മാതൃദിനം

മാതൃദിനം

ഡോ. റീത്താമ്മ ജെയിംസ്
പ്രസിഡന്‍റ്, അന്തര്‍ദ്ദേശീയ
സീറോ-മലബാര്‍ മാതൃവേദി

ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും അന്തര്‍ ദേശീയ സീറോ-മലബാര്‍ മാതൃവേദിയുടെ മാതൃദിനാശംസകള്‍. മാതൃത്വത്തിന്‍റെ മഹനീയത ഓര്‍മ്മിക്കുവാനും ആഘോഷിക്കുവാനും വേണ്ടിയാണു ലോകമെമ്പാടും മാതൃദിനം ആചരിക്കുന്നത്. അമ്മമാരെയും മാതൃത്വത്തെയും മാതൃത്വത്തോടുള്ള കടപ്പാടിനെയും സമൂഹത്തിലെ അമ്മയുടെ സ്വാധീനത്തെയുമൊക്കെ ഓര്‍മ്മിക്കാനായിട്ടാണ് ഈ ആഘോഷം നടത്തുന്നത്. 1914-ല്‍ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന വുഡ്ഡ്രോ വില്‍സണ്‍ മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആചരിക്കണമെന്നു നിര്‍ദ്ദേശിക്കുകയും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ആശയം ലോകം മുഴുവന്‍ പ്രചരിക്കുകയും ചെയ്തു. ലോകത്തിലെ നാല്പതിലധികം രാജ്യങ്ങളില്‍ അന്തര്‍ദേശീയ മാതൃദിനം ആഘോഷിച്ചുവരുന്നു. പല രാജ്യങ്ങളിലും പല തീയതികളിലാണു മാതൃദിനം ആഘോഷിക്കുന്നത്. മിക്ക രാജ്യങ്ങളും മാര്‍ച്ച്, മേയ് മാസങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അമേരിക്ക, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ മേയ് രണ്ടാം ഞായറാഴ്ചയാണു മാതൃദിനമായി ആഘോഷിച്ചുവരുന്നത്.

അമേരിക്കയിലെ ആന്‍ റിവീസ് ജാര്‍വിസ് എന്ന വനിതയാണ് ഈ ആഘോഷങ്ങളുടെ തുടക്കത്തിനു മുന്‍കയ്യെടുക്കുകയും മദേഴ്സ് ഡേ ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ രൂപീകരിക്കുകയും ചെയ്തത്. യു.കെ.യില്‍ മാതൃദിനത്തില്‍ ക്രൈസ്തവര്‍ അവരുടെ മാതൃദേവാലയം, മാതൃഭവനം എന്നിവ സന്ദര്‍ശിക്കാറുണ്ട്. അമ്മമാരെ സന്ദര്‍ശിക്കുന്നതിനോടൊപ്പം പുഷ്പങ്ങള്‍, മധുരപലഹാരങ്ങള്‍, വിവിധ തരം ഗ്രീറ്റിംഗ് കാര്‍ഡുകള്‍ എന്നിവ നല്കിക്കൊണ്ട് ആശംസ നേരുകയും ചെയ്യുന്നു.

