അതിര്‍ത്തികളില്ലാത്ത ദൈവരാജ്യത്തിലെ അജപാലനം

അതിര്‍ത്തികളില്ലാത്ത ദൈവരാജ്യത്തിലെ അജപാലനം

ഫ്രാങ്ക്ളിന്‍ എം.

2013 സെപ്തംബര്‍ 21-ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായി മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പിതാവ് അഭിഷേകം ചെയ്യപ്പെട്ട വേളയില്‍ സത്യദീപത്തിനു നല്‍കിയ അഭിമുഖത്തില്‍ 'കര്‍ത്താവിനോടു ചേര്‍ന്നുള്ള സമര്‍പ്പിതജീവിതം അസ്വസ്ഥതകള്‍ നല്‍കുന്നതല്ലേ?' എന്ന ചോദ്യത്തിനു പിതാവു അന്നു നല്‍കിയ മറുപടി ഇതായിരുന്നു: "കര്‍ത്താവിനെ സ്നേഹിക്കുന്നുവര്‍ക്ക്, ജീവിതം അവിടത്തേക്കു സമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് പലപ്പോഴും അസ്വസ്ഥതകള്‍ ഉണ്ടാകും, അപ്രതീക്ഷിതമായ സഹനങ്ങള്‍ ഉണ്ടാകും. ആ സന്ദര്‍ഭങ്ങളില്‍ ദൈവപരിപാലനയില്‍ കൂടുതല്‍ വിശ്വസിച്ച്, ദൈവകൃപയില്‍ നിരന്തരം ആശ്രയിച്ചു ദൈവഹിതം തിരിച്ചറിയണം, തിരുഹിതം നിര്‍വഹിക്കുവാനുള്ള ശക്തി ആര്‍ജ്ജിക്കണം. യേശുവിന്‍റെ ജീവിത സമര്‍പ്പണത്തിന്‍റെ സ്വാദനുഭവിക്കേണ്ടവരാണു നമ്മളെല്ലാവരും, പ്രത്യേകിച്ചു ജീവിതം സമ്പൂര്‍ണമായി തമ്പുരാനു സമര്‍പ്പിച്ചിരിക്കുന്നവര്‍. യേശുവാണു നമുക്കതിനു മാതൃക. തന്‍റെ ദൈവരാജ്യശുശ്രൂഷയില്‍ അസ്വസ്ഥതകളും, വേദനകളും, പരിഹാസങ്ങളും, പരിത്യക്തങ്ങളുമുണ്ടായപ്പോള്‍ യേശു സ്വര്‍ഗസ്ഥനായ പിതാവിന്‍റെ സന്നിധിയിലിരുന്നു ദൈവഹിതം മനസ്സിലാക്കി. ദൈവസ്വപ്നം സാക്ഷാത്കരിക്കുവാന്‍ കുരിശുമരണംവരെ സ്വീകരിക്കുവാന്‍ യേശുവിനു ശക്തി നല്‍കിയതു പിതാവുമായുള്ള ആത്മബന്ധമാണ്, സ്വര്‍ഗസ്ഥനായ പിതാവില്‍ നിന്നും ലഭിച്ച ആത്മീയ ധൈര്യമാണ്."

ആത്മാഭിഷേകത്തിനായി, ദൈവഹിതം തിരിച്ചറിയുവാനായി ദിവ്യകാരുണ്യ സന്നിധിയില്‍ നിരന്തരം അഭയംതേടി പ്രര്‍ത്ഥനയ്ക്ക് അണയുന്ന ജോസ് പിതാവ് "ഏതു സാഹചര്യത്തിലും ആത്മാവിന്‍റെ അഭിഷേകത്തില്‍ നാം ചേര്‍ന്നു നില്‍ക്കണമെന്ന്" അനുസ്മരിപ്പിക്കുന്നു. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ എറണാകുളം -അങ്കമാലി അതിരൂപതയില്‍ സൗമ്യസാന്നിധ്യമായി എല്ലാ രംഗത്തും സജീവമായിരുന്നു പിതാവ്. എറണാകുളത്തു നിന്നു ഫരീദാബാദ് രൂപതയിലേക്കു യാത്രയാകുമ്പോള്‍ ദൈവരാജ്യത്തിന് അതിര്‍ത്തികളില്ലെന്നു പിതാവ് പറയുന്നു.

ഈയടുത്തു കണ്ട ഒരു വീഡിയോ സന്ദേശം പ്രതിസന്ധികളിലും പ്രയാസങ്ങളിലും വലിയ ധ്യാനാനുഭവം പ്രദാനം ചെയ്തുവെന്നും 'ഇരുണ്ട രാത്രികളെ' പ്രകാശമാനവും പ്രത്യാശാപൂര്‍ണ്ണവുമാക്കാന്‍ സഹായിച്ചുവെന്നും വെളിപ്പെടുത്തിക്കൊണ്ട് ആ സന്ദേശം പിതാവ് പങ്കുവച്ചു: "കഴുകന്‍ തന്‍റെ കുഞ്ഞുങ്ങള്‍ക്കായി കൂടുകെട്ടുമ്പോള്‍ ആദ്യം പാകുന്നതു മുള്ളുകളാണ്. അതിനുശേഷം രൂപമില്ലാത്ത ശിഖരങ്ങളും കല്ലുകളും കൂര്‍ത്ത വസ്തുക്കളും അതിന്‍റെ മുകളില്‍ പാകും. പിന്നീട് അതിന്‍റെ മുകളില്‍ പഞ്ഞിയും കമ്പിനാരുകളും ശേഷം മൃദുലമുള്ള തൂവലുകളും പാകും. അതിനുശേഷമാണ് മുട്ടയിടുന്നത്. മുട്ടയില്‍നിന്നും വിരിഞ്ഞു കുഞ്ഞുങ്ങള്‍ സുഖപ്രദമായ കൂട്ടില്‍ വളരുവാന്‍ തുടങ്ങും. കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ആഹാരവും മറ്റും കഴുകന്‍ കൂട്ടിലെത്തിക്കും. കുഞ്ഞുങ്ങളുടെ ചിറകുകള്‍ ശക്തിപ്പെടുമ്പോള്‍ കഴുകന്‍ പതുക്കെ കൂടിളക്കുവാന്‍ തുടങ്ങും. ആദ്യം തൂവലുകള്‍ ഇളക്കി മാറ്റും. പിന്നീട് സുഖമുള്ള വസ്തുക്കള്‍ ഓരോന്നായി പതുക്കെ നീക്കി കൂടിനെ വാസയോഗ്യമല്ലാതാക്കും. പിന്നെ കല്ലുകളും ശിഖരങ്ങളും ഒടുവില്‍ മുള്ളുകളും വെളിപ്പെടും. പിന്നെ കഴുകന്‍ കുഞ്ഞിന് ആ കൂടില്‍ തുടരാന്‍ പറ്റില്ല. തന്‍റെ ചിറകുകളുടെ ഉപയോഗം അതു തിരിച്ചറിയും. ഉയരമുള്ള കൂട്ടില്‍നിന്ന് അവ പതുക്കെ പറക്കുവാന്‍ തുടങ്ങും. അപ്പോള്‍ അമ്മ ഒരു പരിശീലകയുടെ സ്ഥാനത്തുനിന്നു പറക്കാന്‍ ശീലിപ്പിക്കും. നമ്മുടെ ജീവിതത്തില്‍ സുഖമുള്ള പ്രതലങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ നാം അസ്വസ്ഥരാകാറുണ്ട്. നാം നമ്മുടെ ചുറ്റുപാടുകളെയും അതിനു കാരണമായ വ്യക്തികളെയും കുറ്റപ്പെടുത്തും. മുള്ളുകള്‍ കാരണം വേദനിക്കുമ്പോള്‍ നാം ദൈവത്തോടു പരാതി പറയും. എന്നാല്‍, ഇതു ചഞ്ചലപ്പെടാനുള്ള നേരമല്ല, നിന്‍റെ ചിറകുകളുടെ ശക്തി തിരിച്ചറിയാനുള്ള നേരമാണ്. നിന്‍റെ ചിറകുകള്‍ക്കു ശക്തി വന്നില്ലായിരുന്നുവെങ്കില്‍ നിന്‍റെ ദൈവം നിന്‍റെ കൂട് ഇളക്കില്ലായിരുന്നു. നിന്നോളം വലുപ്പമുള്ള ഒരു കൂട് നഷ്ടപ്പെട്ടാല്‍ അതിരുകളില്ലാത്ത ആകാശങ്ങള്‍ നിനക്കു സ്വന്തമാക്കാം."

