|^| Home -> Cover story -> ആരാണ് മറിയം മഗ്ദലേന?

ആരാണ് മറിയം മഗ്ദലേന?

Sathyadeepam


ഡോ. റോസി തമ്പി

മലയാളിക്ക് ഏറ്റവും ഹൃദിസ്ഥമായ ബൈബിള്‍ കഥ ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ വള്ളത്തോളിന്‍റെ മഗ്ദലനമറിയം. വള്ളത്തോളിന്‍റെ മഗ്ദലനമറിയം അതിസുന്ദരിയും, അതിപ്രശസ്തയും അതിസമ്പന്നയുമായ യഹൂദിയായിലെ വേശ്യയാണ്. ആശാന്‍റെ വാസവദത്തക്കു തുല്യം. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട അവള്‍ യഹൂദ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കപ്പെടുന്നു. അപ്പോഴാണ് യുവഗുരുവായ യേശുവിന്‍റെ പ്രബോധനങ്ങള്‍ അവര്‍ക്ക് ഓര്‍മ്മ വന്നത്. പാപപുണ്യങ്ങളുടെ നിയമസംഹിതക്കകത്താണ് യഹൂദ ജീവിതം തീര്‍ച്ചപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ നേതാവായ മോശയുടെ നിയമം പാലിക്കാത്തവരെ കൊന്നുകളയുക എന്നതില്‍ കുറഞ്ഞ ശിക്ഷയൊന്നും അവര്‍ക്കില്ല. യേശുവാകട്ടെ ജനങ്ങളെ പഠിപ്പിക്കുന്നത് പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുക എന്നാണ്. മാത്രമല്ല നിയമമനുസരിച്ച് മാത്രം ജീവിക്കുന്ന യഹൂദ പുരോഹിതരെയും നിയമപാലകരായ ഫരിസേയരേയും എല്ലാം പരിഹസിക്കുകയും പതിവായിരുന്നു. നിയമം ലംഘിക്കുന്നവര്‍ ജീവിച്ചിരിക്കാന്‍ അര്‍ഹരല്ല അവിടെ. ശിക്ഷകനായ ദൈവത്തെ ഭയപ്പെട്ടാണ് ദൈവത്തിന്‍റെ സ്വന്തം ജനതയായ ഇസ്രായേല്‍ ജീവിച്ചിരുന്നത്. അവിടെയാണ് ദൈവത്തെക്കുറിച്ച് പുതിയ സങ്കല്പവുമായി യേശു വരുന്നത്.

ദൈവം ശിക്ഷകനല്ല. ദൈവം സ്നേഹമാണ്, ഓരോരുത്തരുടെയും സ്നേഹമുള്ള അപ്പനാണ് എന്നാണ് യേശു യഹൂദജനതയെ പഠിപ്പിച്ചു കൊണ്ടിരുന്നത്. നിങ്ങള്‍ എന്തു ചോദിച്ചാലും നിങ്ങള്‍ക്കതു നല്‍കുന്ന സ്നേഹമുള്ള അപ്പനാണ് ദൈവം. ഇതാണ് ദൈവശിക്ഷയും പുരോഹിത ശിക്ഷയും ഭയന്നു കഴിഞ്ഞിരുന്ന യഹൂദജനതയോട് യേശു പറഞ്ഞിരുന്നത്.
ദൈവത്തെ അപ്പാ എന്നു വിളിക്കാന്‍ യേശു ജനങ്ങളെ പരിശീലിപ്പിച്ചു.

യേശുവിന്‍റെ വാക്കുകളിലും പ്രവര്‍ത്തിയിലും ജനങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങി. പുരോഹിതരുടെയും നിയമജ്ഞരുടെയും നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുമെന്ന അവസ്ഥയെത്തി. യേശു പഠിപ്പിക്കുന്ന സത്യങ്ങളാകട്ടെ അവര്‍ക്ക് നിഷേധിക്കാനോ ഖണ്ഡിക്കാനോ കഴിയുന്നുമില്ല. എങ്ങനെയെങ്കിലും ജനങ്ങളെ യേശുവിന് എതിരാക്കിയില്ലെങ്കില്‍ ജനം മുഴുവന്‍ യേശുവിന്‍റെ പിറകെ പോകും എന്നവര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടവര്‍ പല വഴികളും ആലോചിച്ചു. ജനങ്ങളെക്കൊണ്ടു തന്നെ യേശുവിനെ തള്ളിപ്പറയിക്കലാണ് അതിനു നല്ല മാര്‍ഗ്ഗം എന്ന് അവരുടെ കുടിലബുദ്ധി കണ്ടെത്തി. അതിനവര്‍ പല ഉപായങ്ങളും കണ്ടെത്തി.

