മതിലുകളില്ലാത്ത മനുഷ്യസമൂഹത്തിനായി

മതിലുകളില്ലാത്ത മനുഷ്യസമൂഹത്തിനായി

കാറ്റും മഴയും വെയിലും മഞ്ഞും കൂട്ടാക്കാതെയിതാരോ,
കാറ്റും മഴയും വെയിലും മഞ്ഞും കൂട്ടാക്കാതെയിതാരോ,
കൂട്ടാക്കാതെയിതാരാരോ…

കുട്ടിക്കാലത്ത് ദയാബായി കേട്ടു പഠിക്കുകയും ഏറ്റുപാടുകയും ചെയ്ത ഒരു പാട്ടാണിത്. പള്ളിയില്‍ നിന്നു പഠിച്ചത്. മിഷണറിമാരെ കുറിച്ചുള്ള പാട്ട്. ആ പാട്ട് ദയാബായി ഇന്നും മറന്നിട്ടില്ല. ജനുവരിയില്‍ എറണാകുളം സെന്‍റ് തെരേസാസ് കോളേജില്‍ മദര്‍ തെരേസാ ഓഫ് ലീമാ പുരസ്കാരം ഏറ്റു വാങ്ങിയപ്പോള്‍ ദയാബായി ഈ ഈരടികള്‍ പാടിക്കൊണ്ടു പറഞ്ഞു, "ആ വരികളിലാണ് ഞാനെന്‍റെ ജീവിതത്തെ കണ്ടത്. അതന്വേഷിച്ചാണു ഞാന്‍ പോയത്."

ആ വരികളുടെ പ്രചോദനമനുസരിച്ച് വീടു വിട്ടു, മഠം വിട്ടു, വേറിട്ട വഴികള്‍ തേടി. എങ്കിലും പ്രചോദനകേന്ദ്രത്തോട് തന്നെ ബന്ധിപ്പിച്ചു നിറുത്തുന്ന പൊക്കിള്‍ക്കൊടി താനൊരിക്കലും മുറിച്ചു കളഞ്ഞിട്ടില്ലെന്നു ദയാബായി ഓര്‍മ്മിക്കുന്നു. ഒരിക്കല്‍ ഏലസുകെട്ടി വീട്ടില്‍ വന്നപ്പോള്‍ അമ്മ ചോദിച്ചു, "കൊച്ചേ, നീയിപ്പോള്‍ ഓതിക്കെട്ടാനും തുടങ്ങിയോ?"

"മമ്മാ, ഇതു മമ്മാ വിചാരിക്കുന്നതു പോലെയല്ല," എന്നായിരുന്നു ദയാബായിയുടെ മറുപടി. "പള്ളിയില്‍ നിന്നും പട്ടക്കാരിലും നിന്നകന്ന് ദൂരെ ജീവിക്കുമ്പോള്‍ എനിക്കെന്‍റേതായ ചില കാര്യങ്ങള്‍ വേണമായിരുന്നു. ചേര്‍ത്തുപിടിക്കാന്‍ ചില കാര്യങ്ങള്‍. ഞാനൊരു കവിതയെഴുതി. 'പൊക്കിള്‍ക്കൊടി മുറിക്കരുതേ, ദയവായി മുറിക്കരുതേ.' ഈ കവിതയാണ് ഞാന്‍ ഏലസില്‍ കെട്ടി സൂക്ഷിച്ചത്. ഞാനിന്നു സഞ്ചരിക്കുന്ന വഴി വളരെ വ്യത്യസ്തമാണ്. ഒരുകാലത്ത് ഒരുപാടു പ്രാര്‍ത്ഥിക്കുകയും ധാരാളം കൊന്ത ചൊല്ലുകയും ഒക്കെ ചെയ്യുമായിരുന്നു. ഇന്ന് കല്ലും ഇഷ്ടികയും വച്ചു പണിത ദേവാലയങ്ങളില്‍ നിന്നു വളരെ ദൂരെ, പുരോഹിതരിലും പൂജാരിമാരിലും നിന്നു വളരെ ദൂരെ, ആരാലും അറിയപ്പെടാത്ത ആളുകളുടെ കൂടെ, പെരുവഴിയിലും കാട്ടിലുമൊക്കെ ജീവിക്കുന്ന ആളുകളുടെ കൂടെ കഴിയുകയാണ്. പക്ഷേ എവിടെയോ ഒരു സ്പാര്‍ക് ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്."

