Latest News
|^| Home -> Cover story -> കല്യാണങ്ങളിലെ ക്യാമറാപ്പട, പടമെടുപ്പ്: കാലം മാറുമ്പോള്‍ മാറേണ്ടതെന്തെല്ലാം?

കല്യാണങ്ങളിലെ ക്യാമറാപ്പട, പടമെടുപ്പ്: കാലം മാറുമ്പോള്‍ മാറേണ്ടതെന്തെല്ലാം?

Sathyadeepam

വിവാഹാവസരങ്ങള്‍ പവിത്ര മുഹൂര്‍ത്തങ്ങളാണ്. അത് പ്രാര്‍ത്ഥനാപൂര്‍വകമാക്കാന്‍ പള്ളിയധികാരികളും ആഘോഷപൂര്‍വ്വകമാക്കാന്‍ വധൂവരന്മാരുടെ ബന്ധുക്കളും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതാക്കാന്‍ ഫോട്ടോ ഗ്രാഫര്‍മാരും ഒരുപോലെ ആഗ്രഹിക്കുന്നു, പരിശ്രമിക്കുന്നു. ഈ കൂട്ടായശ്രമം ഉയര്‍ത്തുന്ന പ്രായോഗിക പ്രശ്നങ്ങളും അതിനുള്ള പ്രായോഗിക പരിഹാരങ്ങളും അവതരിപ്പിക്കുകയാണ് ഞങ്ങളുടെ സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി. ഇടവക വികാരിമാരുടെയും ഫോട്ടോ ഗ്രാഫര്‍മാരുടെയും വധൂവരന്മാരുടെയും വ്യത്യസ്തവീക്ഷണങ്ങളുടെ കൈപിടിച്ച് ഒരു കല്യാണഘോഷയാത്ര!

കല്യാണങ്ങള്‍ക്കു കണ്ടുകണ്ട് ഒരു കാറ്ററിംഗുകാരനും ഫോട്ടോഗ്രാഫറും നല്ല പരിചയമായി. ഒരു കല്യാണത്തിനു കണ്ടപ്പോള്‍ കാറ്ററിംഗുകാരന്‍ ഫോട്ടോഗ്രാഫറോടു പറഞ്ഞു,

“കഴിഞ്ഞ കല്യാണത്തിനെടുത്ത ഫോട്ടോകള്‍ കണ്ടിരുന്നു. അടിപൊളിയായിട്ടുണ്ട്. വലിയ വില കൂടിയ ക്യാമറയാ, അല്ല്യോ?”

അന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ ഫോട്ടോഗ്രാഫര്‍ കാറ്ററിംഗുകാരനെ ചെന്നു കണ്ടു പറഞ്ഞു,

“ഭക്ഷണം അടിപൊളിയായിട്ടുണ്ട്. വില കൂടിയ അടുപ്പുകളാ, അല്ല്യോ?”

* * * * *

പടമെടുക്കുന്നവരുടെയും പാചകക്കാരുടെയും സേവനമില്ലാതെ ഇന്ന് കല്യാണങ്ങളൊന്നും നടക്കുന്നില്ല. തൊഴിലും വ്യവസായവും മാത്രമല്ല, കലയും ആവിഷ്കാരവും കൂടിയാണ് ഇവ രണ്ടും. നല്ല ക്യാമറയുള്ളതുകൊണ്ട് നല്ല പടങ്ങളോ നല്ല ഉപകരണങ്ങളുള്ളതുകൊണ്ട് നല്ല ആഹാരമോ ഉണ്ടാകുന്നില്ല. അവയ്ക്കു പുറകില്‍ അറിവും അര്‍പ്പണബോധവുമുള്ള കലാകാരന്മാര്‍ കൂടി വേണം.

പ്രവര്‍ത്തിക്കാനുള്ള സാഹചര്യവും സ്വാതന്ത്ര്യവും ഉണ്ടെങ്കില്‍ മാത്രമേ ഒരു കലാകാരന് തന്‍റെ ഭാവനാശേഷിക്കും കരവിരുതുകള്‍ക്കും ചേരുന്ന സൃഷ്ടികള്‍ നടത്താനാകുകയുള്ളൂ. എന്നാല്‍ ഒരു കല്യാണവേളയില്‍ ഇവരെ വിളിക്കുന്നത് കലാവിഷ്കാരങ്ങള്‍ക്ക് അവസരം കൊടുക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയല്ല. മറിച്ച് ഒരു ജോലി യഥാസമയം ചെയ്തു തീര്‍ക്കുന്നതിനാണ്. ഫോട്ടോഗ്രാഫര്‍മാരുടെ മാനസികാവസ്ഥ അവരുടെ സേവനം വാങ്ങുന്നവരും ഉപഭോക്താവിന്‍റെ ആവശ്യങ്ങള്‍ ഫോട്ടോഗ്രാഫര്‍മാരും മനസ്സിലാക്കുന്നിടത്താണ് സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സന്തുലനം സാദ്ധ്യമാകുന്നത്.

ക്രിസ്ത്യന്‍ കല്യാണങ്ങളുടെ കാതലായ ഭാഗം സംഭവിക്കുന്ന പള്ളികളുടെ അധികാരികളായ വൈദികരും കല്യാണപടമെടുപ്പ് പരിപൂര്‍ണമാക്കുന്നതില്‍ അവരുടേതായ പങ്കു വഹിക്കുന്നുണ്ട്. എല്ലാം യഥോചിതം ഏകോപിതമാകേണ്ടത് ആവശ്യമാണ്. ഈ ഏകോപനത്തിന്‍റെയും പരസ്പരധാരണയുടെയും അഭാവം പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.

