മാര്‍ കാട്ടുമന: സീറോ-മലബാര്‍ സഭയെ പ്രകാശിപ്പിച്ച മിന്നല്‍പ്പിണര്‍

മാര്‍ കാട്ടുമന: സീറോ-മലബാര്‍ സഭയെ പ്രകാശിപ്പിച്ച മിന്നല്‍പ്പിണര്‍


മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍

ബിഷപ് എമരിത്തൂസ് , ബിജ്നൂര്‍ രൂപത

വളരെ പെട്ടെന്നു നമ്മെ സമീപിച്ച് നമ്മുടെ സ്നേഹം ആര്‍ജ്ജിച്ചു ബഹുമാനാദരങ്ങള്‍ക്കു പാത്രീഭൂതനായി നമ്മുടെയിടയില്‍ കടന്നുവരികയും പെട്ടെന്നു തന്നെ, കടന്നു പോവുകയും ചെയ്ത അഭിവന്ദ്യ മാര്‍ എബ്രാഹം കാട്ടുമന പിതാവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ കുമാര നാശാന്‍ 'വീണപൂവില്‍' എഴുതിവച്ച ചിലവരികളാണ് ഓര്‍മ്മ വരുന്നത്.

'സാധിച്ചുവേഗമഥവാ നിജ ജന്‍മകൃത്യം
സ്വാധിഷ്ഠര്‍ പോട്ടിഹ, നിശി പാന്ഥപാദം
ബാദിച്ചു നൂക്ഷശില വാഴ്വതില്‍നിന്നു മേഘ
ജോതിസു, തന്‍ ക്ഷണിക ജീവിതമല്ലികാ മ്യം'

തങ്ങളുടെ ജന്മകൃത്യം സാധിച്ച് ഉത്തമരായവര്‍ വേഗം പോകുന്നു. രാത്രിയില്‍ വഴി തടുക്കുന്നവരുടെ കാലില്‍ തട്ടുന്ന രൂക്ഷമായ കല്ലായി കഴിയുന്നതിനേക്കാള്‍ കൊള്ളിയാന്‍, പ്രകാശം നല്കുന്ന ക്ഷണിക ജീവിതമല്ലേ കൂടുതല്‍ അഭികാമ്യം.

സീറോ-മലബാര്‍ സഭയുടെ ചരിത്രത്തില്‍ വളരെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ സഭയുടെ മേഘാവൃതമായിരുന്ന നഭോ മണ്ഡലത്തില്‍ ഉദിച്ചുയര്‍ന്നു വളരെ ശക്തമായ പ്രകാശം പകര്‍ന്ന് ഒരു കൊള്ളിമീനെപ്പോലെ മറഞ്ഞു പോയ അനുഭവമാണ് കാട്ടുമന പിതാവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ വരുന്നത്. കുറച്ചു സമയം മാത്രമേ ആ നക്ഷത്രം നമുക്കുവേണ്ടി പ്രകാശം പരത്തിയുള്ളു. നമ്മള്‍ പ്രതീക്ഷിച്ചില്ല ഇത്രവേഗം അതു പൊലിഞ്ഞുപോകുമെന്ന്. എങ്കിലും ഹൃദയാവര്‍ജ്ജകമായ ആ പ്രഭാപൂരം നമ്മെ എല്ലാവരെയും ആകര്‍ഷിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തു എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇരുപത്തഞ്ചു വര്‍ഷക്കാലം കൊണ്ടു ചെയ്തു തീര്‍ക്കാവുന്ന ജോലി രണ്ടു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കിയ ആ കര്‍മ്മധീരന്‍ സഭ ഭരമേല്പിച്ച ദൗത്യം ഏതാണ്ടു മുഴുവന്‍ തന്നെ പൂര്‍ത്തിയാക്കിയ ശേഷമാണ് കടന്നു പോയത്. അദ്ദേഹത്തിന്‍റെ ജീവിത നിയോഗത്തിലും കടന്നുപോക്കിലും ദൈവ പിതാവിന്‍റെ നിഗൂഢവും അഗ്രാഹ്യവുമായ പരിപാലന നമുക്കു ദര്‍ശിക്കാം.

