Latest News
|^| Home -> Cover story -> മാതൃഭാഷയും ദേശസംസ്കൃതിയും

മാതൃഭാഷയും ദേശസംസ്കൃതിയും

Sathyadeepam

ഡോ. കെ. എസ് രാധാകൃഷ്ണന്‍

ഒരു ജനിതകരൂപത്തിലൂടെ സ്വാഭാവികമായി രൂപംകൊണ്ടുവരുന്ന ഭാഷയാണ് മാതൃഭാഷ. അത് അമ്മയുടെ മുലപ്പാലിനൊപ്പം നാം രുചിച്ചു ഭുജിച്ചു സ്വീകരിക്കുന്ന ഒന്നാണ്. അതിന് കാലാകാലങ്ങളില്‍ മാറ്റവും സംഭവിക്കാറുണ്ട്. മാതൃഭാഷ എന്നത് ഒരിക്കലും മാറാതെ നില്‍ക്കുന്ന ഒന്നല്ല. നമ്മുടെ ചിന്താരീതികള്‍ക്കനുസരിച്ചുവരുന്ന വ്യത്യാസമനുസരിച്ച് ഭാഷയ്ക്കും വ്യത്യാസം വരും. ഇപ്പോള്‍ പുതിയൊരു വാക്കുതന്നെ മലയാളത്തില്‍ വന്നിട്ടുണ്ട്. “ഡാ” എന്നു പറയുന്നത്. എല്ലാം കഴിഞ്ഞിട്ട് ഡാ എന്നു കൂടിച്ചേര്‍ക്കും. പുതിയ തലമുറയുടെ ഭാഷയാണത്. അതു വേറിട്ടു നില്‍ക്കുന്ന ഒന്നല്ല. അതും ചേരുന്നതാണ് നമ്മുടെ മാതൃഭാഷ.

ഒരു മനുഷ്യനു സ്വാഭാവികമായി ചിരിക്കാനും കരയാനും ചിന്തിക്കാനും കഴിയുന്ന ഭാഷയാണ് എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ മാതൃഭാഷ. എന്നെ സംബന്ധിച്ചിടത്തോളം അത് മലയാളമാണ്. എത്ര ശ്രമിച്ചാലും എനിക്ക് മലയാളത്തിലേ ചിരിക്കാന്‍ കഴിയൂ, കരയാനും കഴിയൂ, ചിന്തിക്കാനും കഴിയൂ. മറ്റു ഭാഷകള്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നല്ല, ഒരു സ്വാഭാവിക രീതിയില്‍ അതു വരുന്നത് മലയാളത്തില്‍ ആയിരിക്കും.

മലയാളം എന്നു പറയുമ്പോള്‍ ഏതു മലയാളം, എന്തു മലയാളം എന്നൊരു ചോദ്യം വരും. ഇന്നു നാം കാണുന്ന മലയാളം രൂപപ്പെട്ടു വരികയും ഇന്നു നാം ഉപയോഗിക്കുന്ന വാക്കുകള്‍ മലയാളമാണെന്നു ധരിക്കുകയും ചെയ്യുന്നത് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍റെ മലയാളമാണ്. എഴുത്തച്ഛനു മുമ്പും മലയാളം ഉണ്ട്. പക്ഷെ എഴുത്തച്ഛന്‍ ഉപയോഗിച്ച മുഴുവന്‍ വാക്കുകളും മലയാളമാണെന്ന് മലയാളി ധരിച്ചുപോയി. എഴുത്തച്ഛനാണ് ഏറ്റവുമധികം സംസ്കൃത വാക്കുകള്‍ ഉപയോഗിച്ചിട്ടു ള്ള കവി. വളരെയേറെ തമിഴ് വാക്കുകളും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ എഴുത്തച്ഛന്‍ ഉപയോഗിച്ചപ്പോള്‍ ആ തമിഴ്, സംസ്കൃതവാക്കുകളെല്ലാം മലയാളഭാഷയുടെ അവിഭാജ്യഘടകങ്ങളായി തീരുകയാണുണ്ടായത്. അതിനു കാരണം, നമ്മുടെ ഹൃദയതാളത്തിനനുസരിച്ചാണ് അദ്ദേഹം ഈ വാക്കുകള്‍ ഉപയോഗിച്ചത്. എന്നു മാത്രമല്ല, അന്നുവരെ ലഭ്യമായിരുന്ന വിജ്ഞാനങ്ങള്‍ മുഴുവന്‍ മലയാളത്തിലൂടെ ആവിഷ്ക്കരിക്കാന്‍ കഴിയുമെന്ന് ആദ്യമായി ബോധ്യം വരുന്നത് എഴുത്തച്ഛന്‍ എഴുതിയപ്പോഴാണ്. കഥാപാത്രങ്ങളുടെ സ്വഭാവത്തിന്‍റെ സവിശേഷതകള്‍ക്കനുസരിച്ച് ഒരേ വൃത്തത്തിന്‍റെ തന്നെ ഭാവങ്ങള്‍ മാറിപ്പോകുന്നതെങ്ങനെ എന്ന് നാം അമ്പരപ്പോടെ മനസ്സിലാക്കുന്നത് എഴുത്തച്ഛനെ വായിക്കുമ്പോഴാണ്….

