മതങ്ങളും ഇന്ത്യന്‍ ഭരണഘടനയുടെ ഭാവിയും

മതങ്ങളും ഇന്ത്യന്‍ ഭരണഘടനയുടെ ഭാവിയും


സ്വപ്ന പട്രോണിസ്

എ.ഐ.സി.സി. ഡേറ്റ അനലിറ്റിക്സ്
കോ-ഓര്‍ഡിനേറ്റര്‍, ന്യൂഡല്‍ഹി

എല്ലാ സാമൂഹ്യക്രമങ്ങളിലും ലോകജനതയുടെ വലിയൊരു വിഭാഗത്തിലും ഗണ്യമായ സ്വാധീ നം ചെലുത്തുന്നുണ്ട് മതങ്ങള്‍. മതങ്ങളുടെ ഉള്‍ക്കാമ്പിലെ ആത്മീയാദര്‍ശങ്ങളായ ഐക്യം, ത്യാഗം, നീതി, അനുകമ്പ, സ്നേഹം, മിതത്വം, മറ്റുള്ളവരുടെ സുസ്ഥിതിക്കായുള്ള ആത്മസമര്‍പ്പണം എന്നിവയെല്ലാം നാഗരികതകളുടെ അടിസ്ഥാനങ്ങളാണ്. വ്യക്തികളുടെയും സമൂഹങ്ങളുടെയും നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ട് സാമൂഹ്യപുരോഗതിയിലെ അവശ്യഘടകങ്ങളായി മാറുവാന്‍ ലോകമെങ്ങും മതങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. വ്യക്തികള്‍ക്കിടയില്‍ മതങ്ങള്‍ ബന്ധങ്ങള്‍ സ്ഥാപിക്കുകയും പാരമ്പര്യങ്ങളേയും ആചാരങ്ങളേയും സംവഹിക്കുകയും ചെയ്യുന്നു. ജനനം മുതല്‍ മരണം വരെ ഒരു വ്യക്തിയുടെ ജീവിതത്തെയാകെ മതങ്ങള്‍ സ്വാധീനിക്കുന്നു.

ലോകം അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികളെ നേരിടാന്‍ മതങ്ങള്‍ക്കു കഴിയണമെങ്കില്‍ അതു ശത്രുതയിലും മുന്‍വിധികളിലും അജ്ഞതകളിലും നിന്നു പുറത്തു കടക്കേണ്ടതുണ്ട്. പരിമിതമായ ഒരു സംഘത്തിന്‍റേയോ വ്യക്തിയുടേയോ രക്ഷ അഥവാ പുരോഗതിയോടുള്ള താത്പര്യം വിട്ടിട്ട്, വ്യക്തിയുടെ പുരോഗതിയും ആത്മീയസാഫല്യവും സാദ്ധ്യമാകുന്നത് ലോകസമൂഹത്തിന്‍റെ ആകെയുള്ള വളര്‍ച്ചയോടു ബന്ധപ്പെട്ടുകൊണ്ടാണെന്ന വസ്തുതയ്ക്കു മതങ്ങള്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. സേവനത്തിലൂടെയും ഐക്യത്തിനും നീതിക്കുമായുള്ള സമര്‍പ്പണത്തിലൂടെയും സാമൂഹ്യപുരോഗതിയില്‍ ഗുണപരമായ വലിയ സ്വാധീനം ചെലുത്താന്‍ മതങ്ങള്‍ക്കു സാധിക്കും. മതങ്ങള്‍ ദുഷിക്കുന്നതാണ് വലിയ യുദ്ധങ്ങളുടെയും അടിച്ചമര്‍ത്തലിന്‍റേയും വിദ്വേഷത്തിന്‍റേയും അസഹിഷ്ണുതയുടേയും സാമൂഹ്യശിഥിലീകരണത്തിന്‍റേയും പ്രേരകശക്തിയെന്നും തിരിച്ചറിയേണ്ടതുമുണ്ട്.

