മാറ്റം വരുത്തേണ്ട മൂല്യബോധന സമ്പ്രദായം

മാറ്റം വരുത്തേണ്ട മൂല്യബോധന സമ്പ്രദായം

ലിഡാ ജേക്കബ്
(റിട്ട. ഐഎഎസ് ഓഫീസര്‍)

ഐഎഎസ് ഓഫീസറായി വിരമിച്ച ശ്രീമതി ലിഡാ ജേക്കബിന്‍റെ മുപ്പതിലധികം വര്‍ഷം നീണ്ട സിവില്‍ സര്‍വീസ് ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാലയളവാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്ന നിലയിലുള്ള നാലു വര്‍ഷങ്ങള്‍. ഇക്കാലത്ത് കുറച്ചുകാലം കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെയും ഹയര്‍ സെക്കണ്ടറി ഡയറക്ടറുടേയും ചുമതലകള്‍ അധികമായും വഹിച്ചു. ഫലത്തില്‍, കേരളത്തിലെ വിദ്യാഭ്യാസത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്വം ഒരേ സമയം നിര്‍വഹിക്കാന്‍ അവസരം ലഭിച്ചയാളാണ് ശ്രീമതി ലിഡാ ജേക്കബ്. കൊല്ലം കളക്ടര്‍ മുതല്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ വരെയുള്ള മറ്റ് അനേകം ഉത്തരവാദിത്വങ്ങളില്‍ പൊതുവിദ്യാഭ്യാസഡയറക്ടര്‍ എന്ന നിലയി ലുള്ള സേവനകാലത്തെ തന്നെയാണ് അവര്‍ ഏറ്റവും അവിസ്മരണീയമായി കണക്കാക്കുന്നതും. സ്ത്രീസുരക്ഷ, സമത്വം, ലിംഗനീതി എന്നീ തലങ്ങളിലും ലിഡ ജേക്കബിന്‍റെ ശ്രദ്ധേയമായ സംഭാവനകളുണ്ട്. ഈ നിലയ്ക്കുള്ള സേവനങ്ങളെയെല്ലാം മുന്‍നിറുത്തി കെസിബിസി ഈ വര്‍ഷത്തെ ഗുരുപൂജ പുരസ്കാരം നല്‍കി അവരെ ആദരിച്ചു.

പൊതുവിദ്യാഭ്യാസത്തിന്‍റെ ചുമതല വഹിക്കുന്ന കാലത്ത് കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന 48 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി താന്‍ എന്നും പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു എന്ന് ലിഡ ജേക്കബ് അനുസ്മരിക്കുന്നു. കേരളത്തിലെ ഓരോ കുട്ടിയുടെയും കാര്യത്തില്‍ തനിക്ക് ഉത്തരവാദിത്വമുണ്ടെന്ന ബോദ്ധ്യത്തോടെയാണ് ആ ജോലി ചെയ്തിരുന്നത്. അതിനാല്‍ പുതിയ തലമുറയുടെ കാര്യത്തില്‍ ഇന്നും പ്രത്യേകമായ കരുതല്‍ അവര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ ആശങ്കയും.

