മൗനവും ഭ്രാന്തും

മൗനവും ഭ്രാന്തും
Published on

സജീവ് പാറേക്കാട്ടില്‍

മൗനത്തോളം നാനാര്‍ത്ഥങ്ങളുള്ള മറ്റൊന്നുമില്ല. അതില്‍ സ്നേഹവും വെറുപ്പും പ്രണയവും പകയും ജ്ഞാനവും ഭോഷത്തവുമൊക്കെയുണ്ട്. അത് അതില്‍ത്തന്നെ നന്മയോ തിന്മയോ കുറ്റകരമോ സുവര്‍ണമോ ആകുന്നില്ല. മൗനത്തിനു പിന്നിലുള്ള ഉദ്ദേശ്യവും താത്പര്യവുമാണ് അതിനെ നിര്‍വചിക്കുന്നത്. മൗനം എന്ന വാക്കിനു 'മുനിയുടെ ഭാവം', 'മിണ്ടാതെയിരിക്കല്‍' എന്നൊക്കെയാണു നിഘണ്ടു നല്കുന്ന അര്‍ത്ഥങ്ങള്‍. മുനികള്‍ മിണ്ടാതെയിരിക്കുന്നു എന്നു കരുതി മിണ്ടാതെയിരിക്കുന്നവരെല്ലാം മുനികളാകണമെന്നില്ല. പ്രത്യേകിച്ചും ഇക്കാലത്ത് ലോകം കൊതിയോടെ കാത്തിരിക്കുന്നതു മുനികള്‍ക്കായല്ല, പ്രവാചകര്‍ക്കായാണ്. മാമ്മോദീസ സ്വീകരിച്ച മനുഷ്യരെല്ലാം സ്വഭാവേന പ്രേഷിതരും പ്രവാചകരുമാണ്. ക്രിസ്തുവിന്‍റെ പ്രവാചകദൗത്യത്തില്‍ അതിനാല്‍ അവര്‍ പങ്കുചേരുന്നു. 'ശബ്ദമില്ലാത്തവരുടെ ശബ്ദ'മാവുക അവരുടെ നിയോഗമാണ്. "ആരെയാണു ഞാന്‍ അയയ്ക്കുക? ആരാണു നമുക്കുവേണ്ടി പോവുക?" (ഏശ. 6:8) എന്ന പ്രവാചകനോടുള്ള ചോദ്യം പ്രപഞ്ചത്തില്‍ നിലയ്ക്കാതെ മുഴങ്ങുന്നുണ്ട്. 'ആര് എനിക്കുവേണ്ടി ദുഷ്കര്‍മികളോട് എതിര്‍ത്തുനില്ക്കും?" (സങ്കീ. 94:16). അങ്ങനെയെങ്കില്‍ സമകാലിക സമസ്യകള്‍ക്കു മുന്നില്‍ അവന് അവസരവാദപരവും തന്ത്രപരവും പ്രീണിപ്പിക്കുന്നതിനുമായുള്ള മൗനം പുലര്‍ത്താനാവില്ല. 'സത്യം ഭൂയാത്, പ്രിയം ഭൂയാത്, നഃ ഭൂയാത് സത്യമപ്രിയം' എന്നത് അവന്‍റെ ശൈലിയല്ല. സത്യമെന്നു തോന്നിപ്പിക്കുന്ന നുണകളും അര്‍ദ്ധസത്യങ്ങളും അവനു വഴങ്ങില്ല. കാരണം അവന്‍ അനുകരിക്കുന്നതു മഹാഭാരതത്തിലെ യുധിഷ്ഠിരനെയല്ല, സുവിശേഷത്തിലെ യേശുക്രിസ്തുവിനെയാണ്. 'നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും' (യോഹ. 8:32) എന്നരുളിയ യേശുവിനെ. 'അനീതി സംഭവിക്കുന്നിടത്തെല്ലാം വിശേഷിച്ചും നിശ്ശബ്ദതയാല്‍ അനീതികള്‍ മറയ്ക്കപ്പെടുന്നിടത്തെല്ലാം ക്രൈസ്തവര്‍ അതിനെതിരെ സംസാരിക്കാന്‍ മുന്നോട്ടുവരണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതിന്‍റെ പൊരുളിതാണ്. 'മൗനം ഭജിക്കുന്ന മൂഢന്‍ പോലും ജ്ഞാനിയെന്നു കരുതപ്പെടും' (സുഭാ. 17:28) എന്നും മറുപടി പറയാന്‍ കഴിവില്ലാത്തതുകൊണ്ടു മൗനം ദീക്ഷിക്കുന്നവനുമുണ്ട്, സംസാരിക്കേണ്ടത് എപ്പോഴാണെന്ന് അറിയാവുന്നതുകൊണ്ടു മൗനം പാലിക്കുന്നവനുമുണ്ട്' (പ്രഭാ. 