? എറണാകുളം-അങ്കമാലി അതിരൂപതയില്‍ ആറുവര്‍ഷങ്ങള്‍ കൊച്ചുപിതാവായി സേവനം ചെയ്തശേഷമാണു പിതാവു ഡല്‍ഹിയിലേക്കു പോകുന്നത്. ഈ ആറുവര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്?
ഞാന്‍ വൈദികനായിട്ട് ഏകദേശം 32 വര്‍ഷമായി. ബെല്‍ജിയത്ത് ഉപരിപഠനം, വടവാതൂര്‍ സെമിനാരിയില്‍ വൈദികവിദ്യാര്‍ത്ഥികളുടെ പരിശീലനം എന്നിവ മൂലം പതിനേഴു വര്‍ഷത്തോളം അതിരൂപതയില്‍ സജീവമായി അടുത്തു പ്രവര്‍ത്തിക്കാന്‍ അധികം അവസരങ്ങള്‍ ഉണ്ടായിരുന്നില്ല. ഒരു വൈദികനാകാന്‍ ആഗ്രഹിച്ചത് ഇടവകയും അതിരൂപതയുമായി കൂടുതല്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ വേണ്ടിയായിരുന്നു. പക്ഷെ, ദൈവഹിതം മറ്റൊരു വഴിക്കായിരുന്നു. മെത്രാനായി വന്നപ്പോള്‍ അതിരൂപതയില്‍നിന്നു മാറിനിന്നിരുന്നതിന്‍റെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. എന്നാല്‍, എന്നെ വളരെപ്പെട്ടെന്ന് എല്ലാവരും സ്വീകരിച്ചു, ഉള്‍ക്കൊണ്ടു. സ്നേഹത്തോടെ പ്രോത്സാഹിപ്പിച്ചു വളര്‍ത്തിയ ഏവരോടും ഒത്തിരി സ്നേഹവും നന്ദിയുമുണ്ട്. ഇവിടത്തെ പ്രവര്‍ത്തനശൈലി എനിക്കിഷ്ടമായിരുന്നു. എപ്പോഴും ഒരു തുറവി നമുക്കുണ്ട്. ഔദ്യോഗികതയും ഔപചാരികതയുമൊന്നുമില്ലാതെ വളരെ സൗമ്യമായി, മനസ്സുതുറന്ന് ഇടപെടാന്‍ പറ്റുന്ന സാഹചര്യം. അച്ചന്മാരും സിസ്റ്റേഴ്സും, ബ്രദേഴ് സും അല്മായരുമൊക്കെയായി വളരെ സന്തോഷത്തോടെ അടുത്തിടപഴകി ജീവിക്കാന്‍ സാധിച്ചു. അങ്ങനെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏറെ കാര്യങ്ങള്‍ പഠിക്കുവാന്‍ സാധിച്ചു. നല്ല സൗഹൃദങ്ങള്‍ വളര്‍ത്തുവാന്‍ സാധിച്ചു. ഒത്തിരി വലിയ കാര്യങ്ങളൊന്നും ചെയ്യുവാന്‍ സാധിച്ചില്ലയെങ്കിലും, കൂട്ടായ്മയില്‍ ഏറെ ശുശ്രൂഷകള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞു എന്ന സന്തോഷമുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ അതിരൂപതയായ എറണാകുളം-അങ്കമാലി അതിരൂപതയില്‍ സഹായ മെത്രാനായി പ്രവര്‍ത്തിച്ചപ്പോള്‍ അതു വലിയ അനുഭവം തന്നെയായിരുന്നു. ആറുവര്‍ഷം ഇവിടെ ശുശ്രൂഷ ചെയ്യാന്‍ സാധിച്ചു എന്നത് വലിയ അനുഗ്രഹമായിട്ടാണു കാണുന്നത്. ഒരു തറവാടുപോലെയാണ് എനിക്ക് നമ്മുടെ അതിരൂപത. ഈ കഴിഞ്ഞ നാളുകളിലാണ് അതിരൂപതയിലെ അനേകം സഹോദരങ്ങളുടെ സ്നേഹവും ആദരവും പ്രാര്‍ത്ഥനയും ഏറ്റവും കൂടുതല്‍ അനുഭവിക്കുവാന്‍ സാധിച്ചത്. അതെല്ലാം ഏറെ സ്നേഹത്തോടെ നന്ദിയോടെ അനുസ്മരിക്കുന്നു.

? ഈ തറവാട്ടില്‍ നിന്നുള്ള യാത്രയെ എങ്ങനെയാണു സ്വീകരിക്കുന്നത്?
യഥാര്‍ത്ഥത്തില്‍ ഇതു പ്രതീക്ഷിക്കാത്തതായിരുന്നു. നമ്മെ അറിയുന്ന സൗഹൃദങ്ങളും സാഹചര്യങ്ങളെയുമൊക്കെ വിട്ടുപോകാന്‍ മാനുഷികമായ ഒരു പ്രയാസം സ്വാഭാവികമായും തോന്നിയിരുന്നു. മെത്രാന്‍ ശൂശ്രൂഷയ്ക്കു ഞാനെടുത്ത ആപ്തവാക്യം "ആദ്യം ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക" എന്നതാണ്.

