മാതൃഭക്തിയുടെയും ദേശഭക്തിയുടെയും സമന്വയം

മാതൃഭക്തിയുടെയും ദേശഭക്തിയുടെയും സമന്വയം

മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
സഹായമെത്രാന്‍, കോട്ടയം രൂപത

ഓരോ ഭാരതീയ കത്തോലിക്കനും ഓഗസ്റ്റ് 15 രണ്ട് അമ്മമാരുടെ ഓര്‍മ്മ ദിനമാണ്. രണ്ട് നൂറ്റാണ്ടുകളോളം പാരതന്ത്ര്യത്തിന്‍റെ അടിമച്ചങ്ങലയില്‍ കഴിഞ്ഞ ശേഷം സ്വാതന്ത്ര്യത്തിന്‍റെ പൊന്‍പുലരിയിലേക്ക് മിഴി തുറന്ന ഭാരതാംബയുടെ ദിനം. മംഗളവാര്‍ത്ത മുതല്‍ സ്വര്‍ഗ്ഗാരോപണം വരെയുള്ള ദൈവേഷ്ടങ്ങളുടെ മുന്നില്‍ 'ഇതാ നിന്‍റെ ദാസി' (ലൂക്കാ. 1:38) എന്ന ഹൃദയഭാവത്തോടെ നിന്ന പരി. കന്യകാമറിയത്തെ മരണമില്ലാതെ നിത്യതയിലേക്ക് ദൈവം ഉയര്‍ത്തിയ ദിനം. രണ്ട് അമ്മമാരും സമാനതകളില്ലാതെ സഹനങ്ങളുടെ കനല്‍വഴികളിലൂടെയാണ് വിജയത്തിന്‍റെ തീരത്ത് എത്തിയത് എന്നതാണ് ഈ ദിനത്തിന്‍റെ ഏറ്റവും വലിയ സവിശേഷത.