20:16) എന്നും വേദപുസ്തകം വ്യക്തമാക്കുന്നുണ്ടല്ലോ. സംസാരിക്കേണ്ടത് എന്താണെന്നും എപ്പോഴാണെന്നും അറിയുന്നവരും സംസാരിക്കാന്‍ ഉത്തരവാദിത്വവും കടമയുമുള്ളവരും സംസാരിക്കാതിരിക്കുമ്പോഴാണു മൗനം കുറ്റകരം അഥവാ 'ഉപേക്ഷയുടെ പാപം' ആകുന്നത്. പറയാനുള്ളതു നേര്‍ക്കുനേര്‍ നിന്ന്, ഹൃദയദ്രവീകരണശക്തിയോടെ പറയുന്നതിലാണു പ്രവാചകധര്‍മത്തിന്‍റെ മര്‍മ്മം അടങ്ങിയിരിക്കുന്നത്. ആരും കേള്‍ക്കാനില്ലെങ്കിലും മരുഭൂമികളിലും തെരുവോരങ്ങളിലും അവരുടെ ശബ്ദം മുഴങ്ങുന്നു. സത്യത്തില്‍ ഇതൊരു ഭ്രാന്താണ്. ഭ്രാന്തര്‍ എല്ലാവരും പ്രവാചകരല്ലെങ്കിലും പ്രവാചകര്‍ മിക്കവരും ഭ്രാന്തരാണ്. സത്യത്തിന്‍റെയും നീതിയുടെയും ഭ്രാന്ത്. അനീതിയോടും അസത്യത്തോടും സമരസപ്പെടാന്‍ കഴിയാത്തതിന്‍റെ ഭ്രാന്ത്. സംഖ്യയുടെ പുസ്തകത്തില്‍ ബാലാം വ്യക്തമാക്കുന്ന പ്രവാചകന്‍റെ നാലു ലക്ഷണങ്ങളില്‍ ഒന്ന്, 'തുറന്ന കണ്ണുകളോടെ സമാധിയില്‍ ലയിച്ചവന്‍' (24:16) എന്നതാണ്. തുറന്ന കണ്ണുകളോടെ സമാധിയില്‍ ലയിക്കുന്നതു ഭ്രാന്തോ വിഭ്രാന്തിയോ അല്ലാതെ മറ്റെന്താണ്? ഇതാണ് അവരുടെ ജീവിതം ആപത്കരമാക്കുന്നത്. വാള്‍ത്തലയിലൂടെയും നടക്കാന്‍ പ്രേരിപ്പിക്കുന്നത്, കൊലയ്ക്കു കൊടുക്കുന്നത്. 'നസ്രത്തിലെ യുവപ്രവാചകന്' ഈ ഭ്രാന്ത് ആവോളമുണ്ടായിരുന്നു. 'അവനു പിശാചുണ്ട്; അവനു ഭ്രാന്താണ്; എന്തിന് അവന്‍ പറയുന്നതു കേള്‍ക്കണം എന്നിങ്ങനെ അവരില്‍ വളരെപ്പേര്‍ (യോഹ. 10:20) പറഞ്ഞതായി സുവിശേഷകന്‍ രേഖപ്പെടുത്തുന്നുണ്ടല്ലോ. 'പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല' എന്നു (മത്താ. 13:57) അവന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനീതി, അസത്യം, ഹൃദയകാഠിന്യം, കപടനാട്യം, അനാചാരങ്ങള്‍ എന്നിവയെ മുഖത്തു നോക്കി എതിര്‍ത്ത അവന്‍ അവരുടെ കണ്ണിലെ കരടായി, ശത്രുവായി, കുറ്റവാളിയായി, മരണശിക്ഷയ്ക്കര്‍ഹനായി. ആ 'ഭ്രാന്തന്‍' പക്ഷേ, കുരിശിലും ഒടുങ്ങിയില്ല. മൂന്നാം ദിനം ഉയിര്‍ത്തെണീറ്റ് അപ്പമായി മാറി, മനുഷ്യചരിത്രത്തിലൂടെ യുഗാന്ത്യത്തിലേക്കു തന്‍റെ ഭ്രാന്തിന്‍റെ പകര്‍ച്ച അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ദിവ്യകാരുണ്യം അവന്‍റെ സ്നേഹത്തിന്‍റെ ഭ്രാന്തും ഭ്രാന്തമായ സ്നേഹവുമാണല്ലോ!