പള്ളികളിലെ ഫോട്ടോഗ്രാഫര്‍മാരുടെ ജോലിക്കാര്യങ്ങള്‍ക്ക് പലതരം ക്രമീകരണങ്ങള്‍ പല പള്ളികളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിക്കയിടങ്ങളിലും വി.കുര്‍ബാനയിലെ കാഴ്ചസമര്‍പ്പണം കഴിഞ്ഞാല്‍ ഫോട്ടോഗ്രാഫര്‍മാര്‍ മാറണം. പിന്നെ, കുര്‍ബാനസ്വീകരണത്തിനു മാത്രമേ അവര്‍ക്കു പ്രവേശനമുള്ളു. ചടങ്ങുകള്‍ക്കു ശേഷം പള്ളിക്കകത്തു മറ്റു ഫോട്ടോകള്‍ കര്‍ക്കശമായി വിലക്കിയിരിക്കുന്ന പള്ളികളുണ്ട്. പുരോഹിതര്‍ക്കൊപ്പം നിന്നു വധൂവരന്മാരുടെ ഫോട്ടോ എടുക്കണമെങ്കില്‍ അവര്‍ സങ്കീര്‍ത്തിയിലേയ്ക്ക് ഉടന്‍ ചെല്ലണം. ചിലയിടങ്ങളിലാകട്ടെ കാര്‍മ്മികര്‍ക്കൊപ്പമുള്ള ഒരേയൊരു ഫോട്ടോ പള്ളിയകത്ത് അനുവദിക്കും. ചിലയിടങ്ങളിലെങ്കിലും തുടര്‍ന്നും പള്ളി ഫോട്ടോഷൂട്ടിനു നിര്‍ബാധം വിട്ടു നല്‍കുന്നുണ്ട്. ഈ സ്വാതന്ത്ര്യം മുതലെടുത്ത് വധൂവരന്മാരുടെ പ്രണയാഭിനയ ചിത്രങ്ങള്‍ പോലും പള്ളിക്കുള്ളില്‍ എടുക്കാന്‍ മുതിരുന്നവരുണ്ട്. ദൂരെദിക്കുകളില്‍ നിന്നു വരുന്ന വീട്ടുകാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഈ നിയമങ്ങളുടെ വ്യത്യാസങ്ങള്‍ അറിയാത്തത് ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നു.

പള്ളിയകത്തെ പടമെടുപ്പിനുള്ള നിയന്ത്രണങ്ങള്‍ക്ക് ഏകീകൃതസ്വഭാവമുണ്ടായാല്‍ ഇത്തരം ആശയക്കുഴപ്പങ്ങളും അസ്വസ്ഥതകളും നല്ലൊരു പങ്കും ഒഴിവാക്കാം. ഓരോയിടത്തും ഓരോ നിയമങ്ങളാണെന്നതു മാത്രമല്ല, നിയമങ്ങളൊന്നും ഇല്ലാത്ത സ്ഥലങ്ങളുമുണ്ട്. വികാരിമാര്‍ മാറുന്നതനുസരിച്ചു നിയമങ്ങളും മാറുന്നു. ചില വൈദികര്‍ ക്യാമറ കണ്ടാല്‍ കലി കൊള്ളുന്ന കര്‍ക്കശക്കാരായിരിക്കും. ചിലരാകട്ടെ ഫ്രീക്കന്മാരുടെ അഴിഞ്ഞാട്ടം ആസ്വദിക്കുന്നുവോ എന്നു സംശയിക്കത്തക്കവിധം ഉദാരമനസ്കരും. ഇതു രണ്ടും പ്രശ്നമാണ്.

കാലം മാറിയതു കാണാതിരിക്കാനാവില്ല. പണ്ട് ഒരു ശരാശരി കല്യാണത്തിനു മൂന്നു റോള്‍ ഫിലിമിട്ട് ഏതാണ്ട് 100 ഫോട്ടോകളാണ് എടുത്തിരുന്നതെങ്കില്‍ ഇന്ന് ഡിജിറ്റല്‍ യുഗത്തില്‍ പതിനയ്യായിരത്തിനും ഇരുപതിനായിരത്തിനും ഇടയ്ക്കു പടങ്ങളാണ് ഓരോ കല്യാണത്തിനും എടുക്കുന്നത്. പത്തും പതിനഞ്ചും പേര്‍ ഫോട്ടോഗ്രാഫി സംഘത്തിന്‍റെ ഭാഗമായി പള്ളികളില്‍ കയറി വരുന്നുണ്ട്. കല്യാണാഘോഷം ഇവന്‍റ് കമ്പനികള്‍ക്കു കരാര്‍ കൊടുത്തിരിക്കുകയാണെങ്കില്‍ ‘ചിയര്‍ ഗേള്‍സെ’ന്നു വിളിക്കാവുന്ന സംഘത്തിന്‍റെ അഴിഞ്ഞാട്ടമടക്കം പള്ളിക്കുള്ളില്‍ പ്രതീക്ഷിക്കണം. ഇതിനെല്ലാമിടയില്‍ കൂദാശയും ജോലിയും കല്യാണാഘോഷവും നല്ല രീതിയില്‍ നടന്നു കാണണമെന്നു മാത്രം ആഗ്രഹിക്കുന്ന വികാരിമാരും ഫോട്ടോഗ്രാഫര്‍മാരും കുടുംബക്കാരും വട്ടം ചുറ്റുന്നു.

ഈ സാഹചര്യത്തില്‍ പള്ളികളിലെ ഫോട്ടോഗ്രാഫര്‍മാരുടെ പെരുമാറ്റങ്ങള്‍ക്ക് കേരളസഭയ്ക്കാകെ ബാധകമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദേശിക്കുകയാണ് ചങ്ങനാശേരി പാറേല്‍ പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട്. “കഴിയുമെങ്കില്‍ കെസിബിസി തന്നെ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉണ്ടാക്കുകയും എല്ലാവരേയും അറിയിക്കുകയും വേണം. കൃത്യവും ന്യായവുമായ തീരുമാനങ്ങളുണ്ടാകണം. ഓരോ പള്ളിക്കും ഒറ്റയ്ക്കൊറ്റയ്ക്ക് ഇതിലൊരു മാറ്റം കൊണ്ടുവരാനാകില്ല. ചില വികാരിമാര്‍ ലിബറലായിരിക്കും. ചിലര്‍ കൂടുതല്‍ കര്‍ക്കശക്കാരായിരിക്കും. അതൊന്നുമല്ല പള്ളികളിലെ അച്ചടക്കത്തിനു മാനദണ്ഡമാകേണ്ടത്. പൊതുവായ ഒരു നിയമം വേണം.”