ഭാരതത്തിലെ ഓരോ ക്രൈസ്തവനും ഓഗസ്റ്റ് 15 പ്രതീക്ഷകളുടെ ഒരു സുദിനം കൂടിയാണ്. ദൈവത്തിന്‍റെ ഏകജാതന്‍ മനുഷ്യരൂപം ധരിച്ച പരി. മറിയത്തിന്‍റെ ശരീരം മരണത്തിന്‍റെ ദംശനമേല്‍ക്കാതെ സ്വര്‍ഗ്ഗത്തിന്‍റെ മഹത്ത്വത്തിലേയ്ക്ക് എടുക്കപ്പെട്ട ദിനം. ഗബ്രിയേല്‍ ദൂതന്‍റെ മുന്നില്‍ "ഇതാ കര്‍ത്താവിന്‍റെ ദാസി" എന്നു പ്രത്യുച്ഛരിച്ചതു മുതല്‍ പരി. മറിയം ദൈവേഷ്ടങ്ങളുടെ അടിമയായി മാറുകയാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ പരി. മറിയം തന്‍റെ സ്വാതന്ത്ര്യത്തിന് പുതിയ മാനങ്ങള്‍ നല്കുകയാണ്. ഇത് സ്വാതന്ത്ര്യമില്ലാത്ത ഒരു അവസ്ഥയിലേക്ക് പരി. മറിയം മാറി എന്നല്ല മറിച്ച്, അത്യുന്നതന്‍റെ മുന്നില്‍ എല്ലാം സമര്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആന്തരികമായ ആനന്ദം അനുഭവിക്കാന്‍ തുടങ്ങി എന്നാണ് അര്‍ത്ഥമാക്കുന്നത്. സ്വന്തം ഇഷ്ടങ്ങളെ ഉപരിനന്മയ്ക്കുവേണ്ടി ത്യജിക്കാന്‍ മനസ്സാകുമ്പോഴാണ് അതിരുകള്‍ ഇല്ലാത്ത സ്വാതന്ത്ര്യത്തിന്‍റെ അനുഭവം സ്വന്തമാകുന്നത്. "നിന്‍റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക" (ഉല്പത്തി 12:1) എന്ന് യഹോവയായ ദൈവം കല്പിക്കുമ്പോള്‍ വിശ്വാസികളുടെ പിതാവെന്ന് വി. ഗ്രന്ഥം വിശേഷിപ്പിക്കുന്ന അബ്രാഹം അക്ഷരാര്‍ത്ഥത്തില്‍ അനുസരിക്കുന്നത് അടിമത്തമാണെന്ന് നാം തെറ്റിദ്ധരിക്കാനിടയുണ്ട്. എന്നാല്‍ തുടര്‍ന്നുവരുന്ന രക്ഷാകര സംഭവങ്ങളില്‍ "നീ ഒരനുഗ്രഹമായിരിക്കും നിന്നിലൂടെ ഭൂമുഖത്തെ വംശമെല്ലാം അനുഗ്രഹീതമാകുമെന്നും തുടര്‍ന്ന് വരുന്ന തലമുറകളും അനുഗ്രഹിക്കപ്പെടുന്നതും കൂട്ടിവായിക്കുമ്പോള്‍ അബ്രാഹം സഞ്ചരിച്ചത് അടിമത്തത്തിലേക്കല്ല സ്വാതന്ത്ര്യത്തിലേക്കാണെന്ന് തിരിച്ചറിയാന്‍ കഴിയും. ദൈവഹിതത്തിന് പൂര്‍ണ്ണമായി വിട്ടുകൊടുത്തുകൊണ്ട് യേശുവിന്‍റെ ജനന പരസ്യജീവിതവഴികളിലും 'എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചും' 'അവന്‍ പറയുന്നതുപോലെ ചെയ്തും' കുരിശിന്‍ചുവട്ടിലും പരി. അമ്മ യഥാര്‍ത്ഥ ശിഷ്യയെപ്പോലെ അനുഗമിച്ചതുകൊണ്ടാണ് 'സ്ത്രീയേ ഇതാ നിന്‍റെ മകനെന്നും, ഇതാ നിന്‍റെ അമ്മയെന്നും' (യോഹ. 14:26-27) പരി. അമ്മയോടും യോഹന്നാനോടുമായി കാല്‍വരിയില്‍ ഈശോ അരുളിച്ചെയ്തത്. അപ്പോള്‍ മുതല്‍ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു. അവിടുന്നു കല്പനയനുസരിച്ചുതന്നെ സഭയാകുന്ന ഭവനത്തില്‍ വണക്കത്തിനായി പ്രത്യേകമാംവിധം അവള്‍ സ്വീകരിക്കപ്പെടുകയും ഉയര്‍ത്തപ്പെടുകയും ചെയ്തിരിക്കുന്നു.

