മേയ് ദിനാനുസ്മരണവും കേരള ലേബര്‍ മൂവ്മെന്‍റും

മേയ് ദിനാനുസ്മരണവും കേരള ലേബര്‍ മൂവ്മെന്‍റും

ജോണ്‍ തറപ്പേല്‍, പൊതി
(കേരള ലേബര്‍ മൂവ്മെന്‍റ് വിജയപുരം രൂപതാ പ്രസിഡന്‍റ്)

മേയ് ഒന്ന്… തൊഴിലാളി വര്‍ഗ സമരചരിത്രത്തിലെ ഐതിഹാസികപോരാട്ടം നടത്തി ഷിക്കാഗോ തെരുവീഥികളില്‍ രക്തം ചിന്തി പിടഞ്ഞുമരിച്ച രക്തസാക്ഷികളുടെ അനുസ്മരണം ആചരിക്കുന്ന ദിനം. 1886 മേയ് 1-നു തൊഴില്‍ സമയം എട്ടു മണിക്കൂറാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അമേരിക്കന്‍ തൊഴിലാളികളെല്ലാം സംഘടിത പണിമുടക്ക് ആരംഭിച്ചു. മേയ് 4-ന് ഹെമാര്‍ക്കറ്റ് സ്ക്വയറില്‍ തടിച്ചുകൂടിയ തൊഴിലാളികള്‍ക്കു നേരെ വ്യവസായികളും പൊലീസും ചേര്‍ന്നു നടത്തിയ വെടിവയ്പില്‍ ഒട്ടേറെ തൊഴിലാളികള്‍ പിടഞ്ഞുവീണു മരിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധസമരങ്ങള്‍ ശക്തി പ്രാപിച്ചു വരും തോറും സമരത്തെ അടിച്ചൊതുക്കാനും പരാജയപ്പെടുത്താനും പൊലീസും വ്യവസായികളും സര്‍വശക്തിയും ഗൂഢതന്ത്രങ്ങളും പ്രയോഗിച്ചു. ഇതിനിടയിലുണ്ടായ ഒരു സ്ഫോടനത്തില്‍ യാദൃച്ഛികമായി ഒരു പൊലീസുകാരന്‍ മരിച്ചു. ആ മരണം തന്ത്രപൂര്‍വം പ്രയോജനപ്പെടുത്തി തൊഴിലാളി നേതാക്കളെ മുഴുവന്‍ കൊലക്കേസില്‍ കുടുക്കി. പ്രഹസനമായി നടത്തിയ വിചാരണയ് ക്കൊടുവില്‍ അഞ്ചു തൊഴിലാളികള്‍ക്കു വധശിക്ഷയും രണ്ടു പേര്‍ക്കു ജീവപര്യന്തവും ശിക്ഷ വിധിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരില്‍ ഒരാള്‍ ജയിലില്‍വച്ചുതന്നെ മരിച്ചു. നിരപരാധികളായ ബാക്കി നാലു പേരില്‍ ഒരാള്‍ പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന ആല്‍ബര്‍ട്ട് പഴ്സണായിരുന്നു.

ഒരു വിധത്തിലും തകര്‍ക്കാന്‍ പറ്റാത്തവിധം സമരം ശക്തി പ്രാപിച്ചു വന്നപ്പോള്‍ സമ്മര്‍ദ്ദങ്ങളും ചര്‍ച്ചകളും സജീവമായ സാഹചര്യത്തില്‍ തൊഴിലാളികളുടെ സംഘടിതസമരത്തിനു ഫലമുണ്ടായി. ജോലിസമയം എട്ടു മണിക്കൂറായി അംഗീകരിക്കപ്പെട്ടു. അങ്ങനെ സമരത്തിനു തുടക്കം കുറിച്ച "മേയ് ഒന്ന്" ലോക തൊഴിലാളി ദിനമായി കഴിഞ്ഞ 131 വര്‍ഷമായി ലോകമെമ്പാടും ആചരിച്ചുവരുന്നു. ആചരണങ്ങളും അനുസ്മരണങ്ങളുമെല്ലാം ഇന്നു വെറും ചടങ്ങുകളായി മാറിക്കൊണ്ടിരിക്കുകയാണെന്നു തോന്നുന്നു. കാരണം ഇന്നു ഭാരതത്തില്‍ വിശിഷ്യ കേരളത്തില്‍ തൊഴില്‍സംബന്ധമായ സമസ്ത മേഖലകളിലും പ്രശ്നങ്ങളും പ്രതിസന്ധികളുമായി പാവപ്പെട്ട തൊഴിലാളികളുടെ ദൈനംദിന ജീവിതം കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ശാസ്ത്രപുരോഗതിയും സാങ്കേതികനേട്ടങ്ങളും ലോകത്തെ സമൃദ്ധിയുടെ രാജപാതയിലേക്കു നയിച്ചിട്ടുണ്ടെന്നു പലരും വീമ്പിളക്കുന്നുണ്ടെങ്കിലും ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനം മരീചികയാണ്. മാനവരാശി നാളിതുവരെ നേടിയിട്ടുള്ള പുരോഗതികള്‍ കോടാനുകോടി തൊഴിലാളികളുടെ ബുദ്ധിപരവും ശാരീരികവുമായ കഠിനാദ്ധ്വാനങ്ങളുടെ സദ്ഫലങ്ങളാണെന്നു നാം തിരിച്ചറിയണം.