പുതിയ സ്ഥലത്തേക്കുള്ള ദൈവഹിതം തിരിച്ചറിഞ്ഞപ്പോള്‍ പെട്ടെന്നു ഒരു കാര്യം മനസ്സിലായി: ദൈവരാജ്യത്തിന് അതിര്‍ത്തികളില്ല. പുതിയ മേച്ചില്‍ സ്ഥലത്തേക്കു പോകാന്‍ അതുകൊണ്ടു തന്നെ ഞാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. കര്‍ത്താവു നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത്, കൂടെ ആയിരിക്കാനും അയയ്ക്കപ്പെടാനും വേണ്ടിയാണ്. ഇവിടെത്തന്നെ തുടരണമെന്ന് അമിതമായി ആഗ്രഹിക്കുമ്പോള്‍ അതില്‍ ആത്മാര്‍ത്ഥമായ ഒരു സമ്പൂര്‍ണ സമര്‍പ്പണമില്ലല്ലോ. തമ്പുരാന്‍ വിളിക്കുമ്പോള്‍, വിശ്വാസത്തിന്‍റെ പിതാവായ അബ്രാഹത്തെപ്പോലെ സുഖപ്രദമായ, ഇണങ്ങിയ സാഹചര്യങ്ങളില്‍ നിന്നും അവിടുന്നു നയിക്കുന്നിടത്തേക്കു പോകുമ്പോഴാണു സമര്‍പ്പണം കൂടുതല്‍ അര്‍ഥവത്താകുന്നത്. അപ്രതീക്ഷിതമായി അത്തരം അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍, അതു നമ്മുടെ സമര്‍പ്പണത്തിന്‍റെ ആഴത്തെ പരീക്ഷിക്കുകയാണ്. യഥാര്‍ത്ഥ സമര്‍പ്പണം കര്‍ത്താവിനു വിട്ടുകൊടുക്കുന്നുതും, അവിടുത്തെ കരങ്ങളില്‍ ഉപകരണമാകുന്നതുമാണ്. മാനുഷികമായി പ്രയാസമാണെങ്കിലും കര്‍ത്താവു നമ്മെ നയിക്കുന്നിടത്തേക്കു പോകാന്‍ നാം തയ്യാറാകണം. അതു ആത്യന്തികമായി ദൈവരാജ്യ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്, അതു സകലരുടെയും നന്മയ്ക്കായി പരിണമിക്കും. സിനഡില്‍ രൂപപ്പെട്ടതാണ് ഈ തീരുമാനം, അതു ദൈവഹിതമായി തിരിച്ചറിയുന്നു. ഈ തീരുമാനത്തെ ഞാന്‍ പൂര്‍ണ ഹൃദയത്തോടെ സ്വീകരിക്കുന്നു.

? പുതിയ കര്‍മ്മമേഖലയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ പ്രവാസികളുടെ അജപാലനം സംബന്ധിച്ചു പിതാവിന്‍റെ കാഴ്ചപ്പാടുകള്‍ എന്താണ്?

ദൈവരാജ്യ സംസ്ഥാപനത്തിനായി എന്‍റെ അജപാലശുശ്രൂഷയില്‍ ഞാന്‍ എപ്പോഴും ഊന്നല്‍ നല്‍കിക്കൊണ്ടിരിക്കുന്നതു മൂന്നു കാര്യങ്ങള്‍ക്കാണ്. ആദ്യത്തേത്, കുടുംബങ്ങളെ തിരുക്കുടുംബങ്ങളാക്കുക. ദൈവരാജ്യരൂപീകരണത്തിന്‍റെ അടിസ്ഥാനം കുടുംബമാണ്. അതിനുവേണ്ടി കുടുംബപ്രേഷിതമേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കും. കുടുംബപ്രേഷിതത്വം വളരെ അത്യാവശ്യമാണ്. വിശ്വാസപരിശീലനം ആരംഭിക്കേണ്ടതും വളരേണ്ടതും ശക്തിപ്രാപിക്കേണ്ടതും അവിടെയാണ്. കുടുംബങ്ങള്‍ നന്നായാല്‍ സഭയും സമൂഹവും നന്നാകും. രണ്ടാമത്, സഭയാകുന്ന കുടുംബത്തെ തിരുസഭയാക്കുക എന്നതാണ്. സഭയാകുന്ന കുടുംബത്തെ കരുതലോടെ കാക്കുക, വളര്‍ത്തുക എന്നതാണ്. അതിനുവേണ്ടി വൈദികവിദ്യര്‍ത്ഥികളുടെയും സന്യാസാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. വിശുദ്ധരായ വൈദികരും, സന്യസ്തരും, നല്ല ക്രിസ്ത്യാനികളും ഉണ്ടായാല്‍ സ്വാഭാവികമായും സഭ നല്ല കുടുംബമായി, തിരുസഭയായി പ്രശോഭിക്കും. മൂന്നാമത്തേതു ലോകമാകുന്ന കുടുംബത്തെ ദൈവരാജ്യമാക്കുക എന്നതാണ്. നാം ഒരിക്കലും ഒതുങ്ങിയ, ഇടുങ്ങിയ ഒരു സമൂഹമായി മാറരുത്. നമ്മുടെ ക്രൈസ്തവികത ഈ കാലഘട്ടത്തില്‍ വളരെ ആകര്‍ഷകമായി, സാര്‍വ്വത്രികമായി ജീവിക്കാന്‍ സാധിക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളണം. എല്ലാവരെയും വളരെ പ്രത്യേകമായി പാവപ്പെട്ടവരെയും, അവഗണിക്കപ്പെട്ടവരെയും യേശുവിന്‍റെ സ്നേഹത്തിലേക്കു ആനയിക്കുവാന്‍ തക്കവിധത്തിലുള്ള ജീവിതശൈലി പരിപോഷിപ്പിക്കപ്പെടണം. അപ്പോള്‍ മറ്റുള്ളവര്‍ക്ക് നമ്മെ സ്നേഹിക്കാനും സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കും. എല്ലാവരെയും എന്നു പറയുമ്പോള്‍ അടുത്ത തലമുറകളെയും ഉള്‍ക്കൊള്ളണം. അതുകൊണ്ടു തന്നെ പ്രപഞ്ചത്തെ സ്വഭവനമായി പരിപാലിക്കുന്നതും, സംരക്ഷിക്കുന്നതും ദൈവരാജ്യത്തിന്‍റെയും നീതിയുടെയും അനിവാര്യതയാണ്. ഡല്‍ഹിപോലുള്ള ഒരു സ്ഥലത്ത് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നു തോന്നുന്നു. പുതിയ സ്ഥലത്തു ശുശ്രൂഷ നിര്‍വഹിക്കാന്‍ എനിക്ക് ഒത്തിരി പരിമിധികളുണ്ടെന്ന് അറിയാം. എന്നാല്‍, പുതിയ മേച്ചില്‍പ്പുറത്തേക്കു എന്നെ നയിക്കുന്ന നല്ലിടയന്‍ അതിനുള്ള കൃപയും നല്‍കുമെന്നുള്ള പൂര്‍ണ വിശ്വാസം എനിക്കുണ്ട്.

? ഭാരതത്തിന്‍റെ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സഭാശുശ്രൂഷകള്‍ക്കു പുറമെ രാജ്യത്തെ രാഷ്ട്രീയ-മത-സാമൂദായിക- സാംസ്ക്കാരിക സാഹചര്യങ്ങളുമായും പിതാവിനു ബന്ധപ്പെടേണ്ടതായി വരും?
തീര്‍ച്ചയായും. നമ്മുടെ ശുശ്രൂഷയുടെ ലക്ഷ്യം സുവിശേഷ സുഗന്ധം നാമായിരിക്കുന്നിടത്തു ധൈര്യത്തോടെ, സ്നേഹത്തോടെ, പ്രസന്നതയോടെ പ്രസരിപ്പിക്കുക എന്നതാണ്. സുവിശേഷത്തിന്‍റെ ചൈതന്യം എല്ലാവര്‍ക്കും എല്ലാ തലങ്ങളിലും വിവേകത്തോടെ, വിശുദ്ധിയോടെ പങ്കുവയ്ക്കുവാന്‍ പരിശ്രമിക്കും. ആ ലക്ഷ്യം വിട്ടുപോകാതെ ദൈവരാജ്യ വളര്‍ച്ചയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചും, പഠിച്ചും, ആലോചിച്ചും, എല്ലാവരുമായുള്ള കൂട്ടായ്മയിലും ഈ കാലഘട്ടത്തിനു ആവശ്യമായതു ചെയ്യാന്‍ സാധിക്കുമെന്നു കരുതുന്നു. വേണ്ടതെല്ലാം ആത്മാവ് തക്ക സമയത്തു വെളിപ്പെടുത്തി നയിക്കുമെന്നുള്ള പൂര്‍ണമായ ഉറപ്പുണ്ട്. അഭിവന്ദ്യ ഭരണികുളങ്ങര പിതാവിന്‍റെ നേതൃത്വത്തിലുള്ള ദൈവജനകൂട്ടായ്മയില്‍, ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ശുശ്രൂഷ ദൈവമഹത്വത്തിനും എല്ലാ സഹോദരങ്ങളുടെയും നന്മയ്ക്കുമായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നു പ്രത്യാശിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

