മാര്‍ ളൂയിസ് പഴേപറമ്പില്‍: കാലത്തിന്‍റെ കര്‍മ്മസാക്ഷി

മാര്‍ ളൂയിസ് പഴേപറമ്പില്‍: കാലത്തിന്‍റെ കര്‍മ്മസാക്ഷി


ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

(ആര്‍ക്കിവിസ്റ്റ് & ക്യുറേറ്റര്‍, എറണാകുളം അങ്കമാലി അതിരൂപത)

1919 ഡിസംബര്‍ 9-ന് നിര്യാതനായ എറണാകുളം വികാരിയാത്തിന്‍റെ പ്രഥമ വികാരി അപ്പസ്തോലിക്ക ആയിരുന്ന മാര്‍ ലൂയിസ് പഴേപറമ്പിലിന്‍റെ ചരമശതാബ്ദി വര്‍ഷമാണിത്. പിതാവിന്‍റെ സംഭവബഹുലമായ ജീവിതത്തെയും ഉദാത്തമായ സഭാദര്‍ശനത്തെയും അനുസ്മരിക്കുകയാണിവിടെ.

എറണാകുളം വികാരിയാത്തിന്‍റെ രൂപീകരണം
എറണാകുളം – അങ്കമാലി മേജര്‍ അതിരൂപത എറണാകുളം വികാരിയാത്ത് എന്ന നാമധേയത്തില്‍ 1896-ല്‍ സ്ഥാപിതമായപ്പോള്‍ അതിന്‍റെ പ്രഥമ വികാരി അപ്പസ്തോലിക്കയായതു മാര്‍ ളൂയിസ് പഴേപറമ്പില്‍ ആണ്.

പുതുതായി സ്ഥാപിതമായ വികാരിയാത്തിനെ ശൂന്യതയില്‍ നിന്നും അടിസ്ഥാനമിട്ട് പടുത്തുയര്‍ത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ദൈവം മാര്‍ ളൂയിസ് മെത്രാനില്‍ നിക്ഷേപിച്ചതും അദ്ദേഹം ഭരമേറ്റതും. നന്നെ ചെറുപ്പത്തില്‍ (13 വയസ്സുള്ളപ്പോള്‍) കര്‍മ്മലീത്ത നിഷ്പാദുക മൂന്നാം സഭയില്‍ ചേര്‍ന്നു കര്‍മ്മലീത്താ സന്യാസിയായി ജീവിച്ചുവരവെ കേരള സുറിയാനി കത്തോലിക്കാ സഭയ്ക്കു സ്വയംഭരണാധികാരമുള്ള മെത്രാന്മാരെ ലഭിക്കുന്നതിനുവേണ്ടി പണിയെടുത്തതിന്‍റെ പേരില്‍ കര്‍മ്മലീത്താ സഭയില്‍ നിന്നും പുറത്താക്കപ്പെടുകയും മാതൃ ഇടവകയായ പുളിങ്കുന്നില്‍ വികാരിയായി സേവനം ചെയ്യുകയും ചെയ്ത ബഹു. ളൂയിസച്ചനെയാണ് സുറിയാനിക്കാര്‍ക്കുവേണ്ടി 1887-ല്‍ കോട്ടയം, തൃശ്ശിവപ്പേരൂര്‍ വികാരിയാത്തുകള്‍ സ്ഥാപിതമായപ്പോള്‍ കോട്ടയം വികാരിയാത്തിന്‍റെ വികാരി അപ്പസ്തോലിക്കയായി നിയമിതനായ ലവീഞ്ഞു മെത്രാന്‍ തന്‍റെ സെക്രട്ടറിയായി നിയമിച്ചത്.

സാമാന്യം നല്ല ഉയരവും വെളുത്ത നിറവും സദാ പ്രസന്നവദനനുമായിരുന്ന ളൂയിസച്ചന്‍ ധീരനും കഠിനാദ്ധ്വാനിയും നേതൃത്വ ഗുണങ്ങള്‍ നിറഞ്ഞവനും അതിലുപരി ദൃഢനിശ്ചയക്കാരനുമാണെന്നു ലവീഞ്ഞു മെത്രാനു ബോധ്യപ്പെട്ടു. ലത്തീന്‍, സുറിയാനി, ഇംഗ്ലീഷ് ഭാഷകള്‍ അനായസേന കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്ന ഈ മലയാളി വൈദികന് ഇറ്റാലിയനും ഫ്രഞ്ചും പോര്‍ട്ടുഗീസും വായിച്ചു മനസ്സിലാക്കാനുള്ള കഴിവും ഉണ്ടായിരുന്നു. ളൂയിസച്ചന്‍ ഒമ്പതുവര്‍ഷക്കാലം ലവീഞ്ഞു മെത്രാന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയും വികാരിയാത്തിനെ ഭരിക്കേണ്ടത് എങ്ങനെയെന്ന് നേരിട്ട് പഠിക്കുകയും ചെയ്ത വ്യക്തിയാണ്. ആകയാല്‍ നാല്പത്തിയൊമ്പതാമത്തെ വയസ്സില്‍ എറണാകുളം വികാരിയാത്തിന് രൂപം നല്കി അതിനെ മാര്‍ ളൂയിസ് മെത്രാന്‍റെ കൈകളില്‍ ഏല്പിച്ചപ്പോള്‍ ഈ ഭാരിച്ച ഉത്തരവാദിത്വം ഭരമേല്പിച്ചവര്‍ എന്ത് സ്വപ്നം കണ്ടുവോ അത് സാധ്യമാക്കാന്‍ – സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ – നീണ്ട 23 വര്‍ഷത്തെ മെത്രാന്‍ സ്ഥാന ശുശ്രൂഷയില്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്ന് ചരിത്രം തെളിയിക്കുന്നു.

ചങ്ങനാശ്ശേരി അതിരൂപതയില്‍പ്പെട്ട പുളിങ്കുന്നു സ്വദേശിയും പുളിങ്കുന്നു പള്ളി വികാരിയും ലവീഞ്ഞു മെത്രാന്‍റെ സെക്രട്ടറിയുമായിരുന്ന മാര്‍ ളൂയിസ് പ ഴേപറമ്പില്‍ 1896 ഒക്ടോബര്‍ 25-ാം തീയതി കാന്‍ഡിയില്‍വച്ച് അക്കാലത്തെ ഡലഗേറ്റ് അപ്പസ്തോലിക്കയായിരുന്ന മോണ്‍. സലെസ്കിയില്‍നിന്നും മെത്രാന്‍ പട്ടം സ്വീകരിച്ചു. 1896 നവംബര്‍ 5-ാം തീയതി എറണാകുളം വികാരിയാത്തിന്‍റെ ചുമതലക്കാരനായി എറണാകുളത്ത് എത്തിച്ചേര്‍ന്നു. കാന്‍ഡിയില്‍നിന്നും പുറപ്പെട്ട് തൃശ്ശൂരിലെത്തിച്ചേര്‍ന്ന മാര്‍ ളൂയിസ് മെത്രാന്‍ തൃശൂര്‍ അരമനയിലും എല്‍ത്തുരുത്ത് കൊവേന്തയിലും ഓരോ ദിവസം വിശ്രമിച്ചശേഷം വള്ളംവഴി വടക്കന്‍ പറവൂരിലെത്തി. അവിടെനിന്നും മൂന്നാം ദിവസം ജല മാര്‍ഗ്ഗം എറണാകുളത്തേക്ക് പുറപ്പെട്ടു. അറുപതോളം ഓടിവള്ളങ്ങളുടെ അകമ്പടിയോടെ എറണാകുളത്ത് എത്തിച്ചേര്‍ന്ന മാര്‍ ളൂയിസ് മെത്രാനെ എറണാകുളം വികാരിയാത്തിലെ വൈദികരും ദൈവജനവും ഇരുകൈകളും നീട്ടി ആവേശത്തോടെയാണ് സ്വീകരിച്ചത്. പതിനായിരത്തോളം ജനങ്ങള്‍ അന്ന് അദ്ദേഹത്തെ സ്വീകരിക്കാന്‍ അന്‍പത് പൊന്‍വെള്ളി കുരിശുകളുടെ അകമ്പടിയോടെ കാത്തുനിന്നിരുന്നു.

