ്യരും സംരക്ഷിക്കപ്പെടണം. അതിജീവനത്തിനുള്ള അവകാശം മനുഷ്യര്‍ക്കെല്ലാവര്‍ക്കുമുണ്ട്. കസ്തൂരിരംഗന്‍ -ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ ബാധിക്കുന്നത് ഇടുക്കിയെ മാത്രമല്ല. പശ്ചിമഘട്ടം മുഴുവനെയും ബാധിക്കുന്നു. സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന ധാരാളം നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. മാധവ് ഗാഡ്ഗില്ലിന്‍റെ താത്വികമായ നിര്‍ദേശങ്ങളോട് വിയോജിപ്പില്ല, പക്ഷെ അതു പ്രായോഗികമായി നടപ്പിലാക്കുമ്പോള്‍ നാട്ടിലെ ജനങ്ങളുടെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായാല്‍ മാത്രമേ പരിസ്ഥിതി സംരക്ഷിക്കപ്പെടുകയുള്ളൂ.

? സഭ ഏറ്റെടുക്കേണ്ട ‘പരിസ്ഥിതി മിഷനെക്കുറിച്ച്’ എന്തു പറയുന്നു?
ഇതു വളരെ അനിവാര്യമായ ഘടകമാണ്. ലോകത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു സഭാ പ്രബോധനം ഫ്രാന്‍സിസ് പാപ്പയുടെ ലൗദാത്തോസിയാണ്. കേരളംപോലെ സഭയ്ക്കു സ്വാധീനമുള്ള സ്ഥലങ്ങളില്‍ പരിസ്ഥിതി മിഷന്‍ സഭ ഏറ്റെടുക്കണം. വനം മാത്രമല്ല, ജലം, മണ്ണ്, വയലുകള്‍, പുഴകള്‍ എല്ലാം സംരക്ഷിക്കപ്പെടണം. സഭയുടെ വേദികളില്‍ ഇതേക്കുറിച്ചുള്ള അവബോധം നല്‍കണം. അതിന്‍റെ സുവിശേഷാത്മകമായ മാനം പകര്‍ന്നു കൊടുക്കുകയും വേണം.

? ഇന്നത്തെ വൈദികരുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു? ഒരു വൈദികനുവേണ്ട അടിസ്ഥാന ഗുണം എന്തായിരിക്കണം?
കാലഘട്ടം വളരെയധികം മാറിയിട്ടുണ്ട്. പല രാജ്യങ്ങളിലും ദൈവവിളിയുടെ എണ്ണത്തില്‍ കുറവുണ്ട്. എന്നാല്‍ നമുക്കു വളരെയധികം പ്രതിബദ്ധതയുള്ള വൈദികര്‍ ഉണ്ടാകുന്നു എന്നതില്‍ നാം ദൈവത്തോടു നന്ദി പറയണം. വളരെയേറെ ത്യാഗപൂര്‍വം ജീവിക്കുന്നവരാണ് ഭൂരിപക്ഷവും. പക്ഷെ അതു കാണാതെ മാധ്യമങ്ങളും മറ്റും ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വ്വതീകരിക്കുന്നതിനാല്‍ ജനസമൂഹത്തിന്‍റെ ഇടയില്‍ വൈദികരെക്കുറിച്ചുള്ള മതിപ്പിനു കോട്ടം സംഭവിക്കുന്നില്ലേ എന്നു സംശയിക്കണം. വൈദികരില്‍ മഹാഭൂരിപക്ഷവും നല്ലവരും നന്നായി ജീവിക്കുന്നവരുമാണ്. സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലും ശോഷണം സംഭവിക്കുന്നുണ്ട്. പക്ഷെ വൈദികരുടെ ഇടയില്‍ അങ്ങനെയൊരു ശോഷണം ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് ചില വീഴ്ചകള്‍ വരുമ്പോള്‍ അതിനു വലിയ വാര്‍ത്താപ്രാധാന്യം കിട്ടുന്നു. അജപാലനപരമായ കാര്യങ്ങളില്‍ വൈദികര്‍ വളരെയധികം ശ്രദ്ധിക്കണം. സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് വൈദികരുടെ വിളി. സാധാരണക്കാരായ ആളുകളോട് വളരെയധികം സംവദിക്കേണ്ടവരുമാണ് വൈദികര്‍. ഒരു വൈദികനുവേണ്ട അടിസ്ഥാനഗുണം, ജീവിതവിശുദ്ധിയാണ്. ജീവിതവിശുദ്ധിയുള്ള, പ്രാര്‍ത്ഥിക്കുന്ന, ലാളിത്യമുള്ള വൈദികന് എന്നും പ്രസക്തിയുണ്ട്.