? ലത്തീന്‍ സഭയുടെ ശക്തമായ സാന്നിധ്യം അവിടെയുണ്ട്. സീറോ-മലബാര്‍ രൂപതയുടെ ആവിര്‍ഭാവത്തോടനുബന്ധിച്ചു ചില കോണുകളിലെങ്കിലും ചെറിയ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ലത്തീന്‍ സഭയുമായും ഇതര ക്രൈസ്തവ വിഭാഗങ്ങളുമായും ഉണ്ടാകേണ്ട ബന്ധളെക്കുറിച്ച് പിതാവിന്‍റെ അഭിപ്രായം എന്താണ്?

നമ്മുടെ ഈ കാലഘട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് സുവിശേഷത്തിനു സാക്ഷ്യം നല്‍കുക എന്നതാണ്. അതിന് ഏറ്റവും പ്രധാനപ്പെട്ടതു കൂട്ടായ്മയാണ്. കൂട്ടായ്മയിലാണു സന്തോഷവും സമാധാനവും സ്നേഹവും വളരുന്നത്. ഗ്രൂപ്പിസവും, സ്വാര്‍ത്ഥതയും ദൈവരാജ്യത്തിനും നീതിക്കും എതിരാണ്. ഏതൊക്കെ തലങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ അവിടെയൊക്കെ വേണ്ടതു ചെയ്യുവാന്‍ ശ്രമിക്കും. പാരസ്പര്യസഹായങ്ങളിലൂടെ, സ്നേഹബന്ധങ്ങളിലൂടെ മാത്രമെ എല്ലാവര്‍ക്കും വളരാനും, സമൂഹത്തെ ദൈവരാജ്യമായി വാര്‍ത്തെടുക്കാനും സാധിക്കുകയുള്ളു. വഴക്കും മത്സരവും ക്രൈസ്തവജീവിതത്തിന് എതിര്‍സാക്ഷ്യമായിത്തീരുകയും ചെയ്യും. അതു നമ്മുടെ ആത്മീയതയെ ക്ഷയിപ്പിക്കുകയും സഭയുടെ വളര്‍ച്ചയെ മുരടിപ്പിക്കുകയും ചെയ്യും. സുവിശേഷമൂല്യങ്ങളെ ബലികഴിക്കാതെ ദൈവപരിപാലനയിലും കൂട്ടായ്മയിലും ഏതു കാര്യവും ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.

? വടക്കേ ഇന്ത്യയില്‍ വ്യാപകമായി കാണുന്ന ഹിന്ദു വര്‍ഗ്ഗീയതയും ദേശീയതയുടെ പേരുപറഞ്ഞുള്ള രാഷ്ട്രീയവും ന്യൂനപക്ഷങ്ങളോടുള്ള വിവേചനവും അതിക്രമങ്ങളുമെല്ലാം നമ്മെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെ പേരിലും മറ്റു വ്യാജ ആരോപണങ്ങളിലും വൈദികരടക്കമുള്ളവരെ പീഡിപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന നടപടികളെ എങ്ങനെ നാം പ്രതിരോധിക്കണം?
സുവിശേഷം നമുക്ക് ഒരിക്കലും ബലികഴിക്കാന്‍ പറ്റില്ല. അത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ആത്യന്തികമായി അത് എല്ലാവര്‍ക്കും സന്തോഷവും, സമാധാനവും സ്നേഹവുമേകുന്നതാണ്. സുവിശേഷം ആകര്‍ഷകമായിട്ടുള്ള രീതിയില്‍ ജീവിക്കുക. സ്നേഹത്തിലും സമാധാനത്തിലും ജാതി-മത-വര്‍ഗ ഭേദമെന്യേ എല്ലാവര്‍ക്കും നന്മ ചെയ്യുക. അപ്പോഴും തടസ്സങ്ങളും തിക്തമായ അനുഭവങ്ങളും ഉണ്ടാകാം. നമുക്കു കൃത്യമായ ദര്‍ശനങ്ങളുണ്ടെങ്കില്‍ മുന്നിലുള്ള തടസ്സങ്ങളെ നമുക്ക് അതിജീവിക്കാന്‍ കഴിയും. ചരിത്രം നോക്കിയാല്‍ ഇത്തരം സാഹചര്യങ്ങളില്‍ സുവിശേഷത്തെ മുറുകെപ്പിടിച്ചു മുന്നോട്ടുപോയ നിരവധിപേരെ കാണാം. അവരെല്ലാം നമുക്കു പ്രചോദനമേകുന്നു. സഹനത്തിന്‍റെ സാഹചര്യങ്ങളെ ദൈവകൃപയില്‍ ധീരതയോടെ നേരിടേണ്ടിവരും. അതില്‍നിന്നു മാറിപ്പോകാന്‍ പറ്റില്ല, അതാണു സമര്‍പ്പണം. പ്രതികൂല സാഹചര്യത്തില്‍ സുവിശേഷ ശുശ്രൂഷ ചെയ്യുവാന്‍ ഇടയാകുമ്പോള്‍ അത് ആദ്ധ്യാത്മികമായി വളരുവാനുള്ള ഒരവസരമാണ്. അത്തരം സാഹചര്യങ്ങളില്‍ നമ്മുടെ പരിധിയും പരിമിതിയും തിരിച്ചറിയുന്നതുകൊണ്ടു, പുതിയ സാഹചര്യത്തില്‍ ദൈവാശ്രയബോധവും, പരസ്പരസഹകരണ തീക്ഷണതയും നമ്മില്‍ വളരും, വളര്‍ത്തേണ്ടിവരും.

? ഇന്നു സന്യാസത്തെയും സമര്‍പ്പിത ജീവിതത്തെയുമൊക്കെ ഇകഴ്ത്തി കാണിക്കുന്ന അഥവാ അവയെ പരിഹസിക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമാകുന്ന ഈ പ്രവണതയെ എങ്ങനെ കാണുന്നു?