കേരളത്തിലെ എല്ലാ ഭാഗത്തെയും പള്ളികളില്‍ നിന്നുള്ളവര്‍ കല്യാണങ്ങള്‍ക്കു വരാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് എല്ലാവരോടും പറഞ്ഞു പറഞ്ഞു വികാരിമാര്‍ മടുക്കുകയാണെന്നു ഫാ.വാരിക്കാട്ട് ചൂണ്ടിക്കാട്ടി. “ഒരിടത്തെ രീതി മറ്റൊരിടത്ത് ഉണ്ടാകില്ല. ഒരു കല്യാണത്തിന് ഫോട്ടോഗ്രാഫി സംഘത്തിന്‍റെ 18 പേരാണ് പള്ളിയില്‍ തലങ്ങും വിലങ്ങും നടക്കുന്നതു ഞാന്‍ കണ്ടത്. അവര്‍ക്കതൊരു തൊഴിലിടമാണ്. ഷൂട്ടിംഗ് പ്ലേസ്. നമുക്ക് അതു പള്ളിയും അവിടെ നടക്കുന്നത് കൂദാശയുമാണ്. അതുകൊണ്ട് കേരള സഭാ തലത്തില്‍ ഇതിന് ഒരു വ്യവസ്ഥ വേണം. ഒരു ഏകരൂപം വേണം. ഇതു ലിറ്റര്‍ജിയുടെ കാര്യമൊന്നുമല്ലല്ലോ. ഇതില്‍ ഒന്നും പഠിക്കാനുമില്ല. ഇതിലെങ്കിലും എല്ലാ പള്ളികളിലും ഒരേപോലെയുള്ള നിയമങ്ങളുണ്ടാകണമെന്നാണ് എന്‍റെ ആഗ്രഹം. കല്യാണങ്ങള്‍ക്കു ഫ്ളവര്‍ ഗേള്‍സ് എന്നൊക്കെ പറഞ്ഞു നടത്തുന്ന ഏര്‍പ്പാടുകളും അമിതമാകുന്നുണ്ട്. ബന്ധുക്കളായ കുട്ടികള്‍ ഇരുഭാഗത്തും ഒരേ വേഷത്തില്‍ വന്നു നില്‍ക്കുന്നതൊക്കെ മനസ്സിലാക്കാം. ഇതിപ്പോള്‍ ഇവന്‍റ് മാനേജ്മെന്‍റുകാര്‍ തുണിക്കു റേഷന്‍ വച്ച് ഒരുക്കി വിടുന്ന ഒരു സംഘം യുവതികളാണ് ഫ്ളവര്‍ ഗേള്‍സെന്നും പറഞ്ഞു പള്ളിയിലേയ്ക്കു വരുന്നത്. ഇതിനൊക്കെ നിയന്ത്രണങ്ങള്‍ ഉണ്ടാകണം.” അച്ചന്‍ വിശദീകരിച്ചു.

ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളില്‍ പള്ളികളിലെ ഫോട്ടോഗ്രാഫിക്ക് കുറേക്കൂടി നിയന്ത്രണങ്ങളുണ്ടെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്‍റും മാവേലിക്കര മലങ്കര കത്തോലിക്കാ രൂപതാംഗവുമായ പ്രദീപ് മാത്യു പറഞ്ഞു. പള്ളിയകത്ത് ചില മര്യാദകള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. “വസ്ത്രധാരണത്തിലും ചില മര്യാദകള്‍ ആവശ്യമാണ്. വധുവരന്മാരെ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ വിവാഹപാര്‍ട്ടിയിലെ ഒരു ഗ്രൂപ്പിനെ വേഷം ധരിച്ചെത്തിക്കുന്നത് അനൗചിത്യമാണെന്ന തിരിച്ചറിവ് നമുക്കാവശ്യമാണ്. ക്ഷണിച്ചു വരുത്തിയിരിക്കുന്ന അതിഥികളെ മാനിക്കാത്ത ഫോട്ടോയെടുപ്പും മറ്റു പരിപാടികളും അരോചകമാണെന്ന വസ്തുത ആളുകള്‍ മനസ്സിലാക്കണം” – പ്രദീപ് പറഞ്ഞു.

മിതമായ നിയന്ത്രണങ്ങള്‍ പള്ളിക്കുള്ളില്‍ ആവശ്യമാണെന്നാണ് ഇവന്‍റ് മാനേജ്മെന്‍റ് രംഗത്തു പ്രവര്‍ത്തിക്കുന്ന ഡോണി ഇമ്മാനുവേലിന്‍റെയും അഭിപ്രായം. ചില പള്ളികളിലെ നിയന്ത്രണങ്ങള്‍ കാശു മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്നും താമരശേരി രൂപതാംഗമായ അദ്ദേഹം പറഞ്ഞു. “ചിലര്‍ കര്‍ക്കശമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ചിലയിടത്ത് ഈ നിയന്ത്രണങ്ങള്‍ കാശു വാങ്ങാന്‍ മാത്രമുള്ളതാണ്. കാശു കൊടുക്കുമെങ്കില്‍ എത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്കും അകത്തേയ്ക്കു പ്രവേശനം നല്‍കാമെന്നു ചിന്തിക്കുന്ന പള്ളിക്കാരുണ്ട്”-അദ്ദേഹം സൂചിപ്പിച്ചു.

സുവിശേഷ പ്രസംഗം നടക്കുമ്പോള്‍ അതു ശ്രവിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ വ്യത്യസ്ത ഇരിപ്പുകള്‍ പകര്‍ത്താന്‍ അവര്‍ക്കിടയിലൂടെ നടക്കുന്ന ഫോട്ടോഗ്രാഫര്‍മാരെ കണ്ടിട്ടുണ്ടെന്നു പറയുകയാണ് തൃശൂര്‍ വ്യാകുല മാതാ ബസിലിക്ക റെക്ടര്‍ ഫാ. ജോര്‍ജ് എടക്കളത്തൂര്‍. “കൂദാശ പരികര്‍മ്മം ചെയ്യാന്‍ തോന്നിക്കാത്ത രീതിയിലാണ് പള്ളികളിലെ കല്യാണാഘോഷങ്ങള്‍. കൂദാശയുടെ പവിത്രത ലംഘിക്കുകയാണ് തങ്ങളെന്ന ബോധം ഫോട്ടോഗ്രാഫേഴ്സിനും ബന്ധപ്പെട്ടവര്‍ക്കും പകര്‍ന്നു കൊടുക്കാന്‍ സാധിക്കണം. കാര്‍മ്മികനെ അടക്കം നിയന്ത്രിക്കേണ്ടത് തങ്ങളാണെന്ന മട്ടില്‍ ഫോട്ടോഗ്രാഫേഴ്സ് പെരുമാറുന്നു.”