ആസ്ഥാനം എറണാകുളത്ത്
എറണാകുളം വികാരിയാത്തിന്‍റെ ചുമതല ഏറ്റെടുത്തശേഷം അദ്ദേഹം പുറപ്പെടുവിച്ച ഏറ്റവും ആദ്യത്തെ കല്പന (സര്‍ക്കുലര്‍) പുതുതായി സ്ഥാപിതമായ എറണാകുളം വികാരിയാത്തിനെ സംബന്ധിക്കുന്ന സുപ്രധാനമായ ആലോചനകള്‍ നടത്താന്‍ വേണ്ടിയുള്ളതായിരുന്നു. ആ കല്പന ഇപ്രകാരമായിരുന്നു: "1 ദൈവകൃപയാലെയും ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്‍റെ മനൊഗുണത്താലെയും എറണാകുളം വികാരി അപ്പസ്തോലിക്ക ആയ പഴെപറമ്പില്‍ ളൂവിസ് തിയാനാ എന്ന ദിക്കിന്‍റെ മെത്രാന്‍ നമ്മുടെ ആജ്ഞയിന്‍ കീഴിലുള്ള പള്ളികളുടെ ബഹു. വികാരിമാര്‍ക്കും കുരിശുപള്ളികളുടെ ബഹു. അസിസ്തേന്തിമാര്‍ക്കും പട്ടക്കാര്‍ക്കും ജനങ്ങള്‍ക്കും നമ്മുടെ കര്‍ത്താവീശോമിശിഹായില്‍ സ്വസ്ഥാനവും വാഴുവും.

ഭാഗ്യമോടെ വാഴുന്ന ലെയോ 13-ാമന്‍ മാര്‍പാപ്പ തിരുമനസ്സുകൊണ്ട് നൂതനമായി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വികാരിയാത്തിനെപ്പറ്റി ചില സംഗതികള്‍ ആലോചിപ്പാനുള്ളതിനാല്‍ ഈ മാസം 25-നു 9 മണിക്കു വി. വികാരിമാരും കുരിശുപള്ളി ബ. അസിസ്തേന്തിമാരും ഇടവകപ്പട്ടക്കാര്‍ ഉണ്ടായിരുന്നാല്‍ അവരില്‍ ഓരോരുത്തരും യോഗനിശ്ചയപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഈരണ്ടു പ്രതിപുരുഷന്മാരും ഇവിടെ വന്നു കൂടിക്കൊള്ളണം എന്ന് എറണാകുളത്തു നമ്മുടെ അരമനയില്‍ നിന്നും 1896 വൃശ്ചികം 6-ന് പഴെപറമ്പില്‍ ളൂവീസ. എറണാകുളത്തിന്‍റെ ശ്ലൈഹിക സഹായിയും തിയാനയുടെ മെത്രാനും (ഒപ്പ്)". മേല്പറഞ്ഞ കല്പനപ്രകാരം കൂടിയ യോഗങ്ങളില്‍വച്ച് എറണാകുളം സെന്‍റ് മേരീസ് ദേവാലയത്തെ കത്തീദ്രല്‍ പള്ളിയായി നിശ്ചയിക്കുകയും എറണാകുളത്തുതന്നെ മെത്രാസന മന്ദിരം പണിയാന്‍ തീരുമാനിക്കുകയും മെത്രാസന മന്ദിര നിര്‍മ്മാണത്തിന് പള്ളികളില്‍നിന്നും വീതപ്പിരിവുകള്‍ ശേഖരിക്കാന്‍ നിശ്ചയിക്കുകയും ചെയ്തു.

വികാരിയാത്തിന്‍റെ ചുമതല ഏറ്റെടുക്കുമ്പോള്‍ മാര്‍ ളൂയിസ് മെത്രാനു താമസിക്കാന്‍ ഒരിടം ഉണ്ടായിരുന്നില്ല. ആകയാല്‍ എറണാകുളം സെന്‍റ് മേരീസ് ദേവാലയത്തിന്‍റെ പള്ളിമേടയിലായിരുന്നു താമസം. അതുകൊണ്ട് മെത്രാന് താമസിക്കുവാന്‍ ഒരു ഭവനം, അതിലുപരി രൂപതയുടെ ഭരണത്തിന് ഒരു പൊതു ഭവനം (ആസ്ഥാനം) എത്രയും വേഗത്തില്‍ പണിയേണ്ടത് അത്യാവശ്യമായിരുന്നു. അതിനു മാര്‍ ളൂയിസ് മെത്രാന്‍ അനുഭവിച്ച കായക്ലേശങ്ങളും മനോവ്യഥയും അത്യുത്കണ്ഠയും അദ്ദേഹത്തിന്‍റെ മെത്രാന്‍ ജീവിതത്തിലെ പീഢാനുഭവങ്ങളില്‍ ഒന്നായിരുന്നു എന്നു പറയേണ്ടിയിരിക്കുന്നു. അതില്‍ പ്രധാനം സാമ്പത്തികം തന്നെയായിരുന്നു. അദ്ദേഹം എറണാകുളത്ത് വികാരി അപ്പസ്തോലിക്കയായി കാലു കുത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ കീശയിലുണ്ടായിരുന്നത് നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ മുഖഛായയുള്ള ഒരു ഫ്രഞ്ചു സ്വര്‍ണ്ണ നാണയം മാത്രമായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ ജീവചരിത്രകാരന്മാര്‍ പറയുന്നത്. ഈ തുട്ടുകാശും കീശയിലിട്ടാണ് അദ്ദേഹം ബ്രഹ്മാണ്ഡമായ അരമന പണിയാന്‍ നിശ്ചയിച്ചത് എന്ന് കാണുമ്പോള്‍ അദ്ദേഹത്തിന്‍റെ നിശ്ചയദാര്‍ഢ്യം എന്തുമാത്രം ശക്തമായിരുന്നു എന്നു ദര്‍ശിക്കാനാകും.

മെത്രാന്‍ പട്ടം സ്വീകരിക്കാന്‍ കാന്‍ഡിയിലേക്കു (ശ്രീലങ്ക) പോകുന്നതിനും മെത്രാന്‍റെ ഉടുപ്പു തയ്പിക്കുന്നതിനും കയ്യില്‍ പണമില്ലാതിരുന്നതിനാല്‍ പുളിങ്കുന്നില്‍ പോയി തന്‍റെ മാതാപിതാക്കളില്‍ നിന്നും അതിനുള്ള പണം കൈപ്പറ്റിയ മാര്‍ ളൂയിസ് മെത്രാന്‍ ചങ്ങനാശ്ശേരി അരമനയില്‍ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ലവീഞ്ഞു മെത്രാന്‍റെ തിരുവസ്ത്രങ്ങളില്‍ ഏതാനും എടുത്ത് എറണാകുളത്തേക്കു കൊണ്ടുപോരുകയും ചെയ്തു. ഇപ്രകാരം സാമ്പത്തികമായി ശൂന്യമായ കരങ്ങളുടെ ഉടയവനായിരുന്ന മാര്‍ ളൂയിസ് മെത്രാന് പ്രൗഢിയില്‍ അല്പവും താഴെ പോകാതെയും നൂറ്റാണ്ടുകള്‍ നിലനില്ക്കുന്നവിധം ബലവത്തായി മെത്രാസന മന്ദിരം പണിയണമെന്ന് ആഗ്രഹിച്ച് പണികള്‍ നിര്‍വ്വഹിച്ചത്.

മെത്രാസന മന്ദിരത്തിന്‍റെ നിര്‍മ്മാണം
അരമന പണിയണമെങ്കില്‍ സ്ഥലവും പണവും വേണം. പുതുതായി സ്ഥാപിതമായ വികാരിയാത്തിന് തങ്ങളുടെ ഇടവകയുടെ (എറണാകുളം) സ്ഥലപ്പേര് നല്കപ്പെട്ടിരിക്കുന്നതിനാലും എറണാകുളം ആസ്ഥാനമാക്കാന്‍ മാര്‍ ളൂയിസ് മെത്രാന്‍ നിശ്ചയിച്ചിരിക്കുന്നതിനാലും അരമന ഇപ്പോള്‍ സ്ഥിതിചെയ്യുന്ന എറണാകുളം പള്ളിവക പറമ്പ് അരമന പണിയുന്നതിനു ദാനം ചെയ്യാന്‍ എറണാകുളം സെന്‍റ് മേരീസ് പള്ളി ഇടവകക്കാര്‍ തയ്യാറായി. ഈ നിശ്ചയം മാര്‍ ളൂയിസ് മെത്രാനെ വളരെ സന്തോഷിപ്പിച്ചു.