യഥാര്‍ത്ഥ സമര്‍പ്പണത്തിന്‍റെ ചൈതന്യത്തില്‍ ജീവിച്ചാല്‍ ഇതൊന്നും വിഷയമല്ല, ഇങ്ങനെ സംഭവിക്കുകയുമില്ല. നാം ജീവിതം സമര്‍പ്പിച്ചിരിക്കുന്ന യേശുവുമായി നമുക്കു നല്ല ആത്മബന്ധമുണ്ടെങ്കില്‍ നാം എവിടെ നില്‍ക്കണം, എങ്ങനെ പെരുമാറണം, എന്തു ചെയ്യണം എന്നു കൃത്യമായി അറിയാന്‍ പറ്റും. അപ്പോള്‍ ഒരു അതിര്‍ത്തിയും വിട്ടു നാം പോകില്ല. ഈ കാലഘട്ടത്തില്‍ സമര്‍പ്പിതര്‍ ഈ ബോധ്യം വ്യക്തമായി മനസ്സിലാക്കണം. പലപ്പോഴും വഴി മാറിപ്പോകുന്നത് ആത്മീയതയില്‍ തളര്‍ച്ച വരുമ്പോഴാണ്, ജീവിതലക്ഷ്യം മറന്നുപോകുമ്പോഴാണ്. ആത്മാവിന്‍റെ അഭിഷേകത്തില്‍ തമ്പുരാനോട് നാം ചേര്‍ന്നു നില്‍ക്കുകയാണെങ്കില്‍ ഏതു സാഹചര്യത്തിലും എങ്ങനെ പെരുമാറണമെന്നു നമുക്കു കൃത്യമായി അറിയാനാകും. വളരെക്കുറച്ചു പേര്‍ മാത്രമാണു വഴിവിട്ടുപോകുന്നത്. ബാക്കിയുള്ളവര്‍ക്കും പലവിധ പ്രതിസന്ധികളും ടെന്‍ഷനുകളുമൊക്കെ ഉണ്ടാകുന്നുണ്ട്. പക്ഷെ, അവര്‍ സ്വീകരിക്കുന്നത് സുവിശേഷത്തോടു ചേര്‍ന്നു നില്‍ക്കുന്ന മാര്‍ഗ്ഗങ്ങളാണ്. പ്രതികൂല സാഹചര്യങ്ങളിലും, അവഹേളിക്കപ്പെടുമ്പോഴും നാം നമ്മുടെ സമര്‍പ്പണം നന്നായി, വിശുദ്ധമായി ജീവിച്ചു കാണിക്കുകയാണു വേണ്ടത്. സമര്‍പ്പണ ജീവിതത്തെ തമ്പുരാന്‍ എപ്പോഴും കൈപിടിച്ചു നയിക്കും. സമര്‍പ്പിതരെ അവഹേളിച്ച് ആഘോഷിച്ച അവസരങ്ങളിലാണു സി. അല്‍ഫോന്‍സാമ്മ വിശുദ്ധയായും, സി. റാണി മരിയ വാഴ്ത്തപ്പെട്ടവളായും പ്രഖ്യാപിക്കപ്പെട്ടത്. സമര്‍പ്പിതരെ അപമാനിക്കുന്ന ഈയവസരത്തില്‍ സി. മറിയം ത്രേസ്യ വിശുദ്ധയാക്കപ്പെടുന്നു. ഇതു സൂചിപ്പിക്കുന്നതു ദൈവം സമര്‍പ്പണജീവിതത്തെ, സന്യാസത്തെ ഏറെ സ്നേഹിക്കുന്നു എന്നതാണ്. ലോകത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെ സഭയെ സംരക്ഷിക്കാന്‍ നാം നോക്കേണ്ടതില്ല. നമ്മുടെ ലക്ഷ്യവും മാര്‍ഗ്ഗവും നന്നായാല്‍ മതി. ഫ്രാന്‍സിസ് പാപ്പ പറയുന്നു: "സഭയെ സംരക്ഷിക്കാന്‍ നിങ്ങള്‍ കഷ്ടപ്പെടേണ്ട. അതു പരിശുദ്ധാത്മാവ് നോക്കിക്കൊള്ളും. നിങ്ങള്‍ ചെയ്യേണ്ടതു ഓരോ നിമിഷവും പരിശുദ്ധാത്മാവിന്‍റെ നിമന്ത്രണമനുസരിച്ചു ജീവിക്കുക എന്നതാണ്." യേശുവിന്‍റെ സ്നേഹത്തില്‍ പുഷ്പിച്ചു സൗരഭ്യമേകുന്ന അനേകം സന്യസ്തര്‍ ഇന്നും ലോകത്തിനു പ്രകാശമാണ്, അനേകര്‍ക്കു ആശ്വാസമാണ്, യുവജനങ്ങള്‍ക്കു പ്രചോദനമാണ്. വി. ജോണ്‍ പോള്‍ പറഞ്ഞതുപോലെ, സമര്‍പ്പിതരില്ലാത്ത ഒരു ലോകത്തെക്കുറിച്ച്, സഭയെക്കുറിച്ച് നമുക്കു ചിന്തിക്കാനാവുമോ? പരിഹാസങ്ങളും പീഡനങ്ങളും എന്നും സഭയിലുണ്ടായിരുന്നു. ഏതു സാഹചര്യങ്ങളെയും വിവേകത്തോടെ വിശകലനം ചെയ്തു, പാഠങ്ങള്‍ പഠിച്ചു, യേശുവിനോടോപ്പം നടന്ന് ഏവര്‍ക്കും നന്മ ചെയ്തു മുന്നേറുക എന്നതാണു പ്രധാനം. സമര്‍പ്പിതരില്‍ നിന്നും സ്വീകരിച്ച നന്മകളെ നന്ദിയോടെ എപ്പോഴും നമുക്ക് ഓര്‍ക്കാന്‍ കഴിയണം. വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍, അനുതപിച്ചു, അനുരജ്ഞനപ്പെട്ടു ധീരമായി മുന്നേറണം.

