വി.കുര്‍ബാനയുടെ ഉപാസകനായ ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി

വി.കുര്‍ബാനയുടെ ഉപാസകനായ ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി

സി. ഡിന്‍സി എലൈസ് പുളിയ്ക്കതടത്തില്‍ SABS

മനുഷ്യന്‍റെ സഹജവാസനകളില്‍ നിന്നും ഉദ്ഭൂതമാകുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കടന്നുകയറ്റം മനുഷ്യനില്‍ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനശൈലികള്‍ക്ക് രൂപം കൊടുത്ത 19-ാം നൂറ്റാണ്ട്. ഈ കാലഘട്ടത്തില്‍ സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും സ്നേഹത്തിന്‍റെയും ചൈതന്യം മാനവഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കി കടന്നുപോയ പുണ്യപുരുഷനാണ് ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി. 1873 ജനുവരി 14-ന് ചമ്പക്കുളത്ത് കുര്യാളശ്ശേരി തറവാട്ടില്‍ ജനിച്ച അദ്ദേഹം 1899-ല്‍ വൈദികനാകുകയും പിന്നീട് ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാനായി അവരോധിക്കപ്പെടുകയും ചെയ്തപ്പോള്‍ ഒരു ദൈവപുരുഷനെ കാലം രൂപപ്പെടുത്തുകയായിരുന്നു.

പരിശുദ്ധ കുര്‍ബാനയിലെ ഈശോയില്‍ ഹൃദയം ചേര്‍ത്തുവച്ച് സത്യാന്വേഷണത്തിന്‍റെയും ത്യാഗത്തിന്‍റെയും സേവനത്തിന്‍റെയും മുള്‍പ്പടര്‍പ്പിലേക്ക് ചവിട്ടിക്കയറാന്‍ ധൈര്യം കാണിച്ച ഈ കര്‍മ്മയോഗി വിടപറഞ്ഞിട്ട് 92 വര്‍ഷമായി. അദ്ദേഹത്തിന്‍റെ ജീവിതം മറ്റൊരു സുവിശേഷമായിരുന്നു എന്ന് കാലം തെളിയിക്കുകയാണ്.

മനുഷ്യഹൃദയങ്ങളെ കാര്‍ന്നു തിന്നുന്ന തിന്മയുടെ എല്ലാ പ്രവണതകള്‍ക്കും വിശുദ്ധ കുര്‍ബാന എന്ന ദിവ്യഔഷധം പരിഹാരവും മറുമരുന്നുമാണ് എന്ന് മനസ്സിലാക്കിയ ദിവ്യകാരുണ്യ ഭക്തനായ അദ്ദേഹം തന്‍റെ അജഗണത്തെ മുഴുവന്‍ ആ ദിവ്യരഹസ്യത്തിലേക്ക് ആനയിക്കുവാന്‍ പരിശ്രമിച്ചു. പലതരത്തിലുള്ള അന്ധവിശ്വാസങ്ങളെയും അടിമത്തങ്ങളെയും അനീതികളെയും തുടച്ചുമാറ്റുവാന്‍ അദ്ദേഹത്തിന് ബലം പകര്‍ന്നത് ഈ ദിവ്യരഹസ്യത്തിന്‍റെ അത്ഭുത ശക്തികളും അനുഭവങ്ങളും ആണ്. ഈശോയുടെ തിരുഹൃദയത്തില്‍ നിക്ഷേപിച്ചിരിക്കുന്ന വിശ്വാസമാണ് തന്‍റെ മൂലധനം എന്ന് കൂടെക്കൂടെ പറഞ്ഞിരുന്ന പിതാവിന്‍റെ തിരുഹൃദയ ഭക്തിയുടെ വലിയ ഒരു സാക്ഷ്യമാണ് ഇന്ന് ക്രൈസ്തവകുടുംബങ്ങളില്‍ നാം ഉപയോഗിക്കുന്ന തിരുഹൃദയ വണക്കമാസം. ജീവിതായോധനത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ആയുധം ജപമാലയാണ്. അനുദിനം 3 മുഴുവന്‍ കൊന്ത ചൊല്ലുകയും 33 പ്രാവശ്യമെങ്കിലും വിശുദ്ധ കുര്‍ബാനക്ക് സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്ന അദ്ദേഹത്തിന്‍റെ ജീവിതത്തെ സംബന്ധിച്ചിടത്തോളം താന്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ദിവ്യകാരുണ്യത്തോടുള്ള സ്നേഹമാക്കി മാറ്റുവാന്‍ എളുപ്പമായിരുന്നു.

