Latest News
|^| Home -> Cover story -> കുടുംബങ്ങളെ കര്‍മ്മഭൂമിയാക്കിയ വാഴ്ത്തപ്പെട്ട മറിയംത്രേസ്യ

കുടുംബങ്ങളെ കര്‍മ്മഭൂമിയാക്കിയ വാഴ്ത്തപ്പെട്ട മറിയംത്രേസ്യ

Sathyadeepam

സിസ്റ്റര്‍ സജിത ഗ്രെയ്സ് സി.എച്ച്.എഫ്.

ഒരു നൂറ്റാണ്ടുമുമ്പ് പുത്തന്‍ചിറ എന്ന കൊച്ചുഗ്രാമത്തില്‍ തകരുന്ന കുടുംബങ്ങളെ കണ്ടറിഞ്ഞ, അവരുടെ നൊമ്പരങ്ങളെ ഹൃദയത്തിലേറ്റിയ ഒരമ്മയുണ്ടായിരുന്നു. അവള്‍ വിവാഹിതയായിരുന്നില്ല, പ്രസവിച്ചിട്ടുമില്ല, എന്നാലും അവളെ നാട്ടുകാര്‍ അമ്മേ… എന്ന് വിളിച്ചു. കന്യാസ്ത്രീ അമ്മേ… എന്ന്. കന്യാത്വവും സ്ത്രീത്വവും മാതൃത്വവും ഒന്നിച്ചുചേര്‍ന്ന ഒരു ഗ്രാമീണ യുവതിയായിരുന്നു മറിയംത്രേസ്യ എന്ന അവരുടെ കന്യാസ്ത്രീയമ്മ.

ഗാര്‍ഹികസഭയുടെ പ്രവാചിക എന്ന് തിരുസഭ ആ കന്യാസ്ത്രീയമ്മയെ വിളിച്ചു. കുടുംബങ്ങളെ കര്‍മ്മഭൂമിയാക്കി മുന്നേറിയപ്പോള്‍ അവള്‍ മനസ്സിലാക്കിയ ഒന്നുണ്ട് – കുടുംബത്തില്‍ അമ്മയ്ക്കുള്ള സ്ഥാനം, മാതൃസ്നേഹത്തിന്‍റെ ശക്തി. മറിയംത്രേസ്യ മാതൃസ്നേഹത്തിന്‍റെ തേനും വയമ്പും നുണഞ്ഞതും ഊഷ്മളത അറിഞ്ഞതും സ്വന്തം അമ്മയില്‍ നിന്നുതന്നെയാണ്. അവള്‍ പറയുന്നു, “ഭൂമിയെപ്പോലെ സദാ ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്ന ശാന്തിയുടെയും സ്നേഹത്തിന്‍റെയും പ്രതീകമായിരുന്നു എന്‍റെ അമ്മ.”

സ്വന്തം അമ്മയില്‍ നിന്നു പരി. അമ്മയിലേക്കും മാതൃസ്നേഹത്തില്‍ നിന്നു ദൈവസ്നേഹത്തിലേക്കും വളര്‍ന്നതുകൊണ്ടാവണം മറിയംത്രേസ്യ അനേകര്‍ക്ക് ആത്മീയമാതാവായും ഭൗതീകമാതാവായും മാറിയത്. പാപികളുടെ മാനസാന്തരത്തിനായ്, ശുദ്ധീകരണാത്മാക്കള്‍ക്കായ്, കള്ളകുമ്പസാരം നടത്തുന്നവര്‍ക്കായ്, കലഹിക്കുന്നവര്‍ക്കായ്, ജീവിത പങ്കാളിയെ ഉപേക്ഷിക്കാന്‍ ഒരുങ്ങി നിന്നവര്‍ക്കായ് ത്യാഗങ്ങള്‍ ഏറ്റെടുത്തതും കുരിശു ചുമന്നതും ആത്മീയമാതൃത്വം അവളെ നിര്‍ബന്ധിച്ചപ്പോഴാണ്. മറിയംത്രേസ്യ അശരണരുടെ ഭൗതീക അമ്മയും ആയി. വീട്ടുകാര്‍ ഉപേക്ഷിച്ച്, നാട്ടുകാര്‍ ഒറ്റപ്പെടുത്തി, വഴിയില്‍ അലഞ്ഞു നടന്നിരുന്ന കുഷ്ഠരോഗിയായ തൈരിയെ തന്നോടൊപ്പം കൂട്ടിയതും ശുശ്രൂഷിച്ചതും താമസസൗകര്യമൊരുക്കിയതും അവളുടെ ഉള്ളിലെ മാതൃത്വത്തിന്‍റെ ബഹിര്‍സ്ഫുരണമായിരുന്നു.