ദക്ഷിണേഷ്യയിലും ഇന്ത്യയില്‍ വിശേഷിച്ചും മതങ്ങള്‍ അസാധാരണമായ സ്വാധീനം ചെലുത്തുന്നുണ്ട്. അനേകം മതങ്ങളുടേയും മതാഭിമുഖ്യങ്ങളുടേയും നാടാണ് ഇന്ത്യ. ഹിന്ദു, സിക്ക്, ജൈന, ബുദ്ധ മതങ്ങള്‍ക്കു ജന്മം നല്‍കിയ ഇന്ത്യ ക്രൈസ്തവര്‍ക്കും യഹൂദര്‍ക്കും മുസ്ലീങ്ങള്‍ക്കും സോരാവാഷ്ട്രിയര്‍ക്കുമെല്ലാം ആതിഥ്യമേകുകയും ചെയ്തു. 2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ ജനതയില്‍ 79.8% ഹിന്ദുക്കളും 14.23% മുസ്ലീങ്ങളുമാണ്. ക്രൈസ്തവര്‍ 2.3%, സിക്കുകാര്‍ 1.72%, ബുദ്ധമതസ്ഥര്‍ 0.7% എന്നിങ്ങനെയാണു മറ്റു മതങ്ങളുടെ അനുപാതം. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയും സ്വാതന്ത്ര്യസമരനേതാവായിരുന്ന മൗലാനാ അബ്ദുള്‍ കലാം ആസാദും സ്വാതന്ത്ര്യപോരാട്ടത്തിനായി ജനങ്ങളെ സജ്ജരാക്കുന്നതിന് മതങ്ങളെ ഉപയോഗിച്ചവരാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തോടു പോരാടുന്നതിനുള്ള കരുത്താര്‍ജിക്കുന്നതിനും സ്വാതന്ത്ര്യസമരസേനാനികള്‍ക്കു മതങ്ങള്‍ ആവേശം പകര്‍ന്നു. സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പ്രയാണത്തില്‍ ഭീതി ഇല്ലാതെ പോരാടുന്നതിനും ത്യാഗങ്ങളനുഷ്ഠിക്കുന്നതിനും മതങ്ങള്‍ സഹായിച്ചു.

സ്രഷ്ടാവായ ദൈവത്തേയും മനുഷ്യരേയും സ്നേഹിക്കാനുള്ള ആത്മീയത മതങ്ങള്‍ മനുഷ്യര്‍ക്കു നല്‍കുന്നു. മതങ്ങളിലെ ആത്മീയതയ്ക്ക് മികച്ച ഉദാഹരണങ്ങളാണ് മദര്‍ തെരേസായും ഭക്തി, സൂഫി പ്രസ്ഥാനങ്ങളും. പക്ഷേ മൗലികവാദവും വിഭാഗീയതയും വളര്‍ത്താനും മതങ്ങള്‍ ഉപയോഗിക്കപ്പെടാം. മതാത്മകമായ ആത്മീയതയാണ് ആവശ്യം, മതമൗലികവാദമല്ല. സമൂഹത്തില്‍ ഐക്യവും സമാധാനപരമായ സഹവര്‍ത്തിത്വവും സൃഷ്ടിക്കുന്നതിനു മതമൗലികവാദത്തിനു പകരം മതാത്മകമായ ആദ്ധ്യാത്മികത ഇന്ത്യയില്‍ വളര്‍ത്തപ്പെടണം.

ഇന്ത്യ ഒരു ബഹുമതരാഷ്ട്രമാണല്ലോ. ഈ വൈവിദ്ധ്യത്തെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുന്നില്ലെങ്കില്‍ രാജ്യത്തിന്‍റെ ഐക്യത്തേയും അഖണ്ഡതയേയും അതു ബാധിക്കും. മതേതരവും എന്നാല്‍ വൈവിദ്ധ്യങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്നതുമായ ഒരു ഭരണഘടന നിര്‍മ്മിക്കുക എന്ന സുപ്രധാനമായ ദൗത്യമാണ് വിഭജനത്തിനു ശേഷം ഭരണഘടനാ അസംബ്ലിക്ക് ഉണ്ടായിരുന്നത്. സമൂഹത്തിന്‍റെ പുരോഗതിക്കുള്ള ദിശയും ഘടനയും നല്‍കുന്നത് ഭരണഘടനയാണ്. ഇന്നത്തേക്കാള്‍ മെച്ചപ്പെട്ട ഒരു രാഷ്ട്രീയസമൂഹത്തെ സൃഷ്ടിക്കുക, പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നിവയാണ് ഭരണഘടനയുടെ ലക്ഷ്യങ്ങള്‍. ഈ മൗലികതത്വങ്ങളില്‍ നിന്നാണ് നിയമങ്ങളും ശിക്ഷാവകുപ്പുകളുമെല്ലാം ഉണ്ടാകുന്നത്. ഭരണഘടനയില്ലെങ്കില്‍ രാജ്യത്തിനൊരു വ്യവസ്ഥ ഉണ്ടാകില്ല. ഭരണഘടനയില്ലെങ്കില്‍ അധികാരമുള്ളവര്‍ക്ക് അവരാഗ്രഹിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ ചെയ്യാനാകും.