പുതിയ തലമുറയുടെ മൂല്യബോധം അപകടകരമായ നിലയിലാണെന്ന് ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ ലിഡ ജേക്കബ് പറയുന്നു. "പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും മറ്റും ഫലമായി അഭയകേന്ദ്രങ്ങളിലെത്തിപ്പെടുന്ന പെണ്‍കുട്ടികളുമായി സംസാരിക്കാന്‍ ഇടയായിട്ടുണ്ട്. തങ്ങള്‍ക്കു സംഭവിച്ച വീഴ്ചകളെ വീഴ്ചകളായി കാണാന്‍ പോലും അവര്‍ക്കു കഴിയുന്നില്ല. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന മനോഭാവം പലര്‍ക്കുമുണ്ട്. മൂല്യബോധത്തിലെ ഈ അപചയത്തിന് ഒരു കാരണം, സമൂഹത്തില്‍ മാതൃകകള്‍ ഇല്ലാതായിരിക്കുന്നതാണെന്ന് എനിക്കു തോന്നുന്നു. അദ്ധ്യാപകരിലും മാതാപിതാക്കളിലുമൊന്നും മാതൃകകള്‍ കണ്ടെത്താന്‍ അവര്‍ക്കു സാധിക്കുന്നില്ല. ഉദാഹരണത്തിനു കൈക്കൂലി വാങ്ങുന്ന സര്‍ക്കാരുദ്യോഗസ്ഥരുടെ മക്കള്‍. ഇന്നത്തെ അണുകുടുംബങ്ങളില്‍ ഇതൊന്നും കുട്ടികള്‍ അറിയാതിരിക്കില്ല. ഈ മാതാപിതാക്കള്‍ മക്കള്‍ക്ക് എന്തു മാതൃകയാണു നല്‍കുന്നത്? ആദര്‍ശമൊക്കെ പറയാനുള്ളതാണ് പ്രവര്‍ത്തിക്കാനുള്ളതല്ല എന്ന തോന്നലോടെയാണ് ഈ കുട്ടികളൊക്കെ വളര്‍ന്നു വരിക."

"ഇന്നത്തെ വിദ്യാഭ്യാസപദ്ധതിയില്‍ മൂല്യബോധനത്തിനു വലിയ പ്രാധാന്യം കാണുന്നില്ല. ഇതു കുട്ടികള്‍ വഴിതെറ്റുന്നതിന് ഒരു കാരണമാണ്. നമ്മുടെ മതബോധനസമ്പ്രദായത്തില്‍ പോലും ഇതു കാര്യക്ഷമമായി നടക്കുന്നില്ല എന്നാണ് എന്‍റെ അഭിപ്രായം. മതബോധനം കുട്ടികളുടെ ജീവിതവുമായി ബന്ധപ്പെടുത്തി പ്രായോഗിക പാഠങ്ങള്‍ പകരുന്നതാകണം. എത്ര മതാദ്ധ്യാപകര്‍ക്ക് ഇതു ചെയ്യാനാകുന്നുണ്ട്? ഇതു പറയുമ്പോള്‍ മതാദ്ധ്യാപകരാകാന്‍ കഴിവുള്ള ആളുകളെ വേണ്ടത്ര കിട്ടുന്നില്ലെന്ന് ചില വൈദികര്‍ പറയാറുണ്ട്. ഞാനൊക്കെ സര്‍വീസില്‍ ഇരിക്കുമ്പോള്‍ തന്നെ വേദപാഠം പഠിപ്പിച്ചിരുന്നു. കഴിവുള്ള ആളുകളെ കണ്ടെത്തണം. ഇന്നു വേദപാഠം കുട്ടികള്‍ക്ക് ഒരു ഭാരമായും മടുപ്പായും തോന്നുന്നുണ്ട്. പാഠങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാനുള്ള വെമ്പലാണ് എങ്ങും. കൃത്യമായി പോയില്ലെങ്കില്‍ ശിക്ഷ, പരീക്ഷയ്ക്കു മാര്‍ക്കില്ലെങ്കില്‍ ശിക്ഷ എന്നിങ്ങനെ സ്കൂളുകളെ അനുകരിക്കുന്ന രീതിയിലാകരുത് മതബോധനം. പഴയ നിയമത്തിനും സഭാചരിത്രത്തിനുമൊന്നും അമിതമായ പ്രാധാന്യം നല്‍കേണ്ടതില്ല. യേശുവിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരിക്കണം നമ്മുടെ മതബോധനം. എത്ര ബുദ്ധിഹീനര്‍ക്കും മനസ്സിലാകാവുന്ന വിധം വളരെ ലളിതമാണ് യേശുവിന്‍റെ പ്രബോധനങ്ങള്‍. അതിനെയാണു നാം അനുകരിക്കേണ്ടത്."