യേശുവലിയ ജനക്കൂട്ടത്തെ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ യേശുവിനു മുന്നില്‍ കൊണ്ടുവന്നു. എന്നിട്ട് പറഞ്ഞു.

മോശയുടെ നിയമമനുസരിച്ച് ഇവളെ കല്ലെറിഞ്ഞു കൊല്ലണം. നീ ഇപ്പോള്‍ ഇസ്രായേലിലെ വലിയ ഗുരുവാണല്ലോ? നീ എന്തു പറയുന്നു.

യേശു നോക്കി ആ സ്ത്രീക്കു പിറകെ ഒരു പുരുഷാരം കല്ലുകളുമായി ആര്‍ത്തിരമ്പി വരുന്നു.

‘യേശുവിന് അവരെ തിരുത്തണമായിരുന്നു’ പുതിയ നിയമം.

യേശു അല്പനേരം നിശബ്ദനായി താഴെ നോക്കി വിരല്‍കൊണ്ട് നിലത്തെഴുതിക്കൊണ്ടിരുന്നു.

പ്രമാണികള്‍ അക്ഷമരായി. അവര്‍ ക്രുദ്ധരായ് വീണ്ടും ചോദിച്ചു, നീ എന്തു പറയുന്നു?

യേശു തലയുയര്‍ത്താതെതന്നെ അവരോടു സൗമ്യനായ് പറഞ്ഞു, ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ.’ അവന്‍ പിന്നെയും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു.

കുറച്ചു കഴിഞ്ഞ് അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ ആ സ്ത്രീക്ക് അരികിലായ് അവളെക്കാള്‍ ഉയരത്തില്‍ കല്ലുകള്‍ കൂടി കിടന്നു. ഭയന്നു വിറച്ച് കൂനി കൂടിയിരിക്കുന്ന അവളെ നോക്കി യേശു ചോദിച്ചു. സ്ത്രീയേ! അവര്‍ നിന്നെ ഒന്നും ചെയ്തില്ലേ? ഇല്ല പ്രഭോ അവള്‍ മറുപടി പറഞ്ഞു. യേശു അവളോടു പറഞ്ഞു.

എങ്കില്‍ ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്കൊള്ളുക. മേലില്‍ ഇപ്രകാരം സംഭവിക്കരുത്.

ആദ്യമായിരുന്നു, ഒരു യഹൂദ ഗുരു ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. ഒരു പുതിയ നിയമം പ്രാവര്‍ത്തികമാക്കുന്നു. യേശു ഒരാളോടും പാപത്തെക്കുറിച്ച് ചോദിച്ചില്ല. അതിന്‍റെ പേരില്‍ വിധിച്ചില്ല. മാത്രമല്ല വ്യക്തിയോ പൂര്‍വ്വികരോ ചെയ്ത പാപത്തിന്‍റെ ശിക്ഷയാണ് ഒരാള്‍ക്ക് വരുന്ന രോഗദുരിതങ്ങള്‍ എന്നു വിശ്വസിച്ചിരുന്നവരെ യേശു തന്‍റെ പ്രവര്‍ത്തികള്‍ കൊണ്ടു തിരുത്തി. അന്ധനു കാഴ്ച നല്‍കുമ്പോഴും കുഷ്ഠരോഗിയെ സുഖപ്പെടുത്തുമ്പോഴും എല്ലാം യേശു പറഞ്ഞു കൊണ്ടിരുന്നത് അതാണ്.

പാപം എന്തെന്നു പോലും യേശു അന്വേഷിക്കുന്നില്ല. അവള്‍ അധികമായി സ്നേഹിച്ചു അതു കൊണ്ട് അധികമായി ക്ഷമിക്കപ്പെട്ടു. ഇതാണ് യേശുവിന്‍റെ ദൈവ ബോധം. എല്ലാ തെറ്റുകളും പൊറുക്കപ്പെടുന്നത് സ്നേഹം കൊണ്ടാണ്.