ഇന്ത്യന്‍ ഭരണഘടനയില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള മൗലികാവകാശങ്ങളില്‍ ഒന്ന് മതം പ്രഘോഷിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. മതം എന്ന വാക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വിവരിക്കപ്പെട്ടിട്ടില്ല. കൃത്യമായ നിര്‍വചനത്തിനു വഴങ്ങുന്നതുമല്ല അത്. മതേതരമായ ഒരു രാഷ്ട്രമെന്ന നിലയില്‍ എല്ലാ ഇന്ത്യാക്കാര്‍ക്കും മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശമുണ്ട്, ഏതു മതവിശ്വാസവും പിന്തുടരാന്‍ പൗരനു സാധിക്കുമെന്നര്‍ത്ഥം. സ്വന്തം മതവിശ്വാസം സമാധാനപരമായ വിധത്തില്‍ പ്രചരിപ്പിക്കാനും പൗരന്മാര്‍ക്ക് അവസരമുണ്ട്. മതപരമായ അസഹിഷ്ണുതകളുണ്ടായാല്‍ അതിനെതിരെ നടപടി സ്വീകരിക്കാന്‍ ഭരണകൂടത്തിനു ബാദ്ധ്യതയുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ ഉറപ്പാക്കുന്ന 25, 26, 27, 28 വകുപ്പുകളില്‍ മതസ്വാതന്ത്ര്യത്തെ സംബന്ധിച്ചു കൂടുതല്‍ പ്രധാനമാണ് 25 ഉം 26 ഉം.

മതത്തില്‍ വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുന്നതാണ് വകുപ്പ് 25. സമൂഹമായുള്ള മതാനുഷ്ഠാനങ്ങള്‍ക്കും മറ്റും ആവശ്യമായ സ്ഥാവര ജംഗമസ്വത്തുക്കള്‍ സ്വന്തമാക്കാനും സ്ഥാപനങ്ങള്‍ നടത്താനും മതപരമായ വിഷയങ്ങള്‍ സ്വയം കൈകാര്യം ചെയ്യാനും അനുമതി നല്‍കുന്നതാണ് വകുപ്പ് 26.

മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതും വിദ്വേഷപ്രചാരണം നടത്തുന്നതും കുറ്റകരമാക്കുന്ന വകുപ്പുകളും ഉണ്ട്. അതുപോലെ, മതാടിസ്ഥാനത്തില്‍ വോട്ടു പിടിക്കുന്നതും കുറ്റകരമാണ്.

ഭരണഘടനയാകെ ആമുഖത്തില്‍ സംഗ്രഹിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആത്മാവും കണ്ണാടിയുമായി അതു കരുതപ്പെടുന്നു. ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക് ആക്കുക എന്നതാണ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് 42-ാം ഭരണഘടനാഭേദഗതിയിലൂടെയാണ് മതേതര, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. വര്‍ഗീയവാദികള്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഹിന്ദുക്കളാണ് രാജ്യത്തില്‍ ഭൂരിപക്ഷം. എന്നാല്‍ എല്ലാ മതങ്ങളോടും നിഷ്പക്ഷത പുലര്‍ത്തുമെന്നതാണ് മതേതരത്വം കൊണ്ടുദ്ദേശിക്കുന്നത്. മതങ്ങളുടെയും മതാനുഷ്ഠാനങ്ങളുടെയും സ്വാധീനം കുറയ്ക്കുക എന്നൊരു ലക്ഷ്യം ഇന്ത്യന്‍ മതേതരത്വത്തിന് ഇല്ല. എല്ലാവര്‍ക്കും സ്വന്തം മതമനുഷ്ഠിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും അതേസമയം മതാടിസ്ഥാനത്തില്‍ പൗരന്മാര്‍ക്കിടയില്‍ വിവേചനം നടത്തില്ലെന്നതുമാണ് ഭരണഘടന ഉറപ്പാക്കുന്നത്. ഇതിനെയാണ് സര്‍വധര്‍മ്മസമഭാവന എന്നു വിശേഷിപ്പിക്കുന്നത്. 2014-ല്‍ എന്‍ഡിഎ അധികാരത്തില്‍ വരുന്നതുവരെ എല്ലാ മതങ്ങള്‍ക്കും ആരാധനാരീതികള്‍ക്കും വിശ്വാസങ്ങള്‍ക്കും വലിയ ആദരവു നല്‍കിയിരുന്നു ഈ സങ്കല്‍പം.