ഞങ്ങള്‍ കൊച്ചിയിലുള്ളവര്‍ ചില്ലക്ഷരം ഉപയോഗിക്കാറില്ല. ഞങ്ങ, നിങ്ങ, ആണുങ്ങ, പെണ്ണുങ്ങ എന്നല്ലാതെ ഞങ്ങള്‍, ആണുങ്ങള്‍ പെണ്ണുങ്ങള്‍ എന്നുച്ചരിക്കില്ല. ഞങ്ങളുടെ മലയാളം ആ മലയാളമായിട്ടു നിന്നാല്‍ മതി. തൃശ്ശൂര്‍ക്കാര്‍ വാക്കുതന്നെ മാറ്റിക്കളയും. നമ്മുടെ എന്നാല്‍ ഞങ്ങളുടെ എന്നാണല്ലോ. തൃശ്ശൂരില്‍ ചെന്നപ്പോള്‍ ഇതു നമ്മുടെ ഭാര്യയല്ലേ എന്നായി ചോദ്യം. നമ്മുടെയല്ല, എന്‍റെ ഭാര്യയാണ് എന്നു പറഞ്ഞു. അവിടെ നമ്മുടെ എന്നു പറഞ്ഞാല്‍ നിങ്ങളുടെ എന്നാണ്. തിരുവനന്തപുരത്ത് മറ്റൊരു ശൈലിയാണ്. അവരവര്‍ക്ക് അവരുടെ ഭാഷമതി. അതാണു വേണ്ടത്. നിങ്ങള്‍ ആരെങ്കിലും സീരിയലിലെ ഭാഷ സംസാരിക്കുമോ? നമ്മളാരെങ്കിലും വീട്ടില്‍ ചെന്ന് “മാതാശ്രീ അന്നം വിളമ്പിയാലും ഞാന്‍ ഭുജിക്കട്ടെ” എന്നു പറയുമോ? അമ്മേ എന്ന ഒറ്റവിളിയില്‍ അമ്മയ്ക്ക് അതിന്‍റെ അര്‍ത്ഥം അറിയാനാകും. അതാണ് മാതൃഭാഷ. മകന്‍ അമ്മേ എന്നു വിളിക്കുമ്പോള്‍ ആ വിളിയില്‍ അവന്‍റെ വിശപ്പും ദാഹവും ദുഃഖവും എല്ലാം അറിയുന്ന ഭാഷയെയാണ് ഞാന്‍ മാതൃഭാഷ എന്നു വിളിക്കുന്നത്. അതില്‍ വ്യാകരണ നിയമങ്ങളൊക്കെ വേണമെങ്കില്‍ വന്നാല്‍ മതി. ഓരോ മലയാളിക്കും ഉള്ള മലയാളം അതി ന്‍റെ എല്ലാ ഭാവവൈവിധ്യങ്ങളോടും കൂടി നിലനില്‍ക്കുന്നതിനെയാണ് ഞാന്‍ മാതൃഭാഷ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അടുത്തത്, ദേശസംസ്കൃതിയാണ്. വളരെ സമ്പന്നമായ, ഫലവത്തായ, വര്‍ത്തമാന കാലത്തില്‍ ഒരു താത്പര്യവുമില്ലാതെ എല്ലാ മലയാളികളും എപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്, വളരെ സമ്പന്നമായ ഒരു ഭൂതകാലമുണ്ടായിരുന്നു എന്ന് സ്ഥാപിക്കാനാണ്. എല്ലാ മലയാളികളും എപ്പോഴും ശ്രമിക്കുന്നത്, ഉപ്പാപ്പാക്ക് ആനയുണ്ടായിരുന്നു എന്നു പറയാനാണ്. ദേശസംസ്കൃതിയെക്കുറിച്ചു പറ യുമ്പോള്‍ സംസ്ക്കാരത്തെക്കുറിച്ചു ചിന്തിക്കണം. എന്താണ് സംസ്ക്കാരം? ആടുക, പാടുക, അഭിനയിക്കുക, എഴുതുക, പറയുക ഇതൊക്കെ ചെയ്യുന്ന സംസ്ക്കാരമാണോ? ഇതൊന്നും സംസ്ക്കാരമല്ല എന്നു ലോകത്തോട് ആദ്യം വിളിച്ചു പറഞ്ഞത് വാത്മീകിയാണ്. രാവണന്‍ ഈ കാര്യങ്ങളിലൊക്കെ പരമ യോഗ്യനായിരുന്നു. ഇവിടെ ആളുകള്‍ ധരിച്ചിരിക്കുന്ന പോലെ രാവണന്‍ ചണ്ഡാളനല്ല. ആദിവാസിയോ കാട്ടുവര്‍ഗ്ഗമോ അല്ല. ഒന്നാന്തരം വേദബ്രാഹ്മണനാണ്. നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും രാവണന് ഹൃദിസ്ഥമായിരുന്നു. വലിയ നര്‍ത്തകനായിരുന്നു. ഹനുമാന്‍ അവിടെ ചെല്ലുമ്പോള്‍ അപ്സരസുകളെ വെല്ലുന്ന സ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്തു തളര്‍ന്നു കിടന്നുറങ്ങുന്ന രാവണന്‍റെ ചിത്രമുണ്ട്. വലിയ ധനികനായിരുന്നു. അസാമാന്യമായ കൈക്കരുത്ത്, ആയുധ വിദ്യയില്‍ നിപുണന്‍. പരമ സുന്ദരന്‍. പക്ഷെ രാവണനെ സാംസ്ക്കാരിക നായകനായി കരുതാന്‍ കഴിയുമോ? രാമന്‍ ഒരു മൂളിപ്പാട്ടു പാടിയതായി സീതപോലും അനുസ്മരിച്ചിട്ടില്ല. പക്ഷെ സംസ്ക്കാരത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ നാം രാമനെയാണോ രാവണനെയാണോ കാണുക?