"കുടുംബമാണ് സ്നേഹത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ഉറവിടം", ഇത് മനസ്സിലാക്കി മാതാപിതാക്കളെയും കുട്ടികളെയും രോഗികളെയും പ്രായമായവരെയും സന്ദര്‍ശിക്കുവാനും, അവരോടൊത്ത് സംസാരിക്കുവാനും അവരുടെ സുഖദുഃഖങ്ങളില്‍ പങ്കുചേരുവാനും, നിരന്തരം സമയം കണ്ടെത്തിയ മഹാത്മാവാണ് കുര്യാളശ്ശേരി തോമാ മെത്രാന്‍. എല്ലാറ്റിനും ഉപരി വിശുദ്ധ കുര്‍ബാനയുടെയും അനുദിനമുള്ള സന്ധ്യാപ്രാര്‍ത്ഥനയുടെയും വിശുദ്ധദിനാചരണങ്ങളുടെയും മഹത്ത്വത്തെയും കടമകളെയും അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി.

കേവലം കളരി വിദ്യാഭ്യാസത്തില്‍ ഒതുങ്ങിയതായിരുന്നു അന്നത്തെ സ്ത്രീ വിദ്യാഭ്യാസം. സ്ത്രീ വിദ്യാഭ്യാസത്തിലൂടെയേ ഭവനങ്ങളേയും ദേശങ്ങളേയും രാജ്യങ്ങളേയും നവീകരിക്കുകയും ഗൂണീകരിക്കുകയും ചെയ്യുവാന്‍ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കിയ അദ്ദേഹം അതിന് ഊന്നല്‍ നല്കുകയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്‍റെ രൂപതയില്‍ ധാരാളം സ്കൂളുകളും അദ്ധ്യാപക പരിശീലനത്തിനായി ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂളും സ്ഥാപിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്‍റെ ആരംഭത്തില്‍ തന്നെ ദൈവവിശ്വാസവും സാന്മാര്‍ഗ്ഗ നിഷ്ഠയും പാലിക്കപ്പെടുന്ന സ്കൂളുകളില്‍ മാത്രമേ കത്തോലിക്കാ കുട്ടികളെ ചേര്‍ക്കാവൂ എന്ന് നിര്‍ദ്ദേശിച്ചതിലൂടെ ഭാവിതലമുറയുടെ വിശ്വാസജീവിതത്തിന് അദ്ദേഹം നല്കിയ പ്രാധാന്യം എത്ര വലുതായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുകയാണ്.
"ദിവ്യകാരുണ്യ ഈശോ എല്ലാവരാലും എല്ലായിടത്തും എല്ലായിപ്പോഴും അറിയപ്പെടുക സ്നേഹിക്കപ്പെടുക ആരാധിക്കപ്പെടുക" എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതലക്ഷ്യം. സ്വര്‍ഗ്ഗത്തില്‍ ദൈവത്തെ 'പരിശുദ്ധന്‍; പരിശുദ്ധന്‍; പരിശുദ്ധന്‍' എന്ന് പാടിസ്തുതിക്കുന്ന മാലാഖമാരെപ്പോലെ ഭൂമിയില്‍ ഒരു ഗണം വേണമെന്ന വന്ദ്യപിതാവിന്‍റെ ദര്‍ശനം വിശുദ്ധ കുര്‍ബാനയുടെ ആരാധനാ സന്യാസിനി സമൂഹത്തിന്‍റെ രൂപീകരണത്തിന് വഴിതെളിച്ചു.