? ഇന്നു നമ്മുടെ സഭ ഊന്നല്‍ കൊടുക്കേണ്ട പ്രധാനപ്പെട്ട മേഖല എന്താണെന്നാണ് പിതാവു കരുതുന്നത്?
ആഘോഷങ്ങളുടെയും അമിതസുഖലോലുപതയുടെയും ലോകത്തു ലളിതജീവിതത്തിനും ദാരിദ്ര്യാരൂപിക്കുമാണു നമ്മള്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്. ലാളിത്യത്തിലാണ് സുവിശേഷം മറ്റുള്ളവര്‍ക്ക് കൂടുതല്‍ അനുഭവേദ്യമാകുന്നത്. നമുക്കതിനു വലിയ മാതൃക ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാണ്. നമ്മില്‍ പലര്‍ക്കും സുഖസൗകര്യങ്ങളിലാണു തല്‍പര്യം. സഭയിലുള്ള നമ്മളെല്ലാവരും ഒരു ലാളിത്യശൈലിയിലേക്കു വളരണം. പണ്ടു നമ്മള്‍ പറഞ്ഞിരുന്നത് "ദരിദ്രര്‍ക്കുവേണ്ടിയുള്ള സഭ" എന്നായിരുന്നു. പിന്നീട് "ദരിദ്രരോടൊപ്പമുള്ള സഭ" എന്നായി. ഇന്നിപ്പോള്‍ ഫ്രാന്‍സിസ് പാപ്പ പറയുന്നത് "ദരിദ്രരോടൊപ്പമുള്ള ദരിദ്രയായ സഭ" എന്നാണ്. നാം തന്നെ ദാരിദ്ര്യാരൂപിയിലേക്കു വന്നു പാവങ്ങളുടെ അടുത്തേക്കു ചെല്ലുമ്പോഴാണ് അതു കൂടുതല്‍ ഫലപ്രദമാകുന്നത്. നമുക്കു ജനങ്ങളുമായുള്ള ബന്ധം കുറഞ്ഞുപോയി. സ്ഥാപനങ്ങളും ഘടനകളും വന്നപ്പോള്‍ അജപാലനശുശ്രൂഷ സൂപ്പര്‍മാര്‍ക്കറ്റ് സംസ്ക്കാരമായി. വലിയ സംവിധാനത്തില്‍ പലതും പാവപ്പെട്ടവര്‍ക്കും, അവഗണിക്കപ്പെട്ടവര്‍ക്കും അപ്രാപ്യമായി. വ്യക്തികള്‍ തമ്മിലുള്ള അടുപ്പം കുറഞ്ഞുപോയി. അത്യാവശ്യമില്ലാത്തതിന് അമിതപ്രാധാന്യം നല്‍കിയതുമൂലം ചിലപ്പോഴെങ്കിലും സമര്‍പ്പണത്തിന്‍റെ അന്തഃസത്ത നഷ്ടമായിട്ടുണ്ട്. പണ്ട് ഭവനസന്ദര്‍ശനങ്ങള്‍ എന്തുമാത്രമായിരുന്നു. എന്‍റെ ദൈവവിളിക്കൊരു കാരണം, ഞങ്ങളുടെ ഭവനത്തിലെ സിസ്റ്റേഴ്സിന്‍റെയും വൈദികരുടെയുമൊക്കെ നിരന്തരമുള്ള സൗഹൃദ സന്ദര്‍ശനങ്ങളായിരുന്നു. നമുക്ക് ഒത്തിരി കാര്യങ്ങള്‍ ഇക്കാലഘട്ടത്തില്‍ ചെയ്യാനുണ്ട്. പക്ഷെ, അതിന്‍റെ മുന്‍ഗണന നാം നിശ്ചയിക്കണം. സമര്‍പ്പിതര്‍ ഭവനസന്ദര്‍ശനങ്ങളും കുടുംബങ്ങളുമായുള്ള ബന്ധവും പുനഃസ്ഥാപിക്കണം. വ്യക്തിപരമായി കണ്ടുമുട്ടാനും പരസ്പരം കേള്‍ക്കാനുമുള്ള അവസരങ്ങള്‍ സഭയില്‍ ലഭ്യമാക്കണം. ഇന്നു നമുക്കു വേണ്ടതു കുടുംബകേന്ദ്രീകൃമായ, വ്യക്തിബന്ധങ്ങളിലൂന്നിയ, ലാളിത്യമുള്ള ഒരു നവഅജപാലനശുശ്രൂഷയാണ്: ഓരോ കുടുംബത്തിനും ആവശ്യമുള്ള സാധനങ്ങള്‍ അവിടെ നേരിട്ട് എത്തിച്ചു നല്‍കുന്ന ഉന്തുവണ്ടി സംസ്ക്കാരമാണിന്നാവശ്യം.

? ലാളിത്യം സഭയില്‍ വേണമെന്നു പറയുന്ന പിതാവ് നമ്മുടെ വൈദിക പരിശീലനത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകണമെന്നാഗ്രഹിക്കുന്നുണ്ടോ? കാലഘട്ടത്തിന് അനുരൂപപ്പെടുന്ന തരത്തില്‍ വൈദികപരിശീലം മാറേണ്ടതല്ലേ? ഇക്കാര്യത്തില്‍ സെമിനാരി അധ്യാപകനായിരുന്ന അങ്ങയുടെ അഭിപ്രായം എന്താണ്?
പൗരോഹിത്യത്തെ ഒരു കംഫര്‍ട്ട് സോണായിക്കണ്ടു കടന്നു വരുന്ന അപൂര്‍വം ചിലരുണ്ടാകാം. ആത്മീയതയുടെ അടിത്തറയിലാണു പൗരോഹിത്യ പരിശീലനം പടുത്തുയര്‍ത്തേണ്ടത്. അതോടൊപ്പം ആത്മാവിന്‍റെ അഭിഷേകത്തില്‍ നമ്മള്‍ ജനങ്ങളിലേക്കിറങ്ങണം. വൈദിക പരിശീലനത്തില്‍ എല്ലാം കൃത്യമായി നിര്‍വഹിക്കപ്പെടുന്നുണ്ട്, നല്‍കപ്പെടുന്നുണ്ട്. പഠനവും പ്രാര്‍ത്ഥനയും ഭക്ഷണവും കളികളുമൊക്കെ അവിടെയുണ്ട്. എന്നാല്‍ സാധാരണ മനുഷ്യര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളും വേദനകളും വൈദികവിദ്യാര്‍ത്ഥികള്‍ പലപ്പോഴും നേരിട്ട് അറിയുന്നില്ല. വര്‍ഷങ്ങളോളം സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് അടുത്തനുഭവിക്കാത്തതു കൊണ്ടു പലരും അറിയാതെതന്നെ ഒരു സുഖലോലുപത ശൈലിയിലേക്കു മാറി പോകുന്നു. ദൈവരാജ്യം ബലപ്രയോഗത്തിനു വിധേയമാകുന്നതുപോലെ. ഇക്കാലഘട്ടത്തില്‍ യേശുവിന്‍റെ പൗരോഹിത്യം സുവിശേഷാധിഷ്ഠിതമായി ജീവിക്കണമെങ്കില്‍ ബലപ്രയോഗത്തിലൂടെ ലാള്യത്യവും, ഉദാരതയും, സഹനവും നിറഞ്ഞ ഒരു ജീവിതം കരുപ്പിടിപ്പിക്കണം. എന്തു വാങ്ങിക്കുമ്പോഴും, എന്തു ലഭിക്കുമ്പോഴും ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: 'ഇതില്ലാതെ എനിക്കു ജീവിക്കാന്‍ കഴിയുമോ?' പൗലോസ് ശ്ലീഹായുടെ ഒരു ഉപദേശം എപ്പോഴും ഓര്‍ത്തിരിക്കണം: "എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പ്രയോജനകരമല്ല. എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍, ഒന്നും എന്നെ അടിമപ്പെടുത്താന്‍ ഞാന്‍ സമ്മതിക്കുകയില്ല" (1 കോറി. 6:12). ജീവിതത്തില്‍ അത്യാവശ്യമുള്ളതു വേണം. അനാവശ്യമായിട്ടുള്ളതും ആര്‍ഭാടമായിട്ടുള്ളതും ധൈര്യപൂര്‍വ്വം വെടിയുവാന്‍ പരിശീലനകാലത്തു തന്നെ അവര്‍ പഠിച്ചെടുക്കണം. ലൗകീകതയാലല്ല, ആത്മാവിനാല്‍ നയിക്കപ്പെടുന്നവരാകണം സമര്‍പ്പിതര്‍. ലാളിത്യം കൈവരിക്കാന്‍ നമ്മളെ സഹായിക്കുന്നതു ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നതുപോലെ, പുറംമ്പോക്കിലേക്കും, അതിര്‍ത്തികളിലേക്കും, അരികുകളിലേക്കുമുള്ള ഒരു നിര്‍ബന്ധയാത്രയാണ്. വടവാതൂര്‍ സെമിനാരിയില്‍ ജീസസ് ഫ്രട്ടേണിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ ജയില്‍ സന്ദര്‍ശനവും, മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ വാര്‍ഡ് സന്ദര്‍ശനവും, ചേരിപ്രദേശ സന്ദര്‍ശനവും ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുവാന്‍ എനിക്കും അനേകം ബ്രദേഴ്സിനും സഹായകമായിട്ടുണ്ട്. ഇന്ന് ഉപഭോഗസംസ്ക്കാരത്തില്‍ നമ്മള്‍ ഞെരിഞ്ഞമരുമ്പോള്‍, സുവിശേഷാധിഷ്ഠിതമായി പൗരോഹിത്യം ജീവിക്കുവാന്‍ ഒരു ബലപ്രയോഗം അനിവാര്യമായി വരുന്നു. ഒരു വാശി എന്ന പോലെ വേദനിക്കുന്നവരിലേക്കും, പാവപ്പെട്ടവരിലേക്കും, അവഗണിക്കപ്പെട്ടവരിലേക്കും യേശുവിനെ പോലെ എപ്പോഴും ഇറങ്ങിച്ചെല്ലുവാന്‍ നമ്മള്‍ സമയം കണ്ടെത്തണം. അതു പൗരോഹിത്യ പരിശീലന കാലഘട്ടത്തില്‍ തന്നെ തുടങ്ങണം, അതൊരു ജീവിതശൈലിയായി മാറണം. പരിശീലനകാലത്തു തന്നെ മിഷന്‍ രൂപതകള്‍ സന്ദര്‍ശിച്ചു, അവിടുത്തെ ജീവിതം അടുത്തറിയുമ്പോള്‍ ജീവിതം കുറച്ചുകൂടി ലളിതമായി ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടും. അപ്പോള്‍ പൗരോഹിത്യം ഇന്നത്തെ പ്രതികൂല സാഹചര്യത്തിലും കൂടുതല്‍ പ്രസക്തിയുള്ളതായി അനുഭവപ്പെടും, അംഗീകരിക്കപ്പെടും. മറ്റുള്ളവരില്‍ യേശുവിനെ കാണുന്നതോടൊപ്പം, വളരെ പ്രത്യേകമായി ഒരു വൈദികന്‍, ഒരു സമര്‍പ്പിത വി. ഫ്രാന്‍സിസ് അസീസ്സിയെപ്പോലെ, വിശുദ്ധ മദര്‍ തെരേസയെപ്പോലെ ലാളിത്യത്തിലും എളിമയിലും ദാരിദ്ര്യാരൂപിയിലും ജീവിച്ചു മറ്റൊരു ക്രിസ്തുവായി രുപാന്തരപ്പെടണം, മറ്റുള്ളവര്‍ക്കു ക്രിസ്തു സാന്നിദ്ധ്യമാകണം.

