Latest News
|^| Home -> Cover story -> മേരീസ് സന്തുഷ്ടയാണ്

മേരീസ് സന്തുഷ്ടയാണ്

Sathyadeepam

അനുഭവകഥ

വഴിത്തല രവി

ഞങ്ങളുടെ കോളനിയില്‍ വാടകയ്ക്കു വീട് ഒഴിവുണ്ടോ എന്നറിയാനാണു മേരീസ് ആദ്യമായി എന്‍റെ മുന്നിലെത്തിയത്. റെസിഡന്‍സ് അസ്സോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ അതുപോലുള്ള വിവരങ്ങള്‍ എന്നെ സമീപിച്ചാല്‍ അറിയാമെന്നും സഹായം ലഭിച്ചേക്കുമെന്നും അറിഞ്ഞ് എത്തിയതായിരുന്നു അവര്‍. മേരി എന്നും മേരിക്കുട്ടി എന്നും ധാരാളമായി കേട്ടിട്ടുണ്ട്. എന്നാല്‍ മേരീസ് എന്ന പേര് എനിക്കു പുതുമയായിരുന്നു. അധികം ഉയരമോ വണ്ണമോ ഇല്ലാത്ത ഒരു സാധാരണ രൂപം. ഇരുനിറത്തില്‍ തെളിമയുള്ള മുഖം. കനം കുറഞ്ഞ ഫ്രെയിമുള്ള കണ്ണടയില്‍ ആകര്‍ഷകമായ കണ്ണുകള്‍.

“എങ്ങനെയുള്ള വീടാണ് ആവശ്യം?”

“രണ്ടു മുറി… അടുക്കള കുളിമുറി; അത്രയേ വേണ്ടൂ.”

“ചെറിയ കുടുംബം?”

“കുടുംബം ചെറുതുതന്നെ. പക്ഷേ, താമസിക്കാന്‍ ഞാന്‍ മാത്രമേ കാണൂ. ഹോസ്റ്റലുകളില്‍ താമസിക്കാന്‍ താത്പര്യമില്ല. അതുകൊണ്ടാണു വീടു തേടുന്നത്. ജോലിയില്‍ ഒരു പ്രൊമോഷന്‍ ലഭിച്ചതാണ് ഇവിടെ കളക്ട്രേറ്റിലേക്കു സ്ഥലം മാറ്റം കിട്ടാന്‍ കാരണം. ഭര്‍ത്താവ് തിരുവനന്തപുരത്ത് ബാങ്കില്‍ ജോലി ചെയ്യുന്നു. ഏകമകള്‍ മൈസൂരില്‍ ബിഎഡിനു പഠിക്കുകയാണ്. അവര്‍ ഇടയ്ക്ക് എപ്പോഴെങ്കിലും വരും.”

ഞാന്‍ താമസിക്കുന്ന വീടിന്‍റെ മുകള്‍ നിലയിലെ ചെറിയ സൗകര്യം മേരീസിനു മതിയാകുമെന്നു തോന്നി. വീട്ടുകാരിയോടു അഭിപ്രായം ചോദിച്ചപ്പോള്‍ ആദ്യപ്രതികരണം വിചിത്രമായിരുന്നു.

“സകല നേരവും ചെവി പൊട്ടുമാറ് പ്രാര്‍ത്ഥനയായിരിക്കും.”

മേരീസ് പറഞ്ഞു: “സത്യമാണ്. സകല നേരവും പ്രാര്‍ത്ഥന തന്നെ. പക്ഷേ, അടുത്തു താമസിക്കുന്നവര്‍ക്ക് അസൗകര്യമാകുന്നിടത്തേയ്ക്ക് അത് എത്തില്ല. തിരുരൂപത്തിനു മുന്നില്‍ ഒച്ചയിട്ടുള്ള പ്രാര്‍ത്ഥനയല്ല എന്‍റേത്. അതു പൊന്നുതമ്പുരാനും ഞാനും തമ്മിലുള്ള ഒരു കൊടുക്കല്‍ വാങ്ങലാ. തികച്ചും സ്വകാര്യമായ ഒരിടപാട്!”

വീട്ടുകാരിക്കു തൃപ്തിയായി.

അധികം വീട്ടുപകരണങ്ങളൊന്നുമില്ലാതെ മേരീസ് ഞങ്ങളുടെ വീടിനു മുകള്‍ നിലയില്‍ താമസമാരംഭിച്ചു. പിറ്റേന്നു പ്രഭാതം. കണ്ണു തുറന്നപ്പോള്‍ ഞാനും ഭാര്യയും വിസ്മയഭരിതരായി എന്നു വേണം പറയാന്‍. മുറ്റവും പരിസരവും ഗെയ്റ്റിനപ്പുറം റോഡും അടിച്ചുവാരി വൃത്തിയാക്കിയിരിക്കുന്നു. പൂച്ചെടികള്‍ക്കെല്ലാം വെള്ളമൊഴിച്ചിരിക്കുന്നു.