? സെമിനാരി അധ്യാപകന്‍ എന്ന നിലയിലുള്ള അനുഭവങ്ങളെക്കുറിച്ചും ഇന്നത്തെ സെമിനാരി പരിശീലനത്തെക്കുറിച്ചും എന്തു പറയാനുണ്ട്?
കാലോചിതമായ മാറ്റങ്ങള്‍ സെമിനാരി പരിശീലനത്തില്‍ ഉണ്ടാകുന്നുണ്ട്. കുറേക്കൂടി വ്യക്തി കേന്ദ്രീകൃതമായ പരിശീലനം നല്‍കാന്‍ സഭ പരിശ്രമിക്കുന്നുമുണ്ട്. സെമിനാരി പരിശീലനം ഒരു ഘടകം മാത്രമേ ആകുന്നുള്ളൂ. ഒരു വ്യക്തി എന്തായിരിക്കുന്നു, അയാളുടെ അടിസ്ഥാനഗുണങ്ങള്‍ എന്താണ്, ആ ഗുണങ്ങളി ലാണ് ഈ സെമിനാരി പരിശീലനം നടക്കുന്നത്. ഓരോ കാര്യമാണെങ്കിലും പാത്രങ്ങളുടെ വ്യത്യസ്തത അനുസരിച്ച്, വ്യത്യസ്ത മായ രീതിയിലാണ് അതു സ്വീകരിക്കപ്പെടുന്നത്. കുടുംബങ്ങളിലുണ്ടാകുന്ന മാറ്റം വൈദിക വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്നുണ്ട്. അതുപോലെ അവര്‍ വായിക്കുന്ന മാധ്യമങ്ങളും സ്വാധീനിക്കും. ഒരു തൊഴില്‍ മേഖലയില്‍ നല്‍കപ്പെടുന്ന പരിശീലനം പോലെയല്ല, ഇതൊരു വ്യക്തിയെ രൂപപ്പെടുത്തുന്ന പരിശീലനമാണ്. വ്യക്തിയുടെ തുറവിയും സ്വയം രൂപപ്പെടാനുള്ള ആഗ്രഹവും സെമിനാരി പരിശീലനത്തില്‍ ഒന്നു ചേരുമ്പോഴേ നല്ല വൈദികര്‍ രൂപപ്പെടുകയുള്ളൂ.