ധനികനായ ശിമയോന്‍റെ വീട്ടില്‍ വെച്ച് കണ്ണുനീര്‍ കൊണ്ട് യേശുവിന്‍റെ പാദങ്ങള്‍ കഴുകുകയും തലമുടി കൊണ്ട് തുടക്കുകയും തൈലം പുരട്ടി ചുംബിക്കുകയും ചെയ്ത പാപിനിയായ സ്ത്രീയാണ് മഗ്ദലേനമറിയം എന്നു കരുതിയാണ് വള്ളത്തോള്‍ തന്‍റെ മഗ്ദലേനമറിയം രചിക്കുന്നത്. എന്നാല്‍ ബൈബിളില്‍ പാപിനിയായ സ്ത്രീയാണ് മഗ്ദലേനമറിയം എന്ന പരാമര്‍ശമേയില്ല.

ആരാണ് മഗ്ദലേനമറിയം. സുവിശേഷത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട സ്ത്രീ മഗ്ദലേനയിലെ മറിയമാണ്. സുവിശേഷത്തിലെ പല ഭാഗങ്ങളും തമ്മില്‍ കുട്ടിച്ചേര്‍ത്ത് വിശ്വാസത്തിന്‍റെ, പശ്ചാത്താപത്തിന്‍റെ ഒരു മാതൃകയായി മധ്യകാല സഭ ഒരു മഗ്ദലേനമറിയത്തെ സൃഷ്ടിച്ചു. ലോകം മുഴുവന്‍ വിശ്വാസത്തിന്‍റെയും പശ്ചാത്താപത്തിന്‍റെയും പ്രതീകമായി ആ മഗ്ദലേനമറിയം പഠിപ്പിക്കപ്പെട്ടു. ആ കഥ ഇങ്ങനെയാണ്. മര്‍ത്തയുടെയും ലാസറിന്‍റെയും സഹോദരി മറിയമാണ് പാശ്ചാത്യ സഭയില്‍ മഗ്ദലേനമറിയം. യോഹന്നാനാണ് ഈ മറിയത്തെ അവതരിപ്പിക്കുന്നത് (യോഹ. 11:1). യോഹന്നാന്‍ അവതരിപ്പിക്കുന്ന മറ്റൊരു കഥാപാത്രമാണ് പാപിനിയായ സ്ത്രീ (യോഹ. 12:9). പാപിനിയായിരുന്ന അവള്‍ യേശുവിന്‍റെ പാദങ്ങള്‍ കണ്ണിരുകൊണ്ടു കഴുകി വിലയേറിയ സുഗന്ധതൈലം കൊണ്ട് അഭിഷേകം ചെയ്തു. അവളുടെ മാരകമായ പാപങ്ങള്‍ യേശു മോചിച്ചു (ലൂക്കാ 7:37). തുടര്‍ന്ന് അവള്‍ യേശുവിന്‍റെ ശിഷ്യയും ഭക്തയുമായിത്തീര്‍ന്നു (ലൂക്കാ 8:1-3). യേശുവിനോടുള്ള അവളുടെ സ്നേഹം ഈസ്റ്റര്‍നാളിന്‍റെ പ്ര ഭാതത്തില്‍ അവളെ യേശുവിന്‍റെ കല്ലറയില്‍ എത്തിച്ചു (യോഹ. 20:1-20). ഉത്ഥിതനായ യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത് മറിയത്തിനാണ് (യോഹ. 20:9-20) ഇങ്ങനെ മൂന്നു സുവിശേഷങ്ങളില്‍ പല സ്ഥലത്തായി പലരെക്കുറിച്ചു പറയുന്ന കാര്യങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് ഒരു കഥാപാത്രത്തെ നിര്‍മ്മിക്കുകയായിരുന്നു മധ്യകാല ഘട്ടത്തില്‍. അങ്ങനെ പലയിടത്തു നിന്നും കൂട്ടിച്ചേര്‍ത്ത സ്ത്രീ രൂപത്തിന് മഗ്ദലേനമറിയം എന്നു പേരു കൊടുത്തു. അങ്ങനെ ലോകം മുഴുവന്‍ സുവിശേഷ പ്രചാരകര്‍ മഗ്ദലേന മറിയത്തെ അങ്ങനെ പഠിപ്പിച്ചു. ബൈബിള്‍ വായിക്കാന്‍ അധികാരമില്ലാതിരുന്ന അക്കാലത്ത് സുവിശേഷ പ്രചാരകര്‍ പറയുന്നതായിരുന്നു വസ്തുത. ചിലര്‍ ലാസറിന്‍റെ സഹോദരി മറിയത്തെയും അതില്‍ ഉള്‍പ്പെടുത്തി.

