
ഫാ. ജോസഫ് വലിയവീട്ടില്‍
സ്ഥാപക ഡയറക്ടര്‍, കൃപാസനം, ആലപ്പുഴ
മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥന: ആത്മവിശുദ്ധീകരണത്തിനും ആത്മശക്തീകരണത്തിനും വേണ്ടിയുള്ള വ്രതപ്രാര്‍ത്ഥന:
വൃക്ഷത്തെ വിലയിരുത്തേണ്ടത് ഫലം കൊണ്ടാണ് (മത്താ. 12:33). അപ്പസ്തോലന്‍മാരുടെ പോലും പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ കര്‍ത്താവ് മുന്നോട്ടുവെച്ച മാനദണ്ഡം എന്നു പറയുന്നത്, അവരുടെ പ്രവര്‍ത്തനങ്ങളെ അവിടുന്ന് അടയാളങ്ങള്‍കൊണ്ട് സ്ഥിരീകരിച്ചു എന്നുള്ളതാണ് (മര്‍ക്കോ:16:20). അടയാളങ്ങളുടെ സ്ഥിരീകരണം വരുന്നത്, ദൈവത്തില്‍നിന്നാണ്. മനുഷ്യനില്‍ നിന്നല്ല. മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥന വിലയിരുത്തപ്പെടേണ്ടത്, അതിന്‍റെ അടയാളങ്ങളിലൂടെയാണ്. മൂന്നുദിവസത്തോളം ജനം കര്‍ത്താവിന്‍റെ വചനം കേട്ടപ്പോള്‍, യോഹ. 15:3 പ്രകാരം വചനം കേട്ട് വിശുദ്ധീകരിക്കപ്പെട്ട ജനത്തെ, മര്‍ക്കോസ് 8:3 അനുസരിച്ച് വെറുംകയ്യോടെ വീട്ടിലേക്ക് പറഞ്ഞുവിടാന്‍ അവിടുന്ന് ഇഷ്ടപ്പെട്ടില്ല. കാര്യം വെറും കയ്യോടെ പോയാല്‍ അവര്‍ വഴിയില്‍ തളര്‍ന്നുവീഴും എന്നാണ് ഈശോ അതിനു പറഞ്ഞ ന്യായീകരണം. ആരും ജീവി തവഴിയില്‍ തളര്‍ന്നുവീഴാന്‍ സ്നേഹദൈവം ആഗ്രഹിക്കുന്നില്ല.
ഉടമ്പടി എന്നു പറയുന്നത്, വാഗ്ദാനപേടകം കേന്ദ്രീകരിക്കുന്ന ബൈബിള്‍ ആദ്ധ്യാത്മികതയാണ്. പഴയനിയമത്തിലെ വാഗ്ദാനപേടകം, ഉടമ്പടി പേടകമാണ്. ഉടമ്പടി ഫലകം ഉള്ളടക്കം ചെയ്യുന്നതാണ് വാഗ്ദാനപേടകം (പുറ. 25:16). പുതിയ നിയമത്തില്‍ ദൈവം ഉടമ്പടി ഫലകം ഉള്ളടക്കം ചെയ്തിരിക്കുന്നത് കല്‍പ്പലകളിലല്ല മാംസത്തിലാണ്. അതെ, വചനവും വാഗ്ദാനവും ദൈവം ഉള്ളടക്കം ചെയ്തത് മറിയത്തിന്‍റെ ഉദരത്തിലാണ്. അതുകൊണ്ടാണ് കത്തോലിക്കാസഭ ലുത്തിനിയായില്‍ മറിയത്തെ വാഗ്ദാനപേടകമേ (വെളിപാട് 11:19,12:1 CCC 2676) എന്ന് സംബോധന ചെയ്യുന്നത്. പുതിയനിയമത്തില്‍ മറിയത്തിന് വാഗ്ദാനപേടകത്തിന്‍റെ എല്ലാ ശക്തിയുമുണ്ട്. പഴയനിയമത്തിലെ വാഗ്ദാനപേടകം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് 'ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടാകും' എന്ന വാഗ്ദാനത്തിന്‍റെ സ്ഥിരീകരണമായിട്ടാണ് (പുറ. 25:22). ആ ദൈവത്തിന്‍റെ സാന്നിദ്ധ്യമാണ്, ജീവിതത്തിന്‍റെ ജറീക്കോ കോട്ട പൊടിക്കാനും (ജ്വോഷ്വാ 6:5) കണ്ണീരിന്‍റെ ജോര്‍ദ്ദാന്‍ നദി വറ്റിക്കാനും (ജോഷ്വാ 3:17) പുറപ്പാട് ജനതയ്ക്ക് പ്രയോജനപ്പെട്ടത്. ഇപ്രകാരം പുറപ്പാട് വഴികളില്‍ ദൈവത്തിന്‍റെ സാന്നിദ്ധ്യം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് വാഗ്ദാനപേടകം ജീവിതവഴിയാത്രയില്‍ (പുറ. 25:27-28) ചുമന്നുകൊണ്ടുനടക്കാന്‍ ദൈവം ജോഷ്വായോട് കല്‍പ്പിച്ചത് (ജോഷ്വാ 6:15).