? കോട്ടയം സെമിനാരിയില്‍ പഠിച്ചു, ആലുവ സെമിനാരിയില്‍ പഠിപ്പിക്കുന്നു. വ്യത്യാസം?
എന്‍റെ ജീവിതത്തില്‍ കിട്ടിയ വലിയ ഭാഗ്യം കേരളത്തിലെ പ്രധാനപ്പെട്ട സെമിനാരിയില്‍ പഠിച്ചു, മറ്റൊരു പ്രധാന സെമിനാരിയില്‍ പഠിപ്പിക്കാനും സാധിച്ചു എന്നതാണ്. വൈദിക വിദ്യാര്‍ത്ഥി എന്ന നിലയില്‍ കോട്ടയം സെമിനാരിയെ വളരെ ആദരപൂര്‍വം കാണുന്നു. വലിയൊരു സൗഹൃദവലയം അവിടെ നിന്നു കിട്ടി. എന്നെ പഠിപ്പിച്ച അധ്യാപകരെ ബഹുമാനാദരവുകളോടെ ഓര്‍ക്കുന്നു. ലിറ്റര്‍ജി വിവാദം കത്തിനിന്ന കാലഘട്ടമായിരുന്നു അത്. എന്നാലും വൈദികവിദ്യാര്‍ത്ഥികള്‍ തമ്മില്‍ വലിയ സൗഹൃദമായിരുന്നു, അതിന്നും തുടരുന്നു. മംഗലപ്പുഴ സെമിനാരിയെക്കുറിച്ച് എനിക്ക് വലിയ അത്ഭുതമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സെമിനാരി പുണ്യപ്പെട്ട മനുഷ്യര്‍ ജീവിച്ച സ്ഥലമാണ്. മംഗലപ്പുഴ സെമിനാരിയും കാര്‍മ്മല്‍ഗിരി സെമിനാരിയും ഒറ്റ ഫാക്കല്‍റ്റിയായതിനാല്‍ ലത്തീന്‍ റീത്തില്‍പെട്ട വൈദികരുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. വളരെ പ്രഗത്ഭരായ പ്രൊഫസര്‍മാരെ പരിചയപ്പെടാനും ആശയങ്ങള്‍ മനസ്സിലാക്കാനും സാധിച്ചു. അവിടെ ഹൗസ് പ്രൊക്കുറേറ്റായി പ്രവര്‍ത്തിച്ചതും നല്ല അനുഭവമാണ്. കോട്ടയം സെമിനാരി ഒരു വൈദിക വിദ്യാര്‍ത്ഥി എന്ന നിലയില്‍ വളര്‍ത്തിയപ്പോള്‍ ഒരു വൈദികന്‍ എന്ന നിലയില്‍ എന്നെ വളര്‍ത്തുന്നതില്‍ ആലുവ സെമിനാരി നല്ല പങ്കുവഹിച്ചിട്ടുണ്ട്.

? ഭാരത സഭ, വിശേഷിച്ച് കേരള സഭ ഇന്നഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി എന്താണ്?
ആദ്യം തന്നെ എല്ലാവരുടെയും മനസ്സില്‍ കടന്നു വരുന്നത്, അടുത്തകാലത്തുണ്ടായ ചില പ്രശ്നങ്ങളാകാം. എന്നാല്‍ എനിക്കു തോന്നുന്ന പ്രധാന വെല്ലുവിളി സുവിശേഷത്തിനു സാക്ഷ്യം വഹിക്കുന്നതില്‍ നമുക്കുള്ള കുറവുകളാണ്. അതുപോലെ ലാളിത്യത്തിന്‍റെ ജീവിതശൈലി പകര്‍ന്നു നല്‍കുന്നതിലും നാം പ്രഘോഷിക്കുന്നത് നാം ജീവിക്കുന്നു എന്ന വിശ്വാസ്യത മറ്റുള്ളവര്‍ക്കു കൊടുക്കുന്നതിലുമൊക്കെ കുറവുകള്‍ സംഭവിക്കുന്നുണ്ട്. ഉദ്യോഗസ്ഥ മേഖലയിലാണെങ്കിലും ബിസിനസ്സിലായാലും ഏതു രംഗത്തായാലും ക്രൈസ്തവന്‍ എന്ന നിലയില്‍ ജീവിക്കാനും ക്രിസ്തീയമൂല്യങ്ങള്‍ക്കു സാക്ഷ്യം വഹിക്കാനുമുള്ള വെല്ലുവിളികളാണ് ഏറ്റവും പ്രധാനപ്പെട്ടതായി എനിക്കു തോന്നുന്നത്. മറ്റൊന്ന് ഇതര മതസ്ഥരുമായുള്ള ബന്ധത്തില്‍ മുന്നോട്ടു പോകുന്നില്ല എന്നതാണ്. ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു വലിയ വര്‍ഗ്ഗീയ ധ്രുവീകരണം പല മേഖലകളിലും ഉണ്ടാകുന്നുണ്ട്. വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ദിശാബോധം കുറയുന്നതാണ് നാം അഭിമുഖീകരിക്കുന്ന മറ്റൊരു വെല്ലുവിളി. വിശ്വാസപരവും ധാര്‍മ്മികവുമായ കാര്യങ്ങളിലും മൂല്യാധിഷ്ഠിതവുമായ ജീവിതത്തിലും വളരെ ലാഘവത്തോടെയുള്ള ഒരു സമീപനം ദൃശ്യമല്ലേ എന്നു സംശയിക്കണം.

