വിരമിച്ചെങ്കിലും വിശ്രമിക്കാതെ നവതിയുടെ നിറവില്‍

വിരമിച്ചെങ്കിലും വിശ്രമിക്കാതെ നവതിയുടെ നിറവില്‍

വിരമിച്ചെങ്കിലും വിശ്രമിക്കാതെ വായിച്ചും എഴുതിയും പഠിച്ചും പഠിപ്പിച്ചും കേരളസമൂഹം ശ്രദ്ധിക്കുന്ന ശബ്ദവും സാന്നിദ്ധ്യവുമായി തുടരുന്ന ആര്‍ച്ചുബിഷപ് ജോസഫ് പവ്വത്തില്‍ നവതിയിലേയ്ക്കു പ്രവേശിക്കുകയാണ്. ചങ്ങനാശേരി അതിരൂപതയിലെ കുറുമ്പനാടം സ്വദേശിയായ അദ്ദേഹം എസ്.ബി. കോളേജില്‍ നിന്നു സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും ചെന്നൈ ലൊയോളാ കോളേജില്‍ നിന്നു ബിരുദാനന്തരബിരുദവും നേടി, ഒരു കൊല്ലം കൂടി പിന്നിട്ട ശേഷമാണ്, വീട്ടുകാരുടെ വിയോജിപ്പുകളെ നിര്‍വീര്യമാക്കി സെമിനാരിയില്‍ ചേര്‍ന്നത്. പുനെ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി അവിടെ വച്ചു തന്നെ പൗരോഹിത്യം സ്വീകരിച്ച നവവൈദികനെ എസ്.ബി. കോളേജില്‍ അദ്ധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനുമായി കാവുകാട്ട് പിതാവു നിയമിച്ചു. തുടര്‍ന്ന് അതിരൂപതയുടെ സഹായമെത്രാനായി. കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിച്ചപ്പോള്‍ പ്രഥമമെത്രാനായി. പിന്നീട് അതിരൂപതാ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തപ്പെട്ടു. സി.ബി.സി.ഐ. പ്രസിഡന്‍റായി രണ്ടു വട്ടം തിരഞ്ഞെടുക്കപ്പെട്ടു. കെ.സി.ബി.സി. പ്രസിഡന്‍റായും ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. നവതിയുടെ നിറവിലെത്തി നില്‍ക്കുന്ന ആര്‍ച്ചുബിഷപ് പവ്വത്തിലുമായി സത്യദീപം നടത്തിയ അഭിമുഖത്തില്‍ നിന്ന്:

? സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പാണല്ലോ പിതാവിന്‍റെ കുട്ടിക്കാലം. രാജഭരണത്തെ കുറിച്ചും ബ്രിട്ടീഷ് ഭരണത്തെ കുറിച്ചുമുള്ള പിതാവിന്‍റെ ഓര്‍മകള്‍ എന്തെല്ലാമാണ്?
രാജാവിന്‍റെ പിറന്നാള്‍ അന്ന് ആഘോഷിക്കുമായിരുന്നു. കാപ്പിസത്കാരം ഉണ്ടാകും. സ്കൂളുകളില്‍ രാജാവിനു ജയ് വിളിക്കും. വഞ്ചീശമംഗളം പാടും. അങ്ങനെയൊരു സമ്പ്രദായം അന്നുണ്ടായിരുന്നു.

? അന്നത്തെ കത്തോലിക്കര്‍ക്കു ബ്രിട്ടീഷുകാരോടും രാജഭരണത്തോടും ഉണ്ടായിരുന്ന ഒരു സമീപനം എന്തായിരുന്നു?
അതേക്കുറിച്ച് പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിക്കണമെന്നുള്ളവരും വേണ്ടെന്നുള്ളവരും അന്നുണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. സ്വാതന്ത്ര്യം വേണമെന്നു ശക്തമായി വാദിച്ചവരും അതിനായി പ്രവര്‍ത്തിച്ചവരും സഭയില്‍ ധാരാളം ഉണ്ടായിരുന്നു.

? 1947-ല്‍ ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഓര്‍മയുണ്ടോ?
ആ ദിവസം ഞാന്‍ കോളേജിലായിരുന്നു. ചങ്ങനാശേരി എസ് ബി കോളേജില്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന സമയമായിരുന്നു അത്. സ്വാതന്ത്ര്യം ലഭിച്ച രാത്രി ഞങ്ങളെല്ലാവരും ഒത്തു കൂടിയിരുന്ന് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ പ്രസംഗം റേഡിയോയില്‍ തത്സമയം കേട്ടു. വളരെ ആവേശകരമായ പ്രസംഗം.