പുതിയ നിയമത്തിലും സ്വര്‍ഗ്ഗീ യജറുസലേം ആയ വാഗ്ദാന നാട്ടിലേക്ക് വിശ്വാസയാത്ര ചെയ്യുന്ന തീര്‍ത്ഥാടനസഭ വാഗ്ദാനപേടകമായ പരിശുദ്ധ അമ്മയെ സംവഹിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് കുരിശിന്‍മേല്‍ വെച്ച് ഈശോ തന്‍റെ പ്രിയശിഷ്യനോട് "ഇതാ നിന്‍റെ അമ്മ" (യോഹ. 19:27) എന്നു പറഞ്ഞു പരിശുദ്ധ അമ്മയ്ക്ക് സഭയെ ഭരമേല്‍പ്പിച്ചത്. നാഥന്‍റെ തിരുമൊഴിക്കു പ്രത്യുത്തരമായി അന്നുമുതല്‍ അവളെ സഭയാകുന്ന സ്വന്തം ഭവനത്തില്‍ ശിഷ്യസമൂഹം സ്വീകരിച്ചു എന്നാണ് സുവിശേഷം വെളിപ്പെടുത്തുന്നത്.
മറിയം ഭവനത്തില്‍ വാഗ്ദാനപേടകമായി ആദ്യം സ്വീകരിക്കപ്പെട്ടത് എലിസബത്തിന്‍റെ ഭവനത്തിലാണ്. വാഗ്ദാനപേടകമായി മറിയം ഭവനത്തില്‍ സ്വീകരിക്കപ്പെടുമ്പോള്‍ ഭവനത്തില്‍ വെള്ളം വീഞ്ഞാകും. വെള്ളം വീഞ്ഞാകും എന്നു പറയുമ്പോള്‍ വെള്ളം എപ്പോഴും വീഞ്ഞാകേണ്ടതാണ്. വീഞ്ഞില്ലാതെ, വിഭവമില്ലാതെ, ഭക്ഷണമില്ലാതെ, അവസാനം ഭക്ഷണപ്രശ്നം ഒരു അപമാന പ്രശ്നമായി കാനായില്‍ അധഃപതിക്കുന്നത് കണ്ട അമ്മ, മനുഷ്യന്‍റെ അഭിമാനത്തെപ്പോലും വ്രണപ്പെടുത്തുന്ന അടിസ്ഥാന വിഷയമായി ആഹാരപ്രശ്നം മാറുന്നതു കണ്ടപ്പോഴാണ് അമ്മ ഈശോയുടെ അടുത്തേക്ക് ഓടി എത്തിയത്.
സീനായ് മലയുടെ താഴ്വരയില്‍ വെച്ച് ദൈവം നല്‍കിയ ഉടമ്പടിക്ക് പ്രത്യുത്തരമായി ജനങ്ങള്‍ പറഞ്ഞ "കര്‍ത്താവ് കല്‍പ്പിച്ചതെല്ലാം ഞങ്ങള്‍ ചെയ്തുകൊള്ളാം" (പുറ. 19:8) എന്ന ഉടമ്പടി വചനത്തിന്‍റെ പുതിയ നിയമഭാഷ്യമാണ് പരിശുദ്ധ അമ്മ. "അവന്‍ പറഞ്ഞതുപോലെ ചെയ്യുവിന്‍" എന്ന വചനത്തിന്‍റെ അന്തരാര്‍ത്ഥമായി ഉള്ളടക്കം ചെയ്തിരിക്കുന്നത്. ഈ വിശ്വാസപ്രഖ്യാപനത്തിന്‍റെ ശക്തിയിലാണ് ഉടമ്പടി പേടകം വഹിച്ചുകൊണ്ടു യാത്ര ചെയ്ത പുറപ്പാട് ജനത്തിന്‍റെ മുമ്പില്‍ ജറിക്കോ കോട്ട ദൈവം ധൂളിയാക്കുന്നതും (ജോഷ്വാ 6:15) ജോര്‍ദ്ദാന്‍ വറ്റിച്ച് (ജോഷ്വാ 3:17) ജനം വാഗ്ദാനനാട് പ്രാപിക്കുന്നതും.