എറണാകുളം പള്ളിക്കാര്‍ നല്കിയ സ്ഥലം മാര്‍ ളൂയിസ് മെത്രാന്‍ വളരെ സന്തോഷത്തോടെ സ്വീകരിച്ചുവെങ്കിലും പ്രസ്തുത സ്ഥലത്തുണ്ടായിരുന്ന പാട്ടക്കാരെ ഒഴിപ്പിച്ചെടുക്കുക വളരെ ക്ലേശകരമായിരുന്നു; മാത്രമല്ല അതിനുവേണ്ടി മാര്‍ ളൂയിസ് മെത്രാന്‍ വളരെ കഷ്ടനഷ്ടങ്ങള്‍ സഹിക്കുകയും ചെയ്തു.

1897 സെപ്തംബര്‍ 14-ന് അരമന പണിയാനുള്ള വസ്തു ഒഴിഞ്ഞു കിട്ടി. 1897 ഒക്ടോബര്‍ 25-ന് (മാര്‍ ളൂയിസ് മെത്രാന്‍റെ പട്ടത്തിന്‍റെ പ്രഥമ വാര്‍ഷിക ദിനത്തില്‍) എറണാകുളം, ചങ്ങനാശ്ശേരി, കൊച്ചി രൂപതകളിലെ വികാരി ജനറാളന്മാരുടെയും എഴുപത്തിയഞ്ചോളം വൈദികരുടെയും സാന്നിധ്യത്തില്‍ അരമനയുടെ ശിലാസ്ഥാപനം മാര്‍ ളൂയിസ് മെത്രാന്‍ നിര്‍വ്വഹിച്ചു. ഡിസംബര്‍ 1-ന് പണികളാരംഭിച്ചു. 1898 ജനുവരി 24-ന് "കട്ടിളപ്പൊഴുത്" നടന്നു. 1899 ജനുവരി 24-ന് മേല്ക്കൂടു കയറ്റി.

കെട്ടിടം പണിക്കുള്ള ധനശേഖരണം
ശൂന്യമായ കരങ്ങളോടെ അരമന കെട്ടിടത്തിന്‍റെ പണികള്‍ ആരംഭിച്ച മാര്‍ ളൂയിസ് മെത്രാന്‍ എപ്രകാരമാണ് ഇതിന്‍റെ പണികള്‍ സാധിച്ചത് എന്നറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണല്ലോ. 1896 നവം ബര്‍ 25-ന് വികാരിയാത്തിലെ വൈദികരുടെയും ഇടവക പ്രതിനിധികളുടെയും യോഗം ചേര്‍ന്ന വിവരം അന്യത്ര സൂചിപ്പിച്ചുവല്ലോ. "തങ്ങളുടെ സമുദായത്തിന്‍റെയും റീത്തിന്‍റെയും എണ്ണത്തിനും പ്രൗഢിക്കും യോജിച്ച വിധത്തില്‍ മെത്രാസന മന്ദിരം പണിയണമെന്നും അതിനുള്ള ചെലവു മുഴുവന്‍ ഇടവകപ്പള്ളികള്‍ നിര്‍വ്വഹിക്കുന്നതാണെന്നും" പ്രസ്തുത യോഗത്തില്‍ ഐക്യകണ്ഠേന തീരുമാനിച്ചിരുന്നു. മാത്രമല്ല, ഇക്കാലംവരെയും "നൂറ്റുക്കഞ്ച്" (നൂറു രൂപയ്ക്ക് അഞ്ചു രൂപ) വിഹിതമാണ് ഇടവകപ്പള്ളിക്കാര്‍ ഭദ്രാസന ഫീസായി നല്കിയിരുന്നത്. അതിന്‍റെകൂടെ പണി വകയ്ക്കു എല്ലാ പള്ളികളില്‍നിന്നും ഒരു വര്‍ഷത്തെ വരുമാനം ചെലവു നീക്കാതെ ആറുതവണകളായി കെടുക്കണമെന്നായിരുന്നു യോഗ തീരുമാനം. അതനുസരിച്ച് "നൂറ്റുക്കഞ്ചും" "ആറിലൊന്നും" ആറുകൊല്ലം കൊണ്ടു കൊടുക്കാന്‍ പള്ളിക്കാര്‍ തയ്യാറായി. കൂടാതെ വികാരിയാത്തിലെ മുഴുവന്‍ വൈദികരും തങ്ങളുടെ കഴിവിനൊത്ത് ഓരോ വിഹിതം സംഭാവന ചെയ്യാനും സമ്മതിച്ചിരുന്നു.

അരമന കെട്ടിടത്തിനു അടിസ്ഥാനമിട്ടതിനുശേഷം 1897 തുലാം 25-നു മാര്‍ ളൂയിസ് മെത്രാന്‍ ഇടവകപ്പള്ളികളിലേക്കു അയച്ചിരിക്കുന്ന കല്പനയില്‍ അരമന കെട്ടിടം പണിയുന്നതിനുള്ള എസ്റ്റിമേറ്റിനെക്കുറിച്ചും ധനാഗമ മാര്‍ഗ്ഗത്തെക്കുറിച്ചും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. എസ്റ്റിമേറ്റിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: "നമ്മുടെ ഈ സമുദായത്തിനു കിട്ടിയിട്ടുള്ള ഭാഗ്യത്തിനും നമ്മുടെ ജാതിയുടെ മഹത്വത്തിനും തക്കതായി നിങ്ങളുടെ ആഗ്രഹംപോലെ ഉള്ള ഒരു കെട്ടിടം തീരുവാന്‍ എസ്റ്റിമേറ്റുപ്രകാരം 50,000/- രൂപ വരെ വേണ്ടിവരുമെന്നു മാത്രമല്ല മെത്രാസനത്തിനടുത്ത ഒരു പത്രമേനി കൂടെയും ഏര്‍പ്പെടുത്തേണ്ടതും ഇവകള്‍ ഒരു മൂന്നു സംവത്സരംകൊണ്ടെങ്കിലും തീരേണ്ടതും നടക്കെണ്ടതും ആയിരിക്കുന്നു. പള്ളികളില്‍ നിന്നും ഉദ്ദേശം 25,000/- രൂപയോളം പിരിവു വരേണ്ടിയിരിക്കുന്നു."

പൊതുയോഗ നിശ്ചയപ്രകാരം പള്ളികളില്‍ നിന്നുള്ള പിരിവുകള്‍ക്കു പുറമെ ജനങ്ങളില്‍ നിന്നുള്ള സംഭാവനകളും നല്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആകയാല്‍ കല്പനയില്‍ പറയുന്നു: "നിങ്ങള്‍ അഭിപ്രായപ്പെട്ടിരിക്കുന്നതിന്‍വണ്ണം ഈ രാജപട്ടണത്തില്‍ പണിയപ്പെടുന്ന നമ്മുടെ കെട്ടിടങ്ങള്‍ക്കും മറ്റും വേണ്ടിവരുന്ന ധനത്തിനു ജനങ്ങളില്‍നിന്നു കൂടെയും ഒരു പിരിവുണ്ടാകുന്നതിനു നിങ്ങളില്‍ പലരും അഭിപ്രായപ്പെട്ടിരിക്കുന്നതിന്‍ വണ്ണം നല്ല മനസ്സോടെ എല്ലാവരും ചെയ്വാനും ഒരുത്തര്‍ക്കും ഭാരമായി എന്നു വരാതെയിരിപ്പാനും കൊച്ചുതൊട്ടു വലിയതുവരെ എന്നു പറയുന്നതുപോലെ എല്ലാവരും ഇതിന്‍റെ ഓഹരിക്കാരായി തീരുവാനും വെണ്ടി ഇതു സഹിതം അയയ്ക്കുന്ന പുസ്തകത്തില്‍ ഓരോരുത്തരുടെ പെരെഴുതി അവരവരുടെ വശംപോലെ മനസ്സുള്ള സംഖ്യ അതില്‍ പതിച്ചു ഒപ്പുവെക്കുകയും അപ്രകാരം പതിക്കുന്ന സംഖ്യ മൂന്നു വര്‍ഷംകൊണ്ടു ആറു തവണകളായി ബഹു. വികാരിമാരുടെ പക്കല്‍ ഏല്പിക്കുകയും അവര്‍ അതിനെ പിരിച്ചു നമ്മുടെ പെ. ബ. വികാരി ജനറാളിനെ ഏല്പിച്ചു രസീതു വാങ്ങിക്കൊള്ളുകയും മൂന്നുകൊല്ലം കഴിയുമ്പോള്‍ കണക്കു വിളങ്ങി തീരുകയും വെണ്ടതാകുന്നു.