? എസ്.ബി. കോളേജില്‍നിന്നു ബിരുദം നേടിയ ശേഷം ചെന്നൈ ലൊയോളാ കോളേജില്‍ എം.എ. പഠിക്കാന്‍ പോയി…
അതെ. ഈശോസഭക്കാരുടെ കോളേജ്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന പ്രസിദ്ധനായ ഫാ. ജെറോം ഡിസൂസായും മറ്റും അന്ന് ലൊയോളായില്‍ ഉണ്ടായിരുന്നു. ഉന്നത പഠനത്തിനും ഗവേഷണങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്ന സന്യാസസമൂഹമാണല്ലോ ഈശോസഭ. അതുകൊണ്ട് ഈശോസഭയോട് എനിക്കൊരു ആകര്‍ഷണം തോന്നി. ആ സന്യാസസമൂഹത്തില്‍ ചേര്‍ന്നു വൈദികനാകാം എന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ മറ്റു സാഹചര്യങ്ങള്‍ മൂലം അതു വേണ്ടെന്നു വയ്ക്കുകയും പിന്നീട് അതിരൂപതാ വൈദികനാകാന്‍ ചേരുകയുമായിരുന്നു.

? ഒരു ജെസ്യൂട്ട് വൈദികനായിരുന്നെങ്കില്‍ എന്തുണ്ടാകുമായിരുന്നു എന്നു പിന്നീടു ചിന്തിച്ചിട്ടുണ്ടോ?
പ്രത്യേകിച്ചു കുഴപ്പമൊന്നുമുണ്ടാകുമായിരുന്നില്ല!

? അന്നത്തെ മതബോധന രീതികള്‍ എപ്രകാരമായിരുന്നു?
ഞാന്‍ സണ്‍ഡേ സ്കൂളില്‍ പഠിച്ചിട്ടില്ല. അന്ന് ഇപ്പോഴത്തേതുപോലെയുള്ള വ്യവസ്ഥാപിതമായ മതബോധന സമ്പ്രദായം ഉണ്ടായിരുന്നില്ലല്ലോ. ഞങ്ങളൊക്കെ പുരോഹിതരായതിനു ശേഷമാണ് അങ്ങനെയുള്ള സംവിധാനങ്ങള്‍ ആരംഭിക്കുന്നതു തന്നെ.

? ലൊയോളായിലെ പഠനകാലത്താണോ പുരോഹിതനാകണമെന്ന ചിന്ത ഉണ്ടാകുന്നത്?
അല്ല. അച്ചനാകണമെന്നു കുട്ടിക്കാലം മുതലേ ആഗ്രഹിച്ചിരുന്നു. അച്ചന്മാരുമായി ഇടപെടാന്‍ ധാരാളം അവസരങ്ങളുണ്ടായിരുന്നു. അവരുടെ വ്യക്തിത്വം എന്നെ ആകര്‍ഷിച്ചിരുന്നു. മുക്കാട്ടുകുന്നേല്‍ വല്യച്ചന്‍ ഉദാഹരണം. ഞങ്ങള്‍ ബന്ധുക്കളുമായിരുന്നു. അദ്ദേഹം വരുമ്പോള്‍ ഞാനുമായി ധാരാളം സംസാരിക്കും. പുതിയപറമ്പില്‍ ഔസേപ്പച്ചന്‍ എനിക്കടുപ്പമുള്ള മറ്റൊരു പുരോഹിതനായിരുന്നു. സഹപാഠികളില്‍ ചിലരും പൗരോഹിത്യം തിരഞ്ഞെടുത്തിരുന്നു.

? അച്ചനായിരുന്നില്ലെങ്കില്‍ മറ്റെന്താകാനായിരുന്നു സാദ്ധ്യത?
അങ്ങനെ ചിന്തിച്ചിട്ടില്ല. എങ്കിലും കോളേജ് അദ്ധ്യാപകനാകാനായിരുന്നു കൂടുതല്‍ സാദ്ധ്യത എന്നു തോന്നുന്നു. എന്‍റെ കൂടെ എം.എയ്ക്കു പഠിച്ചിരുന്ന എ.ടി. ദേവസ്യ പിന്നീട് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി. മുന്‍ ഡിജിപി എം.കെ. ജോസഫ്, പ്രൊ വൈസ് ചാന്‍സലറായിരുന്ന ടി. കെ. കോശി എന്നിവരായിരുന്നു അന്ന് ലൊയോളായിലെ മലയാളികളായ എന്‍റെ മറ്റു രണ്ടു സഹപാഠികള്‍.

? കോളേജ് പഠനകാലത്തു നിന്നുള്ള ഓര്‍മ്മകള്‍ എന്തൊക്കെയാണ്?
അന്നു വൈദികനായിരുന്ന കാവുകാട്ട് പിതാവായിരുന്നു എസ്.ബി. കോളേജില്‍ ഞങ്ങളുടെ ഹോസ്റ്റല്‍ വാര്‍ഡന്‍. കോളേജുകളില്‍ സമരങ്ങളൊന്നുമില്ലാതിരുന്ന കാലമായിരുന്നു അത്. ആദ്യമായി ഒരു സമരം നടക്കുന്നത് ഞങ്ങളുടെ കാലത്താണെന്നു വേണമെങ്കില്‍ പറയാം. ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വഴക്കും സമരവുമെല്ലാമുണ്ടായി. കോളേജ് യൂണിയനു ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. അന്നത്തെ സഹപാഠികളെയെല്ലാം ഓര്‍ക്കുന്നുണ്ട്. ഇപ്പോഴത്തെ പാലാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പിതാവിന്‍റെ അച്ചാച്ചന്‍ എന്‍റെ സഹപാഠിയായിരുന്നു. കാഞ്ഞിരപ്പള്ളിക്കാരനായ അയിലൂപ്പറമ്പിലച്ചനും എന്‍റെ സഹപാഠിയായിരുന്നു.

? സെമിനാരി പഠനകാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍?
പാറേലായിരുന്നു അന്നത്തെ മൈനര്‍ സെമിനാരി. പോരൂക്കരയച്ചനായിരുന്നു റെക്ടര്‍. ആ സമയത്താണ് കാര്‍ഡിനല്‍ ടിസറന്‍റിന്‍റെ കേരള സന്ദര്‍ശനം. ടിസറന്‍റ് പിതാവ് വന്നു പോയിട്ടാണല്ലോ സീറോ മലബാര്‍ സഭയുടെ അജപാലനപരിധി ആദ്യമായി വര്‍ദ്ധിപ്പിക്കുന്നത്. കാര്‍ഡിനല്‍ വന്നപ്പോള്‍ ഞങ്ങള്‍ ഒരു കൈയെഴുത്ത് മാസിക പുറത്തിറക്കി. പോരൂക്കരയച്ചന്‍ അതില്‍ അജപാലനപരിധി വര്‍ദ്ധിപ്പിക്കേണ്ടതിനെ കുറിച്ച് ഒരു ലേഖനമെഴുതി. എന്നോട് ഉദയംപേരൂര്‍ സൂനഹദോസിനെ കുറിച്ച് ഒരു ലേഖനമെഴുതാന്‍ ആവശ്യപ്പെട്ടു. ഞാനതെഴുതി. അതെല്ലാം ഉള്ള മാസിക ടിസറന്‍റ് പിതാവിനു സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

? ജെയിംസ് കാളാശേരി പിതാവാണല്ലോ അന്നുണ്ടായിരുന്നത്. അദ്ദേഹത്തെ ആദ്യമായി കാണുകയും സംസാരിക്കുകയും ചെയ്തത് ഓര്‍ക്കുന്നുണ്ടോ?
പിതാവ് സെമിനാരിയില്‍ വരികയും സംസാരിക്കുകയും ചെയ്യുമായിരുന്നു. പിതാവിന്‍റെ ഇടവക സന്ദര്‍ശനമൊന്നും എന്‍റെ ഓര്‍മ്മയിലില്ല. എന്‍റെ സ്കൂള്‍, കോളേജ് വിദ്യാഭ്യാസം മിക്കവാറും ഹോസ്റ്റലുകളില്‍ താമസിച്ചുകൊണ്ടായിരുന്നല്ലോ.