? സഭയിലായാലും രാഷ്ട്രീയത്തിലായാലും അധികാരവും പദവിയുമെല്ലാം എങ്ങനെയാണു വിനിയോഗിക്കപ്പെടേണ്ടത്, ഏത് വിധത്തിലായിരിക്കണം അതു നിര്‍വചിക്കപ്പെടേണ്ടത്?

താന്‍ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകര്‍ക്കു മോചനദ്രവ്യമാകാനും വേണ്ടിയാണ് എന്ന് കര്‍ത്താവു പറഞ്ഞിട്ടുണ്ടല്ലോ. ഒരു സേവക നേതൃത്വമാണ് (Servant Leadership) നമുക്കാവശ്യം. ഇടയനെയും ആടുകളെയും കുറിച്ചു പറയുന്നത് പലരീതിയില്‍ കാണാം. ഒന്ന് ആടുകള്‍ക്കു മുമ്പേ നടക്കുന്ന ഇടയന്‍. മുമ്പേ നടന്നുപോയാല്‍ പിന്നില്‍ ഒന്നു നഷ്ടപ്പെടുന്നത് ഇടയന്‍ അറിയണമെന്നില്ല. രണ്ടാമത്തേത് പിറകെ നടക്കുന്നതാണ്. അവിടെയും ചിലപ്പോള്‍ ആടുകള്‍ക്കു വഴി തെറ്റിപ്പോകാം. മൂന്നാമത്, കൂടെ നടക്കുന്നതാണ്. ആടുകളുടെ മണമുള്ള ഇടയനാണു കൂടെ നടക്കുന്നത്. അവര്‍ ആടുകളെ കൂട്ടില്‍ നിന്നു പുറത്തിറക്കുമ്പോഴും കൂട്ടിലേക്കു കയറ്റുമ്പോഴും അവയുടെ ചെവിയില്‍ പലതും മന്ത്രിക്കും. അങ്ങനെയാണ് ആടുകള്‍ ഇടയന്‍റെ സ്വരം മനസ്സിലാക്കിയെടുക്കുന്നത്. വലിയ മേച്ചില്‍പ്പുറങ്ങളില്‍ പല ആട്ടിടയന്മാരുടെയും ആടുകള്‍ ഒരുമിച്ചാണു മേയുന്നത്. വൈകിട്ടു പോകാന്‍ നേരം ഓരോ ആട്ടിടയനും ചൂളം വിളിക്കും. പുറമെ നിന്നു കേള്‍ക്കുന്നവര്‍ക്കു ചൂളം വിളികള്‍ ഒരുപോലെ തോന്നും. എന്നാല്‍ ആടുകള്‍ കൃത്യമായി അവയുടെ ഇടയന്‍റെ ചൂളം വിളി തിരിച്ചറിഞ്ഞ് അടുത്തേക്കു ചെല്ലും. ഏതവസരത്തിലും കൂടെ നടക്കുന്ന നേതാക്കന്മാരാണ് ഇന്നിന്‍റെ ആവശ്യം. നേതാവ് അനുയായികളുടെ സ്വരം തിരിച്ചറിയുവാനും, അനുയായികള്‍ നേതാവിന്‍റെ ശബ്ദത്തിനു കാതോര്‍ക്കുവാനും ഇടയാകുമ്പോള്‍ നല്ല നേതൃത്വവും നല്ല സമൂഹവും രൂപപ്പെടും. പരസ്പരം സ്വരം കേള്‍ക്കാതെ വരുമ്പോള്‍, കേള്‍ക്കുന്നതു മനസ്സിലാക്കതെ വരുമ്പോള്‍, സ്വരം തിരിച്ചറിയാതെ വരുമ്പോള്‍ അസ്വസ്ഥതകള്‍ രൂപപ്പെടുന്നു, പരസ്പരം അകലുന്നു. നേതാവും അനുയായികളും പരസ്പരം അടുത്തറിയുവാന്‍ കഴിയുന്ന വിധത്തിലുള്ള ഇഴയടുപ്പം ഉണ്ടെങ്കില്‍ അവിടെ കൂട്ടായ്മയും സ്നേഹവും വളര്‍ച്ചയും ഉണ്ടാകും. സകല അധികാരത്തിന്‍റെയും നാഥനായ യേശു തന്‍റെ അധികാരവും നേതൃത്വവും എങ്ങനെ ജീവിച്ചു എന്നു ധ്യാനാത്മകമായി പഠിച്ചെടുത്തു ക്രിസ്തീയനേതൃത്വത്തില്‍ നമ്മള്‍ ഏറെ വളരേണ്ട, മറ്റുള്ളവര്‍ക്കു മാതൃകയാകേണ്ട ഒരു കാലഘട്ടമാണിത്.