മാര്‍ എബ്രാഹം കാട്ടുമന പ്രത്യേകമായി വിളിച്ചു ചേര്‍ത്ത സിനഡില്‍ അദ്ദേഹം ചെയ്ത പ്രഭാഷണത്തിലെ ചില വരികള്‍ പ്രവാചക വചനങ്ങളായിരുന്നു എന്നു തോന്നുകയാണ്.

"As I was going through the instructions that I received from the Holy See on my appointment as the Pontifical Delegate, I found that most of those instructions and even more have been carried out during the past two years. All the necessary infrastructures have been established though in a limited manner. Even physically, the Curia is almost prepared to be independent. At this juncture I would like to imagine the Syro-Malabar Church to be a full fledged Sui Juris Church with all the rights and obligations envisaged in the Code of Canons of the Oriental Churches. I believe that the Pontifical Delegate can slowly disappear in the background".  ഇതിനോടുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു: "I think we have to prepare for the new situation."

സഭയുടെ അടിസ്ഥാന ഭരണ സംവിധാനങ്ങള്‍ എല്ലാം തയ്യാറാക്കി ഒരു സ്വയംഭരണാധികാരസഭ എന്ന നിലയില്‍ അതിനെ പ്രവര്‍ത്തന സജ്ജമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇവിടുത്തെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം തന്‍റെ പ്രവര്‍ത്തന മണ്ഡലമായ നയതന്ത്ര സേവന രംഗത്തേക്കു മടങ്ങുന്നതിന് അദ്ദേഹത്തിന് വളരെയധികം ആഗ്രഹമുണ്ടായിരുന്നു. പലരോടും അദ്ദേഹം അത് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍, സര്‍വ്വതിന്‍റെയും പരിപാലകനായ ദൈവം തന്‍റെ പക്കലേക്കു മടങ്ങുവാനാണ് അദ്ദേഹത്തെ ക്ഷണിച്ചത്.

തിരുസഭയ്ക്കുവേണ്ടിയും പ്രത്യേകിച്ച്, സീറോ -മലബാര്‍ സഭയ്ക്കുവേണ്ടിയുമാണ് വന്ദ്യ പിതാവ് തന്‍റെ ജീവന്‍ സമര്‍പ്പിച്ചത്. തീര്‍ച്ചയായും സീറോ -മലബാര്‍ സഭയ്ക്കുവേണ്ടി അദ്ദേഹം തന്‍റെ ജീവന്‍ ബലിയര്‍പ്പിക്കുകയാണ് ചെയ്തത് എന്നതിന് യാതൊരു സംശയവുമില്ല. തന്‍റെ ആ സഭയെ അദ്ദേഹം വളരെയധികം സ്നേഹിച്ചിരുന്നു. അതേക്കുറിച്ച് അദ്ദേഹത്തിന് വളരെ അഭിമാനമുണ്ടായിരുന്നു. തന്‍റെ മെത്രാഭിഷേകാവസരത്തില്‍ അദ്ദേഹം പ്രസ്താവിച്ചതോര്‍ക്കുകയാണ്: 'തോമാശ്ലീഹായുടെ വിശ്വാസവെളിച്ചം സ്വീകരിച്ച ഒരു കുടുംബത്തില്‍ നിന്നും സഭയില്‍നിന്നും നാട്ടില്‍ നിന്നും ആ വിശ്വാസത്തിന്‍ അപ്പസ്തോലനായി, അയയ്ക്കപ്പെട്ട ഒരു പ്രേഷിതനായിട്ടാണ് ഞാന്‍ എന്നെത്തന്നെ കാണുന്നത്." ഒരു അപ്പസ്തോലനെപ്പോലെ അദ്ദേഹം അത്യദ്ധ്വാനം ചെയ്തു. സഭയ്ക്കുവേണ്ടി ഒരു ദഹനബലിയായിത്തന്നെ അദ്ദേഹം അര്‍പ്പിക്കപ്പെട്ടു. അദ്ദേഹത്തന്‍റെ ജോലിയുടെ ഭാരം, അവയുടെ സംഘര്‍ഷം അതു സമയത്തുതന്നെ പൂര്‍ത്തിയാക്കുവാന്‍ വേണ്ടി അദ്ദേഹം ചെയ്ത കഠിനാദ്ധ്വാനം, അതിനുവേണ്ടി അദ്ദേഹം അഭിമുഖീകരിച്ച പ്രശ്നങ്ങളും പ്രയാസങ്ങളും, കേട്ട വിമര്‍ശനങ്ങളും… എല്ലാം ആ ജീവനെ ഹ്രസ്വമാക്കിയോ എന്നു സന്ദേഹിക്കണം.