സ്ത്രീസുരക്ഷയ്ക്കും ലിംഗസമത്വത്തിനും ലിംഗനീതിക്കും വേണ്ടിയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍വീസിലിരിക്കെയും അതിനുശേഷവും ചെയ്തിട്ടുള്ളയാളാണ് ലിഡാ ജേക്കബ്. മുന്‍സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി ആരംഭിച്ച പ്രത്യേക പദ്ധതി രൂപപ്പെടുത്തിയ അഞ്ചംഗ വനിതാ സമിതിയില്‍ ലിഡ ജേക്കബ് അംഗമായിരുന്നു. പദ്ധതിക്കു തൂവല്‍ സ്പര്‍ശം എന്ന പേരാണ് ഭരണകൂടം നിര്‍ദേശിച്ചത്. ആ പേര് ഇതിനൊരിക്കലും ചേരില്ലെന്നു ലിഡ ജേക്കബ് വ്യക്തമാക്കി. പകരം നിര്‍ഭയ എന്ന പേരു നിര്‍ദേശിച്ചതും അവരാണ്. സഭയില്‍ സ്ത്രീകള്‍ കൂടുതല്‍ നീതിയും പരിഗണനയും അര്‍ഹിക്കുന്നുണ്ടെന്ന് ലിഡ ജേക്കബ് വ്യക്തമാക്കി:

"സ്ത്രീപുരുഷ സമത്വം പഠിപ്പിക്കാനുള്ള ശ്രമം മതബോധനക്ലാസുകളില്‍ തന്നെ ഉണ്ടാകണം. ആണ്‍കുട്ടികളെ ഇതു ബോദ്ധ്യപ്പെടുത്തുവാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. എന്‍റെ ആണ്‍മക്കളില്‍ ഈ ചിന്ത പകരാന്‍ എനിക്കു സാധിച്ചിട്ടുണ്ട്.

ബൈബിള്‍ വായനകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. സ്ത്രീ എപ്പോഴും വിധേയപ്പെട്ടിരിക്കണമെന്ന് അര്‍ത്ഥം വരുന്ന വായനകള്‍ ഒഴിവാക്കണം. പൗലോസ് ശ്ലീഹാ പറഞ്ഞത് അന്നത്തെ കാലഘട്ടത്തിന് അനുസരിച്ചുള്ളതാണ്. ആ കാലം മാറി. ഇന്നു സ്ത്രീകളുടെ വാക്കിനും ജോലിക്കും ഒക്കെ വിലയുള്ള കാലമാണ്. ഇതൊക്കെ ഒരു വശത്തു നമ്മള്‍ പറയുകയും മറുവശത്ത് അതിനനുസരിച്ചുള്ള പ്രവൃത്തിയില്ലാതിരിക്കുകയും ചെയ്യുന്നു.