ഇനിയും വേറെ ചിലരുടെ അഭിപ്രായത്തില്‍ ആറു ഭര്‍ത്താക്കന്മാരുണ്ടായിരുന്ന സമരിയാക്കാരി സ്ത്രീയാണ് മഗ്ദലേന. മറ്റു ചിലര്‍ക്ക് വ്യഭിചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കെ പിടിക്കപ്പെട്ട സ്ത്രീയാണ്.

ഫീലിപ്പോസിന്‍റെ സുവിശേഷത്തില്‍ മഗ്ദലേന യേശുവിന്‍റെ കൂട്ടുകാരിയാണ്.

പിന്നെയും മഗ്ദലേനയ്ക്ക് പല പാഠഭേദങ്ങള്‍ ഉണ്ടായി. ഉത്തമ ഗീതത്തിന്‍റെ ചുവടുപിടിച്ച് മണവാളനായ യേശുവിനെ കാത്തിരിക്കുന്ന പ്രേമാതുരയായ മണവാട്ടിയായി മഗ്ദലേന മറിയം ചിത്രകലയില്‍ അവതരിപ്പിക്കപ്പെട്ടു. ചിലര്‍ക്ക് മഗ്ദലേന എന്ന പേര്‍ വേശ്യയുടെ പര്യായമായിത്തീര്‍ന്നു. സാഹിത്യത്തില്‍ ചാക്കുടുത്ത വീനസ് ദേവതയായി മഗ്ദലേന പ്രത്യക്ഷപ്പെട്ടു.

ലാസറിന്‍റെ സഹോദരി മറിയമാണ് മഗ്ദലേന എന്ന വാദം അവളെ ധ്യാനത്തിന്‍റെയും മനനത്തിന്‍റെയും മാതൃകയാക്കി.

സ്ത്രീയുടെ ഏറ്റവും വലിയ പാപം അവളുടെ ലൈംഗികതയാണെന്ന് പഠിപ്പിക്കുന്നത് മഗ്ദലേനയുടെ കഥയിലൂടെയാണ്. പാപിനിയായവള്‍ പശ്ചാത്തപിച്ച് തിരിച്ചു വന്ന് ലൈംഗികത ഉപേക്ഷിച്ച് ജീവിക്കണം എന്നാണ് ഈ കഥ പഠിപ്പിക്കുന്നത്.

അവിടെയാണ് വള്ളത്തോളിന്‍റെ മഗ്ദലേന മറിയം മലയാളിക്ക് ഏറെ സ്വീകാര്യമായത്.

“അപ്പപ്പോള്‍ ചെയ്യുന്ന പാതകങ്ങള്‍ക്കെല്ലാം

ഈ പശ്ചാത്താപമേ പ്രയാശ്ചിത്തം” എന്ന് കവി മഗ്ദലേന മറിയത്തെ ആശ്വസിപ്പിക്കുമ്പോള്‍ യേശുവിന്‍റെ കരുണ ലോകം മുഴുവന്‍ നിറയുന്നു എന്നാണ്. എന്നാല്‍ യേശു, സ്ത്രീയോട്, അവളുടെ ലൈംഗികതയോട് സമൂഹം കാണിക്കുന്ന ഇരട്ടത്താപ്പിനെ നേരിട്ടത് എങ്ങനെയെന്നു കാണിക്കുന്ന പ്രധാന ഉദാഹരണമാണ് ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ’ എന്നത്. വ്യഭിചാരം ചെയ്യരുത് എന്ന മോശയുടെ കല്പന ആണിനും പെണ്ണിനും ബാധകമാണ്. ഒരു പെണ്ണ് തനിയെ എങ്ങനെ വ്യഭിചാരത്തില്‍ ഏര്‍പ്പെടും? ഈ ചോദ്യം ആദ്യം ചോദിച്ചത് യേശുവാണ്. പിന്നീട് അതാരും അങ്ങനെ ചോദിച്ചില്ല. കോടതികള്‍ പോലും.