സഭയില്‍ നിന്നുള്ള അംഗീകാരങ്ങളൊക്കെ ലഭിക്കുമ്പോള്‍ ഒരു മിശ്രവികാരമാണ് ഉണ്ടാകുന്നതെന്നു ദയാബായി പറഞ്ഞു. "എന്തുകൊണ്ട് ഞാന്‍ എന്നൊരു ചോദ്യം ഉയര്‍ന്നു വരുന്നു. അതൊക്കെ ഏറ്റുവാങ്ങുമ്പോള്‍ വലിയ സംഘര്‍ഷവും അനുഭവിക്കുന്നുണ്ട്. എന്‍റെ ജീവിതമെന്നത് ഒരുപാടു ചെയ്തുകൂട്ടലോ പ്രവൃത്തികളോ ഒന്നുമല്ല. ഒരന്വേഷണയാത്രയായിരുന്നു. കൊച്ചുനാള്‍ മുതല്‍ ഉണ്ടായിരുന്ന സ്വപ്നങ്ങളും ചോദ്യങ്ങളും. ഞാനെന്തിനിവിടെ ഇങ്ങനെയായിരിക്കുന്നു? അവരെന്തുകൊണ്ട് അങ്ങനെയായിരിക്കുന്നു? ഈ ചോദ്യങ്ങള്‍, താഴെത്തട്ടിലുള്ളവരോടുള്ള ഒരാകര്‍ഷണം എന്നുമുണ്ടായിരുന്നു."

അംഗമായിരുന്ന സന്യാസസമൂഹത്തില്‍ നിന്നു പുറത്തു വന്നത് അവരുടെ കുഴപ്പം കൊണ്ടല്ലെന്നു ദയാബായി വ്യക്തമാക്കി. "ഞാനവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നു. അവര്‍ എന്നെ എന്നും പിന്തുണച്ചിട്ടേയുള്ളൂ. ആ സന്യാസസമൂഹത്തിന്‍റെ ചൈതന്യം തന്നെയാണ് ഞാനിന്നും ജീവിക്കുന്നത്. പക്ഷേ എന്‍റെ ജീവിതം ഒരു കോണ്‍വെന്‍റിനിണങ്ങുന്നതല്ല എന്നെനിക്കു തോന്നി. എന്‍റെ മിസ്ട്രസ് സിസ്റ്റര്‍ പറയുമായിരുന്നു, നീ കാലത്തിനു മുമ്പേ സഞ്ചരിക്കുന്നു. അതു ശരിയാണ്. ഇറങ്ങിയപ്പോള്‍ എന്നെ അനുഗ്രഹിച്ചാണ് അവരയച്ചത്. കൈക്കുമ്പിളില്‍ കോഴിക്കുഞ്ഞിരിക്കുന്ന ഒരു പടം നല്‍കി, ദൈവം എന്നെ ഇതുപോലെ കാത്തുകൊള്ളും എന്ന് അവര്‍ ആശംസിച്ചു. ആ കരുതല്‍ ഇന്നും ഞാനനുഭവിക്കുന്നുണ്ട്."