സഭയുടെ ഉള്ളില്‍ പ്രകടമായ പുരുഷ മേധാവിത്വം ഉണ്ട്. എല്ലാം പുരുഷനില്‍ കേന്ദ്രീകരിക്കുന്നു. ആ വിഷയത്തിലേയ്ക്ക് ഇപ്പോള്‍ കടക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. പക്ഷേ സഭാകാര്യങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തവും സാന്നിദ്ധ്യവും കുറേക്കൂടി വേണം. പള്ളി നിറയ്ക്കാന്‍ മാത്രം മതി സ്ത്രീകള്‍ എന്ന ചിന്ത പാടില്ല. ഫ്രാന്‍സിസ് മാര്‍പാപ്പ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മാറ്റങ്ങളോട് ചെറുത്തു നില്‍ക്കുകയാണ് കേരളസഭ എന്നു തോന്നുന്നുണ്ട്. മാറ്റത്തിനു നമ്മള്‍ തുടക്കമിടുക തന്നെ വേണം. ഐഎംഎഫിന്‍റെ മേധാവി സ്ത്രീയാണ്. അതുകൊണ്ടു കുഴപ്പമൊന്നുമില്ലല്ലോ. സ്ത്രീയോ പുരുഷനോ എന്നതല്ല കഴിവാണു നോക്കേണ്ടത്. എന്നെ ഡിപിഐ ആക്കിയപ്പോള്‍ സ്ത്രീയാണെന്ന് ആരും പറഞ്ഞില്ലല്ലോ. എത്രയോ കാര്യങ്ങള്‍ ദൈവത്തിലാശ്രയിച്ചു ഞാന്‍ ചെയ്തു. സ്ത്രീകളെ രണ്ടാംകിടക്കാരായി കാണരുത്. എന്‍റെ ഭര്‍ത്താവിനേക്കാള്‍ വേദന സഹിക്കാന്‍ കഴിയുന്നത് എനിക്കാണ്. എന്‍റെ ആണ്‍മക്കളേക്കാള്‍ കായികാദ്ധ്വാനം ഈ പ്രായത്തിലും എനിക്കു സാധിക്കും. കുഞ്ഞിനെ നോക്കുക, പാചകം ചെയ്യുക, ഫോണില്‍ സംസാരിക്കുക, മുറ്റത്താരെങ്കിലും വരുന്നുണ്ടോ എന്നു നോക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഒരേ സമയം ചെയ്യുന്നവരാണു സ്ത്രീകള്‍. അതു പുരുഷന്മാര്‍ക്കു സാധിക്കില്ല. ദൈവം നല്‍കിയിരിക്കുന്ന കഴിവാണിത്. സ്ത്രീകളുടെ കഴിവിനെ മാനിക്കുകയും അതു മനസ്സിലാക്കി അവര്‍ക്കു കൂടുതല്‍ അവസരങ്ങളും അംഗീകാരങ്ങളും നല്‍കുകയും ചെയ്യേണ്ടതുണ്ട്. ഇതുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ക്രിസ്തീയത കൊണ്ടുവരാനാണ് മാര്‍പാപ്പ ശ്രമിക്കുന്നത്. നമ്മളും അതിനെ പിന്തുണയ്ക്കണം."

പൊതുവിദ്യാലയങ്ങള്‍ക്കു പ്രാധാന്യം വര്‍ദ്ധിച്ചു കാണുന്നതില്‍ മുന്‍ ഡിപിഐ എന്ന നിലയില്‍ ലിഡ ജേക്കബ് വലിയ സന്തോഷം പ്രകടിപ്പിക്കുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു പാഠ്യപദ്ധതി പരിഷ്കരണമുള്‍പ്പെടെയുള്ള കാര്യങ്ങളുമായി ഇനിയും മുന്നോട്ടു പോകാനുണ്ടെന്ന് അവര്‍ വിശദീകരിച്ചു:

"പൊതുവിദ്യാഭ്യാസരംഗത്ത് ഇന്ന് അദ്ധ്യാപകര്‍ക്ക് തുടര്‍ച്ചയായ പരിശീലനം ലഭിക്കുന്നുണ്ട്. മുമ്പ്, ടിടിസിയ്ക്കും ബിഎഡിനും ശേഷം യാതൊരു പരിശീലനവും ലഭിക്കാത്തവരായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി. എന്നാല്‍ അണ്‍-എയ്ഡഡ്, സിബിഎസ്ഇ മേഖലയില്‍ ഈ പ്രശ്നം നിലനില്‍ക്കുകയാണ്. എന്നാല്‍ ഇന്നും 35 മുതല്‍ 45 ശതമാനം വരെ കുട്ടികള്‍ അണ്‍ എയ്ഡഡ്, സിബിഎസ്ഇ മേഖലയിലാണ്. ഈ യാഥാര്‍ത്ഥ്യം നാം കാണാതിരുന്നു കൂടാ. പാഠ്യപദ്ധതിയെ സംബന്ധിച്ച ആശങ്കകള്‍ മാതാപിതാക്കള്‍ക്കുള്ളതു നാം മനസ്സിലാക്കണം. ഇവിടെ ഹയര്‍ സെക്കണ്ടറിയില്‍ എന്‍സിഇആര്‍ടി സിലബസാണു പഠിപ്പിക്കുന്നത്. എന്തുകൊണ്ടു പത്തു വരെയുള്ള ക്ലാസുകളിലും ഈ സിലബസ് പ ഠിപ്പിച്ചൂ കൂടാ? ഈ നിര്‍ദേശം അധികാരികളുടെ മുമ്പില്‍ ഞാനുന്നയിച്ചിട്ടുള്ളതാണ്. ഒഡീഷ പോലുള്ള സംസ്ഥാനങ്ങളെല്ലാം ഇത്തരത്തില്‍ ദേശീയ പാഠ്യപദ്ധതി നടപ്പാക്കികഴിഞ്ഞു. പത്തു കഴിഞ്ഞു പ്ലസ് ടു വിലേയ്ക്കെത്തുമ്പോള്‍ കേരളാ സിലബസ് പഠിച്ച കുട്ടികള്‍ക്കുണ്ടാകാവുന്ന പെട്ടെന്നുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇതു സഹായിക്കും. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഇപ്പോഴും ഇതു നടപ്പായിട്ടില്ല. സ്കൂളുകളില്‍ ക്ലാസെടുത്തു പരിചയമില്ലാത്ത അദ്ധ്യാപക സംഘടനാ നേതാക്കളും കോളേജ് അദ്ധ്യാപകരുമൊക്കെയാണ് ഇതു സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത്. അതു തന്നെയാണു പ്രശ്നവും. കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ ചട്ടങ്ങള്‍ എഴുതി തയ്യാറാക്കിയപ്പോള്‍ ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് ഉള്‍പ്പെടുത്തണം എന്നു ഞാന്‍ വ്യവസ്ഥ ചെയ്തു. കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്കു ലഭിക്കുന്ന വിദ്യാഭ്യാസം പരമാവധി ആകര്‍ഷകമാക്കുക എന്നതായിരുന്നു എന്‍റെ ലക്ഷ്യം. പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ പൊതുവിദ്യാഭ്യാസത്തിലേയ്ക്കു കൂടുതല്‍ കുട്ടികള്‍ ഇനിയും കടന്നുവരും. കേരളത്തില്‍ മൂവായിരത്തഞ്ഞൂറോളം സിബിഎസ്ഇ സ്കൂളുകളുള്ളതില്‍ മതിയായ സൗകര്യങ്ങളും മികച്ച അദ്ധ്യാപകരും ഉള്ളവ 20 ശതമാനം മാത്രമാണെന്നാണ് എന്‍റെ നിരീക്ഷണം."

റിസല്‍ട്ടിനും പ്രശസ്തിക്കും പുറകെ പായുന്നതില്‍ ക്രൈസ്തവസഭയുടെ സ്കൂളുകള്‍ മുന്നിലാണെന്നും ഇത് ആശാസ്യമായ ഒരു പ്രവണതയല്ലെന്നും ലിഡ ജേക്കബ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസസേവനരംഗത്ത് സഭ ഒരു പൊളിച്ചെഴുത്തിനു തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു:

"എല്ലാം ഡിസ്റ്റിംഗ്ഷനാണ്, എ പ്ലസാണ് എന്നു പറയാനാണ് സഭയുടെ സ്കൂളുകളുടെ ആഗ്രഹം. ഇതിനുവേണ്ടി മിക്ക സ്കൂളുകളും ചെയ്യുന്നത് മോശമായ കുട്ടികളെ പുറത്താക്കുക എന്നതാണ്. ഇതു കുട്ടികളോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്.

സഭയുടെ അണ്‍-എയ്ഡഡ് സ്കൂളുകളില്‍ പൊതുവെ ഫീസ് കൂടുതലാണ്. എയ്ഡഡ് സ്കൂളുകളില്‍ പോലും പലതരം ഫീസുകള്‍ വാങ്ങുന്നുണ്ട്. പാവപ്പെട്ടവരുടെ കുട്ടികള്‍ക്ക് അവിടെ പഠിക്കാനുള്ള അവസരം പൊതുവെ കുറവായിരിക്കും. റിസല്‍ട്ടിനും മാര്‍ക്കിനും നല്‍കുന്ന അമിത പ്രാ ധാന്യവും സാധാരണക്കാരുടെ കുട്ടികളെ ഇത്തരം സഭയുടെ സ്കൂളുകളില്‍ നിന്ന് അകറ്റുന്നു.