ഒരേ സമയം സ്ത്രിയെ വേശ്യയും ദേവിയുമാക്കുന്ന പുരുഷ മനഃശാസ്ത്രം തന്നെയാണ് ഇവിടെ മഗ്ദലേനമറിയത്തെ ഇപ്രകാരം അവതരിപ്പിക്കുന്നത്. എന്തെന്നാല്‍ സ്ത്രീയുടെ ശരീരവടിവുകളും രതിയും പുരുഷനെ അത്ര മാത്രം കീഴ്പ്പെടുത്തുന്നുണ്ട്. സോളമന്‍റെ പാട്ടുകളുടെ പാട്ടും നമ്മുടെ സൗന്ദര്യലഹരിയുമെല്ലാം ഉദാത്ത കാവ്യങ്ങളായി നില്‍ക്കുന്നത് അതുകൊണ്ടാണ്. അതിമോഹനമാണ് മഗ്ദലേനയുടെ ചിത്രങ്ങള്‍. രതിയും വിശുദ്ധിയും ഒരു സ്ത്രീയില്‍ ഒന്നിച്ചു ചേരുന്നതാണ്. പുരുഷ സങ്കല്പത്തിലെ സ്ത്രീ എന്നാല്‍ ആ സ്ത്രീ തനിക്കു മാത്രം അര്‍ഹതപ്പെട്ടവളാകണം എന്ന് പുരുഷന്‍ ആഗ്രഹിക്കുന്നു. ഒരു സ്ത്രീയെ കൊള്ളരുതാത്തവളാക്കാനുള്ള എളുപ്പമാര്‍ഗ്ഗം അവളെ ലൈംഗിക വിശുദ്ധിയില്ലാത്തവളാണെന്നു വരുത്തി തീര്‍ക്കലാണ്. അങ്ങനെ ഒരു സ്ത്രീ അതില്‍ നിന്നു പിന്‍തിരിഞ്ഞാല്‍ നല്ലവളായി.

ഇതാണ് മഗ്ദലേന മറിയം എന്ന കഥാപാത്രത്തിനു ബൈബിളിലെ മറ്റു സ്ത്രീ കഥാപാത്രത്തേക്കാള്‍ പ്രാധാന്യം നല്‍കിയതും.

ആരാണ് സുവിശേഷത്തില്‍ പറയുന്ന യഥാര്‍ത്ഥ മഗ്ദലേന മറിയം? യേശുവിന്‍റെ അന്ത്യനാളുകളിലാണ് സുവിശേഷകര്‍ മഗ്ദലേന മറിയം എന്ന പേര്‍ എഴുതിക്കാണുന്നത്.

യേശുവിന്‍റെ കുരിശിനരികെ അവന്‍റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്‍റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.

യേശുവിന്‍റെ മരണശേഷം അവള്‍ യേശുവിനെ സംസ്കരിക്കാനായി തൈലം പൂശിയൊരുക്കുന്നു. സാബത്തിനു ശേഷം വെളുപ്പിന് യേശുവിന്‍റെ കുഴിമാടം സന്ദര്‍ശിക്കാന്‍ പോകുന്നു. കല്ലറയില്‍ അവനെ കാണാതെ നിലവിളിക്കുന്നു. അവിടെ കണ്ട പുരുഷന്‍ തോട്ടക്കാരനെന്നു കരുതി എവിടെയാണ് എന്‍റെ പ്രിയന്‍റെ ശരീരം, അത് എനിക്കു തരിക എന്നു നിലവിളിക്കുന്നു. യേശു അവളെ മറിയം എന്നു വിളിക്കുന്നു. അവള്‍ ഗുരോ എന്നു വിളി കേള്‍ക്കുന്നു.

സുവിശേഷം അവതരിപ്പിക്കുന്ന മഗ്ദലേന അബലയോ ചപലയോ അല്ല. അവള്‍ തീരാ കാരുണ്യത്തിന്‍റെയും സ്ഥൈര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രതിനിധിയാണ്. മരണശേഷവും പാലിക്കുന്ന വിശ്വസ്തതയാണവള്‍.