കേരളത്തിലെ സീറോ-മലബാര്‍ സഭയെ സംബന്ധിച്ചിടത്തോളം മാതൃദിനാഘോഷങ്ങള്‍ക്കു രസകരമായ ഒരു ചരിത്രമുണ്ട്. 80 വര്‍ഷങ്ങള്‍ക്കുമുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1939-ല്‍ അന്നത്തെ എറണാകുളം മെത്രാപ്പോലീത്തയായിരുന്ന മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവ് ഒരു കത്ത് തയ്യാറാക്കി എല്ലാ ഇടവകകളിലേക്കും അയച്ചു. ആ കത്തിന്‍റെ ചുരുക്കം ഇതായിരുന്നു. പല കത്തോലിക്കാ രാജ്യങ്ങളിലും മാതൃത്വത്തിന്‍റെയും കുടുംബജീവിതത്തിന്‍റെയും മാഹാത്മ്യത്തെപ്പറ്റി വൈദികര്‍ വിശ്വാസികള്‍ക്കു പറഞ്ഞുകൊടുക്കാറുണ്ട്. മേയ് മാസത്തെ രണ്ടാമത്തെ ഞായറാഴ്ച പ്രശംസനീയവും ഹൃദ്യവുമായ ഒരു ഭക്തദിനമായി കൊണ്ടാടി വരുന്നുണ്ട്. അതിനെ മാതൃദിനം അഥവാ അമ്മയുടെ ദിവസം എന്നാണു പറഞ്ഞുവരുന്നത്. ഈ ദിവസം അമ്മമാര്‍ അവരുടെ സന്താനങ്ങളെയും കൊണ്ടു ദേവാലയത്തില്‍ വന്നു വി. കുര്‍ബാനയില്‍ പങ്കെടുക്കുകയും വി. കുര്‍ബാന സ്വീകരിക്കുകയും ചെയ്തശേഷം ദൈവമാതാവിന്‍റെ അള്‍ത്താരയ്ക്കു ചുറ്റും ഒരുമിച്ചുകൂടി സന്താനലാഭത്തിനായി ദൈവത്തിനു നന്ദി പറയുകയും മാതൃസ്ഥാനത്തെയും സന്താനങ്ങളെയും കുടുംബത്തെയും മാതാവിനു പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. അങ്ങനെ മാതൃദിനാഘോഷംമൂലം കുടുംബാന്തരീക്ഷം വിശുദ്ധീകരിക്കപ്പെടുന്നു. അമ്മമാര്‍ എത്രത്തോളം പരിശുദ്ധ മറിയത്തെപ്പോലെ ആയിത്തീരുന്നുവോ അത്രയ്ക്കു മക്കളുടെ ഭക്തിയും അനുസരണവും സ്നേഹവും അവര്‍ക്കു സമ്പാദിക്കാന്‍ കഴിയും. മാതൃദിനത്തില്‍ അള്‍ത്താരയുടെ ചുറ്റും കൂടുന്ന ഓരോ കത്തോലിക്കാ കുടുംബത്തെയും അതിലെ അംഗങ്ങളെയും കണ്ടു പരിശുദ്ധ വിമലഹൃദയം സന്തോഷംകൊണ്ടു തുടിക്കും. ഈ വിധത്തില്‍ നമ്മുടെ ഇടവകകളിലും പറ്റുന്നതുപോലെ മാതൃദിനം കൊണ്ടാടുന്നത് ഉചിതമായിരിക്കും എന്നു പറഞ്ഞാണു പിതാവു കത്ത് അവസാനിപ്പിക്കുന്നത്.

ഈ കത്ത് ഇന്നും എറണാകുളം-അങ്കമാലി അതിരൂപതാ രേഖാലയത്തില്‍ ഭദ്രമായി സൂക്ഷിക്കപ്പട്ടിരിക്കുന്നു എന്നത് ആഹ്ലാദകരമായ വസ്തുതയാണ്. സീറോ-മലബാര്‍ സഭയിലെ സ്ത്രീ സംഘടനകളുടെ ഉത്ഭവവും ഈ കത്തിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് അനുമാനിക്കപ്പെടുന്നത്. സഭാശുശ്രൂഷകളില്‍ അമ്മമാരുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ മാതൃസംഘം എന്ന ഒരു സംഘടന എറണാകുളം ബസിലിക്കയില്‍ ഉണ്ടാകുകയും പിന്നീട് അതു മറ്റു രൂപതകളിലേക്കു വ്യാപിക്കുകയും ചെയ്തു. ഇന്നു സീറോ-മലബാര്‍ സഭയില്‍ 37 രൂപതകളിലായി ലക്ഷക്കണക്കിന് അമ്മമാര്‍ മാതൃവേദി എന്ന പേരില്‍ ഒരു കുടക്കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.