എല്ലാ പ്രശ്നങ്ങളും അതിജീവിക്കാന്‍വേണ്ടി ദൈവത്തിന്‍റെ വചനം പാലിച്ച് "അവന്‍ പറയുന്നതു പോലെ ചെയ്ത്" വചനത്തിന്‍റെ സാക്ഷിയായിത്തീരുമ്പോള്‍ ദൈവത്തിന്‍റെ മനുഷ്യാവതാരം വരെ സംഭവിക്കുമെന്നുള്ളതാണ് 'അവന്‍ പറഞ്ഞതുപോലെ ചെയ്തുകൊള്ളാം' എന്നതിന്‍റെ തല്‍സമ വചനമായ "ഇതാ കര്‍ത്താവിന്‍റെ ദാസി, അങ്ങേ വചനം പോലെ എന്നില്‍ നിറവേറട്ടെ" (ലൂക്കാ 1:38) എന്ന മരിയന്‍ പ്രത്യുത്തരം. ഇപ്രകാരം വചനം ഹൃദയത്തില്‍ സംഗ്രഹിച്ച് (ലൂക്കാ 2:19, 2:51) വച നം സ്വീകരിച്ച് വാഗ്ദാനപേടകമായി ജീവിച്ച അമ്മയെക്കുറിച്ച് ഈശോയുടെ പരാമര്‍ശവും ഇതുതന്നെയാണ്. "ആരാണെന്‍റെ അമ്മ?-ദൈവവചനം കേള്‍ക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്ത ആളാണ് എന്‍റെ അമ്മ" (ലൂക്കാ 8:21, 11:27, മത്താ. 7:24) എന്ന് ഈശോ പ്രഖ്യാപിക്കുമ്പോള്‍ – ദൈവവചനം ജീവിക്കുന്നവളായ അമ്മ, വാഗ്ദാനപേടകമായ അമ്മ, ദൈവത്തിന്‍റെ സാന്നിദ്ധ്യമായ തന്‍റെ അമ്മയുടെ ജീവിത മാതൃക അനുസരിച്ചുകൊണ്ട്, അവന്‍ പറയുന്നതുപോലെ ചെയ്യുന്ന വാഗ്ദാന പേടകമാകുന്ന അമ്മയെ ഓരോ വിശ്വാസിയും സ്വീകരിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് "ഇതാ നിന്‍റെ അമ്മ" (യോഹ. 19:27) എന്ന് പറഞ്ഞ് നമുക്ക് അവിടുത്തെ അമ്മയെ നല്‍കിയത്. അമ്മയുടെ അധികാരത്തെ അനുസ്മരിച്ച് കാനായിലെ പോലെ അതിവേഗം ദൈവാനുഭവം പ്രാപിക്കാന്‍ നമ്മെ സഹായിക്കുന്ന പ്രാര്‍ത്ഥനയാണ് മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥന. പരിശുദ്ധ അമ്മ പറഞ്ഞതനുസരിച്ച് ഈശോ പറയുന്നതുപോലെ ചെയ്തുകൊള്ളാമെന്നാണ്, ജീവിച്ചു കൊള്ളാമെന്നാണ് പരിശുദ്ധ അമ്മ വഴി ദൈവത്തോട് മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥന പ്രകാരം ഉടമ്പടി ചെയ്യുന്നത്. അതാണ് മരിയന്‍ ഉടമ്പടിയുടെ അന്തഃസത്ത. വാഗ്ദാനപേടകമായ അമ്മ ഉടമ്പടിയുടെ മദ്ധ്യസ്ഥയും സാക്ഷിയുമായി മാറുമ്പോള്‍ ആ അമ്മയുടെ മദ്ധ്യസ്ഥതയില്‍ തങ്ങള്‍ ദൈവത്തോട് ചെയ്ത ഉടമ്പടി പാലിക്കാനുള്ള ഉത്തരവാദിത്വം കൂടി ജനങ്ങള്‍ പ്രത്യാശയോടെ ഏറ്റെടുക്കുന്നു.