പൗരസ്ത്യ സഭകളില്‍ ലാസറിന്‍റെ സഹോദരിമറിയവും മഗ്ദലേന മറിയവും അനുതപിച്ച സ്ത്രീയുമെല്ലാം വേറെ തന്നെയായിരുന്നു. മഗ്ദലേനമറിയത്തെ പൗരസ്ത്യ സഭ യേശുവിന്‍റെ ശിഷ്യയായി അവതരിപ്പിച്ചിരുന്നു.

കത്തോലിക്കാ സഭയിലെ കലണ്ടര്‍ പുതുക്കി നിശ്ചയിക്കാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയും പുതിയ കലണ്ടറില്‍ ജൂലൈ 22 മഗ്ദലേന മറിയത്തിന്‍റെ തിരുനാള്‍ ആയി പ്രഖ്യാപിക്കുകയും ചെയ്തു. കൂടെ ഇപ്രകാരം എഴുതപ്പെട്ടു. ‘ഉത്ഥിതനായ യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത് മഗ്ദലേനായിലെ മറിയത്തിനാണ്.; ഈ മറിയം മര്‍ത്തയുടെ സഹോദരിയായ മറിയമല്ല; അനുതപിച്ച പാപിനിയുമല്ല. യേശു ഏഴു പിശാചുക്കളെ പുറത്താക്കിയത് ഇവളില്‍ നിന്നല്ല (calendarium Romanum Generale, 1969, 97-97).

മഗ്ദലേനമറിയത്തെക്കുറിച്ച് ധാരാളം സാഹിത്യകൃതികള്‍ ഉണ്ടായിട്ടുണ്ട്. ആദ്യകാല സഭയില്‍ ഉണ്ടായിരുന്ന പുസ്തകമാണ് മറിയത്തിന്‍റെ സുവിശേഷം. അതിലെ മറിയം മഗ്ദലേനമറിയമെന്നാണ് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നത്. അതില്‍ ജ്ഞാനസ്ത്രീയായിട്ടാണ് മഗ്ദലേനമറിയത്തെ അവതരിപ്പിക്കുന്നത്. ജ്ഞാന പുസ്തകങ്ങള്‍ (ഫീദെസ് സ്സോഫിയ) faith wisdom എന്നാണ് ആ ഗ്രന്ഥങ്ങള്‍ അറിയപ്പെട്ടിരുന്നത്. ആ പേരിനെ അടിസ്ഥാനമാക്കിയായിരിക്കണം വിജയലക്ഷ്മി ‘ജ്ഞാനമഗ്ദലേന’ എന്ന കവിതയെഴുതിയത്. 1773-ലാണ് faith wisdom എന്ന പുസ്തകം കണ്ടെടുക്കുന്നത്. മറിയത്തിന്‍റെ സുവിശേഷം 1869-ല്‍ കണ്ടെത്തപ്പെട്ടു 1945-ല്‍ തോമസിന്‍റെ സുവിശേഷം, ഫീലീപ്പോസിന്‍റെ സുവിശേഷം, യാക്കോബിന്‍റെ സുവിശേഷം എന്നിവയും കണ്ടെത്തപ്പെട്ടു. രണ്ട്, മൂന്ന് നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട ഈ കൃതികളില്‍ സഭയിലെ സ്ത്രൈണ പാരമ്പര്യം വളരെ ശക്തമാണ്.