സഭയുടെ വിദ്യാഭ്യാസസേവനങ്ങളില്‍ വലിയ മാറ്റം ആവശ്യമുണ്ട്. വിദ്യാഭ്യാസം നല്‍കി മനുഷ്യരെ നന്നാക്കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയവയാണ് നമ്മുടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും. വര്‍ഷങ്ങളിലൂടെ ആ ലക്ഷ്യങ്ങള്‍ മാറിപ്പോയിരിക്കുന്നു. ഇന്ന് വിദ്യാഭ്യാസസേവനത്തില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കു പ്രത്യേകമായ പ്രസക്തി ഇല്ലാതായിരിക്കുന്നു. അതുകൊണ്ടു നാം തിരികെ പോകേണ്ടതുണ്ട്. സഭയുടെ സ്കൂളുകളും മറ്റു സ്കൂളുകളും തമ്മില്‍ വ്യത്യാസം വേണം. അതു വെറും മാര്‍ക്കിലുള്ള വ്യത്യാസമായിരിക്കരുത്. നാം പഠിപ്പിച്ചു വിടുന്ന കുട്ടികള്‍ രാജ്യത്തിനും സമൂഹത്തിനും കുടുംബത്തിനും ഏറ്റവും വിശിഷ്ടമായ കാര്യങ്ങള്‍ ചെയ്യുന്ന പൗരന്മാരായി മാറുകയാണ് ആവശ്യം."

പാവപ്പെട്ടവരെ സേവിക്കുന്നതിന് സഭ പരമമായ പ്രാധാന്യം നല്‍കണമെന്ന് ലിഡ ജേക്കബ് ആവശ്യപ്പെടുന്നു. "ഒരു ഇടവകയില്‍ പാവപ്പെട്ട 50 കുടുംബങ്ങളുണ്ടെങ്കില്‍ അവരെ സഹായിക്കാന്‍ കഴിയുന്ന 200 കുടുംബങ്ങളെ കണ്ടെത്താന്‍ കഴിയും. വിരമിച്ച ഉദ്യോഗസ്ഥര്‍ നിരവധിയുണ്ട്. അത്തരക്കാര്‍ കൂടുതല്‍ സഹായിക്കാന്‍ തയ്യാറായിരിക്കും. വീടില്ലാത്തവര്‍, ചെറ്റപ്പുരകളില്‍ കഴിയുന്നവര്‍ ഭൗതികമായി മാത്രമല്ല മാനസികമായും വലിയ പ്രതിസന്ധികള്‍ നേരിടുന്നവരാണ്. അത്തരം വീടുകളിലെ കുട്ടികള്‍ക്ക് ഈ മാനസികപരിമിതി അതിജീവിച്ച് പഠിച്ചുയരാന്‍ പോലും തടസ്സമുണ്ടാകും. എല്ലാവര്‍ക്കും നല്ല വീടുകള്‍ വേണം. സര്‍ക്കാരിന്‍റെ സഹായം കിട്ടി എല്ലാവര്‍ക്കും വീടുകള്‍ ലഭിക്കാന്‍ എത്രയോ കാലതാമസമെടുക്കും? അവരെയൊക്കെ സഹായിക്കാന്‍ നമുക്കു സാധിക്കും. കത്തോലിക്കരെയാണ് മറ്റു സമുദായങ്ങള്‍ കണ്ടുപഠിക്കുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ ഉത്തരവാദിത്വം കൂടുകയാണ്.