ഉടമ്പടി നമ്മില്‍നിന്ന് ആവശ്യപ്പെടുന്നത് വിശ്വാസവും വിശ്വസ്തതയുമാണെന്ന് പഴയനിയമകാലം മുതലുള്ള രക്ഷാകര ചരി ത്രം പഠിക്കുമ്പോള്‍ മനസ്സിലാകും. അബ്രഹാം ആദ്യം ദൈവത്തിന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു. ആ വിശ്വസ്തതയ്ക്ക് ദൈവം അബ്രഹാത്തിന് പ്രതിഫലം നല്‍കിയ വി ധമാണ് 25 കൊല്ലത്തിനുശേഷം വാഗ്ദാനപ്രകാരം ദൈവം അദ്ദേഹത്തിന് സന്താനത്തെ നല്‍കിയത്.
മരിയന്‍ ഉടമ്പടിയില്‍ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥത്തില്‍ ഈശോയിലൂടെ നമുക്കു ലഭിക്കുന്ന എല്ലാ ആത്മീയ ഭൗതീക അനുഗ്രഹങ്ങളും പുരാതന ഉടമ്പടി വാഗ്ദാനത്തിന്‍റെ വര്‍ത്തമാനകാല സാക്ഷാത്ക്കാരങ്ങളാണ്. ഇതാണ് മരിയന്‍ ഉടമ്പടിയെ ഒരേസമയം പുതിയതും പുരാതനവുമായ അനുഗ്രഹ പ്രാര്‍ത്ഥനയാക്കി മാറ്റുന്നത്.
പുരാതന ഉടമ്പടിയെ പോലെ തന്നെ മരിയന്‍ ഉടമ്പടിക്കും രണ്ടു ഘടകങ്ങളുണ്ട്. 1) നിയോഗം, 2) നിബന്ധന.
നിയോഗവും നിബന്ധനകളും അടങ്ങിയ ഉടമ്പടി പ്രമാണങ്ങളില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു. "നിന്‍റെ ദൈവമായ കര്‍ത്താവ് തരുന്ന രാജ്യത്ത് നീ ദീര്‍ഘകാലം ജീവിക്കേണ്ടതിന് (നിയോഗം) നിന്‍റെ പിതാവിനേയും മാതാവിനേയും ബഹുമാനിക്കുക, കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്" (നിബന്ധന) (പുറ. 20:12-15) എന്ന പുരാതന ഉടമ്പടിയുടെ ഈ നിബന്ധന പുതിയ നിയമകാലത്തിനുശേഷം ആദിമസഭാചരിത്രത്തിലും തെറ്റാതെ പിന്‍തുടരുന്നത് കാണാം. സഭയുടെ പ്രഥമ ജറുസലേം സൂനഹദോസിലെ പിതാക്കന്മാരുടെ തീരുമാനം ഈ വസ്തുത ശരിവെയ്ക്കുന്നതാണ്.
പഴയ ഉടമ്പടി പോലെ തന്നെ മരിയന്‍ ഉടമ്പടിയിലും രണ്ട് ഘടകങ്ങളുണ്ട്. ആദ്യഘടകം ഉടമ്പടി പ്രകാരമുള്ള നിബന്ധനകളാണ്. മരിയന്‍ ഉടമ്പടിയില്‍ അതിന്‍റെ സ്വഭാവം അനുസരിച്ച് പ്രധാനമായും 6 നിബന്ധനകളാണ് നമ്മള്‍ നിറവേറ്റേണ്ടി വരിക. അത് ഉടമ്പടിയു ടെ രണ്ടാം ഭാഗമായ ആറു പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ക്ക് ആനുപാതികമാണ്.
ഈ അടിസ്ഥാനത്തിലാണ് ജീവിത ആവശ്യങ്ങള്‍ക്കായി മാതാവിന്‍റെ മദ്ധ്യസ്ഥതയില്‍ ഈശോയോട് ഉടമ്പടി ചെയ്യുന്നവര്‍ ദൈവത്തോട് വാഗ്ദാനം ചെയ്യുന്നത്. "അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍" എന്ന അമ്മ വചനപ്രകാരം മരിയന്‍ ഉടമ്പടി ചെയ്യുന്നവര്‍ ജീവിതത്തില്‍ 6 നിബന്ധനകള്‍ പാലിച്ച് വരുന്നു. ആ ആറു നിബന്ധനകള്‍ ഇപ്രകാരമാണ്.