കേരളസഭാ തലത്തിലുള്ള നിയന്ത്രണമാണ് ഇതിനാവശ്യമെന്ന് ഫാ. എടക്കളത്തൂര്‍ അഭിപ്രായപ്പെട്ടു. “കെസിബിസിയോ സീറോ മലബാര്‍, മലങ്കര സിനഡുകളോ ഒക്കെ ഇതിനാവശ്യമായ തീരുമാനങ്ങളെടുത്ത് എല്ലായിടത്തും ഒരേപോലെ നടപ്പാക്കണം. നഗരങ്ങളിലെ പള്ളികളില്‍ സേവനം ചെയ്യുന്ന തങ്ങളെ പോലുള്ള വികാരിമാര്‍ക്ക് കല്യാണത്തിനു വരുന്ന കുടുംബങ്ങളെ വ്യക്തിപരമായി അറിയാത്തതിനാല്‍ ഒന്നും കടുപ്പിച്ചു പറയാന്‍ പറ്റാത്ത സ്ഥിതിയുണ്ട്. സഭാതലത്തിലുള്ള നിയന്ത്രണങ്ങളാണെങ്കില്‍ ഇതിനെല്ലാം പരിഹാരമുണ്ടാകും.”

പള്ളികളിലെ ഫോട്ടോഗ്രാഫിക്കു നിയന്ത്രണങ്ങളാവശ്യമാണെന്ന നിര്‍ദേശത്തോടു പൊതുവില്‍ യോജിക്കുകയാണു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരും. പക്ഷേ അതിനു പള്ളിക്കാരും വൈദികരും തങ്ങളുടെ ഭാഗത്തു നിന്നു ചില കാര്യങ്ങള്‍ ചെയ്യാന്‍ കൂടി തയ്യാറാകണം. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പള്ളികളില്‍ ചെറിയ സൗകര്യങ്ങള്‍ ചെയ്തു തരികയാണെങ്കില്‍ ലൈറ്റ് ബോയ്സിനെ പള്ളിയില്‍ കയറ്റാന്‍ പോലും തങ്ങള്‍ തയ്യാറാകില്ലെന്നു ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്‍റായ ജോണ്‍സണ്‍ ഗ്ലോറിയ പറഞ്ഞു. ആധുനിക ക്യാമറകളാണ് ഇപ്പോഴുള്ളത്. പള്ളിയില്‍ തന്നെ ഇതിനു ചേര്‍ന്ന രണ്ടു ലൈറ്റുകള്‍ ഏര്‍പ്പെടുത്തിയാല്‍ പുറമെ നിന്നുള്ള ലൈറ്റിന്‍റെ ആവശ്യം ഇല്ല. ലൈറ്റ് ബോയ്സ് പള്ളിയില്‍ ഇല്ലാതിരുന്നാല്‍ തന്നെ വലിയ ആശ്വാസമുണ്ടാകും.

ഫോട്ടോഗ്രാഫേഴ്സ് എല്ലാം നിയന്ത്രിക്കുന്നു എന്ന പൊതുവെയുള്ള ആരോപണത്തിന്‍റെ മറുവശത്തേയ്ക്കും ജോണ്‍സണ്‍ വിരല്‍ ചൂണ്ടി. “ആചാരരീതികളൊന്നും ഇന്നു മാതാപിതാക്കള്‍ക്കു പോലും അറിയില്ല. അവര്‍ ഫോട്ടോഗ്രാഫര്‍മാരോടു സംശയം ചോദിക്കുകയാണ്. മധുരം കൊടുത്തിട്ടാണോ പ്രാര്‍ത്ഥന, ആദ്യം സ്തുതി ചൊല്ലേണ്ടത് രൂപത്തിനു മുമ്പിലോ മാതാപിതാക്കള്‍ക്കു മുമ്പിലോ എന്നൊക്കെ. വീട്ടിലും പള്ളിയിലും ഹാളിലും എല്ലാം ആളുകള്‍ മണ്ടന്മാരെപോലെ നില്‍ക്കും, ഇനിയെന്തു ചെയ്യണമെന്നു ഫോട്ടോഗ്രാഫര്‍മാരോടു ചോദിക്കും. ചോദിക്കുമ്പോള്‍ മറുപടി പറയാതിരിക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കു സാധിക്കില്ല. അവര്‍ പറഞ്ഞു കൊടുക്കും. ഇതു കാണുന്നവരുടെ വിചാരം ഫോട്ടോഗ്രാഫര്‍മാര്‍ എല്ലാം നിയന്ത്രിക്കുന്നുവെന്നാണ്.”

കല്യാണത്തിനു സമയക്രമമാകെ തെറ്റിക്കുന്നതു ഫോട്ടോഗ്രാഫര്‍മാരാണെന്ന ആരോപണത്തിനും ജോണ്‍സണ്‍ ഗ്ലോറിയ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിശദീകരണം നല്‍കി. “വധുവിന്‍റെ ഫോട്ടോഗ്രാഫര്‍മാര്‍ വധു ഇറങ്ങേണ്ടതിന് ഒന്നര മണിക്കൂര്‍ മുമ്പെങ്കിലും വീട്ടില്‍ എത്തിയിരിക്കും. പക്ഷേ ബ്യൂട്ടീഷ്യന്‍റെ കസ്റ്റഡിയിലായിരിക്കും വധു അപ്പോള്‍. ഇറങ്ങേണ്ടതിനു പത്തു മിനിറ്റു മുമ്പാകും വധുവിനെ മുമ്പില്‍ കിട്ടുക. അത്യാവശ്യം വേണ്ട ഫോട്ടോകളെങ്കിലും ആ ഘട്ടത്തില്‍ എടുക്കാതെ പറ്റില്ല. ഇറങ്ങുന്നതിനു മുമ്പുള്ള പ്രാര്‍ത്ഥന 20 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. ബന്ധവായ ഏതെങ്കിലും ആന്‍റി പുസ്തകമെടുത്ത് അതു മുഴുവന്‍ ചൊല്ലും. അതു വേണ്ടതു തന്നെ. പക്ഷേ ആ പ്രാര്‍ത്ഥനയ്ക്കു ള്ള 20 മിനിറ്റ് ആരും കണക്കു കൂട്ടിയിട്ടുണ്ടാകില്ല. ഇങ്ങനെ പല കാരണങ്ങളാലാകും വൈകുന്നത്. പക്ഷേ പഴിയെല്ലാം ഫോട്ടോഗ്രാഫര്‍ക്കു മാത്രം.”