ആകയാല്‍ പ്രിയ വിശ്വാസികളെ, ഈ സന്ദര്‍ഭത്തില്‍ നിങ്ങളോടുകൂടിയും നിങ്ങളുടെ ഈ നല്ല ആഗ്രഹത്തെ നിറവേറ്റുവാന്‍ നാമും നമ്മാല്‍ പാടുള്ള സഹായം ചെയ്യുന്നതിന് ഒട്ടും ഉപേക്ഷ വിചാരിക്കുന്നില്ല. നിങ്ങളുടെ ഈ ദാനത്തില്‍ നാമും ന്യായമായ ഓഹരിക്കാരനാകയാല്‍ ഈ മിസ്സംവക പിരിവില്‍ നിന്നല്ലാതെ നമ്മുടെ സ്വന്തം വകയില്‍നിന്നും പതിനായിരം രൂപ നാമും കൊടുക്കുന്നതും അപ്രകാരംതന്നെ നമ്മുടെ സമുദായത്തില്‍ പ്രാധാന്യം പ്രാപിച്ചിട്ടുള്ളവരും തിരുസഭയുടെ മാടമ്പികളുമായ പാറായില്‍ തരകന്മാര്‍ സ്വമനസ്സാല്‍ നാലായിരം രൂപായും നിശ്ചയിച്ചിരിക്കുന്നു എന്നുള്ള വിവരവും ഈ സന്ദര്‍ഭത്തില്‍ നാം അറുവിക്കുന്നു."

വൈദികരില്‍നിന്നും പള്ളിക്കാരില്‍നിന്നും പാറായികളില്‍ നിന്നും ലഭിച്ചതുകകൊണ്ട് പണികള്‍ പൂര്‍ത്തിയാക്കാന്‍ മാര്‍ ളൂയിസ് മെത്രാനു സാധിച്ചില്ല. ആകയാല്‍ ലെവീഞ്ഞു മെത്രാനുമൊന്നിച്ചു വിദേശയാത്ര നടത്തിയപ്പോള്‍ വിദേശത്തുനിന്നും സമ്പാദിച്ച സ്നേഹിതരില്‍നിന്നും ചില സഹായങ്ങള്‍ അദ്ദേഹത്തിനു തേടേണ്ടിവന്നു. എങ്കിലും പണിക്കാവശ്യമായ തുകയുടെ സിംഹഭാഗവും വികാരിയാത്തില്‍ നിന്നുതന്നെയാണ് അദ്ദേഹം ശേഖരിച്ചത്. ഇപ്രകാരം പള്ളികളില്‍നിന്നും ജനങ്ങളില്‍നിന്നും വൈദികരില്‍നിന്നും ശേഖരിച്ച പണത്തിനു പുറമെ മെച്ചപ്പെട്ടൊരു തുക മാര്‍ ളൂയിസ് മെത്രാന്‍റെ സ്നേഹിതരും കെട്ടിടം പണിക്കു നല്കുകയുണ്ടായിട്ടുണ്ട്. മാത്രമല്ല, ഇത്ര വലിയ സൗധത്തിന്‍റെ നിര്‍മ്മാണത്തില്‍ ഒരു ചില്ലിക്കാശുപോലും പാഴ്ച്ചെലവ് വരാന്‍ അദ്ദേഹംഅനുവദിച്ചില്ല. എന്തെന്നാല്‍ ഓരോ ചില്ലിക്കാശിന്‍റെയും മൂല്യം എത്ര വലുതാണെന്നു അദ്ദേഹത്തിനു നന്നായിട്ടറിയാമായിരുന്നു. അത് ആരും അദ്ദേഹത്തെ (ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നിട്ടുപോലും) പഠിപ്പിക്കേണ്ടിയിരുന്നില്ല.

രണ്ടു മുദ്രകളാണ് മെത്രാസന മന്ദിരത്തിന്‍റെ മുന്‍വശത്ത് ആലേഖനം ചെയ്തിരിക്കുന്നത്. അതില്‍ ത്രിമകുടത്തോടും താക്കോലുകളോടുംകൂടി മുകളില്‍ കാണുന്ന അണ്ഡാകൃതിയിലുള്ള മുദ്ര എറണാകുളം വികാരിയാത്തു സ്ഥാപി ച്ച 13-ാം ലെയോ മാര്‍പാപ്പയുടേതാണ്. ഭാരതത്തില്‍ ആദ്യമായി സുറിയാനിക്കാര്‍ക്കുവേണ്ടി രൂപതകള്‍ (വികാരിയാത്തുകള്‍) സ്ഥാപിക്കുകയും ഏതദ്ദേശീയ മെത്രാന്മാരെ അനുവദിച്ചു തരികയും ചെയ്ത 13-ാം ലെയോ മാര്‍പാപ്പയോടുള്ള ശാശ്വതമായ കടപ്പാടിന്‍റെയും നന്ദിയുടെയും പ്രതീകം കൂടിയാണിത്. അതിന് താഴെയുള്ള വൃത്താകൃതിയിലുള്ള മുദ്ര മാര്‍ ളൂയിസ് മെത്രാന്‍റേതു തന്നെയാണ്. കൂടാതെ, അരമന കെട്ടിടത്തിന്‍റെ സ്ഥാപനത്തെക്കുറിച്ച് പഴയ മലയാളത്തിലും സുറിയാനിയിലും കരിങ്കല്ലില്‍ ആലേഖനം ചെയ്തു സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

എറണാകുളം പള്ളിക്കാര്‍ സ്ഥലം ദാനമായി നല്കിയതിന് കൃതജ്ഞതാ സൂചകമായി "നൂറ്റുക്കഞ്ചും" "ആറിലൊന്ന്" വിഹിതവും മാര്‍ ളൂയിസ് മെത്രാന്‍ എറണാകുളം പള്ളിയില്‍നിന്നും സ്വീകരിച്ചിട്ടില്ല. മാത്രമല്ല, എറണാകുളത്തെ പള്ളി മുറിയുടെ ഓട് ഇടുവിച്ചുകൊടുക്കുകയും ആണ്ടുതോറും പത്തുപറ അരിവച്ചു ധര്‍മ്മക്കഞ്ഞി വിതരണം ചെയ്യുന്നതിനും ഒരു റാസയും ഒപ്പീസും ചൊല്ലുന്നതിനും ആയിരം രൂപ പള്ളിയില്‍ ഏല്പിക്കുകയും പള്ളിയുടെ പുറംഭിത്തികള്‍ വെള്ള തേച്ചുഭംഗിയാക്കുന്നതിനും പള്ളിയകത്ത് തറയോടു വിരിക്കുന്നതിനും ആവശ്യമായ പണം മാര്‍ ളൂയിസ് മെത്രാന്‍ അവര്‍ക്കു നല്കുകയും ചെയ്തിട്ടുണ്ട്. ആകയാല്‍ പള്ളിക്കാരും മെത്രാനച്ചനും തമ്മില്‍ ആഴമേറിയ സൗഹൃദം പുലര്‍ത്തി ജീവിച്ചുവെന്ന് പ്രത്യേകം പ്രസ്താവിക്കേണ്ടതില്ലല്ലോ.