1) അവന്‍ പറഞ്ഞതാണ് ഞാന്‍ രോഗിയായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു എന്നുള്ളത്. മരിയന്‍ ഉടമ്പടി എടുക്കുന്നവര്‍ അവന്‍ പറഞ്ഞ പ്രകാരം തിരുസഭ ക്രോഡീകരിച്ച 14 കാരുണ്യ പ്രവൃത്തികളില്‍ (ശാരീരികവും ആദ്ധ്യാത്മികവും) ഒരു കാരുണ്യപ്രവൃത്തിയെങ്കിലും ആഴ്ചയില്‍ ഒരു തവണയെങ്കിലും നിവര്‍ത്തിക്കേണ്ടത് (ccc1473).
2) രണ്ടാമത്തെ നിബന്ധന, അവന്‍ പറഞ്ഞപ്രകാരം "ദൈവവചനം കേള്‍ക്കുകയും അതനുസരിച്ച് ജീവിക്കുക" എന്നതാണ് (ലൂക്കാ 8:21, 11:27, മത്താ. 7:24). വചനജീവിതത്തിന് ആവശ്യമായ വചനബോദ്ധ്യങ്ങള്‍ ലഭിക്കുന്നതിന് ഉടമ്പടി ചെയ്യുന്ന വ്യക്തി ഓരോ ദിവസവും അരമണിക്കൂര്‍ വീതം തിരു വചനം വായിക്കേണ്ടതാണ്. "വിശുദ്ധ ഗ്രന്ഥപാരായണം, യാമപ്രാര്‍ത്ഥനകളും 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന ജപവും ചൊല്ലല്‍ തുടങ്ങി, ആരാധനയുടെയോ ഭക്തിയുടെയോ ആത്മാര്‍ത്ഥമായ ഓരോ പ്രവര്‍ത്തിയും നമ്മില്‍ മാനസാന്തരത്തിന്‍റെയും പശ്ചാത്താപത്തിന്‍റെയും ചൈതന്യത്തെ പുനര്‍ജീവിപ്പിക്കുന്നു. നമ്മുടെ പാപങ്ങളുടെ പൊറുതിക്കു സഹായമാവുകയും ചെയ്യുന്നു" (ccc1437).
3) മൂന്നാമതായി, നിങ്ങള്‍ ലോകം മുഴുവനും പോയി സര്‍വ്വസൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക (മര്‍ക്കോ. 16:15) എന്ന് അവന്‍ പറഞ്ഞപ്രകാരമാണ് മരിയന്‍ ഉടമ്പടി എടുത്തവര്‍ ലോകത്തിന് അമ്മയെപ്പോലെ ഈശോയെ നല്‍കാന്‍ (യോഹ. 2:23) സുവിശേഷം ജീവിതസാക്ഷിയായി ജീവിക്കേണ്ടതും, സുവിശേഷ പ്രതികളും ആത്മീയ പ്രസിദ്ധീകരണങ്ങളും വാങ്ങി നല്‍കുകയും ചെയ്യേണ്ടത് (ccc858).
4) നാലാമതായി 'അവന്‍ പറഞ്ഞത്' നിങ്ങള്‍ ഉപവസിക്കുമ്പോള്‍ ശിരസില്‍ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കും (മത്താ. 6:17-18) എന്നാണ്. കൃപാസനം മരിയന്‍ ഉടമ്പടി ഉപവാസത്തിന്‍റ അന്തഃസത്ത ഈ വചനമാണ് (CCC 1430).