? കൂടുതല്‍ വ്യക്തിബന്ധമുണ്ടാകുന്ന ആദ്യത്തെ പിതാവ് കാവുകാട്ട് പിതാവായിരിക്കുമല്ലോ. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍?
കാവുകാട്ട് പിതാവ് വളരെ ആത്മാര്‍ത്ഥമായി ഇടപെടുന്ന ഒരു വ്യക്തിയായിരുന്നു. കോളേജില്‍ റിലീജിയനും സുറിയാനിയുമാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ജീവിതത്തില്‍ വളരെ ക്രമവും ചിട്ടയും പുലര്‍ത്തിയിരുന്നയാളായിരുന്നു അദ്ദേഹം. ആഴമേറിയ ദിവ്യകാരുണ്യ ഭക്തി പുലര്‍ത്തിയിരുന്നു. കോളേജ് ഹോസ്റ്റലില്‍ അദ്ദേഹത്തിന്‍റെ മുറിയുടെ അടുത്ത മുറിയില്‍ ഏറെക്കാലം ഞാന്‍ താമസിച്ചിരുന്നു. അതുകൊണ്ട് പിതാവ് ചാപ്പലില്‍ പോകുന്നതും വരുന്നതുമെല്ലാം കാണുമായിരുന്നു. ഹോസ്റ്റലില്‍ വച്ച് പലപ്പോഴും അദ്ദേഹവുമായി ദീര്‍ഘമായി സംസാരിക്കാനും അവസരങ്ങള്‍ ലഭിച്ചിരുന്നു. ഞാന്‍ ഓക്സ്ഫഡില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് കാവുകാട്ട് പിതാവു മരിക്കുന്നത്. പിതാവെനിക്ക് അവസാനമായി എഴുതിയ കത്ത് ഓക്സ്ഫഡില്‍ വച്ചാണ് എനിക്കു ലഭിക്കുന്നത്. പിതാവെഴുതിയ അവസാനത്തെ കത്തും ഒരുപക്ഷേ അതായിരുന്നിരിക്കണം. ആ കത്തും തൊട്ടു പിന്നാലെ പിതാവിന്‍റെ മരണവിവരവും എന്നെ തേടിയെത്തി.

? വിദ്യാഭ്യാസകാലത്തും പിന്നീടും പിതാവിന്‍റെ ഒരു ഗുരു/മെന്‍റര്‍ ആയി ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കില്‍ അതാരായിരിക്കും?
അതു കാവുകാട്ടു പിതാവു തന്നെയാണ്. നേരത്തെ പറഞ്ഞ പോലെ, വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ അടുത്തടുത്തു താമസിച്ചിരുന്നതിനാല്‍ പരിചയപ്പെട്ട പിതാവിന്‍റെ വ്യക്തിത്വം എനിക്കൊരു മാതൃകയായിരുന്നു. പിതാവിന് എന്നോടുള്ള ഇഷ്ടവും ഞാന്‍ മനസ്സിലാക്കിയിരുന്നു. അടുത്ത വ്യക്തിബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.

? പൗരോഹിത്യ സ്വീകരണത്തെക്കുറിച്ചുള്ള ഓര്‍മകള്‍?
പട്ടം സ്വീകരിച്ചത് പുനെയില്‍ വച്ചായിരുന്നു. പുനെ സഹായമെത്രാനായിരുന്നു മുഖ്യകാര്‍മ്മികന്‍. അന്ന് ഓരോ സെമിനാരിയിലും വൈദികപഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരുമിച്ചു പട്ടം നല്‍കുന്ന രീതിയായിരുന്നല്ലോ. പട്ടത്തിനൊപ്പം തന്നെ പ്രഥമദിവ്യബലിയും പിതാവിനൊപ്പം അര്‍പ്പിച്ചു. നാട്ടില്‍ പൗരോഹിത്യസ്വീകരണവുമായി ബന്ധപ്പെട്ട വലിയ ആഘോഷങ്ങളൊന്നും വേണ്ടെന്നു ഞാന്‍ നിര്‍ദേശിച്ചിരുന്നു. വൈദികപട്ടത്തിനു മാത്രമല്ല, മെത്രാഭിഷേകത്തിനും മെത്രാഭിഷേക ജൂബിലിക്കും ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇതോടനുബന്ധിച്ചെല്ലാം ചെയ്തിരുന്നു. തൊട്ടു താഴെയുള്ള സഹോദരന്‍ ഡോക്ടറും താഴെയുള്ളയാള്‍ എഞ്ചിനീയറുമാണ്. അവരെല്ലാം എന്‍റെ നിര്‍ദേശത്തോടു സഹകരിച്ചു.