ലോകത്തെ സാമൂഹ്യ തിന്മകളില്‍ നിന്നും വിടുവിച്ച് നവീകരണത്തിലേക്ക് നയിക്കുവാന്‍ അവിശ്രാന്തം പരിശ്രമിച്ച ഈ കര്‍മ്മയോഗിയുടെ ദര്‍ശനങ്ങളും സ്വപ്നങ്ങളും സാക്ഷാത്ക്കരിക്കുവാന്‍ വിദ്യാഭ്യാസം, മതബോധനം, സുവിശേഷവത്ക്കരണം, ആതുരശുശ്രൂഷ, സാമൂഹ്യസേവനം, മിഷന്‍ പ്രവര്‍ത്തനങ്ങള്‍, തടവറപ്രേഷിതത്വം എന്നീ ശുശ്രൂഷകളിലൂടെ ഈ സന്യാസിനീസമൂഹം തീക്ഷ്ണതയോടെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും, 14 രാജ്യങ്ങളിലും ദിവ്യകാരുണ്യസ്നേഹം പങ്കുവച്ചുകൊണ്ട് ഇവര്‍ മുന്നേറുന്നു.

ദിവ്യകാരുണ്യത്തിന്‍റെ ഉപാസകനായിരുന്ന ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി, ആര്‍ദ്ര സ്നേഹത്തിന്‍റെ രശ്മികള്‍കൊണ്ട് മനുഷ്യഹൃദയങ്ങളെ ദൈവികതയിലേക്ക് ഉയര്‍ത്തുകയും കത്തോലിക്കാസഭയുടെ സമുന്നതമായ വളര്‍ച്ചക്കായി സമ്പൂര്‍ണ്ണ സമര്‍പ്പണം ചെയ്യുകയും ചെയ്ത ഒരു മഹാത്മാവായിരുന്നു. റോമില്‍ വൈദിക പരിശീലനം നേടി അവിടെ പ്രഥമ ബലിയര്‍പ്പിച്ച അദ്ദേഹത്തിന്‍റെ അവസാനബലിയും അവിടെത്തന്നെയായിരിക്കണമെന്ന എളിയ ആഗ്രഹത്തെപ്പോലും സാധിതമാക്കികൊണ്ട് 1925 മെയ് 27-ാം തീയതി പൗരോഹിത്യ സ്വീകരണത്തിന്‍റെ 26-ാം വാര്‍ഷികദിനത്തില്‍ റോമിലെ സെമിനാരി ചാപ്പലില്‍ അവസാന ബലി അര്‍പ്പിക്കുവാന്‍ ദിവ്യ കാരുണ്യ ഈശോ പ്രത്യേകമായി അനുഗ്രഹിച്ചു. തുടര്‍ന്ന് രോഗഗ്രസ്തനായിത്തീര്‍ന്ന അദ്ദേഹം 1925 ജൂണ്‍ 2-ന് തന്‍റെ ജീവിതബലി പൂര്‍ത്തിയാക്കി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അന്ന് അദ്ദേഹത്തിന്‍റെ ചരമപ്രസംഗത്തില്‍ മോണ്‍. പീറ്റര്‍ പിസാനി പറഞ്ഞതു പോലെ "കുര്യാളശ്ശേരി പിതാവ് സാക്ഷാല്‍ പുണ്യവാനാണ്, ഭാഗ്യവാനാണ്, വിശുദ്ധ കുര്‍ബാനയുടെ വേദസാക്ഷിയാണ്". വിശുദ്ധ കുര്‍ബാന തന്‍റെ സര്‍വ്വസ്വവുമായി കണ്ട ഈ പുണ്യാത്മാവിന്‍റെ മാതൃകയും മദ്ധ്യസ്ഥതയും വിശുദ്ധ കുര്‍ബ്ബാനയില്‍ കേന്ദ്രീകൃതമായ ജീവിതം നയിക്കുന്നതിന് നമുക്ക് പ്രചോദനമായിരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org