മറിയംത്രേസ്യായ്ക്ക് പ്രസവിക്കാതെ ലഭിച്ച കണ്‍മണികളായിരുന്നു ബ്രിജീത്തയും കൊച്ചാനിയും റോസയുമൊക്കെ. വസൂരി ബാധിച്ച് മരിച്ച അമ്പട്ടത്തിയുടെ മാറില്‍ കിടന്ന് അമ്മ മരിച്ചതറിയാതെ മുലപ്പാലിനായ് കരയുന്ന കുഞ്ഞിനെ അവള്‍ എടുത്തു വളര്‍ത്തി. അനാഥപൈതലായിരുന്ന കൊച്ചാനിയേയും അവള്‍ സ്വന്തം മകളേപ്പോലെ വളര്‍ത്തി. മറിയം ത്രേസ്യാമ്മ മഠത്തിലെടുത്തു വളര്‍ത്തിയ ഏഴുവയസുകാരിയാണ് റോസ.

ഒരു നൂറ്റാണ്ടുമുമ്പു മറിയം ത്രേസ്യായ്ക്ക് തമ്പുരാന്‍ വെളിപ്പെടുത്തി നല്‍കിയ കുടുംബപ്രേഷിതത്വം അമ്മ ജീവിച്ചിരുന്ന കാലഘട്ടത്തിലെന്നതിനേക്കാളേറെ ആവശ്യമാണ് ഇന്ന്. ഈ നൂറ്റാണ്ടില്‍ തിരുസഭാധികാരികളിലൂടെ ദൈവം അത് വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. കുടുംബം എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നത് നല്‍കുന്ന വാഗ്ദാനങ്ങളിലുള്ള വിശ്വസ്തതയിലാണ്. ഈ കാലഘട്ടത്തില്‍ പരസ്പരം നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കുറവുണ്ടാകുന്നു. ഓരോ വ്യക്തിയും വ്യക്തിപരമായ സംതൃപ്തിയാണ് അന്വേഷിക്കുന്നത്. കുടുംബം സ്നേഹത്തിന്‍റെ സത്യം പഠിപ്പിക്കുന്നില്ലെങ്കില്‍ വേറൊരു വിദ്യാലയത്തിനും അത് പഠിപ്പിക്കാന്‍ സാധിക്കുകയില്ല എന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞുവയ്ക്കുമ്പോള്‍ മറിയംത്രേസ്യാമ്മയുടെ അതേ ദര്‍ശനം ആവര്‍ത്തിക്കുകയല്ലേ.?

ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ ആവോളം ആസ്വദിച്ചിട്ടും, എന്തൊക്കെ നേടിയിട്ടും സംതൃപ്തരല്ലാത്ത വ്യക്തികളും കുടുംബങ്ങളും ഇന്ന് മറിയംത്രേസ്യാമ്മയുടെ മക്കളായ സി.എച്ച്.എഫ്. സിസ്റ്റേഴ്സിന്‍റെ കര്‍മ്മഭൂമിയാണ്. 1876 – ല്‍ ജനിച്ച് വെറും 50 വര്‍ഷത്തെ ജീവിതം. 1926-ല്‍ സ്വര്‍ഗ്ഗലോകത്തേക്ക് തിരിച്ചു പറന്ന മറിയം ത്രേസ്യയെ 2000 ഏപ്രില്‍ 9 – ന് തിരുസ്സഭ വാഴ്ത്തപ്പെട്ടവള്‍ എന്നു പ്രഖ്യാപിച്ചപ്പോള്‍ ലോകം അവളെ കുടുംബങ്ങളുടെ മദ്ധ്യസ്ഥയും കുടുംബപ്രേഷിതയും കുടുംബങ്ങളുടെ പ്രവാചികയുമായി ഉയര്‍ത്തുകയായിരുന്നു.

Leave a Comment

*
*