ഈ കൃതികളിലെല്ലാം മഗ്ദലേന മറിയം യേശുവിന്‍റെ പ്രിയശിഷ്യയാണ്. അവള്‍ യേശുവിനോട് ചോദ്യങ്ങള്‍ ചോദിക്കുകയും യേശു അവള്‍ക്ക് മറുപടി നല്കുകയും ചെയ്യുന്നു. തോമസിന്‍റെ സുവിശേഷത്തില്‍ മഗ്ദലേന യേശുവിനോട് ചോദിക്കുന്നു, എന്താണ് ശിഷ്യത്വം? ‘സോഫിയ ഓഫ് ജീസസ്സ് ക്രൈസ്റ്റ്’ എന്ന പുസ്തകത്തില്‍ ചോദിക്കുന്നത്, എങ്ങനെ ജ്ഞാനം കണ്ടെത്താം എന്നാണ്. ‘ദ ഡയലോഗ് വിത്ത് സേവ്യര്‍’ എന്ന പുസ്തകത്തില്‍ യൂദാസ് മുതലായ മറ്റു ശിഷ്യരോടൊപ്പം മഗ്ദലേനയുമുണ്ട്. യേശു പറഞ്ഞ ജ്ഞാനം നമ്മള്‍ എവിടെയാണ് സൂക്ഷിക്കുക എന്ന് മഗ്ദലേന മറ്റു ശിഷ്യരോട് ആകുലപ്പെടുന്നുണ്ട്. അവള്‍ പഴയ നിയമം വ്യാഖ്യാനിച്ചുകൊണ്ട് യേശുവിനോട് സംസാരിക്കുന്ന പണ്ഡിത കൂടിയാണ്. ‘ദ ഡയലോഗ് വിത്ത് ദ സേവ്യര്‍’ എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ് പറയുന്നത് എല്ലാം അറിയുന്നവള്‍ മഗ്ദലേന എന്നാണ്. മറ്റു ശിഷ്യരേക്കാള്‍ യേശുവിന്‍റെ വാക്കുകള്‍ ഹൃദയത്തില്‍ സ്വീകരിച്ചത് മഗ്ദലേനയാണെന്നാണ് ആ ഗ്രന്ഥകാരന്‍റെ സാക്ഷ്യം. യേശു മറ്റുള്ളവരെ സ്നേഹിച്ചതിനേക്കാള്‍ മഗ്ദലേനയെ സ്നേഹിച്ചു എന്നാണ് ഫീലീപ്പോസ് തന്‍റെ സുവിശേഷത്തില്‍ പറയുന്നത്. യേശുവിന്‍റെ സന്തത കൂട്ടുകാരി എന്നാണ് ഫീലീപ്പോസ് അവളെ വിശേഷിപ്പിക്കുന്നത്.

പത്രോസാണ് മഗ്ദലേനയെ ശക്തമായി എതിര്‍ക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത്. തോമസിന്‍റെ സുവിശേഷം 114-ാം വാക്യത്തില്‍ പത്രോസ് ഇങ്ങനെ പറയുന്നു, “ഇനി മറിയം നമ്മില്‍ നിന്നു പോകട്ടെ; എന്തെന്നാല്‍ സ്ത്രീകളാരും ജീവീതം അര്‍ഹിക്കുന്നില്ല.” മഗ്ദലേനയുടെ സുവിശേഷത്തിലും ഇതു കാണാം. നമ്മുടെ അറിവു കൂടാതെയും പരസ്യമായിട്ടല്ലാതെയും ഗുരു സ്വകാര്യമായി ഒരു സ്ത്രീയോടും സംസാരിച്ചിട്ടില്ല. പിന്നെ നാം എന്തിന് അങ്ങോട്ടു മുഖം കൊടുത്ത് അവള്‍ പറയുന്നതു ശ്രദ്ധിക്കണം. അവന്‍ നമ്മളെക്കാള്‍ അവളെയാണോ സ്നേഹിച്ചത്?” (മറിയത്തിന്‍റെ സുവിശേഷം 9:3-4).

സോഫിയ പിസ്സ്റ്റിസ്സ് എന്ന പുസ്തകത്തില്‍ ‘കര്‍ത്താവേ, ഈ പെണ്ണിനെക്കൊണ്ടു തോറ്റു; ഒരു വാക്കു പറയാന്‍ പോലും അവള്‍ ഞങ്ങളെ അനുവദിക്കുന്നില്ല. അവളാകട്ടെ വാതോരാതെ ചിലച്ചു കൊണ്ടിരിക്കുന്നു’ – (Pistis Sofia).

മറിയത്തിന്‍റെ സുവിശേഷത്തിന്‍റെ അപുര്‍ണ്ണമായ മൂന്നു കയ്യെഴുത്തുപ്രതികളാണ് ലഭ്യമായിട്ടുള്ളത്. അതില്‍ രണ്ടെണ്ണം ഗ്രീക്കിലും ഒരെണ്ണം കോപ്റ്റിക് ഭാഷയിലെ സഹിദീക് എന്ന ഭാഷാഭേദത്തി ലുമാണ് എഴുതപ്പെട്ടിരിക്കുന്നത്. ഈജിപ്തിലെ പാനോപോളിസ് എന്ന സ്ഥലത്തു നിന്നാണ് കയ്യെഴുത്തുപ്രതികള്‍ ലഭിച്ചത്. 19 പുറങ്ങള്‍ ഉളളതായി പറയുന്ന കയ്യെഴുത്തുപ്രതിയുടെ ആദ്യത്തെ 6 പേജുകള്‍ നഷ്ടമായിട്ടുണ്ട്. ബാക്കി 9 പേജുകള്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ഏകദേശം മൂന്നാം നൂറ്റാണ്ടിലാണ് ഈ ഗ്രന്ഥം ഗ്രീക്കില്‍നിന്ന് സഹിദിക് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത്.