5) അഞ്ചാമതായി, മൂന്നുദിവസം തന്‍റെ വചനം കേട്ട് യോഹ. 15:3 അനുസരിച്ച് വിശുദ്ധീകരിച്ച ജനത്തെ, വെറുംകൈയ്യോടെ, വിശപ്പോടെ വീട്ടിലേക്ക് പറഞ്ഞയച്ചാല്‍ വഴിയില്‍ അവര്‍ തളര്‍ന്നുവീണേയ്ക്കും എന്ന് മനസ്സിലാക്കി അവരോട് അനുകമ്പ തോന്നി അപ്പം വര്‍ദ്ധിപ്പിച്ച സുവിശേഷ സംഭവത്തെ അനുസ്മരിപ്പിച്ചുകൊണ്ടാണ് (മര്‍ക്കോ. 8:3-4) ഒന്നാം ഘട്ടമായി മൂന്നുമാസത്തെ തിരുവചന ധ്യാനം കൂടാമെന്ന് ഉടമ്പടി ചെയ്യുന്നവര്‍ നിബന്ധനയായി ഏറ്റെടുക്കുന്നത് (CCC 2716).
6) ആറാം നിബന്ധന പ്രകാരം അവന്‍ പറഞ്ഞതാണ്. "അനുതപിക്കുക സുവിശേഷത്തില്‍ വിശ്വസിക്കുക" (മര്‍ക്കോ. 1:15) എന്നത്. തളര്‍വാതരോഗിയോട് അവന്‍ പറഞ്ഞതാണ് "നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു" എന്ന് (മത്താ. 9:5) അവന്‍ പറഞ്ഞ ഈ വചനങ്ങള്‍ പ്രകാരമാണ്, 'അവന്‍ നിങ്ങളോട് പറഞ്ഞതുപോലെ ചെയ്യുവിന്‍' എന്ന അമ്മയുടെ നിര്‍ദ്ദേശപ്രകാരം മരിയന്‍ ഉടമ്പടി ചെയ്യുന്നവര്‍ ഉടമ്പടിയുടെ ആദ്യഘട്ടമായ മൂന്നുമാസത്തിനുള്ളില്‍ തങ്ങളുടെ ജീവിതത്തില്‍നിന്ന് മൂന്നു പാപങ്ങള്‍ വീതം ഓരോ മൂന്നുമാസം കൂടുമ്പോഴും ഉപേക്ഷിക്കാമെന്നും മേലില്‍ പാപം ചെയ്യുകയില്ലെന്നും സഭയുടെ അടിസ്ഥാന വേദോപദേശത്തിന്‍റെ അരൂപി ഉള്‍ ക്കൊണ്ട് മനസ്താപപ്രകരണ പ്രകാരം പാപങ്ങളെ വെറുത്തുപേക്ഷിക്കുന്നത് (ccc2609, ccc1490).
ഭൗതികമേഖലകളില്‍ മനുഷ്യന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ആദ്യ പ്രതിവിധി കണ്ടുകൊണ്ടാണ് ഈശോയെ കാനായിലെ ആദ്യത്തെ അത്ഭുതംവഴി മറിയം ലോകത്തിന് കൊടുക്കുന്നത്. മരിയന്‍ ഉടമ്പടിയുടെ അന്തഃ സത്തയും ആത്മാവും പരിശുദ്ധ അമ്മയാണ്. ലോകത്തിന് ഈശോയെ കൊടുത്തത് അമ്മയാണ്. അമ്മയാണ് വിശ്വാസികള്‍ക്ക്, ഈശോയെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തതെങ്കില്‍ (യോഹ. 2:23) ഇന്നും ഉടമ്പടി പ്രാര്‍ത്ഥനയിലൂടെ ഈശോ അനേകം മക്കള്‍ക്ക് അടയാളങ്ങളും അനുഭവങ്ങളും നല്‍കുന്നുണ്ടെങ്കില്‍ ആ അടയാളങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും അമ്മ ഈശോയെ ലോകത്തിന് ഇന്നും പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഈ കാലഘട്ടങ്ങളില്‍ ആത്മരക്ഷയ്ക്കുവേണ്ടിയുള്ള ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുചൈതന്യം പകരുന്നതാണ് മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥന.