1950 നവംബര്‍ ഒന്നാം തീയതി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ 'മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണം' എന്ന ചാക്രികലേഖനം വഴി മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. വെളിപാട് 11-ാം അദ്ധ്യായം ഈ വിശ്വാസസത്യത്തിന് വേദപുസ്തകസാക്ഷ്യമായി കാണിച്ചു. മാതാവും ഉണ്ണീശോയും തമ്മിലുള്ള ബന്ധം കുഴിമാടത്തിനപ്പുറത്തും ശാരീരികമായി കൂടെയുള്ളത് അഭികാമ്യമാണെന്ന് മാര്‍പാപ്പ എടുത്തുകാട്ടി. മാതാവ് രണ്ടാമത്തെ ഹവ്വയാണെന്നും അവളുടെ കന്യകാശരീരം പുത്രന്‍ വേണ്ടുംവിധം സൂക്ഷിച്ചുവെന്നും മാതാവിന്‍റെ പദവികളുടെ ഉച്ചകോടിയാണ് സ്വര്‍ഗ്ഗാരോപണമെന്നും വിശ്വാസികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞതാണ് ഈ സത്യമെന്നും പരി. പിതാവ് ഓര്‍മ്മിപ്പിച്ചു. ജറുസലെമില്‍ ആരംഭിച്ച ഈ തിരുനാള്‍, മാതാവിന്‍റെ ഉറക്കം മാതാവിന്‍റെ കടന്നുപോകല്‍ മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണം എന്നൊക്കെ അറിയപ്പെട്ടിരുന്നു. മറിയം ദൈവപരിപാലനത്തിന്‍റെ പദ്ധതിയനുസരിച്ച് ഈ ലോകത്തില്‍ ദിവ്യരക്ഷകന്‍റെ വത്സലമാതാവായും മറ്റുള്ളവരേക്കാള്‍ പ്രത്യേകമാംവിധം കര്‍ത്താവിന്‍റെ ഔദാര്യനിധിയായ സഹകാരിണിയായും വിനീതദാസിയായും ഉയര്‍ന്നുനിന്നു (ലൂക്കാ. 9:61). "അമ്മ ബഹുമാനിക്കപ്പെടുമ്പോള്‍ ആര്‍ക്കുവേണ്ടിയാണോ (കൊ ളോ. 1:15-16) ആരില്‍ സര്‍വ്വ സമ്പൂര്‍ണ്ണതയും നിവസിക്കണമെന്ന് (കൊളോ. 1:17) പിതാവ് തിരുമനസായോ ആ പുത്രന്‍ വേണ്ടവിധം അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും മഹത്വീകരിക്കപ്പെടുകയും അവന്‍റെ കല്പനകള്‍ പാലിക്കപ്പെടുകയും ചെയ്യേണ്ടതിനു വേണ്ടിയാണ് (ലൂക്കാ 9:66). മറിയത്തിലൂടെ യേശുവിലേക്കാണ് നാം തിരിയുന്നത്. മറിയത്തില്‍ അവസാനിക്കുന്നില്ല, യേശുവിലാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. സുവിശേഷത്തിലെ വിവേകമതികളായ കന്യകമാരേപ്പോലെ (മത്തായി 25:1-13) ചെറിയ കാര്യങ്ങളില്‍ വിശ്വസ്തരായ ഭൃത്യന്മാരെപ്പോലെ (മത്തായി 25:14-30) ഏറ്റവും എളിയ സഹോദരന്മാര്‍ക്ക് നന്മ ചെയ്ത് (മത്തായി 25:31-46) സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിച്ച മറിയം നമ്മുടെ നിത്യതയിലേക്കുള്ള ഈ തീര്‍ത്ഥാടന വഴികളില്‍ പ്രചോദനമായിരിക്കട്ടെ.

സ്വാതന്ത്ര്യസമരത്തിന്‍റെ ബലിക്കല്ലില്‍ അറിഞ്ഞും അറിയാതെയും ജീവന്‍ ഹോമിച്ച ആയിരക്കണക്കിന് ദേശസ്നേഹികള്‍ ഭാരതാംബയുടെ സ്വാതന്ത്ര്യമാണ് തങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങളെക്കാളും സ്വപ്നങ്ങളെക്കാളും പരമമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സഹനസമരവീഥികള്‍ സന്തോഷത്തോടെ താണ്ടാന്‍ അവര്‍ക്ക് ഊര്‍ജ്ജമേകി. 1947 മുതല്‍ ഇന്നുവരെയുള്ള സ്വതന്ത്രഭാരതത്തിന്‍റെ ചരിത്രവഴികളില്‍ ഓരോ ഭാരതീയനെയും അഭിമാനം കൊള്ളിക്കുന്ന നിരവധി നേട്ടങ്ങള്‍ ഉണ്ട്. സുസ്ഥിരമായ ജനാധിപത്യ ഭരണസമ്പ്രദായത്തിന്‍റെ പേരിലും മാനവവിഭവശേഷിയുടെയും സാമ്പത്തിക പരിഷ്കാരത്തിന്‍റെയും പേരിലും ഭാരതം ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ തല ഉയര്‍ത്തി നില്ക്കുകയാണ്. ലോകരാഷ്ട്രങ്ങളുടെ പൊതുതീരുമാനങ്ങളെ സ്വാധീനിക്കുംവിധം ഇടപെടാന്‍ ശേഷിയുള്ള ഭാരതത്തിന്‍റെ നയതന്ത്ര നീക്കങ്ങള്‍ മറ്റു രാജ്യങ്ങള്‍ കരുതലോടെ വീക്ഷിക്കുന്നു എന്നത് നമ്മെ അഭിമാനം കൊള്ളിക്കുന്ന യാഥാര്‍ത്ഥ്യമാണ്. മാത്രവുമല്ല, 'നാനാത്വത്തില്‍ ഏകത്വം' നില നിര്‍ത്തപ്പെടുന്നു എന്നുള്ളത് ഭാരതത്തിന്‍റെ സവിശേഷതയും സംഭാവനയുമാണ്.