കോണ്‍വെന്‍റ് വിട്ടശേഷം ദിശാബോധം നഷ്ടമായതായും ഇരുട്ടത്തു തപ്പിത്തടയുന്നതായും ആദ്യഘട്ടത്തില്‍ തോന്നിയെന്ന് അവര്‍ ഓര്‍ക്കുന്നു. "അന്നു ബൈബിളിലൂടെ ഒരു യാത്ര നടത്തിയപ്പോഴാണ് എനിക്കു ദിശ മനസ്സിലായത്. ദൈവം നിരന്തരമായി ഉത്കണ്ഠപ്പെടുന്നതു പാവങ്ങളുടെ കാര്യത്തിലാണ്. പാവങ്ങളും ചൂഷിതരും. ദൈവം പാവങ്ങളുടെ പക്ഷം ചേരുകയും പാവങ്ങളോടു താദാത്മ്യപ്പെടുകയും ചെയ്യുന്നു. പാവപ്പെട്ട മനുഷ്യവംശവുമായുള്ള ലയനമാണ് ആദ്യത്തെ ക്രിസ്മസ്. ഇതാണു ഞാന്‍ മനസ്സിലാക്കിയത്. ഇതാണു ഞാന്‍ കൂടെ കൊണ്ടു പോകുന്നത്. എനിക്കു ജീവിക്കാനുള്ള കരുത്തു പകരുന്നത് ഇതാണ്. ഇതൊരു പ്രണയം പോലെ തീവ്രമാകുന്നു. അതുപോലെ എന്‍റെ സന്യാസസമൂഹത്തിന്‍റെ കാരിസവും. ഇന്നും ഇവ തന്നെയാണ് എന്‍റെ കരുത്ത്."

മതിലുകളും വിടവുകളുമില്ലാത്ത ഒരു മനുഷ്യസമൂഹമാണ് തന്‍റെ സ്വപ്നമെന്നു ദയാബായി വിശദീകരിക്കുന്നു, "ഞാന്‍ കാരുണ്യപ്രവൃത്തിയൊന്നുമല്ല ചെയ്യുന്നത്. ചുറ്റുവട്ടം നടക്കുന്ന അനീതികളും പരദൂഷണങ്ങളുമൊക്കെ കണ്ടും കേട്ടും മനസ്സു മടുക്കുമ്പോഴാണ് യേശു മലമുകളില്‍ പോയി പ്രാര്‍ത്ഥിച്ചതെന്നു ഞാന്‍ കരുതുന്നു. ദൈവത്തിന്‍റെ ആത്മാവ് ദരിദ്രര്‍ക്കു സുവിശേഷം പ്രസംഗിക്കാന്‍ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. എന്താണ് ആ സുവിശേഷം? വിമോചനം. ബോധവത്കരണം. നമുക്കു ചുറ്റും എന്തു സംഭവിക്കുന്നു? അതിനായി നമുക്ക് എന്തു ചെയ്യാനാകും? സമത്വസുന്ദരമായ ഒരു ലോകം പടുത്തുയര്‍ത്തണം. ആര്‍ക്കും ആരോടും പകയില്ലാതെ, ആരേയും പേടിക്കാതെ സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കണം. നമ്മുടെ രാജ്യത്തിന്‍റെ പാവനപുസ്തകത്തിന്‍റെ ആദ്യവാക്യങ്ങളും ഇതു തന്നെ. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം. വ്യക്തികളുടെ അന്തസ്സ് ഉറപ്പാക്കുക, രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സ്ഥാപിക്കുക. ഭരണഘടനയുടെ വാഗ്ദാനമാണ്. ഇവ എത്ര തവണ ഉരുവിട്ടാലും പോരാ. വിശേഷിച്ചും ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തില്‍."