ഉടമ്പടി: ഉത്തരത്തിന് കാലവിളംബം വരുത്താത്ത പ്രാര്‍ത്ഥന
അനുഗ്രഹങ്ങള്‍ക്ക് കാലവിളംബം വരുത്താത്തത് ദൈവരാജ്യത്തിന്‍റെ നയപരമായ നിലപാട് ആണ് എന്ന് സുവിശേഷകന്‍ സൂചിപ്പിക്കുന്നുണ്ട് (ലൂക്കാ 18:7) പ്രത്യേകിച്ച് അത് അവിടുത്തെ അമ്മയുടെ മദ്ധ്യസ്ഥതയില്‍ ആണെങ്കില്‍ താമസിയാതെ തന്നെ അനുഗ്രഹം ലഭിക്കും. എന്നാണ് കാനായിലെ കല്യാണ അത്ഭുതം (യോഹ. 2:5) വെളിപ്പെടുത്തുന്നത്. ഉടമ്പടിയില്‍ ദൈവാനുഗ്രഹം ഇത്രയും വേഗത്തില്‍ ആകാന്‍ കാരണം അതിന്‍റെ തിരുവചന പശ്ചാത്തലമാണ.്
"നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതം പ്രവര്‍ത്തിക്കും എന്നാണല്ലോ (ജോഷ്വാ 3:5) വെളിപ്പെടുത്തുന്നത്. "അനുസരിക്കാന്‍ സന്നദ്ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും" (ഏശയ്യ 1:19) എന്നും വചനം നമ്മെ അനുസ്മരിപ്പിക്കുന്നു. അനുതാപപ്പെടാം എന്നുണ്ടെങ്കില്‍ നമുക്ക് അനുഗ്രഹം ലഭിക്കും എന്ന് തിരുവചനം ഉറപ്പു നല്‍കുന്നു. ജോഷ്വാ 3:5-ല്‍ "നിങ്ങള്‍ നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും" എന്ന് പഴയ നിയമത്തില്‍ കാണുമ്പോള്‍ പുതിയനിയമത്തില്‍ (കര്‍ത്താവ് പാപത്തിന് പരിഹാരം ചെയ്ത് കഴിഞ്ഞതിനാല്‍) അവിടുത്തെ രക്ഷാകരസംഭവത്തില്‍ ആഴത്തില്‍ വിശ്വസിക്കുന്നവര്‍ക്കും വിശ്വസ്തത കാണിക്കുന്നവര്‍ക്കും അനുഗ്രഹവും കൃപയും പഴയനിയമത്തിലേക്കാള്‍ കുറച്ചുകൂടി വേഗത്തില്‍ ലഭിക്കുന്നത് കാണാം (ലൂക്കാ 19:9, ലൂക്കാ 23:23).
അപ്പോള്‍ അനുഗ്രഹസമയം പഴയനിയമത്തില്‍ നാളെയാണ്, പുതിയനിയത്തില്‍ ഇന്നാണ്. അമ്മയുടെ ആവശ്യപ്രകാരം ദൈവം അത് ഇപ്പോള്‍ ആക്കിയിരിക്കുന്നു. ക്ഷിപ്രസാദ്ധ്യമായ അമ്മയുടെ ആ മാദ്ധ്യസ്ഥശക്തിയെ ജപമാല പ്രാര്‍ത്ഥനയിലെ 'നന്മനിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥനയില്‍ പോലും സഭ ഏറ്റുപറയുന്നുണ്ട്. 'ഇപ്പോഴും' ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണേ, എന്ന പ്രാര്‍ത്ഥനയിലൂടെ.
ചുരുക്കിപ്പറഞ്ഞാല്‍ അടിസ്ഥാന ഉടമ്പടി, അതായത് അബ്രഹാത്തിന് നല്‍കിയ ഉടമ്പടിയുടെ വാഗ്ദാനത്തിന്‍റെ ആത്യന്തിക ദൈവീക ലക്ഷ്യം ക്രിസ്തുവായിരുന്നു. ഈ ക്രിസ്തു തന്നെയാണ് മരിയന്‍ ഉടമ്പടിയുടെ വാഗ്ദാന സാക്ഷാത്ക്കാരത്തിന്‍റെ അടിസ്ഥാന ഘടകവും (ഗലാ. 3:16). കാരണം, ലോകത്തിന് ക്രിസ്തുവിനെ നല്‍കിയത് ദൈവം പരിശുദ്ധ അമ്മയുടെ സമ്പൂര്‍ണ്ണമായ സഹകരണത്തോടെയും സമര്‍പ്പണത്തോടും കൂടിയാണ് (CCC 2617).