ഏറെക്കുറെ പണികള്‍ പൂര്‍ത്തിയായ അരമന കെട്ടിടം 1900 ഏപ്രില്‍ 24-ന് മാര്‍ ളൂയിസ് മെത്രാന്‍ ആശീര്‍വ്വദിച്ചു. തൃശ്ശിവപ്പേരൂര്‍ വികാരി അപ്പസ്തോലിക്ക മാര്‍ യോഹന്നാന്‍ മേനാച്ചേരി മെത്രാനും ചങ്ങനാശ്ശേരി വികാരി അപ്പസ്തോലിക്ക മാര്‍ മത്തായി മാക്കില്‍ മെത്രാനും 115 വൈദികരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. 60 കോല്‍ നീളത്തിലും 18 കോല്‍ വീതിയിലും മൂന്നു നിലകളായിട്ടാണ് കെട്ടിടം പണി തീര്‍ത്തത്.

തിരുഹൃദയ പെറ്റിസെമിനാരിയുടെ സ്ഥാപനം
വികാരിയാത്തിന്‍റെ ഭരണം ഏറ്റെടുത്ത നാള്‍ മുതല്‍ മാര്‍ ളൂയിസ് മെത്രാന്‍റെ മനസ്സില്‍ കാത്തുസൂക്ഷിച്ചിരുന്ന വലിയൊരു സ്വപ്നമായിരുന്നു വൈദിക പരിശീലനത്തിന്‍റെ ആദ്യഭാഗം നിര്‍വ്വഹിക്കുന്നതിന് വികാരിയാത്തില്‍ ഒരു "പെറ്റി സെമിനാരി" (മൈനര്‍ സെമിനാരി) സ്ഥാപിക്കുക എന്നത്. ആകയാല്‍ മെത്രാസന മന്ദിരത്തിന് അദ്ദേഹം രൂപംകൊടുത്തപ്പോള്‍ ആ കെട്ടിടത്തില്‍തന്നെ ഒരു മൈനര്‍ സെമിനാരിയും അദ്ദേഹം രൂപകല്പന ചെയ്തിരുന്നു. 1901 ജൂലൈ 3-ന് തിരുഹൃദയ പെറ്റിസെമിനാരി ഉദ്ഘാടനം ചെയ്യപ്പെട്ടു. 1888-ല്‍ പുത്തമ്പള്ളി സെമിനാരിയെ ഒരു സെന്‍ട്രല്‍ മേജര്‍ സെമിനാരിയാക്കി ഉയര്‍ത്തിയതിനുശേഷം 1890 മുതല്‍ മേജര്‍ സെമിനാരിയില്‍ പെറ്റിസെമിനാരി പരിശീലനം അവസാനിപ്പിച്ച് പ്രൊപ്പഗാന്ത തിരുസംഘം കല്പന നല്കി. ആകയാല്‍ അതാത് രൂപതകളും വികാരിയാത്തുകളും തങ്ങളുടെ വൈദികാര്‍ത്ഥികള്‍ക്കു പ്രാഥമിക പരിശീലനം നല്കുന്നതിന് പെറ്റിസെമിനാരികള്‍ സ്ഥാപിക്കണമെന്ന് തിരുസംഘം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ സ്ഥാപിക്കപ്പെട്ട പ്രഥമ പെറ്റി സെമിനാരിയായിരുന്നു തിരുഹൃദയ പെറ്റിസെമിനാരി. ഈ പെറ്റിസെമിനാരിയുടെ പ്രഥമ റെക്ടര്‍ മാര്‍ ളൂയിസ് മെത്രാന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി പിന്നീട് റെക്ടറായത് മാര്‍ ആഗസ്തീനോസ് കണ്ടത്തില്‍ മെത്രാപ്പോലീത്തയായിരുന്നു. മാര്‍ ളൂയിസ് മെത്രാന്‍ പെറ്റിസെമിനാരി ആരംഭിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞതിനുശേഷമാണ് മറ്റു രൂപതകളും വികാരിയാത്തുകളും പെറ്റിസെമിനാരികള്‍ സ്ഥാപിച്ചതെന്നതും സ്മര്‍ത്തവ്യമാണ്. മാത്രമല്ല, മാര്‍ ളൂയിസ് മെത്രാന്‍ തുടങ്ങിയതും വൈദികാര്‍ത്ഥികള്‍ക്കു പ്രാഥമിക പരിശീലനം നല്കിയിരുന്നതുമായ തിരുഹൃദയ പെറ്റിസെമിനാരിയിലെ പരിശീലനത്തിലുള്ള തന്‍റെ മതിപ്പും സംതൃപ്തിയും പ്രൊപ്പഗാന്ത തിരുസംഘവും ഡലഗേറ്റ് അപ്പസ്തോലിക്കയും പുത്തന്‍പള്ളി റെക്ടര്‍ക്കുള്ള അവരുടെ കത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വൈദികാര്‍ത്ഥികള്‍ക്കു തന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പരിശീലനം നല്കുന്നതിനുവേണ്ടിയാണ് അരമനയില്‍ത്തന്നെ അദ്ദേഹം പെറ്റിസെമിനാരി സ്ഥാപിച്ചത്. അഭിവന്ദ്യ മാര്‍ ജോസഫ് പാറേക്കാട്ടില്‍ മെത്രാപ്പോലീത്തായുടെ കാലത്ത് 1968-ല്‍ പെറ്റിസെമിനാരി തൃക്കാക്കരയിലേക്ക് മാറ്റുന്നതുവരെ അരമനയില്‍ തന്നെയായിരുന്നു പെറ്റിസെമിനാരിയുടെ പ്രവര്‍ത്തനം.

സെന്‍റ് മേരീസ് സ്കൂളിന്‍റെ സ്ഥാപനം
1896-ല്‍ വികാരിയാത്തിന്‍റെ ചുമതല ഏറ്റെടുത്ത മാര്‍ ളൂയിസ് മെത്രാന്‍ 1901-ല്‍ സാമാന്യം മെച്ചപ്പെട്ടൊരു സര്‍വ്വെ നടത്തുകയുണ്ടായി. പ്രസ്തുത സര്‍വ്വെപ്രകാരം ഇടവകപ്പള്ളികള്‍ : 86; വൈദികര്‍ താമസിക്കുന്ന കുരിശുപള്ളികള്‍: 4; സുറിയാനി കത്തോലിക്കര്‍: 86,986; കപ്പേളകള്‍: 13; വൈദികര്‍: 117; മലയാളം കുടിപ്പള്ളിക്കൂടങ്ങള്‍: 160; ഇംഗ്ലീഷ് സ്ക്കൂളുകള്‍: 7; പഠിക്കുന്ന ആകെ കുട്ടികള്‍: 7698; കന്യാസ്ത്രീമഠങ്ങള്‍: 4; കന്യാസ്ത്രീകള്‍: 90; വികാരിയാത്തിലെ യാക്കോബായക്കാര്‍ (അവര്‍ തന്ന കണക്കു പ്രകാരം): 53,701. 1919-ല്‍ മാര്‍ ളൂയിസ് മെത്രാന്‍ മരിക്കുമ്പോള്‍ എറണാകുളം വികാരിയാത്തിലെ സ്ഥിതി വിവരകണക്കുകള്‍ : കത്തോലിക്കാ ഭവനങ്ങള്‍: 21,707; സുറിയാനി കത്തോലിക്കര്‍: 1,13,936; ഇടവകപ്പള്ളികള്‍: 95; കുരിശുപള്ളികള്‍: 4; കപ്പേളകള്‍ : 45; വൈദികര്‍: 138; ഇംഗ്ലീഷ് ഹൈസ്ക്കൂള്‍: 1; ലോവര്‍ ഗ്രേഡ് ഇംഗ്ലീഷ് സ്ക്കൂളുകള്‍: 8; മലയാളം ഹയര്‍ ഗ്രേഡ് സ്ക്കൂള്‍: 4; ലോവര്‍ ഗ്രേഡ് മലയാളം സ്കൂള്‍: 65; കുടിപ്പള്ളിക്കൂടങ്ങള്‍: 79; ആകെ വിദ്യാര്‍ത്ഥികള്‍: 12,562; കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്ഥലങ്ങള്‍: 10; അനാഥശാലകള്‍: 10; സന്യാസ സഹോദരന്മാര്‍: 3; സന്യാസാശ്രമങ്ങള്‍: 4; സന്യാസികള്‍: 35; കന്യകാമഠങ്ങള്‍: 9; കന്യാസ്ത്രീകള്‍: 198; യാക്കോബായ പള്ളികള്‍: 39.