എല്ലായിടത്തും ദൈവത്തിന്‍റെ കരങ്ങള്‍ക്ക് എത്തിച്ചേരാന്‍ പറ്റാത്തതുകൊണ്ടു മാതാക്കളെ സൃഷ്ടിച്ചെന്നു രവീന്ദ്രനാഥ ടാഗോറും ഞാന്‍ വായിച്ച ഏറ്റവും വലിയ ഗ്രന്ഥം എന്‍റെ മാതാവാണെന്ന് എബ്രഹാം ലിങ്കണും പറഞ്ഞിട്ടുണ്ട്. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഒരിക്കല്‍ പറഞ്ഞു: "ഞാന്‍ നേടിയ രാജ്യങ്ങളോ ഭീമമായ സമ്പത്തോ പ്രതാപമോ ഒക്കെ കൂടി എന്‍റെ അമ്മയ്ക്കു പ്രതിഫലമായി കൊടുത്താലും അവര്‍ പത്തുമാസം എന്‍റെ ഗര്‍ഭം ചുമന്നതിന്‍റെ ചുമട്ടുകൂലിക്കു തികയുകയില്ല. 70 ജന്മംകൊണ്ടു ഞാന്‍ അമ്മയുടെ കാല്‍കഴുകിയാലും അമ്മ എന്നെ ഒരു നിമിഷം നോക്കിയതിനു പകരമാവില്ല" എന്നു ശ്രീശങ്കരാചാര്യരും പറഞ്ഞിട്ടുണ്ട്. അമ്മയില്ലാത്ത സമൂഹം മനുഷ്യത്വരഹിതം എന്നാണു ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരിക്കുന്നത്.

വനിതകളെ ആദരിക്കാത്ത സമൂഹം അവികസിതവും അപരിഷ്കൃതവുമാണ്. ഇന്നു പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധരായ സ്ത്രീകള്‍ വരെ ശാരീരിക മാനസികപീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്. സ്ത്രീകള്‍ ദുര്‍ബലരാണെന്നുള്ള ദുഷ്ചിന്ത മാറിയാല്‍ നമ്മുടെ സമൂഹത്തില്‍ ഇന്നു നടമാടുന്ന ലൈംഗികപീഡനങ്ങള്‍ക്ക് ഒരു അറുതിവരും. അതുപോലെതന്നെ വേദനാജനകമായ മറ്റൊരു കാഴ്ചയാണു കേരളത്തില്‍ അങ്ങോളമിങ്ങോളം വളര്‍ന്നുവരുന്ന വൃദ്ധമന്ദിരങ്ങള്‍. വാര്‍ദ്ധക്യകാലത്തു താങ്ങും തണലുമാകേണ്ട മക്കള്‍ അവരെ വീട്ടിലെ ദുശ്ശകുനങ്ങളായാണു കാണുന്നത്. പ്രായമുള്ള അമ്മമാരെ നമ്മളെന്നും ബഹുമാനിക്കുകയും സ്നേഹിക്കുകയും അവരുടെ കാ ര്യങ്ങളില്‍ ശ്രദ്ധാലുക്കളാവുകയും വേണം.

മാതൃദിനം ആഘോഷിക്കപ്പെടുന്ന ഈ വേളയിലും, മാതൃത്വം മറന്നുപോകുന്ന അമ്മമാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് ഏറെ ആശങ്കാജനകമാണ്. മാതൃത്വത്തേക്കാള്‍ മറ്റെന്തിനോ വില കല്പിക്കുമ്പോഴും തങ്ങളെ ഏല്പിക്കപ്പെട്ട മക്കള്‍ ദൈവത്തിന്‍റെ ദാനമാണെന്നു വിസ്മരിച്ച് 9 മാസം ഉദരത്തില്‍ വഹിച്ചു നൊന്തു പ്രസവിച്ചു പാലൂട്ടി വളര്‍ത്തിയ കുഞ്ഞുങ്ങളെ കൊല്ലാനോ കൊല്ലിക്കുവാനോ മടിയില്ലാത്തവരായി മാറുന്നു ചില അമ്മമാര്‍. ആ കുഞ്ഞുങ്ങള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്നു നാം മറക്കുന്നു. വി. മദര്‍ തെരേസ ജീവിച്ചിരുന്നെങ്കില്‍ പറഞ്ഞേനെ, അവരെ കൊല്ലണ്ട, നിങ്ങള്‍ക്കു വേണ്ടെങ്കില്‍ എനിക്കു തന്നോളൂ, ഞാന്‍ വളര്‍ത്തിക്കൊള്ളാം. ലോകത്ത് ഒരു കുഞ്ഞിനുപോലും ഇതുപോലെയുള്ള ദുരനുഭവങ്ങള്‍ ഉണ്ടാകരുതെന്നു മാതൃദിനം ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. മാതൃദിനത്തോടനുബന്ധിച്ചു സെമിനാറുകളും ബോധവത്കരണ ക്ലാസ്സുകളും സംഘടനാതലങ്ങളില്‍ നല്കുന്നത് അമ്മമാര്‍ക്ക് അവരുടെ മാതൃജീവിതത്തില്‍ ഒരു വഴികാട്ടിയും പ്രചോദനവുമാകും.