എല്ലാ തൊഴിലും ജോലിയാണ്. പാടത്തും പറമ്പിലും പകലന്തിയോളം പണിയെടുക്കുന്നവര്‍ മുതല്‍ ചന്ദ്രനില്‍ പോകാനുള്ള പേടകം നിര്‍മിക്കുന്നവര്‍ വരെ ചെയ്യുന്നതു തൊഴിലാണ്. വാഴ നട്ടു നനച്ചു വളര്‍ത്തി കുല വെട്ടിവിറ്റ് ഉപജീവനം കഴിക്കുന്നവരും തൊഴില്‍ ചെയ്തു ജീവിക്കുകയാണ്. സ്വയം തൊഴില്‍ ചെയ്ത് അന്യനു പ്രയോജനം ചെയ്യുന്ന തയ്യല്‍ക്കാരന്‍റെ ജോലിയും തൊഴിലാണ്. ക്ലാര്‍ക്കും പ്യൂണും നിര്‍മാണതൊഴിലാളിയും അദ്ധ്യാപകരുമെല്ലാം ചെയ്യുന്നതു തൊഴിലാണ്. ഇന്ത്യയില്‍ ഇന്നത്തെ അവസ്ഥയില്‍ തൊഴില്‍മേഖലകളെ സംഘടിതമെന്നും അസംഘടിതമെന്നും രണ്ടായി തിരിവുണ്ട്. ഇന്ത്യയിലെ 49 കോടി തൊഴിലാളികളില്‍ 93 ശതമാനം പേരും അസംഘടിതമേഖലയില്‍ തൊഴില്‍ ചെയ്യുമ്പോള്‍ 7 ശതമാനം പേര്‍ മാത്രമാണു സംഘടിത മേഖലയില്‍ പണി ചെയ്യുന്നത്. എന്നാല്‍ കേരളത്തിലാകട്ടെ 80 ശതമാനം പേര്‍ അസംഘടിതമേഖലയിലും 20 ശതമാനം പേര്‍ സംഘടിതമേഖലയിലും തൊഴില്‍ ചെയ്യുന്നു. സ്ഥിരമായ ജോലി, സ്ഥിരമായ ശമ്പളം, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, നിയമപരിരക്ഷ എന്നിവയൊന്നുമില്ലാത്ത തൊഴിലാളികളെയാണ് അസംഘടിത മേഖലാ തൊഴിലാളികള്‍ എന്നു പറയുന്നത്. എന്നാല്‍ കേരളത്തില്‍ 20 ശതമാനം മാത്രമുള്ള സ്ഥിരം ജോലിയും സ്ഥിരമായ ശമ്പളവും സര്‍ക്കാര്‍ ആനുകൂല്യങ്ങളുമുള്ള സംഘടിത മേഖലാ തൊഴിലാളികള്‍ക്കു നമ്മുടെ സര്‍ക്കാര്‍ ഖജനാവിന്‍റെ മൂന്നില്‍ രണ്ടു ഭാഗവും ചെലവഴിച്ചു ശമ്പളവും ഇതര ആനുകൂല്യങ്ങളും സാമൂഹ്യപരിരക്ഷയും നല്കുമ്പോള്‍ നമ്മുടെ രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 65 ശതമാനവും കയറ്റുമതിയുടെ 40 ശതമാനവും സംഭാവന ചെയ്യുന്ന 80 ശതമാനത്തോളം വരുന്ന അസംഘടിത മേഖലാ തൊഴിലാളികള്‍ക്കു നാമമാത്രമായ സാമൂഹ്യസുരക്ഷ ആനുകൂല്യങ്ങള്‍ മാത്രമേ നല്കുന്നുള്ളുവെന്നതാണു യാഥാര്‍ത്ഥ്യം. ജീവിതത്തിന്‍റെ ക്ലേശഭാരങ്ങള്‍ മൂലം ഇടറി വീഴുന്ന പാവപ്പെട്ട തൊഴിലാളികള്‍ വിവേചനത്തിന്‍റെയും ചൂഷണത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും തിക്താനുഭവങ്ങള്‍ ഏറ്റുവാങ്ങി ജീവിതം തള്ളിനീക്കുകയാണ്.

ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ ഗാര്‍ഹിക തൊഴില്‍ ചെയ്യുന്ന സത്രീകളും ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങളില്‍ സെയില്‍സ്ഗേളായും സെയില്‍സ്മാനായുമൊക്കെ ജോലി ചെയ്യുന്നവരും ധാരാളമുണ്ട്. തുച്ഛവരുമാനത്തില്‍ ജോലിസ്ഥിരതയില്ലാതെ പിരിച്ചുവിടല്‍ ഭീഷണി ഭയന്നു വിശ്രമരഹിതമായി പണിയെടുക്കുന്ന ഇത്തരക്കാരെ കൂടാതെ നിര്‍മാണ തൊഴിലാളികള്‍, പെയിന്‍റിംഗ് തൊഴിലാളികള്‍, സെക്യുരിറ്റി ജീവനക്കാര്‍, ചെരുപ്പുകുത്തികള്‍, പച്ചക്കറി കൃഷിക്കാര്‍ തുടങ്ങിയ അസംഘടിത തൊഴിലാളികളുടെ ദയനീയാവസ്ഥയെക്കുറിച്ച് ഈ തൊഴിലാളി ദിനത്തില്‍ നമുക്കൊന്നു വിചിന്തനം നടത്താം.

ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പിന്നാലെ പരക്കം പായുന്ന മനുഷ്യന്‍ സുഖത്തിന്‍റെ പരകോടിയില്‍ വാഴാമെന്നു വ്യാമോഹിച്ചു സ്വാര്‍ത്ഥതയും അത്യാര്‍ത്തിയും ആഡംബരാനുകരണ മത്സരവുംമൂലം ധാര്‍മിക-സദാചാര മൂല്യങ്ങളില്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ അസംഘടിതമേഖലയില്‍ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണേണ്ടതുണ്ട്. അവര്‍ക്കു തൊഴിലിന്‍റെ അടിസ്ഥാനത്തില്‍ ഫോറങ്ങളുണ്ടാവുകയും ഓരോ വ്യക്തിക്കും തൊഴില്‍സ്ഥിരതയും ക്ഷേമനിധി അംഗത്വവും ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉണ്ടാവുകയും വേണം. ഇന്ന് ഇന്ത്യയില്‍ തൊഴിലാളികളുടെ പേരില്‍ രൂപംകൊണ്ടിട്ടുള്ള ധാരാളം ട്രേഡ് യൂണിനുകളുണ്ട്. പക്ഷേ, യൂണിയനുകളും നേതാക്കളും തത്ത്വങ്ങളില്‍നിന്നും ലക്ഷ്യങ്ങളില്‍നിന്നും വ്യതിചലിച്ചു തൊഴിലാളികളുടെ പ്രശ്നങ്ങളും പ്രതിസന്ധികളും ശ്രദ്ധിക്കാതെ, പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാതെ കേവലം ഇതര സംസ്ഥാന തൊഴിലാളികളെ വിതരണം ചെയ്യുന്ന കോണ്‍ട്രാക്ടര്‍മാരെപ്പോലെ അധഃപതിച്ചിരിക്കുകയാണ്. തൊഴിലാളികളുടെ സംഘടിതശക്തിയെ തെരുവുവാണിഭക്കാരന്‍റെ കൗശലത്തോടെ വില്ക്കുകയും വാങ്ങുകയും ചെയ്യുന്ന ഇവിടുത്തെ 'തൊഴിലാളി സംരക്ഷകര്‍' ചമയുന്ന രാഷ്ട്രീയനേതാക്കന്മാര്‍ മലയും മലയോരങ്ങളും കായലോരങ്ങളുമെല്ലാം അനധികൃതമായി വെട്ടിപ്പിടിച്ചും മണിമന്ദിരങ്ങള്‍ പടുത്തുയര്‍ത്തിയും രാജാക്കന്മാരായി വിലസുന്ന കാഴ്ച കണ്ടു പാവപ്പെട്ട തൊഴിലാളിവര്‍ഗം അന്തംവിട്ടു നില്ക്കുകയാണ്. പാവപ്പെട്ടവന്‍റെ കണ്ണീരിനു വില കല്പിക്കാത്ത തൊഴിലാളി സംരക്ഷകര്‍ വര്‍ഗസമര സിദ്ധാന്തങ്ങളില്‍ വെള്ളം ചേര്‍ത്തു