ഇപ്പോള്‍ കാസര്‍ഗോഡിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടിയുള്ള സേവനവും സമരവുമായി മുന്നോട്ടു പോകുകയാണ് ദയാബായി. 2018-ല്‍ ചെന്നു കണ്ടു മടങ്ങിപ്പോകാന്‍ വേണ്ടിയാണ് ദയാബായി കാസര്‍ഗോട്ടെത്തുന്നത്. കണ്ടശേഷം സംഭവിച്ചത് ദയാബായിയുടെ വാക്കുകളില്‍ കേള്‍ക്കാം: "ഞാന്‍ തകര്‍ന്നു പോയി. ദൈവത്തിന്‍റെ സ്വന്തം നാട്, ഏറ്റവും വിദ്യാഭ്യാസമുള്ള നാട്, ഇവിടെ ഇരകളെ പോലെ ഇഴഞ്ഞു ജീവിക്കുന്ന മനുഷ്യര്‍. സ്വന്തം തെറ്റല്ല. വികസനത്തിന്‍റെ, ആര്‍ത്തിയുടെ, വിദേശനാണ്യക്കൊയ്ത്തിന്‍റെ പേരില്‍ പൊലിഞ്ഞു പോകുന്ന കുറെ ജീവിതങ്ങള്‍. കണ്ടു മടങ്ങാന്‍ എനിക്കു സാധിച്ചില്ല. ഇവിടെ തുടരാന്‍ നിര്‍ബന്ധിതയായി. "

"പ്രതീക്ഷ നഷ്ടപ്പെട്ട മനുഷ്യരാണവര്‍. ഓരോ നിമിഷവും അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയുമാണവര്‍. ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 21 ജീവിക്കാനുള്ള അവകാശം ഉറപ്പു തരുന്നുണ്ട്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നു പിന്നീടു കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. എവിടെയാണത്? ഇഴജീവികളെ പോലെ കഴിയുന്ന എന്‍ഡോസള്‍ഫാന്‍ ബാധിതരായ മനുഷ്യര്‍ക്ക് എവിടെയാണ് അന്തസ്സ്? 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ളവര്‍ക്ക് വിദ്യാഭ്യാസം അവകാശമാണ്. എവിടെയാണ് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കു വിദ്യാഭ്യാസം? സ്കൂളിലേയ്ക്കു ചെന്നാല്‍ എന്തിനാണ് ഈ കുട്ടികളെ ഇങ്ങോട്ടു കൊണ്ടുവരുന്നത് എന്ന ചോദ്യത്താല്‍ അപമാനിക്കപ്പെടുന്ന അമ്മമാര്‍."

രണ്ടു വര്‍ഷത്തിനിടെ നിരാഹാരമുള്‍പ്പെടെ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും ഇവര്‍ക്കായി ഒന്നും നേടാന്‍ കഴിഞ്ഞിട്ടില്ലെന്നു ദയാബായി പറഞ്ഞു. "നിങ്ങളെല്ലാവരും ഈ സാഹചര്യത്തെ നേരിടാന്‍ ബാദ്ധ്യസ്ഥരാണ്. എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. സമരങ്ങള്‍ തുടരുകയാണ്. ആഘോഷവേളകളിലെല്ലാം ഇവരെ നാമോര്‍ക്കണം. 25 ഉം 30 വയസ്സായ മക്കളെ കുഞ്ഞുങ്ങളെ പോലെ നോക്കാന്‍ വിധിക്കപ്പെട്ട അമ്മമാര്‍. മണിക്കൂറുകളെടുത്താണ് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നത്. അല്‍പം കാറ്റു കൊള്ളാന്‍ വീടിനു പുറത്തേയ്ക്കു ചുമന്നു കൊണ്ടു പോകണം. കുളിപ്പിക്കുന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കണം. അമ്മമാര്‍ക്കും പ്രായമായി, ക്ഷീണമായി. ഇതെല്ലാം ചെയ്യാന്‍ അവര്‍ കഷ്ടപ്പെടുകയാണ്. തങ്ങള്‍ മരിച്ചാല്‍ മക്കള്‍ക്കാര് എന്നു ചോദിച്ചു കരയുകയാണ് അവിടത്തെ അമ്മമാര്‍." അമ്മമാരുടെ ശബ്ദമില്ലാത്ത ഈ കരച്ചില്‍ നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു എന്നു പറഞ്ഞ് പ്രസംഗമവസാനിപ്പിച്ച ദയാബായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒരു ആലോചനായോഗത്തിലേയ്ക്കാണ് അവാര്‍ഡു സമര്‍പ്പണവേദിയില്‍ നിന്നു യാത്രയായത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org