പള്ളിയിലെ ചടങ്ങുകള്‍, അതിനു ശേഷം വധൂവരന്മാര്‍ ഹാളിലെത്തുന്ന സമയം എന്നിവ വൈകുന്നതിനും ഇതേ മട്ടില്‍ പല കാരണങ്ങളുണ്ട്. ഉച്ചയ്ക്ക് ഒന്നര മണി നേരത്ത് നാല്‍പതു മിനിറ്റൊക്കെ പ്രസംഗിക്കുന്ന ചില പുരോഹിതരുണ്ട്. മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥ തന്നെയാവും പറയുന്നത്. പക്ഷേ ചുരുക്കി പറയില്ല. മൂന്നോ നാലോ ഹൃദയസ്പര്‍ശിയായ വാചകങ്ങള്‍ മാത്രം പറഞ്ഞ് അവിടെ വന്നിരിക്കുന്ന നാനാജാതി മതസ്ഥരായ എല്ലാവര്‍ക്കും വലിയ ആത്മവിചിന്തനത്തിന് ഇടയുണ്ടാക്കുന്ന വൈദികരുമുണ്ട്. ഇതൊക്കെ എത്ര നേരം വേണമെന്നു വൈദികര്‍ തന്നെ ആലോചിക്കണം – ജോണ്‍സണ്‍ വ്യക്തമാക്കി.

പള്ളിയിലെ ചടങ്ങുകള്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കുറച്ചു പടമെടുപ്പുണ്ട്. അത് ഒഴിവാക്കാനാകാത്തതാണെന്നു ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നു. കാരണം വിവാഹസാരിയില്‍ വധുവിനെ പിന്നെ കിട്ടില്ല. മന്ത്രകോടിയിലേയ്ക്കു മാറാന്‍ പോകുകയാണ്. ആ ഘട്ടത്തില്‍ മാതാപിതാക്കളുടെ ഒപ്പമെങ്കിലും നിറുത്തി കുറച്ചു ഫോട്ടോകളെടുക്കേണ്ടി വരും. ഇല്ലെങ്കില്‍ ആല്‍ബം കൊടുക്കുമ്പോഴാകും പ്രശ്നമുണ്ടാകുക. പടമെടുക്കാന്‍ സമ്മതിക്കാതെ വധൂവരന്മാരെ കൊണ്ടു പോകാന്‍ നിര്‍ബന്ധിക്കുന്നവരൊന്നും ആല്‍ബം കൊടുത്തു വിലയിരുത്തല്‍ നടത്തുമ്പോള്‍ ഉണ്ടാകണമെന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഫോട്ടോഗ്രാഫി രംഗത്ത് ഉപഭോക്താക്കളുടെ രീതികളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് കൊരട്ടിയില്‍ ഫോട്ടോഗ്രാഫറായ ജോണ്‍സണ്‍ വര്‍ഗീസ് പറഞ്ഞു. നെറ്റിലും മറ്റും നോക്കി അതേ പോലുള്ള ഫോട്ടോകള്‍ ആവശ്യപ്പെട്ടു വരുന്നവരാണ് പുതിയ തലമുറ. അതിനു വേണ്ടി എന്തും ചെയ്യാന്‍ അവര്‍ തയ്യാറാണ്.

കല്യാണത്തിന്‍റെ ഫോട്ടോസ് നല്ല രീതിയില്‍ എടുത്തു വയ്ക്കേണ്ടതാണെന്ന അഭിപ്രായമാണ് തൃശൂരില്‍ ബിസിനസുകാരനായ തോമസ് കൊള്ളന്നൂര്‍ പങ്കുവയ്ക്കുന്നത്. കല്യാണ ഫോട്ടോ വാര്‍ദ്ധക്യത്തിലും നോക്കി കാണാന്‍ കഴിയണം. ആ പ്രായത്തില്‍ ഒരുപക്ഷേ മനുഷ്യര്‍ക്ക് ആഹ്ലാദം പകരുന്നത് ഇതൊക്കെയായിരിക്കും. അതുകൊണ്ടു തന്നെ അതെല്ലാം ഭംഗിയായി എടുത്തു സൂക്ഷിക്കുന്നത് നല്ല കാര്യം തന്നെയാണ്. കല്യാണത്തോടനുബന്ധിച്ച് ചില ചടങ്ങുകളെയും വ്യക്തികളെയും ഒക്കെ പകര്‍ത്താന്‍ കുറച്ചു സമയവും പരിശ്രമവും ഒക്കെ എടുക്കുന്നതിനെ തെറ്റു പറയാനാവില്ല. കാരണം, വരുംകാലത്തേയ്ക്കാണ് അതിന്‍റെ ആവശ്യം. ഇപ്പോള്‍ അല്‍പം മെനക്കെട്ടാലും പിന്നീട് അതില്‍ നിന്നു സന്തോഷം കിട്ടും. ഇന്ന് പള്ളിമേടകളിലും മെത്രാന്മാരുടെ അരമനകളിലുമെല്ലാം പഴയ നല്ല ഫോട്ടോസ് ഫ്രെയിം ചെയ്തു വച്ചിരിക്കുന്നതു കാണാമല്ലോ. വീടുകളിലും അതൊക്കെ വേണം. അതിനുള്ള ശ്രമങ്ങളെയൊന്നും ആഡംബരമായി കാണുന്നതിനോടു യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നല്ല ഫോട്ടോയ്ക്കു വേണ്ടി മരിക്കാന്‍ തയ്യാറായി ആളുകള്‍ വരുമ്പോള്‍ കൊല്ലാന്‍ തയ്യാറായി ഫോട്ടോഗ്രാഫര്‍മാരും നിന്നില്ലെങ്കില്‍ തൊഴില്‍ രംഗത്തു വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നു പറയുകയാണു ജോണ്‍സണ്‍ വര്‍ഗീസ്. പണ്ട് വധൂവരന്മാരെ അടുപ്പിച്ചു നിറുത്താന്‍ തന്നെ വിഷമമായിരുന്നു. പല തവണ പറയണം. ഇന്നു പക്ഷേ ചുംബനം നല്‍കാന്‍ പോലും ആര്‍ക്കും മടിയില്ല. പലരും ഫോട്ടോഗ്രാഫര്‍മാര്‍ ഇതു പറഞ്ഞു കിട്ടുന്നതിനു വേണ്ടി കാത്തു നില്‍ക്കുകയാണെന്നു തോന്നും.