സൗകര്യപൂര്‍വം കബളിപ്പിക്കുന്ന നയമാണ് ഇന്ന് അനുവര്‍ത്തിച്ചുവരുന്നത്. അധികാരത്തിന്‍റെ ദുര്‍വിനിയോഗംകൊണ്ടും ചൂഷണംകൊണ്ടും തൊഴിലാളികളെ ക്ലേശിപ്പിക്കാതിരിക്കണമെങ്കില്‍ തൊഴിലാളികള്‍ ജാഗ്രതയോടെ ഒരുമിച്ചു നില്ക്കണം. തൊഴിലാളികളുടെ ശക്തി ക്ഷയിക്കുന്തോറും അവര്‍ അടിമകളായിത്തീരുന്നു എന്നുള്ള ബോദ്ധ്യം ഓരോ തൊഴിലാളിക്കും ഉണ്ടാകണം. ഇന്ത്യയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഇംഗിതത്തിനനുസരിച്ച് അടിമകളെപ്പോലെ തൊഴിലാളി യൂണിയനുകള്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നു. എന്നാല്‍ അമേരിക്കയില്‍ തൊഴിലാളി യൂണിയനുകളുടെ നിലപാടുകള്‍ക്കനുസരിച്ചു മാത്രമേ പാര്‍ട്ടികള്‍ക്കു പ്രവര്‍ത്തിക്കാനാകൂ എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.

വിവേചനത്തിന്‍റെയും ചൂഷണത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും തിക്താനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്കു കാലഘട്ടത്തിനനുസരിച്ചു ജീവിക്കാന്‍ വേണ്ട തൊഴില്‍പരിശീലനവും സാങ്കേതികപരിജ്ഞാനങ്ങളും ലഭിക്കാതെ തൊഴില്‍രഹിതരായി കഴിയേണ്ടി വരുന്നു എന്നുള്ള ഗൗരവമേറിയ അവസ്ഥ നിലവിലുണ്ട്. അങ്ങനെ തൊഴില്‍രഹിതരാകുന്ന തൊഴിലാളികളുടെ ക്ലേശകരമായ ജീവിതത്തിന്‍റെ ഗൗരവം അടുത്തറിഞ്ഞ് അവരുടെ പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ യത്നിക്കുക എന്ന ലക്ഷ്യവുമായി കത്തോലിക്കാസഭ തൊഴിലാളികള്‍ക്കു പ്രത്യേകിച്ച് അസംഘടിത മേഖലാ തൊഴിലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ കേരള ലേബര്‍ മൂവ്മെന്‍റ് അഥവാ കെഎല്‍എം എന്ന സംഘടന രൂപീകരിച്ചുകൊണ്ടു പ്രവര്‍ത്തന സജ്ജമായിരിക്കുകയാണ്. വേലയെ അവമതിക്കുകയും വിശ്രമത്തെ വിലമതിക്കുകയും ചെയ്ത കാലഘട്ടത്തിലാണു വേലയുടെ മഹത്ത്വം എടുത്തു കാട്ടിക്കൊണ്ടു യേശുക്രിസ്തു പ്രവര്‍ത്തിച്ചത്. യേശുവിന്‍റെ പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങളും കണ്ടറിഞ്ഞ് അവയുടെ കാലികപ്രസക്തിയും മഹത്ത്വവും അന്തഃസത്തയും ഗൗരവവും ഉള്‍ക്കൊണ്ടാണ് തൊഴിലാളികളുടെ "അവകാശപ്പട്ടയം" അഥവാ തൊഴിലാളികളുടെ "മാഗ്നാകാര്‍ട്ട" എന്നു വിശേഷിപ്പിക്കപ്പെടുന്ന "റേരും നൊവാരും" എന്ന ചാക്രികലേഖനത്തിലൂടെ 13-ാം പിയൂസ് മാര്‍പാപ്പ തൊഴിലാളികളുടെ ആവശ്യങ്ങളെയും അവകാശങ്ങളെയും കര്‍ത്തവ്യങ്ങളെയും തൊഴിലിന്‍റെ മാഹാത്മ്യത്തെയുമൊക്കെ സവിസ്തരം പ്രതിപാ ദിക്കുന്നത്. പതിനൊന്നാം