“മേരീസ് നേരത്തെ എഴുന്നേറ്റോ?” – വീട്ടുകാരിയുടെ ചോദ്യം.

“നാലര അഞ്ചാകുമ്പോള്‍ എഴുന്നേല്ക്കും. പിന്നെ അര മണിക്കൂര്‍ നടക്കും.”

“ഇന്നു നടക്കാന്‍ പോയോ?”

“നടന്നു. നമ്മുടെ മുന്നിലെ റോഡിലൂടെ. പക്ഷേ, പോരാ. പലയിടത്തും വഴിവിളക്കു കത്തുന്നില്ല. ഇവിടത്തെ കൗണ്‍സിലറെ ഒന്നു പരിചയപ്പെടുത്തിത്തരണം. നമുക്കു പലതും ചെയ്യാന്‍ പറ്റും.”

റെസിഡന്‍സ് അസ്സോസിയേഷന്‍ ഭാരവാഹികളും വാര്‍ഡ് കൗണ്‍സിലറും മേരീസുംകൂടി മുനിസിപ്പല്‍ ആഫീസിലും ഇലക്ട്രിസിറ്റി ഓഫീസിലും ഒന്നിലേറെ തവണ കയറിയിറങ്ങിയപ്പോള്‍ റോഡില്‍ കേടായ ട്യൂബ് ലൈറ്റുകള്‍ കണ്ണു മിഴിക്കാന്‍ തുടങ്ങി.

അടുത്ത നാള്‍ റോഡിന്‍റെ മുക്കിലും മൂലയിലും മേരീസ് ചെറിയ ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയരുതെന്ന മുന്നറിയിപ്പായിരുന്നു അത്.

ഫ്ളെക്സുകൊണ്ട് ഉദ്ദേശിച്ച ഫലം കാണാതായപ്പോള്‍ സമീപത്തുള്ള കുട്ടികളെയും കൂട്ടി മേരീസ് എല്ലാ വീടുകളിലും കയറിയിറങ്ങി മാലിന്യം വലിച്ചെറിഞ്ഞാലുള്ള ദോഷഫലങ്ങള്‍ വിശദീകരിച്ചു.

പിന്നെയും കാര്യങ്ങള്‍ പഴയതുതന്നെ.

അടുത്ത ദിവസം മേരീസ് ഓഫീസില്‍ നിന്നും മടങ്ങിവന്നതു രണ്ടുമൂന്നു വലിയ പ്ലാസ്റ്റിക് ചാക്കുകളുമായാണ്. വേഷം മാറി അവര്‍ ആ ചാക്കുകളുമായി റോഡിലിറങ്ങി. അവിടവിടെ വലിച്ചെറിയപ്പെട്ട മാലിന്യം നിറച്ച പ്ലാസ്റ്റിക് കിറ്റുകള്‍ ചാക്കില്‍ വാരിനിറയ്ക്കാന്‍ തുടങ്ങി. ചുറ്റുമുള്ള വീട്ടുകാര്‍ അതു കൗതുകപൂര്‍വം നോക്കിനിന്നു. മേരീസിന്‍റെ ശ്രമം കുറേ ചെറുപ്പക്കാരില്‍ താത്പര്യമുണര്‍ത്തി. അവര്‍ മേരീസിനൊപ്പം ചേര്‍ന്നു. സന്ധ്യയ്ക്കു മുമ്പു കോളനിയിലെ റോഡുകള്‍ മാലിന്യമുക്തമായി. സ്കൂള്‍ പ്രായമു ള്ള കുട്ടികള്‍ ഓടിയെത്തി അവര്‍ക്കു മുന്നിലെത്തി വിളിച്ചു പറഞ്ഞു:

“മേരീസ്… മാഡം കീ ജയ്.”

ആ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചു മേരീസ് പറഞ്ഞു: “അവനവന്‍റെ വീടിനു മുമ്പിലെ റോഡ് നന്നാക്കിയിടാന്‍ നാമോരോരുത്തരും ശ്രദ്ധിച്ചാല്‍ ഒരിടത്തും മാലിന്യം കുമിഞ്ഞുകൂടില്ല.”

അപ്പോഴേയ്ക്കും റെസിഡന്‍സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ ചായയും ഉഴുന്നുവടയുമായി മേരീസിനെയും കുട്ടികളെയും സല്ക്കരിച്ചു… ബഹുമാനിച്ചു.

കോളനയിലെ പൊതുവായ കാര്യങ്ങള്‍ക്കെല്ലാം മേരീസ് മുമ്പിലുണ്ടായിരുന്നു. അവധിദിവസങ്ങളില്‍ ആരൊക്കെയോ മേരീസിനെ കാണാന്‍ വരാറുണ്ടെന്ന കാര്യം ആയിടെയാണു ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്.

പെണ്‍മക്കളുടെ വിവാഹം, ആശുപത്രി ചികിത്സ തുടങ്ങിയവയ്ക്ക് സഹായമഭ്യര്‍ത്ഥിച്ചാണ് അവരുടെ വരവ്. മേരീസ് അവര്‍ക്കെല്ലാം കൈ നിറയ പണം നല്കുന്നു എന്നറിഞ്ഞപ്പോള്‍ ഒന്ന് ഉപദേശിക്കണമെന്നു തോന്നി.

