മരങ്ങളെ മക്കളാക്കിയ മുത്തശ്ശി

മരങ്ങളെ മക്കളാക്കിയ മുത്തശ്ശി

ഫാ. ഫ്രാന്‍സിസ്  ആലപ്പാട്ട്

കര്‍ണാടകയിലെ ഒരു ഗ്രാമത്തില്‍ വാടകവീട്ടിലാണു സാലുമരഡ് തിമ്മക്കയുടെ താമസം. വയസ്സ് 108, വിവാഹിത. പക്ഷേ, മക്കളില്ല. കുഞ്ഞുങ്ങളില്ലാത്ത ദുഃഖം ഈ അമ്മയെ തളര്‍ത്തിയില്ല. ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തി വീടിനും നാടിനും നാട്ടാര്‍ക്കും നല്ല പൗരന്മാരാക്കി സമര്‍പ്പിക്കുന്ന ഒരമ്മയുടെ കര്‍ത്തവ്യം. ഒരായിരം മക്കളെ പോറ്റി, നാടിനും നാട്ടാര്‍ക്കും തണലും സൗന്ദര്യവുമേകാന്‍ തിമ്മക്കയ്ക്കു പ്രചോദനമായി. ഈ ലക്ഷ്യത്തിനായി, കര്‍ണാടകയില്‍, നാലു കിലോമീറ്റര്‍ ദൂരത്തില്‍ തിമ്മക്ക വച്ചുപിടിപ്പിച്ചത് 385 ആല്‍മരങ്ങളാണ്. കൂടാതെ ഒരു ലക്ഷത്തോളം മറ്റു വൃക്ഷലതാദികളും അവര്‍ നട്ടുപരിപാലിച്ചു. ഈ മരങ്ങളെ കേവലം വൃക്ഷങ്ങളായല്ല, ഈ അമ്മ കാണുന്നത്; സ്വന്തം മക്കളായാണ്.

നൂറ്റെട്ടു വയസ്സിന്‍റെ ക്ഷീണമൊന്നും തിമ്മക്കയെ തളര്‍ത്തുന്നില്ല. പരിസ്ഥിതി സന്ദേശവും പരസ്നേഹചിന്തകളുമായി അവര്‍ നാടുചുറ്റുകയാണ് ഇക്കഴിഞ്ഞ ജൂണ്‍ 11-ന് തിമ്മക്ക തൃശൂരിലെത്തിയിരുന്നു. കേരളത്തിലേക്കുള്ള അവരുടെ രണ്ടാമത്തെ യാത്രയായിരുന്നു അത്. കേരളത്തിന്‍റെ ഹരിതഭംഗി തിമ്മക്കയുടെ മനസ്സില്‍ ഒരു പച്ചത്തുരുത്തായി നിലകൊള്ളുന്നു.

കര്‍ണാടകയിലെ ഒരു ഗ്രാമം മുഴുവനും പരിസ്ഥിതി സന്ദേശം പകര്‍ന്നു ലക്ഷക്കണക്കിനു വൃക്ഷത്തൈകള്‍ നാടെങ്ങും നട്ടുപിടിപ്പിച്ചു പരിപാലിക്കുന്ന തിമ്മക്കയ്ക്ക് ഭാരതം പത്മപുരസ്കാരം സമ്മാനിച്ചിട്ടുണ്ട്. മറ്റനേകം സമ്മാനങ്ങളും അംഗീകാരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ടെങ്കിലും അംഗീകാരത്തിന്‍റെ മുദ്രകളൊന്നും ഈ മുത്തശ്ശിയെ പ്രലോഭിപ്പിക്കുന്നില്ല. പ്രകൃതിയോടുള്ള തന്‍റെ ഇഴയടുപ്പവും സ്നേഹവും മനസ്സില്‍ താലോലിച്ച് അവര്‍ പ്രയാണം തുടരുകയാണ്.

കേരളത്തില്‍ 2018-ലെ പരിസ്ഥിതി ദിനത്തില്‍ അഞ്ചര കോടി വൃക്ഷത്തൈകളാണു സാമൂഹിക വനംവകുപ്പു സൗജന്യമായി വിതരണം ചെയ്തത്. പൊതു ജനശ്രദ്ധ ആകര്‍ഷിക്കാനും തങ്ങളിലൂടെ ഭാവി സുരക്ഷിതമാണ് എന്നു പരസ്യപ്പെടുത്താനും ചില നേതാക്കന്മാര്‍ തട്ടിക്കൂട്ടുന്ന സൗജന്യ വൃക്ഷത്തൈ വിതരണ ചടങ്ങു നടക്കുന്ന വേദികള്‍ക്കു സമീപം പോളിത്തീന്‍ ഉറയിലിരുന്നു വെള്ളവും വെളിച്ചവും ലഭിക്കാതെ ഊര്‍ദ്ധശ്വാസം വലിച്ചു കരിഞ്ഞുണങ്ങുന്ന മരത്തൈകളെ ഇപ്പോഴും കാണാന്‍ കഴിയും. പരിസ്ഥിതി ദിനത്തിലെ ഈ പരിപാടി ഈ ശൈലിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നു സാലുമാരഡ തിമ്മക്ക പറയുന്നു. "മരം നട്ടിട്ടു പോകരുത്, സംരക്ഷിക്കാനുള്ള ബാദ്ധ്യതകൂടി ഏറ്റെടുക്കണം. ഇതു നമ്മുടെ ഭാവി തലമുറയ്ക്കുവേണ്ടിയുള്ളതാണ്. ഒരു കാരണവശാലും വൃക്ഷങ്ങള്‍ വെട്ടിക്കളയരുത്. ഇനി അങ്ങനെ ചെയ്യേണ്ടിവന്നാല്‍ പകരം പത്തു മരങ്ങള്‍ വച്ചു പരിപാലിക്കണം."

ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഈ മാതൃഹൃദയത്തിന്‍റെ സന്ദേശം സാമൂഹിക പരിസ്ഥിതി ശാസ്ത്രത്തിന്‍റെ കാതലാണ്. മഹാഭാരത ദര്‍ശനപ്രകാരം ഒരു മരം പത്തു മക്കള്‍ക്കു തുല്യമാണ്. അങ്ങനെയാകുമ്പോള്‍ സന്താനസൗഭാഗ്യം ലഭിക്കാത്ത സാലുമാരഡ തിമ്മക്കയ്ക്കു ചുരുങ്ങിയതു പത്തു ലക്ഷത്തി മൂവായിരത്തി എണ്ണൂറ്റി അമ്പതു മക്കളുണ്ട്!! ഇത്രയും വൃക്ഷങ്ങളില്‍ നിന്നു ലോകത്തിനു ലഭിക്കുന്നതു ടണ്‍കണക്കിനു പ്രാണവായുവാണ്. ഒരു ലക്ഷത്തിലേറെ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയ പ്രായാധിക്യം തളര്‍ത്താത്ത ഈ വീട്ടമ്മ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി മരം വെട്ടി ലാഭം കൊയ്യുന്നവര്‍ക്കു വെല്ലുവിളി ഉയര്‍ത്തുന്നു.

വൃക്ഷങ്ങള്‍ക്കും ഒരു ധനതത്ത്വശാസ്ത്രമുണ്ട്. 50 വര്‍ഷം ജീവിക്കുന്ന ഒരു മരം 53 ലക്ഷം വിലവരുന്ന പ്രാണവായു ഉത്പാദിപ്പിക്കുന്നുണ്ടെന്നാണു കണക്ക്. അത് ആറര ലക്ഷം രൂപയുടെ ജൈവവളവും ഭൂമിക്കു നല്കുകയും ചെയ്യുന്നു. ഇത്രയുംതന്നെ മൂല്യമുള്ള മണ്ണൊലിപ്പും ഇവയുടെ വേരുകള്‍ തടഞ്ഞുനിര്‍ത്തുന്നു; ഏകദേശം പത്തര ലക്ഷം രൂപയുടെ ശുദ്ധവായു സൃഷ്ടിക്കുന്നു, അഞ്ചര ലക്ഷം മൂല്യം കല്പിക്കാവുന്ന അഭയം പക്ഷിമൃഗാദികള്‍ക്കു നല്കുന്നു. പുഷ്പങ്ങള്‍, ഫലങ്ങള്‍, വിറക് എന്നിവയില്‍ നിന്നുള്ള വരുമാനം പരിഗണിക്കാത്ത കണക്കാണിത്.

ഇത്രയും പ്രകൃതിശാസ്ത്ര വിജ്ഞാനീയമൊന്നും സാലുമാരുഡ തിമ്മക്കയ്ക്ക് ഇല്ലെങ്കിലും, ഈ വിഷയത്തില്‍ ഡോക്ടറേറ്റെടുത്ത പണ്ഡിതന്മാരുടെ അക്കാദമിക ക്ലാസ്സുകളേക്കാള്‍ വലിയ ജീവിതസന്ദേശമാണവര്‍ 108-ാം വയസ്സിലും നല്കുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 29-നായിരുന്നു തിമ്മക്കയുടെ 108-ാം ജന്മദിനം. കേരളത്തിലെത്തിയ വേളയില്‍ തന്‍റെ ചിരകാലസുഹൃത്തുക്കളെയും പ്രകൃതി-പരിസ്ഥിതി സ്നേഹികളെയും അവര്‍ ജന്മദിനാഘോഷം ആഘോഷിക്കാന്‍ കര്‍ണാടകയിലേക്കു ക്ഷണിച്ചു. കര്‍ണാടകയിലെത്തി ജന്മദിനാശംസകള്‍ നേരാന്‍ പലര്‍ക്കും കഴിയില്ലെന്നു തിമ്മക്കയ്ക്കറിയാം. അതുകൊണ്ട്, യാത്ര പറയാന്‍ നേരം പ്രകൃതിയെ സ്നേഹിച്ചു പ്രകൃതിയോടിണങ്ങി ജീവിക്കുന്ന അവര്‍ പറഞ്ഞു: "എന്‍റെ ജന്മദിനത്തില്‍ ആരും എനിക്ക് ആശംസകള്‍ നേരേണ്ട. പകരം നിങ്ങള്‍ വസിക്കുന്ന ഇടങ്ങളില്‍ ഒരു വൃക്ഷത്തൈ നട്ടു പരിപാലിച്ചാല്‍ അതാണെനിക്കു സന്തോഷം."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org