പുതിയ നിയമപ്രകാരം മനുഷ്യാവതാരത്തിലൂടെ ഈശോയെ ലോകത്തിന് നല്‍കിയ പരിശുദ്ധ അമ്മയെ തന്നെ പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ നടന്ന ആദ്യ അടയാളത്തിലൂടെ എല്ലാവരും ഈശോയില്‍ വിശ്വസിക്കാന്‍ ദൈവം ഇടയാക്കി. മനുഷ്യന്‍റെ ഭൗതീക സാഹചര്യങ്ങളില്‍ ഇടപെടുന്ന ദൈവമായിട്ട് അവതരിപ്പിക്കുന്നതും കാനായിലെ കല്യാണത്തില്‍ വെള്ളം വീഞ്ഞാക്കുന്നതും ആദ്യാത്ഭുതം കാട്ടുന്നതും ദൈവത്തിന്‍റെ മഹത്വം പ്രകടിപ്പിക്കുന്നതും പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയിലാണ്. അതുകൊണ്ടാണ് കാനായിലെ കല്യാണത്തില്‍ നടന്ന അത്ഭുതപ്രവര്‍ത്തിയുടെ അവസാനം ജനങ്ങളെല്ലാം അവനില്‍ വിശ്വസിച്ചു എന്ന് യോഹ. 2:23-ല്‍ നാം വായിക്കുന്നത്. ജനങ്ങളെല്ലാം ആദ്യം ഈശോയില്‍ വിശ്വസിച്ചത് മറിയം മുഖേനയാണ്.
ക്രിസ്തുവിന്‍റെ രക്ഷ മൂന്നു ഘടകങ്ങളിലാണ് നാം പ്രാപിക്കുന്നത്. നമ്മുടെ ശരീരത്തില്‍ ഈശോയെ പ്രാപിക്കാം. ശരീരത്തില്‍ രക്ഷ പ്രാപിക്കുന്നത് സൗഖ്യമായിട്ടാണ് (ലൂക്കാ 8:40). ഉടമ്പടി പ്രാര്‍ത്ഥനയുടെ പ്രധാനപ്പെട്ട അനുഭവങ്ങളില്‍ ഒന്ന് പരിശുദ്ധ അമ്മവഴി ശരീരത്തില്‍ ഈശോയെ പ്രാപി ച്ച് സൗഖ്യം നേടുന്നതാണ്. രണ്ടാമത്തേത് ഈശോയെ അഥവാ രക്ഷയെ നമ്മുടെ ജീവിതമണ്ഡലങ്ങളില്‍ പ്രാപിക്കുന്നതാണ്. ജീവിത മണ്ഡലങ്ങളില്‍ അനുഗ്രഹങ്ങള്‍ (Blessings=Physical favours) ആയിട്ടാണ് നമ്മള്‍ രക്ഷ പ്രാപിക്കുന്നത്. നീ ലോകത്തിന് അനുഗ്രഹമായിരിക്കും എന്ന് ദൈവം അബ്രഹാമിന് കൊടുത്ത വാഗ്ദാനത്തിന്‍റെ പുതിയ നിയമ സാക്ഷാത്ക്കാരമാണിത്. ദൈവം എല്ലാക്കാര്യങ്ങളിലും അബ്രഹാത്തെ അനുഗ്രഹിച്ചു എന്നാണ് ഉത്പ ത്തി 24:1-ല്‍ പറയുന്നത്.
മൂന്നാമതായി ആത്മാവില്‍ കൃപയായാണ് ഈശോയെ നമ്മള്‍ സ്വീകരിക്കുന്നത്. ഉടമ്പടി ഒരേസമയം തന്നെ ആത്മാവിനും ശരീരത്തിനും ജീവിതമണ്ഡലങ്ങളിലും സമ്പൂര്‍ണ്ണമായി ദൈവത്തിന്‍റെ സാന്നിദ്ധ്യവും സൗഖ്യവും സമാധാനവും ഉറപ്പുവരുത്തുന്ന അതുല്യപ്രാര്‍ത്ഥനയാണ്. ഇപ്രകാരം ആത്മാവില്‍ നിറഞ്ഞ കൃപയാണ് നിത്യമഹത്വത്തിന് നമ്മളെ യോഗ്യരാക്കുന്നത്.
അടയാളങ്ങള്‍ അറിയണമെങ്കില്‍
www.facebook/Fr V.P Joseph Kreupasanam (facebook page)
www.youtube/Kreupasanam Marian Shrine (youtube channel)
എന്നിവ സന്ദര്‍ശിച്ചാല്‍ മാത്രം മതി.
തയ്യാറാക്കിയത് : ജോമോള്‍ ജോസഫ് (MA, MBA) , ആലുവ
കൃപാസനം പ്രവര്‍ത്തക