വ്യത്യസ്തജാതിമതങ്ങളില്‍ നിന്നുള്ള മനുഷ്യര്‍ ഐക്യത്തില്‍ ജീവിക്കുന്നതിന് ഇന്നു ഭീഷണി നേരിട്ടിരിക്കുന്നു. മതത്തിലെ വൈവിദ്ധ്യങ്ങള്‍ സംബന്ധിച്ച നമ്മുടെ സങ്കല്‍പങ്ങള്‍ക്ക് ആര്‍എസ്എസ് -ബിജെപി കൂട്ടുകെട്ടിന്‍റെ തീവ്രവാദസംഘം ഭീഷണി ആയിരിക്കുകയാണ്. നാനാത്വത്തില്‍ ഐക്യം പുലര്‍ത്തുന്ന രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യന്‍ രാജ്യസങ്കല്‍പത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇന്നത്തെ സ്ഥിതി ആപത്കരമായി തോന്നുന്നു. രാജ്യത്തിന്‍റെ സാമൂഹ്യഘടന മാറ്റാനും ഹിന്ദുരാഷ്ട്രമായി പരിവര്‍ത്തിപ്പിക്കാനുമാണ് ഹിന്ദുതീവ്രവാദികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ വിദ്വേഷ സങ്കല്‍പത്തിന്‍റെ അടിസ്ഥാനത്തില്‍, ബിജെപി അധികാരത്തില്‍ വന്ന 2014 മുതല്‍ ഇന്ത്യയില്‍ മുസ്ലീങ്ങളും ക്രൈസ്തവരും പോലുള്ള ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ക്രൂരതകളും പശുവിന്‍റെ പേരിലുള്ള കൊലപാതകങ്ങളുമെല്ലാം ഇന്ത്യന്‍ ഭരണഘടനയുടെ തത്വങ്ങള്‍ക്കു നേര്‍വിരുദ്ധമാണ്. മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണത്തിന്‍റെ സാദ്ധ്യതകള്‍ ജനങ്ങളെ അലട്ടുകയും രാജ്യത്തിന്‍റെ ജനാധിപത്യ, മതേതര ഘടനയെ ബാധിക്കുന്ന സാമുദായിക, സാമൂഹ്യ അസ്ഥിരതയുടെ നിഴല്‍ വിരിക്കുകയും ചെയ്യുന്നു.

80% വരുന്ന ഭൂരിപക്ഷത്തെ ന്യൂനപക്ഷങ്ങള്‍, വിശേഷിച്ചും മുസ്ലീങ്ങള്‍ കീഴടക്കുമെന്ന പരിഭ്രാന്തി പരത്തിയാണ് 2014-ല്‍ മൗലികവാദപാര്‍ട്ടിയായ ബിജെപി അധികാരത്തിലെത്തിയത്. താന്‍ ഹിന്ദു കുടുംബത്തില്‍ ജനിച്ചയാളാണെന്നും ഹിന്ദുവാണെന്നും അതുകൊണ്ടു ദേശസ്നേഹിയാണെന്നും പറഞ്ഞുകൊണ്ടാണ് 2014-ല്‍ നരേന്ദ്രമോദി തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഭരണം കൈയാളിയ ബിജെപി മതേതരത്വത്തെ നിരാകരിക്കുകയും ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും മതേതരത്വം ഒരു പാശ്ചാത്യസങ്കല്‍പമാണെന്നും ഇന്ത്യക്കിണങ്ങുകയില്ലെന്നും ഉള്ള വാദങ്ങളുറപ്പിക്കുകയും ചെയ്തു.