? നവ വെദികനായി ജോലി ചെയ്ത കാലത്തെ മറക്കാനാകാത്ത അനുഭവങ്ങള്‍?
പട്ടമേറ്റ എന്നെ പിതാവ് ആദ്യം തന്നെ കോളേജില്‍ നിയമിച്ചു. എസ്.ബി. കോളേജില്‍ അദ്ധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനുമായി ചുമതലയേറ്റു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവിടെ എന്‍റെ വിദ്യാര്‍ത്ഥിയായിരുന്നു. മുന്‍മന്ത്രി കെ.സി. ജോസഫ്, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, സുപ്രീം കോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ്, മുന്‍ ഡിജിപി സിബി മാത്യു തുടങ്ങിയവരും എന്‍റെ വിദ്യാര്‍ത്ഥികളായിരുന്നു. അന്നു പഠിപ്പിച്ചവരില്‍ കുറെ പേര്‍ പിന്നീടു മെത്രാന്മാരുമായി. കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ് ജോസഫ് പെരുന്തോട്ടം, ആര്‍ച്ചുബിഷപ് ജോര്‍ജ് കോച്ചേരി, മാര്‍ പക്കോമിയോസ്, സി.എസ്.ഐ. സഭയിലെ ബിഷപ് ദാനിയേല്‍ തുടങ്ങിയവര്‍. വിദ്യാര്‍ത്ഥികളുമായുള്ള ബന്ധം പില്‍ക്കാലത്തും നിലനിറുത്തിയിരുന്നു.

? കോളേജ് അദ്ധ്യാപകനായി ജീവിതമാരംഭിച്ച പിതാവ് പില്‍ക്കാലത്ത് വിദ്യാഭ്യാസരംഗത്തു കേരളസഭയ്ക്കു നേതൃത്വം നല്‍കി. സ്വാശ്രയ കോളേജ് വിഷയത്തില്‍ പിതാവും സഭയും സ്വീകരിച്ച നിലപാടുകളിലേയ്ക്ക് കേരളം പിന്നീടു ക്രമത്തില്‍ എത്തിച്ചേരുകയായിരുന്നു. അതേകുറി ച്ച് എന്തു തോന്നുന്നു?
കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു കൊണ്ടു വന്ന നിയമം എന്ന അപൂര്‍വത സ്വാശ്രയ കോളേജ് നിയമത്തിനുണ്ടായിരുന്നു. അതിനെ സൈദ്ധാന്തികമായും നിയമപരമായും രാഷ്ട്രീയമായും മാധ്യമങ്ങളിലൂടെയും നേരിടേണ്ട അവസ്ഥ സഭയ്ക്കുണ്ടായി. നമുക്കതു സാധിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച ഒരു നീക്കത്തെ എതിര്‍ക്കാന്‍ ഒരു സമുദായമെന്ന നിലയില്‍ നാം ഒറ്റക്കെട്ടായി നില്‍ക്കുകയും അതിനെ മറികടക്കുകയും ചെയ്തു. ഇതര ക്രൈസ്തവ സഭകളും ഈ വിഷയത്തില്‍ നമ്മോടൊപ്പം നിന്നു. അക്കാലത്ത് വിവിധ ക്രൈസ്തവസഭകള്‍ ചേര്‍ന്ന് സംയുക്ത ഇടയലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭാരതസഭയുടെ ചരിത്രത്തില്‍ അങ്ങനെ സംയുക്ത ഇടയലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന രീതി വേറെയുണ്ടായിട്ടില്ല. മൂന്ന് സംയുക്ത ഇടയലേഖനങ്ങള്‍ അക്കാലത്തു നാം പ്രസിദ്ധീകരിച്ചിരുന്നു.