'ചിരി ഭ്രാന്താണെന്നും സുഖഭോഗങ്ങള്‍ നിഷ്ഫലമാണെന്നും ഞാന്‍ മനസ്സിലാക്കി' (സഭാ. പ്ര സം. 2:2) എന്നതാണ് ഈ പ്രവാചകരുടെ അടിസ്ഥാന സവിശേഷത. മറ്റുള്ളവര്‍ അവരെ ഭ്രാന്തരായി കാണുന്നു. പക്ഷേ, അവര്‍ക്കറിയാം അവര്‍ക്കുള്ളതു ഭ്രാന്തല്ല, യഥാര്‍ത്ഥ സുബോധമാണെന്ന്. 'പൗലോസ്, നിനക്ക് ഭ്രാന്താണ്. നിന്‍റെ വലിയ വിജ്ഞാനം നിന്നെ ഭ്രാന്തനാക്കുന്നു' (അപ്പ. 26:24) എന്നു പറഞ്ഞ ഫേസ്തൂസിനോട് 'അഭിവന്ദ്യനായ ഫേസ്തൂസ്, ഞാന്‍ ഭ്രാന്തനല്ല; സുബോധത്തോടെ സത്യം പറയുകയാണ്' എന്നു പൗലോസ് മറുപടി പറയുന്നുണ്ടല്ലോ. 'ഞങ്ങള്‍ ഉന്മത്തരാണെങ്കില്‍ അതു ദൈവത്തിനുവേണ്ടിയാണ്. ഞങ്ങള്‍ സമചിത്തരാണെങ്കില്‍ അതു നിങ്ങള്‍ക്കുവേണ്ടിയാണ്' (2. കോറി. 5:13) എന്നതും അവര്‍ക്കു നന്നായറിയാം. ഈ ഭ്രാന്തും ഉന്മാദവും നിമിത്തമാണ് ആരും കേള്‍ക്കാനില്ലാത്തപ്പോഴും കേള്‍ക്കേണ്ടവരുടെ മുഖത്തു നോക്കിയും അവര്‍ സത്യത്തിന്‍റെയും നീതിയുടെയും മേഘനാദങ്ങളുതിര്‍ക്കുന്നത്. അവരെ അനുസരിക്കുന്നതും ജീവിതം നവീകരിക്കുന്നതുമാണ് എളുപ്പവും രക്ഷാകരവുമായ വഴി. അപകടകരമായ മറ്റൊരു വഴി അവരുടെ തല താലത്തില്‍ എഴുന്നള്ളിക്കുക എന്നതാണ്. ഹേറോദേസ് ചെയ്തത് അതായിരുന്നല്ലോ.