മെത്രാസന മന്ദിരത്തിന്‍റെ പണികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കുകയും കത്തീദ്രല്‍ ദേവാലയത്തെ പുനഃരുദ്ധരിക്കുകയും ചെയ്ത മാര്‍ ളൂയിസ് മെത്രാന്‍റെ അടുത്ത ശ്രദ്ധ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വികാരിയാത്തില്‍ സ്ഥാപിക്കുക എന്നതായിരുന്നു. എന്തെന്നാല്‍ ശരിയായ മനോവികാസം ലഭിക്കുന്നതിനും, ദൈവവിശ്വാസം, രാജഭക്തി, സമുദായസ്നേഹം, ജീവകാരുണ്യം എന്നീ മൂല്യങ്ങളെല്ലാം പരിശീലിപ്പിക്കുന്നതിനും കത്തോലിക്കാ പള്ളിക്കൂടങ്ങള്‍ തന്നെ വേണമെന്നു മാര്‍ ളൂയിസ് മെത്രാന് അറിയാമായിരുന്നു. ആകയാല്‍ സ്വന്തനിലയില്‍ ആലുവായില്‍ സെന്‍റ് മേരീസ് സ്കൂളിനു തുടക്കം കുറിക്കുകയും അന്നുണ്ടായിരുന്ന എല്ലാ ഇടവക ദേവാലയങ്ങളോടും ചേര്‍ന്ന് സ്ക്കൂളുകള്‍ സ്ഥാപിക്കുന്നതിന് കര്‍ശനമായ നിര്‍ദ്ദേശം നല്കുകയും ചെയ്ത വ്യക്തിയാണ് മാര്‍ ളൂയിസ് മെത്രാന്‍. ഇദ്ദേഹത്തിന്‍റെ ഭരണകാലത്ത് ഏറെ സ്കൂളുകള്‍ വികാരിയാത്തില്‍ സ്ഥാപിക്കപ്പെടുകയുണ്ടായി.

ദൈവജനത്തിന്‍റെയും ഇടവകകളുടെയും സഹായ സഹകരണത്തോടെയാണ് ആലുവായില്‍ സെന്‍റ് മേരീസ് സ്കൂള്‍ മാര്‍ ളൂയിസ് മെത്രാന്‍ പണിതീര്‍ത്തത്. ഈ സ്ക്കൂളിന്‍റെ കാര്യത്തില്‍ മാത്രമല്ല, കന്യാമഠങ്ങള്‍ സ്ഥാപിക്കുന്നതിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി മാര്‍ ളൂയിസ് മെത്രാന്‍ എന്തുമാത്രം ശ്രദ്ധിച്ചുവെന്നും 13-05-1907-ല്‍ അദ്ദേഹം ഇടവകകളിലേക്ക് അയച്ചിരിക്കുന്ന സര്‍ക്കുലറില്‍ നിന്നും വ്യക്തമാണ്. അതില്‍ പറയുന്നു: "വന്ദ്യ സഹോദരരെ പ്രിയമുള്ള മക്കളെ, നമുക്കു ഒരു ഇംഗ്ലീഷ് ഹൈസ്കൂള്‍ ഇല്ലായെന്നും അതില്ലാതിരിക്കുന്നതു വലിയ ന്യൂനതയാണെന്നും മിക്ക ആളുകളും സങ്കടം പറഞ്ഞിട്ടുണ്ട്. എന്നാല്‍ അരമനപണികള്‍ നിമിത്തവും കന്യാവ്രത അന്തസ്തുകാരുടെ വര്‍ദ്ധനയ്ക്കും സ്ത്രീ വിദ്യാഭ്യാസത്തിനുമായിട്ടുള്ള മഠംപണികള്‍ നിമിത്തവും നാം വലിയ ബദ്ധപ്പാടിലായിരുന്നതിനാല്‍ നമുക്കു മേല്പറഞ്ഞവിധം ഒരു സ്കൂള്‍ ഇടുന്നതിനു സംഗതിയായില്ല. എന്നാല്‍ ഒരു ഹൈസ്ക്കൂള്‍ ഇപ്പോഴുണ്ടാക്കേണ്ടത് ആവശ്യമാണെന്നു നാം കാണുകയും ആയതിന്‍റെ ആവശ്യം ഒഴിക്കാന്‍ പാടില്ലാതാകയും ചെയ്കകൊണ്ടു ആലുവായില്‍ ഒരു ഹൈസ്ക്കൂള്‍ സ്ഥാപിക്കുന്നതിനു നാം നിശ്ചയിച്ചു. ഇതു മാതാവിന്‍റെ സംരക്ഷണയിന്‍ കീഴിലായിരിക്കുന്നതിനുവേണ്ടി മാതാവിന്‍റെ അമലോത്ഭവ ജൂബിലി ദിവസമായ 1904 ഡിസംബര്‍ 8-നു നാം ഇതിനു കല്ലിടുകയുമുണ്ടായി. ഇപ്പോള്‍ ഹൈസ്ക്കൂളിന്‍റെ കെട്ടിടം പണിക്കു പ്രത്യേകം ആവശ്യമുള്ള പറമ്പുകളും വാങ്ങി പണി തുടങ്ങുകയും കെട്ടിടത്തിന്‍റെ ഒരു ഭാഗം ഏകദേശം ഒരു നില തീരാറാകയും ചെയ്തിരിക്കുന്നു.

എന്നാല്‍ മുന്നോട്ടു പണി നടത്തിക്കൊണ്ടു പോകുന്നതിനും ഇപ്പോഴത്തെ സര്‍ക്കാര്‍ ചട്ടപ്രകാരം തക്ക വാദ്ധ്യാരന്മാരെ ആക്കി ശമ്പളം കൊടുത്തും മറ്റും വേണ്ടവിധത്തില്‍ സ്ക്കൂള്‍ നടത്തിക്കൊണ്ടു പോരുന്നതിനും പണത്തിനു ആവശ്യപ്പെട്ടിരിക്കുന്നു. ഇതിനുള്ള പോംവഴി ആലോചിക്കുന്നതിനു നമ്മുടെ വികാരി ജനറാളെയും ആലോചനക്കാരേയും ഫൊറോന വികാരിമാരേയും വിളിച്ചുവരുത്തി നാം ആലോചിച്ചു." മുകളില്‍ സൂ ചിപ്പിച്ചതുപോലെ പള്ളികളില്‍നിന്നും ഉദാരമനസ്ക്കരായ അല്മായരില്‍നിന്നും സഹായങ്ങള്‍ സ്വീ കരിച്ചുകൊണ്ടുതന്നെയാണ് സ്കൂള്‍ കെട്ടിടങ്ങളുടെ പണികളും മാര്‍ ളൂയിസ് മെത്രാന്‍ പൂര്‍ത്തീകരിച്ചത്.