ചുരുങ്ങിയ കാലം കൊണ്ടു വന്ദ്യപിതാവ് തന്‍റെ വ്യക്തിത്വത്തിന്‍റെ മുദ്ര നമ്മുടെ സഭയുടെ പ്രവര്‍ത്തനശൈലിയില്‍ തീര്‍ച്ചയായും പതിപ്പിച്ചിട്ടുണ്ട്. വളരെ ലളിതമായ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു പിതാവ്. പുറമെ ഒരുപക്ഷേ, അല്പം 'ഔപചാരികമായ മുഖം' അദ്ദേഹത്തിനുണ്ടായിരുന്നിരിക്കാം. പക്ഷേ, അടുത്തു പരിചയപ്പെട്ടു കഴിയുമ്പോള്‍, കൂടുതല്‍ ബന്ധപ്പെട്ടു കഴിയുമ്പോള്‍ ഔപചാരികതയുടെ പരിവേഷം ഒട്ടുമില്ലാതെ വളരെ അടുത്തു ബന്ധപ്പെടുവാന്‍ കഴിവുണ്ടായിരുന്ന ഒരു ലളിതമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേത് എന്ന് മനസ്സിലാകും.

ശാന്തനും സുസ്മേര വദനനുമായിട്ടാണ് എല്ലായ്പ്പോഴും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നത്. വളരെ ഗാഢമായ ബന്ധങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഹൃദ്യമായും ആഴമായും ബന്ധങ്ങള്‍ വളര്‍ത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. വികാരങ്ങള്‍ അധികം ഇല്ലാത്ത ഒരുവനെപ്പോലെ ഒരുപക്ഷേ അദ്ദേഹം ചിലപ്പോള്‍ കാണപ്പെട്ടിരിക്കാം. പക്ഷേ ഗാഢമായ സൃഹൃദ്ബന്ധങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. എനിക്കും അതിന്‍റെ അനുഭവങ്ങള്‍ ധാരാളമുണ്ട്.

വിഷമിക്കുന്നവരെയും, വേദനിക്കുന്നവരെയും, ബുദ്ധിമുട്ടുന്നവരെയും ശ്രവിക്കുവാനും ശ്രദ്ധിക്കുവാനും അദ്ദേഹത്തിനു പ്രത്യേക കഴിവുണ്ടായിരുന്നു. അവരെ കേള്‍ക്കുക മാത്രമല്ല, കാര്യങ്ങളുടെ സ്ഥിതി മനസ്സിലാക്കിക്കഴിഞ്ഞാല്‍ അതിനുവേണ്ടി എന്തെങ്കിലും ചെയ്യുവാന്‍ അദ്ദേഹം എല്ലായ്പ്പോഴും തയ്യാറായിരുന്നു. ദൈവിക പരിപാലനയില്‍ ആഴമായ വിശ്വാസമാണ് അദ്ദേഹത്തിനുണ്ടായത്. അതു കൊണ്ടു തന്നെ ഉറച്ച ബോദ്ധ്യങ്ങളും ഏതു പ്രതിസന്ധിയിലും ആത്മവിശ്വാസവും ശുഭപ്രതീക്ഷയും അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരു ചെറിയ സംഭവം ഓര്‍ക്കുന്നു. ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ കൂരിയയ്ക്കു വേണ്ടി സ്ഥലം വാങ്ങാനുള്ള ചര്‍ച്ചകള്‍ വന്നപ്പോള്‍, സഭയ്ക്കു പിന്നീട് പലതരത്തിലുള്ള വളര്‍ച്ചയ്ക്ക് ആവശ്യമായ വിധത്തില്‍ കൂടുതല്‍ സ്ഥലം വാങ്ങിച്ചിടണമെന്ന് അദ്ദേഹത്തിന് നിര്‍ബ്ബന്ധമായിരുന്നു. ഇത്തരത്തില്‍ ദീര്‍ഘവീക്ഷണവും കാര്യക്ഷമതയുള്ള ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം. കൃത്യമായും കാര്യക്ഷമമായും എല്ലാ കാര്യങ്ങളും നിര്‍വഹിക്കുവാന്‍ കഠിനമായി അദ്ദേഹം പ്രയത്നിച്ചു.