ബിജെപി യും അതിന്‍റെ ഉന്നതനേതാക്കളായ നരേന്ദ്രമോദിയെ പോലുള്ളവരും മതേതരത്വമെന്ന പ്രയോഗം തന്നെ ബോധപൂര്‍വം ഒഴിവാക്കുകയാണ്. മതേതരത്വം അവര്‍ക്കൊരു ജുഗുപ്സാവഹമായ വാക്കും കുഴപ്പംപിടിച്ച ആദര്‍ശവും ബുദ്ധിജീവികള്‍ക്കു മാത്രം (ഇന്നത്തെ ഭരണത്തില്‍ ബുദ്ധിജീവികള്‍ എന്നതു മറ്റൊരു തെറ്റായ പ്രയോഗമാണ്.) ചേരുന്നതുമാണ്. മൗലികവാദത്തെ മുഖ്യധാരയിലെത്തിക്കുന്നതിനും ഇന്ത്യന്‍ സമൂഹത്തിന്‍റെ ഘടന മാറ്റുന്നതിനുമുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം 2015-ലെ റിപ്പബ്ലിക് ദിനത്തില്‍ നല്‍കിയ ഒരു പരസ്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, മതേതര തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്തിരുന്നു. 1950-ലെ ഭരണഘടനയുടെ കോപ്പിയാണതെന്നായിരുന്നു വാദം. ഹിന്ദുരാഷ്ട്രവാദം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മുടന്തന്‍ ന്യായം മാത്രമായിരുന്നു അത്. ഇന്ത്യയിലെ മതേതരത്വം ഒരു വലിയ നുണയാണെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2017-ല്‍ പറഞ്ഞു. ഇക്കാലമത്രയും കേട്ടുകേള്‍വിയില്ലാതിരുന്ന സനാതന്‍ സന്‍സ്ഥ എന്ന ഹിന്ദു സംഘടന ഒരു പത്രസമ്മേളനം നടത്തുകയും ഇന്ത്യന്‍ ഭരണഘടനയില്‍ നിന്നു മതേതരത്വമെന്ന പദം മാറ്റണമെന്നു ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനയിലെ മതേതരത്വമെന്ന പദം ഭൂരിപക്ഷ ഹിന്ദുജനതയ്ക്ക് വലിയ ഭീഷണിയാണെന്ന സങ്കല്‍പമാണ് അവരുടേത്. സനാതന്‍ സന്‍സ്ഥയുടെ അനുയായികള്‍ ഇന്ത്യയില്‍ വിവിധ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. ഗൗരി ലങ്കേഷ്, നരേന്ദ്ര ധാബോല്‍ക്കര്‍ തുടങ്ങിയ ബുദ്ധിജീവികളുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ അവരാണ്.

ബിജെപി, ആര്‍എസ്എസിന്‍റെ ഒരു ഭാഗമായതിനാല്‍ ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് ആര്‍എസ്എസും വിഎച്ച്പിയും മറ്റു ഹിന്ദു സംഘടനകളും പറയുന്നതെന്ത് എന്നു മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരം സംഘടനകള്‍ ഇന്ത്യന്‍ ഭരണഘടനയോടുള്ള ശത്രുത പല ഘട്ടങ്ങളില്‍ പ്രകടിപ്പിച്ചിട്ടുള്ളവരാണ്. പുരാണഗ്രന്ഥങ്ങളെ ആധാരമാക്കി ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിക്കണമെന്നതാണ് അവരുടെ താത്പര്യം. ജനാധിപത്യസങ്കല്‍പം വൈദേശികമാണെന്നു കരുതുകയും മനുസ്മൃതിക്കു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തയാളാണ് ആര്‍എസ്എസ് താത്വികനായ ഗോള്‍വള്‍ക്കര്‍. മനുഷ്യവംശത്തിന്‍റെ ഏറ്റവും ആദ്യത്തേയും മികച്ചതും ബുദ്ധിപരവുമായ നിയമമാണ് മനുസ്മൃതിയെന്ന് അദ്ദേഹം കരുതി.

1949 നവംബര്‍ 26-നു ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിക്കുമ്പോള്‍ ആര്‍എസ്എസ് അതിനെ എതിര്‍ത്തു. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്‍റെ 1949 നവംബര്‍ 30 ലക്കത്തില്‍ എഴുതി, "നമ്മുടെ ഇന്ത്യന്‍ ഭരണഘടനയില്‍ ഭാരതത്തില്‍ പ്രാചീനകാലങ്ങളിലുണ്ടായ അതുല്യമായ ഭരണഘടനാവികസനത്തെ കുറിച്ചു പരാമര്‍ശമില്ല. മനുവിന്‍റെ നിയമങ്ങള്‍ പേര്‍ഷ്യയിലെ സോളോനെക്കാളും സ്പാര്‍ട്ടയിലെ ലൈകര്‍ ഗുസിനെക്കാളും പുരാതനമാണ്. ഇക്കാലം വരേയും മനുസ്മൃതി എന്നറിയപ്പെടുന്ന മനുവിന്‍റെ നിയമങ്ങള്‍ ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയിട്ടുള്ളതാണ്. പക്ഷേ നമ്മുടെ ഭരണഘടനാവിദഗ്ദ്ധര്‍ക്ക് അതൊന്നും പരിഗണനാവിഷയമല്ല."