? വൈദികര്‍ക്കിടയിലും അല്മായ വചന പ്രഘോഷകര്‍ക്കിടയിലും വളര്‍ന്നു വരുന്ന തത്ത്വശാസ്ത്രാധിഷ്ഠിതമല്ലാത്ത ദൈവശാസ്ത്ര വ്യാഖ്യാനങ്ങളെ, പ്രബോധനങ്ങളെ എങ്ങനെ കാണുന്നു? അത് ഇന്നത്തെ സഭാ ജീവിതത്തിലുയര്‍ത്തുന്ന പ്രതിസന്ധികള്‍?
യഥാര്‍ത്ഥത്തില്‍ ആത്മീയ ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് നമുക്ക് ആവശ്യമാണ്. വചനപ്രഘോഷകര്‍ ആത്മീയ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന രീതിയില്‍ വചനത്തെ വ്യാഖ്യാനിക്കാം, അല്ലാത്തവയും ആ രംഗത്തു വരാം. ദൈവശാസ്ത്രവും തത്ത്വശാസ്ത്രവും പഠിച്ചശേഷമുള്ള വചനവ്യാഖ്യാനമാണ് ആധികാരികമായത്. അല്ലാത്തവ ചിലപ്പോള്‍ അപകടത്തിലേക്കു നീങ്ങാന്‍ സാധ്യതയുണ്ട്. ധ്യാനങ്ങള്‍ കൂടി വളരെ ആത്മീയ ഉണര്‍വുണ്ടായി എന്നു കരുതിയ വ്യക്തികളൊക്കെ കുറച്ചു കാലം കഴിയുമ്പോള്‍ സഭയെ തള്ളി പറഞ്ഞു വേറെ സെക്ടുകളായി മാറിയതും മന്ദതയിലേക്ക് എത്തിയതുമായ അനുഭവങ്ങളുണ്ട്. സഭയുടെ വളര്‍ച്ച യുക്തിയെ അവഗണി ച്ചുകൊണ്ടുള്ളതല്ല. സഭാപിതാക്കന്മാരുടെ പ്രബോധനങ്ങള്‍ക്ക് തത്ത്വശാസ്ത്ര അടിത്തറയുണ്ട്. അതുകൊണ്ട് വചനപ്രഘോഷകര്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കുകയും അതിനനുസരിച്ച് വ്യാഖ്യാനങ്ങള്‍ നല്‍കുകയും വേണം.