? കേരളത്തിലെ അക്രൈസ്തവ സമുദായങ്ങളുമായുള്ള നമ്മുടെ ബന്ധം എപ്രകാരമായിരിക്കണം? നിരവധി സമുദായ നേതാക്കളുമായി വ്യക്തിപരമായും അടുപ്പം പുലര്‍ത്താന്‍ പിതാവിനു സാധിച്ചിരുന്നല്ലോ…
നിലയ്ക്കല്‍ പ്രശ്നത്തിനുണ്ടായ പരിഹാരം സമുദായ സൗഹാര്‍ദ്ദരംഗത്ത് ഇന്നും മാതൃകാപരമാണ്. അയോദ്ധ്യ പ്രശ്നപരിഹാരത്തിന് ഒരു മാതൃകയായി നിലയ്ക്കല്‍ ചിലര്‍ മുമ്പോട്ടു വച്ചിരുന്നല്ലോ. സമഭാവനയോടെയുള്ള, സൗഹാര്‍ദ്ദപരമായ ബന്ധം വിവിധ മതസമുദായങ്ങള്‍ക്കു പരസ്പരം ഉണ്ടായിരിക്കണം. സമുദായനേതാക്കള്‍ തമ്മിലുള്ള ബന്ധവും ഇതിലൊരു ഘടകമാണ്. എന്‍.എസ്.എസ്. നേതാവായിരുന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയുമായി എനിക്കു സൗഹൃദം ഉണ്ടായിരുന്നു. പി.കെ. നാരായണപ്പണിക്കരും ഞാനും സഹപാഠികളായിരുന്നു. വെള്ളാപ്പള്ളിയുമായും സൗഹൃദമുണ്ട്. 1994-ല്‍ കോട്ടയത്ത് ഒരു ഇന്‍റര്‍ റിലീജിയസ് ഫെല്ലോഷിപ്പ് ഞാന്‍ മുന്‍കൈയെടുത്ത് ആരംഭിച്ചിരുന്നു. എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരുന്ന ഡോ. സിറിയക് തോമസും മറ്റും അതിന്‍റെ പ്രധാന പ്രവര്‍ത്തകരായിരുന്നു. സി.ബി.സി. ഐ. പ്രസിഡന്‍റ് ആയിരുന്നു എന്നതും അന്ന് മതസൗഹാര്‍ദപ്രവര്‍ത്തനങ്ങള്‍ക്കു മുന്‍കൈയെടുക്കാന്‍ പ്രേരണയായിരുന്നു.

? സഹായമെത്രാനായപ്പോള്‍ സ്വീകരിച്ച ആപ്തവാക്യം "സത്യവും ഉപവിയും" എന്നതായിരുന്നല്ലോ. അതു തിരഞ്ഞെടുക്കാനുള്ള സാഹചര്യം ഓര്‍മ്മയുണ്ടോ?
വി. യോഹന്നാന്‍റെ സുവിശേഷം വായിച്ചു, ധ്യാനിച്ചതിന്‍റെ ഫലമായി സ്വീകരിച്ച ആപ്തവാക്യമാണത്.

? ബെനഡിക്ട് മാര്‍പാപ്പായുമായുള്ള വ്യക്തിബന്ധത്തെ പിതാവ് എങ്ങനെയാണ് ഓര്‍ത്തെടുക്കുന്നത്?
1985 മുതല്‍ 2007 വരെ എല്ലാ മെത്രാന്‍ സിനഡുകളിലും മാര്‍പാപ്പയുടെ പ്രത്യേക ക്ഷണിതാവായി ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അപ്പോഴെല്ലാം അദ്ദേഹവുമായി സംസാരിക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. വത്തിക്കാനില്‍ തന്‍റെ താമസസ്ഥലത്തു നിന്നു ഓഫീസിലേയ്ക്ക് അദ്ദേഹം എന്നും നടന്നാണു പോയിക്കൊണ്ടിരുന്നത്. ഞാന്‍ റോമിലുള്ളപ്പോള്‍ മിക്കവാറും അദ്ദേഹത്തോടൊപ്പം നടക്കാന്‍ ഇടയാകുമായിരുന്നു. പാപ്പായുടെ എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. കത്തുകളിലൂടെയും പരസ്പരം ബന്ധപ്പെട്ടിരുന്നു. വിശുദ്ധനായ മനുഷ്യനാണദ്ദേഹം. കാര്യങ്ങള്‍ ആഴത്തില്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്നയാള്‍. അദ്ദേഹത്തിന്‍റെ പുസ്തകങ്ങളും ലേഖനങ്ങളും അനേകരെ സ്വാധീനിച്ചിട്ടുള്ളവയാണ്.

? കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായപ്പോള്‍ നേരിട്ട പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?
മൈനര്‍ സെമിനാരിയാണ് ആദ്യം സ്ഥാപിക്കാന്‍ ശ്രമിച്ചത്. വൈദികരുടെ പരിശീലനം പ്രഥമ പരിഗണന കൊടുക്കേണ്ട കാര്യമായി കണ്ടു. തുടര്‍ന്ന് പാസ്റ്ററല്‍ സെന്‍ററും അതിനു ശേഷം ബിഷപ്സ് ഹൗസും നിര്‍മ്മിച്ചു. അങ്ങനെ അടിസ്ഥാന സൗകര്യങ്ങളൊരുക്കി. സാമൂഹ്യസേവനത്തിനായി പീരുമേട് ഡവലപ്മെന്‍റ് സൊസൈറ്റിയും മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റിയും തുടങ്ങി.