“വന്നു പറയുന്ന കാര്യങ്ങള്‍ സത്യമാണോ… അര്‍ഹിക്കുന്നവരുടെ കയ്യിലാണോ സഹായം എത്തിച്ചേരുന്നത് എന്നൊക്കെ നോക്കുന്നതു നല്ലതാണ്.”

“അത്രയ്ക്കൊന്നും കൊടുക്കുന്നില്ല സാര്‍. ഒരു നേരത്തെ ആഹാരത്തിന്. അല്ലെങ്കില്‍ ഒരു സാരി വാങ്ങാനുള്ള തുക. ആശുപത്രിയിലേക്കു ബസ്സ്കൂലി അങ്ങനെ ചെറുതെന്തെങ്കിലും” – മേരീസ് അതു നിസ്സാരമായേ കണ്ടുള്ളൂ.

ഒരു നാള്‍ മേരീസ് ആഫീസില്‍ നിന്നു വരുമ്പോള്‍ ഒരമ്മയും കുട്ടിയും അവരെ കാത്തുനില്പുണ്ടായിരുന്നു. തലയില്‍ മുടിയൊന്നുമില്ലാതെ പഴകിയ ഉടുപ്പിട്ട ആണ്‍കുട്ടി അമ്മയുടെ കാല്‍ച്ചുവട്ടില്‍ തളര്‍ന്നിരിക്കുകയായിരുന്നു.

“മാഡം സഹായിക്കണം; മോനു സുഖമില്ല. തിരുവനന്തപുരത്തെ കാന്‍സര്‍ സെന്‍ററില്‍ കഴിഞ്ഞ ആഴ്ച എത്തേണ്ടതായിരുന്നു. പണം തികഞ്ഞില്ല. ഈ ആഴ്ചയെങ്കിലും എത്തിയില്ലെങ്കില്‍…”

മേരീസ് ഒന്നും പറയാതെ ബാഗില്‍നിന്നും ഒരു പിടി നോട്ടെടുത്ത് അവര്‍ക്കു കൊടുത്തു. കുട്ടിയുടെ മുടിയില്ലാത്ത തലയില്‍ വാത്സല്യപൂര്‍വം തഴുകിക്കൊണ്ടു പറഞ്ഞു: “വേഗം തിരുവനന്തപുരത്തിനു പോകൂ. അസുഖം മാറി പൂര്‍ണ ആരോഗ്യവാനായി എന്നെ കാണാന്‍ വരണം.”

മേരീസ് അകത്തേയ്ക്കു കയറിപ്പോയി. അന്നവര്‍ പുറത്തു വന്നില്ല. അവര്‍ പ്രാര്‍ത്ഥനയിലായിരുന്നു.
ദിവസങ്ങള്‍ കടന്നുപോയി.

ഒരുനാള്‍ പത്രത്തിന്‍റെ പ്രാദേശിക പേജില്‍ ഒരു വാര്‍ത്ത വന്നു; സ്വന്തം മകന് ഇല്ലാത്ത അസുഖമുണ്ടെന്നു പറഞ്ഞു തട്ടിപ്പു നടത്തുന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തഴിഞ്ഞ ആഡംബര ജീവിതം നയിക്കാനുള്ള കുറുക്കുവഴിയായിരുന്നു തട്ടിപ്പ്. നിരവധി പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു. അറസ്റ്റ്.

പത്രറിപ്പോര്‍ട്ടും തന്നെ കബളിപ്പിച്ച സ്ത്രീയുടെ ഫോട്ടോയും കണ്ടപ്പോള്‍ മേരീസ് ചിരിക്കുക മാത്രം ചെയ്തു.

“വലിയൊരു തുക കൊടുത്തതല്ലേ; പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുക്കൂ” – ഞാന്‍ പറഞ്ഞു.

“എന്തിന്?”

“ഇതു ചതിയല്ലേ?”

“നോക്കൂ സാര്‍. ആ കുട്ടിക്കു രോഗമാണെന്ന് അവര്‍ പറഞ്ഞു. ആരോഗ്യമുള്ള കുട്ടിയായി തിരിച്ചുവരാന്‍ വേണ്ടിയാണു ഞാന്‍ പണം കൊടുത്തത്. ആ കുട്ടി ആരോഗ്യവാനാണെന്ന് ഇപ്പോള്‍ എനിക്കു മനസ്സിലായി. എനിക്ക് അതേ വേണ്ടൂ. ഞാന്‍ ഹാപ്പിയാണ്. എനിക്കു പരാതിയില്ല.”

മേരീസ് നില്ക്കുന്നിടത്തു ദിവ്യമായ ഒരു പ്രകാശം പരക്കുന്നതുപോലെ എനിക്കു തോന്നി.

Leave a Comment

*
*