ഹിന്ദുദേശീയവാദികളില്‍ ഭൂരിപക്ഷവും പ്രചോദനം സ്വീകരിക്കുന്ന താത്വികാചാര്യന്മാരിലൊരാളായ വിഡി സവര്‍ക്കര്‍ പറയുന്നതു നോക്കുക, "വേദങ്ങള്‍ കഴിഞ്ഞാല്‍ നമ്മുടെ ഹിന്ദുരാഷ്ട്രം ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഗ്രന്ഥമാണ് മനുസ്മൃതി. നമ്മുടെ സാംസ്കാരികാനുഷ്ഠാനങ്ങളുടേയും ചിന്തയുടേയും ആചാരങ്ങളുടേയും അടിസ്ഥാനമാണത്. നമ്മുടെ രാജ്യത്തിന്‍റെ ആത്മീയമേഖലയെ നല്ലൊരു കാലം വ്യവസ്ഥാപിതമാക്കി നിറുത്തിയത് ഈ ഗ്രന്ഥമാണ്. ഇന്നും കോടിക്കണക്കിനു ഹിന്ദുക്കള്‍ സ്വന്തം ആചാരാനുഷ്ഠാനങ്ങള്‍ക്കായി പി ന്തുടരുന്ന നിയമങ്ങള്‍ മനുസ്മൃതിയെ ആശ്രയിച്ചുള്ളതാണ്. വാസ്തവത്തില്‍ മനുസ്മൃതി ഇന്ന് ഹിന്ദു നിയമമാണ്."

മറ്റൊരു പ്രധാന ആര്‍എസ്എസ് ആചാര്യനും ബിജെപിയുടെ മുന്‍രൂപമായ ജനസംഘത്തിന്‍റെ നേതാവുമായിരുന്ന ദീനദയാല്‍ ഉപാദ്ധ്യായ പറഞ്ഞിരിക്കുന്നത് ഇന്ത്യ രൂപപ്പെടുത്തിയ ഭരണഘടന പാശ്ചാത്യ മൂല്യസംവിധാനങ്ങളെ പിന്തുടരുന്നതും ഇന്ത്യന്‍ ജീവിതവുമായി ബന്ധമില്ലാത്തതും ആണെന്നാണ്. ഹിന്ദുരാഷ്ട്രത്തിനു വേണ്ടിയുള്ള വാദത്തിനിടയില്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായ ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടുണ്ട്. ഇന്നത്തെ ബിജെപി നേതാക്കള്‍ക്ക് പ്രചോദനം പകരുന്ന ഒരു പ്രത്യയശാസ്ത്രമാണ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടേത്. ഭരണഘടനയിലെ 370, 25, 30 വകുപ്പുകള്‍ ബിജെപിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇവയെല്ലാം ഒരു ബഹുസ്വര സമൂഹത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതിനുള്ളതാണ്. ഇന്ത്യന്‍ ഭരണഘടനയിലെ തുല്യതയെന്ന മൗലികാശയത്തില്‍ നിന്നു രൂപപ്പെട്ടതാണ് ഇവയെല്ലാം. ബിജെപി പ്രത്യയശാസ്ത്രത്തിന്‍റെ ഉപജ്ഞാതാക്കളായ നിരവധി പേര്‍ മനുസ്മൃതിക്കു വലിയ പ്രാധാന്യം നല്‍കുന്നവരാണ്. ഇന്ത്യന്‍ ഭരണഘടനയുടെ സ്രഷ്ടാവായ അംബേദ്കര്‍ ചുട്ടെരിച്ച പുസ്തകമാണിതെന്നതില്‍ അത്ഭുതമില്ല. തുല്യതയ്ക്കായി പോരാടിയ അംബേദ്കര്‍ വിമര്‍ശനവിധേയമാക്കിയവയാണ് ഈ ഗ്രന്ഥങ്ങള്‍.