29 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണപ്രദേശങ്ങളും 1650-ല്‍ പരം ഭാഷകളും അനേകം ജാതികളും ഗോത്രങ്ങളും മതങ്ങളും ഉത്സവങ്ങളും ഭക്ഷണവസ്ത്രധാരണരീതികളും നദികളും മലനാട് ഇടനാട് തീരപ്രദേശങ്ങളുമടങ്ങുന്ന ജൈവവൈവിധ്യങ്ങളും പ്രകൃതിരമണീയമായ ഭൂപ്രദേശങ്ങളുമുള്ള ഭാരതം ബഹുസ്വരതയുടെ നാടെന്ന നിലയില്‍ ലോകരാജ്യങ്ങളുടെ മുന്‍പില്‍ തലയുയര്‍ത്തി നില്ക്കുന്നു. ഈ ശക്തിയും സൗന്ദര്യവും സാധ്യതകളും സമ്പത്തും സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പും കൂടുതല്‍ തിരിച്ചറിഞ്ഞിട്ടുള്ളത് ഭാരതീയരെക്കാള്‍ വിദേശീയരാണെന്നുള്ളതാണ് വിരോധാഭാസം.

130 കോടിയിലധികം ജനങ്ങള്‍, ലോകജനസംഖ്യയിലെ 17.5% ജനങ്ങള്‍ ഇന്ത്യയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2020-ലെ ത്തുമ്പോള്‍ ഇന്ത്യക്കാരുടെ ശരാശരി പ്രായം 29. മറ്റു രാജ്യങ്ങള്‍ വാര്‍ദ്ധക്യത്തിലൂടെ കടന്നുപോകുമ്പോള്‍ നാം യൗവ്വനത്തിലേക്ക് അടുത്തുവരുന്നുവെന്നും ജനസംഖ്യയുടെ 64% ജോലി ചെയ്യാന്‍ പറ്റുന്ന പ്രായത്തിലുള്ളവരായിരിക്കുമെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മാനവവിഭവശേഷിയുടെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു വരുന്നത് മുന്നില്‍ കണ്ട് സ്വദേശത്തും വിദേശത്തുമുള്ള തൊഴില്‍സാധ്യതകള്‍ക്കനുസരിച്ച് ഗുണപരമായ വിദ്യാഭ്യാസവും പരിശീലനവും വ്യത്യസ്ത തൊഴിലിലുള്ള നൈപുണ്യവും വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ, നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ യുവജന സൗഹൃദപരമായ നയങ്ങള്‍ രൂപീകരിക്കുകയും ഇച്ഛാശക്തിയോടു കൂടെ സമയബന്ധിതമായി നടപ്പാക്കുകയും വേണം. മറിച്ചാണെങ്കില്‍ നമ്മുടെ യുവജനങ്ങള്‍ അസംതൃപ്തരും അലസരുമായി രാജ്യത്തിനു ബാധ്യതയായി മാറുമ്പോള്‍ രാജ്യം വലിയൊരു വിപത്തിനെയായിരിക്കും നേരിടേണ്ടി വരുന്നത്.