മൗലികവും ഉദാത്തവുമായ ഭ്രാന്തുള്ള പ്രവാചകരുടെ കുറവാണ് ഇക്കാലഘട്ടത്തില്‍ സഭയും സമൂഹവും നേരിടുന്ന വലിയ ദുരന്തം. ദന്തഗോപുരങ്ങളിലിരുന്ന് 'മൊട്ടുസൂചിത്തുമ്പിലെ മാലാഖമാരുടെ' എണ്ണമെടുക്കുന്ന ദൈവശാസ്ത്രജ്ഞന്‍ ചമയാന്‍ എളുപ്പമാണ്. തിരികെ ചോദ്യങ്ങള്‍ ഉയരില്ലെന്നുറപ്പുള്ള ബലിവേദികളില്‍ നിന്ന് ഉപമയിലെ 'ഉപേക്ഷയുടെ പാപം' ചെയ്ത ധനവാനെ പൊളിച്ചടുക്കാന്‍ എളുപ്പമാണ്. ധൂര്‍ത്തപുത്രന്‍റെ ഉപമയിലെ പാവം മൂത്ത പുത്രന്‍! ദൈവശാസ്ത്രജ്ഞന്‍ അയാളെ പഞ്ഞിക്കിട്ടു! 'ഹൃദയകാഠിന്യത്തിന്‍റെ പാപം' ചെയ്തത് അയാളാണത്രേ. 'ബലഹീനതയുടെ പാപം' ചെയ്തവനേക്കാള്‍ വെറുക്കപ്പെടേണ്ടത് അവനാണത്രേ. അനീതിയും അസത്യവും കണ്ടിട്ടും കണ്ണടയ്ക്കുന്നതും മൗനം പാലിക്കുന്നതും ഏതു ശ്രേണിയില്‍പ്പെട്ട പാപമാണ്? ശരിയാണ്, പ്രവാചകര്‍ക്കു കട്ടിലില്‍ കിടന്നു മരിക്കാനാവില്ല. ഏതു നിമിഷവും അവരുടെ തല താലത്തിലെത്താം. പക്ഷേ ഓര്‍ക്കണം, indifference എന്നതിനോളം സുവിശേഷമൂല്യങ്ങള്‍ക്കു വിരുദ്ധമായ മറ്റൊരു പദമില്ല. നിഘണ്ടുപോലും ആ വാക്കിനു നല്കുന്ന അര്‍ത്ഥങ്ങള്‍ നോക്കൂ; negligence, coldness, neutrality, അലക്ഷ്യം, അനാസ്ഥ, താത്പര്യക്കുറവ്, ഔദാസീന്യം, നിഷ്പക്ഷത. വ്യക്തികളല്ല, ആശയങ്ങള്‍ ശത്രു മിത്രങ്ങളായി വരിക തന്നെ വേണം. അതിനു മിണ്ടാമുനികളല്ല, ഇടിനാദമുതിര്‍ക്കുന്ന പ്രവാചകര്‍ വേണം.

മൗലികവും വിശുദ്ധവുമായ ഭ്രാന്തുള്ള കൂടുതല്‍ പ്രവാചകരെ വിളഭൂമിയിലേക്ക് അയയ്ക്കണേ എന്നു വിളവിന്‍റെ നാഥനോടു പ്രാര്‍ത്ഥിക്കാം. ഈ ഭ്രാന്തര്‍ ഇല്ലാതാകുമ്പോഴാണ് അനീതിയുടെ 'ട്രയംഫ്' അഥവാ വിജയനൃത്തം ഉണ്ടാകുന്നത്. സത്യത്തെയും നീതിയെയും സ്നേഹിക്കുന്ന മഹാഭൂരിപക്ഷത്തെ മൂകസാക്ഷികളാക്കി അസത്യം വിജയക്കൊടി പാറി ച്ചു ഹര്‍ഷോന്മാദമുതിര്‍ക്കുന്നത്. അത് അനുവദിക്കപ്പെടരുത്. കാരണം 'നീതി ജലംപോലെ ഒഴുകട്ടെ; സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലുപോലെയും' (ആമോസ് 5:24) എന്നതു പ്രവാചകരുടെ മാത്രമല്ല, മുഴുവന്‍ ലോകത്തിന്‍റെയും കിനാവാകേണ്ടതാണല്ലോ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org