പക്ഷേ ഇതൊന്നും പരിധി വിട്ടുപോകുന്നതിനോടു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കു യോജിപ്പില്ല. ഈയിടെ വധുവും വരനും വിവാഹവേഷത്തില്‍ കള്ളുഷാപ്പില്‍ നില്‍ക്കുന്ന ഫോട്ടോ വൈറലായി. ഇങ്ങനെ വ്യത്യസ്തതയ്ക്കായി എന്തു കോമാളിത്തത്തിനും ആളുകള്‍ തയ്യാറാകുന്നു. ഇവരെയൊക്കെ ഇതിനു പ്രേരിപ്പിക്കുന്നതില്‍ പുതുതായി പൊട്ടിമുളച്ച ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികള്‍ക്കു ചെറുതല്ലാത്ത പങ്കുണ്ടെന്ന് ജോണ്‍സണ്‍ വര്‍ഗീസ് സൂചിപ്പിച്ചു. ഇവന്‍റുകാര്‍ കൊണ്ടു വരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ പലപ്പോഴും നല്ല പ്രൊഫഷണല്‍സ് ആയിരിക്കണമെന്നു പോലുമില്ല. മൊത്തം കരാറെടുത്തിരിക്കുന്നതിന്‍റെ മറവിലൂടെ കടന്നുവരുന്നവരാണ്.

ആകര്‍ഷകമായ യൂണിഫോം ധരിച്ചു പള്ളിക്കുള്ളില്‍ തലങ്ങും വിലങ്ങും നടക്കുന്ന ഇത്തരം ഫോട്ടോഗ്രാഫര്‍മാര്‍, കല്യാണം നടക്കുമ്പോള്‍ പള്ളിക്കുള്ളിലെ കൗദാശികവും പ്രാര്‍ത്ഥനാപൂര്‍വകവുമായ അന്തരീക്ഷം തകര്‍ക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് ശില്പിയും കൊടുങ്ങല്ലൂര്‍ സെ. മേരീസ് പള്ളി വികാരിയുമായ ഫാ. ജോസഫ് ചെറുവത്തൂര്‍ പറഞ്ഞു. പള്ളിയില്‍ പണം ചെലവാക്കിയുള്ള അലങ്കാരങ്ങള്‍ക്കു വീട്ടുകാരെ നിര്‍ബന്ധിക്കുന്നതു പലപ്പോഴും ഫോട്ടോഗ്രാഫര്‍മാരാണ്. കവാടവും പള്ളിയുടെ ഇടനാഴിയുമെല്ലാം പതിനായിരക്കണക്കിനൂ രൂപയുടെ പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്ന പുതിയ പതിവുകള്‍ തുടങ്ങിയിട്ടുണ്ട്. ഒരു കല്യാണവേളയില്‍ ഫോട്ടോഗ്രാഫര്‍ തന്‍റെ കാപ്പയില്‍ പിടിച്ചു വലിച്ചതുമൂലം താലി താഴെ പോയ സംഭവമുണ്ടായെന്നു ഫാ. ചെറുവത്തൂര്‍ ഓര്‍ക്കുന്നു.

അതേസമയം പ്രധാന ചടങ്ങുകള്‍ പകര്‍ത്താന്‍ പലപ്പോഴും കടുംകൈകള്‍ ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകാറുണ്ടെന്നു ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നു. മൂന്നു കല്യാണങ്ങള്‍ ഒരേ സമയം നടക്കുന്നതു സങ്കല്‍പിക്കുക. സീസണുകളില്‍ പല പള്ളികളിലും പതിവായി ഉണ്ടാകുന്ന സാഹചര്യമാണിത്. മൂന്നു കൂട്ടര്‍ക്കും കൂടി ചിലപ്പോള്‍ 12 അച്ചന്മാരൊക്കെ അള്‍ത്താരയിലുണ്ടാകും. ഒരാളുടെ താലികെട്ടിന് മൂന്നോ നാലോ അച്ചന്മാര്‍ വധൂവരന്മാര്‍ക്കടുത്തേക്ക് ഒന്നിച്ചിറങ്ങി വന്നാല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ദൃശ്യം പകര്‍ത്താന്‍ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും. കാപ്പയിട്ട ഒരച്ചന്‍ രണ്ടു വ്യക്തികള്‍ക്കു തുല്യമായ കാഴ്ച മറയ്ക്കും. അപ്പോഴാണ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കാപ്പയില്‍ പിടിച്ചു വലിച്ച് അച്ചന്മാരെ മാറ്റേണ്ട സ്ഥിതിയുണ്ടാകുന്നത്. അച്ചന്മാര്‍ കൂടി അറിഞ്ഞു പെരുമാറിയാല്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് ഇത്തരത്തില്‍ പലതും.

കല്യാണവേളകളില്‍ ഫോട്ടോഗ്രാഫര്‍മാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പെരുമാറാനുള്ള ചെറിയൊരു ബോധവത്കരണം വൈദികര്‍ക്കു നല്‍കുന്നതു നന്നായിരിക്കുമെന്ന് ജോണ്‍സണ്‍ വര്‍ഗീസ് അഭിപ്രായപ്പെട്ടു. വധൂവരന്മാര്‍ മോതിരമിടലും താലികെട്ടും മന്ത്രകോടി അണിയിക്കലും മറ്റു ചടങ്ങുകളും ചെയ്യുമ്പോള്‍ അവയുടെയെല്ലാം നല്ല ഫോട്ടോകള്‍ എടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കു സാധിക്കേണ്ടതുണ്ടെന്നു മനസ്സിലാക്കി ഒഴിഞ്ഞും ഒതുങ്ങിയും നില്‍ക്കുവാന്‍ പുരോഹിതര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ കാപ്പയില്‍ പിടിച്ചു വലിക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ മടിക്കില്ല. കാരണം, ആല്‍ബം കൊടുക്കുമ്പോള്‍ ഈ രംഗങ്ങളൊന്നും ശരിയായി കിട്ടിയിട്ടില്ലെങ്കില്‍ പഴി കേള്‍ക്കുന്നതു ഫോട്ടോഗ്രാഫര്‍മാര്‍ മാത്രമായിരിക്കും.

ഇത് കാന്‍ഡിഡ് ഫോട്ടോഗ്രാഫിയുടെ കാലമാണ്. ഫോട്ടോഗ്രാഫര്‍മാര്‍ക്കായി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്ന മുഹൂര്‍ത്തങ്ങളെ കാത്തിരുന്നു പകര്‍ത്തുന്നവരാകണം ഫോട്ടോഗ്രാഫര്‍മാര്‍ എന്നു ചിന്തിക്കുന്നവര്‍ അനേകരുണ്ട്. മഹേഷിന്‍റെ പ്രതികാരം എന്ന സിനിമയില്‍ സീസണ്‍ഡ് ഫോട്ടോഗ്രാഫറായ ചാച്ചന്‍ മഹേഷിനു പകരുന്ന പാഠം പ്രസിദ്ധമാണല്ലോ-“നല്ലൊരു മൊമെന്‍റ് സംഭവിക്കുന്നതിനു തൊട്ടുമുമ്പുള്ള നിമിഷം. അതു നമ്മള്‍ തിരിച്ചറിയണം. ക്ലിക്ക് ചെയ്യാന്‍ റെഡിയായിരിക്കണം. അത്രേയു ള്ളൂ കാര്യം.”