പ്രാചീനവും അതിസമ്പന്നവുമായ ഭാരത സംസ്ക്കാരത്തെ വികലവും വ്യക്ത്യാധിഷ്ഠിതവുമായ ഇച്ഛകള്‍ക്കനുസൃതമായി 'ക്രയ വിക്രയം' ചെയ്തുവോ എന്ന് ചിലരെങ്കിലും ഭയന്നുപോകുന്നു. ത്യാഗികള്‍ നേടിയെടുത്ത സ്വാതന്ത്ര്യം ഭോഗികള്‍ കൈയ്യടക്കുന്നുവോ എന്നുള്ള ആശങ്ക ഏറിവരു ന്നു. സ്വായത്തമാക്കിയ നേട്ടങ്ങളുടെ പേരില്‍ ശിരസ് ഉയര്‍ത്തി നിന്ന് അഭിമാനിക്കുമ്പോഴും ഓരോ ഭാരതീയനെയും അസ്വസ്ഥമാക്കുന്ന വാര്‍ത്തകള്‍ കൂടി പുറത്തുവരുന്നുണ്ട് എന്നതും ഈ അവസരത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കപ്പെടേണ്ടതാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ നിലനില്ക്കുന്നു. ആര്‍ഷഭാരതസംസ്കൃതിയുടെ യശസ്സിനു കളങ്കം ഏല്പിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ കടന്നുകയറ്റവും വിശ്വമാനവീകതയുടെ ആത്മാവിനെ ശിഥിലമാക്കുന്ന ജാതി മത വര്‍ഗ്ഗ വര്‍ണ്ണങ്ങളുടെ പേരിലുള്ള ഒറ്റപ്പെടുത്തലുകളും അടിച്ചമര്‍ത്തലുകളും സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ഭൂഷണമല്ല എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

വ്യവസായത്തിലും വിദേശപണത്തിലും മാത്രം ആശ്രയിക്കാതെ കൃഷിയെ പ്രോത്സാഹിപ്പിച്ചും ഭൂമിയില്‍ അദ്ധ്വാനിച്ചും പ്രകൃതിയോടിണങ്ങിയ ജീവിതശൈലി സ്വീകരിച്ചും ഭാരതാംബയുടെ സൗന്ദര്യം വീണ്ടെടുക്കാം. മരങ്ങള്‍ നട്ടുവളര്‍ത്താതെ വെട്ടി മുറിക്കുന്നതും ജലാശയങ്ങള്‍ മലിനമാക്കുന്നതും പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കാത്തതും അമ്മയുടെ മുഖം വിരൂപമാക്കും. ഭാരതത്തിന്‍റെ ആത്മാവിനേറ്റ മുറിവുകള്‍ ഓരോ ഭാരതീയനും ഏല്പിച്ചിട്ടുള്ളതാണ്. ഉള്ളിലേക്കു തിരിഞ്ഞ് ഉത്തരവാദിത്വങ്ങളിലൂടെ, ത്യാഗപൂര്‍വ്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഓരോ ഭാരതീയനും തയ്യാറാകുന്നിടത്ത് നമ്മുടെ അനന്ത സാധ്യതകളിലൂടെയും കൂലീന സംസ്കാരത്തിലൂടെയും മാനവ വിഭവശേഷിയിലൂടെയും സഹിഷ്ണുതയിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായിത്തീരാന്‍ അധികസമയമെടുക്കില്ല.

"എവിടെ മനസ് നിര്‍ഭയമായി ശിരസ് ഉയര്‍ന്നു നില്ക്കുന്നുവോ, എവിടെ വിജ്ഞാനം പൂര്‍ണ്ണ സ്വതന്ത്ര്യമായിരിക്കുന്നുവോ എവിടെ ലോകം ചെറുകണികകളായി വിഭജിക്കപ്പെടാതിരിക്കുന്നുവോ, ദൈവമേ എവിടെ മനസ് ചിന്തകളാല്‍ നയിക്കപ്പെടുന്നുവോ, ആ സ്വര്‍ഗ്ഗ സ്വാതന്ത്ര്യത്തിലേക്ക് എന്‍റെ ദൈവമേ എന്‍റെ നാടുണരണമെ" എന്ന ടാഗോറിന്‍റെ ഗീതാ ജ്ഞലിയിലെ വരികള്‍ ചേര്‍ത്തു വച്ച് ഭാരതാംബികയുടെ ക്ഷേമത്തിനും സുസ്ഥിതിക്കും സമാധാനത്തിനും ഐശ്വര്യത്തിനുമായി സ്വര്‍ഗ്ഗാരോപിതയായ പരി. അമ്മ വഴിയായി ദൈവത്തോട് പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org