? മാറുന്ന കുടുംബജീവിത സാഹചര്യങ്ങളില്‍ വിശ്വാസപരിശീലനത്തില്‍ Family Catechesis നുള്ള പ്രസക്തി?
ഒരു കുട്ടി ഏറ്റവും കൂടുതല്‍ ഇടപഴകുന്നത് മാതാപിതാക്കളുമായാണ്. അവരുടെ മൂല്യങ്ങളും ശൈലികളുമാണ് ഒരു പരിധിവരെ അവര്‍ അനുകരിക്കുന്നത്. കൃത്യമായ വിധത്തില്‍ കുടുംബപ്രാര്‍ത്ഥനയും ക്രൈസ്തവ മൂല്യങ്ങളും സംരക്ഷിക്കപ്പെടുന്ന ഒരു വീട്ടിലെ കുട്ടിയില്‍ ആ മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കും. അതിനാല്‍ സഭ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് കുടുംബ മതബോധനത്തിലാണ്. ഞായറാഴ്ചയിലെ ചിട്ടയായ വിശ്വാസപരിശീലനത്തിന് ഫലം ഉണ്ടാകണമെങ്കില്‍ ബാക്കിയുള്ള ആറു ദിവസങ്ങളില്‍ കുടുംബത്തില്‍ ഈ മതബോധനം നടക്കണം. അതിനാല്‍ മാതാപിതാക്കളെ ബോധവത്കരിക്കുകയും അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചു അവബോധം നല്‍കുകയും വേണം.

? പൗരോഹിത്യവും അധികാരവുമായി ബന്ധപ്പെട്ട് സമീപ കാലത്ത് കേരളസഭയില്‍ ഉയര്‍ന്നു വരുന്ന അല്മായര്‍ക്കിടയിലെ വിശ്വാസപ്രതിസന്ധിയോട് എങ്ങനെ പ്രതികരിക്കുന്നു?
സഭയ്ക്കൊരു ഹയരാര്‍ക്കിക്കല്‍ ഘടനയുണ്ട്. സഭയില്‍ വിവിധ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന എല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ട വ്യക്തികളാണ്. പൗരോഹിത്യ അധികാരവുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ അല്മായരുടെ ഇടയില്‍ നടക്കുന്നുണ്ട്. അല്മായര്‍ക്കു സഭയില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്ന് പറയുന്നവര്‍ അനവധിയാണ്. അതുവേണം. നല്ല അല്മായ നേതാക്കള്‍ വളര്‍ന്നു വരണം. അല്മായര്‍ക്കു കൂടുതല്‍ നല്‍കാന്‍ കഴിയുന്ന സഭയാണ് ഇനിയുള്ള കാലത്തു പ്രസക്തമായിട്ടുള്ളതും. പൗരോഹിത്യതലത്തില്‍ മാത്രം സഭ ഒതുങ്ങുന്നത് നല്ലതല്ല. അല്മായര്‍ വളര്‍ന്നു വരണം. എന്നാല്‍ വൈദികനേതൃത്വത്തിന് അതിന്‍റേതായ ഒരു പങ്കുണ്ട്. സഭയുടെ കെട്ടുറപ്പിനും വളര്‍ച്ചയ്ക്കും അതു കാരണവുമാണ്. അതിനാല്‍ ഒരു വിഭജനം കൂടാതെ പരസ്പരം തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യുകയും തിരുത്തുകയും ചെയ്ത് പങ്കാളിത്ത സ്വഭാവത്തോടെ വളരണം.

? വൈവിധ്യമാര്‍ന്ന ശുശ്രൂഷകളില്‍ പിതാവ് വ്യാപരിച്ചിട്ടുണ്ട്. പല രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു. അവയില്‍ ഏറ്റവും കൂടുതല്‍ താത്പര്യം തോന്നിയ മേഖല ഏതായിരിക്കും?
ആദ്യം രണ്ടര വര്‍ഷം ഇടവകയില്‍ അസിസ്റ്റന്‍റ് വികാരിയായിരുന്നു. പിന്നീട് പഠിക്കാന്‍ പോയി. അതിനു ശേഷം വീണ്ടും ഇടവക വികാരിയായി സേവനം ചെയ്തു. എനിക്കേറ്റവും ഹൃദ്യമായി തോന്നിയത് ഞാന്‍ അസിസ്റ്റന്‍റ് വികാരിയായും വികാരിയായും പ്രവര്‍ത്തിച്ച കാലഘട്ടമാണ്. മറ്റു മേഖലകളില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഒരു ഇടവക വികാരി എന്ന നിലയില്‍ ലഭിച്ചത്ര സംതൃപ്തി ഉണ്ടായിട്ടില്ലെന്ന് സത്യസന്ധമായി പറയാം. മറ്റു ശുശ്രൂഷകള്‍ കൂടുതല്‍ ഔദ്യോഗിക സ്വഭാവമുള്ളവയാണ്. ആ ജോലികളും എനിക്കു പ്രിയപ്പെട്ടതായിരുന്നു. അവയെയും ഞാന്‍ ഇഷ്ടപ്പെട്ടു. സെമിനാരിയിലെ അധ്യാപനം സ്വയം രൂപപ്പെടുത്തുന്നതില്‍ എന്നെ വളരെ സഹായിച്ചിട്ടുണ്ട്.