‘മറിയത്തിന്‍റെ സുവിശേഷം’ എന്നാണ് ഗ്രന്ഥനാമം. ബൈബിളില്‍ ധാരാളം മറിയമാരുണ്ടെങ്കിലും മഗ്ദലേനമറിയമാണ് സുവിശേഷകാരി എന്നതില്‍ ബൈബിള്‍ പണ്ഡിതന്മാര്‍ക്ക് ഒരേ അഭിപ്രായമാണ്. പത്രോസും മഗ്ദലേനയും തമ്മിലുള്ള സംഘര്‍ഷം ഇതിലെ പ്രധാന വിഷയമാണ്.

മഗ്ദലേനയുടെ സുവിശേഷം 22-ാം വാക്യം മുതലാണ് ലഭ്യമായിട്ടുള്ളത്. യേശുവും ശിഷ്യന്മാരും തമ്മിലുള്ള സംഭാഷണമാണ് ആദ്യഭാഗം. രണ്ടാം ഭാഗത്തില്‍ മഗ്ദലേന സംസാരിക്കുന്നു. മൂന്നാം ഭാഗം മഗ്ദലേനയും യേശുവിന്‍റെ ശിഷ്യന്മാരും തമ്മിലുള്ള സംഭാഷണമാണ്.

കേള്‍ക്കാന്‍ കാതുള്ളവന്‍ കേള്‍ക്കട്ടെ. മനസ്സിലാക്കാന്‍ മനസ്സുള്ളവന്‍ ഇതു മനസ്സിലാക്കട്ടെ. അന്വേഷിക്കുന്നവന്‍ കണ്ടെത്തും. ഇങ്ങനെയാണ് യേശു ശിഷ്യരോട് സംസാരിക്കുന്നത്.

യേശുവിന്‍റെ മരണശേഷം യഹൂദരെ ഭയപ്പെട്ടിരിക്കുന്ന ശിഷ്യരെ മറിയം ധൈര്യപ്പെടുത്തുന്നു. ‘നിങ്ങള്‍ വിലപിക്കുകയോ, ദുഃഖിക്കുകയോ മടിച്ചു നില്‍ക്കുകയോ അരുത്. അവന്‍റെ അനുഗ്രഹം നിങ്ങളോടൊപ്പമുണ്ടായിരിക്കും; അതു നിങ്ങളെ രക്ഷിക്കും.” (5.2)

തുടര്‍ന്ന് മറിയം തന്‍റെ ദര്‍ശനം വിവരിക്കുന്നു. ശിഷ്യര്‍ അത് അംഗീകരിക്കുന്നു. മറിയത്തിന്‍റെ വാക്കുകളെ തുടര്‍ന്ന് ശിഷ്യര്‍ സുവിശേഷം പ്രസംഗിക്കാന്‍ മുന്നിട്ടിറങ്ങുന്നു. ഇതാണ് മറിയത്തിന്‍റെ സുവിശേഷത്തിന്‍റെ ചുരുക്കം.

എത്രമാത്രം തെറ്റിദ്ധരിച്ചാണ് വള്ളത്തോളിന്‍റെ കവിതയിലൂടെ മലയാളികള്‍ മഗ്ദലേനമറിയത്തെ മനസ്സിലാക്കിയത്. മഗ്ദലേനയുടെ മേല്‍ വീഴ്ത്തിയ ആ കരിനിഴല്‍ മായ്ച്ചുകളയുക എന്നത് കാലത്തിന്‍റെ ആവശ്യമാണ്. സ്ത്രീയെ അവളുടെ സ്വത്വത്തെ എപ്രകാരമാണ്, പുരുഷന്‍ മായ്ച്ചു കളയുന്നത് കാണപ്പെടാതെയാക്കുന്നത് എന്നതിന് ഏറ്റവും പ്രബലമായ തെളിവാണ് മഗ്ദലേന മറിയത്തിന്‍റെ വികല ചിത്രീകരണം.

Leave a Comment

*
*