? ചങ്ങനാശേരി അതിരൂപതാ അദ്ധ്യക്ഷനെന്ന നിലയില്‍ തുടക്കമിട്ട സ്ഥാപനങ്ങളില്‍ / പ്രസ്ഥാനങ്ങളില്‍ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നവ ഏവ?
മാനസികഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടി ഒരു സ്ഥാപനം തുടങ്ങി. അന്ന് അത് കേരളത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യസ്ഥാപനങ്ങളിലൊന്നാണ്. അതുപോലെ ശാരീരിക ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനവും തുടങ്ങിയിരുന്നു. സഭാത്മക പരിശീലനത്തിനു വേണ്ടിയുള്ള മാര്‍ത്തോമ്മാ വിദ്യാനികേതന്‍. ദനഹാലയ, അമല തിയോളജിക്കല്‍ കോളേജ്, വിമല തിയോളജിക്കല്‍ കോളേജ് തുടങ്ങിയവയെല്ലാം സ്ഥാപിച്ചു. സഭയുടെ ഭാവിയെ രൂപീകരിക്കുന്നത് ഇത്തരം പരിശീലനസ്ഥാപനങ്ങളാണ്. സന്യാസിനിമാര്‍ക്കും അല്മായര്‍ക്കും ഇത്തരം പരിശീലനസ്ഥാപനങ്ങള്‍ ആവശ്യത്തിനു ലഭ്യമായിരിക്കണമെന്ന ചിന്തയും ഉണ്ടായിരുന്നു.

? ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സിലിന്‍റെ ചെയര്‍മാനായിരുന്നല്ലോ പിതാവ്. സഭെക്യത്തിന്‍റെ ഇന്നത്തെ സ്ഥിതി? അതിന്‍റെ വളര്‍ച്ചയ്ക്കായി നാം കൂടുതല്‍ എന്തൊക്കെ ചെയ്യണം?
സഭൈക്യം ഏറ്റവും ആവശ്യമായ കാര്യമാണ്. നിലയ്ക്കല്‍ പ്രശ്നത്തിലും അതിനു ശേഷവും സഭൈക്യരംഗത്ത് കേരളത്തില്‍ നല്ല വളര്‍ച്ചയുണ്ടായിട്ടുണ്ട്. എല്ലാ സഭകളുടേയും പിതാക്കന്മാര്‍ ഒരുമിച്ചു ചേരുകയും സൗഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. സഭൈക്യസംഭാഷണങ്ങള്‍ തുടരുന്നുണ്ട്. യോജിക്കാവുന്ന മേഖലകളില്‍ യോജിക്കാവുന്ന സഭകളെല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു. പൊതുവായി സ്വീകരിക്കാവുന്ന കൂദാശകളെ കുറിച്ചെല്ലാം ധാരണകള്‍ ഉണ്ടാക്കിയിട്ടുള്ള സഭകള്‍ ഉണ്ടല്ലോ.

? സീറോ മലബാര്‍ സഭയോടുള്ള സ്നേഹം, സഭാംഗമായിരിക്കുന്നതിലുള്ള അഭിമാനം പിതാവിന്‍റെ വ്യക്തിത്വത്തിന്‍റെ മുഖമുദ്രയായി പറയാറുണ്ട്. പുതിയ തലമുറ ഇവ എപ്രകാരം സ്വാംശീകരിക്കണം, പ്രകടിപ്പിക്കണം എന്നാണ് പിതാവ് കരുതുന്നത്?
ലിറ്റര്‍ജിയാണ് പ്രധാന കാര്യം. ലിറ്റര്‍ജി ശരിയായി ആചരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതു സംബന്ധിച്ചുള്ള ദൈവശാസ്ത്രം നമുക്കുണ്ട്. ലിറ്റര്‍ജിയാണു നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രം. അതു പഠിച്ചു മനസ്സിലാക്കി, വേണ്ട വിധം പരികര്‍മ്മം ചെയ്യാനും പഠിപ്പിക്കാനുമുള്ള ശ്രദ്ധയാണു നമുക്കു വേണ്ടത്.