? അക്കാദമിക കഴിവുകളും ബൗദ്ധിക മികവുമാണ് മെത്രാന്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നതിനുള്ള മാനദണ്ഡമായി പൊതുവേ കണക്കാക്കപ്പെടുന്നത്. ഇടവക പരിചയം കുറഞ്ഞവരായിരിക്കും മിക്കവാറും തിരഞ്ഞെടുക്കപ്പെടുക. അജപാലന നേതൃത്വത്തിലേക്കു വരുന്നവര്‍ ഇടവകജീവിതം അടുത്തറിയേണ്ടതല്ലേ?
അക്കാദമിക മികവുണ്ടെങ്കിലും അജപാലനപരമായ പരിചയക്കുറവ് എങ്ങനെ പരിഹരിക്കപ്പെടുമെന്ന് പലരും ഉന്നയിക്കാറുണ്ട്. അജപാലനപരമായ പരിചയം അനിവാര്യമായ ഘടകമാണ്. നല്ല അജപാലകര്‍ക്ക് നല്ല മെത്രാന്മാരായിത്തീരാനാകുമെന്നാണ് എന്‍റെ വിശ്വാസം. അജപാലന അറിവോടുകൂടി അക്കാദമിക പ്രാഗത്ഭ്യവും ആവശ്യമാണ്. പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, നയിക്കുക എന്ന ദൗത്യമാണ് നിര്‍വഹിക്കേണ്ടത്. പഠിപ്പിക്കാനും നയിക്കാനും വിശുദ്ധീകരിക്കാനുമുള്ള സിദ്ധിക്ക് അക്കാദമിക നിലവാരം വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇത് ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കുന്നു. അക്കാദമിക മികവു മാത്രം നോക്കിയാല്‍ പോരാ, ആ അറിവു വേണം, അത് അജപാലനപരമായ കാര്യങ്ങളോടു യോജിപ്പിക്കുകയും ചെയ്യണം.

? സഭയിലും ലോകത്തിലും ശ്രദ്ധാകേന്ദ്രമായി മാറിയ ഫ്രാന്‍സിസ് പാപ്പയെക്കുറിച്ച്….?
വചനത്തെ വളരെ ലളിതമായി വ്യാഖ്യാനിക്കുകയും ജനങ്ങള്‍ക്കിടയില്‍ വലിയ ചലനം ഉണ്ടാക്കാന്‍ സാധിക്കുകയും ചെയ്യുന്നു എന്ന സവിശേഷതയാണ് ഫ്രാന്‍സിസ് പാപ്പയില്‍ ഞാന്‍ കാണുന്നത്. ക്രിസ്തുവിന്‍റെ വഴിയില്‍, സന്തോഷമുള്ള വിശ്വാസം വളരെ ലളിതമായി പിന്തുടരുന്നതിനെക്കുറിച്ചു പഠിപ്പിക്കുന്നതില്‍ മികച്ച നേതൃത്വം ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇനിയും നാം കുറേക്കൂടി വളരണമെന്നാണ് എനിക്കു തോന്നുന്നത്.

Leave a Comment

*
*