ഒരു സ്ത്രീയുടെ മഹത്ത്വം വെളിപ്പെടുന്നതു മാതൃത്വത്തിലൂടെയാണ്. പരി. കന്യകാമറിയമാണ് ഈ ലോകമാതൃത്വത്തിന്‍റെ ഏറ്റവും വലിയ മാതൃക. നന്നേ ചെറിയപ്രായത്തില്‍, പുരുഷനെ അറിഞ്ഞിട്ടില്ലാത്ത അവസ്ഥയില്‍, പരിശുദ്ധാരൂപിയാല്‍ ഗര്‍ഭംധരിച്ചു പാതിരായ്ക്കു കാലിത്തൊഴുത്തില്‍ തന്‍റെ പുത്രനു ജന്മം കൊടുത്ത പരി. മാതാവിനു വീണ്ടും ദുര്‍ഘടം പിടിച്ച വഴികളിലൂടെ പലായനം ചെയ്ത് ഒളിച്ചുജീവിക്കേണ്ടി വന്നു. പിന്നീടു തന്‍റെ പുത്രനെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടപ്പോള്‍, പുത്രന്‍റെ പീഡാനുഭവയാത്രയില്‍ കബറിടം വരെ പിന്തുടരുകയും ചിതറിപ്പോയ ശിഷ്യന്മാരെ ഒരുമിച്ചുകൂട്ടി കരുത്തു പകര്‍ന്നു നല്കുകയും ചെയ്യുന്ന പരി. അമ്മയെയാണു നമുക്കു കാണാന്‍ കഴിയുക. തന്‍റെ ദുഃഖത്തിലും കഷ്ടപ്പാടിലും വികാരവിക്ഷോഭങ്ങള്‍ പ്രകടിപ്പിക്കാതെ, സര്‍വതും ഹൃദയത്തില്‍ സംഗ്രഹിച്ചു പരി. അമ്മ സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും മഹനീയ മാതൃകയായിത്തീര്‍ന്നു.

മനുഷ്യവര്‍ഗത്തില്‍ അമ്മയുമായുളള പൊക്കിള്‍ക്കൊടിബന്ധം ജനനം മുതല്‍ മരണം വരെ സ്ഥായിയായിട്ടുളളതാണ്. ആ സ്നേഹത്തിനു കിടപിടിക്കാന്‍ മറ്റു സ്നേഹബന്ധങ്ങളൊന്നും ഈ ഭൂമിയിലില്ല. അത്രയ്ക്കു സമാനതകളില്ലാത്ത അതിര്‍വരമ്പുകളില്ലാത്ത അമൂല്യമായ സ്നേഹമാണ് അമ്മയുടേത്. കുറ്റവിചാരണയും ശിക്ഷാവിധികളുമില്ലാത്ത എന്നും മുന്‍കൂര്‍ ജാമ്യം നല്കുന്ന ഏക കോടതി അമ്മയുടേതാണ്. ആശംസാകാര്‍ഡുകള്‍ക്കും പൂച്ചെണ്ടുകള്‍ക്കും അമ്മയോടൊത്തുള്ള സെല്‍ഫികള്‍ക്കും അപ്പുറം അവരോടൊത്തു ചെലവഴിക്കുന്ന നല്ല നിമിഷങ്ങള്‍ കേവലം വര്‍ഷത്തില്‍ ഒരു ദിവസം മാത്രം ഓര്‍മ്മിക്കപ്പെടേണ്ടതല്ല. മറിച്ച് ജീവിതകാലംമുഴുവന്‍ ആഘോഷിക്കപ്പെടേണ്ടതാണ് മാതൃദിനം എന്ന ബോദ്ധ്യത്തിലേക്കു നമ്മെ ഉയര്‍ത്തട്ടെ.

ഒരിക്കല്‍കൂടി മാതൃദിനാശംസകള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org