? സി.ബി.സി.ഐ. പ്രസിഡന്‍റ് എന്ന നിലയില്‍ ചെയ്യാനായ പ്രധാന കാര്യങ്ങള്‍?
യൂത്ത് കമ്മീഷന്‍ ആരംഭിക്കാന്‍ സാധിച്ചു. മാധ്യമപരിശീലനത്തിനു വേണ്ടി നിസ്കോര്‍ട്ട് എന്ന സ്ഥാപനം തുടങ്ങി. സീറോ മലബാര്‍ സഭയുടെ തനിമ ഉറപ്പിക്കുന്നതിനു സി.ബി.സി.ഐ. ചട്ടങ്ങളില്‍ മാറ്റം വരുത്തി. സി.ബി.സി. ഐ. സെന്‍ററില്‍ സീറോ മലബാര്‍ ചാപ്പല്‍ സ്ഥാപിക്കുകയും സി.ബി.സി.ഐ. സമ്മേളനങ്ങളില്‍ സീറോ മലബാര്‍ കുര്‍ബാന ആരംഭിക്കുകയും ചെയ്തു.

? ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു സാക്ഷിയായ ഒരാളെന്ന നിലയില്‍ ഇന്ന് ഇന്ത്യയുടെ ഭരണകൂടം നീങ്ങുന്ന ദിശയെക്കുറിച്ച് എന്തു കരുതുന്നു? പൗരത്വബില്ലിനെ സംബന്ധിച്ച നിലപാടു പിതാവു വ്യക്തമാക്കിയല്ലോ…
മതരാഷ്ട്രവാദം നല്ലതല്ല. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കാന്‍ പാടുള്ളതല്ല. നമുക്കു ഭരണഘടനയുണ്ട്. കോടതികളുടെ മുമ്പില്‍ ഈ വിഷയങ്ങള്‍ എത്തുകയും പല പ്രാവശ്യം ഇതെല്ലാം സംബന്ധിച്ച വിശദമായ കോടതിവിധികള്‍ വരികയും ചെയ്തിട്ടുണ്ട്. അതില്‍ പ്രതീക്ഷ വയ്ക്കുകയാണ്.

? ഏറ്റവും പുതിയ ഒരു നിയമഭേദഗതി നീക്കം ഭ്രൂണഹത്യയുടെ കാലാവധി 24 ആഴ്ച വരെ ദീര്‍ഘിപ്പിച്ചുകൊണ്ടുള്ളതാണ്. അതേക്കുറിച്ച്…
സഭയുടെ പ്രബോധനം ഇക്കാര്യത്തില്‍ വളരെ വ്യക്തമാണ്. ആറു മാസമായാലും ആറു വയസ്സായാലും കൊലപാതകം തന്നെയാണത്.

? വിരമിച്ചെങ്കിലും വിശ്രമിച്ചിട്ടില്ല പിതാവ്. എങ്ങനെയാണ് ദിനചര്യ?
നേരത്തെ 3 മണിക്ക് എഴുന്നേല്ക്കുമായിരുന്നു. ഇപ്പോള്‍ പ്രായത്തിന്‍റെ പ്രത്യേകതകള്‍ മൂലം 5 മണിക്കാണ് എഴുന്നേല്ക്കുന്നത്. 8 പത്രങ്ങള്‍ രാവിലെ തന്നെ വായിക്കും. യാമപ്രാര്‍ത്ഥനയും ധ്യാനവും മുടക്കാറില്ല. മൈനര്‍ സെമിനാരിയില്‍ ക്ലാസ് എടുക്കുന്നുണ്ട്. വിവാഹ ഒരുക്ക കോഴ്സിനും ക്ലാസ് എടുക്കുന്നു. സോഷ്യല്‍ മീഡിയായുടെ സ്വാധീനവും മറ്റും മൂലം നമ്മുടെ സമൂഹത്തിന് ഒരു ദിശാവ്യതിയാനം സംഭവിക്കുന്നുണ്ട്. അതിനെ നേരിടുവാന്‍ പരമ്പരാഗത ബോധന സമ്പ്രദായങ്ങള്‍ മതിയാകില്ല. മാറ്റങ്ങള്‍ മനസ്സിലാക്കാനും പുതിയ കാലത്തിന് അനുസരിച്ചുള്ള ബോധന പരിപാടികള്‍ രൂപപ്പെടുത്താനും നാം ശ്രദ്ധിക്കണം.

? പിതാവിനു സത്യദീപത്തിന്‍റെ നവതി മംഗളങ്ങള്‍ നേരുന്നു. സത്യദീപം കാണാറുണ്ടോ?
ഉണ്ട്. വായിക്കാറുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org