പക്ഷേ, അത്ര നിസ്സാരമല്ല കാര്യം എന്നു വ്യക്തമാണല്ലോ. കല്യാണവേളകളില്‍ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. ഗ്രൂപ്പ് ഫോട്ടോകള്‍ നിര്‍ബന്ധമാണ്. ചില അവശ്യചടങ്ങുകള്‍ ആള്‍ത്തിരക്കിനിടയില്‍ അവ്യക്തമായി പോകാന്‍ പാടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാവിയില്‍ ഈ ഫോട്ടോ കാണാനുള്ള വരുംതലമുറകളെ കൂടി കരുതി ചില നിര്‍ദേശങ്ങള്‍ നല്‍കാനും ഒരുക്കങ്ങള്‍ നടത്താനും ഫോട്ടോഗ്രാഫര്‍മാര്‍ തയ്യാറാകേണ്ടി വരും. അതു മനസ്സിലാക്കിക്കൊണ്ട് ചില നിയന്ത്രണങ്ങള്‍ സഭാതലത്തില്‍ കൊണ്ടു വരികയും അതെല്ലാം പാലിക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ തയ്യാറാകുകയും ചെയ്താല്‍ ഈ പ്രശ്നങ്ങള്‍ നല്ലൊരു പരിധിയോളം പരിഹരിക്കപ്പെടും.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കു മാത്രം പള്ളിക്കുള്ളില്‍ ഫോട്ടോയെടുക്കാന്‍ അനുവാദം നല്‍കുന്നതു നന്നായിരിക്കുമെന്ന നിര്‍ദേശവും ഫോട്ടോഗ്രാഫര്‍മാര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. മൊബൈല്‍ ഫോട്ടോയെടുക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതു നല്ലതാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. കാരണം, ആരൊക്കെയാണ്, ആരെയൊക്കെയാണ്, എന്തൊക്കെ കോലങ്ങളിലാണ് പകര്‍ത്തുന്നതെന്ന് ആര്‍ക്കും അറിയില്ല. പല ദുരനുഭവങ്ങളും പലര്‍ക്കും ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ട്. അല്പമൊരു ജാഗ്രത ഇക്കാര്യങ്ങളില്‍ കൂടി പാലിക്കുന്നതു നന്നായിരിക്കും.

ഇരിങ്ങാലക്കുട രൂപതാ കത്തീഡ്രലില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കു നില്‍ക്കാന്‍ പ്രത്യേക സ്ഥലം മാര്‍ക് ചെയ്തു നല്‍കിയിട്ടുണ്ട്. അവിടെ മാത്രം നിന്നു ഫോട്ടോകള്‍ പകര്‍ത്തണം. അവിടെ നില്‍ക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ മുമ്പില്‍ മറ്റു തടസ്സങ്ങളുണ്ടാകാതിരിക്കാന്‍ പള്ളിയധികാരികള്‍ ശ്രദ്ധിക്കുകയും ചെയ്യും. ഇതൊരു നല്ല മാതൃകയാണെന്ന് കത്തീഡ്രലില്‍ ഫോട്ടോയെടുത്തിട്ടുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.

ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ഏകരൂപത്തിലുള്ള നിയമങ്ങളെക്കുറിച്ചും സഭാതലത്തിലുള്ള ചിന്തകള്‍ ഉണ്ടാകണമെന്ന ആവശ്യമാണ് വികാരിമാരും ഫോട്ടോഗ്രാഫര്‍മാരും ഒരുപോലെ ഉന്നയിക്കുന്നത്. എല്ലാറ്റിലുമുപരിയായി തങ്ങളുടെ വിവാഹത്തില്‍ എന്തൊക്കെ വേണം, എന്തൊക്കെ വേണ്ട എന്നതിനെ കുറിച്ച് ഇതു നടത്തുന്ന വീട്ടുകാര്‍ക്ക് ഉറച്ച ബോദ്ധ്യമുണ്ടാകുകയും അതു പ്രയോഗപഥത്തിലെത്തിക്കുകയും വേണം.

വിവാഹം ഏതുമാകട്ടെ ആരുടേതുമാകട്ടെ അതില്‍ ആത്മീയതയുടെ സാക്ഷ്യമുണ്ടാകണം. ഒപ്പം മറക്കാനാവാത്ത അനുഭവമുഹൂര്‍ത്തങ്ങളുടെ ആല്‍ബങ്ങളും.

Comments

5 thoughts on “കല്യാണങ്ങളിലെ ക്യാമറാപ്പട, പടമെടുപ്പ്: കാലം മാറുമ്പോള്‍ മാറേണ്ടതെന്തെല്ലാം?”

 1. V.A.Jacob says:

  ഇതുപോലെ തന്നെ സാധാരണ വിശ്വാസികൾക്ക് ഉതപ്പുണ്ടാക്കുന്നതാണ് വിശേഷ ദിവസങ്ങളിലെ, കാതടപ്പിക്കുന്ന ഗാനശുശ്രൂഷകൾ. മിക്ക പള്ളികളിലും വികാരിയച്ചൻമാർക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത വിധം അരോചകമായി തീർന്നിരിക്കുന്നു..
  മിതമായ ഒച്ചയോടുകൂടി, മിതമായ സംഗീതോപകരണങ്ങളോടുകൂടിയുള്ള ആലാപനം അത് കേൾക്കുന്ന എല്ലാവരേയും കൂടുതൽ ചൈതന്യത്തോടെ തിരുക്കർമ്മങ്ങളിൽ ഭാഗഭാക്കാക്കും.മറിച്ചാണെങ്കിൽ ആ സമയത്ത് പല വിചാരങ്ങളിൽ അവന്റെ മനസ്സ് മേഞ്ഞു നടക്കും..

  1. Jenson says:

   തീർച്ചയായും, ഗായക സംഗത്തേക്കൊണ്ട് കുർബാന കൂടാൻപട്ടാത്ത അവസ്ഥയായി വരുന്നുണ്ട്. തക്സായിൽ നിന്നുമല്ലാത്ത പാ ട്ടുകളാണ് അസഹനീയം.