വൈദികരുടെ ആത്മീയ രൂപീകരണം
വൈദിക പരിശീലനത്തിന്‍റെ (സെമിനാരി ജീവിതം) കാര്യത്തിലെന്നപോലെ വൈദികരുടെ ഇടവക ജീവിതം, അച്ചടക്കം, ആദ്ധ്യാത്മിക ജീവിതം, വാര്‍ഷിക ധ്യാനം തുടങ്ങിയ കാര്യങ്ങളിലും വളരെയധികം ശ്രദ്ധിച്ചിരുന്ന വ്യക്തിയായിരുന്നു മാര്‍ ളൂയിസ് മെത്രാന്‍. തന്നോടുതന്നെയും കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന ഇദ്ദേഹം വൈദിക ജീവിതത്തില്‍ കാര്‍ക്കശ്യം പുലര്‍ത്താന്‍ വൈദികര്‍ക്കു മാതൃകയായിരുന്നു. വികാരിയാത്തിന്‍റെ ചുമതല ഏറ്റെടുത്തതിനുശേഷം വൈദികര്‍ക്കുവേണ്ടി നടത്തിയ പ്രഥമ വാര്‍ഷിക ധ്യാനത്തിന് (1897) ഒരുക്കമായി അദ്ദേഹം വൈദികര്‍ക്കു നല്കിയ കല്പനയില്‍ (1897 കര്‍ക്കിടകം 18, ചീ. 5) പറയുന്നു: "….ധ്യാനത്തിന്‍റെ തലെദിവസം വൈകീട്ടു 6 മണിക്കു മുമ്പുതന്നെ സ്ഥലത്ത് എത്തിയിരിക്കണം. ആയതു മൊരാള്‍ (മോറല്‍) പരീക്ഷക്കു വെണ്ടിയാകുന്നു. മൊരാള്‍ (മോറല്‍) പരീക്ഷക്കു വരുമ്പൊള്‍ അവരവരുടെ കുമ്പസാര പത്തെന്തികളും കൊണ്ടുവന്നു ധ്യാനത്തലവനെ ഏല്പിക്കുകയും പരീക്ഷക്കാരനായി നിയമിക്കുന്ന പട്ടക്കാരന്‍റെ പരീക്ഷ ഫലത്തിന്‍റെ സാക്ഷിയോടുകൂടി സൂക്ഷ്മമായി കെട്ടി മുദ്രവെച്ച ഉടനെ നമ്മുടെ മുമ്പാകെ അയച്ചുകൊള്ളുകയും വെണം. ധ്യാന ദിവസങ്ങളിലെ മണിക്കൂറുകളും പ്രത്യേകം മിണ്ടടക്കവും വളരെ സൂക്ഷ്മമായി കാക്കണമെന്നും കാപ്പിക്കെണമെന്നും ധ്യാനത്തലവനൊടു നാം കല്പിക്കുന്നതു കൂടാതെ ആരെങ്കിലും ഇതിന്നു വീഴ്ച്ച വരുത്തിയാല്‍ ധ്യാനത്തലവന്‍ വിവരം ഉടനെ നമ്മെ ബൊധിപ്പിക്കുകയും വെണം. ആലൊചനക്കാരെയും അറുപതു വയസ്സിനു മെലുള്ളവരെയും പരീക്ഷയില്‍ നിന്നു ഒഴിച്ചിരിക്കുന്നു. വരുന്ന ആണ്ടത്തെ പരീക്ഷാവിഷയം വരുന്ന കല്ലന്താരിയില്‍ അടിച്ചു പ്രസിദ്ധം ചെയ്യുന്നതാകുന്നു."

വൈദികജീവിതത്തില്‍ സുത്യാര്യതയും വിശ്വസ്തതയും പുലര്‍ത്തുന്ന കാര്യത്തില്‍ വൈദികര്‍ വളരെയധികം ശ്രദ്ധാലുക്കളായിരിക്കണമെന്നു നിര്‍ബന്ധബുദ്ധ്യാ ആവശ്യപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മാര്‍ ളൂയിസ് മെത്രാന്‍.

1903 മെയ് 3-ന് പള്ളിവക വസ്തു, പണം സംബന്ധമായ നടത്തിപ്പുകളെ സംബന്ധിച്ചു നല്കിയിരിക്കുന്ന കല്പനയില്‍ പറയുന്നു: "….വളരെ വിലയേറിയ മനുഷ്യാത്മാവുകളെ വൈദികരെ ഏല്പിച്ചിരിക്കുന്നു എന്നതിലധികമായ കാരണത്താല്‍ പണം ഏര്‍പ്പെട്ട സംഗതികളും അയാള്‍ സൂക്ഷിക്കേണ്ടതായിരിക്കുന്നു. കല്‍ച്ചദോന്‍ സൂനഹദോസില്‍…. ആത്മീയമായിട്ടുള്ളതിലും ലൗകീകമായിട്ടുള്ളതിലും (ഇന്ന) പള്ളിയുടെ സൂക്ഷിപ്പും ഭരിപ്പും പൂര്‍ണ്ണമായി (ഇന്നാര്‍ക്കു) നാം കൊടുക്കുന്നു. ആയാല്‍ പ്രിയ മക്കളെ, കേസറിന്‍റെതു കേസറിനും ദൈവത്തിന്‍റെതു ദൈവത്തിനും കൊടുപ്പിന്‍. ദൈവവസ്തുക്കളായ പള്ളിവസ്തുവകകള്‍ മുതലായതിന്മേല്‍ അധികാരമുള്ളവരുടെ നിശ്ചയങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിപ്പിന്‍. ഇപ്രകാരം ചെയ്യാത്തവര്‍ ദൈവദോഷിയും ദൈവശാപത്തിനു പാത്രവാനും ശുദ്ധ പള്ളിയുടെ കാനോനകള്‍ക്കു തക്കവണ്ണമുള്ള ശിക്ഷകളെ തന്നത്താന്‍ തലയില്‍ വലിച്ചുകയറ്റുന്നവനുമായിത്തീരും…. നമ്മുടെ അമ്മയായ ശുദ്ധ പള്ളിയുടെ ദൈവിക നിയമങ്ങളെ എതിര്‍ത്ത് ദൈവശാപത്തില്‍ നിങ്ങള്‍ ഉള്‍പ്പെടാതിരിക്കാന്‍ തക്കവണ്ണം പ്രവൃത്തിച്ചു കൊള്‍വിന്‍. നിങ്ങളുടെ ആത്മരക്ഷയെ കാര്യമായി വിചാരിച്ചു അതിന്നു വിരോധമായി വരുന്ന പരീക്ഷകളെയും മറ്റും ഉടനെ തള്ളിക്കളഞ്ഞ് നമ്മുടെ കര്‍ത്താവിന്‍റെ തിരുഹൃദയത്തില്‍ സങ്കേതം പിടിച്ചുകൊള്‍വിന്‍…"

സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ മാര്‍ ളൂയിസ് മെത്രാന്‍ ആവശ്യപ്പെട്ടിരുന്നത് ഇപ്രകാരമാണ്: "താങ്കള്‍ ദൈവതിരുമുമ്പില്‍ സമര്‍പ്പിക്കാന്‍ പോകുന്ന കണക്ക് എന്‍റെ മുമ്പില്‍ ഹാജരാക്കണം. എന്തെന്നാല്‍ പള്ളി വസ്തുക്കള്‍ ദൈവവസ്തുക്കളാകുന്നു. പള്ളിപ്പൊതുയോഗത്തെ (ദൈവജനത്തെ) ബോധ്യപ്പെടുത്താന്‍ പോകുന്ന കണക്ക് എന്‍റെ മുമ്പില്‍ ഹാജരാക്കണം. എന്തെന്നാല്‍ പള്ളിമുതല്‍ പള്ളിയുടേതാണ്. താങ്കള്‍ അതിന്‍റെ സൂക്ഷിപ്പുകാരനും. അവിശ്വസ്തനായ കാര്യസ്ഥനില്‍നിന്നും കാര്യസ്ഥത എടുത്തു മാറ്റപ്പെടും. താങ്കളെ വിശ്വസിച്ചാണ് ഞാന്‍ പള്ളിയുടെ ചുമതല ഏല്പിച്ചത്. ആകയാല്‍ താങ്കളുടെ കണക്കുകള്‍ എന്നെയും ബോധ്യപ്പെടുത്തുക." ഇപ്രകാരം ദൈവത്തെയും ദൈവജനത്തെയും മെത്രാനെയും ഒരുപോലെ ബോധ്യപ്പെടുത്തത്തക്കവിധം സുതാര്യതയും സത്യസന്ധതയും കണക്കിന്‍റെയും പണത്തിന്‍റെയും കാര്യത്തില്‍ പുലര്‍ത്തണമെന്നു നിഷ്ക്കര്‍ഷിക്കുകയും അപ്രകാരം തന്‍റെ കണക്കുകള്‍ എഴുതി സൂക്ഷിക്കുകയും ചെയ്തിരുന്ന മാര്‍ ളൂയിസ് മെത്രാന്‍ കുറ്റക്കാരെ ശിക്ഷിക്കുന്നതില്‍, ശാസിക്കുന്നതില്‍ യാതൊരു നീക്കുപോക്കും ചെയ്തിരുന്നില്ല. മദ്യപാനിയായ വാലിഭക്കാരനെ (വേലക്കാരനെ) പറഞ്ഞുവിടാതിരുന്നതിന്‍റെ പേരില്‍ പോലും വികാരിയെ മൂന്നുമാസം പള്ളി നല്കാതെ ശിക്ഷിച്ചിട്ടുള്ള മേലദ്ധ്യക്ഷനായിരുന്നു മാര്‍ ളൂയിസ്.