'ടീം സ്പിരിറ്റ്' വളര്‍ത്തിക്കൊണ്ടുപോകുവാന്‍ പരിശ്രമിച്ച ആളാണ് മാര്‍ കാട്ടുമന. തന്‍റെ കൂടെ ജോലി ചെയ്യുന്നവരെ എല്ലായ്പ്പോഴും പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ട സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തിരുന്നു. പുതിയ പുതിയ കാര്യങ്ങള്‍ സ്വാംശീകരിക്കുന്നതിന്, ഉള്‍ക്കൊള്ളുന്നതിന്, അവയെല്ലാം നല്ലകാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതിന് അദ്ദേഹത്തിനു സാധിച്ചു.

സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഉറച്ച നിലപാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. നിഷ്പക്ഷമായി, മുഖം നോക്കാതെ ശക്തമായ തീരുമാനങ്ങള്‍ അദ്ദേഹം എടുത്തിരുന്നു. ആ തീരുമാനങ്ങള്‍ പ്രയോഗികമാക്കാന്‍ വേണ്ടി അദ്ദേഹം അവസാനം വരെ പരിശ്രമിച്ചിരുന്നു. തന്‍റെ ദൗത്യത്തോട് സമഗ്രമായ പ്രതിബദ്ധത അദ്ദേഹം പുലര്‍ത്തിയിരുന്നു. ഒരു നയതന്ത്രജ്ഞനാവാന്‍ പരിശീലിപ്പിക്കപ്പെട്ട ആളാണെങ്കിലും അദ്ദേഹത്തിന്‍റെ പെരുമാറ്റത്തിലും ബന്ധങ്ങളിലും അതു ഒട്ടുംതന്നെ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അദ്ദേഹം വളരെ അനൗപചാരികമായിട്ടു തന്നെ എല്ലാവരോടും പെരുമാറിയിരുന്നു.

ഇങ്ങനെ വളരെ വിശിഷ്ടമായ ഒരു വ്യക്തിത്വമുള്ള ഒരാളായിരുന്നു നമ്മുടെ പ്രിയപ്പെട്ട അഭിവന്ദ്യ കാട്ടുമന പിതാവ്. ആ വ്യക്തിത്വത്തിന്‍റെ പ്രാഭവം നമുക്കെല്ലാവര്‍ക്കും ലഭിച്ചു. സഭയ്ക്ക് അത് ധാരാളമായി ലഭിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്‍റെ പാവനസ്മരണയില്‍ അതിന്‍റേതായിട്ടുള്ള ഫലങ്ങള്‍ നമ്മള്‍ തുടര്‍ന്നുകൊണ്ടു പോകുവാനാണ് നാം പരിശ്രമിക്കേണ്ടത്. അഭിവന്ദ്യ കാട്ടുമന പിതാവിനെ അനുസ്മരിക്കുമ്പോള്‍ അദ്ദേഹം കാണിച്ചുതന്ന സുതാര്യതയുടെയും സത്യത്തിന്‍റെയും നിക്ഷ്പക്ഷതയുടെയും പാതയിലൂടെ വഴിനടക്കാന്‍ നമുക്കു പരിശ്രമിക്കാം.

(എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ മാര്‍ എബ്രാഹം കാട്ടുമനയുടെ കബറടക്ക ശുശ്രൂഷയ്ക്കു മുമ്പു നടന്ന സമൂഹ ബലി മദ്ധ്യേ നടത്തിയ അനുസ്മരണ പ്രസംഗത്തെ ആസ്പദമാക്കി തയ്യാറാക്കിയത്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org