  2. Pallikunnathu G says:

   You said it. Most of the churches have very annoying sound level for holy mass. This should be restricted . Photo in the church should be fine, but can be restricted to only 2 or 3 professional photographers. No complete ban on photography accepted. People will shift everything to Hotel facilities it can bring people away from the Church and will hurt the entire church in future.

 2. ടെക്നോളജി അതിന്റെ ഉച്ചസ്ഥായിയിൽ എത്തി നിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.അതിന്റെ അതിപ്രസരം അലോസരം തന്നെയാണ്.ചില മാർഗ നിർദേശങ്ങൾ ചുവടെ കൊടുക്കുന്നു.
  1) അത്യാധുനിക ക്യാമറകൾ ലഭ്യമായ ഇക്കാലത്ത് ദേവാലയത്തിന്റെ ചുമരുകളിൽ prefix ചെയ്ത ക്യാമറകൾ
  മുഖേന ചിത്രീകരണം അഭികാമ്യമാണ്.ഇതിനു വേണ്ട സ്റ്റാൻഡ് മറ്റു സംവിദാനങ്ങൾ ജോയ് സ്റ്റിക് ,കണ്ട്രോൾ സോൺ ETC ഓരോ ദേവാലയത്തിലും ക്രമീകരിക്കേണ്ടതായി വരും.ഇപ്രകാരം പല ദിശയിൽ ക്രമീകരിക്കപ്പെടുന്ന ക്യാമറകളിൽ നിന്ന് HDവീഡിയോ,ചിത്രങ്ങൾ ഇവ രണ്ടും ഒരേ സമയം നിർമ്മിക്കാം.എന്തിനേറെ LIVE STREAMING വരെ സാധ്യമാണ്. ലൈറ്റ് സംവിധാനവും മുൻകൂട്ടി ക്രമീകരിക്കണം എന്ന് മാത്രം.
  2 )മേൽപ്പറഞ്ഞ രീതി ചിലവേറിയതായതിനാൽ ദേവാലയത്തിന്റെ കോണുകളിൽ ഉയരം ആവശ്യാനുസരണം ക്രമീകരിക്കാവുന്ന മൂന്നോ നാലോ സ്റ്റാൻന്റുകൾ ക്രമീകരിച്ച് ഫോട്ടോഗ്രാഫി അവയിൽ നിന്ന് മാത്രമാക്കി ചുരുക്കുക എന്നതാണ്.
  3 )മറ്റൊന്ന് PARISH AUTHORIZED PHOTOGRAPHERS എന്നൊരു ലിസ്റ്റ് ഉണ്ടാക്കുകയാണ്.ഓരോ ഇടവകയും തങ്ങളുടെ ദേവാലയത്തിന്റെ ഘടനയും കീഴ്വഴക്കങ്ങളും ക്രമീകരങ്ങളും നന്നായി അറിയാവുന്ന ഫോട്ടോഗ്രാഫേഴ്സിന്റെ ഒരു ലിസ്റ്റ് ഉണ്ടാക്കുകയും ഫോട്ടോഗ്രാഫി അവർ മുഖാന്തിരം മാത്രമായി ചുരുക്കുകയും ചെയ്യുക.അതല്ലെങ്കിൽ ഇവരുടെ കർശന നിരീക്ഷണത്തോടും ഉത്തരവാദിത്തത്തോടും കൂടി മാത്രം മറ്റു ഫോട്ടോഗ്രാഫേഴ്സിനെ ദേവാലയത്തിനുള്ളിൽ അനുവദിക്കുക എന്നതാണ്.
  ചുരുക്കി പറഞ്ഞാൽ ദേവാലയത്തിന്റെ ചൈതന്യത്തിനും കൂദാശകളുടെ സുഖമമായ നടത്തിപ്പിനും അനുജോജ്യമായ രീതിയിൽ ഫോട്ടോഗ്രാഫി അനുവദിക്കേണ്ടതാണ്.

 3. Jordis says:

  മതത്തിന്റെ കാഴ്ചപ്പാടില്‍ വിവാഹം എന്നത് സ്വര്‍ഗ്ഗഗണങ്ങളും മാനവരും ഒരുപോലെ പങ്കുകൊണ്ടു ഒരു സ്ത്രീയെയും പുരുഷനെയും ദൈവ തിരുസന്നിധിയില്‍ ഒന്നിപ്പിക്കുന്ന കൂദാശയാണ് . അതിനാല്‍ തന്നെ പരമ്പരാഗത ആചാരങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് പുതിയ രീതികളെ ഉള്‍പ്പെടുത്തിയും അത് എത്രത്തോളം മനോഹരമാക്കാമോ അത്രയും നന്ന്. ഫോട്ടോയും വീഡിയോയും പാട്ടുകാരും ഫ്ലവര്‍ ഗേള്‍സുംമൊക്കെ അപ്പോള്‍ കൂടിയേ തീരൂ. ലേഖനത്തില്‍ പറയും പോലെ ഇതിനൊക്കെ ഒരു പരിധി വേണമെന്ന് സത്യമാണ്. വധൂവരന്മാര്‍ വിവാഹത്തിന് മുന്‍പ് ഫോട്ടോഗ്രാഫെറുമായും വൈദികരുമായും പരസ്പരം സംസാരിച്ചു ഒരു പൊതുവായ ആക്ഷന്‍ പ്ലാന്‍ രൂപികരിക്കുന്നത് നല്ലതായിരിക്കും. എല്ലാറ്റിനും ഉപരി വിവാഹിതരാകുന്നവര്‍ക്ക് സന്തോഷവും ആസ്വാദനവും ലഭിക്കുന്നതിനു എല്ലാവരും ശ്രെദ്ധിക്കുക. കാലത്തിനനുസരിച്ച് മാറുവാന്‍ വൈദികരും ലഭിക്കുന്ന സ്വാതന്ത്ര്യം അച്ചടക്കത്തോടെ ഉപയോഗിക്കുവാന്‍ ഫോട്ടോഗ്രാഫെഴ്സും ശ്രെദ്ധിക്കുക. തങ്ങള്‍ സിനിമയിലോ സീരിയല്ലിലോ അല്ല അഭിനയിക്കുന്നതെന്ന് വധൂവരന്മാരും അവരുടെ ബന്ധുക്കളും ഓര്‍ക്കുക. ഫോട്ടോ വീഡിയോ കല്യാണവര്‍ക്കിനു 4-5 പേരില്‍ കൂടുതല്‍ ആവശ്യമില്ല എന്നതാണ് സത്യം.

Leave a Comment

*
*