തിരുഹൃദയ – മാതൃഭക്തനായ മാര്‍ ളൂയിസ്
തിരുഹൃദയത്തിന്‍റെയും പരിശുദ്ധ കന്യാമറിയത്തിന്‍റെയും വലിയ ഭക്തനായിരുന്ന മാര്‍ ളൂയിസ് മെത്രാന്‍ വികാരിയാത്തിന്‍റെ ചുമതല ഏറ്റെടുത്തശേഷം തന്‍റെ വികാരിയാത്തിനെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുകയും താന്‍ ആരംഭിച്ച പെറ്റിസെമിനാരിക്ക് തിരുഹൃദയത്തിന്‍റെ നാമധേയം നല്കുകയും ചെയ്തു. മാതാവിനോടുള്ള തന്‍റെ സ്നേഹത്തിന്‍റെയും ഭക്തിയുടെയും പ്രതീകമായിട്ടാണ് അദ്ദേഹം ആരംഭിച്ച ആലുവായിലെ സ്ക്കൂളിന് സെന്‍റ് മേരീസ് സ്ക്കൂളെന്ന് നാമകരണം നടത്തിയത്. എല്ലാ വര്‍ഷവും തിരുഹൃദയത്തിന്‍റെയും പരിശുദ്ധ കന്യാമറിയത്തിന്‍റെയും നേരെ പുലര്‍ത്തേണ്ട ഭക്തിയെയും തിരുഹൃദയ പ്രതിഷ്ഠയെയും ഓര്‍മ്മപ്പെടുത്തി മെയ് – ജൂണ്‍ മാസങ്ങളില്‍ ഇടയ ലേഖനങ്ങള്‍ അയയ്ക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാത്രമല്ല, വികാരിയാത്തിന്‍റെ ചുമതല ഏറ്റശേഷം പുറപ്പെടുവിച്ച 3, 7 നമ്പര്‍ ഇടയലേഖനങ്ങളും അദ്ദേഹത്തിന്‍റെ തിരുഹൃദയ ഭക്തിയും മാതൃഭക്തിയും കൃത്യമായി പ്രതിഫലിപ്പിക്കുന്നവയാണ്. എല്ലാവര്‍ഷവും മെയ്-ജൂണ്‍ മാസങ്ങളില്‍ നല്കിയ ഇടയലേഖനങ്ങള്‍ ഇക്കാര്യത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു.

ദേശസ്നേഹവും രാജഭക്തിയും
ദൈവഭക്തിയും സഭാസ്നേഹവും സമുദായസ്നേഹവും മാത്രമല്ല, രാജഭക്തിയും ദേശസ്നേഹവും കൈമുതലായുണ്ടായിരുന്ന മഹാനുഭവനായിരുന്നു മാര്‍ ളൂയിസ് മെത്രാന്‍. ആകയാല്‍ തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന എറണാകുളം വികാരിയാത്തിലെ ദൈവജനം തങ്ങളുടെ രാജാക്കന്മാരോടും രാഷ്ട്രീയ നേതാക്കന്മാരോടും വിധേയത്വവും ബഹുമാനവും പുലര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാരോട് വിധേയത്വവും ബഹുമാനവും പുലര്‍ത്തുക മാത്രമല്ല അവരുടെ സ്ഥാനാരോഹണം (അരിയിട്ടുവാഴ്ച) മരണം (തീപ്പെടല്‍) ആട്ടത്തിരുനാള്‍, സ്ഥാനാരോഹണ വാര്‍ഷികം, ഷഷ്ഠിപൂര്‍ത്തി തുടങ്ങിയ വിശേഷാവസരങ്ങളില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും മറ്റും നടത്തി ഈ രാജാക്കന്മാര്‍ക്കും രാജ്യത്തിനും അതിലെ പ്രജകള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കല്പന പുറപ്പെടുവിക്കുകപോലും ചെയ്തിരുന്നു.

പ്രതിസന്ധികളുടെ കൂടപ്പിറപ്പ്
വികാരി അപ്പസ്തോലിക്ക, മെത്രാന്‍ എന്നീ നിലകളില്‍ ശാന്തവും സമാധാനപൂര്‍ണ്ണവുമായ ഒരു ജീവിതമായിരുന്നില്ല മാര്‍ ളൂയിസ് മെത്രാന്‍റേത്. കാറ്റും കോളും നിറഞ്ഞ സാഗരത്തിലെ ക്ലേശപൂര്‍ണ്ണമായ ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. എന്തെന്നാല്‍ ശൂന്യതയില്‍ നിന്നും വികാരിയാത്തിനെ പടുത്തുയര്‍ത്തുന്ന മഹാപ്രക്രിയയില്‍ വളരെയധികം മാനസികവും ശാരീരികവുമായ വേദനകളും സഹനങ്ങളും അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. അരമന പണിയുമായി ബന്ധപ്പെട്ടുണ്ടായ പ്രയാസങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പുറമെ കല്‍ദായ പാത്രിയാര്‍ക്കീസ് സുറിയാനിക്കാരുടെ വികാരിയാത്തുകളിന്മേല്‍ മേലധികാരാവകാശം ഉന്നയിച്ചു നടത്തിയ നടപടികളും അയല്‍ വികാരിയാത്തുകളുമായുണ്ടായ പ്രശ്നങ്ങളും (പ്രത്യേകിച്ചും അതിര്‍ത്തി പ്രശ്നങ്ങള്‍) തെക്കുംഭാഗരും വടക്കുംഭാഗരും തമ്മിലുണ്ടായ

അസ്വസ്ഥതകളും വികാരിയാത്തുതന്നെ നിറുത്തിക്കളയുമെന്ന ഭീഷണികളും വാര്‍ത്തകളും സ്വന്തം അജഗണത്തില്‍ നിന്നുണ്ടായ പീഡകളും മാര്‍ ളൂയിസ് മെത്രാനെ സ്ഥലം മാറ്റുമെന്നു പറഞ്ഞുണ്ടായ ഭീഷണികളും വാര്‍ത്തകളും സഹായ മെത്രാനായിരുന്ന മാര്‍ കണ്ടത്തിലുമായുണ്ടായ അഭിപ്രായ ഭിന്നതകളുമെല്ലാം മാര്‍ ളൂയിസ് മെത്രാന്‍റെ ജീവിതത്തിലെ മുള്‍ക്കിരീടങ്ങളായിരുന്നു.

പ്രതിസന്ധികളെ തരണം ചെയ്തു ശക്തമായ അടിത്തറയിന്മേലാണ് എറണാകുളം വികാരിയാത്ത് എന്ന മഹാ സൗധത്തെ പടുത്തുയര്‍ത്താന്‍ മാര്‍ ളൂയിസ് മെത്രാന്‍ ഒരുമ്പെട്ടത്. ദൈവജനത്തിന്‍റെ സഹായസഹകരണം അദ്ദേഹം തന്‍റെ ഓരോ ചുവടുവയ്പ്പിലും ഉറപ്പാക്കിയിരുന്നു. വികാരിയാത്തിലെ പള്ളികളുടെയും വൈദികരുടെയും ദൈവജനത്തിന്‍റെയും സാമ്പത്തിക സഹായം സ്വീകരിച്ചുകൊണ്ടാണ് വികാരിയാത്തിലെ പ്രസ്ഥാനങ്ങളെല്ലാം (മെത്രാസന മന്ദിരം, സന്യാസാശ്രമങ്ങള്‍, സന്യാസിനീ മഠങ്ങള്‍, അനാഥാലയങ്ങള്‍, സ്ക്കൂളുകള്‍ മുതലായവ) കെട്ടിപ്പടുത്തത്. ആകയാല്‍ ദൈവജനത്തോട് അദ്ദേഹം ആ കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ടുതന്നെയാണ് രൂപതാഭരണം നിര്‍വ്വഹിച്ചിട്ടുള്ളത്. എറണാകുളം അതിരൂപതയ്ക്കു ശക്തമായ അടിത്തറ പാകാനും അതിനെ വടവൃക്ഷമാക്കി വളരുന്നതിന് സാഹചര്യമൊരുക്കാനും സാധിച്ചതിന്‍റെ ക്രെഡിറ്റ് മാര്‍ ളൂയിസ് പഴേപറമ്പില്‍ മെത്രാനു മാത്രം സ്വന്തം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org