ഹിന്ദുദേശീയവാദത്തിനു വലിയ പ്രാധാന്യം നല്‍കുന്ന ബിജെപി ഇന്ത്യന്‍ ഭരണഘടനയെ സംബന്ധിച്ച് വലിയ ആശയക്കുഴപ്പം നേരിടുന്നുണ്ട്. ഇപ്പോഴത്തെ നിയമങ്ങളിലോ, കാശ്മീരിനെ കുറിച്ചുള്ള 370 ഉം മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള 25 ഉം ന്യൂനപക്ഷവിദ്യാഭ്യാസസ്ഥാപനങ്ങളെ കുറിച്ചുള്ള 30 ഉം പോലെയുള്ള വകുപ്പുകള്‍ അടങ്ങുന്ന ഇന്ത്യന്‍ ഭരണഘടനയെ സംബന്ധിച്ചും ബിജെപിയ്ക്കു തൃപ്തിയില്ല. ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താനാണ് ബിജെപി ഉന്നമിടു ന്നത്. ഇപ്പോള്‍ അവര്‍ തങ്ങളുടെ യഥാര്‍ത്ഥ അജണ്ട എളുപ്പത്തില്‍ തുറന്നു പറയില്ല. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മതേതര, ജനാധിപത്യ ഇടങ്ങള്‍ ഉപയോഗിച്ച് ഹിന്ദു ദേശീയവാദത്തിനു പാതയൊരുക്കുന്നതിനുള്ള രാഷ്ട്രീയരൂപീകരണങ്ങള്‍ക്കായാണ് അവരുടെ ഇപ്പോഴത്തെ പരിശ്രമങ്ങളെല്ലാം. തിരഞ്ഞെടുപ്പു ലക്ഷ്യങ്ങള്‍ക്കായി അവര്‍ ഇന്ത്യന്‍ ഭരണഘടനയോട് ആദരവു പ്രകടമാക്കും. ദളിതരും അധഃസ്ഥിതരുമായ എല്ലാവരുടേയും വോട്ടുകള്‍ അവര്‍ക്കാവശ്യമാണ്. ഇന്ത്യന്‍ ഭരണഘടന മാറ്റിയെഴുതാനാവശ്യമായ തിരഞ്ഞെടുപ്പുശക്തി ഇപ്പോള്‍ ഇല്ലാത്തതിനാല്‍ ബിജെപി അതിനെ കുറിച്ച് ഏറെയൊന്നും പറയുന്നില്ല. ലോക് സഭയില്‍ മാത്രമല്ല, രാജ്യസഭയില്‍ കൂടി ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടനയിന്മേല്‍ വലിയൊരാക്രമണം നടത്താമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.

1998-ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ സുപ്രീംകോടതി ജഡ്ജി എംഎന്‍ വെങ്കടചെല്ലയ്യയുടെ അദ്ധ്യക്ഷതയില്‍ ഒരു ഭരണഘടനാ അവലോകന സമിതി രൂപീകരിക്കപ്പെട്ടു. സ്വന്തം ലക്ഷ്യം വെളിപ്പെടുത്തിയ ഗുപ്തമായ ഒരു നീക്കമായിരുന്നു അത്. സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു വലിയ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് അതു നിറുത്തി വയ്ക്കുകയും ഹിന്ദുരാഷ്ട്രസാദ്ധ്യതകള്‍ ആരായുന്നത് അപ്പോഴത്തേയ്ക്ക് അവസാനിപ്പിക്കുകയും ചെയ്തു.

ഇപ്പോള്‍ രാജ്യസഭയില്‍ ബിജെപിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ല. രണ്ടു സഭകളിലും ഭൂരിപക്ഷമായി കഴിഞ്ഞാല്‍ അവര്‍ തങ്ങളുടെ യഥാര്‍ത്ഥ അജണ്ട പുറത്തെടുക്കും. അത്തരം ഭൂരിപക്ഷം ലഭിച്ചുകഴിയുമ്പോള്‍ അവര്‍ ഭരണഘടനയിന്മേല്‍ വലിയൊരു ആക്രമണം നടത്തുമെന്നതു തീര്‍ച്ചയാണ്. അത്തരമൊരു ഘട്ടത്തില്‍ സുപ്രീം കോടതി മതസ്വാതന്ത്ര്യമുള്‍പ്പെടെയുള്ള അടിസ്ഥാനപരമായ ഭരണഘടനാതത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമോ എന്നതാണു ചോദ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org