? സീറോ-മലബാര്‍ സഭയുടെ സിനഡിന്‍റെയും നേതൃത്വത്തിന്‍റെയും കെട്ടുറപ്പും കൂട്ടായ്മയും എങ്ങനെ വിലയിരുത്തുന്നു?
സീറോ-മലബാര്‍ സഭ വളരുകയാണ്. അതോടൊപ്പം ഈ കാലഘട്ടത്തില്‍ സുവിശേഷത്തിനു സാക്ഷ്യം നല്‍കുവാന്‍ തക്കവിധത്തില്‍ നമ്മള്‍ കൂട്ടായ്മയില്‍, സ്നേഹത്തില്‍ വളരുന്നുണ്ടോ എന്ന് ആത്മാര്‍ത്ഥമായി ആത്മശോധന ചെയ്യണം. തിരുസഭയ്ക്കു ദൈവിക-മാനുഷിക തലങ്ങള്‍ ഉണ്ടല്ലോ. മാനുഷിക തലത്തില്‍ പലപ്പോഴും വീഴ്ചകളും പോരായ്മകളും തെറ്റിദ്ധാരണകളും ഉണ്ടാകാം. വീഴ്ചയില്‍ നിന്നും പാഠങ്ങള്‍ പഠിച്ചെടുക്കണം. അപ്പോഴൊക്കെ, ആരെയും മാറ്റി നിറുത്താതെ, അകറ്റി നിറുത്താതെ, കുറ്റം പറയാതെ ദൈവകൃപയിലാശ്രയിച്ചും, പരസ്പര സ്നേഹത്തിലൂടെയും എല്ലാം പരിഹരിക്കാന്‍ നമുക്കു കഴിയണം. ഒരു ശരീരത്തിലെ അവയവങ്ങളെപ്പോലെ പരസ്പര ബഹമാനത്തോടും ആദരവോടും കൂടി എല്ലാവരെയും പരിഗണിക്കണം. സന്തോഷിക്കുന്നവരോടു കൂടെ സന്തോഷിക്കുവാനും, വേദനിക്കുന്നവരുടെ കൂടെ നിന്നു ആശ്വസിപ്പിക്കുവാനും നമുക്കു കഴിയണം. ഒരേ ആത്മാവ് എല്ലാവരിലും പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ കൂട്ടായ്മയുണ്ടാകും, സ്നേഹമുണ്ടാകും, സഹകരണമുണ്ടാകും, അനുരഞ്ജനമുണ്ടാകും. ആത്മാവിനോടു ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ നമുക്ക് ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. സഭയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സിനഡിലെ എല്ലാ പിതാക്കന്മാരും പ്രാര്‍ത്ഥനാ ചൈതന്യത്തോടെ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. അതിന് അല്മായരുടെയും സമര്‍പ്പിതരുടെയും അച്ചന്മാരുടെയുമൊക്കെ ഒത്തിരിയേറെ പ്രാര്‍ത്ഥനകള്‍ ലഭിച്ചു. സ്വര്‍ത്ഥതാല്‍പര്യങ്ങളും, ഇടുങ്ങിയ മനോഭാവും മാറ്റി വച്ചു, അപ്രസക്തമായ കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുക്കാതെ, കൂട്ടായ്മയെ പരിപോഷിപ്പിക്കുന്ന ചൈതന്യം വളര്‍ത്തിയെടുക്കണം. സുവിശേഷാധിഷ്ഠിതമായി ജീവിക്കുവാന്‍, ധീരതയോടെ സുവിശേഷ സ്നേഹത്തിനു സാക്ഷ്യം നല്‍കുവാന്‍ നമ്മള്‍ എല്ലാവര്‍ക്കും പ്രചോദനമേകണം, നേതൃത്വം നല്‍കണം. ഇന്നത്തെ പ്രതികൂല സാഹചര്യത്തില്‍ ഫ്രാന്‍സിസ് മാര്‍ പാപ്പയെ മാതൃകയാക്കി സൗഹൃത്തിന്‍റെ, സ്നേഹത്തിന്‍റെ, കാരുണ്യത്തിന്‍റെ, കൂട്ടായ്മയുടെ നവ സുവിശേഷവത്ക്കരണത്തില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം.

? കൊച്ചി നഗരത്തില്‍നിന്നു ഡല്‍ഹിയെന്ന മഹാനഗരത്തിലേക്കാണു പിതാവു പോകുന്നത്. ആശങ്കകളുണ്ടോ?
പുതിയ മേച്ചില്‍പ്പുറങ്ങളിലേക്കു യാത്രയാകുകയാണ്. ഇവിടത്തെപ്പോലെ ആയിരിക്കില്ല, അവിടെ സാഹചര്യമെന്നു വ്യക്തമായി അറിയാം. പല സ്ഥലത്തു നിന്നും പലവിധ ആവശ്യങ്ങള്‍ക്കായി തലസ്ഥാന നഗരിയിലെത്തിയവരാണ് അവിടെയുള്ളത്. എല്ലാം മനസ്സിലാക്കുവാനും പരിചയപ്പെടുവാനും അല്പം സമയം വേണ്ടിവരും. അവരുടെ സാഹചര്യം അടുത്തറിഞ്ഞു അജപാലന ശുശ്രൂ ഷ ദൈവഹിതമനുസരിച്ചു നിര്‍വഹിക്കണം. വിശ്വാസജീവിതത്തെയും കുടുംബജീവിതത്തെയും കൂടുതല്‍ ശക്തിപ്പെടുത്തണം. പരസ്പരമുള്ള സഹകരണവും കൂട്ടായ്മയും വളര്‍ത്തണം. ഭാഷയും കാലാവസ്ഥയും വ്യത്യസ്തമാണ്. ദൈവകൃപയാല്‍ എല്ലാ സാഹചര്യങ്ങളുമായി കാലക്രമേണ അനുനയിക്കപ്പെടും എന്നു വിശ്വസിക്കുന്നു. പ്രവാസികളായി ജീവിക്കുന്ന സഹോദരങ്ങളുടെ കൂടെ ഒരു പ്രവാസിപ്പോലെ കൂടെനടന്നു വളരുവാനും വളര്‍ത്തുവാനും ശ്രമിക്കും. മിഷന്‍ പ്രദേശത്തുള്ള മറ്റു സഹോദരങ്ങളിലേക്കും, സാഹചര്യങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അവര്‍ക്കാവശ്യമായ അജപാലനശുശ്രൂഷ നിര്‍വഹിക്കുവാനും പരിശ്രമിക്കും. അഭിവന്ദ്യ ഭരണകുളങ്ങര പിതാവിന്‍റെയും, സ്നേഹമുള്ള അനേകം വൈദികരുടെയും, സമര്‍പ്പിതരുടെയും അല്മായ സഹോദരങ്ങളുടെയും കൂട്ടായ്മയിലും സ്നേഹത്തിലും ദൈവകൃപയാല്‍ ഇടയശുശ്രൂഷ ഹൃദ്യമായി, സ്നേഹത്തോടെ, സന്തോഷത്തോടെ നിര്‍വഹിക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. പുതിയ അജപാലനമേഖലയില്‍ ജീവിക്കുമ്പോള്‍, അതിര്‍ത്തികളില്ലാത്ത ദൈവരാജ്യശുശ്രൂഷ അനുഗ്രഹമായിരിക്കും, ആനന്ദകരമായിരിക്കും എന്ന് ഏറെ പ്രതീക്ഷിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org