വിശുദ്ധ കുര്‍ബാനയാണ് തന്‍റെ പ്രാര്‍ത്ഥനാജീവിതത്തിന്‍റെ കേന്ദ്രമെന്നു ലിഡ ജേക്കബ് വ്യക്തമാക്കി. പ. മാതാവിനോടുള്ള ജപമാലയും പ്രധാനമാണ്. വിശുദ്ധരോടുള്ള നൊവേനകള്‍ക്കും ഊട്ടുനേര്‍ച്ച പോലുള്ള ആഘോഷങ്ങള്‍ക്കും അമിതമായ പ്രാധാന്യം നല്‍കുന്നത് അനാവശ്യമാണ്. പ്രാര്‍ത്ഥനാജീവിതത്തെക്കുറിച്ചു പറയുമ്പോള്‍ ദിവ്യകാരുണ്യവിതരണത്തെ കുറിച്ചുള്ള ഒരു അഭിപ്രായപ്രകടനവും ലിഡ ജേക്കബ് നടത്തി:
"ദിവ്യകാരുണ്യം കൈകളില്‍ നല്‍കുന്ന പതിവ് ഇവിടെ തുടങ്ങിയതാണ്. ഇപ്പോള്‍ അതു വീണ്ടും മാറ്റി. ബ്ലാക്ക് മാസുകാര്‍ ഓസ്തി കൊണ്ടുപോകും എന്നാണ് ഇതിനു കാരണം പറയുന്നത്. അതില്ലാതിരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ നാം തേടണം. ഉദാഹരണത്തിനു കുര്‍ബാന നല്‍കുന്ന പുരോഹിതന്‍റെ കൂടെ ഒന്നോ രണ്ടോ പേര്‍ നില്‍ക്കുക. ഓസ്തി സ്വീകരിക്കുന്നവര്‍ അവിടെ വച്ചുതന്നെ അതു വായിലേയ്ക്കു വയ്ക്കുന്നു എന്നുറപ്പാക്കുകയായിരിക്കണം അവരുടെ ചുമതല. അങ്ങനെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ നോക്കുക. ഓസ്തി കൈകളില്‍ നല്‍കുന്നതിന് ആരോഗ്യപരമായ പ്രയോജനങ്ങള്‍ മാത്രമല്ല ഉള്ളത്. അത് അല്മായരായ വിശ്വാസികളെ കൂടുതല്‍ പരിഗണിക്കുന്ന ഒരു രീതി കൂടിയാണ്. വി. കുര്‍ബാനയിലെ സഹകാര്‍മ്മികരാണ് എല്ലാവരും എന്നാണല്ലോ പറയുക. ആ ധാരണ കൂ ടുതല്‍ ശക്തമാക്കാന്‍ സഹായിക്കുന്ന രീതിയാണ് കൈകളില്‍ നല്‍കുന്ന വി. കുര്‍ബാന. ഇങ്ങനെ നല്ല ദിശയിലേയ്ക്കു നടന്ന മാറ്റങ്ങളെ പോലും ഒഴിവാക്കി പഴമയിലേയ്ക്കു തിരിച്ചു നടക്കുകയാണു നാം ചെയ്യുന്നത്."

ഇപ്പോള്‍ മില്‍മയുടെ പുനഃസംഘടനയെ കുറിച്ചു പഠിക്കുന്നതിനുള്ള മൂന്നംഗ സമിതിയുടെ അദ്ധ്യക്ഷയായി പ്രവര്‍ത്തിക്കുകയാണ് ലിഡ ജേക്കബ്. അത്തരം ചുമതലകള്‍ പിന്നെയും വന്നേക്കാമെങ്കിലും കൗണ്‍സലിംഗില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് അവര്‍ പറഞ്ഞു. "വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും സഹായിക്കുന്നതിന് ഇതൊരു നല്ല മേഖലയാണ്. പരിചയസമ്പന്നരായ ആരുടെയെങ്കിലും കൂടെ കൗണ്‍സലിംഗ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. വിരമിച്ചതിനുശേഷം എംഎസ് ഡബ്ല്യു പഠിച്ചതും അതിനായി നടത്തിയ പ്രായോഗിക പരിശീലനങ്ങളുമാണ് ഈ ചിന്തയിലേയ്ക്കു നയിച്ചത്."

തയ്യാറാക്കിയത്: ഷിജു ആച്ചാണ്ടി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org