എന്താണ് സംസ്ക്കാരം? നമ്മുടെ ജീവിതത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കി മാറ്റുന്ന മനുഷ്യ കര്‍മ്മമാണ് സംസ്ക്കാരം. നാം ആരുമറിയാതെ വയലില്‍ വെയിലും മഴയും മഞ്ഞും കൊണ്ട് പണിയെടുക്കുന്ന കര്‍ഷകന്‍ സംസ്ക്കാരമുള്ളവനാണ്. നമുക്കുവേണ്ടി നമ്മുടെ പരിസരം ശുചിയാക്കി മാറ്റുന്ന ശുചീകരണ ജോലിക്കാര്‍ക്ക് സംസ്ക്കാരമുണ്ട്. കാരണം, അവരുടെ ജീവിതം കൊണ്ടാണ് നമ്മുടെ ജീവിതം കൂടുതല്‍ സുഗമമായി, ജീവിതയോഗ്യമായി മാറുന്നത്. എഴുതാനും പാടാനും നൃത്തം ചെയ്യാനുമുള്ള ഒരാളുടെ കഴിവ് നമ്മുടെ ജീവിതത്തെ കൂടുതല്‍ പ്രകാശപൂര്‍ണമാക്കി മാറ്റുമെങ്കില്‍ മാത്രമേ അത് സംസ്ക്കാരമായിതീരൂ. അല്ലെങ്കില്‍ അതു സംസ്ക്കാരമല്ല എന്നു പറയാന്‍ നാം മടിക്കരുത്. വാത്മീകി വലിയ കവിയാകുന്നത്, അരുത് കാട്ടാളാ എന്ന് ആജ്ഞാപിക്കുന്നതിനുവേണ്ടി തന്‍റെ തപശക്തി മുഴുവനും ഉപയോഗിച്ചതുകൊണ്ടാണ്. അല്ലെങ്കില്‍ വാത്മീകി സംസ്ക്കാരത്തിന്‍റെ പ്രതീകമായി മാറുക അസാധ്യമാണ്. നമ്മുടെ ദേശത്ത് ഉണ്ടാകുന്ന എല്ലാ മനുഷ്യയത്നങ്ങളും ഈ ജീവിതത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കി മാറ്റാന്‍ ഉതകുന്നതാണ് എന്നുണ്ടെങ്കില്‍ ആ ദേശ സംസ്കൃതിയെ നാം ആദരിക്കുക തന്നെവേണം. അല്ലെങ്കില്‍ അതിനെ നിരാകരിക്കണം. വെളിച്ചം തൂകുന്നതുവരെ മാത്രമേ ഏതു വിഗ്രഹത്തെയും നമുക്കു പൂജിക്കാന്‍ ബാധ്യതയുള്ളൂ എന്ന് ഇടശ്ശേരി പറഞ്ഞിട്ടുണ്ട്. അതു മാറി അത് ഇരുട്ടു പരത്താന്‍ തുടങ്ങുമ്പോള്‍ അതിനെ കൊട്ടി ആട്ടുകതന്നെ വേണം. അങ്ങനെ കൊട്ടി ആട്ടപ്പെടാത്ത ഇരുട്ടു നിറഞ്ഞിരിക്കുന്ന അക്ഷര ലോകവും കലാലോകവും നമുക്കു ചുറ്റുമുണ്ട് എന്നതാണ് ഇപ്പോള്‍ നാം കാണുന്ന വസ്തുത. മാതൃഭാഷയിലൂടെ നമ്മുടെ ഓരോ വാക്കും നമ്മുടെ ഓരോ പ്രവൃത്തിയും എപ്പോഴാണ് നമുക്കു ചുറ്റുമുള്ള ജീവിതങ്ങളെ കൂടുതല്‍ പ്രകാശപൂര്‍ണമാക്കി തീര്‍ക്കുന്നത് അപ്പോള്‍ വാക്കുകള്‍ നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കും. നക്ഷത്രങ്ങളായിത്തീരുന്ന വാക്കുകളും നക്ഷത്രങ്ങളായിത്തീരുന്ന കലാസൃഷ്ടികളുമൊക്കെ തീര്‍ച്ചയായും നമ്മുടെ സംസ്ക്കാരത്തെയും നമ്മുടെ ഭാഷയെയും പരിപോഷിപ്പിക്കും.

(തൃക്കാക്കര സാംസ്ക്കാരിക കേന്ദ്രത്തിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് കാക്കനാട് മാവേലിപുരത്തു നടന്ന പഠനശിബിരത്തില്‍ ചെയ്ത പ്രഭാഷണത്തില്‍ നിന്ന്.)

Leave a Comment

*
*