പിയൂസ് മാര്‍പാപ്പയുടെ "ക്വാദ്രേ ജേസിമോ ആന്നോ", ജോണ്‍ 23-ാമന്‍ മാര്‍പാപ്പയുടെ "മാത്തര്‍ ഏത് മജിസ്ത്ര" എന്നീ ചാക്രികലേഖനങ്ങളെല്ലാം തൊഴിലിന്‍റെയും തൊഴിലാളികളുടെയും പ്രശ്നങ്ങളില്‍ കത്തോലിക്കാസഭയ്ക്കുള്ള ശ്രദ്ധയും താത്പര്യവും എടുത്തുകാണിക്കുന്ന പ്രമാണരേഖകളാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ "സഭ ആധുനികലോകത്തില്‍" എന്ന പ്രബോധനരേഖയാണു സഭയുടെ തൊഴില്‍മേഖലയിലുള്ള ചിന്തയും ഇടപെടലുകളും യാഥാര്‍ത്ഥ്യമാക്കുന്നത്. തൊഴിലാളിയായി ജനിച്ച്, തൊഴില്‍ ചെയ്തു ജീവിച്ച യേശുവിന്‍റെ പ്രഭാഷണങ്ങളുടെയും പ്രബോധനങ്ങളുടെയും പ്രാധാന്യവും മഹത്ത്വവും ഗൗരവപൂര്‍വം മനസ്സിലാക്കി തൊഴിലാളികളുടെ ആദ്ധ്യാത്മികവും സാമ്പത്തിക-സാംസ്കാരിക-സാമൂഹ്യവുമായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ക്രിസ്തീയദര്‍ശനങ്ങള്‍ക്കും സഭാപ്രബോധനങ്ങള്‍ക്കും അനുസൃതമായി മനുഷ്യോചിതമായി ജീവിക്കുവാന്‍ തൊഴിലാളികളെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുകയും പ്രാപ്തീകരിക്കുകയും കര്‍ത്തവ്യബോധത്തോടെ കര്‍മനിരതരാക്കുകയും ചെയ്യുക എന്ന ക്രിയാത്മകലക്ഷ്യമാണു കേരള ലേബര്‍ മൂവ്മെന്‍റിലൂടെ സഭ ചെയ്യുന്നത്. യേശുവിന്‍റെ പ്രേഷിത ദൗത്യത്തിന്‍റെ സാര്‍വത്രികത അധഃസ്ഥിതന്‍റെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനു മുന്‍ഗണന നല്കുന്നതാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടു പ്രവര്‍ത്തിച്ചുവരുന്ന കെഎല്‍എം കത്തോലിക്കാ ബിഷപ്സ് കോണ്‍ഫെറന്‍സ് ഓഫ് ഇന്ത്യയുടെ ലേബര്‍ കമ്മീഷന്‍റെ കീഴിലുള്ള വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍റെ അംഗസംഘടനയും കേരളത്തില്‍ കെസിബിസിയുടെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും കേരളത്തിലെ എല്ലാ രൂപതകളിലും പ്രവര്‍ത്തിച്ചുവരുന്നു. തൊഴിലാളികളുടെ സമഗ്രമോചനം ലക്ഷ്യമാക്കി "സുരക്ഷിത തൊഴിലാളി-സുശക്ത ഭാരതം" എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന കെഎല്‍എം-ന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാ തൊഴിലാളി സഹോദരങ്ങളും കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ചറിഞ്ഞ് അണിചേരേണ്ടതു കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഈ തൊഴിലാളി ദിനാചരണത്തില്‍ അതിനായി ചിന്തിക്കാം – യത്നിക്കാം. മേയ്ദിനാശംസകള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org